ഒരു പുതപ്പിന്റെ വില

16,  Sep   

സിൽബാരിപുരം ഗ്രാമത്തിൽ, സർവ സുഖസൗകര്യങ്ങളോടും കൂടി ഒരു നാടുവാഴി ജീവിച്ചിരുന്നു. അതിന്റെ അഹങ്കാരവും അധികാരവും പൊങ്ങച്ചവുമൊക്കെ അയാളിൽ പ്രകടമായിരുന്നു. ആ ഗ്രാമത്തിലെ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും മനോഹരമായിരുന്നു. വിശറിയും പുതപ്പുമൊന്നും വേണ്ടാത്ത സുഖകരമായ അന്തരീക്ഷം അനുഭവപ്പെട്ടിരുന്ന കാലം. ഒരു ദിവസം - നാടുവാഴിയുടെ ഭാര്യയും മക്കളും കൂടി പത്തു ദിവസത്തെ തീർഥാടനത്തിനു അയൽ രാജ്യമായ കോസലപുരത്തേക്കു പോയി. കാർഷിക ഉൽപന്നങ്ങളുടെ ലേലം ഉണ്ടായിരുന്നതിനാൽ അയാള്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പതിവുപോലെ അദ്ദേഹം ഉറങ്ങാൻ കിടന്നു. പാതിരാ സമയത്ത്, പതിവില്ലാതെ കനത്ത മഴ പെയ്യാൻ തുടങ്ങി. ആ മഴ പെരുമഴയായി നാലു ദിവസം നീണ്ടുനിന്നു. പിന്നെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞെങ്കിലും മഴക്കാറു മൂടി സൂര്യപ്രകാശം ഒട്ടും ഭൂമിയിൽ പതിക്കാതെയായി. ആറാം ദിവസത്തെ രാത്രിയിൽ പതിവിലേറെ അന്തരീക്ഷം തണുത്തിരുന്നു. പാതിരാത്രിയിൽ, അയാള്‍ക്ക് പുതപ്പിന്റെ ആവശ്യം വേണ്ടിവന്നു. ഉറക്കച്ചടവോടെ, അയാൾ പിറുപിറുത്തു കൊണ്ട് കുറെ നേരം പുതപ്പ് തപ്പി. ഒടുവിൽ, ഒരെണ്ണം കയ്യിൽ തടഞ്ഞു. അതെടുത്ത് പുതച്ചു. പക്ഷേ, ഒരു പ്രശ്നം അയാളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു - പുതപ്പിനു നീളമില്ല! മുട്ടിനു താഴെ എത്തുന്നില്ല! കാരണം, അത് ഇളയ മകന്റെ കുട്ടിപ്പുതപ്പായിരുന്നു! അദ്ദേഹം ദേഷ്യത്തോടെ അതെടുത്ത് മുറിയിലെ മൂലയിലേക്ക് എറിഞ്ഞു. കിടപ്പുമുറിയിൽ പണപ്പെട്ടി ഉള്ളതിനാൽ ആർക്കും അവിടെ കയറാൻ അനുവാദമില്ലായിരുന്നു. അതിനാൽ, വേലക്കാരനെ വിളിച്ചതുമില്ല. അടുത്ത പ്രഭാതത്തിൽ നിലത്തുകിടന്ന പുതപ്പെടുത്ത് ദേഷ്യം തീരാതെ വഴിയിലെ ചവറുകൂനയിലേക്ക് എറിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം - നാടുവാഴിയുടെ പണിക്കാർ ഒരു പിച്ചക്കാരനെ പിടിച്ചുവലിച്ചുകൊണ്ട് മുറ്റത്തെത്തി വിവരം വിളമ്പി- "ചന്തയിലെ അങ്ങുന്നിന്റെ കടയുടെ മുന്നിൽ രാവിലെ മൂടിപ്പുതച്ച് ഇവൻ ഉറങ്ങുകയായിരുന്നു. ഈ തറവാടിന്റെ അടയാളം പുതപ്പിന്മേൽ കണ്ടപ്പോഴാണ് ഇവൻ കള്ളനാണെന്ന് മനസ്സിലായത്'' പക്ഷേ, ഇതുകേട്ട്, നാടുവാഴിക്കു ചിരിയാണു വന്നത്. "ഹേയ്, അവൻ കള്ളനൊന്നുമല്ല. ഞാൻ വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞ പുതപ്പായിരുന്നു അത് " അപ്പോൾ, യാചകൻ കരഞ്ഞുകൊണ്ട് അദ്ദേഹത്തോട്‌ അപേക്ഷിച്ചു- "അങ്ങ്, ദയവായി ഈ പുതപ്പ് കൊണ്ടുപോകാൻ എന്നെ അനുവദിക്കണം. കാരണം, കഴിഞ്ഞ രാത്രിയിലെ തണുപ്പത്ത് ഇതില്ലായിരുന്നെങ്കിൽ ഞാൻ ചത്തുപോയേനെ" നാടുവാഴി അട്ടഹസിച്ചു- "എടാ, കട്ടിലിൽ ഉറങ്ങിയ എനിക്ക് പുതയ്ക്കാൻ പോലും തികയാത്ത പുതപ്പ് നിനക്ക് എന്തിനാ? നിന്റെ പേട്ടു തല മൂടാൻ മാത്രമല്ലേ സാധിച്ചുള്ളൂ.. പടുവിഡ്ഢീ.." "അയ്യോ! അല്ല.. അങ്ങുന്നേ.. ഞാൻ കിടന്നതു കണ്ടാലും" യാചകൻ പെട്ടെന്ന് പുഴമണൽ വിരിച്ച മുറ്റത്ത് കിടന്ന് പുതപ്പുകൊണ്ട് മൂടി. ആദ്യം കാലുകൾ മടക്കി വച്ചപ്പോൾ മുഴുവനും മൂടാനായി! പിന്നീട്, കാലുകൾ നിവർത്തി. പക്ഷേ, നടുവളച്ചു കിടന്നപ്പോൾ ശരീരം പുതപ്പിനുള്ളിൽ! കൂടാതെ, ചരിഞ്ഞു കിടന്ന് ഒരു വളയംപോലെ തലയും കുമ്പിട്ടു കിടന്നപ്പോഴും ആ കുട്ടിപ്പുതപ്പ് അവനു ധാരാളമായിരുന്നു! അപ്പോൾ ഭൃത്യന്മാർ ദേഷ്യപ്പെട്ടു - " അങ്ങുന്നേ.. ഈ ധിക്കാരിയുടെ കോമാളിത്തരം കണ്ടില്ലേ? മുക്കാലിയിൽ കെട്ടി തെരണ്ടിവാലുകൊണ്ട് അടിക്കാൻ കല്പിച്ചാലും " "അതൊന്നും വേണ്ട, അവൻ എന്നെ തോൽപ്പിച്ചവനാണ്" അനന്തരം, നാടുവാഴി യാചകനിൽനിന്ന് പുതപ്പു തിരികെവാങ്ങി. എന്നിട്ട്, തന്റെ മടിശ്ശീലയിൽനിന്ന് നാലു വെള്ളിക്കാശ് വലിയ പുതപ്പിനായി ദാനം ചെയ്തു. യാചകൻ വർദ്ധിച്ച സന്തോഷത്തോടെ അവിടം വിട്ടു ! പിന്നീട്, ആ ചെളി പറ്റിയ പുതപ്പ് നോക്കി നാടുവാഴി ചിന്തയിലാണ്ടു- എനിക്ക് തല കുനിക്കാനും കാൽ മടക്കാനും നടുവളയ്ക്കാനുമൊക്കെ പറ്റാത്തത് എന്തുകൊണ്ടാണ്? രോഗം കൊണ്ടല്ല. എന്റെ തലക്കനവും അഹങ്കാരവും പൊങ്ങച്ചവും അധികാരവുമല്ലേ ഇതിനു കാരണം? അതു മനസ്സിലാക്കാൻ ഒരു കുട്ടിപ്പുതപ്പും യാചകനും വേണ്ടിവന്നു! നാട്ടുകാര്‍ പലതരത്തിലുള്ള വിഷമങ്ങള്‍ അനുഭവിക്കുന്ന സമയത്ത് ഞാന്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. അന്നു മുതല്‍, ധൂര്‍ത്തും അനാവശ്യ ആഘോഷങ്ങളും യാത്രകളും മറ്റും അയാള്‍ ഒഴിവാക്കിത്തുടങ്ങി. ദുര്‍ച്ചെലവുകള്‍ തടഞ്ഞു. ഏതാനും മാസത്തിനുള്ളിൽത്തന്നെ 'സാധുവീട്' എന്ന പേരിൽ അന്നാട്ടിലെ അന്തേവാസികൾക്കായി ഒരു വലിയ വീട് നാടുവാഴി പണിയിച്ചു നാടിനു സമര്‍പ്പിച്ചു.


Related Articles

Contact  : info@amalothbhava.in

Top