ജനനം :
ജനന സ്ഥലം : കെരിയോത്ത്
പേരിനർത്ഥം : ദൈവത്തിനു സ്തുതി
വിളിപ്പേര് : ഒറ്റുകാരൻ
മാതാപിതാക്കൾ : ശിമയോൻ
ജോലി : രാഷ്ട്രീയം
പ്രതീകങ്ങൾ :
തിരുനാൾ :
മദ്ധ്യസ്ഥൻ :
മരണം : ജറുസലേമിൽ വച്ച് ആത്മഹത്യ ചെയ്തു.
അടക്കം ചെയ്തിരിക്കുന്ന സ്ഥലം : അക്കൽദ്ദാമ
അപ്പസ്തോലന്മാരിൽ പത്രോസ് കഴിഞ്ഞാൽ ഏറ്റവും കൂടതൽ പരാമർശിക്കപ്പെടുന്ന വ്യക്തിയാണ് യൂദാസ്. 'സ്തുതി' എന്നർത്ഥമുളള 'യഹൂദാ' എന്ന ഹീബ്രു വാക്കിൽ നിന്നാണ് യൂദാ എന്ന പേരിന്റെ ഉത്ഭവം. എന്നാൽ ആരുടെയും സ്തുതിക്ക് അനുയോജ്യമായിരുന്നില്ല ഇൗ പേരുള്ള അപ്പ സ്തോലന്റെ ജീവിതം.
'സ്കറിയോത്ത' എന്ന വിശേഷണം എന്തിനെ സൂചിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമുണ്ട്. യോഹ 6:71ൽ ശിമയോൻ സ്കറിയാത്തയുടെ മകൻ യൂദാസ് എന്നാണ് കാണുന്നത്. പുരാതന കൈയെഴുത്തു പ്രതികളിൽ കെറിയോത്തിൽ നിന്നുള്ള ശിമയോന്റെ മകൻ എന്നാണ് കാണുന്നത്. അതിനാൽ കെറിയോത്തിൽ നിന്നുളള യൂദാസിന്റെ മകൻ എന്ന് വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഹെബ്രോണിൽ നിന്നും ഏകദേശം 20 കിലോമീറ്റർ തെക്ക് കെറിയോത്ത് ഹെബ്രോൺ എന്ന ഗ്രാമമുണ്ട്. അതായിരുന്നു യൂദാസിന്റെ ജന്മസ്ഥലം എന്ന് കരുതുന്നവരുണ്ട്.
യേശുവിന്റെ ശിഷ്യന്മാരിൽ 11 പേരും ഗലീലിയിൽ നിന്നുള്ളവരായിരുന്നു. അപ്പോൾ ഒരാൾ മാത്രം ഗലീലിയുടെ തെക്ക് ഭാഗത്ത് നിന്നു വന്നവനാണ് എന്ന് കരുതുന്നത് യുക്തിസഹജമല്ല എന്ന് കരുതുന്നവരാണ് കൂടുതൽ പണ്ഡിതന്മാരും. അവരുടെ ചിന്തയനുസരിച്ച് ' സ്കറിയോത്ത' എന്നത് ജനന സ്ഥലത്തെയല്ല സ്വഭാവത്തെ സൂചിപ്പിക്കുന്ന വിശേഷണമാണ്. ' സിക്കാരിയോസ്' എന്ന ഗ്രീക്കു വാക്കിൽ നിന്നാണ് ' ഇസ്കാരിയോത്ത' എന്ന അരമായ വാക്ക് ഉണ്ടായത് എന്ന് അവർ അഭിപ്രായപ്പെടുന്നു. ' കഠാരി ധാരി' എന്നാണ് ഇൗ വാക്കിനർത്ഥം. ഇത് തീവ്രവാദികളായ സെലട്ടുകൾക്ക് നല്കിയിരുന്ന ഒരു വിശേഷണമായിരുന്നു. പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളെ തീവ്രവാദിയായ ശിമയോൻ എന്നാണ് വിളിച്ചിരുന്നത് (ലൂക്ക 6:15) ചേർത്തു വായിക്കുമ്പോൾ യൂദാസ് സ്കറിയോത്തയും ഒരു തീവ്രവാദി സംഘത്തിന്റെ അംഗമായിരുന്നു എന്ന് അനുമാനിക്കാൻ ന്യായമുണ്ട്. ഉടുപ്പു വിറ്റ് വാൾവാങ്ങാൻ പറയുമ്പോൾ "കർത്താവേ ഇവിടെ രണ്ട് വാളുകൾ ഉണ്ട്" എന്ന് ശിഷ്യന്മാർ മറുപടി പറയുന്നത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു.
യൂദാസിന്റെ കഴിവും മികവും
യൂദാസിന് അപ്പസ്തോലന്മാരുടെ പട്ടികയിൽ അവസാന സ്ഥാനമാണ് നല്കിയിരുന്നതെങ്കിലും യേശു നല്കിയ സ്ഥാനം അതായിരുന്നില്ല എന്ന് അനുമാനിക്കാൻ മതിയായ കാരണങ്ങൾ ഉണ്ട്. യേശു യൂദാസിനെ വിശ്വസിക്കുകയും ഉത്തരവാദിത്വങ്ങൾ ഏല്പിക്കുകയും ചെയ്തിരുന്നു. അപ്പസ്തോല സംഘത്തിന്റെ പണസഞ്ചി യേശു സ്വയം ഏറ്റെടുത്തതാകുവാൻ സാധ്യതയില്ല. യേശുവിന്റെയും ശിഷ്യ സമൂഹത്തിന്റെയും മൂന്നു വർഷത്തെ ജീവിതത്തിനിടയിൽ ആവിശ്യമായിരുന്ന സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്വം യൂദാസിനായിരുന്നു. ഭക്ഷണം, താമസ സൗകര്യം എന്നിവയെല്ലാം ഇതിൽപ്പെടും. ജറുസലേമിലെ യഹൂദ നേതൃത്വവുമായി ബന്ധപ്പെടാൻ കഴിയുന്നത്ര സ്ഥാനം യൂദാസിന് സമൂഹത്തിൽ ഉണ്ടായിരുന്നു. ചുങ്കക്കാരൻ മത്തായി നികുതി പിരിവിൽ അനുഭവ സമ്പന്നനും, ധനം കൈകാര്യം ചെയ്യുന്നതിൽ സമർത്ഥനു മായിരുന്നു. എന്നാൽ അവനേക്കാൾ മറ്റ് പ്രത്യേകതകൾ ഉള്ളതു കൊണ്ടാണ് യൂദാസിനെ പണം ഏല്പിച്ചത്. അന്ത്യഅത്താഴ സമയത്തെ ഇരിപ്പിടത്തെക്കുറിച്ചുള്ള വിവരണവും യേശു യൂദാസിന് നല്കിയ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. യേശുവിന്റെ വക്ഷസ്സിലേക്ക് ചാരിക്കിടന്ന യോഹന്നാൻ ഗുരുവിന്റെ ഇടതു വശത്തായിരുന്നു. പത്രോസ് ഗുരുവിൽ നിന്നും അല്പം ദൂരെയായിരുന്നു. അതുകൊണ്ടാണല്ലോ ഗുരുവിനോട് ചോദിക്കാൻ യോഹന്നാനെ ആദ്യം കാണിക്കേണ്ടി വന്നത് (യോഹ 13:24) യേശു അപ്പ കഷ്ണം മുക്കി കൊടുത്തതും യേശുവിനോടൊപ്പം അപ്പപാത്രത്തിൽ കൈ ഇട്ടതും യൂദാസ് ആയിരുന്നു. അതിനാൽ യേശുവിന്റെ വലതു ഭാഗത്തായിരുന്നു യൂദാസിന്റെ സ്ഥാനം എന്നനുമാനിക്കാം. വിരുന്നു ശാലയിലെ ഇരിപ്പിട സജ്ജികരണ നിയമമനുസരിച്ച് ഗൃഹനാഥന്റെ വലതു വശത്തിരിക്കുന്ന വ്യക്തിക്കാണ്. യേശു ഇൗ സ്ഥാനം യൂദാസിന് നല്കുമ്പോൾ അത്രയേറെ യൂദാസിന് പ്രാധാന്യം നല്കിയിരുന്നു എന്ന് അനുമാനിക്കാം.
യൂദാസിന്റെ പരാജയം
ലോക പ്രസിദ്ധ സംവിധായകനായ 'ഫ്രാങ്കോ സെഫിരെല്ലി' ' നസ്രത്തിലെ യേശു' എന്ന സിനിമയിൽ യൂദാസിനെ കുറിച്ച് ഒരു വിവരണം നല്കുന്നു. ചില സഭാ പിതാക്കന്മാരുടെ പഠനങ്ങളിൽ നിന്നാണ് അയാൾ അത് സ്വീകരിച്ചിട്ടുള്ളത്. ഒരു പക്ഷേ ചരിത്ര വിവരണങ്ങളോട് ഏറ്റവും ചേർന്ന് നില്ക്കുന്നതാണ് ഇൗ വിവരണം. ഇതിൻ പ്രകാരം യൂദാസ് സ്കറിയോത്ത തീവ്രവാദി സംഘടനയിലെ ഒരാളായിരുന്നു. തീവ്രവാദിയായ ശിമയോന്റെ കൂട്ടുകാരൻ. അവർ ഒരുമിച്ചാണ് യേശുവിന്റെ ശിഷ്യ ഗണത്തിലേക്ക് കടന്നുവന്നത്. ഗുരുവുമായുള സഹവാസത്തിലൂടെ ശിമയോന്റെ ആശയങ്ങളിൽ മാറ്റമുണ്ടായി. എന്നാൽ യൂദാസ് തന്റെ ഗുരുവിനെ തന്റെ പദ്ധതികൾക്കനുസരിച്ച് മാറ്റാൻ കഴിയും എന്ന് വിശ്വസിച്ചു.
യേശുവിന്റെ അത്ഭുത ശക്തിയിലും ജനക്കൂട്ടത്തെ ആകർഷിക്കാനുളള കഴിവിലും യൂദാസിന് ബോധ്യമുണ്ടായിരുന്നു. ഇസ്രായലിനെ രക്ഷിക്കാൻ ദൈവം അയച്ച മിശിഹായാണ് യേശു എന്നയാൾ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് അയാൾ യേശുവിന്റെ ശിഷ്യനായത്. അഞ്ചപ്പം കൊണ്ട് 5000 പേരെ തൃപ്തരാക്കിയതിന് ശേഷം സംഭവിച്ചത് യേശുവിനെ രാജാവാക്കാനുള്ള ഒരു ശ്രമമാണ്. (യോഹ. 6:1415). യേശുവിന്റെ ശിഷ്യന്മാർ പോലും ഇതിൽ പങ്കാളികളായിരിക്കണം .അതുകൊണ്ടാണ് യേശു ഒറ്റക്ക് മലമുകളിലേക്ക് പോയത്.
കഫർണാമിൽ നടന്ന സംഭവത്തിനു ശേഷം പലരും യേശുവിനെ വിട്ടു പോയി ( യോഹ 6:66 69 ) എന്നാൽ യൂദാസ് ഗുരുവിനെ വിട്ടു പോയില്ല. തന്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിനായി അവൻ ഗുരുവിന്റെ കൂടെ നിന്നു. ഇതിനു ശേഷമാണ് യേശു ഒരു വലിയ മുന്നറിപ്പ് നല്കുന്നത്." നിങ്ങൾ 12 പേരെയല്ലേ ഞാൻ തിരഞ്ഞെടുത്തത്, എന്നാൽ നിങ്ങളിൽ ഒരുവൻ പിശാചാണ്." അവൻ ഇത് പറഞ്ഞത് ശിമയോൻ സ്കറിയോത്തയുടെ മകൻ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാൽ പന്ത്രണ്ടു പേരിൽ ഒരുവനായ അവനാണ് യേശുവിനെ ഒറ്റികൊടുക്കാനിരിക്കുന്നത്. (യോഹ 6:7071). ഇവിടെ യേശുവിനെ രാജാവാക്കാനുള്ള ജനങ്ങളുടെ ശ്രമത്തിൽ യൂദാസ് നിർണ്ണായകമായ പങ്കു വഹിച്ചിരിക്കാം.
ദാവീദിന്റെ രാജ്യം തിരിച്ചു പിടിക്കുന്ന ഒരു രാജാവായി അയാൾ യേശുവിനെ കണ്ടിരുന്നു. ഇത് യൂദാസിന്റെ മാത്രം സ്വപ്നമായിരുന്നില്ല. യേശുവിന്റെ ഇടതും വലതും ഇരിക്കുവാനുള്ള സ്ഥാനത്തെക്കുറിച്ച് സെബദി പുത്രന്മാർ ചോദിക്കുന്നതും ഇൗ സ്വപ്നമുള്ളതു കൊണ്ടാണ്. (മാർക്കോ 10:37). പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം പരസ്യമാക്കരുത് (മാർക്കോ 8:30) എന്ന് യേശു കല്പിക്കുന്നതിനും കാരണം ഇതു തന്നെയാണ്. യേശുവിന്റെ മരണം വരെ ശിഷ്യന്മാർ ഇൗ സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ (ലൂക്ക . 24:31) സംഭാഷണത്തിലൂടെ വ്യക്തമാകുന്നു.
ഒരു പക്ഷേ മറ്റെല്ലാ ശിഷ്യന്മാരേക്കാൾ കൂടുതൽ യൂദാസ് യേശുവിനെ മിശിഹായായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ജറുസലേമിലേക്കുള്ള യാത്രയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും യൂദാസ് ആയിരുന്നിരിക്കാം. എന്നാൽ തുടർന്നു ള്ള പ്രവർത്തനങ്ങൾ യൂദാസിന്റെ പ്രതീക്ഷക്ക് മങ്ങലേല്പിച്ചു. അതുകൊണ്ട് യേശു തന്നെയാണ് യഹൂദർ പ്രതീക്ഷിച്ചിരുന്ന മിശിഹായെന്ന് തെളിക്കുക ആവിശ്യമായി അയാൾ കരുതി. സാൻഹെദ്രിയൻ സംഘം യേശുവിനെ മിശിഹായായി അംഗീകരിച്ചാൽ കാര്യങ്ങൾ സുഗമമാകും. അതിനാൽ സാൻഹെദ്രിയൻ സംഘത്തിന്റെ ഒൗദ്യോഗിക സമ്മേളനത്തിനു മുൻപിൽ യേശുവിനെ നിറുത്തി തെളിവുകൾ അവതരിപ്പിക്കാനും സംഘത്തെ ബോധ്യപ്പെടുത്താനും വേണ്ടിയാവാം യൂദാസ് ശ്രമിച്ചത്. യേശു സ്വയമേ അതിന് തയ്യാറാവില്ല എന്നദ്ദേഹം വിശ്വസിച്ചു. കാരണം ദേവാലയ ശുദ്ധികരണത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ സമാധാനപരമായ സംഭാഷണത്തിനുള്ള എല്ലാ പഴുതുകളും അടച്ചു കഴിഞ്ഞിരുന്നു.
യേശുവിനെ ഏതെങ്കിലും തരത്താൽ ഉപദ്രവിക്കുവാൻ യഹൂദ നേതാക്കൾക്കോ റോമൻ അധികാരികൾക്കോ കഴിയില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചിട്ടുണ്ടാകാം. അറസ്റ്റു ചെയ്യാൻ വന്ന പടയാളികൾ വെറുംകൈയോടെ മടങ്ങിയതും (യോഹ 7:32, 4546) യേശുവിനെ പിടിക്കാനും കല്ലെറിയാനും ശ്രമിച്ചവർ പല തവണ പരാജയപെട്ടതും (യോഹ 7:30, 8:50, 10:3130 , ലരേ) യൂദാസ് നേരിട്ട് കണ്ടവനാണ്. അതിനാൽ യേശുവിന് ഏതെങ്കിലും തരത്തിലുള്ള ദ്രോഹം സംഭവിക്കുകയില്ല എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു.
താൻ മിശിഹായാണെന്ന സത്യം തെളിയിക്കുവാൻ യേശുവിന് സാൻഹെദ്രിയൻ സംഘം അവസരം നല്കുകയില്ല ദൈവ ദൂഷണ കുറ്റം ആരോപിച്ച് വധശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്നത് എന്ന് യൂദാസിന് വൈകിയാണ് മനസ്സിലായത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയ്കഴിഞ്ഞിരുന്നു.
അനേകം അത്ഭുതങ്ങൾ കണ്ടപ്പോൾ യേശു തന്നെയാണ് ദൈവം അയയ്ക്കുന്ന മിശിഹായെന്ന് യൂദാസ് ആത്മാർത്ഥമായി വിശ്വസിച്ചു. ആ വിശ്വാസമാണ് അയാൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. നസ്രത്തിൽ നിന്നും വന്ന തച്ചന്റെ മകൻ വെറും ഒരു സാധാരണക്കാരൻ മാത്രമായിരുന്നുവെന്ന അവബോധം അയാളെ തളർത്തി. അവൻ മനസ്തപിച്ചു എന്ന് സുവിശേഷം എടുത്തു പറയുന്നുണ്ട്. ," നിഷ്കളങ്ക രക്തം ഒറ്റി കൊടുത്ത് ഞാൻ പാപം ചെയ്തിരിക്കുന്നു" (മത്താ 27:4). കിട്ടിയ പണമെല്ലാം അവൻ തിരികെയേല്പിച്ചു. ചെയ്ത തെറ്റിനുള്ള ശിക്ഷയെന്നോണം അയാൾ തുങ്ങിച്ചത്തു. തൂങ്ങിയ കയർ പൊട്ടിയതു കൊണ്ടാവാം " തലകുത്തി വീണ് ഉദരം പിളർന്ന് കുടലെല്ലാം പുറത്തുചാടി (അപ്പ.1:18) എന്ന ഭീകരമായ ചിത്രം അപ്പസ്തോല പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നത്.
ചില വിചിന്തനങ്ങൾ
യൂദാസിന്റെ പരാജയത്തിന്റെ ചില കാര്യങ്ങൾ നമുക്ക് ചിന്തക്ക് വിധേയമാക്കാം.
യൂദാസിന്റെ സുവിശേഷം
അ .ഉ. രണ്ടാം നൂറ്റാണ്ടോടെ പ്രചാരത്തിൽ വന്ന കൃതിയാണ് യൂദാസിന്റെ സുവിശേഷം . യേശുവും യൂദാസും തമ്മിലുള്ള സംഭാഷണങ്ങളുടെ 16 അദ്ധ്യായമാണ് ഇതിലുള്ളത്. അനശ്വരമായ ആത്മാവിനെ അടച്ചിട്ടിരിക്കുന്ന ശരീരമാകുന്ന തടവറയിൽ നിന്നും തന്നെ മോചിപ്പിക്കണം എന്ന യേശുവിന്റെ അഭ്യർത്ഥന അനുസരിച്ചാണ് യൂദാസ് കരുക്കൾ നീക്കിയതും യേശുവിനെ ഏല്പിച്ചു കൊടുത്തതും എന്ന് ഇൗ ഗ്രന്ഥം വിവരിക്കുന്നു. മനുഷ്യന്റെ യഥാർത്ഥ സ്വഭാവത്തെ അതായത് ശരീരമാകുന്ന തടവറയിൽ അടച്ചിട്ടിരിക്കുന്ന ഒരു ദൈവിക സ്ഫുലിംഗമാണ് മനുഷ്യൻ എന്ന സത്യത്തെ മനുഷ്യരുടെ ഇടയിൽ യൂദാസിനു മാത്രമേ അറിയുമായിരുന്നുള്ളു. യേശുവിൽ നിന്നും യൂദാസിന് നേരിട്ട് ലഭിച്ച പ്രത്യേക അറിവാണിത്. അതനുസരിച്ചാണ് യൂദാസ് പ്രവർത്തിച്ചത്. അതിനാൽ യൂദാസിനെ വഞ്ചകനും ഒറ്റുകാരനുമായി ചിത്രീകരിക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ രക്ഷാകര ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയാണ് യൂദാസ് എന്ന് സുവിശേഷം അവകാശപ്പെടുന്നു.
യൂദായെപ്പറ്റി തികച്ചും ഭാവാത്മകമായ കാര്യമാണ് സഭാപിതാവായ ഒരിജൻ എഴുതുന്നത്. " കൊടിയ അപരാധം ചെയ്തുവെന്ന് മനസ്സിലാക്കിയ യൂദാ പിന്നെ അവിടെ നിന്നില്ല അവൻ വെള്ളിക്കാശ് വലിച്ചെറിഞ്ഞിട്ട് പോയി തുങ്ങിച്ചത്തു. സമയം കളയാതെ അവൻ പോയത് പാതാളത്തിലേക്കായിരുന്നു. യേശു മരണ ശേഷം അവിടെ എത്തുന്നതിനു മുൻപേ യൂദാ അവിടെ എത്തി. അവൻ മരിച്ചവരോടൊപ്പമായിരുന്നു. മരിച്ചവരെ പാതാളത്തിൽ നിന്നും കയറ്റുവാൻ മിശിഹാ പാതാളത്തിലെക്ക് ഇറങ്ങുമെന്ന് അവനറിയാമായിരുന്നു. യേശുവിനോടൊപ്പം സ്വർഗ്ഗത്തിലെത്താൻ അവൻ യേശുവിന് മുൻപേ പാതാളത്തിലേക്ക് പോയി" .
യൂദായ്ക്ക് ഒാർമ്മദിനങ്ങളോ തിരുനാളോ ഇല്ല. വിശ്വസ്തനും കഴിവുറ്റവനുമായിരുന്നിട്ടും ദുരന്താന്ത്യമായി തീർന്ന യൂദാ നമുക്ക് ഒരു മുന്നറിപ്പാണ്.
ദൈവത്തെ കണ്ടെത്താൻ
ദൈവകാരുണ്യം
വിശുദ്ധ ജസ്റ്റിന് - June 01
ചോദ്യവും ഉത്തരവും
എന്താണ് ദിവ്യകാരുണ്യ ചിത്രം?