അല്മായര്‍ക്കിടയില്‍ നിന്നു വിശുദ്ധ പദവിയിലേയ്ക്കുയരുന്നവര്‍ ആഗോളസഭയില്‍ തന്നെ കുറവായിരിക്കെ, ഭാരതസഭയുടെ എക്കാലത്തെയും ഏറ്റവും വലിയ അഭിമാനമായി മാറുകയാണ് ഇനി ആഗോളസഭയിലെങ്ങും അള്‍ ത്താരകളില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ യോഗ്യത നേടിയ വിശുദ്ധ ദേവസഹായം. അക്രൈസ്തവനായി ജനിച്ച്, രാജ്യഭരണത്തിന്റെ അധികാരപദവികള്‍ കൈയാളി, ഒടുവില്‍ വിശ്വാസത്തിനു വേണ്ടി അവയെല്ലാം ത്യജിച്ച്, പരമത്യാഗത്തിന്റെ വഴി സ്വീകരിച്ചയാളാണ് വിശുദ്ധനായി പ്ര ഖ്യാപിക്കപ്പെട്ട ദേവസഹായം പിള്ള. അല്മായര്‍ക്കിടയില്‍ നിന്നു വിശുദ്ധപദവിയിലേയ്ക്കുയരുന്നവര്‍ ആഗോളസഭയില്‍ തന്നെ കുറവായിരിക്കെ, ഭാരതസഭയുടെ എക്കാലത്തെയും ഏറ്റവും വലിയ അഭിമാനമായി മാറുകയാണ് ഇനി ആഗോളസഭയിലെങ്ങും അള്‍ത്താരകളില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ യോഗ്യത നേടിയ വിശുദ്ധ ദേവസഹായം. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്നു നാട്ടുപ്രമാണിമാര്‍ നീലകണ്ഠപിള്ള എന്ന അധികാരിയില്‍ ആരോപിച്ചത് ത്രിവിധ ദ്രോഹങ്ങളാണ് - ദൈവദ്രോഹവും കുലദ്രോഹവും രാജ്യദ്രോഹവും. അദ്ദേഹത്തോടുള്ള ശത്രുതയുടെ പ്രഥമകാരണങ്ങളിലൊന്ന് ജാതിവെറിയായിരുന്നു. മാമ്മോദീസാ സ്വീകരിച്ചതിനു ശേഷം പിള്ള ജാതിചിന്തയില്ലാതെയാണു മനുഷ്യരോട് ഇടപെട്ടത്. അയിത്തവും തീണ്ടലും നോക്കാതെ, അധഃകൃതരുമായി ഇടപഴകി. പിള്ളയിലുണ്ടായ മാറ്റം ഉന്നതജാതിക്കാര്‍ ആദ്യം ശ്രദ്ധിക്കുന്നത് അങ്ങനെയാണ്. അതവര്‍ക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. നട്ടാലം എന്ന ഗ്രാമത്തില്‍ 1712 ഏപ്രില്‍ 23 നു പിള്ള ജനിക്കുന്നത് വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും പുത്രനായാണ്. കൊല്ലം ജില്ലയിലെ കായംകുളം, മരുതംകുളങ്ങര സ്വദേശിയായിരുന്ന വാസുദേവന്‍ നമ്പൂതിരി ക്ഷേത്രപൂജാരിയായിട്ടാണ് നട്ടാലത്ത് എത്തിയിരുന്നത്. നീലകണ്ഠപിള്ളയും പത്മനാഭപുരത്തെ ക്ഷേത്രത്തിലാണ് ആദ്യം ജോലിക്കാരനായത്. ആയോധനകലകളില്‍ നിപുണനായിരുന്ന അദ്ദേഹം പിന്നീട് കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനാകുകയും രാജാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്തനാകുകയും ചെയ്തു. 27 -ാം വയസ്സില്‍ ഭാര്‍ഗവി അമ്മാളെ വിവാഹം ചെയ്തു കുടുംബജീവിതമാരംഭിച്ചു. കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് കത്തോലിക്കനായ ബെനഡിക്ട് ഡി ലനോയിയുമായി പിള്ള സൗഹൃദത്തിലാകുന്നത്. 1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ച് സൈന്യത്തെ ജയിച്ച മാര്‍ത്താണ്ഡവര്‍മ്മയ്ക്കു കീഴടങ്ങിയ ഡച്ച് സൈനികനായിരുന്നു ഡി ലനോയി. അദ്ദേഹത്തിന്റെ സൈനിക വൈദഗ്ദ്ധ്യം മനസ്സിലാക്കിയ രാജാവ് തിരുവിതാംകൂര്‍ സൈന്യത്തെ നവീകരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഡി ലനോയിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ ജോലികളില്‍ അദ്ദേഹത്തിന്റെ സഹകാരിയായിരുന്നു നീലകണ്ഠപിള്ള. കുടുംബത്തില്‍ കാരണമില്ലാതെയുണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ച് ഡി ലനോയിയോടു പരിതപിച്ച പിള്ളയ്ക്കു ഉറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന ഡി ലനോയി പഴയ നിയമത്തിലെ ജോബിനെ പരിചയപ്പെടുത്തി. നീതിമാന്‍ എന്തുകൊണ്ടു സഹിക്കുന്നു എന്ന കരള്‍ പിളര്‍ക്കും ചോദ്യമുന്നയിക്കുകയും ലളിതമായ ഒരുത്തരം കിട്ടാതെ ദൈവികപദ്ധതിയിലാശ്രയം വയ്ക്കുകയും ചെയ്ത ജോബ്. ജോബിന്റെ ജീവിതം നീലകണ്ഠപിള്ളയ്ക്ക് ആശ്വാസമായിരുന്നു. അങ്ങനെ പിള്ള ബൈബിളുമായി പരിചയപ്പെട്ടു, ക്രിസ്തുവില്‍ ആകൃഷ്ടനായി, ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലും ഉത്ഥാനത്തിലും വിശ്വസിച്ചു, അതുവഴി ലഭ്യമായ രക്ഷ കരസ്ഥമാക്കണമെന്ന് ആഗ്രഹിച്ചു. ഡി ലനോയ് പിള്ളയെ ഈശോസഭാ മിഷണറിയായ ഫാ. ജോവാന്നി ബാപ്റ്റിസ്റ്റ ബുട്ടാരിക്കു പരിചയപ്പെടുത്തി. തിരുവിതാംകൂര്‍ രാജ്യാതിര്‍ത്തികള്‍ക്കു പുറത്ത് വടക്കന്‍കുളത്ത് വികാരിയായി ജോലി ചെയ്യുകയായിരുന്നു ഫാ. ബുട്ടാരി. ഡി ലനോയിയുമായി നടത്തിയ സുദീര്‍ഘമായ സംവാദങ്ങളിലൂടെ ക്രൈസ്തവികതയെ കുറിച്ചു സാമാന്യത്തില്‍ കവിഞ്ഞ ധാരണകള്‍ പിള്ളയ്ക്കുണ്ടായിരുന്നു. ക്രിസ്ത്യാനിയായി മാറണമെന്ന പിള്ളയുടെ തീരുമാനം ദൃഢവുമായിരുന്നു. പക്ഷേ ഉടനെ പിള്ളയ്ക്കു ജ്ഞാനസ്‌നാനം നല്‍കാന്‍ ഫാ. ബുട്ടാരി തയ്യാറായില്ല. അദ്ദേഹം പിള്ളയെ ജ്ഞാനപ്രകാശംപിള്ളയെന്ന ഉപദേശിയുടെ അടുത്തേക്കയച്ചു. ആ പ്രദേശത്തു നിന്നു ജ്ഞാനസ്‌നാ നം സ്വീകരിച്ച ആദ്യക്രൈസ്തവരിലൊരാളായിരുന്നു ചിദംബരംപിള്ളയെന്നു പേരുണ്ടായിരുന്ന ഉപദേശി ജ്ഞാനപ്രകാശംപിള്ള. ഉപദേശിയുടെ കീഴില്‍ പട്ടാപുരം എന്ന സ്ഥലത്ത് നീലകണ്ഠപിള്ള നാല്‍പതു ദിവസം ഉപവാസവും പ്രാര്‍ത്ഥനയുമായി ചെലവഴിച്ചു. അതിനു ശേഷം പിള്ള വീണ്ടും ഫാ. ബുട്ടാരിയെ സമീപിച്ചു. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല താന്‍ ക്രൈസ്തവനാകാന്‍ ആഗ്രഹിക്കുന്നതെന്നും വിശ്വാസം തെളിയിക്കാനായി എന്തു പീഢകള്‍ സഹിക്കാനും താനൊരുക്കമാണെന്നും പിള്ള ആവര്‍ ത്തിച്ചു. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ ക്കൊടുവില്‍ ഫാ. ബുട്ടാരി അദ്ദേഹത്തിനു ജ്ഞാനസ്‌നാനം നല്‍കാന്‍ തയ്യാറായി. 1745 മെയ് 17 ന് പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ചു. ഉപദേശി ജ്ഞാനപ്രകാശംപിള്ളയായിരന്നു തലതൊട്ടപ്പന്‍. ലാസര്‍ എന്ന പേരാണ് മാമ്മോദീസായോടൊപ്പം പിള്ള സ്വീകരിച്ചത്. ലാസര്‍ എന്നാല്‍ ദൈവം സഹായിച്ചത് എന്നര്‍ത്ഥം. അതുകൊണ്ട് ലാസറിന്റെ തമിഴ് രൂപമായി കാണാവുന്ന ദേവസഹായം എന്ന പേരു നിശ്ചയിച്ചു. കൊട്ടാരം ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉദയഗിരി കോട്ടയിലായിരുന്നു ദേവസഹായം അപ്പോള്‍ ജോലി ചെ യ്തുകൊണ്ടിരുന്നത്. ആ ജോലിയില്‍ അദ്ദേഹം തുടര്‍ന്നു. പക്ഷേ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ പ്രകടമായിരുന്നു. താന്‍ പുതുതായി കണ്ട പ്രകാശത്തെയും തനിക്കു ലഭിച്ച ദൈവസഹായത്തെയും കുറിച്ച് അദ്ദേ ഹം ചുറ്റുമുള്ളവരോടു സംസാരിക്കാന്‍ താത്പര്യപ്പെട്ടു. ജാതിയില്‍ താഴ്ന്നവരും ഉയര്‍ന്നവരും എന്ന ഭേദമില്ലാതെ എല്ലാവരോടും ദൈവമക്കളെന്ന സമഭാവനയോടെ ഇടപെടാന്‍ തുടങ്ങി. ഭാര്യയായ ഭാര്‍ഗ്ഗവി അമ്മാളുവിനോടാണ് സ്വാഭാവികമായും തന്റെ വിശ്വാസത്തെ കുറിച്ച് ദേവസഹായം ഏറ്റവുമധികം സംവാദങ്ങള്‍ ആദ്യഘട്ടത്തില്‍ നടത്തിയത്. ഭാര്‍ഗ്ഗവിക്ക് ധാരാളം സംശയങ്ങളുണ്ടായിരുന്നു. ഇതുവരെ ചെയ്ത പൂജകളും ആരാധനകളും വൃഥാവിലായോ എന്നതായിരുന്നു അതിലൊന്ന്. ജാതിവ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നായി കാണുന്ന വിശ്വാസം സ്വീകരിച്ചാല്‍ സമൂഹജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളായിരുന്നു മറ്റൊന്ന്. അങ്ങനെ നിരവധിയായ സന്ദേഹങ്ങള്‍. എല്ലാത്തിനും ദൈവവചനത്തിന്റെ വെളിച്ചത്തിലുള്ള ഉറച്ച ബോദ്ധ്യങ്ങള്‍ മറുപടിയായി നല്‍കാന്‍ ദേവസഹായത്തിനു സാധിച്ചു. അങ്ങനെ ഭാര്‍ഗവിയമ്മാളും ക്രൈസ്തവവിശ്വാസത്തിലേയ്ക്കു കടന്നുവന്നു. തെരേസായുടെ തമിഴ്‌രൂപമായ ജ്ഞാനപ്പൂ എന്ന പേരാണ് അവര്‍ ജ്ഞാനസ്‌നാനത്തോടു കൂടി സ്വീകരിച്ചത്. ദമ്പതികള്‍ ഇരുവരും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജീവിതപരിവര്‍ത്തനം ഉണ്ടാകുകയും ചെയ്തതോടെ അവരോടു ബന്ധപ്പെട്ട മറ്റ് നിരവധി പേരും ക്രൈസ്തവികതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. അവരെയെല്ലാം വിശ്വാസത്തില്‍ പരിശീലനവും ബോധനവും നല്‍കി സഭയിലേയ്ക്കു സ്വീകരിക്കാന്‍ ദേവസഹായം മുന്‍കൈയെടുത്തു. നിരവധി പേര്‍ ക്രൈസ്തവ വിശ്വാസത്തിലേയ്ക്കു കടന്നുചെന്നു. ഇക്കാര്യങ്ങള്‍ പതുക്കെ രാജകൊട്ടാരത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പ്രധാന മന്ത്രിയായിരുന്ന രാമയ്യന്‍ ദളവയ്ക്ക് ഈ മതംമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല. മതം മാറിയവര്‍ ജാതിയാചാരങ്ങള്‍ പാലിക്കാത്തതും അധികാരികളെ അസ്വസ്ഥരാക്കി. രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ അധികാരികള്‍ ദേവസഹായത്തിനെതിരായ ശത്രുതാപരമായ നടപടികള്‍ക്കു തുടക്കമിട്ടു. രാജാവില്‍ നിന്നു വേതനം പറ്റി, രാജ്യത്തിനും ദൈവത്തിനും കുലത്തിനും ദ്രോഹം ചെയ്യുന്നുവെന്ന ഗുരുതരമായ കുറ്റാരോപണങ്ങള്‍ ദേവസഹായത്തിനെതിരെ പ്രചരിക്കാന്‍ തുടങ്ങിയത് ഇപ്രകാരമാണ്. ക്രിസ്തുമതം ഉപേക്ഷിക്കണമെന്നതായിരുന്നു ദേവസഹായ ത്തോടുള്ള അവരുടെ നിര്‍ദേശം. ദേവസഹായം പിന്നോട്ടില്ലെന്നു വ്യക്തമായതോടെ കുറ്റപത്രം രാജാവിന്റെ പക്കലെത്തി. ദേവസഹായം കൊട്ടാരത്തിലേയ്ക്കു വിളിക്കപ്പെട്ടു. ക്രിസ്തുമതം ഉപേക്ഷിക്കുക, അല്ലെങ്കില്‍ വധശിക്ഷയ്ക്കു തയ്യാറാകുക എന്ന അന്ത്യശാസനം അവിടെ മുഴങ്ങി. ക്രൈസ്തവരെയാകെ നാടുകടത്തുമെന്നും ഭീഷണി ഉയര്‍ന്നു. എന്തു ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്റെ പേരില്‍ മറ്റു ക്രൈസ്തവരെ ശിക്ഷിക്കരുതെന്നും മാത്രമായിരുന്നു ദേവസഹായത്തിന്റെ മറുപടി. ദേവസഹായം വീട്ടിലേയ്ക്കു പോയി. പിന്നാലെ രാജസേവകര്‍ അദ്ദേഹത്തെ തേടിയെത്തി. തന്റെ ഭാവി എന്തായിരിക്കുമെന്ന് ദേവസഹായത്തിന് ഏകദേശം വ്യക്തമായി. അദ്ദേഹം ഭാര്യയെ വിവരങ്ങള്‍ അറിയിച്ചു. ഡി ലനോയിയും കാര്യങ്ങള്‍ മനസ്സിലാക്കി. എല്ലാവരെയും ദേവസഹായം ആശ്വസിപ്പിച്ചു, അവരാകട്ടെ ദേവസഹായത്തെ ധൈര്യപ്പെടുത്തി. വിശ്വാസം ത്യജിക്കാന്‍ മടിച്ച്, ജീവന്‍ ത്യജിക്കാന്‍ തയ്യാറായിട്ടുള്ള രക്തസാക്ഷികളുടെ ജീവിതങ്ങള്‍ ഡി ലനോയ് പരിചയപ്പെടുത്തി. അവയില്‍ വി. സെബാസ്ത്യാനോസിന്റെ ജീവിതകഥയില്‍ നിന്നു ദേവസഹായം പ്രത്യേകമായ പ്രചോദനം സ്വീകരിച്ചു. ദേവസഹായത്തെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതത്യാഗം ചെയ്യിക്കുന്നതിനുള്ള പല പരിശ്രമങ്ങള്‍ രാജകൊട്ടാരം നടത്തിയെങ്കിലും അദ്ദേഹം ഒന്നിനും വഴങ്ങിയില്ല.