അപ്പൂപ്പനും അമ്മൂമ്മയും അപ്പവും !!

21,  Nov   

                                                    പണ്ട് പണ്ട് ഒരുപാട് ദൂരെ ഒരു ഗ്രാമത്തിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഭയങ്കര പിടിവാശിക്കാരായിരുന്നു. അപ്പൂപ്പനാകട്ടെ ഒരു പിശുക്കനും. പല ദിവസവും അവർ പട്ടിണി കിടന്നു. ഭക്ഷണം കഴിച്ചാൽ ചിലവ് കൂടുമല്ലോ എന്ന് കരുതിയാണ് അവർ ജീവിച്ചത്. 
                                                     അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത വീട്ടിൽ നിന്നും നല്ല അപ്പം ചുടുന്ന നറുമണം വന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മക്കും നാവിൽ വെള്ളം ഊറി. അവർക്കും അപ്പം തിന്നാൻ കൊതി ആയി. അമ്മൂമ്മ പറഞ്ഞു കുറച്ച് അരിയും തേങ്ങയും കൊണ്ടുവന്നാൽ നല്ല അപ്പം ചുട്ടു നമുക്കും കഴിക്കാം. അപ്പൂപ്പൻ സമ്മതിച്ചു. 
                              പക്ഷേ അരി മേടിച്ചാൽ പൈസ ചിലവാകുമല്ലോ. അപ്പൂപ്പൻ ആലോചിച്ചു!  ആലോചിച്ച് ആലോചിച്ച് അവസാനം അപ്പൂപ്പൻ ഒരു ഉപായം കണ്ടെ

                                      എന്നിട്ട് അപ്പൂപ്പൻ എന്ത് ചെയ്തെന്നോ? അപ്പൂപ്പൻ തന്റെ പുതപ്പിന്റെ അറ്റത്തു  ചക്ക പശ പുരട്ടി അരിക്കടയിലേക്ക് നടന്നു. കടയിൽ അരി വച്ചിരിക്കുന്ന ചാക്കിന് മുകളിൽ പശയുള്ള പുതപ്പ് ഒന്നുമറിയാത്തതുപോലെ ഇട്ടതിനു ശേഷം തിരിച്ചെടുത്തു. അപ്പോൾ കുറച്ച് അരിമണികൾ പശയിൽ പറ്റിപിടിച്ചു! ആരും കാണാതെ അപ്പൂപ്പൻ അവ പെറുക്കിയെടുത്തു. ഇത് പലവട്ടം ആവർത്തിച്ചപ്പോൾ കിട്ടിയ കുറച്ച് അരിയുമായി അപ്പൂപ്പൻ വീട്ടിലേക്കു തിരിച്ചു! 
                                                   പോകുന്ന വഴിയിൽ ഒരു കാക്ക തേങ്ങയുമായി പറന്നു വരുന്നത് കണ്ട അപ്പൂപ്പൻ ഒരു കല്ലെടുത്തു കാക്കയെ എറിഞ്ഞു. പേടിച്ചുപോയ കാക്ക തേങ്ങാ ഉപേക്ഷിച്ചു പറന്നുപോയി! അപ്പൂപ്പനാകട്ടെ ആ തേങ്ങയുമെടുത്തു വീട്ടിലെത്തി. അതിനുശേഷം അരിയും തേങ്ങയും അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ട് അപ്പം ചുടാൻ പറഞ്ഞു.
                                                 അമ്മൂമ്മ അരിയൊക്കെ കഴുകി പൊടിച്ച് തേങ്ങായും ചേർത്ത് അപ്പം ചുട്ടു.  ചുട്ടുകഴിഞ്ഞപ്പോൾ ആകെ മൂന്നപ്പം! രണ്ടുപേർക്കും വായിൽ വെള്ളം ഊറി. അവർ അപ്പം പങ്കിടാൻ തീരുമാനിച്ചു.
                                                       അപ്പൂപ്പൻ പറഞ്ഞു എനിക്ക് രണ്ട് അപ്പം വേണം അമ്മൂമ്മ ഒരെണ്ണം എടുത്താൽ മതി. അമ്മൂമ്മ സമ്മതിക്കുമോ? അമ്മൂമ്മ പറഞ്ഞു ഞാൻ കഷ്ടപ്പെട്ട് അപ്പം ഉണ്ടാക്കിയിട്ട് എനിക്ക് ഒരെണ്ണമോ? എനിക്ക് രണ്ടെണ്ണം വേണം, അപ്പൂപ്പൻ ഒരെണ്ണം എടുത്താൽ മതി. അപ്പൂപ്പൻ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അരിയും തേങ്ങയും സംഘടിപ്പിച്ച തനിക്ക് രണ്ടപ്പം കിട്ടിയേ തീരൂ എന്നായി. രണ്ടുപേരും തർക്കിച്ചു മടുത്തു. അവസാനം രണ്ടുപേരും കൂടി ഒരു തീരുമാനമെടുത്തു. 
                                                      രണ്ടുപേരും മിണ്ടാതെയിരിക്കാം. ആര് ആദ്യം മിണ്ടുന്നോ അയാൾ തോൽക്കും, അയാൾക്ക്‌ ഒരപ്പം! വിജയിക്കുന്ന ആൾക്ക് രണ്ടപ്പവും!
                                                     അങ്ങനെ അവർ മത്സരം ആരംഭിച്ചു. രണ്ടുപേരും മിണ്ടാതെ ഇരിക്കാൻ തുടങ്ങി. ഇരുന്നിരുന്ന് മടുത്ത അവർ കിടന്നു. കടുത്ത മത്സരമാണല്ലോ ഇത്തിരി വൈകിയാലും രണ്ടപ്പം കിട്ടുമല്ലോ എന്ന്  ഇരുവരും കരുതി.
                                                     അപ്പോഴാണ് ഒരു കാക്ക അതുവഴി പറന്നു വന്നത്. കാക്ക നോക്കുമ്പോൾ മൂന്ന് അപ്പം ഉണ്ടാക്കി വെച്ചിട്ട് അപ്പൂപ്പനും അമ്മൂമ്മയും മാറി കിടക്കുന്നു. കാക്ക കൂടുതൽ ഒന്നും ആലോചിച്ചില്ല, ഒരപ്പവും കൊത്തിയെടുത്തു പറന്നുപോയി. അപ്പൂപ്പനും അമ്മൂമ്മയും അതൊന്നും ശ്രദ്ധിക്കാതെ കിടന്നു. മിണ്ടിയാൽ ഒരപ്പമല്ലേ കിട്ടൂ.
                                                   കുറച്ചു അഴിഞ്ഞപ്പോൾ ഒരു പൂച്ച  അതുവഴി വന്നു. ഒരപ്പം പൂച്ചയും  എടുത്തുകൊണ്ടു പോയി. അപ്പൂപ്പനും അമ്മൂമ്മയും അറിഞ്ഞതുമില്ല ഒന്നും മിണ്ടിയുമില്ല, മിണ്ടിയാൽ തോറ്റുപോവില്ലേ
                                                   അത് കണ്ടുകൊണ്ട് അടുത്തവീട്ടിലെ ഒരു കുട്ടി അതിലേ വന്നു. അവന് വിശക്കുന്നുണ്ടായിരുന്നു. അവൻ അപ്പൂപ്പനേം അമ്മൂമ്മയേം മാറി മാറി വിളിച്ചു. രണ്ടുപേരും മിണ്ടുന്നില്ല. അവൻ മിച്ചമുണ്ടായിരുന്ന അപ്പവും എടുത്ത് തന്റെ വീട്ടിലേക്കു പോയി. 
                                                പോകുന്ന വഴി കണ്ട മുതിർന്ന ഒരാളോട് അവൻ പറഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു എന്ന്! അയാൾ വേഗം അവിടെയെത്തി. അപ്പൂപ്പനേം അമ്മൂമ്മയേം വിളിച്ചുനോക്കി, അനക്കമില്ല. അയാൾ ആദ്യം തന്നെ അപ്പൂപ്പന്റെ വായും മൂക്കും മൂടിക്കെട്ടി. ശ്വാസം മുട്ടിയ അപ്പൂപ്പൻ ശബ്ദം ഉണ്ടാക്കി. അപ്പോൾ അമ്മൂമ്മ ചാടിയെണീറ്റ് ഞാൻ ജയിച്ചേ എനിക്ക് രണ്ടപ്പം കിട്ടിയേ എന്ന് പറഞ്ഞു അടുക്കളയിലേക്ക് ഓടി. കൊതിയോടെ നോക്കിയപ്പോൾ ഒരപ്പം പോലും മിച്ചമില്ല!  രണ്ടുപേരും ഇളിഭ്യരായി. വിട്ടുവീഴ്ച ചെയ്തിരുന്നേൽ ഒരപ്പമെങ്കിലും കിട്ടിയേനെ എന്ന് അവർ ചിന്തിച്ചു.

ഗുണപാഠം ::  വാശി പിടിച്ചാൽ  ഉള്ളതും കൂടെ ഇല്ലാതാക്കും  


Related Articles

വചന വിചിന്തിനം

വിചിന്തിനം

Contact  : info@amalothbhava.in

Top