തച്ചൻ

30,  Sep   

സുവിശേഷക•ാർ "ജോസഫ്' എന്നു പേരിടുന്നെങ്കിലും (മത്താ. 1:18; ലൂക്കാ 1:26), സമൂഹം "തച്ചൻ' (മത്താ. 13:55) എന്നു മാത്രംവിളിച്ച നസറത്തുകാരൻ സ്വർഗ്ഗസംപ്രീതിക്കു പാത്രമായത്എങ്ങനെയെന്ന് മനസ്സിലാക്കാൻ "തച്ചൻ' എന്ന മലയാളപദത്തിന്റെ (Carpenter) എന്ന ആംഗലേയതുല്യനാമത്തിലെ ഒാരോ അക്ഷരവും നാം അല്പം ധ്യാനവിധേയമാക്കിയാൽമതി. കാരണം, അവയോരോന്നും അവന്റെ ചില വിശേഷഗുണങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.
ഒന്നാമതായി, തച്ചൻ തന്റെതൊഴിലുകൊണ്ടുതന്നെ സൃഷ്ടിപരമായ (creative) കാര്യങ്ങൾചെയ്യുന്നവനാണ്. മനുഷ്യരുടെ അനുദിനജീവിതത്തിനു ആവശ്യമായ സാമഗ്രികൾ തടിയിൽ തീർക്കുന്നവനാണവൻ. ക്രിയാത്മകമാണ് അവന്റെ ചിന്തകളും ചെയ്തികളും. നശിപ്പിക്കുകയല്ല, നിർമ്മിക്കുകയെന്നതാണ് അവന്റെ ദൗത്യം. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. പണിതുയർത്താൻ വേണ്ടി മാത്രമാണ് അവന്റെ പാണികൾ ചലിച്ചിരുന്നത്. തന്റേതല്ലാത്ത കാരണത്താൽ സമൂഹമധ്യത്തിൽ തെറ്റുകാരിയെന്നു മുദ്രകുത്തപ്പെടാൻ സകല സാധ്യതയുമുണ്ടായിരുന്ന മറിയമെന്ന തന്റെ പ്രതിശ്രുത വധുവിന്റെ ജീവിതത്തെ അവനു വേണമെങ്കിൽ തല്ലിയുടയ്ക്കാമായിരുന്നു! പിറവി നടന്ന പശുത്തൊഴുത്തിലോ, പലായനപാതയിലെ പാതിദൂരത്തിലോ വച്ച് പൈതലിനെയും പരിശുദ്ധകന്യകയെയും അവൻ കൈവിട്ടുകളഞ്ഞില്ല. പകരം, പാരിന്റെ രക്ഷയ്ക്കായുള്ള ദൈവികപദ്ധതികളെ തച്ചുടയ്ക്കാതെ പടുത്തുയർത്താൻ പരിശ്രമിച്ചു.

രണ്ടാമതായി, തച്ചൻ തന്റെ തൊഴിലുകൊണ്ടുതന്നെ കൃത്യതയുള്ള (accurate) വ്യക്തിയാണ്. അളവുകളും കണക്കുകളും അവന്റെ ഉപജീവനവൃത്തിയുടെ അവിഭാജ്യ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കണക്കുകൾ പിഴയ്ക്കാൻ പാടില്ല. അതീവസൂക്ഷ്മതയോടെ കാര്യങ്ങളെ നിരീക്ഷിക്കാനുള്ള പ്രാഭവം അവനുണ്ട്. തോൾസഞ്ചിക്കുള്ളിലെ വരകോലും ഇതര അളവുസാമഗ്രികളുമൊക്കെ അവന്റെ തൊഴിലിന്റെ കൃത്യതയുടെ അടയാളങ്ങളാണ്. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. അവന്റെകണക്കുകൂട്ടലുകൾ ഒരിക്കലും തെറ്റിയില്ല. അവയ്ക്ക്ദൈവമാകുന്ന ഒാഡിറ്ററുടെ ഒൗദ്യോഗികകൈയ്യൊപ്പുണ്ടായിരുന്നു. ശത്രുവിന്റെ വാൾമുനയിൽ നിന്നും എത്രയേറെ സൂക്ഷ്മതയോടെയാണ് അവൻ ദിവ്യപൈതലിനെ രക്ഷപ്പെടുത്തി നട്ടപ്പാതിരാവിൽ നാടുവിട്ടത്. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ അവൻ പതിവുകൾതെറ്റിച്ചില്ല (ലൂക്കാ 2:21-24 ;41). കർത്താവ്കല്പിച്ച കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ വളരെകൃത്യതയോടെ അവസാനശ്വാസം വരെ അവൻ ചെയ്തു (മത്താ. 1:24,25). കർത്തൃകല്പനകളിൽ കടഞ്ഞെടുത്ത ജീവിതശൈലിഅവനുണ്ടായിരുന്നു.


മൂന്നാമതായി, തച്ചൻ തന്റെതൊഴിലുകൊണ്ടുതന്നെ നവീകരിക്കുന്നവവൻ (renovator) ആണ്. തടിയുപകരണങ്ങളുടെ കേടുപാടുകൾ തീർത്ത് അവയ്ക്ക് പുതുമ നല്കുക എന്നത് അവന്റെ പണിയുടെ ഭാഗമാണ്. കുറവുകളുള്ളവയെ കൂട്ടിയിട്ട് കത്തിക്കുന്നതിലല്ല പിന്നെയോ, അവയ്ക്ക് പൂർവ്വാധികം പൂർണ്ണതകൊടുക്കുന്നതിലാണ് അവൻ ആനന്ദം കണ്ടെത്തുന്നത്. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. ദൈവപുത്രനു പിറന്നുവീഴാൻ ഇത്തിരിയിടം തേടിയുള്ള അലച്ചിൽ, ദിവ്യപൈതലിനെ ദേവാലയത്തിൽ തിരുനാൾ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടൽ എന്നിങ്ങനെ സമാനമായ സംഭവങ്ങൾ കുടുംബത്തിൽ സങ്കടങ്ങൾ കൂട്ടിയപ്പോൾ അവയെഒക്കെ വേണ്ടവിധം പരിഹരിക്കാൻ അവനുകഴിഞ്ഞു. അതുവഴിയായി കൈവിട്ടുപോയ സന്തോഷങ്ങൾ തിരികെ കൊണ്ടുവരാൻ സാധിച്ചു. നീതിഷ്ടനായ അവന്റെ സാന്നിധ്യം വീടിനും നാടിനും നവീകരണത്തിന്റെ അനുഭവം നല്കിയിരുന്നു.

നാലാമതായി, തച്ചൻ തന്റെതൊഴിലുകൊണ്ടുതന്നെ ക്ഷമാശീലൻ (patient) ആണ്. ഒത്തിരി ക്ഷമയും ശാന്തതയും ആവശ്യപ്പെടുന്ന തൊഴിലാണ് മരപ്പണി. വേഗതയും വെപ്രാളവും പണിയുടെ പൂർണ്ണതയെ മോശമായി ബാധിക്കും. ശാരീരികമായ അസ്വസ്ഥതയും, മാനസികമായ പിരിമുറുക്കങ്ങളുമൊക്കെ ഉള്ളപ്പോഴും സഹിഷ്ണൂതയോടും ദീർഘസഹനത്തോടുംകൂടെ വേലചെയ്യാൻ തച്ചനു കഴിയണം. ചിലപ്പോൾ ഇടവേളയില്ലാതെ ഇരുന്നു പണി പൂർത്തീകരിക്കേണ്ടതായി വരും. അത്തരം അവസരങ്ങളിൽ ക്ഷയിച്ചുപൊകാത്ത ക്ഷമാശക്തി ആവശ്യമാണ്. ക്ഷീണമുള്ളപ്പോഴും ക്ഷമക്ക് ക്ഷാമമുണ്ടാകാതിരുന്നാലേ ക്ഷേമമുണ്ടാകൂ. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. ദീർഘക്ഷമ ദൈവം അവനു ദാനമേകിയിരുന്നു. തന്റെ ജീവിതത്തിലെ സഹനങ്ങളെയും ഉത്കണ്ഠകളെയും സമചിത്തതയോടെ നേരിടാൻ അവനുസാധിച്ചു. തന്റേതായ തീരുമാനങ്ങളെ തകിടം മറിക്കുന്ന തരത്തിലുള്ളവ തനിക്കായി ദൈവംതിരഞ്ഞെടുത്തപ്പോഴോ, സ്വന്തം സ്വപ്നങ്ങൾ ദൈവികസ്വപ്നങ്ങളുടെ പൊൻപ്രഭയിൽ പൊലിഞ്ഞു പോയപ്പോഴോ ഒന്നും യൗവനയുക്തനായ ആ ആശാരി അക്ഷമനായില്ല.

അഞ്ചാമതായി, തച്ചൻ തന്റെതൊഴിലുകൊണ്ടുതന്നെ ഒരു നിർമ്മാർജ്ജകൻ (eliminator) ആണ്. മരത്തിന്റെയും മറ്റു സാധനസാമഗ്രികളുടെയും ഗുണനിലവാരത്തെക്കുറിച്ച് അവൻ അതീവശ്രദ്ധാലുവാണ്. മേന്മയില്ലാത്തവയെ അവൻ മാറ്റിവയ്ക്കുന്നു; കാതലില്ലാത്തവയെ മുറിച്ചു നീക്കുന്നു. കാരണം, കേടുള്ളവക്ക് ഈടുണ്ടാവുകയില്ലെന്ന് അവനു നന്നായറിയാം. എപ്പോഴും നല്ലവയെയാണ് അവൻ തിരഞ്ഞെടുക്കുന്നത്. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. നന്മയിലേക്ക്മാത്രം നീളുന്ന നോട്ടവും, മനസ്സും, കരങ്ങളും അവന്റെ സ്വന്തമായിരുന്നു. ജീവിതത്തിൽ അപകടകാരികളും ഉപദ്രവകാരികളുമായ സകലതിനെയും അവൻ അകറ്റിനിർത്തി. നല്ലവയെ മാത്രം നെഞ്ചോടുചേർത്തു. മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും, അവന്റെ മനുഷ്യത്വത്തിനു നിരക്കാത്തതാണെന്നു മനസ്സിലായ മാത്രയിൽ ആ തീരുമാനത്തെ തിരുത്താനുള്ള തന്റേടം കാട്ടി. ദൈവത്തിനു നിരക്കാത്തതായി ഒന്നും അവനിൽ ഇല്ലായിരുന്നു.

ആറാമതായി, തച്ചൻ നൈസർഗ്ഗികമായ (native) കഴിവുകളുടെ ഉടമയാണ്.മരത്തടിയിൽ മാസ്മരികതകൾ തീർക്കാനുള്ള വൈദഗ്ദ്യം മറ്റൊരാളിൽ നിന്നും കണ്ടു പഠിക്കുന്നതിലുപരി ജന്മസിദ്ധമായി സ്വായത്തമാക്കുന്ന ഒരു അനുഗ്രഹീത കലയാണ്. എന്തിലും ഏതിലും തനിമയുടെ പൊലിമ ആവിഷ്ക്കരിക്കാൻ അവൻ പരിശ്രമിക്കും. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. തന്റെ തൊഴിലിലും, ജീവിത ശൈലിയിലും ഒരുപോലെ തികച്ചും സ്വന്തമായ വ്യത്യസ്ഥത വച്ചുപുലർത്താൻ അവനു കഴിഞ്ഞിരുന്നു. കർമ്മ രംഗങ്ങളിലെ കലാവാസനകൾ പോലെതന്നെ വ്യക്തിജീവിതത്തിൽ മിതഭാഷണം, വിശ്വാസം, ദൈവാശ്രയത്വം, വിശ്വസ്തത, അലിവ്, ആദരവ് ആധിയായ സ്വഭാവ സവിശേഷതകളുടെ സ്വതസിദ്ധത അവനുണ്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് കർത്താവ് കല്പിച്ചതിനപ്പുറത്ത് ഒന്നും ചെയ്യാൻ അവൻ തുനിയാതിരുന്നത്. കൈയിലെ കൊടിൽ പോലെ മൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത, മായമില്ലാത്ത മനസ്സാക്ഷിയുടെ കാവലാളായിരുന്നു ആ കൂലിപ്പണിക്കാരൻ. വാളുപോലെ വക്രതയില്ലാത്ത വിചാരങ്ങളും, ഉളിത്തലപോലെതിളങ്ങുന്ന ഉള്ളവും, കൊട്ടുവടി കണക്കെ ഉറപ്പുള്ള നിലപാടുകളും അവന്റെ കൈമുതലായിരുന്നു.

ഏഴാമതായി, തച്ചൻ തന്റെതൊഴിലുകൊണ്ടുതന്നെ ചിന്താനിമഗ്നൻ (thought ful) ആണ്. ചിന്തകൾ അവന്റെ സന്തത സഹചാരികളാണെന്നു പറയാം. താൻ തുടർന്നു കൊണ്ടിരിക്കുന്നതും, തുടങ്ങാൻ പോകുന്നതുമായ സൃഷ്ടികളെപ്പറ്റിയുള്ള മനോവ്യാപരങ്ങൾ അവനുണ്ട്. മരത്തടിയിൽ വിടരുന്നതിനു മുമ്പേ അവയോരോന്നും അവന്റെ മനസ്സിൽ തന്നെയാണ് മൊട്ടിടുന്നത്! നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു. മറ്റെല്ലാറ്റിലുമുപരിയായി മറ്റുള്ളവരേപ്പറ്റി ചിന്തയുള്ളവനും, അവരുടെ വികാരങ്ങളെ മാനിക്കുന്നവനുമായ മനുഷ്യനായിരുന്നു അവൻ. അതിനാൽതന്നെ പരോപകാരം, കരുതൽ, നിസ്വാർത്ഥത, ഉപചാരശീലം, അനുകമ്പ തുടങ്ങിയമാനുഷികമൂല്യങ്ങൾ ആ മരപ്പണിക്കാരനിൽ മരതകമണികൾ പോലെ മിന്നിനിന്നിരുന്നു! അവാച്യമായ ആന്തരിക വ്യഥകളിലൂടെയും, മാനസികസംഘർഷങ്ങളിലൂടെയും താൻ കടന്നുപോയിക്കൊണ്ടിരുന്ന സന്ദർഭങ്ങളിൽ പോലും മറിയത്തിനു മാനനഷ്ടമുണ്ടാകരുതെന്ന് അവൻ ആഗ്രഹിച്ചു (മത്താ. 1:19). അതുകൊണ്ടല്ലേ ഒരുവേള കൈവെടിയാൻ തീരുമാനിച്ചവളെ പിന്നീട് കരം പിടിച്ച് കൂടെപ്പാർപ്പിച്ചതും? സ്വന്തം കരളുരുകി വികാരങ്ങളും വിചാരങ്ങളും വ്രണപ്പെട്ടപ്പോഴും കന്യാമറിയത്തിന്റെ കവിൾത്തടം കണ്ണീരിൽ കുതിരാൻ ആ കരുണാർദ്രഹൃദയന്റെ കർമ്മങ്ങളോ കഥനങ്ങളോകാരണമായില്ല.

എട്ടാമതായി, തച്ചൻ തൊഴിലുകൊണ്ടുതന്നെ തികച്ചും ഒരു സാധാരണക്കാരൻ (everyman) ആണ്. പെരുപ്പിച്ചു പറയാൻ പേരോ പെരുമയോ ഒന്നും ഇല്ലാത്തതു കൊണ്ടുതെന്നെ അധികം അവകാശവാദങ്ങളില്ലാ തെലളിതമായ ജീവിതം നയിക്കുന്നവൻ. സമൂഹത്തിലെ സാധാരണ കൂലി വേലക്കാരിൽ ഒരുവൻ. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു.അസാധാരണമായ അനുഗ്രഹങ്ങളാൽ സമ്പന്നനായിരുന്നെങ്കിലും വളരെ സാധാരണമായ ജീവിതമായിരുന്നു അവന്റേത്. അധികം ആരാലും അറിയപ്പെടാതെ, ആദരിക്കപ്പെടാതെവെറും പോക്കുവയിൽപോലെ കടന്നുപോയവൻ! രക്ഷകന്റെ രക്ഷിതാവ് എന്ന നിലയിൽ അഹങ്കരിക്കാൻ അവനു കാരണങ്ങൾ കണക്കിനുണ്ടായിരുന്നു. പക്ഷേ, ഉള്ളതെല്ലാം ഉടയോനിൽ നിന്നുള്ള ഭിക്ഷയായി മാത്രം കരുതി. വിയർപ്പുകൊണ്ട്വിശപ്പടക്കി. കഠിനാധ്വാനം കൊണ്ട്കുടുംബം പുലർത്തി. അധ്വാനത്തിന്റെ അരം കൊണ്ട് അവൻ തന്റെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടി! തനിച്ച് തച്ചിനിരുന്നു കട്ടിപ്പണി ചെയ്ത തൊഴിൽ സ്നേഹിയായ തച്ചനായിരുന്നു അവൻ!

അവസാനമായി, തച്ചൻ തൊഴിലുകൊണ്ടുതന്നെ വിശ്വാസയോഗ്യൻ ആയിരിക്കണം. വാക്കിനുവിലകല്പിക്കുന്നവനും, വാഗ്ദാനങ്ങളിൽ വീഴ്ചപറ്റാത്തവനും ആയിരിക്കണം. എങ്കിൽ മാത്രമേ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ അവനു കഴിയൂ. കാപട്യവും കുരുട്ടുബുദ്ധിയും കൂട്ടുകാരാകരുത്. നസറത്തിലെ നമ്മുടെ തച്ചൻ അങ്ങനെയായിരുന്നു.മണ്ണിന്റെയും വിണ്ണിന്റെയും മുമ്പിൽ അവൻ വിശ്വസനീയനായിരുന്നു. അതുകൊണ്ടാണ് ദൈവം സ്വന്തം വത്സലസുതന്റെ വളർത്തു പിതാവായി അവനെ വേർതിരിച്ചത്. അവന്റെ കരങ്ങൾ കുഴയുകയോ പാദങ്ങൾ പതറുകയോ ഇല്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. മറിയത്തെ സംബന്ധിച്ചിടത്തോളം വാഴ്വിൽ താൻ കൺ കണ്ട വിശ്വസ്തതയുടെ ആൾരൂപവും, വിശ്വാസ്യതയുടെ വിരലടയാളവും ആ തച്ചൻ തന്നെയായിരുന്നു. ആ തടിപ്പണിക്കരന്റെ മടിയിലിരുന്ന് താടിയിൽ തഴുകിയും തലോടിയുമൊക്കെയാണ് ശിശുവായ യേശുവളർന്നുവന്നത്. അങ്ങനെ, തന്നെ ആശ്രയിച്ചവരെയെല്ലാം ആ തച്ചൻ കാത്തു പരിപാലിച്ചു.

സുഹൃത്തേ, ഒഴുക്കുനീരു പോലെ അഴുക്കില്ലാത്ത ഒരു ജീവിതത്തിനു അവകാശിയായിരുന്ന നസറത്തിലെ ജോസഫ് എന്ന ആ തൊഴിലാളിയായ തങ്കപ്പെട്ട തച്ചനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇൗ വർഷത്തിൽ ക്രിസ്ത്യാനിയായ നീ നിന്നോട്തന്നെ ചോദിക്കേണ്ട ചോദ്യമൊന്നേയുള്ളൂ: "ആ ആശാരിയെപ്പോലെ ആകാൻ ആശയുണ്ടോ?' ഉണ്ടെങ്കിൽ, ആ നിർമ്മലന്റെ നിഴലിലൂടെ നീയും നടക്കാൻ തുടങ്ങുക.ദൈവത്തിന്റെ ദൃഷ്ടി നിന്റെ ഉള്ളത്തിലും ഉടക്കും. തങ്കപ്പെട്ടവരുടെ കൂട്ടത്തിൽ തീർച്ചയായും നിന്റെ നാമവും കുറിക്കപ്പെടും.

ഫാ. തോമസ് പാട്ടത്തിൽചിറ


Related Articles

പാദമുദ്രകൾ

വിചിന്തിനം

Contact  : info@amalothbhava.in

Top