മനുഷ്യൻറെ സഹജവാസനകളെ ആത്മബലംകൊണ്ട് അടക്കിനിറുത്തുകയും സർഗാത്മകമായി അവതരിപ്പിക്കുകയും ചെയ്യുക എന്നത് സാധ്യമാണ്. ഈ സാധ്യതയുടെ സാക്ഷാത്ക്കാരമാണ് കത്തോലിക്കാ സഭയിലെ സന്യാസം.
അസംസ്കൃത മനസുകൾ അരങ്ങു വാഴുന്നുവോ?
മാധ്യമ വ്യവസായം നിയന്ത്രിക്കുന്ന വർത്തമാനകാലത്തിൽ ഇന്ന് വിപണനമൂല്യമുള്ളത് നിഷേധാത്മകമായ അവതരണങ്ങൾക്കും പ്രകടനങ്ങൾക്കുമാണ്. ഒരുതരം തെരുവുസംസ്കാരം ജീവിതശൈലിയായി സ്വീകരിക്കുന്നവരാണ് ഈ മേഖലയിൽ ചിലർ. അയൽക്കാരൻറെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കി അതുവിളിച്ചു പറഞ്ഞുകൊണ്ട് അപവാദഘോഷയാത്ര നടത്തുക എന്നത് ഈ സംസ്കാരത്തിൻറെ സ്വഭാവമാണ്.
തങ്ങൾക്ക് അസാധ്യമാണ് എന്നു തോന്നുന്ന ഒരു ജീവിതശൈലി അനുവർത്തിക്കുന്നവരെ പരാജിതരെന്ന് ചിത്രീകരിക്കാൻ അത്തരക്കാർ ഉത്സുകരാണ്. സംസ്കാരസന്പന്നമായ സാക്ഷരകേരളത്തിലും ഈ അപരിഷ്കൃത മനോഭാവം പുലർത്തുന്നവർ കുറവല്ല. അസംസ്കൃതമായ അധമകാമനകളുടെ അടിമകൾക്ക്, ഉത്തമമായ കർമങ്ങൾ ചെയ്തു സമൂഹബോധമനസിൻറെ നിലവാരം ഉയർത്തി നിർത്തുന്നവരെ ഉൾക്കൊള്ളാൻ കഴിയില്ലെന്നതു സത്യമാണ്.
അടുത്തകാലത്ത് കത്തോലിക്കാ പൗരോഹിത്യത്തെയും സമർപ്പിതജീവിതത്തെയും ആക്ഷേപിക്കാൻ വേണ്ടി ചില മാധ്യമകച്ചവടക്കാർ നടത്തിയ വികൃതാഭ്യാസങ്ങൾ വിരളമല്ല. വിശുദ്ധ കൂദാശയായ കുന്പസാരത്തെ അവഹേളിക്കുന്ന ആഹാരകച്ചവട പരസ്യം, സമർപ്പിതസമൂഹം അവരുടെ വ്യക്തിത്വത്തിൻറെ അടയാളമായി അണിയുന്ന തിരുവസ്ത്രത്തെ വികൃതവികാരങ്ങളുടെ വിപണനമാക്കിയ ഫോട്ടോഷൂട്ട്, സന്യാസ ദൈവവിളിയെ ആക്ഷേപിച്ചുകൊണ്ടും വ്യക്തിസ്വാതന്ത്ര്യത്തെ തമസ്കരിച്ചുകൊണ്ടുമുള്ള വിദ്വേഷപ്രസംഗങ്ങൾ, ഉപജീവനത്തിനായി ദീർഘകാലം സന്യാസഭവനങ്ങളിൽ ജീവിച്ചശേഷം പുറത്തിറങ്ങി സന്യാസജീവിതത്തെ താറടിച്ചുകൊണ്ട് അവഹേളനത്തൊഴിലാളികളുടെ അടിമപ്പണി ചെയ്യുന്നവർ, തികച്ചും അപ്രസക്തമായ ആക്ഷേപങ്ങൾ പോലും അന്തിച്ചർച്ചകളുടെ വിതരണമേശയിൽ എത്തിച്ച് ആഹാരമാക്കാൻ കൊതിച്ച് കൊത്തിപ്പറക്കുന്ന ചാനൽ പരുന്തുകൾ...
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ സമർപ്പിതരായ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. വിലകുറഞ്ഞ ഈ അവഹേളനങ്ങൾക്ക് മറുപടി പറയുന്നില്ലെങ്കിൽ ആരോപിതർക്ക് പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് എന്ന് വിശ്വസിക്കാൻ പൊതുസമൂഹ ബോധത്തിന് ഒരു പ്രലോഭനമുണ്ട് എന്നുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സന്യാസം
ക്രിസ്തീയജീവിതം ക്രിസ്തു നൽകിയ ഒരു ജീവിതശൈലിയാണ്. ദൈവം ഏക സ്നേഹപിതാവാണെന്നും എല്ലാ മനുഷ്യരും സഹോദരങ്ങളും തുല്യരുമാണെന്നും പഠിപ്പിക്കുന്ന സ്നേഹത്തിൻറെ, സാഹോദര്യത്തിൻറെ, കരുണയുടെ ശൈലിയാണത്. ഈ പ്രപഞ്ചത്തെ ആശ്ലേഷിക്കുന്ന സവിശേഷമായ ഒരു ജീവിത ശൈലിയാണ് കത്തോലിക്കാ സഭയിലെ സന്യാസം. ലോകത്തിൽ എത്രയോ വിധത്തിലുള്ള ജീവിത ശൈലികളുണ്ട്. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളതും അനുവർത്തിക്കാൻ കഴിയുന്നതുമാണ് തിരഞ്ഞെടുക്കുന്നതും തിരഞ്ഞെടുക്കേണ്ടതും! ക്രിസ്തു പഠിപ്പിച്ച ഈ ജീവിതശൈലി അർഥപൂർണമാണ് എന്നു തിരിച്ചറിയുന്നവർ ആ വിളി സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ് എന്നു മനസിലാകുന്നില്ല. മറ്റാരുടെയും പ്രേരണയാലോ നിർബന്ധത്താലോ സാധ്യമല്ല ക്രൈസ്തവ സന്യാസജീവിതം. ഈ വിളി ലഭിക്കുന്നവർക്കല്ലേ അതിൻറെ വില ഗ്രഹിക്കാനാകൂ?
ക്രിസ്തുവിൻറെ സർവാശ്ലേഷിയായ സ്നേഹം തിരിച്ചറിയുന്നവർ അതിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അതനുകരിക്കാൻ പറ്റാത്തവർ ഉയർത്തുന്ന ആക്ഷേപങ്ങളും അവഹേളനങ്ങളും എങ്ങനെയാണ് സത്യമാകുന്നത്? സാധാരണ മനുഷ്യജീവിതത്തിന് സ്വാഭാവികമായി തോന്നാത്ത, ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഒരു വ്യക്തി ബോധപൂർവം സ്വീകരിക്കുന്ന അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കുന്ന കത്തോലിക്കാ സന്യാസജീവിതം ഒരു തലതിരിഞ്ഞ ജീവിതശൈലിയല്ല. നന്മയിൽനിന്ന് തിരിഞ്ഞു നടക്കുന്നവരെയും ബന്ധങ്ങൾ മറന്ന് പിരിഞ്ഞുപോകുന്നവരെയും ദുരിതത്തീയിൽ വെന്തുരുകുന്നവരെയും ദൈവപിതാവിൻറെ സ്നേഹത്തിൽ ചേർത്തണയ്ക്കുന്ന സാർഥകമായ ജീവിതസപര്യയാണിത്.
കുപ്പത്തൊട്ടിയിൽ കിടക്കുന്നവരെ കോരിയെടുക്കുന്ന കൈകൾ ചുക്കിച്ചുളിഞ്ഞതെന്നാലും അതു ദൈവത്തിൻറെ കൈയാണ് എന്ന് ആ വാത്സല്യച്ചൂട് അനുഭവിക്കുന്നവർക്കല്ലേ മനസിലാകൂ. കാപട്യമുള്ള കാഴ്ചക്കാരന് കാരുണ്യകർമം ഒരിക്കലും ഹൃദയസ്പർശകമല്ല. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ ഞങ്ങൾക്ക് ചുറ്റുമുയരുന്ന പരിഹാസങ്ങൾ അതെന്തുതന്നെയായാലും ഞങ്ങളുടെ സന്യാസജീവിത ശൈലിയുടെ പകിട്ട് കുറയ്ക്കുന്നില്ല. മറിച്ച്, അത് കൂടുതൽ ശ്രദ്ധിക്കപ്പെടുവാനാണ് ഇടയാകുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആക്ഷേപങ്ങളെ ഞങ്ങൾ നിറഞ്ഞമനസോടെ സ്വാഗതം ചെയ്യുന്നു. കാരണം, മക്കൾ നിഷേധിച്ചാലും മാതൃത്വം അസാധുവാകുന്നില്ല.
തള്ളിപ്പറയുന്ന മക്കളെയും ഉള്ളിൽ ചേർത്തുപിടിക്കുന്ന അമ്മയുടെ അരുമവാത്സല്യത്തിൻറെ ആൾരൂപങ്ങളാകാൻ ക്രിസ്തു ഞങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ ആ വിളി കിട്ടാത്തവർ, കിട്ടിയിട്ടും ജീവിക്കാൻ കഴിയാത്തവർ അസൂയപ്പെടുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നതിൽ അർഥമില്ലെന്ന് തിരിച്ചറിയണം.
ആരോപണങ്ങളും നേർജീവിതങ്ങളും
നീളൻ ഉടുപ്പിലെ ഉടലുകളുടെ ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യത്തെയോർത്തു വല്ലാതെ വ്യഥയനുഭവിക്കുന്ന ആകുലമനസുകളോട് ഒരു വാക്ക്. നമുക്കു ചുറ്റുമുള്ള ഇത്തിരിയിടങ്ങളിൽതന്നെ ഒരുപാടു ജീവിതങ്ങൾക്ക് പ്രകാശവും തണലുമായ ആയിരക്കണക്കിന് സമർപ്പിത ജീവിതങ്ങളുണ്ടിവിടെ.... ഒന്നു വിളിച്ചാൽ വിളിപ്പുറത്തുള്ള സന്യാസത്തിൻറെ സജീവ സാക്ഷ്യങ്ങളെ കാണാമായിരുന്നിട്ടും നോക്കാതെ, അറിയാമായിരുന്നിട്ടും പറയാതെ, വഴിമാറി നടന്ന് അപവാദവിതരണം നടത്തുന്നവരോട് എന്തു പറയാൻ?
ചിട്ടയായ പരിശീലനങ്ങളും മൂല്യാധിഷ്ഠിത ജീവിതവും വഴി യഥാർഥ മതേതരത്വത്തിലൂടെ രാഷ്ട്രനിർമിതി സാധ്യമാക്കുന്ന സങ്കേതങ്ങളാണ് ക്രൈസ്തവ വിദ്യാലയങ്ങളെന്നത് കാലം തെളിയിച്ച സത്യമാണ്. തങ്ങളുടെ കുഞ്ഞുങ്ങളുടെ വ്യക്തിത്വം ശരിയായി രൂപപ്പെടുത്താൻ സമർപ്പിതരുടെ അമ്മമനസിനാകുമെന്ന പൊതു സമൂഹത്തിൻറെ തിരിച്ചറിവിലല്ലേ കോൺവെൻറ് സ്കൂളുകളിലേക്ക് തങ്ങളുടെ മക്കളെ പഠനത്തിനയയ്ക്കാൻ ജാതി-മത വ്യത്യാസമില്ലാതെ മാതാപിതാക്കൾ ശ്രദ്ധ പുലർത്തുന്നത്? സ്ത്രീയുടെ ഉടലിൻറെ ആന്തലുകളെ മാത്രം വായിക്കുന്നവർക്ക് ഒരു സംസ്കാരത്തിൻറെ തനിമ പേറുന്ന സന്യാസവസ്ത്രത്തിൻറെ മഹത്വം മനസിലാവില്ല. അതിന് ആന്തരികവിശുദ്ധിയും അറിവും മാത്രം പോരാ. സംസ്കാരമുള്ള കുടുംബങ്ങളിൽ പിറക്കുകയും വേണം.
വേറിട്ട വേഷങ്ങളിൽ തെളിയുന്ന വെളിച്ചങ്ങൾ
വിശുദ്ധ ചാവറ പിതാവ് മുതൽ പ്രവാചകമനസുള്ള വിശുദ്ധ ജന്മങ്ങളിൽ ഓരോ കാലത്തിൻറെ നിയോഗങ്ങൾക്കനുസരിച്ച് ദൈവം നിക്ഷേപിക്കുന്ന ആന്തരിക പ്രചോദനങ്ങൾ വിവിധ സന്യാസസമൂഹങ്ങളുടെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. ഒരു സന്യാസിനിയെയും നിർബന്ധിച്ച് സന്യാസസഭയിൽ ജീവിപ്പിക്കുവാനും ആർക്കും സാധ്യമല്ല. അപ്പോൾ പിന്നെ എങ്ങനെയാണീ അപഭ്രംശം സംഭവിക്കുന്നത്?
സന്യാസജീവിതത്തോട് ആഭിമുഖ്യം തോന്നുകയും അതിൽ പ്രവേശനം ലഭിച്ച് പരിശീലനം നേടുകയും ആ സഭയുടെ വസ്ത്രം ധരിക്കുകയും ചെയ്താലും സന്യാസ ജീവിതം പൂർണമാകുന്നില്ല. കാരണം, നിരന്തരമായ തുടർപരിശീലനത്തിലൂടെയുള്ള രൂപപ്പെടലാണ് സന്യാസം. ഈയൊരു ആത്മനിഷ്ഠയുടെ സ്വയം പരിശീലനത്തിൽനിന്ന് ആരൊക്കെ പുറത്തിറങ്ങുന്നുവോ അവരറിഞ്ഞോ അറിയാതെയോ ആ സമൂഹത്തിൻറെ മുഖ്യധാരയിൽനിന്നും സ്വയം അകന്നുമാറുകയാണ്. മരണദിനംവരെ നീളുന്ന സന്യാസജീവിതം തന്നെയാണ് തുടർപരിശീലനം. ഇത്തരം പരിശീലനത്തിൽ പരാജയപ്പെട്ടിട്ടും അയോഗ്യത മറച്ചുവച്ച് തൊഴിൽ ചെയ്യുന്നവരെയാണ് സമൂഹം വ്യാജന്മാർ എന്നു വിളിക്കുന്നത്. നിശ്ചയമായും സന്യാസജീവിതത്തിലും ഇപ്രകാരം വ്യതിചലനം സംഭവിച്ചവരുണ്ടാകാം.... നിയമലംഘനങ്ങൾ നടത്തിയിട്ടും ഈ സമൂഹത്തിൽ തന്നെ ജീവിക്കണമെന്ന വാശി കരുണയുടെ വിതരണക്കാരും ക്ഷമയുടെ കാവൽക്കാരുമായ ക്രൈസ്തവ സന്യാസിനികളുടെ സമൂഹത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്നതാണ് സത്യം.
ഈ സത്യം അറിഞ്ഞിട്ടും ഇവരെ പിന്തുണയ്ക്കുന്നവർ ആരാണെന്നും ഞങ്ങൾക്കറിയാം. കുടുംബജീവിതത്തിൽ ഒരു പിഴവുപോലും വരുത്തിയാൽ കൂടെ പങ്കാളിയുണ്ടാകില്ലെന്ന് ഉറപ്പുള്ളവർ തന്നെയാണ്, നിയമലംഘനം നടത്തിയാൽ ഉദ്യോഗം നഷ്ടപ്പെടും എന്നുറപ്പുള്ളവർ തന്നെയാണ്, ഒരു ജീവിതശൈലിയുടെ നിയമലംഘനം നടത്തിയവരെ വാഴ്ത്തുകയും പൊതുസമൂഹത്തിനു മുന്പിൽ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് എന്നു മനസിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമില്ല. സമർപ്പിതസമൂഹത്തിൻറെ സിസ്വാർഥമായ സേവനമേഖലകളെ നിർവീര്യമാക്കുകയെന്നതല്ലേ ഇതിൻറെയൊക്കെ പിന്നിലുളള നിഗൂഢ ലക്ഷ്യം?
ആക്ഷേപം ഉന്നയിക്കുന്നവരോട്
നിരന്തരം ചാനലുകളിൽ അന്തിച്ചർച്ചകളായും സോഷ്യൽ മീഡിയകളിൽ അപഹാസ്യങ്ങളായും ആക്ഷേപം ഉന്നയിക്കുന്നവരോട് ഞങ്ങൾക്കൊരു ചോദ്യമുണ്ട്. സത്യസന്ധമായി ക്രൈസ്തവ സന്യാസം ജിവിക്കുന്നവരുമായി ഒരു സംവാദം നടത്തുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ക്രൈസ്തവ സഭയുടെ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുന്പോൾ കത്തോലിക്കാസഭയും വിവിധ സന്യാസസമൂഹങ്ങളും ഒൗദ്യോഗികമായി നിയമിച്ചിരിക്കുന്ന വക്താക്കളെ ചർച്ചയ്ക്ക് ക്ഷണിക്കാനുള്ള മര്യാദ നിങ്ങൾ പ്രകടിപ്പിക്കുമോ? കേരളത്തിലും ഭാരതത്തിലും സഭയുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ സംഭവിക്കുന്ന പൊതുസമൂഹനിർമിതിയെപ്പറ്റിയും രാഷ്ട്ര രൂപീകരണത്തെപ്പറ്റിയും തുറന്ന ചർച്ചയ്ക്ക് നിങ്ങൾ തയാറാണോ? അതിനു നിങ്ങൾ ആരോപണങ്ങളുടെ ആകാശങ്ങളിൽ നിന്ന് യഥാർഥ ജീവിതത്തിൻറെ പച്ചമണ്ണിലേക്ക് ഇറങ്ങിവന്നു നിൽക്കണം. ഉൗതിവീർപ്പിച്ച അസത്യങ്ങളുടെയും കൃത്രിമമായ അപവാദങ്ങളുടെയും പുകമറയ്ക്കുള്ളിൽനിന്നു സത്യത്തിൻറെ വെളിച്ചത്തിലേക്ക് നിങ്ങൾ ഇറങ്ങിവരണം.
ആരൊക്കെ ആക്ഷേപിച്ചാലും എത്രയേറെ അവഹേളിച്ചാലും ഞങ്ങളുടെ യാത്ര ഞങ്ങൾ തുടരുകതന്നെ ചെയ്യും. കുരിശിൽ തറച്ചു കൊന്നിട്ടും കല്ലറയിൽ അടക്കപ്പെട്ടിട്ടും ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന യേശുക്രിസ്തുവിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ആ വിശ്വാസം ഞങ്ങൾ ജീവിക്കും. അവൻറെ കരുണയിലാണ് ഞങ്ങൾ ആശ്രയിക്കുന്നതെങ്കിൽ ആ കാരുണ്യം ഞങ്ങൾ വിതരണം ചെയ്യും. സഹോദരങ്ങൾക്കായി ജീവനർപ്പിക്കുന്ന അവൻറെ സ്നേഹമാണ് ഞങ്ങളെ ജീവിപ്പിക്കുന്നതെങ്കിൽ ഞങ്ങളുടെ ജീവൻ ദൈവമഹത്വത്തിനായി ഞങ്ങൾ ബലിയർപ്പിക്കുക തന്നെ ചെയ്യും.
പ്രഭാത പ്രാർത്ഥന ; 24-10 -202
വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ
സന്യാസിയും നായയും
old man