സഭ-ക്രിസ്തുവിന്റെ മുഖം

28,  Sep   

ഒരു പുതുവത്സര സായാഹ്നത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തന്നെ കാണാനെത്തിയവർക്ക് ആശംസകളറിയിച്ചുകൊണ്ട് നീണ്ട തിരക്കിനിടയിലൂടെ കടന്നുപോവുകയാണ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ ചത്വരത്തിൽ മാർപാപ്പയുടെ ദർശനത്തിനായി പോയിട്ടുള്ളവർക്ക് മനസ്സിലാകും തന്നെ കാണാനെത്തിയ ജനസഞ്ചയത്തിലൂടെ മാർപാപ്പ കടന്നു വരുമ്പോൾ പാപ്പാ വിളികളാൽ വികാരമായി മാറുന്ന കാഴ്ച. അപ്രകാരം ജനത്തിരക്കിനിടയിലൂടെ മാർപാപ്പ നടന്നു നീങ്ങുമ്പോഴാണ് ഒരമ്മ തന്റെ കുഞ്ഞിനെ ആശീർവദിക്കുന്നതിനായി മാർപാപ്പയുടെ അടുക്കലേക്ക് വരുന്നത്. ആ കുഞ്ഞിനെ ലാളിക്കുന്നതിനായി ഒരു നിമിഷം മാർപാപ്പ തിരിയുമ്പോൾ പൊടുന്നനെ വേറൊരു സ്ത്രീ മാർപാപ്പയെ തൊടുന്നതിനായി ശ്രമിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ സ്ത്രീ മാർപാപ്പയുടെ കൈയ്യിൽ പിടച്ചുവലിക്കുമ്പോൾ മാർപാപ്പ വിഴാൻ പോകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. വാർദ്ധക്യസഹജവും, ആരോഗ്യപരവുമായ വിഷമതകൾ മൂലമാകാം തെല്ലൊരു അസഹിഷ്ണുതയോടെ മാർപാപ്പ ആ സ്ത്രീയുടെ കൈ തട്ടി മാറ്റുന്നുണ്ട്. പിന്നീടെപ്പോഴോ, മുറിയിൽ വന്ന മാർ പാപ്പ തന്നിൽ നിന്നും അറിയാതെ വന്നുപോയ ആ ചെറിയൊരു വീഴ്ചയുടെ വീഡിയോ കാണുന്നത്. തന്റെ കയ്യിൽ പിടിച്ചു വലിച്ച ആ സ്ത്രീ ആരാണെന്നോ എവിടെ നിന്നാണെന്നോ ആർക്കും അറിയില്ലായിരുന്നു. തന്റെ ഭാഗത്തുനിന്നും പെട്ടെന്നുണ്ടായ ആ ഒരു പ്രതികരണം ആ സ്ത്രീയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം എന്ന് മനസ്സിലാക്കിയ മാർപാപ്പ പിറ്റെ ദിവസം സെന്റ് പീറ്റേഴ്‌സ് ചാപ്പലിൽ പൊതുപ്രാർത്ഥനയ്ക്കിടെ തന്റെ ഭാഗത്തുനിന്നും മറ്റുള്ളവർക്ക് ഉതപ്പിന് കാരണമായ ആ സംഭവത്തെക്കുറിച്ച് വികാരാധീനനായി ഖേദം പ്രകടിപ്പിച്ചു.

"I apologize for the bad example yesterday, sometimes even I lost my patience.''

2013 മാർച്ച് 13-ാം തീയതി പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ലോകജനതയെ ആശീർവദിക്കുന്നതിനു മുമ്പ് ലോകത്തിന് മുമ്പിൽ ശിരസ് നമിച്ചുകൊണ്ടു പറഞ്ഞു, ''നിങ്ങളെ ആശീർവ്വദിക്കാൻ ശക്തി ലഭിക്കുന്നതിനു വേണ്ടി നിങ്ങൾ എന്നെ പ്രാർത്ഥിച്ച്, അനുഗ്രഹിച്ച് ആശീർവ്വദിക്കുവിൻ. തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും നമ്മുടെയൊക്കെ മനസ്സുകളെ കീഴടക്കിയ നമ്മുടെയൊക്കെ ജീവിതങ്ങളിൽ ഒത്തിരിപേരെ സ്വാധീനം ചെലുത്തുന്ന ഒരാളായി ഫ്രാൻസിസ് മാർപാപ്പ മാറിയിരിക്കുന്നു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിലും, പ്രവൃത്തികളിലും ക്രിസ്തുവിനെ ദർശിക്കാൻ കഴിയുന്നുണ്ടെങ്കിൽ, അവിടുത്തെ ജീവിതശൈലികളിൽ യേശുവിന്റെ സാമീപ്യവും, സാന്നിദ്ധ്യവും നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, മാർപാപ്പയുടെ വാക്കുകളിലും പ്രവൃത്തികളിലും ഓജസ്സും, തേജസ്സും മങ്ങാത്ത കർത്താവിന്റെ കരുണയുടെ മുഖം നമുക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ, ജീവിതം നല്കിയ ആഡംബരങ്ങളും, ആഘോഷങ്ങളും ഉപേക്ഷിച്ച് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്താൻ മാർപാപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് താൻ അലങ്കരിക്കുന്ന കത്തോലിക്കാ സഭയുടെ മുഖം ക്രിസ്തുവിന്റെ മുഖം ആണ് എന്ന അദ്ദേഹത്തിന്റെ വലിയ മനസ്സാണ്.

ജറുസലേമിലേക്കുള്ള കർത്താവിന്റെ രാജകീയ പ്രവേശനത്തിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം നിർദ്ദേശിച്ചയയ്ക്കുന്നുണ്ട്. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്ക് പോകുവിൻ, അവിടെ ഒരു കഴുതയെയും, അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ട് വരുവിൻ. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ ''കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക'' (മത്താ. 21:23). കർത്താവ് തള്ള കഴുതയെ മാത്രമല്ല കൂടെയുള്ള കഴുതകുട്ടിയെയും കൂടി അഴിച്ചുകൊണ്ടു വരാൻ പ്രത്യേകം നിർദ്ദേശം നല്കുന്നുണ്ട്. അതായത് തന്റെ രാജകീയ പ്രവേശം, ജറുസലേം യാത്ര തന്റെ അമ്മയെ നഷ്ടപ്പെട്ട ദുഃഖത്താൽ വേദനിക്കുന്ന ഒരു കഴുതകുട്ടിയുടെ നിലവിളിക്ക് പോലും കാരണമാകരുതെന്ന് അവിടുത്തേക്ക് നിർബന്ധമുണ്ടായിരുന്നു. താൻ മൂലം തന്റെ ഒരു പ്രവൃത്തിമൂലം ഒരു കഴുതകുട്ടിേപാലും വേദനിക്കാനറക്കുന്ന കർത്താവിന്റെ ആ വലിയ മനസ്സ് - സമൂഹത്തിലെ നിസ്സാരവത്കരിക്കപ്പെട്ടവരിലേക്ക് പോലുമുള്ള കർത്താവിന്റെ കരുണയും, കരുതലും വ്യക്തമാക്കുന്നതാണ്.

നല്ല സമരിയാന്റെ ഉപമയിൽ യേശു പുരോഹിതനെയും ലേവായനെയും വിധിക്കുന്നതിനുള്ള ഏകകാരണമായി പറയുന്നത് സാബത്തിനെയും, അനുഷ്ഠാനങ്ങളെയും മുറുകെപിടിച്ച് മരണാസന്നനായി പെരുവഴിയിൽ കിടന്ന തന്റെ സഹോദരനെ ഉപേക്ഷിച്ചതാണ്. ബലിയർപ്പിക്കുന്നതിനു മുമ്പ് രക്തമോ, മൃതശരീരമോ സ്പർശിക്കരുത് എന്ന മതനിയമത്തെ അവർ ഒരുപകാരമാക്കി മാറ്റിയപ്പോൾ അർദ്ധപ്രാണനായി മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന തങ്ങളുടെ സഹോദരനെ അവർ മറന്നു പോയി. മതത്തെയും, മതാനുഷ്ഠാനങ്ങെളയും ഒരു വികാരമാക്കി മാറ്റുമ്പോൾ മതനിയമങ്ങൾ ദൈവനിയമത്തെക്കാൾ വലുതായി മാറുന്നു. മതവും, മതാനുഷ്ഠാനങ്ങളുമെല്ലാം നമ്മെ നയിക്കേണ്ടത് ഈശോ നമുക്ക് പകർന്നു തന്ന കരുണയുടെ മഹാസമുദ്രത്തിലേക്കാണ്. മതത്തിന്റെ ആചാരത്തെക്കാളും, അനുഷ്ഠാനത്തെക്കാളും അതിന്റെ ആന്തരിക ചൈതന്യത്തിന് വില നല്കുവാൻ നമുക്ക് സാധിക്കണം.

ക്രിസ്തുവും ക്രിസ്തുശിഷ്യരും വചനം പ്രസംഗിച്ചും, ജീവിച്ചും യാത്ര ചെയ്യുന്നതിനിടയിൽ ക്രിസ്തുശിഷ്യന്മാർ വിശന്നപ്പോൾ കൈകഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിച്ചു. മോശയുടെ കാലം മുതൽ യഹൂദർ പാലിക്കുന്ന നിയമമാണ് കൈകഴുകി ഭക്ഷണം കഴിക്കുക എന്നത്. കൈ ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്ന ശിഷ്യന്മാരെ ചൂണ്ടി നിയമജ്ഞരും ഫരിസേയരും ചോദിക്കുന്നു, ''നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരമ്പര്യത്തിനെതിരായി അശുദ്ധമായ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നു.'' യേശു പറയുന്നു, കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചിരിക്കുന്നു. ''ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് ഒത്തിരിയേറെ അകലെയാണ്' (മർക്കോ. 7:6). പാരമ്പര്യങ്ങളെയും, നിയമങ്ങളെയും മുറുകെപിടിക്കുന്ന കപടനാട്യക്കാരാകാതെ, മതനിയമങ്ങളെക്കാൾ ദൈവത്തിന്റെ നിയമങ്ങൾക്ക് വിലകല്പിക്കുന്ന മനുഷ്യരാകാൻ അവിടുന്ന് ആവശ്യപ്പെടുന്നു. പാരമ്പര്യങ്ങളും, മതനിയമങ്ങളും ഒരിക്കലും വേണ്ട എന്ന് നമ്മോട് പറയുന്നില്ല. മറിച്ച് നാം ഒരിക്കലും അവയുടെ അടിമകളായിരിക്കരുതെന്ന് അവിടുന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.

യഹൂദ നിയമപ്രകാരം ചെയ്യാൻ പാടില്ലാത്ത പലതും അറിഞ്ഞുകൊണ്ട് തെറ്റിച്ചവനാണ് യേശു. വിശക്കുന്ന ശിഷ്യന്മാരുടെ മുമ്പിൽ നിയമം പാലിക്കുന്ന കാർക്കശ്യക്കാരനെക്കാൾ അനുകമ്പ കാണിക്കുന്ന മനുഷ്യനാകുകയാണ് ക്രിസ്തു ചെയ്തത്. നന്മ ചെയ്യുന്നതിന് നിയമം ഈശോയ്ക്ക് ഒരു തടസ്സമായിരുന്നില്ല. നിയമത്തിന്റെയും പാരമ്പര്യങ്ങളുടെയും കുത്തും, കോമയും നോക്കി കുറ്റം വിധിച്ചവരോട് നിയമങ്ങൾ വിധിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണെന്ന് ഈശോ പറയുന്നു.
പാപികളോടൊത്ത് ഭക്ഷണം കഴിച്ചവനാണ് യേശു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെപ്പോലും ആശ്വസിപ്പിച്ചുകൊണ്ട് സമാധാനത്തോടെ പറഞ്ഞയച്ചവനാണ് അവിടുന്ന്. പത്രോസ് തന്നെ തള്ളി പറയും എന്നറിഞ്ഞിട്ടും, യൂദാസ് തന്നെ ഒറ്റിക്കൊടുക്കും എന്നറിഞ്ഞിട്ടും അവരുടെ പാദങ്ങൾ കഴുകി, തന്റെ ശരീര രക്തങ്ങൾ അവർക്ക് പകുത്ത് നല്കിയവനാണ് നമ്മുടെ യേശു. മുപ്പത് വെള്ളികാശിന് തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെ 'സ്‌നേഹിതാ' എന്നു വിളിച്ചുകൊണ്ട് ആശ്ലേഷിച്ചവനാണ് അവിടുന്ന്. കുരിശിൽകിടന്ന് വേദനയാൽ പിടയുമ്പോൾ പോലും തന്നെ ക്രൂശിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചവനും, അവരോട് ക്ഷമിച്ചവനുമാണ് ക്രിസ്തു. ഈ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ, അനുകമ്പയുടെ, ക്ഷമയുടെ, സമാധാനത്തിന്റെ, സഹിഷ്ണുതയുടെ വികാരങ്ങളല്ലേ സഭാ മക്കളായ നമ്മളും കാണിക്കേണ്ടത്?

നാം പങ്കെടുക്കുകയും, അർപ്പിക്കുകയും ചെയ്യുന്ന ബലികളിൽ ക്രിസ്തുവിന്റെ സ്‌നേഹവും, കാരുണ്യവും വിഭജിക്കപ്പെടട്ടെ. നമ്മുടെ വാക്കുകളിൽ ക്രിസ്തുവിന്റെസുവിശേഷം വിഷയീഭവിക്കട്ടെ. നമ്മുടെ പ്രവൃത്തികളിൽ ക്രിസ്തുവിന്റെ ശീലങ്ങൾ പ്രകടമാകട്ടെ. നാം അലങ്കരിക്കുന്ന സ്ഥാനങ്ങളിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യവും, സമാധാനവും മറ്റുള്ളവർക്ക് അനുഭവപ്പെടട്ടെ. എല്ലാറ്റിലുമപുരി, മതനിയമങ്ങളെക്കാൾ, പാരമ്പര്യങ്ങളെക്കാൾ ക്രിസ്തുവിന്റെ നന്മയുടെ അംശങ്ങൾ നമ്മിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകാതിരിക്കട്ടെ... തന്റെ സഭാ മക്കളെ നോക്കി അവിടുന്ന് ഒരിക്കലും പറയാതിരിക്കട്ടെ, ''ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ ഇവരുടെ ഹൃദയം എന്നിൽ നിന്ന് ഒത്തിരിയേറെ അകലെയാണ്' (മർക്കോ. 7:6).

ഫാ. ഡോ. ജോബി മലമേല്‍ സിഎം.ഐ.


Related Articles

മയിലിന്റെ ഹർജി

വിചിന്തിനം

Contact  : info@amalothbhava.in

Top