അഴകുള്ള ലോകം സൃഷ്ടിക്കാൻ…| ഫാ. ബോബി ജോസ് കട്ടികാട്‌

28,  Sep   

എഡ്യുക്കേഷൻ എന്ന പദത്തിന്റെ പദോത്പത്തിശാസ്ത്രം പഠിക്കുന്നതു രസകരമാണ്. ലത്തീൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. അർത്ഥം ടു ബ്രിംഗ് ഔട്ട് എന്നതാണ്. പുറത്തേയ്ക്കു കൊണ്ടുവരിക. നിങ്ങളിലുള്ള ഏറ്റവും നല്ലത് പുറത്തു കൊണ്ടുവരാൻ നിങ്ങളെ സഹായിക്കുന്ന ഇടത്തിന്റെ പേരാണ് വിദ്യാലയം. ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രത്യാശയിലാണ് നാം ഇതെല്ലാം ആരംഭിക്കുന്നത്.

കോളേജ് ക്യാംപസുകളെ നാമിപ്പോൾ ജൈവക്യാംപസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഈയൊരിടത്തിൽ നിന്നുകൊണ്ടു നിങ്ങൾക്കു കാണാനാകുന്ന ഒരു സ്വപ്നം ജൈവമനുഷ്യരായിരിക്കുക എന്നതാണ്. ആ വാക്ക് ഭാഷയിലാദ്യം പ്രയോഗിച്ചത് ആനന്ദാണ്. ജൈവമനുഷ്യനെന്ന സങ്കൽപം ഉള്ളിൽ പതിഞ്ഞാൽ നന്നായിരിക്കും. കുറെക്കൂടി ജൈവമനുഷ്യരായി ജീവിക്കാൻ ക്യാംപസുകളെ ഉപയോഗപ്പെടുത്തണം. എഡ്യുക്കേഷനെതിരായ വലിയൊരു ആരോപണം അതു കൃത്രിമ മനുഷ്യരെ സൃഷ്ടിക്കുന്നുവെന്നതാണ്. അത് എഡ്യുക്കേഷന്റെ അപാകതയല്ല. അതിൽ പെട്ടു പോയ ഒരപൂർണതയാണ്. ഒരു കാലത്തു ടീ ഷർട്ടുകളിലൊക്കെ മനുഷ്യരെഴുതി വച്ചിരുന്ന ഒരു വാചകമിതായിരുന്നു, ''ഞാൻ ബുദ്ധിമാനായി ജനിച്ചു, വിദ്യാഭ്യാസം എന്നെ നശിപ്പിച്ചു.'' ഇതിലൊരു ആക്ഷേപഹാസ്യമുണ്ട്, ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ട്രോൾ. എങ്കിലും അതു മാത്രമല്ല. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും പ്രകാശവും നൽകുന്നതു പോലും കലാലയങ്ങൾ തന്നെയാണ്.

ഒരു പുഴയുടെ തീരത്ത് എഴുതി വച്ചിട്ടുണ്ട്, 'റിസ്‌ക് എടുക്കരുത്, പുഴയ്ക്ക് ചീത്തപ്പേരുണ്ടാക്കരുത്.'' നമ്മളെടുക്കുന്ന എല്ലാ അപൂർണതകൾക്കും പുഴയാണ് കാലാകാലങ്ങളായി പേരുദോഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്ര ജൈവമല്ലാത്ത മനുഷ്യർ ഇതിനകത്തു നിന്നു രൂപപ്പെട്ടുവെന്നതാണ് വിദ്യാഭ്യാസത്തിനു പൊതുവെ കേൾക്കേണ്ടി വന്ന പഴി. വിദ്യാർത്ഥികൾക്കു ചെയ്യാവുന്ന ഏറ്റവും വലിയ കരുണ, നമ്മെ ഇത്രയും നന്നായി നോക്കുന്ന ഒരിടത്തിന്റെ, വിദ്യാർത്ഥികളെ സഹായിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസംവിധാനത്തിന്റെ സത്‌പേര് വർദ്ധിപ്പിക്കാൻ ശ്രമിക്കുകയെന്നതാണ്.

പരിണാമം ഇപ്പോഴും നടക്കുന്നുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. ഇരുകാലി മൃഗമായി മനുഷ്യർ രൂപപ്പെട്ടതോടെ പരിണാമം അവസാനിച്ചുവെന്നു പലരും കരുതുന്നുണ്ട്. പക്ഷേ ബുദ്ധിപരമായി പഴയ തലമുറയേക്കാൾ സാദ്ധ്യതകളുള്ളവരാണ് പുതിയ തലമുറ. അതുകൊണ്ടു തന്നെ പുതിയ തലമുറയെ അഭിസംബോധന ചെയ്യുമ്പോൾ ചില സൂചനകൾ നൽകിയാൽ മതി, അധികം വിശദീകരിക്കേണ്ടതില്ല. ദൈവികമാനങ്ങളുള്ള കഥകളുടെ പേരാണ് ബൈബിൾ അനുസരിച്ചു ഉപമ. ജൈവമനുഷ്യനെയും നമുക്ക് ഒരു ഉപമയോ പ്രതീകമോ ആയി കരുതാൻ കഴിയും.

എന്താണു ജൈവമനുഷ്യരുടെ പ്രത്യേകതകൾ? ഒന്ന്, ശിരസ്സിൽ കവിത കൊണ്ടു നടക്കുന്ന മനുഷ്യരാണ് അവർ. കവിതയ്ക്കു നിരക്കാത്ത കുറെ കാര്യങ്ങൾ എപ്പോഴും ലോകത്തിൽ സംഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായി പരിഗണിക്കാവുന്നത് സൗന്ദര്യാവബോധമാണ്. ലോകം കുറെക്കൂടി ഭംഗിയുള്ളതാകണം. കുട്ടികൾ പഠിക്കാൻ വരുന്നതും മുതിർന്നവർ അതിനു കുട്ടികളെ സഹായിക്കുന്നതും കുറെക്കൂടി ഭംഗിയുള്ള ഒരു ലോകത്തിനു വേണ്ടിയാണ്.

ലോകം ഭംഗിയുള്ളതാകണമെങ്കിൽ നാം ഈ സംവിധാനത്തിൽ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യർ ലാഭമുള്ള കാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു. ഏറ്റവും കൂടുതൽ മനുഷ്യർ തങ്ങളുടെ ജീവിതങ്ങൾ ബലി കൊടുത്തിട്ടുള്ളത് അറിവിന്റെ പരീക്ഷണശാലകളിലാണ്. വിപ്ലവങ്ങൾക്കു വേണ്ടി മരിച്ചിട്ടുള്ളവരേക്കാൾ അധികം പേർ ലബോറട്ടറികളിൽ തങ്ങളുടെ പ്രാണൻ കൊടുത്തിട്ടുണ്ട്. എത്രയോ കാലങ്ങൾ എത്രയോ മനുഷ്യർ രാത്രിയെണ്ണ കത്തിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ തണലിലും പ്രകാശത്തിലുമൊക്കെയാണു നാം ജീവിക്കുക. പെരുമയെന്നു പറയുന്ന ലാഭേച്ഛ പോലും ഇവരുടെയൊന്നും മനസ്സിലില്ലായിരുന്നു.
ചെറിയ പ്രായത്തിൽ ലഭിക്കുന്ന ദിശാബോധങ്ങളാണ് നമ്മുടെ മുമ്പോട്ടുള്ള ദിശ നിർണയിക്കുക. യൗവനത്തിൽ തന്നെ ലാഭത്തെ ഏതെങ്കിലുമൊക്കെ വിധത്തിൽ തള്ളിപ്പറയുന്ന കുലീനമായ ഒരു മനോനില ഉണ്ടാക്കിയെടുക്കുക. ഇപ്പോൾ മനുഷ്യർ തങ്ങളേർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ലാഭത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പത്തെ പുഴയിലേയ്‌ക്കെറിയുക എന്നൊരു വാക്യം ബൈബിളിലുണ്ട്. പഴയ കാലത്ത് കൊയ്‌തെടുത്ത കതിർക്കറ്റകളെ പുഴയിലേയ്ക്ക് ഒഴുക്കിവിടാറുണ്ട്. അത് ഒഴുകി, മറ്റേതെങ്കിലും തീരങ്ങളിൽ അടുത്ത് അവിടെ മുളയ്ക്കുകയും മറ്റൊരു കൊയ്ത്തിന് ഇടയായിത്തീരുകയും ചെയ്യാറുണ്ട്. അതിനെയാണ് അപ്പത്തെ പുഴയിലേക്കെറിയുക എന്നു വിശേഷിപ്പിക്കുന്നത്. ഒരു തരത്തിലും ആരെന്നോ എവിടെയെന്നോ അറിയാത്തവരുടെ ജീവിതങ്ങളിൽ യാതൊരു ലാഭേച്ഛയും കൂടാതെ നിങ്ങളുണ്ടാക്കിയെടുക്കുന്ന ഭംഗിയുടെ പേരാണ് വിദ്യാഭ്യാസം. അദ്ധ്യാപനം വാസ്തവത്തിലതാണ്.

ലോകം ഭംഗിയുള്ളതാകണമെങ്കിൽ നാം ഈ സംവിധാനത്തിൽ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യർ ലാഭമുള്ള കാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു.

വിദ്യാഭ്യാസത്തെ അളക്കാൻ പരീക്ഷയുടെ മാർക്ക് ഒരു മാനദണ്ഡമായി ഇന്നാരും കരുതുന്നില്ല. ഇന്റലിജെൻസ് എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാൽ പലതരം ഇന്റലിജെൻസുകളുണ്ടെന്നു കാണാം. അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പഴയ കാലത്ത് ഇന്റലിജെൻസെന്നാൽ പരീക്ഷയിലെ മാർക്കു മാത്രമായിരുന്നു. ഈ കാലം കൂറെക്കൂടി ഭേദപ്പെട്ട ഭാവുകത്വങ്ങളുടെ കാലമാണ്. പലതരം ഇന്റലിജെൻസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് ഇമോഷണൽ ഇന്റലിജെൻസ് ആണ്. പഠിച്ച പല ആളുകൾക്കും സാധാരണ കുടുംബജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതൊക്കെ ഒരുകാലത്ത് ഈ വൈകാരിക ബുദ്ധിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതിരുന്നതുകൊണ്ടാണ്. പുതിയ തലമുറ ഇതിനു പ്രാധാന്യം കൊടുക്കുന്നുണ്ട്.

കാര്യമായ ലാഭമില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുക എന്നതാണ് ഒന്നാമത്തേത്. ലാഭം എന്നതു തലയിൽ നിന്നു മാറുമ്പോൾ മാത്രമേ മത്സരത്തിൽ നിന്നു മാറാൻ കഴിയുകയുള്ളൂ. ലോകത്തിലേറ്റവും കൂടുതൽ മത്സരങ്ങൾ നടന്നുകൊണ്ടിരുന്നതു കളിക്കളങ്ങളിലല്ല, ക്ലാസ് മുറികളിലാണ്. അത്തരം മത്സരങ്ങളെ വളർത്തുന്ന രീതിയിലുള്ള ബോധനരീതിയും ഒരുകാലത്തുണ്ടായിരുന്നു. നിങ്ങൾ ആരോടും മത്സരിക്കണമെന്നോ, ആരെയെങ്കിലും തോൽപിക്കണമെന്നോ ആരെങ്കിലുമായി താരതമ്യം ചെയ്യണമെന്നോ പറയുന്നില്ല. ലോകത്തോട് അനുഭാവമുള്ള, ലോകത്തിന്റെ കാര്യങ്ങളിൽ കുറെക്കൂടി ശ്രദ്ധയുള്ള ആളുകളാകുക.

ഒരു സെൻ കഥയുണ്ട്. ഒരു അമ്മയുടെ മകൻ വലിയ ബുദ്ധിമാനാണ്. നന്നായി പഠിക്കുക കൂടി ചെയ്തു. അതോടെ അയാളെ ആ ദേശത്തിന്റെ രാജഗുരു ആയി നിയോഗിക്കുകയാണ്. ആ അമ്മ ഒരിക്കൽ തന്റെ മകനെ കാണാൻ രാജകൊട്ടാരത്തിലേയ്ക്കു പോകുന്നു. പോകുമ്പോൾ തെരുവോരങ്ങളിലെ മനുഷ്യരെല്ലാം പണ്ഡിതനായ രാജഗുരുവിനെ കുറിച്ചു പറയുന്നുണ്ട്. അതു തന്റെ മകനെ കുറിച്ചാണെന്നു അമ്മയ്ക്കറിയാം. കൊട്ടാരത്തിലെത്തിയപ്പോൾ രാജാവിന്റെ സിംഹാസനത്തിനടുത്തു തന്നെ രാജഗുരു ഇരിക്കുന്നു. വലിയ ആചാര്യന്മാർ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ അവരെ അതിശയിപ്പിക്കുന്ന ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് അയാൾ. അമ്മ ആ പരവതാനിയിലൂടെ നടന്നു മകന്റെ അടുത്തെത്തി അവനെ തലങ്ങും വിലങ്ങും അടിക്കുകയാണ്. ഇതിനു വേണ്ടിയല്ല അമ്മമാർ മക്കളെ പഠിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അടിക്കുന്നത്. എന്നിട്ട്, ഒരു കാറ്റു പോലെ അവർ പുറത്തേയ്ക്കു പോകുകയും ചെയ്തു.

ബുദ്ധിമാനായതുകൊണ്ടു തന്നെ ആ മകൻ ആലോചിക്കുന്നുണ്ട്, എന്തിനു വേണ്ടിയാകാം അമ്മമാർ മക്കളെ പഠിപ്പിക്കുന്നത്? പണിയെടുത്തും മുണ്ടു മുറുക്കിയുടുത്തും പഠിപ്പിക്കുന്നത് എന്തിനു വേണ്ടിയാകാം? കൊട്ടാരത്തിന്റെ ഭാഗ്യങ്ങളുടെ ഭാഗമായി മാറാൻ വേണ്ടിയല്ല. ആ രാജഗുരു പിന്നീട് കൊട്ടാരം വിട്ടു പോകുകയും പാവപ്പെട്ട മനുഷ്യർ താമസിക്കുന്നയിടത്തു ചെന്ന് അവരുടെ മക്കളെ അക്ഷരം പഠിപ്പിക്കുന്ന ഒരു ആശാനാകുകയും ചെയ്തു. ഒരിക്കൽ രാജഗുരു ആയിരുന്നു, ഇപ്പോൾ കളരിയാശാനാണ്. അങ്ങനെ അയാൾ തന്റെ ജീവിതത്തെ അർത്ഥപൂർണമാക്കി.

കാലാകാലങ്ങളായി മുതിർന്നവർ പറയുന്ന ആശയങ്ങളിൽ നിന്നു പുതിയ തലമുറ മാറിനടക്കുന്നതു നല്ലതാണ്. കുട്ടികൾ എന്തെങ്കിലുമൊക്കെ ആകണമെന്നു പറയുന്നത്, മുതിർന്നവരുടെ സ്വാർത്ഥതയുടെ ഭാഗമാണ്. ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ആകുക എന്നതാണു പ്രധാനം.

ലാഭേച്ഛയില്ലാത്ത, മത്സരമില്ലാത്ത, താരതമ്യമില്ലാത്ത, പരാർത്ഥമായ മനോനിലയുടെ പേരാണ് ജൈവമനുഷ്യനെന്നത്. സദാ തുറന്നു പിടിച്ച രണ്ടു കണ്ണുകൾ. അവയെ കൊണ്ട് ലോകത്തെ വീക്ഷിച്ചുകൊണ്ടിരിക്കുക. ഇത്രയും കുനിഞ്ഞിരിക്കാൻ പാടില്ല. പരിണാമത്തിന്റെ ഗ്രാഫിക് ചിത്രങ്ങൾ കണ്ടിട്ടില്ലേ? ഇഴഞ്ഞു നടന്നിരുന്നയാൾ ഉയർന്നുയർന്ന് നേരെ നിൽക്കുന്നു. നിർഭാഗ്യവശാൽ അവിടെ നിന്നു പിന്നെ കുനിയാൻ തുടങ്ങുകയാണ്. ഇപ്പോൾ കുനിഞ്ഞു ഫോണിന്റെ വെട്ടത്തിൽ മാത്രം നോക്കിയിരിക്കുകയാണ്.

ചില കാര്യങ്ങൾ നിങ്ങൾ ധാർമ്മികതയോടെ മാത്രം ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതു നന്നായിരിക്കും. ഫോൺ ഒരു കാലത്ത് സംഭാഷണത്തിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അതെല്ലാം വിനോദവ്യാപാരത്തിന്റെ ഭാഗമാണ്. അതിൽ നിന്നൊക്കെ മാറി കുട്ടികളെ പോലെ കണ്ണുകൾ തുറന്നു പിടിച്ച് പുറംലോകത്തേക്കു വിസ്മയത്തോടെ നോക്കുന്നതു നല്ലതാണ്.

ചെഗുവേരയുടെ ഏറ്റവും വലിയ ശക്തി തുറന്നു പിടിച്ച കണ്ണുകളായിരുന്നു എന്നാണു പറയുക. ബൊളീവിയൻ കാടുകളിൽ ഈ മനുഷ്യൻ കൊല്ലപ്പെടുമ്പോഴും ഉണ്ടായിരുന്നു തുറന്നു പിടിച്ച ഒരു കണ്ണ്. സാമൂഹികയാഥാർത്ഥ്യങ്ങളോട്, ലോകത്തിന്റെ സമതയില്ലായ്മയോട്, ഉച്ചനീചത്വങ്ങളോട് ഒക്കെ തുറന്നു പിടിച്ച കണ്ണ്. കുറെക്കൂടി തുല്യതയും സമതയുമുള്ള ലോകം വരാനായി നിങ്ങൾ ചെയ്യേണ്ട കാര്യം കണ്ണിണകൾ തുറന്നു പിടിക്കുക എന്നതാണ്.

അടുത്തതായി വേണ്ടത് ശ്രദ്ധയാണ്. ബുദ്ധന്റെ പടം വരയ്ക്കാൻ എളുപ്പമാണ്. ഒരു വട്ടം വരയ്ക്കുക, പിന്നെ പടവലങ്ങ പോലെ നീണ്ട രണ്ടു ചെവികളും. ഒരു മനുഷ്യനും അത്തരം ചെവികളുണ്ടാകില്ല എന്നു നമുക്കറിയാം. ബുദ്ധൻ വളരെയധികം ശ്രദ്ധയുണ്ടായിരുന്ന ആളായിരുന്നു. അതാണു വലിയ ചെവികൾ കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ ദൈവസങ്കൽപങ്ങളിൽ വളരെ പ്രിയപ്പെട്ട ഒന്നാണു വിഘ്‌നേശ്വരൻ. വലിയ ചെവികളുണ്ട്. നമുക്ക് പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന ഒന്നാണത്. കുട്ടികൾക്കു പോലും ഓമനിക്കാൻ തോന്നുന്ന ഒരു ദൈവസങ്കൽപമാണ് ആനച്ചെവികളുള്ള വിഘ്‌നേശ്വരൻ. അതുകൊണ്ട് വലിയ ചെവികളുള്ളവരാകുക. വലിയ ചെവികൾ ഉണ്ടാകുമ്പോൾ, പറഞ്ഞ കാര്യങ്ങൾ മാത്രമല്ല ബോധപൂർവം പറയാതെ വിട്ട കാര്യങ്ങളും കേൾക്കാൻ കഴിയും. എല്ലാവരെയും ശ്രവിക്കുക. വിശേഷിച്ചും നിങ്ങളുടെ മാതാപിതാക്കളെ. മക്കളെ നെഞ്ചിലിട്ടു വളർത്തണം എന്നു പറയാറുണ്ട്. നെഞ്ചിലെ മിടിപ്പു കേട്ടു വളരാൻ. നിങ്ങളതു കേൾക്കണം. അവർ ചിലപ്പോൾ നിങ്ങളോടു കലഹിക്കുന്നുണ്ടാകും, സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുണ്ടാകും. അതെല്ലാം ആ മിടിപ്പി ന്റെ ഭാഗങ്ങളായി ശ്രവിക്കാൻ കഴിയണം.

സ്‌നേഹത്തെ പരിഭാഷപ്പെടുത്താൻ പറ്റിയ ഒരു ഭാഷ ഇതുവരെയില്ല. ചിലരത് ദുഃഖമായും പൊസെസീവ്‌നെസായും പ്രകടിപ്പിക്കുന്നു. ചിലർ ക്ഷോഭിച്ചുകൊണ്ടിരിക്കുന്നു. ഭാഷയുടെ മേൽ വലിയ പ്രശ്‌നമുണ്ടാക്കിയ ഒരു വിഷയത്തിന്റെ പേരാണ് സ്‌നേഹം. എന്തു ഭാഷ സംസാരിക്കുമ്പോഴും ഈ പറയുന്നയാൾക്കു തന്നോടു സ്‌നേഹമുണ്ടെന്നു മനസ്സിലാക്കാൻ തുറന്നു പിടിച്ച ചെവിയുണ്ടായാൽ മതി. ലോകത്തെ കുറെക്കൂടി ശ്രദ്ധിക്കുക, കുറെക്കൂടി കേൾക്കുക. കേട്ടു തുടങ്ങുമ്പോഴേയ്ക്കും ഒത്തിരി കാര്യങ്ങൾ തെളിഞ്ഞു വരും.

ഒരു കഥയുണ്ട്. ഒരു ക്ഷേത്രം കടലിൽ മുങ്ങിപ്പോയി. എങ്കിലും ആ ക്ഷേത്രത്തിൽ നിന്നുള്ള മണിനാദങ്ങൾ ഇന്നും തീരത്തു നിന്നു കേൾക്കാം. അതു കേൾക്കാനായി ധാരാളം പേർ വരുന്നുണ്ട്. ഒരിക്കൽ ഒരു ചെറുപ്പക്കാരൻ വന്നു. മണിനാദം കേൾക്കാനായി അയാൾ വളരെ ശ്രദ്ധിച്ചു നിൽക്കുകയാണ്. പക്ഷേ ഒരു ശബ്ദവും അയാളെ തേടി എത്തുന്നില്ല. ഒടുവിൽ അയാൾ കടലിൽ നിന്നുള്ള മണിനാദത്തെ വിട്ട്, പരിസരത്തുള്ള മറ്റു ശബ്ദങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. തെങ്ങോലകളുടെ ശബ്ദവും കടൽകൊക്കുകളുടെ ചിറകടിയും എന്തിന്, മണലിലൂടെ പോകുന്ന ഞണ്ടുകളുടെ പാദപതനശബ്ദം കൂടിയും അയാൾക്കു കേൾക്കാൻ കഴിഞ്ഞു. ഇങ്ങനെ തന്റെ ചുറ്റുമുളള പരിസരങ്ങളിലെ ശബ്ദങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്നൊരു ദിവസം കടലിന്നടിയിൽ നിന്നുള്ള മണിനാദവും അയാൾ കേൾക്കാൻ തുടങ്ങി.

നിങ്ങൾ ഒരു ഈശ്വരനാദത്തെയാണു തിരയാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് ചുറ്റിനുമുള്ള ശബ്ദങ്ങളാണ്. തെരുവിലെ ശബ്ദങ്ങളാണ്. എല്ലായിടത്തെയും ശബ്ദങ്ങളെ കേൾക്കണം. കൂട്ടുകാരുടെ ശബ്ദങ്ങൾ കേൾക്കുക. അദ്ധ്യാപകരുടെ ആകുലതകൾക്കു കാതോർക്കുക. അനുകമ്പയുള്ളവരായിരിക്കുക. യേശുവിന്റെ ചിത്രങ്ങളിൽ പിളർന്ന നെഞ്ചു നിങ്ങൾക്കു കാണാനാകും. അനുകമ്പയാണത്.

വിദ്യാഭ്യാസവും ഈ അനുകമ്പ സൃഷ്ടിക്കാൻ വേണ്ടിയാണ്. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യമതാണ്. അതു മറന്നുപോകുമ്പോഴാണ് വിദ്യാഭ്യാസസമ്പ്രദായത്തിനെതിരെ ഇത്രയും ആരോപണങ്ങളുണ്ടാകുന്നത്. കരുണയുള്ള മനുഷ്യരുണ്ടാകുക. അതു വളരെ പ്രധാനപ്പെട്ടതാണ്.

ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയിൽ മാത്രമായി ഒതുങ്ങുന്ന ഒരു കാലം വരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവർക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്.

പുറത്തു മനുഷ്യർ വല്ലാത്ത രോഷവും വിദ്വേഷവുമൊക്കെ വച്ചുപൊറുപ്പിക്കുന്നുണ്ട്. ചിലർ അതിനു മുകളിലടയിരുന്ന് അതിനെ വളർത്തിയെടുക്കുന്നുണ്ട്. ലോകം ശത്രുതയുടെ ലോകമായി മാറുന്നു എന്ന തെറ്റിദ്ധാരണ തിരുത്തേണ്ട ബാദ്ധ്യത പുതിയ തലമുറയ്ക്കാണ്. കരുണയുടെയും അനുഭാവത്തിന്റെയും പരിഗണനയുടെയും ഒക്കെ ഒരു കാലമാണു വരേണ്ടത്. അമ്പതു വയസ്സിനു മുകളിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴത്തെ തലമുറയുടെ ഏറ്റവും വലിയ ഒരു മേന്മ അവർ ആരെയും കളിയാക്കുന്നില്ലെന്നതാണ്. ബോഡി ഷെയിമിംഗ് ഒക്കെ മുതിർന്നവരുടെ തലമുറയിൽ വളരെ സാധാരണമായിരുന്നു. ആകാരം വച്ചുകൊണ്ട് ആളുകളെ എന്തുമാത്രം പരിഹസിച്ചിരുന്ന ഒരു നാടാണെന്നറിയാമോ ഇത്? എനിക്കൊരു കാര്യമുറപ്പാണ്. ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയിൽ മാത്രമായി ഒതുങ്ങുന്ന ഒരു കാലംവരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവർക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്. ചെറിയൊരു സംഭാഷണത്തിനിടയിൽ, ഒരാളെ പിടികിട്ടാതെ പോയപ്പോൾ കോങ്കണ്ണുള്ള ഒരാൾ എന്നു ഞാൻ വിശദീകരിച്ചു. ചേട്ടന്റ മകളിതു കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്താണ് ഈ കോങ്കണ്ണ് എന്നവൾ ചോദിച്ചു. കുട്ടിക്കാലമെല്ലാം വിദേശരാജ്യങ്ങളിലായിരുന്നതുകൊണ്ട് ഈ മലയാളവാക്ക് അവൾക്കറിയില്ലായിരിക്കും എന്നു മാത്രമേ ഞാൻ വിചാരിച്ചുള്ളൂ. കണ്ണിന്റെ ഒരു പ്രശ്‌നമാണതെന്നു ഞാൻ വിശദീകരിച്ചു. അവൾ വളരെ കരുണയോടെ എന്നെ നോക്കിയിട്ടു ചോദിച്ചു, സോ വാട്ട്? അതുകൊണ്ടെന്താ? മനുഷ്യരുടെ കണ്ണുകളെ കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളാണു മാറേണ്ടത്. വൈവിധ്യങ്ങളെ അംഗീകരിക്കുക, വൈകല്യങ്ങളെ സവിശേഷതകളായി കാണുക എന്നൊക്കെ പറയുന്നത് എത്രയോ ഭംഗിയായിട്ടാണു പുതിയ തലമുറ സ്വാശീകരിച്ചിരിക്കുന്നത്? സ്വാഭാവികമായും ഞാൻ വിചാരിക്കുന്നു, ഞങ്ങളേക്കാൾ കരുണയുള്ള ഒരു കാലമാണ് പുതിയ തലമുറയിലൂടെ വരാൻ പോകുന്നത്. പഠനത്തിലൂടെയോ എത്തിച്ചേരാൻ പോകുന്ന തിരക്കുകളിലൂടെയോ ഒന്നും ഇതു കൈമോശം വരാതെ നോക്കുക, സദാ പിളർന്ന ഒരു നെഞ്ച് സൂക്ഷിക്കുക.

അടുത്തത് കോർത്തു പിടിച്ച കരങ്ങളാണ്. കരങ്ങൾ കോർത്തു പിടിക്കാൻ കഴിയണം. ഈ കാലം മോശമാണെന്നു ചിലർ പറയുന്നുണ്ട്. വ്യക്തിപരമായ വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടു പോലും ഈ കാലം മോശമാണെന്നു പറയാൻ കഴിയുന്നില്ല. ഭേദപ്പെട്ട ഒരു കാലം തന്നെയാണിത്. പക്ഷേ ഈ കാലത്തിന്റെ സന്ദിഗ്ധതകളെ കുറുകെ കടക്കണമെങ്കിൽ നാം കൈ കോർത്തു പിടിക്കുക തന്നെ വേണം.
സാറാ ജോസഫിന്റെ എസ്‌തേർ എന്ന നോവലുണ്ട്. ജറുസലെം ദേവാലയം തകർക്കപ്പെട്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരമ്മയുടെ മകളാണ് എസ്‌തേർ. ഓടിപ്പോകുന്ന വഴിക്ക് ഒരു കല്ലിൽ തട്ടി അമ്മ വീഴുകയാണ്. മകൾക്കു പരിക്കേൽക്കാതിരിക്കാൻ അമ്മ ശ്രമിക്കുന്നു. എസ്‌തേർ പിന്നീട് ഓർമ്മിക്കുന്നു, ആ കല്ല് ഇപ്പോഴും അവിടെയുണ്ട്. അതിൽ തട്ടി മനുഷ്യർ പിന്നെയും വീഴുന്നുണ്ട്. ആ കല്ല് എടുത്തു മാറ്റാൻ ആരും ശ്രമിക്കുന്നില്ല. ചിലർ ആ കല്ലിൽ നോക്കി ഉറഞ്ഞു പോകുകയാണ്. വേറെ ചിലർ ആ കല്ലിൽ തങ്ങളുടെ ആയുധങ്ങൾ രാകി മിനുക്കുന്നു. ഖേദവും ക്ഷോഭവുമില്ലാതെ ചില കല്ലുകളെ കുറുകെ കടക്കണമെങ്കിൽ കൈ കോർത്തു പിടിച്ചാലേ കഴിയൂ. അതിരപ്പള്ളിയുടെ പേരു കേട്ടു തുടങ്ങുന്ന കാലത്തു തന്നെ അവിടെ പോകാൻ അവസരം കിട്ടിയിരുന്നു. അവിടെ നടക്കുമ്പോൾ ഒരു അദ്ധ്യാപകൻ പറഞ്ഞു തന്നത് ഓർമ്മയുണ്ട്. വഴുതുന്ന പാറയാണ്, കുറുകെ കടക്കണമെങ്കിൽ കൈ കോർത്തു പിടിച്ചേ പറ്റൂ. ഈ കാലത്തെ, അതിന്റെ നിരാശാബോധത്തെ കുറുകെ കടക്കുവാൻ കൈ കോർത്തു പിടിക്കുക.

മാക്‌സിം ഗോർക്കി തന്റെ ആത്മകഥയ്ക്കിട്ട പേര് എന്റെ സർവ്വകലാശാല എന്നാണ്. ആ പുസ്തകത്തിൽ ഏറ്റവും കുറച്ചു പരാമർശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസമാണ്. ബാക്കിയെല്ലാത്തിനെയുമാണ് അദ്ദേഹം സർവ്വകലാശാല എന്നു വിശേഷിപ്പിക്കുന്നത്. ഔട്ട് ഓഫ് സിലബസിലേയ്ക്കു കടന്നു പോകാൻ പറ്റുന്ന ഒരു കാൽപാദം വേണം. മനസ്സുകൊണ്ടും ശരീരം കൊണ്ടുമുള്ള യാത്രകളെ സ്‌നേഹിക്കുക. യാത്രകൾ കൊണ്ടു മാത്രമേ ലോകത്തിനു മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. ആൺകുട്ടികൾ യാത്ര ചെയ്യുന്ന പോലെ തന്നെ പെൺകുട്ടികളെയും യാത്ര ചെയ്യാൻ സഹായിക്കണം.

ഔപചാരിക വിദ്യാഭ്യാസത്തിനെതിരായ ധാരാളം ആരോപണങ്ങളുണ്ട്. അതിന്റെ സത്ത മനസ്സിലാക്കാതെ പോയ ഗുണഭോക്താക്കളുടെ പ്രശ്‌നമാണത്. പുഴയിലേയ്ക്കു ചാടി പുഴയ്ക്കു ചീത്തപ്പേരുണ്ടാക്കരുത്. ജൈവമനുഷ്യരാകുക. കുറെ കൂടി കവിതയുള്ള, ലാഭേച്ഛയില്ലാത്ത, പരാർത്ഥതയിൽ ജീവിക്കുന്ന മനുഷ്യരാകുക. തുറന്നു പിടിച്ച കണ്ണുകളുണ്ടാകുക, നല്ല കേൾവിയുണ്ടാകുക, പിളർന്ന നെഞ്ചുണ്ടാകുക. നിങ്ങളുടെ ലോകം കുറെക്കൂടി അഴകുള്ളതാകട്ടെ.

ഫാ. ബോബി ജോസ് കട്ടികാട്‌

 


Related Articles

അനുദിന വിശുദ്ധർ

വിചിന്തിനം

Contact  : info@amalothbhava.in

Top