പഠനത്തില്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ | സിസ്റ്റര്‍ ഡോ. പ്രീത CSN

26,  Sep   

പഠനത്തില്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍

ചില കുട്ടികള്‍ പഠിക്കാന്‍ താല്പര്യം ഉള്ളവരും പഠിക്കുന്ന സ്വഭാവം ഉള്ളവരുമാണ്. എന്നാല്‍ മറ്റ് ചില കുട്ടികള്‍ പഠനത്തെ വെറുക്കുന്നവരുമായി കാണപ്പെടുന്നു. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും അധ്വാനിക്കുന്നതും അവരുടെ കുട്ടികള്‍ പഠനത്തില്‍ മിടുക്കരായി ഉന്നതസ്ഥലങ്ങളില്‍ എത്തിച്ചേരുക എന്നതാണ്. കുട്ടികളെ കുറിച്ചുള്ള അമിതപ്രതീക്ഷകള്‍ ചിലപ്പോള്‍ ആവശ്യമില്ലാത്ത ചില നി യന്ത്രണങ്ങളും നിബന്ധനകളും അടിച്ചേല്പിക്കുന്നു. പഠനത്തോട് ആകര്‍ഷണവും ആഗ്രഹവും എന്നതിലുപരി ഇത് അവരെ പുസ്തകത്തോടും പഠനത്തോടും അമര്‍ഷവും അകല്‍ച്ചയും വളര്‍ത്തി എല്ലാം ഉള്ളില്‍ ഒതുക്കി അവസരം വരുമ്പോള്‍ സ്വാതന്ത്ര്യം ദുരുപയോഗിക്കാന്‍ ഇടയാക്കും. കുട്ടികള്‍ കൃത്യമായി പഠിക്കുക സ്ഥിരപരിശ്രമത്തില്‍ വളരുക എന്നതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ആരും നിര്‍ബന്ധിക്കാതെ കുട്ടികള്‍തന്നെ അവരുടെ പഠനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് ആരോഗ്യകരമാണ്. ജീവിതമൂല്യങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. കുട്ടികളുടെ പഠനത്തിന്റെ ആദ്യകാലങ്ങളില്‍ മാതാപിതാക്കള്‍ കാണിക്കുന്ന താല്പര്യവും ശ്രദ്ധയും അവനില്‍ ഉത്തരവാദിത്വബോധം ജനിപ്പിക്കും. അതിനാല്‍ കുട്ടികള്‍ക്ക് പഠനത്തോട് ആഗ്രഹവും താല്പര്യവും തോന്നാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ മനസ്സിലാക്കിയാല്‍ കുട്ടികളുടെ പഠനത്തിലും പരീക്ഷയിലും അത് സഹായകമാകും. പഠനത്തിന് അനുകൂല സാഹചര്യം ക്രമപ്പെടുത്തുക കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കുന്ന അന്തരീക്ഷം വീട്ടില്‍ ഉണ്ടാകണം. വീട്ടിലുള്ളവരുടെ ഉച്ചത്തിലുള്ള സംസാരം, സന്ദര്‍ശകരുടെ സല്‍കാരങ്ങള്‍, ടി.വി. സീരിയലുകള്‍ കാണല്‍, നീണ്ടുനില്ക്കുന്ന ഫോണ്‍കോളുകള്‍ ഇവയൊക്കെ കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ പിന്തിരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഒരു കാര്യത്തില്‍ അധികനേരം ശ്രദ്ധിച്ചിരിക്കാന്‍ സാധിക്കുകയില്ല. അവരുടെ ശ്രദ്ധപെട്ടെന്ന് പതറുന്നു. ചുറ്റുപാടുകളുടെ സ്വാധീനം പഠനത്തിലുളള ശ്രദ്ധയെ കാര്യമായി ബാധിക്കുകയും പഠനത്തിലുള്ള താല്പര്യം കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ കൂടെ ഇരിക്കുക പഠിക്കുമ്പോള്‍ കുട്ടികളുടെ കൂടെയിരിക്കുന്നത് അവര്‍ പഠിക്കുന്ന കാര്യത്തില്‍ ശ്രദ്ധകൊടുക്കാന്‍ സഹായിക്കുന്നു. തന്റെ പഠനകാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ശ്രദ്ധയുണ്ട് എന്ന് മനസ്സിലാക്കുന്ന കുട്ടിക്ക് കൂടുതല്‍ പഠിക്കാന്‍ പ്രചോദനമാകുന്നു. കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ പഠനവൈകല്യങ്ങളും പഠനതാല്പര്യങ്ങളും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. കുട്ടികളുടെ പഠനരീതി മനസ്സിലാക്കുക ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന് പഠിക്കുന്ന കുട്ടികള്‍ ആണെങ്കില്‍ പോലും ഓരോരുത്തര്‍ക്കും പഠനരീതിക്ക് വ്യത്യാസമുണ്ട്. മാതാപിതാക്കള്‍ മക്കളുടെ പഠനരീതി മനസ്സിലാക്കാന്‍ പരിശ്രമിച്ചാല്‍ പലതരത്തിലുള്ള താരതമ്യം ചെയ്യല്‍ ഒഴിവാക്കി ഓരോ കുട്ടിയുടെയും തനതായ (Unique) കഴിവുകളെ പുറത്തെടുക്കാം. ചില കുട്ടികള്‍ കാഴ്ചയില്‍ നിന്ന് കാര്യങ്ങള്‍ വേഗം പഠിക്കുന്നു. മറ്റു ചിലകുട്ടികള്‍ കേള്‍ക്കുന്നവയില്‍ നിന്ന് വേഗം ഗ്രഹിക്കുന്നു. എന്നാല്‍ ചില കുട്ടികള്‍ക്ക് കാഴ്ചക്കും കേള്‍വിക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. കുട്ടികളുടെ ഈ വ്യത്യസ്ത പഠനരീതി മനസ്സിലാക്കിയാല്‍ പഠനത്തോടുള്ള അവരുടെ താല്പര്യം കൂട്ടാന്‍ സഹായിക്കാവുന്നതാണ്. പഠനത്തില്‍ കൃത്യമായ നിലപാട് നിലനിര്‍ത്തുക ടൈംടേബില്‍ കൃത്യമായും, വ്യക്തമായും സ്ഥിരമായും തുടരാന്‍ പ്രോത്സാഹിപ്പിക്കണം. ഒരു കാര്യം സ്ഥിരതോടെ ചെയ്താല്‍ അക്കാര്യത്തില്‍ പുരോഗമനം ഉണ്ടാകുന്നു. പഠനത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. ദിവസവും പരിശീലനം നേടുന്ന കായികാഭ്യാസിയാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്. സന്തുലിതമായ സ്ഥിരപരിശ്രമത്തിന്റെ ശീലം ചെറുപ്പത്തില്‍ പഠിക്കുന്ന കുട്ടി തുടര്‍ന്നും ആ രീതിതന്നെ തുടരുന്നു. പഠനലക്ഷ്യം ക്രമീകരിക്കാനും അത് നേടിയെടുക്കാനും കുട്ടികള്‍ സ്ഥിരപരിശ്രമം നടത്തുന്നു. പരാജയത്തില്‍ നിന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുക പരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്് അല്ലാതെ അത് ജീവിതത്തിന്റെ അന്ത്യം അല്ല. മാര്‍ക്ക് കുറച്ചു കുറഞ്ഞാലും അക്കാര്യം ഭയം കൂടാതെ വീട്ടില്‍ തുറന്നു പറയാം എന്ന് മനസ്സിലാക്കുന്ന കുട്ടി നുണപറയാതെ, പരാജയം വരിക സ്വാഭാവികം, എന്നാല്‍ അത് തിരുത്തി മുന്നേറാന്‍ അടുത്ത അവസരങ്ങള്‍ ഉപകാരപ്പെടുത്താം എന്ന് പഠിക്കുന്നു. കഷ്ടിച്ച് ജയിക്കാന്‍ മാത്രം പഠിക്കുന്ന കുട്ടികള്‍ക്ക് ജീവിതത്തിന് ആവശ്യമായ മൂല്യങ്ങള്‍ നേടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തം കഴിവുകളുടെ വ്യതിരിക്തത മനസ്സിലാക്കി വളരാനും പഠനത്തെ സ്‌നേഹിക്കാനും കഴിയുന്നു. കുട്ടികളുടെ നേട്ടങ്ങളെ അംഗീകരിക്കുക, വിലമതിക്കുക കുട്ടികളുടെ ചെറിയ നേട്ടങ്ങളും വിജയങ്ങളും മാതാപിതാക്കള്‍ അറിയുന്നതും അംഗീകരിക്കുന്നതും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ക്ലാസില്‍ ഒരു ദിവസം എന്ത് നടന്നുവെന്ന് ചോദിച്ച് മനസ്സിലാക്കുന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതും, കുട്ടികളുടെ കൂട്ടുകാരെ കുറിച്ച് അറിയുന്നതും അവരുടെ ഇഷ്ടപ്പെട്ട വിഷയങ്ങളും, ഇഷ്ടപ്പെട്ട ടീച്ചറിനെപ്പറ്റി പറയിപ്പിക്കുന്നതും കുട്ടികള്‍ക്ക് പഠനത്തോട് താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിലയിരുത്തലുകള്‍ നല്കുക പോസറ്റീവ് ആയി നല്കുന്ന വിലയിരുത്തലുകള്‍ സ്ഥിരോത്സാഹത്തോടെ പഠിക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നു. കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് തന്നെ വരുമ്പോള്‍ പഠനത്തോട് താല്പര്യം കുറയും എന്ന് മാത്രമല്ല, അവരുടെ ആത്മവിശ്വാസവും കുറയുന്നു. ക്രിയാത്മകമായ വിലയിരുത്തലുകള്‍ ലഭിച്ച് വളരുന്ന കുട്ടി പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും വിജയം നേടാന്‍ പരിശ്രമിക്കും. ഇടയ്ക്ക് ഇടവേള കൊടുക്കുക കുട്ടികള്‍ കുറെസമയം തുടര്‍ച്ചയായി പഠിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇടവേള നല്കാതെ തുടര്‍ച്ചയായി പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുട്ടികള്‍ പഠനത്തെ വെറുക്കുന്നു. അവരുടെ ശ്രദ്ധ പതറുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ക്കാനും, ആവര്‍ത്തിക്കാനും അവസരം നല്കണം. ഇടവേള നല്കിയാല്‍ പഠനത്തില്‍ മടുപ്പ് തോന്നുകയില്ല. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പഠിക്കുന്ന കുട്ടികള്‍ ഗെയിം കളിച്ച് സമയം നഷപ്പടുത്തുന്നുണ്ടോ എന്ന ശ്രദ്ധ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. അതോടൊപ്പം ദിവസത്തിന്റെ നല്ല ഭാഗം കമ്പ്യൂട്ടറിന്റെ, ഫോണിന്റെ മുമ്പില്‍ സമയം നഷ്ടപ്പെടുത്താതിരിക്കന്‍ ശ്രദ്ധിക്കുകയും, മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം വയ്ക്കുന്നതും പഠനത്തെ കാര്യക്ഷമമായി സഹായിക്കുന്നു. താന്‍ എന്തിനു പഠിക്കുന്നു? എന്തുകൊണ്ട് പഠിക്കുന്നു? എന്നതിനെപ്പറ്റി ക്രിയാത്മകമായി അവബോധം ലഭിക്കുന്ന കുട്ടികള്‍ പഠനത്തിന് നല്‌കേണ്ട മുന്‍ഗണന നല്കി പഠനത്തില്‍ മുന്നേറാന്‍ പരിശ്രമിക്കും. മാതാപിതാക്കള്‍ തന്റെയൊപ്പമുണ്ട് എന്ന ഉറപ്പാണ് പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പഠനം തുടരാനും പരിശ്രമിക്കാനും കുട്ടികളെ സഹായിക്കുക. വായനാശീലം ആസ്വാദിക്കാന്‍ നല്ല കഥകളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കൂട്ടിനായി വാങ്ങികൊടുത്ത് പ്രോത്സാഹിപ്പിച്ചാല്‍ പഠനത്തോടും വായനയോടും താല്പര്യം കാണിച്ച് സ്വന്തം ആശയങ്ങളെ അവതരിപ്പിക്കാനുള്ള അവസരം കിട്ടുമ്പോള്‍ തനതായ രീതിയില്‍ പ്രകടിപ്പിക്കാനും കുട്ടികള്‍ പഠിക്കുന്നു.


Related Articles

നോഹയും പെട്ടകവും

വിചിന്തിനം

Contact  : info@amalothbhava.in

Top