ദൈവം നിശ്ചയിച്ച ആയുസും, സ്വര്‍ഗോന്മുഖമായ ഓട്ടവും
ഫാ. ലൂയിസ് പന്തിരുവേലില്‍ OFMConv
ഞങ്ങളുടെ വല്യമ്മച്ചി, ഇങ്ങിനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു: 'കര്‍ത്താവേ, നീ എനിക്കായി രൂപകല്‍പ്പന ചെയ്ത ജീവിതം പൂര്‍ണ്ണമായി ജീവിക്കാന്‍ എന്നെ സഹായിക്കണേ. നീ നിശ്ചയിച്ച ആയുസെത്തി മരിക്കാന്‍ എന്നെ അനുഗ്രഹിക്കണേ...!
നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണെങ്കിലും, ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കുന്നതുവരെ നാം ജീവിക്കേണ്ടിയിരിക്കുന്നു. സമ്മാനം നേടുകയെന്ന ലക്ഷ്യത്തോടെ തന്നെത്തന്നെ തയ്യാറാക്കുന്ന, പ്രയത്‌നിക്കുന്ന കായികതാരങ്ങളെപ്പോലെ ഓടാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (1 കോറി 9:24).
കായികതാരങ്ങളും, സൈനികരും ഒരിക്കലും തിന്നുകുടിച്ചു, വിശ്രമിക്കുന്നില്ല എന്ന് നമുക്കറിയാം. അവര്‍ അടുത്ത കളികള്‍ക്കായോ, യുദ്ധങ്ങള്‍ക്കായോ നിരന്തരം തയ്യാറെടുക്കുന്നു. ഉത്സാഹത്തോടെയുള്ള ഈ തയ്യാറെടുപ്പ് അവരെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്നു.
അതുപോലെ, നമ്മുടെ സ്വര്‍ഗീയ ലക്ഷ്യസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുവേണം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താന്‍. അതിനായി അതിനായി തുടര്‍ച്ചയായി തയ്യാറെടുക്കുകയും നശ്വരമായ കിരീടം ലഭിക്കാനുള്ള അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയും വേണം.
ഇന്ന്, സെപ്റ്റംബര്‍ 8, നമ്മുടെ പരിശുദ്ധ അമ്മ മേരിയുടെ ജനനത്തിരുന്നാള്‍ ആഘോഷിക്കുകയാണ്. വിനീതയായ ദാസിയായ അവള്‍ ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കായി തന്നെ തന്നെ ഒരുക്കി ആകാംക്ഷയോടെ കാത്തിരുന്നു. അവള്‍ അവനെ തന്റെ ഉദരത്തില്‍ വഹിക്കുകയും സ്വര്‍ഗത്തിലേക്കുള്ള ഓട്ടം ഇപ്പോഴും ഓടുന്ന എല്ലാവര്‍ക്കും ഒരു ദിവ്യ സഹായിയായി മാറുകയും ചെയ്തു.