അർപ്പണം | ബോബി ജോസ് കട്ടികാട്

27,  Sep   

നല്ല വര്‍ത്തമാനങ്ങള്‍ പറയാന്‍ നിങ്ങള്‍ ചങ്ങാതിമാരെ തേടിപ്പോകാനുള്ള കാലം വരാനിരിക്കുന്നതേയുള്ളു. അന്നാണ് ശരിയായ ഉയര്‍പ്പുതിരുനാള്‍ – third day.

അസാധാരണ ഭംഗിയുള്ള ഒരു പുസ്തകമാണ് ഈ ദിവസങ്ങളിലെ വായനയ്ക്ക്: ടെറി ബ്രിവര്‍ട്ടന്‍റെ Immortal Last Words. ചരിത്രത്തില്‍ പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ 370 പേരുടെ അന്ത്യമൊഴികളാണ്. വരുംതലമുറയ്ക്ക് പാലിക്കാന്‍ വേണ്ടിയുള്ള ഒന്നായിട്ടു മാത്രം അന്ത്യമൊഴികളെ ഗണിക്കരുത്. അവനവനെത്തന്നെ വെളിപ്പെടുത്താന്‍, ജീവിതത്തെ വ്യാഖ്യാനിക്കാന്‍, പരിസരത്തോടുള്ള ആഭിമുഖ്യങ്ങളും സമീപനങ്ങളും എന്തായിരുന്നുവെന്ന് ചുരുക്കിപ്പറയാനുമൊക്കെയുള്ള അവസാനത്തെ ഊഴമാണത്.

മരണമാണ് ഏറ്റവും സത്യസന്ധമായ നിമിഷം. മരിക്കുന്ന മനുഷ്യര്‍ക്ക് ആരോടും ഒന്നും ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്ല. അതുകൊണ്ടുതന്നെ നേരിന്‍റെ ഒരു പൊന്‍പ്രഭ ഒടുവിലത്തെ മൊഴികള്‍ക്കു മീതെ പോക്കുവെയില്‍ വീഴ്ത്തുന്നു.

അവരുടെ ജീവിതം പോലെ ഗുരുത്വമുള്ളതായിരുന്നു അവരുടെ യാത്രാമൊഴികളും. ഒറ്റ നോട്ടത്തില്‍ ലളിതമെന്നു തോന്നുന്ന വാക്കുകള്‍ പോലും എന്തൊരു മുഴക്കമാണ് സൃഷ്ടിക്കുന്നത്! സോക്രട്ടീസിനെ നോക്കൂ, എന്തൊരു നിസാരമായ കാര്യമാണ് പറഞ്ഞുവയ്ക്കുന്നത്. "Crito, we owe a cock to Asclepius; pay it and don't forget." അതൊരു നേര്‍ച്ചക്കടത്തിന്‍റെ കഥ മാത്രമല്ല. ഈ ദേശത്ത് ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ഋണത്രയത്തെ നാം ഓര്‍മിച്ചെന്നിരിക്കും. ഭാരതീയ വിശ്വാസമനുസരിച്ച് മൂന്നു കടങ്ങളുമായാണ് ഓരോ കുഞ്ഞും പിറന്നു വീഴുന്നത്: ഗുരുക്കളോട്, ദൈവങ്ങളോട്, പിതൃക്കളോട്. ജ്ഞാനസമ്പാദന ത്തിലൂടെ ഗുരുക്കന്മാരോടും അര്‍ത്ഥനകളിലൂടെ ദൈവങ്ങളോടും കഠിനാദ്ധ്വാനത്തിലൂടെ ഭവനത്തിന്‍റെ ഐശ്വര്യം ഉറപ്പാക്കുന്നതുവഴി പിതൃക്കളോടുമുള്ള കടങ്ങള്‍ വീട്ടിത്തീര്‍ക്കേണ്ടതുണ്ട്. എന്നിട്ടും അങ്ങനെയല്ല ഒരാളും മടങ്ങിപ്പോകുന്നത്. വീട്ടിയതാവട്ടെ, സോക്രട്ടീസിന്‍റെ പൂവന്‍ കോഴിനേര്‍ച്ച പോലെ ചിലതു മാത്രം. സിനോപെയിലെ ഡിയോജെനിസ് മുഖം കമഴ്ത്തി തന്നെ സംസ്കരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്തിനെന്ന ചോദ്യത്തിന്, വൈകാതെ എല്ലാം കീഴ്മേല്‍ മറിയുമെന്ന് ഉത്തരം. ജീവിതത്തിന്‍റെ സകല ചീട്ടുകളും കശക്കി കുത്തുന്ന നേരമാണ് മരണം. താഴത്തെ ചീട്ട് മുകളില്‍, മുകളിലത്തെ ചീട്ടാവട്ടെ കണ്ടെടുക്കാന്‍ പോലുമാവാത്ത വിധത്തില്‍ എവിടെയോ. കീഴ്ക്കാംതൂക്കായി കിടക്കുന്ന ഒരു വവ്വാലിനു മാത്രമേ മരണാനന്തര നിലനില്പുകളേക്കുറിച്ച് എന്തെങ്കിലും പറഞ്ഞു തരാനാവൂ.

ജൂലിയസ് സീസറിന്‍റെ 'Et tu, Brute?' ബ്രൂട്ടസിനെതിരായുള്ള ആരോപണം മാത്രമല്ല. ശത്രുപാളയത്തില്‍ അപ്രതീക്ഷിതമായി കണ്ട എല്ലാ ഒറ്റുകാരോടുമുള്ള അമര്‍ഷം നിറഞ്ഞ ആക്രോശമാണ്.

ഒ. ഹെന്‍റി വിളക്കുകളെല്ലാം തെളിക്കാനാണ് ആവശ്യപ്പെട്ടത്. "Turn up the lights; I don't want to go home in the dark." ഹാന്‍ഡ് പിക്ക് ചെയ്യുന്ന പദങ്ങള്‍ ശ്രദ്ധിക്കണം; വീടും വെളിച്ചവും. ഇവാന്‍ ഇലിയിച്ചിന്‍റെ മരണമോര്‍ക്കുന്നു. ആത്മഹത്യയായിരുന്നു. എന്നിട്ടും 'വെളിച്ചം വെളിച്ചം' എന്നു പറഞ്ഞാണയാള്‍ പിരിഞ്ഞത്. ഭാരതം മരണത്തെ വിളിക്കുന്നത് മോക്ഷമെന്നാണ്. മരണദേവനായ യമന്‍ സൂര്യപുത്രനാണെന്നു മറന്നുപോകരുത്. അവസാനമൊഴി ആത്മഗതം മാത്രമല്ല, തുടര്‍ച്ചയ്ക്കായുള്ള നിലവിളി കൂടിയാണ്. വാഹനാപകടത്തില്‍പ്പെട്ട് മരണത്തോളമെത്തിയ ഒരു എട്ടുവയസുകാരനെക്കുറിച്ച് പി എന്‍ ദാസ് പറയുന്നതു കേട്ടിട്ടുണ്ട്. 'എന്‍റെ ഉമ്മയ്ക്കിനി ആരു ചോറു കൊടുക്കും?' എന്നു പറഞ്ഞാണ് കുട്ടി മിഴി പൂട്ടിയത്. തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കുവേണ്ടി ഇരന്നു ജീവിച്ച കുട്ടിയായിരുന്നു അത്. അവനു ശേഷം ദേശക്കാരാണ് ആ അമ്മയെ പരിചരിക്കുകയെന്ന സുകൃതം ഏറ്റെടുത്തത്. റിലേ ഓട്ടം കണക്കാണ്. ബാറ്റണ്‍ കൈമാറുക, വിശ്രമിക്കുക.

നോമ്പുകാലം അവസാനിക്കുകയാണ്. യേശുവിന്‍റെ അവസാന മൊഴികളിലൂടെയാണ് കഴിഞ്ഞ വാരങ്ങളില്‍ നാം കടന്നു പോയിരുന്നത്. അത് എന്തൊക്കെയാണെന്ന് ഒരു മെമ്മറി ടെസ്റ്റ് ആവാം. ആ ഏഴു മൊഴികളുടെ നൈരന്തര്യം നമ്മിലൂടെ സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന വീണ്ടുവിചാരത്തിന് ഈ ദിനങ്ങള്‍ ഉതകിയെങ്കില്‍.

ഇതായിരുന്നു ഭരതവാക്യം: അച്ഛാ, അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാനര്‍പ്പിക്കുന്നു. മടങ്ങി വരികയാണ്. എല്ലാം തിരിച്ചു കൊടുക്കുകയാണ്. പലതിനും ഉത്തരം കിട്ടിയില്ല. എന്തിനെന്നെ കൈവിട്ടു എന്ന നിലവിളിക്കു പോലും. എങ്കിലും ഒന്നറിയാം. അവിടുത്തെയ്ക്ക് എല്ലാത്തിനുമുള്ള അവകാശമുണ്ട്. എല്ലാത്തിനെക്കുറിച്ചും അങ്ങേയ്ക്ക് പദ്ധതിയുണ്ട്. നിശ്ചയമായും അങ്ങ് നന്മയായതുകൊണ്ട് എല്ലാം ഒടുവില്‍ നന്മയായി പരിണമിക്കും. എന്‍റെ വര്‍ത്തമാനവും ഭാവിയും എന്‍റെ കൈവെള്ളയിലല്ല, അങ്ങയുടെ ഉള്ളംകൈയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പൂച്ചക്കുഞ്ഞിനെ വലിച്ചെറിയുന്നതു പോലെയാണ് സ്നേഹം. എത്ര ദൂരേയ്ക്ക് വലിച്ചെറിഞ്ഞാലും അവിടുത്തെ കാല്‍ചുവട്ടിലേയ്ക്ക് മടങ്ങിവന്ന്, മുപ്പത്തി മൂന്നു സംവത്സരം ദൈര്‍ഘ്യമുള്ള ഒരു ജീവിതം അതിന്‍റെ പരിസമാപ്തിയിലെത്തുകയാണ്. അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.

ഭൂമിയിലേയ്ക്ക് വച്ച് ഏറ്റവും കഠിനമായ മരണങ്ങളിലൊന്നായിരുന്നു അത്. എന്നിട്ടും തൊട്ടിലില്‍ മയങ്ങുന്ന കുഞ്ഞിനെപ്പോലെ എത്ര സമാധാനത്തിലാണ് അവിടുന്ന് മടങ്ങിപ്പോയത്. അത്രമേല്‍ പ്രത്യാശയോടെ. എളുപ്പമല്ല ശാന്തമായ മരണം. നിങ്ങള്‍ ജപമാല അര്‍പ്പിക്കുന്ന ഒരാളാണെങ്കില്‍ ഓരോ ദിവസവും അമ്പതുപ്രാവശ്യം ആ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്. മരണനേരത്തു കൂടെയുണ്ടായിരിക്കണമേ.

നല്ല വര്‍ത്തമാനങ്ങള്‍ പറയാന്‍ നിങ്ങള്‍ ചങ്ങാതിമാരെ തേടിപ്പോകാനുള്ള കാലം വരാനിരിക്കുന്നതേയുള്ളു. അന്നാണ് ശരിയായ ഉയര്‍പ്പുതിരുനാള്‍ – third day. [15:40, 22/03/2022] Mariadas Fr: നന്മകൾ ഒറ്റിക്കൊടുക്കപ്പെടുന്ന കാലം ഫാ ജിയോ കണ്ണൻ‌കുളംCMI

“പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കൽനിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു”. (മത്താ: 26:47)

രണ്ടായിരം വർഷങ്ങൾക്കുമുമ്പ് എന്നതിനേക്കാൾ, ഇത് ഇന്നിന്റെ രീതിയായിക്കഴിഞ്ഞു. ഒറ്റിക്കൊടുക്കപ്പെടുന്നത് പലപ്പോഴും നന്മജീവിതങ്ങളെയാണ്. ചതിയിലകപ്പെടുത്തുന്നത് നിഷ്കളങ്ക ജീവിതങ്ങളെയാണ്. തകർത്തു കളയുന്നത് നിരുപദ്രവകാരികളെയാണ്. മരണത്തിലേക്ക് ഇറക്കി വിടുന്നത് കൂടെ നടന്നവരും വളരാൻ സഹായിച്ചവരുമായ ഏറ്റം പ്രിയപ്പെട്ടവരെത്തന്നെയാണ്.

കാരണം ഒന്നേയുള്ളൂ.. തിന്മ ഉള്ളിൽ വളർന്നു കഴിഞ്ഞാൽ, താൻ പ്രവർത്തിക്കുന്നത് എന്തെന്നോ, അതിന്റെ തീവ്രത എത്രമാത്രമെന്നോ, അതിന്റെ ഫലം എത്ര കഠിനമെന്നോ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടും. മനസ്സ് പറയുന്നതു മുഴുവൻ ‘ഇതു ചെയ്താൽ, ഇങ്ങനെ ചെയ്താൽ നിനക്കു നേട്ടമുണ്ടാകും’ എന്നാവും. തിന്മയുടെ സ്വാധീനം ഉള്ളിൽനിന്നും പറഞ്ഞുകൊടുക്കുന്ന വഴിയേ ചരിച്ച് പല ജീവിതങ്ങളെയും തകർത്ത്, ഒടുവിൽ സ്വയം തകരുന്ന പാഠമാണ് നോമ്പുകാലത്ത് യൂദാസിലൂടെ ധ്യാനിക്കുന്നത്.

നന്മയുള്ള ജീവിതങ്ങളൊന്നും തകർത്തുകളയേണ്ടവയല്ല; അവയെ ചേർത്തുപിടിക്കേണ്ടവയാണ്. അതിലൂടെയാണ് സ്വയം വളരേണ്ടത്.

തിന്മയോടു കൂട്ടുചേരാൻ - അന്ന് ഒരു ജനക്കൂട്ടം യൂദാസിനോടുകൂടെ വന്നതുപോലെ- പലപ്പോഴും കുറേപ്പേർ കൂടെയുണ്ടാകും. അത് തിന്മയുടെ ആവാസത്തിന്റെ സ്വഭാവമാണ്. അവൻ തനിച്ചായിരിക്കില്ല, സമാനചിന്താരീതികളുള്ള ചിലരെയെല്ലാം കൂടെക്കൂട്ടും.. ഒരുമിച്ചിരുന്നും ഫോൺ വിളിച്ചും കൂടെ നടന്നും ഒരുമിച്ചു ഭക്ഷിച്ചും, മറ്റാരുടെയെങ്കിലുമൊക്കെ കുറവുകളെ വിലയിരുത്തുകവഴി ഉള്ളിലെ തിന്മയുടെ അളവ് വർദ്ധിക്കാൻ ഇടയാകുന്നു. അത് തിന്മയുടെ ശക്തിയുടെ വളർച്ചാകാലമാണ്.

ശേഷമാണ് പ്രവൃത്തികളുടെ തലം. അവിടെ പലരെയും കൂടെ കൂട്ടും. ചിലർക്കെതിരെ പറയും, അരുതാത്തതു പ്രവർത്തിക്കും, കൂടെ നിൽക്കുന്നവർ കൈയടിക്കും. അവർ വിചാരിക്കുന്നത് അവരും കേമരായി മാറുന്നുവെന്നാണ്. പക്ഷേ, യൂദാസിലെ തിന്മയുടെ അതേ ആവാസം അവരിലും വളരുക വഴി അവരും നാശം വിളിച്ചുവരുത്തുന്നു.

ഇതിനു പോം വഴിയുണ്ടോ? ഉള്ളിൽ വളരുന്ന തിന്മയെ പിഴുതെറിയുവാൻ എന്താണു ചെയ്യുക?

ഒരു വിശ്വാസിയുടെ ജീവിതത്തിലെ കുരിശുവരമുതലുള്ള സകല ആത്മീയപ്രവൃത്തിയും തിന്മയ്ക്കെതിരെയുള്ള ആയുധമാണ്. ഏറ്റം വിശേഷമായി കൂദാശകൾ: കുമ്പസാരവും പരിശുദ്ധ കുർബാനയും. മനസ്സറിഞ്ഞ് ഈ കൂദാശകളെ സമീപിക്കുന്ന ആരിലും തിന്മ കൂടു കൂട്ടുകയില്ല. നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കൃപ പരിശുദ്ധാത്മാവ് അവർക്കു നൽകും.

ആർക്കെതിരെയും തിന്മ മനസ്സിൽ ചുമന്നുകൊണ്ടു നടക്കാതിരിക്കാം. അത്, വലിയ തിന്മയിലേക്ക് സ്വയം വീഴപ്പെടാതിരിക്കാൻ ആവശ്യമാണ്.

നോമ്പുകാലത്ത് കൂദാശകളുടെ സ്വീകരണത്തോട് പുലർത്തുന്ന താത്പര്യം ശ്രദ്ധിക്കാം.. കുറവുകളുണ്ടെന്നാൽ, അല്പം കൂടി കരുതലോടെ മുന്നേറാം..

നമ്മിൽ ഒരു ചെറു-യൂദാസുപോലും വളരാൻ അനുവദിച്ചു കൂടാ.. നമ്മിലൂടെ ഒരു നന്മജീവിതവും പീഡാനുഭവത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടാൻ ഇടയാക്കിക്കൂടാ..


Related Articles

2synod

വിചിന്തിനം

Contact  : info@amalothbhava.in

Top