സിജോ പൈനാടത്ത് അറിയാത്ത കുറ്റങ്ങള്‍ നിരയായ് ചുമത്തി പരിശുദ്ധനായ നിന്നില്‍ കൈവല്യ താതാ നിന് കാരുണ്യം കൈക്കോണ്ടോര് കദനത്തിലാഴ്ത്തി നിന്നെ… കളിച്ചു നടന്ന വീടിനുള്ളിലെ ഭിത്തികളിലൊന്നിലേക്കാണ് അവനെ അയാള്‍ കല്ലെറിയും പോലെ വലിച്ചെറിഞ്ഞത്. തലയോട്ടി തകര്‍ന്ന ഏഴു വയസുകാരന്റെ നിശബ്ദമായ നിലവിളി ഈ നോമ്പുകാലത്തു മലയാളിയുടെ സങ്കടക്കാഴ്ചയാണ്. ജ്യേഷ്ഠന്റെ ചോരത്തുള്ളികള്‍ നിഷ്കളങ്കമായ കണ്ണുനീരില്‍ തുടച്ച കൊച്ചനുജനുമുണ്ട് ആ കുരിശിന്റെ വഴിയില്‍! ഓരോ പീഡനത്തിനും ഓരോ കാരണങ്ങളുണ്ട്. സമാധാനത്തിന്റെ വഴിയിലൂടെ സ്വാതന്ത്ര്യത്തിന്റെ പുലരി സഫലമാക്കിയതായിരുന്നു ഗാന്ധിജിക്കുമേല്‍ പതിച്ച വെടിയുണ്ടകള്‍ക്കു കാരണം. കാലങ്ങളായി ചൂഷണത്തിന്റെ കയ്പുനീര് കുടിച്ചു തളര്‍ന്നൊരു ജനതയെ സാധാരണജീവിതത്തിലേക്കു കൈപിടിച്ചതാണു റാണി മരിയ എന്ന സന്യാസിനിയില്‍ ചൂഷകര്‍ കണ്ട കുറ്റം. കുഞ്ഞനുജന്റെ മൂത്രം തുടച്ചില്ലെന്നതായിരുന്നു തൊടുപുഴയിലെ ഏഴു വയസുകാരനെ നിര്‍ദയം അക്രമിക്കാന്‍ ഒരു നരാധമന് കണ്ട കാരണം. അക്രമങ്ങളുടെയും അതിനു നിരത്തിയ വിചിത്രമായ കാരണങ്ങളുടെയും കഥകള്‍ തുടരുന്നു. സ്നേഹം കുറ്റമായി വിധിക്കപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ വലിയ നീതികേടിന്റെ വിചാരണ കൂടിയാണു നോമ്പുകാല സ്മൃതികളുടെ ഉള്ളടക്കം. അപരന്റെ കണ്ണുനീര് തുടച്ചതായിരുന്നു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു ഗാഗുല്ത്തായില് കുരിശിലേറ്റപ്പെടാന്‍ ആ മനുഷ്യനില്‍ കണ്ടെത്തിയ കുറ്റം. അറിയാത്തതും കുറ്റങ്ങളല്ലാത്തതും കുറ്റങ്ങളായി നിരത്തപ്പെട്ടു കുരിശു ചുമക്കാനും കാല്‍വരി കയറാനും തല തകര്‍ക്കപ്പെടാനും വിധിക്കപ്പെടുന്നവരില്‍ ക്രിസ്തുവുണ്ടാകും. കുരിശിലും കലിപ്പു തീരാതെ വിചാരണാനന്തരം അവന്റെ ചോരയ്ക്കായി മുറവിളി കൂട്ടിയവരുടെ 'കലിപ്പ്' കുരിശിലേറ്റിയിട്ടും തീരുന്നില്ലെന്നു നാം കാണുന്നുണ്ട്. വിലാപ്പുറത്തു കുത്തുന്നതിലും മീറ കലര്‍ത്തിയ വീഞ്ഞു നല്‍കുന്നതിലും കാവലേര്പ്പെടുത്തുന്നതിലുമെല്ലാം അടങ്ങാത്ത കലിപ്പിന്റെ പ്രകാശനങ്ങളുണ്ട്. അക്രമികളുടെ കളങ്കിത മനസുകളില്‍ നിന്നാണ് അവനു കുരിശ് എന്ന ശിക്ഷ രൂപപ്പെട്ടത്. അപരനെ സ്നേഹിച്ചതിനും സ്നേഹിക്കാന്‍ പഠിപ്പിച്ചതിനും അപമാനത്തിന്റെ ചിഹ്നമായ കുരിശ് തന്നെയാകട്ടെ ശിക്ഷ! ക്രിസ്തു കുരിശിലേറ്റപ്പെടുമ്പോള്‍ കാഴ്ചക്കാരനായിരുന്ന ശതാധിപനു മാത്രമല്ല, കുരിശിനുമുണ്ടാകുന്നുണ്ടു മാനസാന്തരം. അപമാനിച്ചതിന്റെ പ്രതീകം രക്ഷയുടെ പ്രതീകമാകുന്നു. അക്രമത്തിന്റെ ചിഹ്നം അക്രമരാഹിത്യത്തിന്റേതാകുന്നു. വിചാരണവേദിയിലേക്കെത്തും മുമ്പേ അക്രമത്തിനെതിരെ ശബ്ദിക്കുന്ന ക്രിസ്തുവിനെ കാണുന്നുണ്ട്. വാള് ഉറയിലിടുക, വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും (മത്താ. 26:51-52). പ്രധാന പുരോഹിതന്റെ സേവകന്റെ ചെവി ഛേദിച്ച ശിഷ്യനെ ശാസിച്ചുകൊണ്ടുള്ള ഈ വാക്കുകള്‍, ആഴത്തില്‍ ഇന്നു ധ്യാനിക്കപ്പെടേണ്ടതുണ്ട്. അക്രമത്തില്‍ അഭയം കണ്ടെത്തി അപരനെ ജയിക്കാന്‍ ശ്രമിക്കുന്നവരോട് ആ ശാസനാ വാക്കുകള്‍ ഇന്നും പറയുന്നുണ്ടവന്‍. ഒരു കുരിശില്‍ തറച്ചിട്ടിട്ടും കലിപ്പു തീരാതെ കുരിശുകൂട്ടങ്ങളുമായി പിന്നാലെ പാഞ്ഞടുക്കുന്നവര്ക്കു കാല്‍വരിയിലെ കുരിശിനെ പുല്കാനാവുമോ? തോറ്റ വിചാരം, ജയിച്ച വികാരം കുരിശിന് അക്രമരാഹിത്യത്തിന്റെ മുഖപ്പകര്‍ച്ച നല്കിയവന്റെ കൈപിടിച്ചാവണം ജീവിതത്തില്‍ നമ്മുടെ കുരിശിന്റെ വഴികളിലെയും സഞ്ചാരം. പ്രതിപക്ഷ ബഹുമാനത്തോടും ധീരതയോടും സമചിത്തതയോടും വിചാരണ നിമിഷങ്ങളെ സമീപിച്ച ക്രിസ്തുവിനെ കണ്‍തുറന്നു കാണണം, ചെവിയോര്‍ത്തു കേള്‍ക്കണം, ഹൃദയം തുറന്നു ധ്യാനിക്കണം. ഭാരമുള്ള കുരിശ് തോളിലിരിക്കുമ്പോഴും കാല്‍വരിയാത്രയില്‍ അവന് പകര്‍ന്ന ആശ്വാസത്തിന്റെ ഈണം നുകര്‍ന്നവര്‍ (ലൂക്കാ 23:27-31) എത്രയോ പേര്. മലയിലെ പ്രസംഗത്തില്‍ (മത്താ. 5:21-26) മാത്രമല്ല, മലയില്‍ കുരിശിലേറ്റപ്പെട്ടപ്പോഴും അവന് പകര്‍ന്നതു ശാന്തിയുടെയും സംയമനത്തിന്റെയും സുവിശേഷമായിരുന്നു. അടങ്ങാത്ത നെരിപ്പോടുകള്‍ നെഞ്ചിലേറ്റി വിഷയങ്ങളെ വൈകാരികമായി സമീപിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കാലത്തോടു കാല്‍വരിയിലെ കുരിശും ക്രൂശിതനും ശാന്തമായി കലഹിക്കുന്നുണ്ട്. ക്രിസ്തീയത പ്രസംഗിക്കുമ്പോഴും വൈകാരിക പ്രതികരണത്തിന്റെ ശൈലികളെ പുണരുന്നവരോടാണ് ആ കലഹം. ക്രിസ്തുവിനെപ്രതി നമുക്കുണ്ടായിരുന്ന ഊഷ്മളബന്ധങ്ങളെ, വൈകാരിക സമീപനങ്ങള്‍ വല്ലാതെ ഉലച്ചോ? കുടുംബത്തിലും, സഭയിലും, സമൂഹത്തിലും ഊഷ്മളസ്നേഹത്തോടുള്ള ഉപേക്ഷകളില്‍ ക്രൂശിതന് വിലപിക്കുന്നുണ്ടാവണം: 'ഏല് ഏല് ല്മാ സബക്ഥാനി' സ്നേഹത്തിന്റെ മേശയ്ക്കു ചുറ്റുമിരുന്ന് ഉള്ളുതുറന്നുള്ള പങ്കുവയ്ക്കലുകളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെ നിയമസങ്കീര്ണതകളുടെ മേശപ്പുറങ്ങളിലേക്കു തള്ളിയിടുന്നവരോടു, വാള് ഉറയിലിടാന്‍ തന്നെയാണു ക്രിസ്തു പറയുന്നത്. ചാട്ടവാറെടുത്ത ക്രിസ്തുവിനെ നിരന്തരം അടിവരയിട്ട് ആവേശത്തോടെ പ്രസംഗിക്കുന്നവര്‍, അനന്തരം ചാട്ടവാര്‍ മടക്കിവച്ചു ക്ഷമയുടെ സ്നേഹം വിളമ്പിയ ക്രിസ്തുവിനെ ശാന്തമായി പകര്‍ന്നു കൊടുക്കാന്‍ മറന്നു പോകുന്നതിലുമുണ്ടു ദുരന്തം! ക്രിസ്തുവിനെയും ക്രിസ്തുപാഠങ്ങളെയും സമഗ്രമായി കാണാന്‍ സാധിക്കുന്നതാവട്ടെ പീഡാനുഭവ സ്മൃതിയാചരണം. ആള്‍ക്കൂട്ടത്തിന്റെ അവസ്ഥാന്തരം കസന്‍ദ്സാക്കിസിന്റെ 'അന്ത്യപ്രലോഭന'ത്തില്‍ വ്യഭിചാരിണിയെ കല്ലെറിയാന്‍ കൊണ്ടുവരുന്ന രംഗം ശ്രദ്ധേയമാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ കസന്‍ദ്സാക്കിസിനു മഗ്ദലേനമറിയമാണ്. അവളെ യേശുവിന്റെ അടുക്കലേക്കു കൊണ്ടുവരുന്ന ആള്‍ക്കൂട്ടത്തില്‍ യൂദാസും ബറാബാസും സെബദിയുമുണ്ട്. നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നു ക്രിസ്തു. ഏറെപ്പേരും കല്ലു താഴെയിട്ടു പിന്‍വാങ്ങി. എനിക്കു പാപമില്ല, ഞാന്‍ കല്ലെറിയുമെന്ന് ആക്രോശിച്ച് സെബദി ബറാബാസില് നിന്നു കല്ലു വാങ്ങി മുന്നോട്ടേക്ക്. ആള്‍ക്കൂട്ടത്തിന്റെ ചൂണ്ടുവിരലുകള്‍ സെബദിക്കു നേരെ ഉയരുന്നു. നീ ദരിദ്രരുടെ സ്വത്തുക്കള്‍ അപഹരിച്ചില്ലേ? വിധവയെ ബലാല്‍സംഗം ചെയ്തില്ലേ?… കുറ്റങ്ങളുടെ പട്ടികയില്‍ തട്ടി സെബദി നിലംപതിച്ചു. ബറാബാസ് യേശുവിന്റെ കരണത്തടിച്ചു. മറ്റേ കരണം കൂടി കാട്ടിക്കൊടുത്ത് യേശു. ഇതു യൂദാസില്‍ മാനസാന്തരമുണ്ടാക്കുന്നു. അയാള്‍ യേശുവിനെ അനുഗമിക്കുന്നു… നോവല്‍ തുടരുന്നു. ക്രിസ്തുവിനെ വിചാരണ ചെയ്യുമ്പോഴും കുരിശിന്റെ വഴിയിലേക്കു പറഞ്ഞു വിടുമ്പോഴും ചുറ്റുമുണ്ടായിരുന്നവരുടെ വിചാരങ്ങളും വാക്കുകളും കാലികചിന്തകളോടെ ധ്യാനിക്കേണ്ടതുണ്ട്. ഓശാന പാടിയവര്‍ (മത്താ. 21:9) കൊലവിളി നടത്തുന്നതില്‍ (ലൂക്കാ 23:21) ആള്‍ക്കൂട്ടത്തിന്റെ അസ്ഥിര സ്വഭാവം പ്രകടമാണ്. ദേവാലയത്തില്‍ കുരിശിനെ കുമ്പിടുകയും തെരുവില്‍ അപരനെ കുരിശിലേറ്റാന്‍ കൊലവിളി നടത്തുകയും ചെയ്യുന്നതിലെ വൈരുധ്യം 'സഭയിലെ പടയാളികളെ' ആകുലപ്പെടുത്തണം. കണ്ണിലെ കരടിന്റെയും തടിക്കഷണത്തിന്റെയും ഓര്‍മപ്പെടുത്തലിലെ (ലൂക്കാ 6: 37-42) സുവിശേഷവെട്ടം ആത്മാവില്‍ തെളിയിച്ചുവച്ചു വായിക്കണം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും ആള്‍ക്കൂട്ടങ്ങളുടെ അസ്ഥിരവിചാരണ വിശേഷങ്ങള്‍ പുതു രൂപഭാവങ്ങളില്‍ അരങ്ങു തകര്‍ക്കുന്ന കാലമാണിത്. നാലാളുകള്‍ കൂടുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ വിധിതീര്‍പ്പായി മാറുന്ന ദുര്യോഗം. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ക്ക് ആസൂത്രിത സ്വഭാവം കൂടിയാവുമ്പോള്‍ ആള്‍ക്കൂട്ട വിചാരണകള്‍ പൂര്‍ണം! ഫ്രാന്‍സിസ് പാപ്പ നല്കിയ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (Gaudete et Exsultate) എന്ന പ്രബോധനത്തിന് 2019 ഏപ്രില്‍ ഒമ്പതിന് ഒരു വയസ്. ഇതില്‍ വാക്കുകള്‍കൊണ്ടുള്ള അക്രമത്തെ (Verbal Violence) പാപ്പ വിമര്‍ശന വിധേയമാക്കുന്നുണ്ട്. സഭാ, സാമൂഹ്യ മേഖലകളിലും സമൂഹമാധ്യമങ്ങളിലും വാക്കുകള്‍ കൊണ്ടുള്ള അക്രമങ്ങളും ആത്മസുഖാചരണത്തിനായുള്ള സൈബര്‍ വിചാരണകളും അവിരാമം തുടരുമ്പോള്‍ കുരിശില്‍ നിന്നുള്ള വിചാരധാരകള്‍ വെളിച്ചമാകട്ടെ. നിഷ്കളങ്കമായ തലകള്‍ തകര്‍ക്കപ്പെടുന്നതു മാത്രമല്ല, തകര്‍ച്ചയുടെ വിഷബീജങ്ങള്‍ തലകളിലേക്കു കുത്തിവയ്ക്കുന്നതും പീഡാനുഭവ സ്മൃതിയാചരണങ്ങളിലൂടെ തുടച്ചുനീക്കപ്പെടേണ്ടതുണ്ട്.
വിശുദ്ധരുടെ ജീവിതകഥകൾ
യൗസേപ്പിതാവിനോടുള്ള ലുത്തിനിയ
പ്രശ്നവും പരിഹാരവും