പൗരോഹിത്യം: പൂർണ്ണമായും യേശുവിന്റെ സ്വന്തമാകാനുള്ള വിളി

28,  Sep   

കത്തോലിക്കാ സഭയുടെ ആത്മീയ അജപാലന ശുശ്രൂഷാ രംഗങ്ങളിൽ അതുല്യമായ പങ്കു വഹിക്കുന്നവരാണ് പുരോഹിതർ. കത്തോലിക്കാ സഭയിൽ സമർപ്പിതരായ പുരോഹിതരുടെ ജീവിതവും ശുശ്രൂഷകളും സഭാസമൂഹത്തിനെന്നും ബലവും ശക്തിയുമാണ്. അവരുടെ ശുശ്രൂഷകൾ വഴി സഭാമക്കൾ വിശ്വാസത്തിൽ ജനിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു. ഒരു വിശ്വാസിയുടെ ആത്മീയ ജീവിതയാത്രയിൽ വഴികാട്ടിയും വഴിവിളക്കുമായി നില്ക്കുന്നവരാണ് അജപാലകരായ പുരോഹിതർ. അവരുടെ ത്യാഗപൂർണ്ണമായ ശുശ്രൂഷകൾ വഴി ദൈവജനം പരിപോഷിതരാക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ ധന്യമായ ജീവിതശോഭയിൽ ദൈവജനം പ്രകാശിതരായി തീരണം, അവരുടെ ജീവിത മാതൃക ദൈവജനത്തിന് പ്രചോദനമാകണം. എല്ലാറ്റിനുമുപരി ഒാരോ കത്തോലിക്കാ പുരോഹിതനിലും യേശുവിന്റെ മുഖം കാണുവാൻ ദൈവജനത്തിനു കഴിയണം. ഇതായിരിക്കണം ഒരു കത്തോലിക്കാ പുരോഹിതന്റെ മുഖമുദ്ര. ഇൗ പൗരോഹിത്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ പുരോഹിതരേയും ദൈവജനത്തേയും ഒരുപോലെ സഹായിക്കാൻ ഉപകരിക്കുന്ന ഏതാനും ചിന്തകളാണ് ഇൗ ലേഖനത്തിന്റെ പ്രതിപാദ്യം.

മർക്കോസിന്റെ സുവിശേഷം 3-ാം അദ്ധ്യായം 14, 15 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു. ""തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നൽകുന്നതിനുമായി അവിടുന്നു പന്ത്രണ്ടുപേരെ നിയോഗിച്ചു.'' ഇൗ വചനമനുസരിച്ച് ഇൗശോ തന്റെ ശിഷ്യന്മാരുടെ ഗണത്തിൽനിന്ന് പന്ത്രണ്ടുപേരെ പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിച്ചത് മൂന്നു കാര്യങ്ങൾക്കുവേണ്ടിയാണ്. തന്നോടു കൂടെ ആയിരിക്കുവാനും, സുവിശേഷം പ്രസംഗിക്കുവാനും, പിശാചുക്കളെ ബന്ധിപ്പിക്കാനുമാണ്. ഇതിൽ ഒന്നാമത്തെതാണ് യേശുവിനെ സ്വന്തമാക്കുവാനുള്ള വിളി. ഒാരോ പുരോഹിതനിലും നിക്ഷിപ്തമായിരിക്കുന്ന പ്രധാന വിളി യേശുവിന്റെ സ്വന്തമാകാനുള്ള വിളിയാണ്. അതും പൂർണ്ണമായും യേശുവിന്റെ സ്വന്തമാകാനുള്ള വിളി. ഇൗ വിളി സ്വീകരിച്ചവരാണ് കത്തോലിക്കാ സഭയിലെ പുരോഹിതർ. കത്തോലിക്കാ സഭയിലെ പുരോഹിതർ ബ്രഹ്മചാരികളാണ്. യേശുവിന്റെ സ്വന്തമായി തീരുവാൻ വേണ്ടി ജീവിതത്തിൽ സ്വന്തമാക്കാമായിരുന്ന പലതും ഉപേക്ഷിക്കാൻ തയ്യാറായവരാണ് സഭയിലെ പുരോഹിതർ. ഇൗ ത്യാഗത്തിന്റെ വിലയും മഹത്വവും സഭയിലെ ഒാരോ പുരോഹിതനും അതുപോലെതന്നെ സഭാവിശ്വാസികളും മനസ്സിലാക്കണം.

വിശുദ്ധ പൗലോസ് ഫിലിപ്പിയർക്കെഴുതിയ ലേഖനം 3-ാം അദ്ധ്യായം നാലു മുതലുള്ള വാക്യങ്ങളിൽ യേശുവിന്റെ സ്വന്തമായി തീരുവാൻ വേണ്ടി അഥവാ യേശുവിനെ സ്വന്തമാക്കുവാൻ വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ താൻ അനുഭവിച്ചുവെന്ന് പറയുന്നുണ്ട്. താൻ ജന്മനാ യഹൂദനായി ജനിച്ചവനാണെന്നും എട്ടാം ദിവസം പരിഛേദനം സ്വീകരിച്ചവനാണെ ന്നും ബഞ്ചമിൻ ഗോത്രത്തിൽ പിറന്നവനാണെന്നും നിയമപ്രകാരം ഫരിസേയനാണെന്നും തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവനാണെന്നും നീതിയുടെ കാര്യത്തിൽ നിയമത്തിനു മുമ്പിൽ കുറ്റമറ്റവനാണെന്നും പൗലോസ് അഭിമാനത്തോടെ ഏറ്റു പറയുന്നു. എന്നാൽ തനി ക്ക് ലാഭവും അഭിമാനവും ആയിരുന്ന ഇവയെല്ലാം യേശുക്രിസ്തുവിനെ നേടുന്നതിനുവേണ്ടി നഷ്ടമായി ഞാൻ കണക്കാക്കി. കാരണം യേശുക്രിസ്തുവാകുന്ന ആ അമൂല്യരത്നം സ്വന്തമാക്കുന്നതിനും വേണ്ടി തന്റെ സ്വന്തമായിരുന്ന മേല്പറഞ്ഞവയെല്ലാം ഉപേക്ഷിക്കാൻ വി. പൗലോസ് തയ്യാറായി. മാത്രമല്ല, അവയെല്ലാം വി. പൗലോസ് ഉച്ഛിഷ്ടം പോലെ വിലയില്ലാത്ത വസ്തുക്കൾ പോലെ കണക്കാക്കി. കാരണം കൂടുതൽ വിലയുള്ളതു സ്വന്തമാക്കാൻ വേണ്ടി അതായത് ക്രിസ്തുവിനെ നേടുന്നതിനുവേണ്ടി തനിക്കു സ്വന്തമായിരുന്ന ഇവയെല്ലാം ഉപേക്ഷിക്കാൻ പൗലോസ് തയ്യാറായി. ഇത്തരമൊരു സമർപ്പണമാണ് കത്തോലിക്കാ സഭയിലെ ഒാരോ വൈദികനും ചെയ്യുന്നത്.

കർത്താവിന്റെ സഭയിലെ ഒരു പുരോഹിതനായി തീരു വാൻ വേണ്ടി ഒാരോ പുരോഹിതനും ഒത്തിരിയേറെ ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഇൗ ത്യാഗങ്ങൾ എല്ലാം ഒരു വൈദികൻ ചെയ്യുന്നത് പ്രഥമമായി യേശുവിന്റെ സ്വന്തമായി തീരുവാൻ വേണ്ടിയാണ്. ഒാരോ വിശ്വാസിയും യേശുവിന്റെ സ്വന്തമായി തീരാൻ വിളിക്കപ്പെട്ടവനാണ്. എന്നാൽ ഒരു പുരോഹിതൻ പീഡിപ്പിക്കപ്പെടുന്നത് പൂർണ്ണമായും യേശുവിന്റെ സ്വന്തമാകുവാൻ വേണ്ടിയാണ്. അതിനാലാണ് അവനു സ്വന്തമാക്കാമായിരുന്ന ദാമ്പത്യജീവിതവും കുടുംബജീവിതവും സമ്പത്തും സ്ഥാനമാനങ്ങളും ഒക്കെ ഉപേക്ഷിക്കാൻ വൈദികൻ തയ്യാറാകുന്നത്. ഇവയെ ല്ലാം ജന്മനാ അവന് അവകാശപ്പെട്ടതാണ്. മറ്റു വിശ്വാസികളെപ്പോലെ ദാമ്പത്യജീവിതവും കുടുംബവും സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം അവനും അവകാശപ്പെട്ടതാണ്. എന്നാൽ പൂർണ്ണമായും യേശുവിന്റെ സ്വന്തമായി തീരുന്നതിനുവേണ്ടി കത്തോലിക്കാ സഭയിലെ പുരോഹിതർ തങ്ങളുടെ സമർ പ്പിത ബ്രഹ്മചര്യജീവിതത്തിലൂടെ ഇവയെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്നു. ഇൗ സമർപ്പണമില്ലാതെ സഭയിലെ ഒരു വൈദികനായിത്തീരാൻ ആർക്കും സാധിക്കുകയില്ല.

ഇതിലാണ് ഒാരോ വൈദികനും അഭിമാനിതനായിത്തീരേണ്ടത്. യേശുവിന്റെ സ്വന്തമായി തീരുവാൻ വേണ്ടി ഉപേക്ഷിച്ച എല്ലാ കാര്യങ്ങളേയും കുറിച്ച് അഭിമാനിക്കാൻ ഒാരോ വൈദികനും കഴിയണം. ഇൗ അഭിമാനബോധം നമ്മെ ശക്തരാക്കും. അല്ലാതെ ഇൗജിപ്തിലെ അടിമത്വത്തിൽനിന്ന് മോചിതരാക്കപ്പെട്ട ഇസ്രായേൽ ജനത്തിൽ ചിലർ തങ്ങൾക്ക് നഷ്ടപ്പെട്ട ഇൗജിപ്തിലെ സുഖസന്തോഷ ങ്ങളെക്കുറിച്ച് ഒാർത്ത് ദു:ഖാർ ത്തരായി തീർന്നതുപോലെ നമ്മൾ ഉപേക്ഷിച്ച ഇൗ കാര്യങ്ങളെ ഒാർത്ത് ദു:ഖിക്കാൻ ഇടയാകരുത്. അങ്ങനെ ചിന്തിക്കാൻ ഏതെങ്കിലും വൈദികർക്ക് ഇടയാകുന്നുവെങ്കിൽ അതിന്റെ അർത്ഥം അവർ തങ്ങളുടെ വിളിയുടെ ലക്ഷ്യം നേടി യെങ്കിലും അതിന്റെ മഹത്വം മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നതാണ്.

ഒരു വൈദികൻ തനിക്കു സ്വന്തമായിരുന്ന പലതും സ്വന്തമാക്കാമായിരുന്ന പലതും ഉപേക്ഷിക്കുന്നത് പൂർണ്ണമായും യേശുവിന്റെ സ്വന്തമായി തീരുന്നതിനും യേശുവിനെ സ്വന്തമാക്കുന്നതിനും വേണ്ടിയാണ്. നമ്മുടെ സ്വന്തമായിരുന്നതെല്ലാം ഉപേക്ഷിക്കുകയും എന്നാൽ യേശുവിനെ സ്വന്തമാക്കാൻ നമുക്കു സാധിക്കാതിരിക്കുകയും ചെയ്താൽ നമ്മിൽ നഷ്ടബോധം വളരും. അതുനമ്മെ തളർത്തിക്കളയുകയും ചെയ്യും. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തിൽ 44 മുതലുള്ള വാക്യങ്ങളിൽ ഇൗ ശോ രണ്ടു ചെറിയ ഉപമ പറയുന്നുണ്ട്. നിധിയുടെയും രത്നവ്യാപാരിയുടെയും ഉപമയാണത്. ഇൗശോ പറഞ്ഞു: ഒരു നിധി കണ്ടെത്തിയ മനുഷ്യൻ ആ നിധി സ്വന്തമാക്കുവാൻ വേണ്ടി പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ നിധി ഇരുന്ന വയൽ വാങ്ങി. അതുപോലെ ഒരു അമൂല്യരത്നം കണ്ടെത്തിയ രത്നവ്യാപാരി പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ രത്നം വാങ്ങുന്നു. ഇതുപോലെയാണ് പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ മാഹാത്മ്യം മനസ്സിലാക്കി ഒാരോ പുരോഹിതനും തനിക്കുള്ളതും തനിക്കു നേടാമായിരുന്നതുമായ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെ സ്വന്തമായിത്തീർന്നിരിക്കുന്നത് അഥവാ യേശുവാകുന്ന ആ വലിയ നിധി സ്വന്തമാക്കിയിരിക്കുന്നത്.

യേശുവിന്റെ സ്വന്തമായി തീരുവാൻ ഒരു പുരോഹിതൻ എന്തു ചെയ്യണം

ഒാരോ പുരോഹിതനും മറ്റൊരു ക്രിസ്തുവാകാൻ വിളിക്കപ്പെട്ടവനാണ്. എന്നാൽ ഇത് ഒരു ഫാൻസി ഡ്രസ്സിൽ ക്രിസ് തുവിന്റെ വേഷം ഇടുന്നതുപോലെയാകരുത്. അവിടെ വേഷം ക്രിസ്തു, ആൾ വേറെ. ഇവിടെ യാണ് പൗരോഹിത്യത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത്. കത്തോലിക്കാ സഭയിലെ പുരോഹിതൻ ഒരു പൂർണ്ണസമയ പുരോഹിതനാണ്. അവൻ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടവനാണ്. ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും പുരോഹിതനാണ് താൻ എന്ന ഉൾബോധം ഒരു പുരോഹിതനും നഷ്ടപ്പെട്ടു പോകരുത്. ഇൗ ഉൾബോധം നഷ്ടപ്പെട്ടാൽ അവന് തന്റെ വിളിക്കനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരാം. അതിനാൽ തന്റെ ദൈവവിളിയനുസരിച്ച് ഒാരോ വൈദികനും ബോധിതരായി തീരണം. മാത്രമല്ല, ഇൗ വിളി തന്റെ ജീവിതം വഴി സ്വന്തമാക്കേണ്ട ഒരു യാഥാർത്ഥ്യമാണെന്ന അവബോധത്തോടെ മുന്നേറുവാൻ ഒാരോ വൈദികനും കഴിയണം. ഇതിന് പ്രധാനമായും മൂന്നു കാര്യങ്ങൾ ചെയ്യണം.

1. തന്റെ വിളിയെ കുറിച്ചുള്ള അവബോധം എപ്പോഴും തെളിമയോടെ മനസ്സിൽ സൂക്ഷിക്കണം

ഒാരോ വൈദികനും തന്റെ വിളിയുടെ മാഹാത്മ്യത്തെയും ഒൗചിത്യത്തെയും കുറിച്ചുള്ള ഒാർമ്മ ഹൃദയത്തിൽ ഉണർത്തി നിർത്തണം. ഇൗ ഒാർമ്മ നഷ്ടപ്പെട്ടുപോകാനോ മാഞ്ഞുപോകാനോ ഇടയാകരുത്. അങ്ങനെസഭയിൽ നമ്മൾ അൽഷിമേഴ്സ് പിടിച്ച പുരോഹിതരായി പോ കും. വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി എഴുതിയ പൗരോഹിത്യത്തിന്റെ മഹത്വമോതുന്ന ""ഉശഴിശ്യേ മിറ ഉൗശേല െീള വേല ജൃശല'െേ' എന്ന പുസ്തകത്തിലെ പ്രതിപാദ്യങ്ങൾ ഇവിടെ വളരെ സ്മരണീയമാണ്. നമ്മുടെ പൗരോഹിത്യജീവിത മഹത്വത്തെക്കുറിച്ചുള്ള ഒാർമ്മ നമ്മെ ഉണർത്തും; നമ്മെ ശക്തരാക്കും. ഇൗ ഒരു അവബോധം നമുക്ക് ഒത്തിരി ശക്തി പകരും. എന്നാൽ ഇന്നത്തെ കാലഘട്ടം പൗരോഹിത്യത്തിന്റെ മഹിമയേയും മഹത്വത്തേയുകാൾ അതിന്റെ കുറവുകളെയും കിഴിവുകളേയും പെരുപ്പിച്ചു കാട്ടി പൗരോഹിത്യത്തെ താറടിക്കാൻ ശ്രമിക്കുന്ന ഒന്നാണ്. എന്നാൽ സ്വർണ്ണത്തിനെത്ര കരിപിടിച്ചാലും കരിപിടിപ്പിച്ചാലും അത് സ്വർണ്ണമല്ലാതായി തീരില്ല. അതുപോലെ ക്രിസ്തുവിന്റെ സഭയിലെ പൗരോഹിത്യം ക്രിസ്തു സ്ഥാപിച്ചതാകയാൽ അതിന്റെ മഹിമ ഒരിക്കലും കെടില്ല, കെടുത്താൻ കഴിയുകയുമില്ല. എന്നാൽ നമ്മൾ പുരോഹിതർ പൗരോഹിത്യമാകുന്ന സ്വർണ്ണത്തിനേറ്റ കരിയും ചാരവുമെല്ലാം അഗ്നിശുദ്ധി ചെയ്തു നീക്കി തിളങ്ങുന്നതാക്കി മാറ്റണം. എങ്കിലേ ക്രിസ്തുവിന്റെ സഭയിലെ പൗരോഹിത്യം തെളി ഞ്ഞു നില്ക്കൂ.

2. യേശുവിന്റെ കാഴ്ചപ്പാടും മനോഭാവവും ജീവിതശൈലിയും പുരോഹിതർ സ്വന്തമാക്കണം

ഒരു പുരോഹിതൻ യേശുവിന്റെ സ്വന്തമായി തീരണമെങ്കിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ സ്വന്തമാക്കണം. അതായത് യേശുവിന്റെ കാഴ്ചപ്പാടുകൾ സ്വന്തമാക്കണം; യേശുവിന്റെ മനോഭാവങ്ങൾ സ്വന്തമാക്കണം; യേശുവിന്റെ ജീവിതശൈലി സ്വന്തമാക്കണം. ഇതായിരിക്കണം ഒാരോ കത്തോലിക്കാ പുരോഹിതന്റെ യും തനിമയും രൂപവും.

യേശുവിന്റെ കാഴ്ചപ്പാടുകൾ അവിടുത്തെ പ്രബോധനങ്ങളാണ്. യേശുവിന്റെ പ്രബോധനങ്ങളിലൂടെയാണ് നാം യേശുവിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നത്. അവ പ്രധാനമായും ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിത്യതയെക്കുറിച്ചുമുള്ള പ്രബോധനങ്ങളാണ്. ഇൗ പ്രബോധനങ്ങൾ മനസ്സിലാക്കി വളരുംന്തോറും നമ്മുടെ കാഴ്ചപ്പാടുകൾ യേശുവിന്റെ കാഴ്ചപ്പാടുകളായി മാറും. ഇൗ കാഴ്ചപ്പാടുകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ദൈവത്തെ പിതാവായി അറിയാനും ഏറ്റു പറയാ നും മനഷ്യരെ സഹോദരങ്ങ ളായി കാണാനും ഏറ്റു പറയാനും പ്രപഞ്ചത്തെ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന വാസഗേഹമായി അംഗീകരിക്കാനും നിത്യജീവിതം നമ്മുടെ ജീവിതലക്ഷ്യവുമായി സ്വീകരിക്കുവാനും ഒക്കെ യേശുവിന്റെ കാഴ്ചപ്പാടുകൾ നമ്മെ സഹായിക്കും. നമ്മൾ ഇൗ കാഴ്ചപ്പാടുകൾ സ്വന്തമാക്കുന്തോറും നമ്മൾ യേശുവിനോട് അത്രമാത്രം താദാത്മ്യപ്പെടും.

യേശുവിന്റെ കാഴ്ചപ്പാടുകൾ സ്വന്തമാക്കാനുള്ളതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവിടുത്തെ മനോഭാവം അഥവാ ഹൃദയം സ്വന്തമാക്കുക എന്നുള്ളത്. യേശുവിന്റെ ഹൃദയം പേറാതെ ഒരു വൈദികനും യേശുവിന്റെ പുരോഹിതനായിരിക്കുക സാധ്യമല്ല. യേശുവിന്റെ ഹൃദയം സ്വന്തമാക്കാത്ത വൈദികരിൽ അവിടുത്തെ ചൈതന്യം സ്പന്ദിക്കില്ല. ആ ഹൃദയത്തിന്റെ ഭാവങ്ങൾ ആ വൈദികരിൽ ഫലം ചൂടില്ല. യേശുവിന്റെ ഹൃദയം സ്വന്തമാക്കിയ അഥവാ യേശുവിന്റെ മനസ്സും മനോഭാവവും സ്വന്തമാക്കിയ വൈദികരിൽ അവിടുത്തെ ഹൃദയത്തിന്റെ ഭാവങ്ങ ളായ കരുണയും സ്നേഹവും സന്തോഷവും സൗമ്യതയും നന്മയും വിശുദ്ധിയും വിശ്വസ്തതയും എല്ലാം അവരുടെ ജീവിതത്തിലൂടെ കവിഞ്ഞൊഴുകും. ഇൗ ഫലങ്ങളിലൂടെ ദൈ വജനം യേശുവിന്റെ പുരോഹിതരുടെ തനിമ തിരിച്ചറിയും. ഇതിനു നിതാന്തമായ പരിശ്രമം ആവശ്യമാണ്. ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ യേശുവിന്റെ ഹൃദയം സ്വന്തമാക്കാൻ നമുക്കു കഴിയില്ല. മറിച്ച്, ഒരു കാലഘട്ടത്തെ പരിശീലനം കൊണ്ടാണ് ഇൗ തലത്തിലെക്കെത്താൻ ഒാരോ പുരോഹിതനും കഴിയുക.

മൂന്നാമതായി യേശുവിന്റെ ജീവിതശൈലികൾ സ്വന്തമാക്കി വൈദികർ വളരണം. യേശുവിന്റെ ജീവിതശൈലികളും പെരുമാറ്റങ്ങളും വൈദികരായ നമ്മുടെ മാതൃകയും മാർഗ്ഗദർശിയുമാകണം. ജീവിതത്തിന്റെ ഒാരോ സാഹചര്യത്തിലും ഇൗശോ എങ്ങനെ പെരുമാറി എന്നതായിരിക്കണം നമ്മുടെ ജീവിതശൈലികൾക്ക് നിദാനം. യേശുവിന്റെ അനുകമ്പയോടെയുള്ള പെരുമാറ്റം, പാപികളോടുള്ള കരുണ, പിതാവിന്റെ കാര്യങ്ങളിലുള്ള തീക്ഷ്ണത, വേദനിക്കുന്നവരോടുള്ള അവിടുത്തെ ദയ എന്നു തുടങ്ങി യേശുവിന്റെ ജീവിതത്തിലെ ഒാരോ സംഭവങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി നാം സ്വീകരിക്കണം. അങ്ങനെ നമുക്ക് നമ്മുടെ കാഴ്ചപ്പാടിലും, മനോഭാവത്തിലും യേശുവിന്റെ സ്വന്തമായി തീരുവാൻ സാധിക്കും. 3. ബോധ്യത്തോടും ബോധത്തോടും കൂടെ പൗരോഹിത്യ ശുശ്രൂഷകൾ പൂർത്തിയാക്കണം

ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതത്തിൽ അവന് ഒത്തിരി ശുശ്രൂഷകൾ നിർവ്വഹിക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആത്മീയ ശുശ്രൂഷയാണ്. പൗരോഹിത്യശുശ്രൂഷകൾ ഏതായിരുന്നാലും അതു വിശുദ്ധ ബലിയർപ്പണമായാ ലും, കൂദാശകളുടെ പരികർമ്മമായാലും, കൂദാശാനുകരണങ്ങളായാലും, ഭക്താനുഷ്ഠാനങ്ങളോ, ആതുര ശുശ്രൂഷയോ എന്തു തന്നെയായാലും അവയെല്ലാം ബോധ്യത്തോടും ബോ ധത്തോടും കൂടെ ചെയ്യുമ്പോൾ അവയെല്ലാം അഭിഷേകമായി മാറും, അഭിഷേകം പകരുന്നതായി മാറും. ഇതിന് രണ്ടു കാര്യങ്ങൾ പുരോഹിതർ ശ്രദ്ധിക്കണം:

1. ചെയ്യുന്ന ശുശ്രൂഷകളെക്കുറിച്ചുള്ള ബോധ്യം ഉണ്ടായിരിക്കണം.
2. ശുശ്രൂഷകൾ നിർവ്വഹിക്കുമ്പോൾ ബോ ധത്തോടെ നിർവ്വഹിക്കണം.

ഒരു പുരോഹിതന് തന്റെ പുരോഹിത ശുശ്രൂഷകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരുപുരോഹിതൻ ബലി അർപ്പിക്കുമ്പോൾ താൻ എന്താണ് പരികർ മ്മം ചെയ്യുന്നതെന്ന ബോധ്യം; ആർക്കാണ് ബലി അർപ്പിക്കുന്നതെന്ന ബോധ്യം; ആരുടെ നാമത്തിലും സ്ഥാനത്തുമാണ് വൈദികൻ ബലി അർപ്പിക്കുന്നത് എന്ന ബോധ്യം; ആർക്കുവേണ്ടിയാണ് അഥവാ എന്തിനുവേണ്ടിയാണ് ബലി അർപ്പിക്കുന്നത് എന്ന ബോധ്യം എന്നു തുടങ്ങി ഒാരോ ശുശ്രൂഷകളെക്കുറിച്ച് ബലിയർപ്പകനായ വൈദികന് ബോധ്യം ഉണ്ടായിരിക്കണം. ഇൗ ബോധ്യം, അവ ന്റെ ശുശ്രൂഷകളെ വളരെ ശക്തമാക്കും എന്നതിൽ സംശയമില്ല.

ശുശ്രൂഷകളെ കുറിച്ചുള്ള ബോധ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബോധത്തോടെയുള്ള ശുശ്രൂഷകളുടെ പരികർമ്മം. ഒാരോ ശുശ്രൂഷകൾ പരികർ മ്മം ചെയ്യുമ്പോഴും താൻ ചെയ്യു ന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധം വൈദികന് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമെ ശുശ്രൂഷകൾ അർത്ഥപൂർണ്ണമായി പൂർത്തിയാക്കാൻ വൈദികനു കഴിയൂ. മാത്രമല്ല ബോധ്യത്തോടും ബോധത്തോടും കൂടെയുള്ള ശുശ്രൂഷകൾ ദൈവജനത്തെയും വിശ്വാസ ബോധ്യത്തി ലേക്കും ബോധത്തിലേക്കും നയിക്കും.

ഇങ്ങനെ തന്റെ വിളിയെക്കുറിച്ചുള്ള ഒാർമ്മയിൽ ഉണർ ന്ന് യേശുവിന്റെ മനസ്സും ഹൃദയവും ജീവിതശൈലിയും സ്വന്തമാക്കി മറ്റൊരു ക്രിസ്തുവായി വളരുന്ന ഒരു പുരോഹിതഗണത്തെയാണ് ദൈവജനത്തിന് ഇന്ന് ആവശ്യം. അതിനാ യി ജനം ദാഹിക്കുന്നു, കാത്തിരിക്കുന്നു, പ്രാർത്ഥിക്കുന്നു. യേശുവിന്റെ സ്വന്തമായി തീരുവാനായി വിളിക്കപ്പെട്ടിരിക്കുന്ന ഒാരോ പുരോഹിതനും യേശുവിനെ സ്വന്തമാക്കാനുള്ള പ്രയാണത്തിലാണെന്ന ബോധ്യത്തോ ടും ബോധത്തോടും കൂടി മുന്നേറുമ്പോൾ ദൈവജനത്തിന് നമ്മിൽ യേശുവിനെ കാണാൻ കഴിയും, നല്ല ഇടയനായ യേശുവിന്റെ സംരക്ഷണയിൽ എന്നപോലെ ദൈവജനം ശാന്തരും സ്വസ്ഥരും ആകും. പൗരോഹിത്യത്തിന്റെ വില ബോധ പൂർവ്വം ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്ന ഇൗ കാലഘട്ടത്തി ലും ക്രിസ്തുവിന്റെ സഭയിലെ പൗരോഹിത്യത്തിന് വിലയും മഹത്വവും ഉണ്ടെന്ന് നമ്മുടെ ജീവിതം വഴി തെളിയിച്ചു കൊടുക്കാൻ നിത്യപുരോഹിതനായ ഇൗശോ എല്ലാ പുരോഹിതരേയും ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

റവ. ഡോ. ജോസ് പുതിയേടത്ത്


Related Articles

Contact  : info@amalothbhava.in

Top