ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം: അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

17,  Sep   

മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു ഡെല്‍ ഹിമാലയ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുദിനത്തോടനുബന്ധിച്ച് സ്പെയിനിലെ ഏറ്റവും വലിയ ഭ്രൂണഹത്യ കേന്ദ്രമായ ഡേറ്റര്‍ ക്ലിനിക്കിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പ്രോലൈഫ് ഷെല്‍ട്ടറില്‍ നടന്ന ‘എക്സ്പോവിദ’ പ്രോലൈഫ് പ്രദര്‍ശനത്തില്‍വെച്ചായിരുന്നു ഹിമാലയയുടെ സാക്ഷ്യം. ഒരിക്കല്‍ അബോര്‍ഷന് വേണ്ടി വാദിച്ചിരുന്ന ഹിമാലയ ഇന്ന്‍ ജീവന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ശക്തയായ പോരാളിയാണ്. ബില്‍ബാവോവിലെ ഭ്രൂണഹത്യ ക്ലിനിക്കില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുകയും, നിരവധി അബോര്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ഹിമാലയ ഭ്രൂണഹത്യയുടേയും, ദയാവധത്തിന്റേയും വക്താവ് കൂടിയായിരുന്നു. ഒരു അള്‍ട്രാസൗണ്ട് കാണുവാനിടയായതാണ് കടുത്ത നിരീശ്വവാദിയും, ഫെമിനിസ്റ്റുമായിരുന്ന ഹിമാലയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. “അള്‍ട്രാസൗണ്ടില്‍ ഒരു ശിശുവിന്റെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ മുതല്‍ ഇനി അബോര്‍ഷന്‍ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. നിരവധി ശിശുക്കളുടെ ജീവന്‍ ബലികഴിച്ചുകൊണ്ടാണ് പണത്തിന് വേണ്ടിയുള്ള എന്റെ ആര്‍ത്തി ഞാന്‍ അടക്കിയത്. സ്ട്രെച്ചറില്‍ കിടക്കുന്ന സ്ത്രീകളെ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല” - ഹിമാലയ പറയുന്നു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണാവശിഷ്ടങ്ങളും, താന്‍ ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള പുനര്‍വിചിന്തനത്തിന് തന്നെ പ്രേരിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിയായ ചിത്രങ്ങളിലൂടെയും, വീഡിയോകളിലൂടേയും, ശില്‍പ്പങ്ങളിലൂടെയുമുള്ള ഒരു യാത്രയാണ് ‘എക്സ്പോവിദ’ പ്രദര്‍ശനം. ഈ എക്സിബിഷന്‍ കാണുന്നവരാരും ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കില്ലെന്ന്‍ തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എക്സ്പോവിദ’ പ്രദര്‍ശനത്തിലൂടെ ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളും, ഭ്രൂണഹത്യയുടെ കാഠിന്യവും നമുക്ക് കാണുവാനും, ശാരീരികമായി രൂപപ്രാപ്തി ലഭിച്ച ഒരു ശിശുവിനെ കൊലക്ക് വിധിക്കുന്ന ഗര്‍ഭഛിദ്രം എന്താണെന്നറിയുവാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ തിരിച്ചറിഞ്ഞ ബോധ്യങ്ങള്‍ ആയിരങ്ങളിലേക്ക് എത്തിക്കുവാനുള്ള കഠിന ശ്രമത്തിലാണ് ഇന്ന്‍ മരിയ ഡെല്‍ ഹിമാലയ.


Related Articles

വചന വിചിന്തിനം

വിചിന്തിനം

Contact  : info@amalothbhava.in

Top