സെമിത്തേരിയുടെ സവിശേഷതകള്‍ - ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

16,  Sep   

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പള്ളിക്കു ചുറ്റുമായി ആരംഭിച്ച സെമിത്തേരി അഥവാ മൃതസംസ്‌ക്കാര രീതി ആ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഒരു പ്രത്യേക സ്ഥലത്തായിരിക്കണം എന്ന തീരുമാനമുണ്ടായതോടെ ഒരു പ്രത്യേക സ്ഥലം സെമിത്തേരിക്കായി നിശ്ചയിക്കപ്പെട്ടു. മാത്രമല്ല, സെമിത്തേരി എപ്രകാരം വിവിധ ഭാഗങ്ങളായി തിരിക്കണം, എപ്രകാരം സംരക്ഷിക്കപ്പെടണം എന്നതിനെക്കുറിച്ചു, ലത്തീന്‍, സുറിയാനി കത്തോലിക്കര്‍ക്കായി ലെയോനാര്‍ദ്ദ് മെലാനോ മെത്രാപ്പോലീത്ത (വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക) 1879-ല്‍ കൃത്യമായ നിയമാവലി നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണമെന്ന തിരുസ്സഭയുടെ കല്പന ലംഘിക്കുന്നവരെ വികാരിമാര്‍ ഗുണദോഷിച്ചിട്ടും നല്ലവഴിക്കു തിരിയാതെയിരിക്കുകയും ആണ്ടുകുമ്പസാരം നടത്താതെ ഒഴിഞ്ഞു മാറുകയും എന്നാല്‍ മരണനേരത്തു കുമ്പസാരിക്കുകയും ചെയ്തവരുടെ മൃതദേഹം അടക്കുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "…അവരുടെ ശവം കുമ്പഞ്ഞിമെന്ത മുതലായ ഘൊഷങ്ങള്‍ കൂടാതെ സെമിത്തെരിയിലയ്ക്ക കൊണ്ടുപൊകയും ധര്‍മ്മക്കുഴിയില്‍ അടക്കിക്കൊണ്ട അവരുടെ അവസ്ഥയ്ക്കടുത്ത കുഴിക്കാണം പള്ളിക്ക കൊടുവിക്കയും വെണം.' (കല്പനകളും നിയമങ്ങളും, p. 48). സെമിത്തേരിക്കകത്തു തന്നെ പ്രത്യേകം കെട്ടിത്തിരിച്ചിട്ടിരിക്കുന്ന സ്ഥലത്തിനെയാണു "ധര്‍മ്മക്കുഴി" എന്നു വിശേഷിപ്പിച്ചിരിക്കുക. "ധര്‍മ്മക്കുഴിയില്‍" അടക്കണമെന്ന നിയമം ആദ്യമായി നല്കിയതു ലെ യോനാര്‍ദ്ദ് മെത്രാപ്പോലീത്തയാണ്. കുഴിക്കാണം കൊടുക്കുന്നതിനു കഴിവില്ലാത്തവരുടെയും ആഘോഷങ്ങളില്ലാതെ സംസ്‌ക്കരിക്കപ്പെടുന്നവരുടെയും മൃതദേഹങ്ങളാണു ധര്‍മ്മക്കുഴിയില്‍ അടക്കിയിരുന്നത്. ആണ്ടുകുമ്പസാരം നടത്താത്തവരും പരസ്യപാപികളുമായവരുടെ മൃതദേഹങ്ങള്‍ ഒരുകാലത്തു സെമിത്തേരിയില്‍ അടക്കിയിരുന്നില്ല. വെഞ്ചരിച്ച സെമിത്തേരിക്കു പുറത്ത് അവരെ അടക്കിക്കൊള്ളണമെന്നു ലെയൊനാര്‍ദ് മെത്രാപ്പോലീത്ത കര്‍ശനമായി കല്പിച്ചിരുന്നു. അതിപ്രകാരമായിരുന്നു: "എന്നാല്‍ ആണ്ടുകുമ്പസാരം കഴിച്ചിട്ടില്ലാത്തവര മരണസമയത്തു കൂടെയും അവരുടെ ഉദാരതയാല്‍തന്നെ കൂദാശകളെ കൈക്കൊള്ളാതെ മരിച്ചാല്‍ അവരുടെ ശവം ശുദ്ധ: സ്ഥലത്തില്‍ അടക്കിക്കൂടാ" (കല്പനകളും നിയമങ്ങളും, p. 48). ആണ്ടുകുമ്പസാരം മുടക്കിയും മഹറോന്‍ ശിക്ഷയിലും മറ്റും ഉള്‍പ്പെട്ടും പള്ളിയോടും ദൈവത്തോടും അനുരജ്ഞനപ്പെടാതെ ജീവിച്ചു മരിക്കുന്നവരുടെയും പരസ്യ പാപികളുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും മൃതദേഹങ്ങള്‍ സെമിത്തേരിക്കു പുറത്ത്, വെഞ്ചരിക്കാത്ത സ്ഥലത്ത്, അടക്കണം എന്ന നിയമവും ആദ്യമായി നല്കിയത് ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തയാണ്. ഇപ്രകാരം സെമിത്തേരിക്കു പുറത്തു ശവസംസ്‌ക്കാരം നടത്തുന്ന സ്ഥലത്തിനെ ജനം പില്ക്കാലത്തു "തെമ്മാടിക്കുഴി" എന്നാണു വിളിച്ചിരുന്നത്. ഇപ്രകാരമുള്ള ശവസംസ്‌ക്കാര ചടങ്ങുകളില്‍ വൈദികര്‍ പങ്കെടുക്കുകയോ ഔദ്യോഗിക പ്രാര്‍ത്ഥനകള്‍ ചൊല്ലുകയോ ചെയ്തിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ "തെമ്മാടിക്കുഴികള്‍" അപ്ര്യക്ഷമായി. 1879-ല്‍ അദ്ദേഹം സെമിത്തേരികളെ സംബന്ധിച്ചു നല്കിയ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു ദെക്രെത്തു പുസ്തകം എന്ന പേരില്‍ 1904-ല്‍ മാര്‍ മാത്യു മാക്കീല്‍ (ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്ക) പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരിക്കല്‍ മൃതദേഹ സംസ്‌ക്കാരം നടത്തിയ സ്ഥലത്ത് വീണ്ടും അടക്കുന്നതിനു കുഴിയെടുക്കുമ്പോള്‍ ലഭിക്കുന്ന അസ്ഥികളും മറ്റും നിക്ഷേപിക്കുന്നതിനു സെമിത്തേരിയോടു ചേര്‍ന്നു വലിയ കുഴികള്‍ നിര്‍മ്മിച്ചിരുന്നു. "അസ്ഥിക്കുഴി" എന്നാണിത് അറിയപ്പെട്ടിരുന്നത്. 1950-കളില്‍ ധര്‍മ്മക്കുഴികളും അസ്ഥിക്കുഴികളും സെമിത്തേരികളില്‍നിന്നും അപ്രത്യക്ഷമായി. 1934-ല്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ച വരവുകളുടെ നിയമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതു സംബന്ധമായി എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: 1. "മാമ്മോദീസാ കൈക്കൊണ്ടു മരിക്കുന്ന എഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ ശരീരം ബഹുമാന സൂചകമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പാടുപോലെ ആഘോഷപൂര്‍വ്വം കൊമ്പഞ്ഞിമെന്ത് കൂടി അടക്കണം. 2. ഇവരുടെ മൃതശരീരം സംസ്‌ക്കരിക്കുന്നതിനു സെമിത്തേരിയില്‍ ഒരു പ്രത്യേക സ്ഥലമൊ ഭാഗമൊ വേര്‍തിരിച്ചിട്ടിരിക്കണം. ഇവര്‍ക്കു കുഴിക്കാണം ചക്രം 10 (5 ണ. 8 പൈ.). 3. ഏഴു വയസ്സിനു മീതെ പതിനാറു വയസ്സിനു താഴെ ഉള്ള വിവാഹം കഴിക്കാത്ത കുട്ടികളുടെ ശവസംസ്‌ക്കാരത്തിനു കുഴിക്കാണം അതാതു വീട്ടുകാര്‍ക്കു പതിവുള്ള നിരക്കില്‍ മൂന്നില്‍ രണ്ടു ഭാഗമായിരിക്കണം. 4. ആണ്ടുകുമ്പസാരം മുടങ്ങുകയും അതിനുശേഷം മരണസമയത്തുമാത്രം കുമ്പസാരം മുതലായ കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ളവരുടെ മൃതശരീരം പതിവുള്ള കുഴിക്കാണത്തിനും പുറമെ അതില്‍ പകുതികൂടി പണപ്രായശ്ചിത്തമായി തീര്‍പ്പിച്ചുകൊണ്ടു മുറപ്രകാരം സംസ്‌ക്കരിക്കാം. 5. ആണ്ടുകുമ്പസാരം മുടങ്ങുകയും അതിനുശേഷം മരണസമയത്തുപോലും യാതൊരു കൂദാശയും കൈക്കൊള്ളാതിരിക്കുകയും ചെയ്തിട്ടുള്ളവരുടെ മൃതശരീരം പതിവു കുഴിക്കാണം തീര്‍പ്പിച്ചുകൊണ്ടും യാതൊരു ആഘോഷവും കൂടാതെയും സിമിത്തേരിക്കു പുറത്തു തിരിച്ചു കെട്ടിയിട്ടുള്ള സ്ഥലത്തു സംസ്‌ക്കാരിച്ചുകൊള്ളണം. 6. കുഴിക്കാണമില്ലാതെ സംസ്‌ക്കരിക്കപ്പെടുന്ന ദരിദ്രരുടെയും കൊമ്പഞ്ഞിമെന്തില്ലാതെ സംസ്‌ക്കരിക്കപ്പെടുന്ന ദരിദ്ര പൈതങ്ങളുടെയും കാര്യത്തില്‍ കുഴിവെഞ്ചരിപ്പു ബ. വികാരി സൗജന്യമായി നടത്തിക്കൊടുക്കണം (വരവുകളുടെ നിയമസംഗ്രഹം, pp.35-36). സെമിത്തേരി സംബന്ധമായ ദീര്‍ഘമായ നിബന്ധനകളും അതു സൂക്ഷിക്കേണ്ടതു സംബന്ധമായ നിര്‍ദ്ദേശങ്ങളും വിശദമായി നല്കപ്പെട്ടതു മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ കാലത്താണ്. 1940-ല്‍ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ സെമിത്തേരിയെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: "മേലദ്ധ്യക്ഷാനുമതിയോടുകൂടി വൈദികനു സെമിത്തേരി വെഞ്ചരിക്കാവുന്നതാണ്. വെഞ്ചരിക്കുമ്പോള്‍ ഏകദേശം ഒരാള്‍ പൊക്കമുള്ള ഒരു മരക്കുരിശു സിമിത്തേരിയുടെ നടുവില്‍ നാട്ടിയിരിക്കണം. മെത്രാനാണു വെഞ്ചരിക്കുന്നതെങ്കില്‍ മരക്കുരിശു 5 വേണം. ഓരോ കുരിശിലും മുമ്മൂന്നു തിരിവീതം കത്തി നില്ക്കണം. കര്‍മ്മം കഴിഞ്ഞാലും അവ കെടുത്തിക്കളയരുത്. അവിടെതന്നെ നിന്നു മുഴുവനും കത്തിതീരണമെന്നാണു നിശ്ചയം. പുതുതായി കൂട്ടിച്ചേര്‍ക്കുന്ന സ്ഥലവും ക്രമപ്രകാരം വെഞ്ചരിക്കണം. സിമിത്തേരി എന്നും വളരെ പൂജ്യമായി തിരുശേഷിപ്പുകളുടെ സ്ഥലമായി കരുതേണ്ടതും വൃത്തിയാക്കി ഇട്ടിരിക്കേണ്ടതുമാണ്. ചുറ്റും മതിലോ തല്ക്കാലം നല്ല വേലിയെങ്കിലുമോ കെട്ടി പൂട്ടി ഭദ്രമായി സൂക്ഷിക്കണം. താക്കോല്‍ എപ്പോഴും വികാരിയുടെ പക്കല്‍ വച്ചിരിക്കുകയും വേണം. അകത്തു ഫലവൃക്ഷങ്ങളൊന്നും പാടില്ല. കൃഷി, കന്നുകാലി മേച്ചില്‍ മുതലായവയും അനുവദിക്കരുത്. ചുറ്റും പൂച്ചെടികള്‍ വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. സിമിത്തേരിയില്‍ ഒരു ഭാഗം കുട്ടികളുടെ ശവസംസ്‌ക്കാരത്തിനായി മാത്രമായി തിരിച്ചിടണം. സിമിത്തേരിക്കുള്ളില്‍ ഒരു കപ്പേളയുണ്ടാക്കുകയും വൈദികരെയും അതിനകത്തുതന്നെ അടക്കുകയുമാണു വേണ്ടത്. കുഴികള്‍ കൃത്യമായ നിരനോക്കിയേ കുഴിക്കാവൂ. അവയുടെ നിരക്ക് ഓരോ വരിയിലും എഴുതിവച്ചിരിക്കണം. സിമിത്തേരിയുടെ നടുവില്‍കൂടി വേണ്ടത്ര വീതിയുള്ള വഴികളും ഉണ്ടായിരിക്കണം. ഒരിക്കല്‍ മൂടിയകുഴി പിന്നീടു രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തുറക്കാവൂ. നല്ല അസ്ഥികളില്‍ കുറെ (തലയോടുകളും) സിമിത്തേരിയുടെ ഒരുവശത്ത് ഒന്നു രണ്ടു പദവികള്‍ കെട്ടി എല്ലാവര്‍ക്കും കാണത്തക്കവണ്ണം ക്രമമായി അടക്കിവച്ചിരിക്കണം. ബാക്കി അസ്ഥികളെല്ലാം വീണ്ടും കുഴിയില്‍ തന്നെ ഇട്ടു മൂടികളയണം. അസ്ഥിക്കുഴി ആവശ്യമില്ല. പെട്ടിയുടെ കഷണങ്ങള്‍ ബാക്കി കണ്ടാല്‍ അവ പെറുക്കി ഇടുന്നതിന് ഒരു കുഴി തിരിച്ചുണ്ടായിരിക്കണം. അതു പുറത്തായാലും മതി. അങ്ങനെ കൂടുന്നതെല്ലാം ഇടയ്ക്കിടയ്ക്കു കത്തിച്ചുകളയണം. പകര്‍ച്ച വ്യാധിക്കാരുടെ മൃതശരീരം ആറടി താഴ്ത്തി അടക്കണമെന്നാണ് അഭിപ്രായം. വെഞ്ചരിച്ചതിനു പുറത്തായി കുറെ സ്ഥലം ആണ്ടുകുമ്പസാരം മുടക്കുകാര്‍ക്കും മറ്റും തിരിച്ചുകെട്ടണം. അതിനു മതിലോ അല്ലെങ്കില്‍ തല്ക്കാലം നല്ല വേലിയോ ഉണ്ടായിരിക്കണം. സെമിത്തേരി ഉണ്ടാക്കുന്നതിന കൊച്ചിയില്‍ ഗവണ്‍മെന്റ് അനുവാദം വേണം. തിരുവിതാംകൂറില്‍ അന്യര്‍ക്കു അസഹ്യകാരണമാകരുതെന്നേ നിബന്ധനയുള്ളൂ. എവിടെയായാലും അരമനക്കച്ചേരിയിലെ അനുവാദം അത്യാവശ്യമാണ്. പള്ളിയുടെ അടുത്തുള്ള സെമിത്തേരിയില്‍ ശവം കൊണ്ടുവന്ന് അടക്കുന്നതിനു ദൂരംകൊണ്ടു പ്രയാസം നേരിടുന്നുവെങ്കില്‍ വേണ്ട അനുവാദങ്ങള്‍ വാങ്ങി ഇടവകയില്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം സെമിത്തേരി ഉണ്ടാക്കുന്നത് വളരെ നല്ലതാണ് (എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം, 1940, pp. 92-93). 1921 നവംബര്‍ മാസത്തിലെ എറണാകുളം മിസ്സത്തിലും (pp. 44-45) 1934 ഏപ്രില്‍ മാസത്തിലെ എറണാകുളം മിസ്സത്തിലും (pp. 52 ff) പ്രസിദ്ധീകരിച്ച സെമിത്തേരി സംബന്ധമായ കാര്യങ്ങളെ ക്രോഡീകരിച്ചാണ് ഈ നിയമം നല്കിയത്.


Related Articles

Contact  : info@amalothbhava.in

Top