വിശുദ്ധ യൗസേപ്പ് അതിജീവനത്തിന്റെ മദ്ധ്യസ്ഥൻ | തെരേസാ സെബാസ്ററ്യൻ

28,  Sep   

ആമുഖം
ബൈബിളിലൂടെയുള്ള അനസ്യൂതമായ തീർത്ഥയാത്രയ്ക്കിടയിൽ 'ജോസഫ്' എന്ന പേരിൽ മൂന്നു വ്യക്തികളെ നാം കണ്ടുമുട്ടുന്നു; നന്മ നിറഞ്ഞ മൂന്നു വ്യക്തിത്വങ്ങൾ. ഈജിപ്തിൽ ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ, അഭിനന്ദനവും അധികാരവും നേടി, തന്റെ രാജ്യത്തെയും അയൽ രാജ്യത്തെയും വറുതിയുടെ കാലത്ത് സംരക്ഷിച്ച ജോസഫ്; യാക്കോബിന്റെ മകൻ. സ്വപ്നത്തിലൂടെ ദൈവസന്ദേശം സ്വീകരിച്ച് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിക്കുറിച്ച ദാവീദ് വംശജനായ ജോസഫ്; യേശുവിന്റെ വളർത്തു പിതാവ്. 'തിരുമുറിപ്പാടുകൾ വച്ചു കെട്ടിപ്പൊതിഞ്ഞ്, പൊന്നുപോലെ' തന്റെ ഹൃദയത്തിലും തനിക്കായി വാങ്ങി സൂക്ഷിച്ച കല്ലറയിലും യേശുവിനെ നിക്ഷേപിച്ച അരമത്യക്കാരൻ ജോസഫ്.
കത്തോലിക്കാവിശ്വാസത്തിൽ വളരുന്ന ഓരോ കുട്ടിയുടേയും മനസ്സിൽ യൗസേപ്പിതാവിന്റെ സജീവ രൂപം നിലനിൽക്കുന്നു. മാതാപിതാക്കൾ കഥയായി പറഞ്ഞു കൊടുത്ത വിശ്വാസ സത്യങ്ങളിലൂടെയും, സ്വന്തം വീടിന്റെ ചുമരുകളിൽ അവർ കാണുന്ന ആ നല്ല അപ്പന്റെ ചിത്രങ്ങളിലൂടെയുമാണ് യൗസേപ്പിതാവ് അവരിൽ സജീവമാകുന്നത്. പൂക്കൾ നിറഞ്ഞ വടിയുമായി നിൽക്കുന്ന വിവാഹചിത്രം, കഴുതപ്പുറത്തിരിക്കുന്ന പരിശുദ്ധ കന്യകയെ ബെത്‌ലഹെമിലേയ്ക്കു നയിക്കുന്ന യൗസേപ്പ്, പുൽക്കൂട്ടിൽ ഉണ്ണിയെ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന പിതാവ്, ഉണ്ണിയെ കൈകളിലെടുത്ത അപ്പൻ, പീഠത്തിൽ നിൽക്കുന്ന കുഞ്ഞിനെ ഓമനിക്കുന്ന അച്ഛൻ, പഴങ്ങൾ നിറഞ്ഞ കുട്ടയുമായി തോളിൽ മഴുവുമായി വീട്ടിലെത്തുന്ന കുടുംബനാഥൻ, പണിശാലയിലെ തച്ചൻ, മാറാപ്പിൽ തല ചായ്ച്ചുറങ്ങുന്ന യാത്രക്കാരൻ, തിരുക്കുടുംബത്തിന്റെ നാഥൻ, അവസാനം യേശുവിന്റെ നെഞ്ചോടു ചേർന്ന് പ്രാണൻ വെടിയുന്ന വിശുദ്ധൻ. കുഞ്ഞു മനസ്സുകളിൽ പതിയുന്ന ഈ ചിത്രങ്ങളോരോന്നും വിശുദ്ധ യൗസേപ്പിന്റെ ദൗത്യവും സമർപ്പണവും വ്യക്തമാക്കുന്നു.

ജോസഫ് എന്ന പേര്
ഹീബ്രു ഭാഷയിൽ 'യോസെഫ്' എന്നും സുറിയാനിയിൽ 'ഈസപ്പ്' എന്നും ഉച്ചരിക്കുന്ന 'യൗസേപ്പ്' എന്ന പേരിന് വിശിഷ്ടമായ അർത്ഥങ്ങളാണുള്ളത്. വളരുക, വളർത്തുക, പെരുകുക എന്നൊക്കെ. അതെ, ജോസഫ് സ്വയം വിനീതനായപ്പോൾ വളരുകയായിരുന്നു. വിശ്വാസികളുടെ ഹൃദയത്തിൽ വന്മരമായി, തണൽമരമായി വളർന്നു. ജോസഫ് ആരേയും തളർത്തുന്നവനല്ല; വളർത്തുകയായിരുന്നു. മഞ്ഞുപോലെ നിർമ്മലയായ വിശുദ്ധ കന്യകയുടെ മാനത്ത്; ഒപ്പം തന്റെ കൈയ്യിൽ നിധിപോലെ വന്നു ഭവിച്ച മനുഷ്യ രൂപമുള്ള ദൈവപുത്രനെ. അതാണ് വിശുദ്ധ ജോസഫ്.

ജോസഫോളജി
ക്രിസ്തുവിനെക്കുറിച്ചുള്ള വിജ്ഞാനം 'ക്രിസ്റ്റോളജി' എന്നും മറിയത്തെക്കുറിച്ചുള്ള പഠനം 'മരിയോളജി' എന്നും പ്രസിദ്ധി നേടിയിട്ടുണ്ട്. ജോസഫിനെക്കുറിച്ചുള്ള പഠനമാണ് 'ജോസഫോളജി' എന്നറിയപ്പെടുന്നത്. വി. ജോസഫിന്റെ ജീവിതം, ചരിത്രം, ദൗത്യം, നിലപാടുകൾ ഇവയെക്കുറിച്ചുള്ള അന്വേഷണമാണ് ജോസഫോളജി.

പരിത്രാണ കർമ്മത്തിൽ ജോസഫിന്റെ പങ്ക്
അരൂപിയായ ദൈവം മാംസം ധരിച്ച് മനുഷ്യനായപ്പോൾ മനുഷ്യന്റെ പങ്കാളിത്തം ആവശ്യമായിരുന്നു. ദൈവപിതാവിന്റെ സ്ഥാനത്ത് രക്ഷകന്റെ സംരക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട വളർത്തുപിതാവാണ് ജോസഫ്. സ്വപ്നത്തിൽ ലഭിച്ച നിയോഗം ഏറ്റെടുത്തതിലൂടെ 'ഇതാ കർത്താവിന്റെ ദാസൻ' എന്ന് യൗസേപ്പ് ഹൃദയത്തിൽ ഉരുവിടുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്കു വി പരീതമായി ദൈവത്തിന്റെ നിർദ്ദേശം വന്നു ചേർന്നപ്പോൾ ആ നിശ്ചയത്തെ വിലങ്ങനെ വച്ച് കുരിശ് നിർമ്മിച്ച് അത് സ്വയം വഹിക്കാൻ ജോസഫ് സന്നദ്ധനായി. തിരുപ്പിറവി, ഹേറോദേസിൽ നിന്നുള്ള രക്ഷപ്പെടൽ, കാണാതായ യേശുവിനെ അന്വേഷണം തുടങ്ങിയ അവസരങ്ങളിലെല്ലാം ജോസഫിന്റെ നിർണ്ണായകമായ ഇടപെടൽ നാം കാണുന്നു.

യേശുവിന്റെ വളർത്തപ്പൻ
ദൈവപിതാവിന് രൂപവും ഭാവവും നൽകി വളർത്തുപിതാവി ന്റെ സ്ഥാനം നൽകി, പിതാവായ ദൈവം യൗസേപ്പിനെ അംഗീകരിക്കുകയാണു ചെയ്തത്. ദൈവപുത്രന്റെ കരംപിടിച്ചു നടത്തിയ, നെഞ്ചിലെ ചൂടിൽ കുഞ്ഞിനെ പരി പാലിച്ച പിതാവ് എന്ന നിലയിൽ ജോസഫ് അനുഗൃഹീതനായി. തന്റെ രക്ഷാകര ദൗത്യത്തിലേയ്ക്കും കുരിശിലെ ബലിയിലേയ്ക്കും, ഈ മനുഷ്യതാതന്റെ കൈപിടിച്ചാണ് യേശു യാത്ര തുടങ്ങിയത്. ലോകത്തിന്റെ അപ്പമാകാൻ വന്നവന് അപ്പം നൽകിയതും അപ്പമായിത്തീർന്നതും ഈ വളർത്തപ്പൻ തന്നെ. ഭൂമിയിലെ അജഗണത്തിന്റെ ഇടയന് കാവൽ നിന്നത് ഈ വളർത്തുപിതാവു തന്നെ. ജോസഫിനെ വളർത്തുതാതനായി ലഭിച്ചതിനാലാണ് യേശു 'ദാവീദിന്റെ പുത്രൻ' എന്നറിയപ്പെട്ടത്. 'തച്ചന്റെ മകൻ' എന്ന വിളിപ്പേരിനു പിന്നിലും ജോസഫ് എന്ന തച്ചന്റെ നക്ഷത്രത്തിളക്കമാണ് കാണുന്നത്. അങ്ങനെയുള്ള വിളിപ്പേരുകളെ അപമാനമായി കാണുന്ന ഒരു തലമുറ നമുക്കു ചുറ്റും നിലനിൽക്കുന്നുവെന്ന സത്യം നാം മറന്നുകൂടാ.
പിതൃത്വത്തിന് ആത്മീയത പകർന്ന പിതാവാണ് ജോസഫ്. നീതിമാന്മാരായ പിതാക്കന്മാരുടെ സംരക്ഷണത്തിലാണ് ഹൃദയവി ശുദ്ധിയുള്ള മക്കൾ വളർന്നുവരുന്നത്. അവർ മക്കളുടെ ശാരീരിക സംരക്ഷകർ മാത്രമായി ചുരുങ്ങിപ്പോകുന്നില്ല. മക്കളെ ദൈവത്തിലേയ്ക്ക്, വിശുദ്ധിയിലേയ്ക്ക്, നയിക്കാൻ അവർ പ്രാപ്തിയുള്ളവരാണ്. ദൈവത്തിന്റെ തീരുമാനങ്ങൾക്ക് സമ്മതം കൊടുക്കുമ്പോഴാണ് നല്ല അപ്പന്മാരും അവരിലൂടെ നല്ല മക്കളും രൂപപ്പെടുന്നത്.

തിരുക്കുടുംബത്തിലെ കാവൽ മരം
ഓരോ കുടുംബവും ദൈവത്തിനു ജീവിക്കാൻ ദൈവം തന്നെ രൂപപ്പെടുത്തുന്നതാണ്. എന്നാൽ ഭൂമിയിൽ ഒരു കുടുംബത്തിൽ മാത്രം ദൈവം മനുഷ്യശരീരത്തോടെ ജീവിച്ചു. അതിന്റെ നായകനായ മരപ്പണിക്കാരൻ വളർത്തിയ കുഞ്ഞ് നമുക്കു ദൈവമാണ്; ദൈവ പുത്രനാണ്. ദൈവത്തിന്റെ പുത്രനെയും, ദൈവകുമാരന്റെ അമ്മയെയും ഇരുചിറകുകളിൽ ചേർത്തു സംരക്ഷിച്ച യൗസേപ്പിന്റെ കുടുംബമാണ് തിരുക്കുടുംബം. ''ഓരോ കുടുംബവും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ പ്രതി രൂപത്തിലേയ്ക്കു നോക്കണം'' എന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. ഭാര്യാഭർതൃബന്ധത്തിൽ വിട്ടുവീഴ്ചയുടേയും ക്ഷമയുടെയും ഔദാര്യത്തിന്റെയും ശൈലിയാണ് വിജയിക്കുന്നതെന്ന് ആ കുടുംബം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ ശബ്ദത്തിനു കാതോർക്കുമ്പോഴാണ് ജീവിതം വിശുദ്ധീകരിക്കപ്പെടുന്നതെന്ന് വി. ജോസഫ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു ആൺവേഴാമ്പലിന്റെ ജാഗ്രതയോടെ യൗസേപ്പ് തിരുക്കുടുംബത്തിന്റെ പരിപാലകനായി.

യേശുവിന്റെ സ്‌കൂൾ
യേശു പഠിച്ച സ്‌കൂൾ നസ്രത്തിലെ തിരുക്കുടുംബമാണ്. ശീലങ്ങളിലും ചര്യകളിലും പെരുമാറ്റത്തിലും മനുഷ്യനെന്ന നിലയിൽ യേശു രൂപപ്പെട്ടത് തിരുക്കുടുംബമെന്ന സ്‌കൂളിലാണ്. ഒരുയുവാവായി യേശുവിനെ സമൂഹത്തിൽ അവതരിപ്പിക്കാൻ പ്രാപ്തമാക്കിയത് ഈ വിദ്യാലയമാണ്. യഹൂദപാരമ്പര്യത്തിൽ കുടുംബ നാഥൻ പുരോഹിതന്റെയും അധ്യാപകന്റേയും ജോലികൾ ചെയ്യുന്നതായി ബൈബിൾ സൂചിപ്പിക്കുന്നു (പുറപ്പാട് 12:3, 12:26, 13:14).

യേശുവിന്റെ പ്രബോധനങ്ങളിലുടനീളം സ്‌നേഹവും കരുണയും പ്രതിഫലിക്കുന്നു. സ്വന്തം കുടുംബത്തിൽ സംരക്ഷകനായ പിതാവ് പുലർത്തിയ നന്മകളിൽ നിന്നു രൂപമെടുത്ത ഗുണങ്ങളായി ഇവയെ കരുതാം (വി. യോഹ. 3: 35, 5:17, 6:57, 8:29, 8:54)
ചോദിക്കുന്നതിനു മുൻപേ മക്കളുടെ ആവശ്യമറിയുന്ന പിതാവിന്റെ കരുതൽ യേശു അറിഞ്ഞത് ആ വളർത്തു പിതാവിൽ നിന്നു തന്നെയായിരിക്കണം (വി. മത്തായി 7:10-11, 6:8, 6:25-34)

നീതിമാനായ ജോസഫ്
'അവൻ നീതിമാനായിരുന്നു'' (വി. മത്തായി 1:19) എന്നു മാത്രമാണ് ബൈബിൾ ജോസഫിനെക്കുറിച്ചു പറയുന്നത്. ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും ശരിയായ ബന്ധം കാത്തു സൂക്ഷിക്കുന്നവനാണ് നീതിമാൻ. 15-ാം സങ്കീർത്തനവും സംഖ്യ 23:10, ജോബ് 4: 7, 23:7 ബൈബിൾ ഭാഗങ്ങളും നീതിമാന്റെ ചിത്രം വരച്ചു കാണിക്കുന്നു. ഇവയെല്ലാം വി. ജോസഫിന്റെ കാര്യത്തിൽ അന്വർത്ഥമാകുന്നു.

മറിയത്തോടുള്ള സമീപനത്തിലാണ് യൗസേപ്പിന്റെ നീതിബോധം ഏറ്റവും തീവ്രമായി ജ്വലിക്കുന്നത്. മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലാൻ വിധിക്കാമെന്നിരിക്കെ, ഏറ്റവും കുലീനമായി ജോസഫ് ഇടപെടുന്നു. നിയമത്തിനും കോടതിക്കും കാണാൻ സാധിക്കാത്ത മനുഷ്യ ഹൃദയത്തിന്റെ വിങ്ങലും വേദനയും അദ്ദേഹം തിരിച്ചറിഞ്ഞു. ഇവിടെ നീതി ബോധത്തിൽ കാരുണ്യം നിറയ്ക്കാൻ ജോസഫിനു സാധിച്ചു. 'അജ്ഞാതനാം സഹയാത്രികൻ ഞാൻ നിന്റെ ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നു' എന്ന ഒ.എൻ.വി. കുറുപ്പിന്റെ വരികൾ ജോസഫിന്റെ ആത്മഗതമായി തോന്നിപ്പോകുന്നു. ദൈവത്തിന്റെ കണ്ണുകളും ഹൃദയവുമുള്ള ജോസഫിലൂടെ മനുഷ്യവംശം നീതിബോധത്തിന്റെ പുതിയ ചിത്രം രചിക്കുന്നു. 'യൗസേപ്പിന്റെ പക്കൽ പോകുവിൻ' (സേൽലവാസ് ഈസപ്പ്) എന്ന് പുരാതന ദേവാലയങ്ങളിൽ യൗസേപ്പിന്റെ രൂപത്തിനു താഴെ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. നീതിയും, ദയയും അവിടെ ലഭ്യമാണ് എന്ന് ഉറപ്പായിരിക്കാം ഈ ലിഖിതം ഓർമ്മിപ്പിക്കുന്നത്.

ക്രിസ്തീയതയിലെ ഏറ്റവും പ്രധാന മൂല്യം നീതിബോധം തന്നെയാണ്. നീതിബോധമില്ലാത്തവന് ക്രിസ്ത്യാനിയായിരിക്കാൻ യോഗ്യതയില്ല. പുതിയ കാലഘട്ടത്തിൽ ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ഭക്ഷണം, മരുന്ന്, വാക്‌സിൻ വിതരണത്തിലെല്ലാം നീതി ബോധത്തിന് അതി പ്രാധാന്യമാണുള്ളത്. ജോസഫിൽ നിന്നു പരിചയിച്ച നീതി ബോധം യേശുവിൽ പ്രശോഭിക്കുന്നു (വി. ലൂക്കാ 6:42, 21:14, 23:43, വി. യോഹ. 8:11).

പ്രത്യാശയുടെ യൗസേപ്പ്
ഉത്തമ മനുഷ്യനിൽ പരിലസിക്കേണ്ട സ്വഭാവ ഗുണങ്ങളെല്ലാം വി. ജോസഫിൽ പ്രശോഭിച്ചിരുന്നു; ലാളിത്യം, ധീരത, ക്ഷമ, ദയ, നീതിബോധം തുടങ്ങിയവയെല്ലാം. വി. യൗസേപ്പിന്റെ ജീവിതം പ്രത്യാശ നിറഞ്ഞതായിരുന്നു. മനുഷ്യന് പ്രത്യാശ കൂടാതെ സന്തോഷകരമായ ജീവിതം സാധ്യമല്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് പ്രത്യാശയുടെ അടിത്തറ. നിയോഗങ്ങളെ സംതൃപ്തിയോടെ ഏറ്റെടുത്തുകൊണ്ട് നന്മയിൽ പ്രതീക്ഷയർപ്പിക്കുന്നതാണ് പ്രത്യാശ. തന്നോടൊപ്പം ജീവിക്കുന്നവരിലും പ്രത്യാശ നിറയ്ക്കാൻ യൗസേപ്പിനു സാധിച്ചിട്ടുണ്ട്. അവരോടുള്ള ഏറ്റവും കുലീനമായ, സാന്ത്വനം പകരുന്ന സമീപനം അവരിലും പ്രത്യാശയുടെ തിരി തെളിയിച്ചു. ഏറ്റവും ഉദാത്തമായ ക്രൈസ്തവധർമ്മം തന്നെയാണിത്.

പ്രകൃതിയോടു ചേർന്ന്
നസ്രത്തിലെ തിരുക്കുടുംബം പ്രകൃതിയോട് ഇണങ്ങിച്ചേർന്നു ജീവിച്ചു. ലളിതമായ ജീവിതമാണ് പ്രകൃതിയോടിണങ്ങിയ ജീവിതം. ഭവനത്തോടു ചേർന്ന്, ചെറിയ പണിപ്പുരയിൽ ജോസഫ് എന്ന മരപ്പണിക്കാരൻ അധ്വാനിക്കുകയായിരുന്നു. 'ലൗദാത്തോസി' (ഫ്രാൻസിസ് മാർപാപ്പ) നൽകിയ പ്രകാശത്തിൽ പ്രകൃതിയെന്ന ഭവനത്തെ കൂടുതൽ സ്‌നേഹിക്കുന്ന നമുക്ക് ചുറ്റുമുള്ള ഇടങ്ങളെ പരിപാലിക്കുവാനും, ചുറ്റുമുള്ളവരോടു കരുണ കാണിക്കാനും നമുക്കു സാധിക്കണം.

ജോസഫ് എന്ന വിപ്ലവകാരി
പരമ്പരാഗതമായി നിലനിന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ നേർക്കുയർന്ന ചോദ്യചിഹ്നമായിരുന്നു ജോസഫിന്റെ തീരുമാനം. പാപിയായി മുദ്രകുത്തപ്പെട്ടവരെ കല്ലെറിഞ്ഞു കൊല്ലുകയെന്ന പാരമ്പര്യത്തെ ചങ്കൂറ്റത്തോടെ മാറ്റി മറിച്ചവനാണു ജോസഫ്. ദിവ്യശിശുവിനെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയവർക്ക് വിട്ടു കൊടുക്കുകയില്ല എന്ന നിശ്ചയദാർഢ്യത്തോടെ ധീരമായി പലായനത്തിന്റെ പോരാട്ടം കുറിച്ചവനാണു ജോസഫ്. സ്ത്രീയെ അടിമയായി കരുതിയ കാലത്തിന്റെ തിരുത്തലായിരുന്നു ജോസഫിന്റെ ചിന്തകൾ. ആ ധീരപുരുഷന്റെ സംരക്ഷണത്തിൽ വളർന്ന യേശുവും യഥാർത്ഥ വിപ്ലവകാരിയായിരുന്നു (വി. യോഹ. 2:13-16, 8:1-11).

സ്വപ്നത്തിൽ ലഭിച്ച നിയോഗം ഏറ്റെടുത്തതിലൂടെ 'ഇതാ കർത്താവിന്റെ ദാസൻ' എന്ന് യൗസേപ്പ് ഹൃദയത്തിൽ ഉരുവിടുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്കു വി പരീതമായി ദൈവത്തിന്റെ നിർദ്ദേശം വന്നു ചേർന്നപ്പോൾ ആ നിശ്ചയത്തെ വിലങ്ങനെ വച്ച് കുരിശ് നിർമ്മിച്ച് അത് സ്വയം വഹിക്കാൻ ജോസഫ് സന്നദ്ധനായി.

കുടുംബങ്ങളുടെ മധ്യസ്ഥൻ
ഉത്തരവാദിത്വപൂർണ്ണമായ കുടുംബസംരക്ഷണത്തിലൂടെ വി. യൗസേപ്പ് കുടുംബങ്ങളുടെ മധ്യസ്ഥനായി. തിരുക്കുടുംബപാലകൻ എന്ന നിലയിൽ കുടുംബനാഥന്മാർക്ക് മധ്യസ്ഥനാണ്. കുടുംബത്തിൽ ശാന്തിയും, ക്ഷമയും, സേവനസന്നദ്ധതയും നിലനിർത്തിയ അദ്ദേഹം കുടുംബങ്ങൾക്കെല്ലാം മാതൃകയാണ്. നിത്യപുരോഹിതനായ ഈശോയെ പരി പാലിച്ച വ്യക്തിയെന്ന നിലയിൽ യൗസേപ്പ് പുരോഹിതരുടെ മധ്യസ്ഥനാണ്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്ത ദരിദ്രനായ ആ മരപ്പണിക്കാരൻ ദരിദ്രരുടേയും തൊഴിലാളികളുടേയും മധ്യസ്ഥനാണ്. യേശുവിന്റെ സന്നിധിയിൽ, പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തിൽ ഏറ്റവും വിലപ്പെട്ട മരണമാണ് യൗസേപ്പിനു ലഭിച്ചത്. സ്‌തോത്രഗീതമാലപിച്ച മാലാഖമാർ യൗസേപ്പിന്റെ ആത്മാവിനെ സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കുന്നതായി മരിയ സിസിലിയ ബെയ്ജ് എന്ന സന്യാസിനിയുടെ ദർശനങ്ങൾ' സൂചിപ്പിക്കുന്നു. വി. യൗസേപ്പ് നന്മരണത്തിന്റെ മധ്യസ്ഥനായി ആദരിക്കപ്പെടുന്നു. തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കി ദൈവത്തിന്റെ സാന്നിധ്യത്തിൽ മരണമടയുന്ന നീതിമാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. ഈ കാല ഘട്ടത്തിൽ ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ളവരുടെ മരണത്തെ ഭാഗ്യമരണം എന്നു വിളിക്കേണ്ടിയിരിക്കുന്നു. സ്വന്തം താല്പര്യത്തെ മറന്ന് ദൈവനിയോഗത്തെ സ്വീകരിച്ച പ്രവാസിയാണ് ജോസഫ്, 'ഇടിമിന്നലുള്ളിൽ നടുങ്ങുന്നവൾ മേരിയെ കൈയ്ക്കു പിടിച്ചുകൊണ്ടാടുന്നു ഭൂമിയിൽ' എന്ന് ജോസഫിനെ പ്രവാസിയായി കവിതയിൽ ചിത്രീകരിക്കുന്നു. മനുഷ്യ ജീവിതം തന്നെ യാത്രയാണ്. ഉപ ജീവനത്തിനായി കുടുംബസംരക്ഷണത്തിനായി, നാടുവിട്ടു ജീവിക്കുന്ന പ്രവാസികളുടെ മധ്യസ്ഥനാണ് വി. ജോസഫ്. പിന്നെയും, കന്യാവൃതക്കാരുടെ, തിരുസ്സഭയുടെ, ഭവനരഹിതരുടെ, ഗർഭിണികളുടെ, ഗർഭസ്ഥ ശിശുക്കളുടെ, ഗൈനക്കോളജിസ്റ്റുകളുടെ, പോലൈഫ് പ്രസ്ഥാനത്തിന്റെ മധ്യസ്ഥനാണ് വി. ജോസഫ്.

അതിജീവനത്തിന്റെ മധ്യസ്ഥൻ
തുടർച്ചയായി വന്ന പ്രതിസന്ധികളിൽ തളർന്നുപോകാതെ, ഒഴുക്കിനെതിരെ തുഴഞ്ഞ ജോസഫിന്റെ ജീവിതം അതിജീവനമായിരുന്നു; തന്നെ ആശ്രയിക്കുന്നവർക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. ലോകമൊന്നാകെ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലത്ത് വി. യൗസേപ്പിന്റെ നിശ്ചയ ദാർഢ്യത്തോടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് ഈ കാലഘട്ടത്തെ തരണം ചെയ്യാൻ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.

യൗസേപ്പിനോടുള്ള ഭക്തിചരിത്രത്തിൽ
കത്തോലിക്കാ സഭയിൽ യൗസേപ്പിനോടുള്ള ഭക്തി മരിയ ഭക്തിപോലെ തന്നെ ഇന്ന് പ്രധാനപ്പെട്ടതാണ്. 12-ാം നൂറ്റാണ്ടോടു കൂടി ബനഡിക്ടൻ സന്യാസിമാരാണ് ഈ ഭക്തിക്ക് തുടക്കം കുറിച്ചത്. അവരിലൂടെയാണ് ആരാധനാ കലണ്ടറിൽ യൗസേപ്പിന്റെ പേര് ചേർക്കപ്പെട്ടത്. 13-ാം നൂറ്റാണ്ടിൽ വി. തോമസ് അക്വിനാസ് വി. യൗസേപ്പിനോടുള്ള ഭക്തിക്ക് പ്രാധാന്യം നൽകി. 1540-ൽ വിശുദ്ധന്റെ നാമത്തിൽ റോമാ നഗരത്തിൽ ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു. വിശുദ്ധന്റെ ബഹുമാനാർത്ഥമുള്ള ഏഴു കെട്ടുകളുള്ള ചരട് 1657-ൽ പ്രചാരത്തിലായി. 1880-ൽ വിശുദ്ധന്റെ ചിത്രമുള്ള വെന്തിങ്ങ വിശ്വാസികൾ ധരിച്ചു തുടങ്ങി. വി. ഫ്രാൻസിസ് സാലസ് 'ഭക്തി മാർഗ്ഗ പ്രവേശിക' എന്ന പുസ്തകത്തിൽ വി. യൗസേപ്പിനു സ്ഥാനം നൽകിയിരിക്കുന്നു. 1870-ൽ 9-ാം പിയൂസ് മാർപ്പാപ്പ വി. യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ലിയോ 13-ാമൻ മാർപ്പാപ്പ 1889-ൽ ലോക ജനതയോട് തിന്മകളെ അതിജീവിക്കാൻ വി. യൗസേപ്പിനെ ആശ്രയിക്കുവാൻ നിർദ്ദേശിച്ചു.
ആവിലയിലെ വി. ത്രേസ്യ വി. യൗസേപ്പിന്റെ ഉത്തമഭക്തയായിരുന്നു, ലിസവിലെ വി. കൊച്ചു ത്രേസ്യയും വി. യൗസേപ്പിനോട് നിത്യം പ്രാർത്ഥിച്ചിരുന്നു. വി. ചാവറയച്ചൻ ജീവിതത്തിലുട നീളം യൗസേപ്പിന്റെ തീവ്രഭക്തനായിരുന്നു. മാർച്ച് 19 വി. യൗസേപ്പിന്റെ തിരുനാളായി നാം ആചരിക്കുന്നു. മാർച്ച് മാസം വി. യൗസേപ്പിനു സമർപ്പിതമാണല്ലോ. തൊഴിലാളി ദിനമായ മെയ് 1 വിശുദ്ധന്റെ അനുസ്മരണദിനമാണ്.

എന്നും ദൈവത്തോടൊപ്പം
വി. യൗസേപ്പ് പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. മഹത്തായ വചനങ്ങൾ ഉദ്‌ഘോഷിച്ചിട്ടില്ല. ജോസഫിന്റേതായി രേഖപ്പെടുത്തിയ ഒരു മൊഴി പോലുമില്ല. നിശ്ശബ്ദത നിറഞ്ഞ വിശുദ്ധ ജീവിതം. അബ്രാഹത്തിന്റെ വിശ്വാസവും, ഏലിയാ പ്രവാചകന്റെ തീക്ഷ്ണതയും, ജോബിന്റെ ക്ഷമയും, തികഞ്ഞ നീതിമാൻ. സംയമനവും ഹൃദയവിശാലതയും ദയയും നിറഞ്ഞ ജോസഫ് നീതിമാനായിരുന്നു; വിവേകിയായിരുന്നു.
ദൈവപുത്രനെ കഴുതപ്പുറത്തിരുത്തി ലോകത്തിലേയ്ക്ക് ആദ്യമായി ആനയിച്ച മനുഷ്യൻ; അദ്ദേഹം ആത്മാവിൽ ഓശാന പാടുകയായിരുന്നിരിക്കാം. ദൈവ പുത്രനെ കൈകളിലെടുത്ത ആദ്യ മനുഷ്യൻ; ദൈവകുമാരനെ വിരൽത്തുമ്പിൽ പിടിച്ച് നടക്കാൻ പഠിപ്പിച്ച വ്യക്തി. ദൈവപുത്രനു പ്രവേശിക്കുവാൻ ബെത്‌ലഹേമിലെ വാതിലുകളിലെല്ലാം താണു വീണ് അപേക്ഷിച്ചവൻ.
''അറിയപ്പെടാത്തവനായി ഇരുന്നുകൊണ്ട് എങ്ങനെ തന്റെ നിയോഗം പൂർത്തിയാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കന്യാമറിയത്തിന്റെ ഭർത്താവായ വി. ജോസഫ്. അവരുടെ മഹത്വത്തോളം വലുതാണ് അദ്ദേഹത്തിന്റെ മഹത്വവും' എന്നാണ് പൗലോ കൊയ്‌ലോ വി. യൗസേപ്പിനെക്കുറിച്ചു പറയുന്നത്.

തന്റെ ഭാര്യ ഭൗതികമായി തനിക്കു ചേരാത്തവളാണെന്നറിഞ്ഞിട്ടും, ആ വ്യക്തിത്വത്തെ മാനിച്ചു; മകൻ തനിക്കു വളർത്തുമകൻ മാത്രമാണെന്നറിഞ്ഞിട്ടും യഥാർത്ഥ പിതാവിനേക്കാൾ ശ്രേഷ്ഠമായി സംരക്ഷിച്ചു. മനഃക്ലേശവും സന്ദേഹവുമുണ്ടായപ്പോഴെല്ലാം ദൈവത്തെ മുറുകെപ്പിടിച്ചു. സൗഖ്യകാലങ്ങളിൽ അത് ക്ലേശകരമല്ല; എന്നാൽ ക്ലേശകാലങ്ങളിൽ ക്ലേശകരം തന്നെ.
ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും തന്റെ പ്രാണവായുവെന്നു കരുതി ജീവിച്ചു. ജലത്തിൽ മത്സ്യമെന്നപോലെ, ദൈ വേഷ്ടത്തിൽ മുഴുകി ജീവിച്ചു. ആ ജലം ഒഴുകുന്നിടത്തേയ്ക്ക് ഒഴുകിച്ചേരാൻ തന്റെ ജീവിതത്തെ വിട്ടുകൊടുത്തു; അതാണ് വിശുദ്ധ യൗസേപ്പ്.

ഉപസംഹാരം
ദൈവമാതാവിനെ സംരക്ഷിക്കുന്നതിലും യേശുവിനെ രൂപപ്പെടുത്തുന്നതിലും നിതാന്ത ജാഗ്രത പുലർത്തിയ വിശുദ്ധ യൗസേപ്പിന് രക്ഷാകരചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണുള്ളത്. വി. യൗ സേപ്പിൽ വിളങ്ങിയിരുന്ന ജീവിത മൂല്യങ്ങൾ തിരിച്ചറിഞ്ഞ്, അദ്ദേഹത്തെ പ്രത്യേകമായി അനുസ്മരിക്കുന്നതിനും, അദ്ദേഹത്തിന്റെ ആത്മീയത ഏവർക്കും പകർന്നു കൊടുക്കുന്നതിനുമായി 2021 വി. യൗസേപ്പിന്റെ വർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ മാനവ ജനതയ്ക്കു മുന്നിൽ അതിജീവനത്തിന്റെ മാതൃകയായി അവതരിപ്പിക്കാൻ വി. യൗസേപ്പിന്റെ മുഖത്തേക്കാൾ ഉചിതമായി മറ്റെന്താണുള്ളത്?

വി. യൗസേപ്പിന്റെ നീതിബോധവും, ധീരതയും കുടുംബത്തെക്കുറിച്ചുള്ള ജാഗ്രതയും, അതി ജീവനത്തിനായുള്ള ആന്തരിക അഭിവാഞ്ഛയും ലോകജനതയെ സ്വാധീനിക്കേണ്ടതുണ്ട്. വിശുദ്ധ യൗസേപ്പിന്റെ ചൈതന്യം ലോകം മുഴുവനിലും വിശിഷ്യ കത്തോലിക്കാ സഭയിലും നിറയുവാൻ ഇടയാകട്ടെ.

തെരേസാ സെബാസ്ററ്യൻ

 

 


Related Articles

Contact  : info@amalothbhava.in

Top