വി.യൗസേപ്പിതാവിനെ കുറിച്ചൊരു പഠനം

30,  Sep   

വി.യൗസേപ്പിനെക്കുറിച്ചൊരു പഠനം

ഈ വർഷം വി.യൗസേപ്പിതാവിന് അർപ്പിക്കപ്പെട്ടിരിക്കുന്ന വർഷമായതിനാൽ വി.യൗസേപ്പിതാവിന്റെ തിരുനാളിന് പ്രത്യേക പ്രാധാന്യമുണ്ട്. 2020 ഡിസംബർ എട്ടാം തീയ്യതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയ ' പാർത്രിസ് കോർദ്ദേ'  എന്ന അപ്പസ്തോലിക ലേഖനം വഴി അന്നേ ദിവസം മുതൽ 2021 ഡിസംബർ എട്ടാം തീയ്യതി വരെ വി.യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷമായി സഭ ആചരിക്കന്നു. 1870-ൽ പരിശുദ്ധ പിതാവ്  9-ാം പീയൂസ് പാപ്പ വി.യൗസപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. അതിന്റെ 150-ാം വർഷമാണിത്. അതുകൊണ്ടാണ് സഭ ഈ വർഷം വി. യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷമായി ആചരിക്കുന്നത്.

                    1870 കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികളുടെ വർഷമായിരുന്നു. ഈ പ്രതിസന്ധികളിൽപ്പെട്ട് ഒന്നാം വത്തിക്കാൻ കൗൺസിൽ കുറച്ചു കാലത്തേക്ക് നിറുത്തി വയ്ക്കേണ്ടതായി വന്നീട്ടുണ്ട്. കാരണം , ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള യുദ്ധത്തിൽ ഫ്രാൻസ് പരാജയപ്പെട്ടു. റോമിനെ അനുകൂലിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരുന്ന ഫ്രാൻസ് പരാജയപ്പെട്ടത് റോമിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമായിരുന്നു. ജർമ്മനിയും സഖ്യകക്ഷികളും കൂടുതൽ കരുത്താർജ്ജിച്ചു. ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിക്കുകയും സഭയും സേറ്റുകളും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിക്കുകയും ചെയ്തു.

                    സഭക്ക് ശക്തമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കലുഷിതമായ ഈ കാലഘട്ടത്തിൽ 9-ാം പീയൂസ് പാപ്പ വി.യൗസേപ്പിനെ സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ഈശോയേയും പരിശുദ്ധ അമ്മയേയും പ്രതിസന്ധികളിൽ കാത്തു സൂക്ഷിച്ച വി. യൗസേപ്പിതാവ് സഭയെ കാത്തു രക്ഷിക്കും എന്ന് പാപ്പ  വിശ്വസിച്ചു. തിരുസഭയുടെ മദ്ധ്യസ്ഥനായി യൗസേപ്പിനെ വണങ്ങുവാനും മാദ്ധ്യസ്ഥം വഹിക്കുവാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. പാപ്പയുടെ വിശ്വാസം അസ്ഥാനത്തായില്ല എന്നതിന് ചരിത്രം സാക്ഷി. ആ പ്രഖ്യാപനത്തിന്റെ നൂറ്റിയൻപതാം വർഷമാണ് ഇപ്പോൾ യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന വർഷമായി സഭ ആചരിക്കുന്നത്.

                   ഈ വർഷം സഭാ തനയരെ സംബന്ധിച്ചിടത്തോളം കൃപയുടെ വർഷമാണ്. ഈ വർഷം പ്രത്യേകിച്ച് വി. യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടുവാനും അനുഗ്രഹം പ്രാപിക്കുവാനും ' പ്രാർത്രിസ് കോർദ്ദേ' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പരിശുദ്ധ പിതാവ് നമ്മെ അഹ്വാനം ചെയ്യുന്നു. വി. യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നവർക്കായി ഈ വർഷം സഭ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. സഭ അതിനായി പ്രത്യേക ദിവസങ്ങളും നിർദ്ധേശങ്ങളും  നല്കിയിട്ടുണ്ട്. തിരുകുടുംബത്തിന്റെ തിരുന്നാൾ ദിനമായ ഡിസംബർ 27-ാം തിയ്യതി , വി.യൗസേപ്പിതാവിന്റെ ഓർമ്മ ദിനമായ മാർച്ച് 19, തൊഴിലാളി മധ്യസ്ഥാനായ വി.യൗസേപ്പിനെ വണങ്ങുന്ന മെയ് ഒന്നാം തീയതി, എല്ലാ മാസവും വി. യൗസേപ്പ് മരിച്ച ദിനമായ 19 ാം തീയ്യതി , എല്ലാ ആഴ്ച്ചയിലും വി. യൗസേപ്പിതാവിനെ പ്രത്യേകം സ്മരിക്കുന്ന ബുധനാഴ്ച എന്നിവയാണ് ദണ്ഡവിമോചന ദിവസങ്ങൾ . 

ദണ്ഡവിമോചനത്തിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

1. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് വി.കുമ്പസാരം നടത്തിയിരിക്കണം.

2 പ്രസാദവസ്ഥയിൽ വി.കുർബാനയിൽ പങ്കുകൊള്ളുകയും, കുർബാന സ്വീകരിക്കുകയും ചെയ്യണം.

3. മാർപ്പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കണം.

ജോസഫ് : പേര് അന്വർത്ഥമാക്കിയ വിശുദ്ധൻ

പി.ഒ.സി. ബൈബിളിൽ ജോസഫ് എന്ന പേരിന് അർത്ഥം നൽകിയിട്ടുണ്ട്.' വർദ്ധിപ്പിക്കുക' എന്നതാണ് ഈ പേരിന്റെ വാച്യാർത്ഥം.  " കുറേക്കാലം വന്ധ്യയായിരുന്ന യാക്കോബിന്റെ ഇഷ്ടപത്നിയായ റാഹേലിന് ദൈവത്തിന്റെ കൃപാകടാക്ഷം ലഭിക്കുകയും അവൾ ഒരു പുത്രന് ജന്മം നല്കുകയും ചെയ്തു. " ദൈവം എന്റെ അപമാനം നീക്കി ക്കളഞ്ഞിരിക്കുന്നു. കർത്താവ് എനിക്ക് ഒരു പുത്രനെ കൂടി തരട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾ അവന് ജോസഫ് എന്ന് പേരിട്ടു "(ഉല്‌പ 30/24 ). അമ്മയുടെ അപമാനം നീക്കിക്കളഞ്ഞ് അവൾക്ക് മഹത്വം വർദ്ധിപ്പിച്ചവനാണ് പഴയ നിയമത്തിലെ ജോസഫെങ്കിൽ പുതിയ നിയമത്തിൽ മറിയത്തിനെ അപമാനിക്കാൻ ഇഷ്ടപ്പെടായ്കയാൽ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ച നീതിമാനായ , മറിയത്തിന്റെ മഹത്വത്തിനു വേണ്ടി പ്രവർത്തിച്ച നിർമ്മല ഹൃദയനാണ് ജോസഫ് . നീതിയെ പ്രതി അഴിഞ്ഞു വീണ കുപ്പായം പോലും എടുക്കുവാൻ നില്ക്കാതെ ഓടി രക്ഷപ്പെട്ട പൂർവ്വ പിതാവായ ജോസഫും, യേശുവിന്റെ വളർത്തു പിതാവായ ജോസഫും പേരിലും, നീതിബോധത്തിലും മാത്രമല്ല സാമ്യം എന്ന് പിന്നീടുള്ള ഒളിച്ചോട്ടവും ജീവിതവും നമ്മെ പഠിപ്പിക്കുന്നു.

യൗസേപ്പിതാവിന്റെ പൂർവ്വകാല ചരിത്രം.

യൗസേപ്പിതാവിന്റെ പൂർവ്വകാല  ജീവിതത്തെ കുറിച്ച് നമുക്ക് ചില സൂചനകൾ ലഭിക്കുന്നത് അപ്രമാണിക ഗ്രന്ഥങ്ങളിൽ നിന്നും, സഭാ പിതാക്കന്മാരുടെ പഠനങ്ങളിൽ നിന്നുമാണ്. ബൈബിൾ പഠനത്തിൽ എപ്പോഴും ഓർത്തിരി ക്കേണ്ട കാര്യം ബൈബിൾ എഴുതപ്പെട്ടത് ദൈവപുത്രനായ യേശുവിനെക്കുറിച്ച് പ്രതിപാദിക്കാനാണ്. മറ്റുള്ളവരെക്കുറിച്ചുള്ള വിവരണങ്ങൾ  യേശുക്രിസ്തുവിന്റെ ജീവിതത്തെ കാണിക്കുന്നതിനു വേണ്ടി മാത്രമാണ്. ആയതിനാൽ, വി.യൗസേപ്പിതാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വി.ഗ്രന്ഥം നമുക്ക് നല്കുന്നില്ല.

                    അപ്രമാണിക ഗ്രന്ഥങ്ങളായ  വി. തോമസിന്റെ സുവിശേഷത്തിലും വി. യാക്കോബിന്റെ സുവിശേഷത്തിലും വി. യൗസേപ്പിതാവിനെക്കുറിച്ച് ചെറിയ വിവരണമുണ്ട്. ഈജിപ്തിൽ വിരചിതമായ വി. തോമസിന്റെ പേരിലുള്ള സുവിശേഷം എഴുതപ്പെട്ടത് 7-ാം നൂറ്റാണ്ടിലായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. അതിൽ യൗസേപ്പിതാവിനെക്കുറിച്ച് പറയുന്നത് മാതാവിന്റെ വിവാഹവുമായി ബന്ധപ്പെടുത്തിയാണ്. ആ വിവരണമനുസരിച്ച് 40 വയസ്സുള്ള യൗസേപ്പ് 49 - വർഷം ഭാര്യയുമൊത്ത് ജീവിച്ചു. ഇത് യൗസേപ്പിന്റെ രണ്ടാം വിവാഹമായിരുന്നു എന്നും ഇതിൽ പ്രതിപാദിക്കുന്നു.

                  യാക്കോബ് ശ്ലീഹായുടെ പേരിൽ എഴുതപ്പെട്ടിരിക്കുന്ന സുവിശേഷമനുസരിച്ച് ദേവാലയത്തിൽ വളർന്ന മേരിയെ വിവാഹം ചെയ്തു കൊടുക്കുന്നതിനായി പുരോഹിതന്മാർ നാട്ടിലെ വിഭാര്യന്മാരെയെല്ലാം വിളിച്ചു കൂട്ടുകയും ദൈവേഷ്ടം തേടുന്നതിനായി അവരുടെ കൈയ്യിൽ ഓരോ വടി നല്കുകയും ചെയ്തു. അതിൽ ജോസഫിന് നല്കിയ ഉണക്ക വടി പൂത്ത് പുഷ്പിച്ചു. ചില വിവരണങ്ങളിൽ അതിൽ നിന്നും ഒരു പ്രാവ് പുറത്തു വന്നു എന്നും കാണുന്നുണ്ട്. ഇത് ദൈവം നല്കിയ അടയാളമായി സ്വീകരിച്ച പുരോഹിതൻ മറിയത്തെ യൗസേപ്പിന് ഭാര്യയായി നിശ്ചയിച്ചു.

                   എന്നാൽ ഈ വിവരങ്ങളോട് സഭാ പിതാക്കന്മാർ വിയോജിക്കുന്നു. അന്നത്തെ ചരിത്ര, സാധ്യതാ പഠനങ്ങളനുസരിച്ചുള്ള അവരുടെ വിവരണത്തിൽ ദേവാലയത്തിൽ വളർന്ന കന്യകാമറിയത്തിന് 12, 14 വയസ്സിലാണ് വിവാഹം. അതിനാൽ ഭർത്താവായി തിരഞ്ഞെടുക്കപ്പെട്ട യൗസേപ്പിന് 18 വയസ്സിൽ കൂടുതൽ ഉണ്ടായിരിക്കുവാനുള്ള സാധ്യത ഇല്ല. ആദ്യകാലത്ത് മാതാവ് നിത്യകന്യകയായിരുന്നു എന്ന് വളരെ എളുപ്പത്തിൽ പറയുന്നതിനു വേണ്ടിയിട്ടാണ് യൗസേപ്പിതാവിനെക്കുറിച്ചുള്ള വിവരണങ്ങളിലുഠ, ചിത്രങ്ങളിലും വൃദ്ധനായ ഒരാളായി വി.യൗസേപ്പിനെ ചിത്രീകരിച്ചത് എന്നാണ് ഭൂരിഭാഗം പഠനങ്ങളും തെളിയിക്കുന്നത്. കേവലം 18, 20 വയസ്സുള്ള ഒരു യുവാവാണ് അവളെ നിത്യകന്യകയായി കാത്തു സംരക്ഷിച്ചത് എന്ന് മനസ്സിലാക്കുമ്പോഴാണ് വി. യൗസേപ്പിന്റെ മഹത്വം നാം അറിയുന്നത്.

സുവിശേഷങ്ങളിലെ വി.യൗസേപ്പ് .

         സുവിശേഷങ്ങളിൽ കാണുന്ന വി യൗസേപ്പിതാവ് കൃപയാർന്ന മൗനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ജീവിതത്തിലെ ക്ലേശകരമായ നിമിഷങ്ങൾ നിശബ്ദമായി ദൈവത്തിൽ സമർപ്പിക്കുകയും ദൈവം ഉത്തരം നല്കുകയും ചെയ്യുന്ന കൃപയാർന്ന ഒരവസ്ഥയാണ് വി. യൗസേപ്പിതാവിൽ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്. ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫുമായി വിവാഹ നിശ്ചയം നടത്തിയിരിക്കുന്ന കന്യകയുടെ അടുത്തേക്ക് അയയ്ക്കപ്പെട്ട ഗബ്രിയേൽ ദൂതനെ പരാമർശിച്ചു കൊണ്ടാണ് വി.ലൂക്കായുടെ സുവിശേഷത്തിലെ മംഗളവാർത്താ വിവരണം ആരംഭിക്കുന്നത്. വി.യൗസേപ്പിനെ നീതിമാൻ എന്നാണ് വി.ഗ്രന്ഥം പ്രതിപാദിക്കുന്നത്. നീതിക്ക് സാധാരണയായ അർത്ഥം അർഹിക്കുന്നവർക്ക് അത് നല്ക്കുക എന്നതാണ്. വിവാഹ നിശ്ചയം കഴിഞ്ഞ മറിയം ഗർഭിണിയായി എന്നതാണ് ഇവിടെ പ്രശ്നം. യഹൂദ വിവാഹങ്ങൾക്ക് രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗം വിവാഹ നിശ്ചയമാണ്. അതിന് ശേഷം ആറേഴ് മാസങ്ങൾക്ക് ശേഷമാണ് വിവാഹം നടത്തുന്നത്. വിവാഹ നിശ്ചയം മുതൽ സ്ത്രീയും പുരുഷനും ദമ്പതിമാരെ പോലെ കണക്കാക്കപ്പെട്ടിരുന്നു. നിശ്ചയ ശേഷം പുരുഷൻ മരിച്ചാൽ സ്ത്രീ വിധവയായി പരിഗണിക്കപ്പെട്ടിരുന്നു. വിവാഹ നിശ്ചയ ശേഷം ദമ്പതിമാരെപ്പോലെ കണകാക്കപ്പെട്ടിരുന്ന സ്ത്രീ ഗർഭിണിയാകുക സ്വഭാവികം. അങ്ങനെ ഗർഭിണിയാകുന്നത് വിവാഹ വാഗ്ദാനം നടത്തിയിരിക്കുന്ന പുരുഷനുമായിട്ടല്ലെങ്കിൽ അവൾ വിസ്തരിക്കപ്പെടുകയും കല്ലെറിഞ്ഞ് കൊലപ്പെടുകയും ചെയ്യണം. അപ്പോൾ ആദ്യം കല്ലെറിയുവാനുള്ള അവകാശം ആരുമായിട്ടാണോ വിവാഹ വാഗ്ദാനം നടത്തിയിരിക്കുന്നത് ആ പുരുഷനായിരിക്കും.ഇവിടെ താൻ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രി ഗർഭിണിയാണെന്നറിഞ്ഞ് അവളെ ഉപേക്ഷിച്ച് നാടുവിടാനാണ് യുസേപ്പ് തിരുമാനിച്ചത്. നാടുവിട്ടാൽ ഈ പാവംയുവതിയെ ജോസഫ് ചതിച്ചു എന്നായിരിക്കും ജനം ചിന്തിക്കുക. സകല അപരാധങ്ങളും തന്റെ മേൽ പതിക്കും അതറിയാമായിരുന്നിട്ടും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ അപമാനം ഏറ്റെടുക്കാൻ തയാറാകുന്ന യൗസേപ്പിനെ വിശേഷപ്പിക്കാൻ നീതിമാൻ എന്ന പേര് മതിയാകുന്നില്ല. വെറും നീതിയോടെ പ്രവർത്തിക്കുന്നവനാണെങ്കിൽ ആദ്യ കല്ലെറിയേണ്ടവനാണ് അയാൾ, അങ്ങനെ ചിന്തിക്കുമ്പോൾ നീതിയെ അതിലംഘിക്കുന്ന നീതിയുടെ വക്താവാണ് വി. യൗസേപ്പ് . പിന്നീട് മാലാഖയുടെ വെളിപ്പെടുത്തലിനു ശേഷം മേരി പതിയായി , ദൈവപുത്രനെ സംരക്ഷിക്കാൻ ഈജിപ്തിലേക്കും, അവിടെ നിന്നും നസ്രത്തിലേക്കുമൊക്കെ ഒളിച്ചോടുന്ന പ്രവാസിയായി , തിരുകുടുംബത്തെ പോറ്റാൻ അദ്ധ്വാനിക്കുന്ന തച്ചനായി പ്രശ്നങ്ങളിൽ ധ്യാനാത്മകതയോടെ ദൈവവെളിപ്പെടുത്തലിനു വേണ്ടി കാത്തിരുന്ന് ഭക്തിയിലൂടെ മാതൃകയായി വി. യൗസേപ്പ് നിലകൊള്ളുന്നു.

യൗസേപ്പിന്റെ മരണം

                   വി. യൗസേപ്പിതാവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ധാരാളം കൃതികൾ ഉണ്ടായിട്ടുണ്ട്. വി. യൗസേപ്പിതാവ് മരിക്കുന്ന സമയം പരിശുദ്ധ അമ്മ അദ്ദേഹത്തിനു വേണ്ടി   തന്റെ മകനോട് മദ്ധ്യസ്ഥം വഹിക്കുന്നതും യൗസേപ്പിന്റെ ചാരെ നില്ക്കുന്ന ഈശോ, ഭൂമിയിലെ ഏറ്റവും അനുഗ്രഹിതനായ മനുഷ്യന് നല്കുന്ന അനുഗ്രഹം തന്റെ വളർത്തു പിതാവിന്റെ മേൽ ചൊരിയുകയും അങ്ങനെ വി. യൗസേപ്പ് സമാധാനത്തോടെ മരിക്കുകയും ചെയ്യുന്ന വിവരണങ്ങളാണ് ഈ കൃതികളിൽ മിക്കതിലും പ്രതിപാദിച്ചിട്ടുള്ളത്. യേശുവിന്റെ ചെറുപ്പക്കാലത്തു തന്നെ യൗസേപ്പ് മരിച്ചു എന്ന നിഗമനങ്ങളിലാണ് ബൈബിൾ പഠിതാക്കൾ എത്തിച്ചേരുന്നത്. യേശുവിന്റെ പരസ്യജീവിതത്തിലോ, പീഡാസഹനവേളയിലോ, വി.യൗസേപ്പിന്റെ സാന്നിധ്യം നാം കാണുന്നില്ല. മരണ സമയത്ത് അമ്മയെ യോഹന്നാന് ഭരമേല്പിക്കുന്നു. ചില വിവരണങ്ങളനുസരിച്ച് യേശുവിന്റെ 19-ാം വയസ്സിലാണ് വി. യൗസേപ്പ് മരിച്ചത്. എന്തായാലും ഒരു കാര്യം സഭ എടുത്തു പറയുന്നു. പരിശുദ്ധ അമ്മയുടെയും ഉണ്ണിശോയുടേയും സ്നേഹ ശുശ്രൂഷകൾ ഏറ്റുവാങ്ങിക്കൊണ്ട് പുണ്യമായ മരണമാണ് യൗസേപ്പിന് ലഭിച്ചത്. അതുകൊണ്ടാണ് യൗസേപ്പിതാവിനെ നല്ല മരണത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉറങ്ങുന്ന വി.യൗസേപ്പിതാവ്

         മനുഷ്യന് വിശ്രമിക്കാൻ നല്കപ്പെട്ടിരിക്കുന്ന കഴിവാണ് നിദ്ര. പൂർവ്വ പിതാക്കന്മാരുടെ ജീവിതം പരിശോധിക്കുകയാണെങ്കിൽ ഉറക്കം ദർശനങ്ങൾ  കൊണ്ട് അനുഗ്രഹിതമായ സമയമാണ്. സോളമൻ എന്ന പ്രതിഭയായ രാജാവിന് സ്വപനത്തിലാണ് ദൈവം പ്രത്യക്ഷപ്പെട്ട് എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ അനുവാദം കൊടുത്തത്.( 1 രാജ 3:5-15) സ്വപ്നങ്ങൾ കാണുന്ന, അതിലൂടെ ദൈവം ഭാവി വെളിപ്പെടുത്തിക്കൊടുക്കുന്ന പൂർവ്വ പിതാവായ ജോസഫിനെ ഉല്പത്തി പുസ്തകം 35ാം അദ്ധ്യായം മുതൽ കാണാൻ സാധിക്കും. ആദിമ മനുഷ്യന്റെ നിദ്രയിലാണ് ദൈവം ഇടപ്പെട്ട് അവന്റെ ഏകാന്തതയകറ്റുവാൻ ചേർന്ന ഇണയെ നല്കി അവനെ അനുഗ്രഹിച്ചത് ( ഉല്പത്തി 2:2) . സാമുവേലിനെ ദൈവം വിളിക്കുന്നത് രാത്രിയിൽ അയാൾ ദൈവാലയത്തിൽ കിടന്നുറങ്ങുമ്പോഴാണ് . ആടുകളുടെ സംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള ഉപായം ദൈവം യാക്കോബിന് വെളിപ്പെടുത്തിക്കൊടുക്കുന്നത് ഉറക്കത്തിലാണ് (ഉല്പത്തി 31:10 -13 )അങ്ങനെ ഉറക്കമെന്നത് അനുഗ്രഹത്തിന്റെ സമയമാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

                    വി.യൗസേപ്പിതാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നാല് പ്രാവിശ്യമാണ് അദ്ദേഹത്തിന് ദർശനങ്ങൾ ഉണ്ടാകുന്നത്. ഈ നാല് പ്രാവിശ്യവും നിദ്രയിലാണ് ദൈവം അദ്ദേഹത്തോട്   സംസാരിക്കുന്നതും നയിക്കുന്നതും. എല്ലാം ദൈവത്തിലർപ്പിച്ചു കൊണ്ട് ശാന്തതയോടെ ഉറങ്ങാൻ പോകുന്നവനേ ദിവ്യദർശനങ്ങളിലൂടെ ദൈവം തന്റെ വഴിയിലൂടെ നടത്തും എന്ന് വി. യൗസേപ്പിന്റെ അനുഗ്രഹിത നിദ്ര നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ ജീവിതവും ഈ ശാന്തതയുടെ മകുടമായ ഉദാഹരണമാണ്. തോണി മുക്കിക്കളയുവാൻ ശക്തിയുള്ള തിരമാലകൾ മല പോലെ ഉയർന്നു വരുമ്പോഴും ശാന്തതയോടെ കിടന്നുറങ്ങുന്ന ക്രിസ്തുവിന്റെ വളർത്തു പിതാവാകുവാൻ ഇതേ ഗുണങ്ങളുള്ള യൗസേപ്പിനെയല്ലാതെ മറ്റാരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത് ?.

                    2015 ജനുവരിയിൽ ലോക കുടുംബ സമ്മേളനം ഫിലിപ്പിയൻസിലെ മനിലയിൽ  നടക്കുമ്പോൾ ഫ്രാൻസിസ് പാപ്പ ലോകത്തോട് തന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ ഒരു പരിഹാര രഹസ്യം വെളിപ്പെടുത്തി. പാപ്പ പറഞ്ഞതിങ്ങനെയാണ്. എന്റെ മുറിയിൽ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ഒരു തിരുസ്വരൂപമുണ്ട്. അതീവ ഭക്തിയോടെ ഞാൻ എന്നും ആ തിരുസ്വരൂപത്തെ വണങ്ങുന്നു. എന്തെങ്കിലും പ്രശ്നങ്ങളോ, പ്രയാസങ്ങളോ എനിക്കുണ്ടായാൽ അവയെല്ലാം ഒരു കടലാസിലെഴുതി ഞാൻ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിന്റെ തലയിണയുടെ കീഴിൽ വയക്കും. നേരം പുലരുമ്പോൾ എത്ര വലിയ പ്രശ്നങ്ങൾ ആയാലും വി. യൗസേപ്പിതാവ് അത് പരിഹരിച്ച് തരാറുണ്ട്. ഇന്ന് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപം തങ്ങളുടെ ഭവനങ്ങളിലും വാഹനങ്ങളിലുമെല്ലാം സൂക്ഷിക്കുന്നവരുണ്ട്. തൃപ്പൂണിത്തുറയിലെ വടക്കേ കോട്ടവാതിക്കലുള്ള സെന്റ്.ജോസഫ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഉറങ്ങുന്ന യൗസേപ്പിതാവിനെ വണങ്ങുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ മൂലം ഭക്ത ജനങ്ങൾ അവിടെ തടിച്ചു കൂടുന്നത് കേരളക്കരയക്ക് സുപരിചിതമാണ്.

വി.യൗസേപ്പ് ചിത്രകലയിൽ

                    17-ാം നൂറ്റാണ്ടു വരെ വി.യൗസേപ്പിനെ നരച്ച മുടിയും കഷണ്ടി കയറിയ തലയും , ദുർബലനുമായ വ്യക്തിയുമായിട്ടാണ് ചിത്രീകരിച്ചിരുന്നത്.' ഗൈഡോ റെനിയുടെ' ചിത്രത്തിൽ മാതാവ് 15 വയസ്സുകാരിയും വി.യൗസേപ്പ് 75 വയസ്സുകാരനുമാണ്. 17-ാം നൂറ്റാണ്ട് ആയപ്പോഴേക്കും കൂടുതൽ പഠനങ്ങളുടെ വെളിച്ചത്തിൽ ഈ ചിന്താഗതിക്ക് മാറ്റം വരാൻ തുടങ്ങി. യൗസേപ്പിനെ ദുർബലനായി ചിത്രീകരിച്ചതിൽ മറിയത്തിന്റെ നിത്യകന്യാത്വം എളുപ്പത്തിൽ വിശദീകരിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. എന്നാൽ, കൂടുതൽ    പഠനങ്ങളുടെ വെളിച്ചത്തിൽ ദൈവശാസ്ത്രം കുറേകൂടി ശക്തിപ്പെടുകയും ദേവാലയത്തിൽ വളർന്ന മേരിക്ക് ഭർത്താവായി നല്കപ്പെട്ടത് യുവാവായ ജോസഫ് ആയിരുന്നു  എന്ന് പഠനങ്ങളിലൂടെ സ്ഥാപിക്കുകയും ചെയ്തു. 1630 - കളിൽ ജൂസഫ് ഡി റിബരെ എന്ന അനുഗ്രഹിത കലാകാരൻ തന്റെ ചിത്രത്തിൽ തിരു കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവായി വി.യൗസേപ്പിതാവിനെ ചിത്രീകരിച്ചു. പഠനങ്ങളുടെ വെളിച്ചെത്തിൽ രൂപപ്പെടുത്തിയ ചിത്രമാണത്. അതുവരെ തിരുകുടുംബത്തിൽ നിന്നും അകന്നു മാറി നില്ക്കുന്ന രീതിയിലായിരുന്നു വി.യൗസേപ്പിനെ ചിത്രീകരിച്ചിരുന്നത്.       

                        യൗസേപ്പിതാവിനെ കയ്യിൽ വടിയോ ലില്ലി പൂക്കളോ ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് പാരമ്പര്യ കഥകളുടെ ചുവടു പിടിച്ചുള്ള ഒരു ചിത്രീകരണമാണ്. മറിയത്തിനും രക്ഷകനായ യേശുക്രിസ്തുവിനും ശുശ്രുഷ ചെയ്യാൻ വി.യൗസേപ്പിതാവിന് നല്കിയ അനുഗ്രഹത്തെ വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് ഈ ചിത്രീകരണത്തിൽ കാണുന്നത്. പുഷ്പിച്ച വടി പഴയ നിയമത്തിലെ സംഖ്യയുടെ പുസ്തകം 17-ാം അദ്ധ്യായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവസാന്നിധ്യം ഉൾക്കൊള്ളുന്ന വാഗ്ദാന പേടകത്തിന് ശുശ്രുഷ  ചെയ്‍വാൻ  ആരെയാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വെളിപ്പെടുത്താൻ വേണ്ടി ദൈവം മോശയോട് ഇകാരം അരുൾ ചെയ്തു. എല്ലാ ഗോത്രത്തലവന്മാരിൽ നിന്നും ഗോത്രത്തിന് ഒന്ന് എന്ന കണക്കിന് 12 വടി വാങ്ങി  ഓരോന്നിലും പേരെഴുതി സമാഗമ കൂടാരത്തിൽ സാക്ഷ്യപേടകത്തിന് അരികിൽ വയ്ക്കുക. കർത്താവ് തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും. പിറ്റേ ദിവസം മോശ സാക്ഷ്യകൂടാരത്തിൽ ചെന്നപ്പോൾ ലേവിഗോത്രത്തിനു വേണ്ടിയുള്ള അഹറോന്റെ വടി മുള പൊട്ടി പൂത്ത് ബദാം പഴങ്ങൾ കായ്ച്ചു നിൽക്കുന്നു. ഈ സംഭവം കർത്താവിന്റെ വാഗ്ദാന പേടകത്തിന് ആര് ശുശ്രൂഷ ചെയ്യണം എന്ന വെളിപ്പെടുത്തലായിരുന്നു. പഴയനിയമത്തിൽ ,വാഗ്ദാന പേടകം ദൈവത്തിന്റെ സജീവ സാന്നിധ്യം ഉൾക്കൊണ്ട സക്രാരിയാണെങ്കിൽ മംഗളവാർത്തയിൽ അത് പരിശുദ്ധ അമ്മയാണ്. ഈശോയുടെ സജീവ സാന്നിധ്യം പേറുന്ന പരിശുദ്ധ അമ്മയെ ശുശ്രൂഷിക്കുന്നതിനുള്ള വ്യക്തിയെ കർത്താവ് തിരഞ്ഞെടുക്കുന്നത് പഴയ നിയമത്തിലെ സംഭവത്തിന് സമാനമായ സംഭവത്തിലൂടെയാണ്. ദേവാലയത്തിൽ വളർന്ന കന്യകയായ മറിയത്തെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു വടിയുമായി വരണം എന്നതായിരുന്നു പുരോഹിതരുടെ നിർദ്ദേശം. അതിൽ യൗസേപ്പിന്റെ വടി പഴയ നിയമത്തിലെ അഹറോന്റെ വടി പോലെ പൂത്ത് പുഷ്പിക്കുന്നു. അതിൽ നിന്നും ഒരു പ്രാവ് പറന്നു വന്നു എന്നും ചില അപ്രമാണിക ഗ്രന്ഥങ്ങളിൽ കാണുന്നു. മംഗളവാർത്തയിലെ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയേയും ദൈവപുത്രനായ യേശുവിനേയും ശുശ്രുഷിക്കേണ്ടത് വി.യൗസേപ്പാണ് എന്ന് ഈ സംഭവത്തിലൂടെ ദൈവം തീർപ്പു കല്പിക്കുകയാണ്.

മധ്യസ്ഥൻ

                വി.യൗസേപ്പിതാവിനെ ഒന്നിലധികം കാര്യങ്ങളുടെ മധ്യസ്ഥനായി വണങ്ങാറുണ്ട്. വി. യൗസേപ്പിതാവാണ് നല്ല മരണത്തിന്റെ മധ്യസ്ഥനായി വണങ്ങപ്പെടുന്നത്. വ്യക്തമായ ചരിത്രരേഖകൾ എടുത്തു കാണിക്കാൻ ഇല്ലാത്തതുകൊണ്ട് വിശുദ്ധന്റെ മരണത്തെക്കുറിച്ച് അപ്രമാണിക ഗ്രന്ഥങ്ങളും സൂചനകളും തരുന്ന വിവരണങ്ങൾ സമന്വയിപ്പിക്കുകയേ നിവൃത്തിയുള്ളു. ക്രൈസ്തവ മരണം എന്നത് ദൈവാക്യത്തിലേക്ക് പ്രവേശിക്കുന്ന ക്രിസ്തുവിന്റെ കരങ്ങളിലുള്ള സമർപ്പണമാണ്. അങ്ങനെ നോക്കുമ്പോൾ അപ്രകാരത്തിലുള്ള ഏറ്റവും ഭാഗ്യപ്പെട്ട മരണം ലഭിച്ച അനുഗ്രഹീത വ്യക്തിയാണ് വി. യൗസേപ്പിതാവ്. പരിശുദ്ധ അമ്മയുടെ ശുശ്രൂഷകൾ ഏറ്റുവാങ്ങി, വളർത്തുപുത്രനായ ദൈവപുത്രന്റെ കൈകളിൽ മരിച്ച് ദൈവാക്യം പ്രാപിക്കുന്ന ആ ഭാഗ്യ പ്പെട്ട പുണ്യാത്മാവിനെയല്ലാതെ മറ്റാരെയാണ് നന്മരണത്തിന്റെ മധ്യസ്ഥനായി എടുത്ത കാണിക്കാനാവുന്നത്

ചില എഴുത്തുകളിൽ കാണുന്നതനുസരിച്ച്  തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ആലപിച്ചു കൊണ്ടാണ് യൗസേപ്പിനെ മരണത്തിനൊരുക്കുന്നത്. നീതിമാന് എന്നും കർത്താവിന്റെ സംരക്ഷണം ലഭിക്കും എന്നതാണ് തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിന്റെ ഇതിവൃത്തം.

                    വി.യൗസേപ്പിതാവിനെയാണ് തൊഴിലാളി മധ്യസ്ഥനായി വണങ്ങുന്നത്. 1955 മെയ് ഒന്നാം തീയ്യതിയാണ് വി. പന്ത്രണ്ടാം പീയൂസ് പാപ്പ വി.യൗസേപ്പിതാവിനെ തൊഴിലാളികളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. അതിന് മുൻപ് 1889-ൽ ലെയോ പതിമൂന്നാമൻ പാപ്പ വി.യൗസേപ്പിതാവിനെ തൊഴിലാളികളുടെ മാതൃകയായി ഉയർത്തിയിരുന്നു. മെയ് ഒന്നാം തീയ്യതി കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ അവധിയായി പ്രഖ്യാപിക്കുകയും സൈനീ ക അഭ്യാസങ്ങൾ നടത്തുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസം കത്തോലിക്കാ വിശ്വാസത്തോട് യോജിച്ചു പോകുന്നതായിരുന്നില്ല. അദ്ധ്വാനവർഗ്ഗത്തിന്റെ രക്ഷിതാക്കൾ തങ്ങളാണ് എന്ന വ്യാജ മുഖം മൂടി അണിഞ്ഞ അവിശ്വാസ പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസം. ഈ സത്യം നന്നായി മനസ്സിലാക്കിയ സഭ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് സമ്മാനമായി വി.യൗസേപ്പിതാവിനെ നല്കി. അദ്ധ്വാനത്തിന്റെ മഹത്വം എടുത്തു കാണിക്കുകയും, ജോലി ശിക്ഷയുടെ ഭാഗമാണ് എന്ന പഴഞ്ചൻ സങ്കല്പത്തിൽ നിന്നും അദ്ധ്വാനം ദൈവദത്തമാണ് എന്ന വിപ്ലവാത്മകമായ ആശയത്തിലേക്ക് ചുവടുമാറുകയുമായിരുന്നു  ഈ പ്രഖ്യാപനത്തിലൂടെ . അദ്ധ്വാനിക്കുന്ന പീഡിത വർഗ്ഗം സഭയുടെ സ്വത്താണ് എന്ന് കാണിച്ചു കൊടുക്കുവാനായി ഈ പ്രഖ്യാപനത്തിലൂടെ .

                  വി.യൗസേപ്പിതാവിനെയാണ് സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി വണങ്ങുന്നത്. ലിയോ പന്ത്രണ്ടാമൻ പാപ്പ 1889 ആഗസ്റ്റ് 15-ാം തീയ്യതി പുറത്തിറക്കിയ അപ്പസ്തോലിക കത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ലേഖനത്തിൽ നാം ഇപ്രകാരം വായിക്കുന്നു. വി.യൗസേപ്പ്  തിരുകുടുംബത്തിന്റെ നാഥനാണ്. തിരുകുടുംബത്തെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൻ. മാതാവും ഈശോയും അടങ്ങിയ തിരുകുടുംബത്തിന്റെ വിപുലീകരണമാണ് തിരുസഭ. ഈ കാരണത്താൽത്തന്നെ തിരുകുടുംബത്തിന്റെ പാലകനായ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി വണങ്ങുന്നു. വി.യൗസേപ്പ് തിരുകുടുംബത്തെ കാത്ത് സംരക്ഷിച്ചതു പോലെ തിരുസഭയേയും കാത്തു രക്ഷിക്കും എന്ന് സഭ വിശ്വസിക്കുന്നു.

                 ഇതു കൂടാതെ തിരുകുടുംബത്തെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ച വി. യൗസേപ്പിനെ കുടുംബങ്ങളുടെ മധ്യസ്ഥനായും കൃപയോടെ ഉണ്ണീശോയെ വളർത്തിയ യൗസേപ്പിനെ എല്ലാ പിതാക്കന്മാരുടെയും മധ്യസ്ഥനായും ഗർഭിണിയായ മറിയത്തെ കാത്തു രക്ഷിച്ച യൗസേപ്പിതാവിനെ ഗർഭിണിയായ സ്തീകളുടെ മധ്യസ്ഥനായും വണങ്ങുന്നു.

പ്രാർത്ഥന

തിരുകുടുംബത്തിന്റെ നാഥനായ വി. യൗസേപ്പിതാവേ, ഉണ്ണീശോയെ സകല ശത്രുക്കളിൽ നിന്നും അപകടങ്ങളിൽ നിന്നും, കാത്തു സംരക്ഷിച്ചതുപോലെ, ഞങ്ങളെ എല്ലാ നാരകീയശക്തികളിൽ നിന്നും, അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ.അങ്ങേ പരിശുദ്ധമായ കരങ്ങളിൽ വിശ്രമിച്ച , ഇശോയുടെ പക്കൽ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കണേ. ഏറ്റവും സ്നേഹ നിധിയായ പിതാവേ, അങ്ങ് ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തെ പ്രതി , എന്നും നന്ദിയുള്ളവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ . അങ്ങേ മാധ്യസ്ഥശക്തിയാൽ , ശുദ്ധതയിൽ ജീവിക്കുവാനും , അങ്ങയെ പ്പോലെ ജീവിത ക്ലേശങ്ങളിൽ ദൈവത്തിന്റെ തിരുവിഷ്ടം ധ്യാനിച്ച് ദൈവപദ്ധതിക്കനുസരിച്ച് ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ. ജീവിത ക്ലേശങ്ങളിൽ പതറാതെ, ഉണ്ണിയേശുവിനെ കൈകളിലെടുത്ത് ദൈവീക ലക്ഷ്യത്തിലേക്ക് അങ്ങ് യാത്ര ചെയ്തതുപോലെ, ജീവിതത്തിന്റെ ഇരുൾ വീണ പാതകളിൽ ദൈവേഷ്ടം മനസ്സിലാക്കി മുന്നേറുവാൻ അങ്ങ് ഞങ്ങളെ സഹായിക്കണമേ. ദൈവഹിതം പൂർത്തിയാക്കി നിത്യ സമ്മാനത്തിനായി ഞങ്ങൾ വിളിക്കപ്പെടുമ്പോൾ അങ്ങ് ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ .

                                ആമേൻ..


Related Articles

Contact  : info@amalothbhava.in

Top