സുവിശേഷകന്മാർ ജോസഫിനെ ‘നീതിമാൻ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും? അവൻ നീതിമാനായിരുന്നു എന്നത് തന്നെയാണ് അതിനുത്തരം. അങ്ങനെയെങ്കിൽ ശിഷ്യൻന്മാർക്ക് ആരാണ് ഇത് പറഞ്ഞ് കൊടുത്തത്? ഒരുപക്ഷേ യേശുവിന്റെ വളർത്തു പിതാവിനെ സങ്കല്പത്തിലൂടെ നീതിമാനാക്കിയതാണെങ്കിലോ? അല്ലെങ്കിൽ യേശുവിന്റെ ഉത്ഥാനശേഷം യേശുവിന്റെ അമ്മയായിരിക്കാം അവർക്ക് അത് പറഞ്ഞ് കൊടുത്തത്. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ് സെറാഫുകൾ അവരുടെ വൻ ചിറകിന്മേൽ വഹിക്കുന്നത് പോലെയാണ് മാതാവിനെയും ഈശോയെയും യൗസേപ്പിതാവിന്റെ കരങ്ങൾ ഭൂമിയിൽ കാത്ത് സംരക്ഷിച്ചത്.
തിരുസഭയിൽ വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ വിശുദ്ധ യൗസേപ്പാണ് എന്ന കാര്യത്തിൽ തർക്കമില്ല. മറ്റെല്ലാ വിശുദ്ധന്മാർക്കും യേശുവിന്റെ മാതൃക ഉണ്ടായിരുന്നെങ്കിൽ യേശുവിന്റെ പതിനഞ്ചാം വയസ്സിൽ മരണപ്പെട്ടു എന്ന് നാം വിശ്വസിക്കുന്ന യൗസേപ്പിതാവിന് ആരാണ് മാതൃകയായി നിലകൊണ്ടത്. എന്താണ് അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയുടെ ഉറവിടം? ഉത്തരം ഒന്നേയുള്ളു, അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു. ആ തിരഞ്ഞെടുപ്പിനെ അവൻ എതിർത്തില്ല. പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതത്തിന് വഴങ്ങി എളിമയിൽ ജീവിച്ചു.
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായത് കൊണ്ടായിരിക്കാം “എന്റെ ദൈവമേ” എന്ന വാക്ക് ജോസഫ് ആദ്യമേ ഉച്ചരിച്ചത്. ജോസഫ് ജന്മനാ ശാന്തനായിരുന്നു എന്ന് നാം മനസിലാക്കണം. ഒരു ചെറു പുഞ്ചിരി എപ്പോഴും അവന്റ കുഞ്ഞു കവിൾത്തടങ്ങളിൽ ഉണ്ടായിരുന്നു. ഇളം പ്രായത്തിൽത്തന്നെ ജോസഫിന് വിവേകത്തിന്റ വരം ലഭിച്ചിരുന്നു. അവൻ പാപികളുടെ മനസാന്തരത്തിനായി പ്രാർത്ഥിച്ചിരുന്നു. വളരെ ചെറു പ്രായത്തിൽത്തന്നെ അവൻ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചിരുന്നു. ജോസഫ് തന്റെ പിതാവിന്റെ സഹായത്തോടെ വിശുദ്ധ ലിഖിതങ്ങൾ വായിക്കുന്നതിന് അതിവേഗം പ്രാപ്തനായിത്തീർന്നു. അവന് കൂടുതൽ ഇഷ്ടം ദാവീദിന്റെ സങ്കീർത്തനങ്ങൾ ആയിരുന്നു. ദൈവത്താൽ നിയുക്തരായ രണ്ട് മാലാഖാമാർ ജോസഫിന് കാവൽ ഉണ്ടായിരുന്നു. ഈ മാലാഖമാർ ആയിരുന്നു ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതും നിർദ്ദേശങ്ങൾ നൽകിയിരുന്നതും. ഈ മാലാഖാമാരാണ് ജോസഫിനെ ചെറുപ്പത്തിൽത്തന്നെ വിശുദ്ധിയിൽ ജീവിക്കാൻ സഹായിച്ചത്. നമുക്കും കാവൽമാലാഖാമാർ ഉണ്ടെന്ന് നാം വിശ്വസിക്കുന്നില്ലേ? അവർ എപ്പോഴെങ്കിലും നമ്മോട് സംസാരിക്കുന്നതായി തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ അവരോട് സംസാരിക്കാൻ നാം ശ്രമിച്ചിട്ടുണ്ടോ? ജോസഫിനെപ്പോലെ വിശുദ്ധിയിൽ ജീവിക്കാൻ കാവൽമാലാഖാമാരുടെ സാന്നിധ്യവും സംസർഗ്ഗവും നമുക്ക് അത്യന്താപേക്ഷിതമാണ്.
ജോസഫിന് തിരിച്ചറിവിന്റെ പ്രായമായപ്പോൾ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായിരിക്കാൻ അവൻ തീരുമാനമെടുത്തു. ആ തീരുമാനത്തെ ദൈവം അംഗീകരിച്ചു. ഇതിന്റെ തെളിവായി ഒരു രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു: “നിന്റെ ഈ തീരുമാനത്തിന്മേലുള്ള അംഗീകാര മുദ്രയായി അനുപമവും മനോഹരവുമായ ഈ അരപ്പട്ട നിനക്ക് സമ്മാനിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നിന്റെ വിശുദ്ധിയുടെ തേജസ്സിന് മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ കൃപ ദൈവം നിന്റെ മേൽ വർഷിക്കും. അതിന്റ അടയാളമായി ഇത് നിന്നെ ധരിപ്പിക്കുവാൻ അവിടുന്ന് എന്നോട് കല്പിച്ചിരിക്കുന്നു.” അതിനുശേഷം മാലാഖ ജോസഫിന്റ അരയിൽ ആ അരപ്പട്ട കെട്ടി. പിന്നീടൊരിക്കലും ശുദ്ധതയ്‌ക്കെതിരായ ഒരു പ്രലോഭനവും ജോസഫിന് നേരിടേണ്ടി വന്നിട്ടില്ല. കന്യകമാരുടെ രാഞ്ജിയായ മാതാവിന്റെ കാവൽക്കാരനാകുവാൻ യോഗ്യനായിത്തീരേണ്ടതിന് ജോസഫിനെ ദൈവം പരിശുദ്ധിയുടെ പരിപൂർണതയിൽ കാത്തുസൂക്ഷിച്ചു. ഇതുകൊണ്ടാണ് ജോസഫ് ബ്രഹ്മചര്യവ്രതമെടുത്ത് ജീവിക്കുന്നവരുടെ കാവൽക്കാരനായി മാറിയത്. ബ്രഹ്മചര്യവ്രതമെടുത്ത് ജീവിക്കുന്ന സകല മനുഷ്യരെയും ജോസഫ് തന്റെ അരപ്പട്ടയിൽ പൊതിഞ്ഞു സംരക്ഷിക്കും.
എളിമ നിറഞ്ഞ ജീവിതമായിരുന്നു ജോസഫ് നയിച്ചിരുന്നത്. താൻ സ്വായത്തമാക്കിയ ആശാരിപ്പണി ചെയ്താണ് ജോസഫ് മറിയത്തെയും ഈശോയെയും സംരക്ഷിച്ചുപോന്നത്. താൻ സ്വായത്തമാക്കിയ ജോലിയിൽ അഗ്രഗണ്യനായിരുന്നതിനാൽ ജോലിയിൽ തിരക്കുണ്ടാവുക എന്നത് സാധാരണമായിരുന്നു. ഒറ്റയ്ക്ക് ചെയ്യാവുന്നതിലുമധികം ജോലിഭാരം ജോസഫിനുണ്ടായിരുന്നു. എന്നാൽ ജോലിയ്ക്ക് അനുയോജ്യമായ കൂലി ജോസഫിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. കുറച്ചു പേർ ജോസഫിന് കൂലി പോലും കൊടുത്തിരുന്നില്ല. എന്നാൽ ജോസഫ് ആരോടും ഒരു പരിഭവവും പറഞ്ഞിട്ടില്ല. ആരോടും തർക്കിച്ചതുമില്ല. വിനയപൂർവ്വം കിട്ടിയത് സ്വീകരിച്ചത് മാത്രം. കൂലി തരാത്തവരോട് ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് മാത്രം പറഞ്ഞു. ജോലി ചെയ്തു സമ്പാദിക്കുന്നതിൽനിന്നും കുടുംബത്തിന്റെ ഉപജീവനത്തിന് ഏറ്റവും ആവശ്യമായതു മാത്രം മാറ്റിവച്ചിട്ട് ബാക്കി പണം ജോസഫ് ദരിദ്രർക്ക് ദാനം ചെയ്തിരുന്നു. അതിനാൽത്തന്നെ കൊടിയ ദാരിദ്ര്യത്തിലായിരുന്നു തിരുക്കുടുംബം ജീവിച്ചിരുന്നത്.
ദുരിതങ്ങൾ നിറഞ്ഞതായിരുന്നു ജോസഫിന്റെ ജീവിതം. അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും ദൈവത്തിന് നിരന്തരം സ്തുതിയും മഹത്ത്വവും അർപ്പിക്കുകയും ചെയ്തിരുന്നു. ജോസഫ് ഏറ്റവും കൂടുതൽ ദു:ഖിതനായത് തന്റെ ഏറ്റവും പരിശുദ്ധയായ ഭാര്യ ഗർഭിണിയാണ് എന്നറിഞ്ഞപ്പോഴാണ്. എത്രയോ ദിനരാത്രങ്ങൾ അവൻ കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചു. പക്ഷേ ദൈവത്തിൽ നിന്ന് ഒരുത്തരവും അവനു ലഭിച്ചില്ല. തന്റെ ഏറ്റവും പരിശുദ്ധയായ ഭാര്യ തന്നെ വഞ്ചിക്കില്ല എന്നവന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതിനാൽത്തന്നെ മറിയത്തോട് അതേക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ അവൻ ധൈര്യപ്പെട്ടതുമില്ല. അവസാനം അതീവ ദു:ഖത്തോടെ ഒട്ടും താല്പര്യമില്ലാഞ്ഞിട്ട്കൂടി അവൻ മറിയത്തെ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു. മറിയം ഉണരുന്നതിനു മുമ്പേ പോകുന്നതിനു വേണ്ടി രാത്രിയിലെ ദീർഘനേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ജോസഫ് തനിക്ക് ഏറ്റവും ആവശ്യമായ സാധനങ്ങൾ മാത്രം എടുത്തു കെട്ടിവച്ചു. അതിനു ശേഷമുള്ള മയക്കത്തിൽ ജോസഫിന് മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവകുമാരന്റ മനുഷ്യാവതാര രഹസ്യം വെളിപ്പെടുത്തി. അങ്ങനെ ജോസഫിന്റെ അതീവദുഃഖം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായി മാറി. നമ്മുടെ ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും ഒന്നും അവസാനമല്ലെന്നും അത് നമ്മുടെ നന്മയ്ക്കായിട്ടുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പും തീരുമാനവുമാണെന്ന് ജോസഫ് ഇതിലൂടെ നമ്മോട് പറഞ്ഞു വയ്ക്കുന്നു.
ജോസഫിന്റെ ജീവിതത്തിൽ ദുരിതങ്ങൾ തുടർന്ന്കൊണ്ടേയിരുന്നു. പൂർണ ഗർഭിണിയായ ഭാര്യയെയും കൊണ്ട് ബേത്‌ലഹേമിലേക്കുള്ള യാത്രയായിരുന്നു അടുത്ത ദുഃഖം. ദുരിത പൂർണമായ ആ യാത്രയെ ദൈവത്തിന്റെ സംരക്ഷണത്തിന് അവൻ ഭരമേൽപ്പിച്ചു. ബേത്‌ലഹേമിൽ എത്തിയപ്പോൾ വിശ്രമിക്കാനായി പല സ്ഥലങ്ങളും അന്വേഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. തനിക്കു സ്ഥലം കിട്ടാത്തതിൽ ജോസഫിന് ദു:ഖമില്ലായിരുന്നു. എന്നാൽ യാത്ര ചെയ്ത് തളർന്നിരുന്ന ഗർഭിണിയായ തന്റെ ഭാര്യയ്ക്കുപോലും ആരും സ്ഥലം കൊടുക്കാത്തത് ജോസഫിനെ അതീവദു:ഖിതനാക്കി. ബന്ധുജനങ്ങൾപോലും അവരെ സഹായിക്കാതിരുന്നത് ജോസഫിന്റെ ദു:ഖത്തിന്റ ആഴം വർധിപ്പിച്ചു. ഒടുവിൽ അവർക്ക് വിശ്രമം കിട്ടിയതോ കാന്നുകാലികൾ രാത്രികാലം തങ്ങിയിരുന്ന ഒരു ഗുഹയും. ഇത്രയേറെ ദുരിതങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു ദേഷ്യഭാവവും ഒരു ശാപവാക്കും ജോസഫിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നത് ആ മനുഷ്യന്റെ വിശുദ്ധിയെ വിളിച്ചറിയിക്കുന്നു. കന്നുകാലികൾ തങ്ങുന്ന ആ ഗുഹയിൽ പരിശുദ്ധ അമ്മ ദൈവസുതന് ജന്മം നൽകി. ഈ അവസ്ഥയിൽ തന്റെ ഏറ്റവും പരിശുദ്ധയായ ഭാര്യയെയും ദൈവകുമാരനെയും കാണേണ്ടിവന്നതിൽ ജോസഫ് അതീവ ദു:ഖിതനായെങ്കിലും ഇത് ദൈവാഹിതമാണെന്ന് ജോസഫിന് വെളിപാടുണ്ടായി. ജോസഫ് ഏറ്റവും ബഹുമാനത്തോടും സ്നേഹത്തോടും അങ്ങേയറ്റം ആരാധനയോടും കൂടി ദിവ്യ ശിശുവിനെ വണങ്ങി.
ജോസഫിന്റെ ദുരിതത്തിന്റെ തുടർക്കഥയാണ് തിരുക്കുടുംബത്തിന്റെ ഈജിപ്പ്തിലേയ്ക്കുള്ള പലയാനം. അസ്ഥികൾ പോലും മരവിച്ചു പോകുന്ന അതിശൈത്യം. ഉണ്ണീശോയുടെ മൃദുല മേനിയെ കൊടുംതണുപ്പിൽ നിന്നും പൊതിഞ്ഞു സംരക്ഷിക്കാൻ ചൂട് നൽകുന്ന ഒരു തുണി ജോസഫിന്റെ കൈയിൽ ഇല്ലായിരുന്നു എന്നത് ജോസഫിന്റെ ദാരിദ്രത്തിന്റെ ബാഹ്യമായ അടയാളമാണ്. ജോസഫ് തന്റെ പുറങ്കുപ്പായത്തിൽ ഉണ്ണിയെ പൊതിഞ്ഞ് അവർ യാത്ര ആരംഭിച്ചു. കൊടും തണുപ്പ്, വിജനമായ വഴി. ചിലപ്പോഴൊക്കെ മഞ്ഞുകട്ടകൾക്കിടയിലൂടെ നടക്കേണ്ടി വന്നു. മറിയത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും ദൈവകുമാരനാണല്ലോ കൂടെയുള്ളത് എന്ന ചിന്തയാലും ആ യാത്ര ജോസഫിന് ദുരിതപൂർണമായി തോന്നിയില്ല. ആ യാത്രയിൽ അവർ ഭക്ഷിച്ചത് കാട്ടുപഴങ്ങൾ മാത്രമായിരുന്നു. വഴിയരികിലെ കാട്ടരുവിയിലെ വെള്ളത്താൽ ദാഹം ശമിപ്പിക്കുകയും ചെയ്തു. അവർ വിജനമായ പാതയിലെ പുൽമേടുകളിൽ രാത്രികാലം ചിലവഴിച്ചു. ഉണ്ണീശോയ്ക്ക് കൂടാരമായി നിന്നതോ ജോസഫിന്റെ പുറങ്കുപ്പായവും. ഈ യാത്രക്ളേശമോ കൊടും തണുപ്പോ ഒന്നും ജോസഫിന്റെ ദൈനംദിന പ്രാർത്ഥനയ്ക്ക് ഒരു തടസമായില്ല. രാത്രിയാമങ്ങളിൽ ഉണ്ണീശോയ്ക്കരികെ മുട്ടുകുത്തിനിന്ന് മറിയത്തോടൊപ്പം ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു.
ഈജിപ്തിലെത്തിയപ്പോൾ അവർക്ക് താമസസൗകര്യം ലഭിച്ചെങ്കിലും ഈജിപ്ത് നിവാസികൾ പലരും ജോസഫിനെ കള്ളനായി മുദ്രകുത്തി. തന്റെ ശാലീനയും അതിസുന്ദരിയുമായ ഭാര്യയെയും കോമളനും ദൈവികഭാവവുമുള്ള കുഞ്ഞിനേയും പറ്റി കരുതലില്ലാത്ത ഭോഷൻ എന്ന് ചിലർ പറഞ്ഞു നടന്നു. ഇതൊന്നും ജോസഫിനെ തളർത്തിയില്ല. അവന്റെ വിശുദ്ധിയ്ക്ക് കോട്ടം വന്നതുമില്ല. ദുരിതങ്ങൾ നമ്മുടെ ജീവിതത്തിലും ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ ജോസഫിനേപ്പോലെ നമ്മുടെ ജീവിതവിശുദ്ധി അഭംഗുരം കാത്തുസൂക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാം.
മറിയത്തെയും ഈശോയെയും അതീവ ശ്രദ്ധയോടും കരുതലോടും അതിലേറെ സ്നേഹത്തോടും കൂടെയാണ് ജോസഫ് സംരക്ഷിച്ചു പോന്നത്. അവരായിരുന്നു ജോസഫിന് എല്ലാമെല്ലാം. അതുകൊണ്ടാണ് പന്ത്രണ്ടാം വയസ്സിൽ ഈശോയെ കാണാതായപ്പോൾ ജോസഫിന്റെ ഹൃദയം നുറുങ്ങിയത്. അവൻ ഒഴുക്കിയ കണ്ണുനീരിന് അതിരില്ല. ഈശോയെത്തേടിയുള്ള യാത്ര അതിവേഗത്തിലായിരുന്നു. കാരണം തന്റെ പിഴവ് കൊണ്ട് ദൈവകുമാരനെ നഷ്ടപ്പെട്ടു എന്നുള്ള വേദന ജോസഫിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം ദൈവകുമാരനെ ദേവാലയത്തിൽ വച്ച് കണ്ടുമുട്ടുമ്പോൾ സന്തോഷാധിക്യത്താൽ ജോസഫിന് നടക്കാൻ പോലും സാധിച്ചിരുന്നില്ല. അവന്റെ ഹൃദയം സ്വർഗീയ സന്തോഷം കൊണ്ട് നിറഞ്ഞു. മാലാഖാമാർ ജോസഫിന് വേണ്ടി സ്തുതിഗീതങ്ങൾ പാടി. ഇനിയൊരിക്കലും ഈശോയെയും മറിയത്തെയും ഒറ്റപ്പെടുത്തില്ല എന്ന ഉറച്ച തീരുമാനം ജോസഫ് എടുക്കുകയും ചെയ്തു. മറിയത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അതുവഴി ദൈവിക കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും ജോസഫ് ആഗ്രഹിച്ചിരുന്നു. എന്നാൽ ജോലിത്തിരക്ക്കാരണം അവനു അത് സാധ്യമായിരുന്നില്ല. ഇതും ഒരു സഹനമായാണ് ജോസഫ് കണ്ടിരുന്നത്. ഈശോ ബാലനായിരുന്നപ്പോൾതന്നെ ജോസഫിനെ ആശാരിപ്പണിയിൽ സഹായിച്ചിരുന്നു. ദൈവകുമാരനെ ആശാരിപ്പണി ചെയ്യാൻ താൻ അനുവദിക്കില്ല എന്ന ജോസഫിന്റെ വാശി, ഇത് ദൈവഹിതമാണെന്ന് മറിയം സ്നേഹത്തോടെ തിരുത്തിക്കൊടുത്തു. ജോസഫിന് ജോലിയ്ക്കിടയിൽ ആവശ്യമായ സഹായങ്ങളെല്ലാം ജോസഫ് പറയാതെ തന്നെ ഈശോ ചെയ്തുകൊടുത്തിരുന്നു. ഇതിനിടയിൽ ഈശോ തന്നത്താനെ എന്തോ ജോലിയിൽ ആയിരിക്കുന്നത് ജോസഫിന്റെ ശ്രദ്ധയിൽപെട്ടു. അത് ജോസഫിനെ സന്തോഷവാനാക്കി. എന്നാൽ ഈ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. കാരണം ഈശോ ആദ്യം നിർമ്മിച്ചത് ഒരു കുരിശായിരുന്നു. ഇത് ജോസഫിൽ ദു:ഖമുളവാക്കി. ഇതിന്റെ അർത്ഥം ജോസഫ് മറിയത്തോട് തിരക്കി. ഈശോ സഹിക്കാനിരിക്കുന്ന പീഡാസഹനത്തേയും കുരിരുമരണത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത് എന്ന ഉത്തരമാണ് മറിയം നൽകിയത്. ദൈവകുമാരൻ എത്രയേറെയാണ് സഹിക്കേണ്ടിയിരിക്കുന്നത് എന്ന് ജോസഫ് നിരന്തരം ധ്യാനിക്കുമായിരുന്നു. ഇതിനെ പ്രതി ജോസഫ് നിരന്തരം കണ്ണുനീരൊഴുക്കുകയും ചെയ്തിരുന്നു. ഈശോയെപ്പോലെ പീഡകൾ സഹിക്കുന്നതിനും കുരിശുമരണം വരിക്കുന്നതിനും അവൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഈശോയുടെ കുരിശുമരണം കാണാതെതന്നെ അതിനെക്കുറിച്ചുള്ള ആകുലത ജോസഫിനെ അലട്ടിയിരുന്നു. നാം എത്രയോ നോമ്പുകാലത്തു കുരിശുമരണത്തെക്കുറിച്ച് ധ്യാനിച്ചു. എത്രയോ ദു:ഖവെള്ളികൾ ആചരിച്ചു. എന്നിട്ടും നമ്മുടെ ജീവിതത്തിൽ ദുരിതങ്ങൾ വരുമ്പോൾ എന്തേ നാം തകർന്നു പോകുന്നു.
ജോസഫിന്റെ അവസാന നാളുകൾ രോഗങ്ങളും വേദനകളും നിറഞ്ഞതായിരുന്നു. അതിനാൽത്തന്നെ ജോസഫിന് ഒത്തിരിയേറെ സഹിക്കേണ്ടി വന്നിരുന്നു. ഈശോയും മാതാവും കൂടെയുണ്ടായിരുന്നു എന്നത് ജോസഫിന്റെ വേദനകൾക്ക് ആശ്വാസം നൽകിയിരുന്നു. ജോസഫ് തന്റെ മരണത്തിനായി പ്രാർത്ഥിച്ചൊരുങ്ങിയിരുന്നു. തന്റെ മരണനിമിഷത്തിനായി കാത്തുകിടക്കവേ ജോസഫിന് ദൈവത്തിൽ നിന്നും ഒരു വെളിപാടുണ്ടായി. മരിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കുവേണ്ടി ജോസഫ് നിരന്തരം കണ്ണുനീരോഴുക്കി പ്രാർത്ഥിച്ചതിനാൽ മരിച്ചുകൊണ്ടിരിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥനും വിശുദ്ധനുമായി സ്വർഗത്തിൽ ദൈവം ജോസഫിനെ അവരോധിച്ചിരിക്കുന്നു. ലോകാവസാനം വരെ അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുമെന്നും മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നവർക്കു വേണ്ടി തന്റെ ദൗത്യം തുടരുന്നതാണെന്നും ജോസഫ് ദൂതനെ അറിയിച്ചു. ജോസഫിന്റെ ജീവിതത്തിന്റെ അവസാന നിമിഷം അടുത്തപ്പോൾ സ്വർഗീയ ആനന്ദത്തിൽ ദൈവസ്നേഹപാരമ്യത്തിൽ നിറഞ്ഞ് ഈശോയുടെയും മാതാവിന്റെയും മധുരനാമം ഉച്ചരിച്ചുകൊണ്ട് ജോസഫ് അന്ത്യശ്വാസം വലിക്കുകയും ആത്മാവ് പുറത്തു വരികയും ചെയ്തു. ജോസഫിന്റെ ആത്മാവിനെ രക്ഷകൻ തന്റെ പരിശുദ്ധ കരങ്ങളിൽ എടുത്തു. അത് ആത്മാവിന്റെ കണ്ണുകളിൽ കൂടി കാണുവാൻ പരിശുദ്ധ മാതാവിനെ അനുവദിക്കുകയും ചെയ്തു. തുടർന്ന് സ്വർഗ്ഗീയ സീമകളിലേക്ക് അതിനെ കൂട്ടികൊണ്ട് പോകുവാൻ വന്നിരിക്കുന്ന മാലാഖാമാർക്ക് ജോസഫിന്റെ ആത്മാവിനെ കൈമാറി. ഹാ, എത്ര അനുഗ്രഹീതമായ ആത്മാവ്. എത്ര ഭാഗ്യപൂർണമായ മരണം. മരിക്കുമ്പോൾ ജോസഫിന് അറുപത്തിയൊന്ന് വയസ്സ് പ്രായമുണ്ടായിരുന്നു. വിശുദ്ധന്റെ മൃതശരീരത്തിനു ചുറ്റും ഒരു പ്രകാശവലയം രൂപപ്പെട്ടിരുന്നു. വളരെ ഹൃദ്യമായൊരു സുഗന്ധം നാലുപാടും പരക്കുകയും ചെയ്തിരുന്നു. ജോസഫിന്റെ മുഖം ഒരു മാലാഖയുടേത് പോലെ കാണപ്പെട്ടു. അത് കണ്ടവരെല്ലാം അവനെ വണങ്ങി.
ക്രിസ്തുവിന്റെ മഹത്വപൂർണമായ സ്വർഗ്ഗാരോഹണസമയത്ത് ജോസഫിന്റെ ശരീരവും അതിന്റെ എല്ലാ സവിശേഷതകളോടും കൂടി തന്റെ ആത്മവിശുദ്ധിയുടെ യോഗ്യതയാൽ ഉന്നതമായ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു. അവിടെ വിശുദ്ധൻ സമുന്നതമായ ഒരു സിംഹാസനത്തിൽ അവരോധിക്കപ്പെട്ടു. ദൈവത്തിന്റെ കുഞ്ഞാടിന്റെ സമീപത്ത് തന്റെ ഏറ്റവും പരിശുദ്ധയും വിശ്വസ്ഥതയുമുള്ള ഭാര്യയുടെ സിംഹാസനത്തിനോട് ചേർന്ന് വിശുദ്ധ ജോസഫും സ്ഥാനം പിടിച്ചു.
ജോസഫ് തന്റെ ഏറ്റവും പരിശുദ്ധമായ ജീവിതംകൊണ്ട് നമുക്ക് മാതൃക നൽകിയിരിക്കുന്നു. ഈ ഭൂമിയിൽ ലോകരക്ഷകന്റെയും പരിശുദ്ധ അമ്മയുടെയും സംരക്ഷകനാവുക എന്നതായിരുന്നു ജോസഫിന്റെ ഉത്തരവാദിത്വം. അത് അതിന്റെ പൂർണതയിൽ ജീവിച്ചുകൊണ്ടും ദൈവത്തോടുള്ള വിശ്വസ്ഥത ഒരിക്കലും കൈവിടാതെയും ജോസഫ് നീതിമാൻ എന്ന നാമത്തിന് അർഹനായിത്തീർന്നു. വിശുദ്ധ യൗസേപ്പിതാവ് തന്റെ സ്വർഗീയമായ എല്ലാ യോഗ്യതകളാലും സകല മനുഷ്യർക്കും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കടപ്പാട് : വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിത യാത്ര: മരിയ സിസിലിയ ബെയ്ജ് O.S.B. trans. സി. റാണിറ്റ് ചുരുളിയിൽ SABS, ജോൺ അഗസ്റ്റിൻ മേച്ചേരിൽ
ഫാ. സിജോ നടയ്ക്കൽ OFM Conv
കൊൽക്കത്ത
19-05-2021
സത്വരസഹായിയായ മാതാവ്
അനുദിന വിശുദ്ധർ | സെപ്റ്റംബർ 12, 2020
cropped-looo-Copy-2-2.png
സാറിന്റെ മുറുക്കാൻ
വചന വിചിന്തനം വിശുദ്ധ യൗസേപ്പിതാവ്