ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ വി. തോമസ് അക്വിനാസിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തില്‍ ഈശോമിശിഹായും ദൈവമാതാവും കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ മഹത്വത്തിന് മാര്‍ യൗസേപ്പിതാവ് അര്‍ഹനാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഈശോമിശിഹാ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ സൂര്യന് മറഞ്ഞു. ഭൂമി മുഴുവന്‍ അന്ധകാരാവൃതമായി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. അനേകം മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ് പലര്‍ക്കും കാണപ്പെട്ടു എന്നു സുവിശേഷകന് രേഖപ്പെടുത്തുന്നു. ഇപ്രകാരം ഉയിര്‍ത്തെഴുന്നേറ്റവരുടെ ഗണത്തില്‍ മാര്‍ യൗസേപ്പുപിതാവും ഉള്‍പ്പെട്ടിരുന്നു എന്നാണ് പൊതുവായ അഭിപ്രായം. മാര്‍ യൗസേപ്പിന്റെ മൃതശരീരം സംസ്ക്കരിച്ച സ്ഥലം ഇന്നും നമ്മുക്ക് അജ്ഞാതമാണ്. പക്ഷെ, ആ മൃതശരീരം സംസ്ക്കരിക്കപ്പെട്ട സ്ഥലത്ത് മാര്‍ യൗസേപ്പിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആദിമ ക്രിസ്ത്യാനികള്‍ ആ സ്ഥലം എന്നും പരിപാവനമായി സൂക്ഷിക്കുമായിരുന്നു. വി. പത്രോസിന്റെയും മറ്റുപല അപ്പസ്തോലന്മാരുടെയും ശവകുടീരങ്ങള്‍ പൂജ്യമായി കരുതിയിരുന്ന ക്രിസ്ത്യാനികള്‍ വി. യൗസേപ്പിന്റെ ശവകുടീരം യതൊരു ബഹുമാനവും കൂടാതെ അവഗണിച്ചു എന്നു കരുതുക യുക്തിപരമല്ല. മാര്‍ യൗസേപ്പിതാവിന്റെ മൃതശരീരം ഭൂമിയില്‍ എവിടെയെങ്കിലും അന്ത്യവിശ്രമം കൊള്ളുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥലം ദൈവം തന്നെ പ്രസിദ്ധമാക്കുമായിരുന്നു. ചില വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുള്ള സ്ഥലത്തെ ദൈവം എത്രമാത്രം മഹത്വപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ മാര്‍ യൗസേപ്പു പിതാവ്, മിശിഹാ മരണമടഞ്ഞ അവസരത്തില്‍ പുനരുദ്ധാനം ചെയ്തവരുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സയുക്തികം അനുമാനിക്കാം. മാര്‍ യൗസേപ്പു പിതാവ്, നമ്മുടെ ദിവ്യരക്ഷകനായ ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ അവിടുത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതനായി എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ നമ്മുടെ വത്സലപിതാവ് വര്‍ണ്ണനാതീതമായ മഹത്വത്തിനര്‍ഹനാണ്. ഈശോമിശിഹായും പ. കന്യകാമറിയവും കഴിഞ്ഞാല്‍ സകല സ്വര്‍ഗ്ഗവാസികളുടെയും സ്നേഹാദരങ്ങള്‍ക്കും സ്തുതികള്‍ക്കും അദ്ദേഹം പാത്രീഭൂതനായി. മാര്‍ യൗസേപ്പിതാവിനെ അനുകരിച്ച് അദ്ദേഹത്തെപ്പോലെ വിശ്വസ്തതയോടുകൂടി ദൈവസേവനവും മാനവകുല സ്നേഹവും നിര്‍വഹിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ മഹത്വം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്നതാണ്. ജീവിതാന്തസ്സിന്റെ ചുമതലകള്‍ യഥാവിധി നാം നിര്‍വഹിക്കണം. നമ്മില്‍ ഓരോരുത്തര്‍ക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. അത് നാം എത്ര വൈഭവത്തോടു കൂടി തന്മയത്വപൂര്‍വ്വം നിര്‍വഹിച്ചുവോ അതാണ് ഒരു വ്യക്തിയുടെ മഹത്വത്തിന് നിദാനം. പിതാവായ ദൈവം മാര്‍ യൗസേപ്പിനെ ഭാരമേല്‍പ്പിച്ച ചുമതലയും ദൗത്യവും ഏറ്റവും പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചു.
Contact Us
കുരിശുകളുടെ ദൈവശാസ്ത്രം
ദൈവത്തിന്റെ കരുണയുടെ അർത്ഥം
അനുദിന വിശുദ്ധർ ; ഫെർമിൻ 25.2020