സാംസ്‌കാരിക, സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടന്ന്, ഒരു കുടുംബസൗഹൃദ സമൂഹത്തെ പടുത്തുയര്‍ത്താന്‍ ആവശ്യമായതെല്ലാം നാം ചെയ്യണം. കുടുംബസൗഹൃദപരമായ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക നയങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം. ഉദാഹരണത്തിന്, കുടുംബജീവിതവും തൊഴിലും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാദ്ധ്യമായ നയങ്ങള്‍ സ്വീകരിക്കുക. അതിനുള്ള സാമ്പത്തീക ഉപാധികള്‍ സ്വീകരിക്കുക. ജീവനെ സ്വാഗതം ചെയ്യുന്ന നയങ്ങളുണ്ടാക്കുക. ദമ്പതികളുടെയും മാതാപിതാ-പുത്രീപുത്രന്മാരുടെയും പരസ്പരബന്ധങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹ്യ-മനശ്ശാസ്ത്ര-ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക. കുടുംബസൗഹൃദസമൂഹം സാദ്ധ്യമാണ്. കാരണം, സമൂഹം ജനിക്കുന്നതും ഉരുത്തിരിയുന്നതും കുടുംബത്തോടൊത്താണ്. എല്ലാ കാര്യങ്ങളും ഒരു കരാറിന്റെ ഭാഗമാക്കാനാകില്ല. എല്ലാം ഒരു കല്‍പന കൊണ്ട് അടിച്ചേല്‍പിക്കാനുമാകില്ല. കുറഞ്ഞ ജനനനിരക്കു മൂലമുണ്ടാകുന്ന ജനസംഖ്യാശൈത്യം ഗുരുതരമായ കാര്യമാണ്. ഇറ്റലിയിലെ സാഹചര്യം ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഗുരുതരമാണ്. അത് അവഗണിക്കാനാകില്ല. കുടുംബസ്‌നേഹം ശരിയായി മനസ്സിലാക്കാന്‍ സഭയുടെ സാമൂഹ്യപ്രബോധനം സഹായകരമാണ്. കുടുംബം എല്ലാവര്‍ക്കും സ്വാഗതമരുളുന്ന ഒരിടമാണ്. ബലഹീനരും ഭിന്നശേഷിക്കാരുമായവര്‍ക്ക് കുടുംബത്തിന്റെ നന്മകള്‍ വിശേഷിച്ചും കണ്ടെത്താന്‍ എളുപ്പമാണ്. ദാരിദ്ര്യത്തിന്റെ ഒരു പ്രധാന മറുമരുന്നും കുടുംബജീവിതമാണ്.