നമ്മുടെ കര്ത്താവ് എത്ര വിലയുള്ളവനാണെന്ന് ചില കാര്യങ്ങള് കാണുമ്പോഴാണ് നമുക്കു ബോധ്യമാവുക. കഴിഞ്ഞ ദിവസം ഭക്തവസ്തുക്കള് വില്ക്കുന്നകടയില് കയറാനിടയായി. കര്ത്താവിനിരിക്കാനുള്ള ഒരു മനോഹരമായ അരുളിക്ക കണ്ടു. അതിന്റെ വില കേട്ടപ്പോഴാണ് തലചുറ്റിയത്. ഒന്നേകാല് ലക്ഷം രൂപ. സര്വ്വ സമ്പന്നനായിരുന്നിട്ടും നമ്മെ പ്രതി ദരിദ്രനായി ഭൂമിയില് പിറന്നവന് ഇരിപ്പിടമൊരുക്കാന് ലക്ഷങ്ങള് മുടക്കുന്ന വസ്തു വല്കൃത ലോകം, ഉടയവനായ ദൈവത്തെ തളച്ചിടാന് ശ്രമിക്കുന്ന വിശ്വാസാപചയത്തിന്റെ നേര്ക്കാഴ്ചയില് ഒന്നു മാത്രമാണിത്. അന്പതുകൊല്ലം മുമ്പ് കുസ്തോദിക്കകത്തുള്ള കര്ത്താവിനെ നമുക്കു വിശ്വാസമായിരുന്നു. സക്രാരിയില് വാഴുന്നവനില് നമുക്കുറപ്പുണ്ടായിരുന്നു. ഇന്ദ്രിയങ്ങളുടെ അനുഭൂതികളില്ലാതെ ദൈവത്തില് വിശ്വസിക്കാന് നമുക്കാവുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവുകള് വളരുന്തോറും കൗദാശികാടയാളങ്ങളിലെ അനുഭവങ്ങളിലൂടെ കടന്ന് അവനവനിലും അപരനിലും വസിക്കുന്നവനില് വിശ്വസിക്കുകയും ആ ബന്ധത്തിനകത്ത് സാന്നിധ്യം അനുഭവിക്കുകയും ചെയ്യേണ്ടതിനു പകരം ഇന്ദ്രിയപരവും വസ്തുകേന്ദ്രീകൃതവുമായ ഒരു ലോകത്തെ സ്ഥാപിച്ചെടുക്കുന്ന പ്രവൃത്തികള് നമ്മെ നയിക്കുന്നത് ക്രിസ്തു വിരുദ്ധതയിലേക്കാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ലക്ഷങ്ങള് വിലയുള്ള അരുളിക്കയിലേക്കുള്ള വളര്ച്ച (വീഴ്ച) ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഏതെങ്കിലും ഒരു വ്യക്തിയുടെ തലതിരിഞ്ഞ ചിന്തയുമല്ല അതിനു നിദാനം. നമ്മുടെ വിശ്വാസബോധ്യങ്ങള്ക്ക് അകമേ സംഭവിച്ച പാളിച്ചയാണ് ഈ നിലയിലേക്ക് എത്തിയിട്ടുള്ളത്. സാധാരണഗതിയില് ചിന്തിക്കുമ്പോള് ഇതില് അസാധാരണമായി ഒന്നും കാണാനില്ല. എല്ലാവരും അരുളിക്കകള് വാങ്ങുന്നു. ചെറിയ കപ്പേളയില് ചെറുത്. കൂടുതല് ആളുകൂടുന്ന വലിയ പള്ളിയില് വലുത്. പതിനായിരങ്ങള് കൂടുന്ന തീര്ത്ഥാടനകേന്ദ്രങ്ങളിലും നവനാള് കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും സ്വാഭാവികമായി അതു പോരാതെ വരും. മാത്രമല്ല അത്തരം അരുളിക്കകള് സമ്മാനിക്കാന് മാത്രം കഴിവുള്ള ഭക്തകേസരികള്ക്ക് നാട്ടില് കുറവേതുമില്ല. പ്രമാണിയായ ഞാനുള്ളപ്പോള് അഥവാ പ്രമാണിമാരായ ഞങ്ങളുള്ളപ്പോള് ഞങ്ങളുടെ കര്ത്താവിന് ഒരു കുറച്ചിലും ഉണ്ടാകരുതെന്ന വാശി മോശമായി കരുതാന് വയ്യല്ലോ. ഇങ്ങനെ നോക്കുമ്പോള് നിര്ദ്ദോഷമായി തോന്നുന്ന ഈ പ്രവൃത്തിക്കുള്ളിലെ യഥാര്ത്ഥ പ്രശ്നം എന്താണ്? അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് നമ്മുടെ വിശ്വാസത്തിന്റെ ദൃഢതയില്ലായ്മ തിരിച്ചറിയാന് കഴിയുക. വാസ്തവത്തില് ദിവ്യകാരുണ്യം ഒരു നിഗൂഢതയാണ്. ദൈവം തന്റെ അപരിമേയത്വം കൂദാശയില് മറച്ചുവയ്ക്കുന്നു. അങ്ങനെ ദിവ്യരഹസ്യമായ കൂദാശയില് സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തുവിനെയാണ് ദിവ്യകാരുണ്യ ഭക്തിയില് നാം വണങ്ങുന്നത്. വിശുദ്ധ കുര്ബാനയുടെ അര്പ്പണത്തിനു ശേഷം ഉടനെ തന്നെ അകമെ എഴുന്നള്ളിയ യേശുവിനെ പുറമെ വണങ്ങുന്നതിലെ അനൗചിത്യം ഒഴിവാക്കാന് ആദ്യ കാലങ്ങളില് പരസ്യാരാധന വിരളമായിരുന്നു. കുസ്തോദിയില് മറച്ച ദിവ്യകാരുണ്യത്തെ വണങ്ങുകവഴി കൂദാശയില് സന്നിഹിതനായ കര്ത്താവിന്റെ നിഗൂഢഭാവത്തെ വണങ്ങുക കൂടിയാണ് അങ്ങനെ ചെയ്യുന്നതിലൂടെ പ്രകടമായിരുന്നത്. കുറച്ചുകൂടി വിശ്വാസം എളുപ്പത്തിലാകാനാണ് പിന്നീട് തിരുവോസ്തി പരസ്യമായി എഴുന്നള്ളിക്കുന്ന രീതി വ്യാപകമായത്. കുസ്തോദിയില് നിഗൂഢമായി അവിടുത്തെ കാണാന് കഴിയാതെ പോയപ്പോള് ഒരു അപ്പക്കഷ്ണത്തില് നിഗൂഢമായിരിക്കുന്ന അവിടുത്തെ സാന്നിധ്യത്തെയും അപരനില് നിഗൂഢഭാവത്തില് വസിക്കുന്ന അവിടുത്തെയും കാണാനുള്ള കഴിവ് പൂര്ണ്ണമായും ഒഴിവാക്കപ്പെടുകയാണ് ഉണ്ടായതെന്ന കാര്യം നാം ഓര്ത്തില്ല. നമ്മിലുള്ള വിശ്വാസക്കുറവിന്റെ പരിമിതിയെ വിശ്വാസത്തിന്റെ യുക്തികൊണ്ട് നേരിടുന്നതിനു പകരം എളുപ്പവഴിയില് ക്രിയ ചെയ്യാനാണ് അതുവഴി നാം ശ്രമിച്ചത്. പരസ്യമായി ദിവ്യകാരുണ്യം എഴുന്നള്ളിച്ചപ്പോള് അതുകണ്ട് കര്ത്താവാണെന്ന ഉറപ്പില് എത്തിച്ചേരുകയല്ല, കാണുന്നില്ലല്ലോ എന്ന വിശ്വാസക്കുറവിന്റെ വൈഷമ്യം ഏറുകയാണ് ചെയ്തത്. അതു പരിഹരിക്കാന് ചെറിയ തിരുവോസ്തിയെ വലുതാക്കാനും കൂടുതല് വലുതും മോടിയുള്ളതുമായ അരുളിക്കകള് നിര്മ്മിക്കാനുമാണ് പിന്നീട് നാം ശ്രമിച്ചത്. വിശ്വാസം ജനിപ്പിക്കാന് ഇന്ദ്രിയങ്ങളെ മയക്കുന്ന ജാലവിദ്യകള് കൊണ്ടു സാധ്യമല്ല. ചെറിയ രൂപങ്ങളുടെ മുന്നില് തോന്നാത്ത ആദരവ് വലിയ പ്രതിമകള്ക്കു മുന്നില് സാധ്യമാകുമെന്ന മനസ്സിന്റെ സാമാന്യതകൊണ്ട് സൃഷ്ടിച്ചെടുക്കാന് കഴിയുന്ന വൈകാരിക അനുഭൂതിയല്ല വിശ്വാസം. ദിവ്യകാരുണ്യത്തില് സ്വയം മറച്ച് നമ്മുടെ പരിമിതികളിലേക്ക് ഇറങ്ങിവരുന്ന തമ്പുരാനെ തിരിച്ചറിഞ്ഞ് സ്വീകരിക്കാനായി നമ്മെ ബലപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തിക്കായി സ്വയം തുറക്കേണ്ടതിനു പകരം സ്വീകരിച്ച വളഞ്ഞ വഴി മാത്രമാണ് ഇത്തരം അരുളിക്കകള് അടയാളപ്പെടുത്തുന്നത്. ഇപ്പോഴും ഇത്തരം ശ്രമങ്ങള് വിഫലമാകുന്നു എന്നതു കൊണ്ടല്ലേ, കണ്ണടച്ച് നോക്കൂ തിരുവോസ്തിയില് കര്ത്താവിനെ കാണാന് ആഗ്രഹിച്ച് പ്രാര്ത്ഥിക്കൂ എന്ന നിര്ദ്ദേശങ്ങള് ശുശ്രൂഷകരില് നിന്നും നിര്ലജ്ജം പുറത്തേക്കു വരുന്നത്. പരിശുദ്ധ കുര്ബാനയില് സത്യമായും വസിക്കുന്നവനില് വിശ്വസിക്കുമ്പോള് മാത്രം അനുഭവിക്കാന് കഴിയുന്ന വിശ്വാസത്തിന്റെ ഉയര്ച്ച പ്രാപിക്കാന് കഴിയാത്ത ഒരാള്ക്ക് അപരത്വത്തിലെ ക്രിസ്തുവിന്റെ നിഗൂഢ ഭാവത്തെ എങ്ങനെയാണ് തിരിച്ചറിയാന് കഴിയുക? അങ്ങനെ കഴിയാത്ത കാലത്തോളം ക്രിസ്തു അനുഭവത്തില് എങ്ങനെയാണ് നമുക്ക് എത്തിച്ചേരാനാവുക? എങ്ങനെയാണ് ഈ പരമാര്ത്ഥത്തിലേക്ക് മറ്റുള്ളവരെ നയിക്കാന് കഴിയുക. ഇത് അരുളിക്കയുടെ കാര്യത്തില് മാത്രമല്ല. നമ്മുടെ അലങ്കാരങ്ങളും ആഘോഷങ്ങളും ക്രിസ്തുവിനെ പുറത്താക്കി നമ്മുടെ പണക്കൊഴുപ്പിന്റെയും ആഢംബരങ്ങളുടെയും നടനവേദിയാക്കി വിശ്വാസചര്യകളെ മാറ്റുകയാണ്. എല്ലാവരുടെയും കൂടെയാകാന് വന്ന കര്ത്താവിനെ തലചായ്ക്കാനിടമില്ലാത്തവനില് നിന്ന് കൂറ്റന് മതിലുകള് കൊണ്ട് വേര്തിരിച്ച്, ദൈവത്തെ രമ്യഹര്മ്യത്തില് പാര്ക്കുന്നവനാക്കി മാറ്റുന്നതിലൂടെ അപഹസിക്കുകയാണ് നാമെന്ന സത്യം തിരിച്ചറിയാന് കഴിയാതെ പോയാല് ഭക്തരെ സൃഷ്ടിക്കാന് കഴിഞ്ഞേക്കാം, എന്നാല് അവനെ അനുഗമിക്കുന്ന വിശ്വാസിയെ രൂപപ്പെടുത്തുന്നതില് നാള്ക്കുനാള് നാം അധഃപ്പതിക്കുകയായിരിക്കും ചെയ്യുക. ലോകം ഇങ്ങനെ ആയതു കൊണ്ട് ലോകത്തിന് അനുരൂപനാക്കി കര്ത്താവിനെ അവതരിപ്പിക്കുക എന്ന ഹീന തന്ത്രം ദരിദ്രനായി അവിടുത്തേക്ക് അനുരൂപരാക്കി നമ്മെ മാറ്റിത്തീര്ക്കുക എന്ന രക്ഷാകരവഴിക്ക് വിപരീതത്തിലേക്കാവും നമ്മെ നയിക്കുക. ദരിദ്രരെ നിങ്ങള് ഭാഗ്യവാന്മാരെന്ന് തന്റെ നിസ്വരായ ശിഷ്യന്മാരെ നോക്കിപ്പറഞ്ഞ കര്ത്താവിന്റെ വാക്കുകള് ചുവരില് എഴുതിവയ്ക്കുന്നതിലോ ഉച്ചഭാഷിണിയിലൂടെ അലറിപ്പറയുന്നതിലോ കാര്യമില്ല. അവിടുത്തെ അനുഗമിക്കാനാകും വിധം നമ്മുടെ വിശ്വാസത്തെ പുനര്നിര്മ്മിക്കാനുള്ള അടിയന്തിര കടമയെ വിശ്വാസസമൂഹം ഏറ്റെടുക്കാത്ത കാലം വരെ ക്രിസ്തു വര്ത്തമാന കാല ലോകത്തിന് അന്യനായിരിക്കും. അവിടുത്തെ സന്നിധിയിലേക്ക് നാം വിളിക്കപ്പെടുമ്പോള് നമ്മുടെ സ്വര്ണ്ണത്തിന് കറപുരണ്ടതായും വെള്ളിക്ക് നിറം മങ്ങിയതായും കാണപ്പെടും എന്ന ഓര്മ്മ നമുക്കുണ്ടാകണം. നോമ്പിന്റെ നാളുകളില് പശ്ചാത്താപത്തിന്റെ യാത്ര അനുഭവമായി മാറണമെങ്കില് ഇന്ദ്രിയപരതയില് നിന്നും വസ്തുകേന്ദ്രീകൃതമായ വീഴ്ചകളില് നിന്നും നാം എഴുന്നേറ്റേ മതിയാകൂ.
അനുദിന വിശുദ്ധർ
ഒന്നു വിളിച്ചാല് ഓടിയെന്റെ .....
ഗ്രഹാം സ്റ്റെയിനെ ഓർക്കുബോൾ
വിശുദ്ധരുടെ ജീവിതകഥകൾ
കൂദാശകൾ
നോമ്പും ഉപവാസവും വചന വെളിച്ചത്തിൽ