അപ്പസ്തോലനായ വി. യൂദാ തദ്ദേവൂസ്

21,  Nov   

അപ്പസ്തോലനായ  വി. യൂദാ തദ്ദേവൂസ്

ജനനം : ഏ.ഡി. 1
ജനനസ്ഥലം : ഗലീലി
പേരിനർത്ഥം : ദൈവത്തിനു സ്തുതി
വിളിപ്പേര് : യൂദാ
മാതാപിതാക്കൾ : ക്ലയോപ്പാസ്, മറിയം
ജോലി : …………..
പ്രതീകങ്ങൾ : കുന്തം , പങ്കായം മുതലായവ
തിരുനാൾ : ഒക്ടോബർ 28 (റോമൻ കത്തോലിക്ക സഭ), ജൂൺ 19 (പൗരസ്ത്യ ക്രമം) മദ്ധ്യസ്ഥൻ : അസാധ്യകാര്യങ്ങളുടെയും, അശരണരുടെയും, ആശുപത്രി ചികിത്സയിൽ കഴിയുന്നവ രുടെയും, ചിക്കാഗോയിലെ പോലീസ് ഡിപ്പാർട്ടുമെന്റിന്റെയും മദ്ധ്യസ്ഥനായി അറിയപ്പെടുന്നു.
മരണം : പേർഷ്യ
അടക്കം ചെയ്തിരിക്കുന്ന
സ്ഥലം : റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തി ലുള്ള ദേവാലയത്തിലെ അൾ ത്താരയ്ക്കു താഴെ ഇപ്പോൾ വിശുദ്ധന്റെ അസ്ഥികൾ സൂക്ഷിച്ചിരിക്കുന്നു.

തദ്ദേവൂസ് സുവിശേഷത്തിൽ അധികം പരാമർശങ്ങളില്ലാത്ത അപ്പസ്തോലനാണ്. ഒറ്റുകാരനായ യൂദാസിൽ നിന്നും വേർതിരിച്ച് കാണിക്കുന്നതിന് വി.യോഹന്നാൻ ' യൂദാസ് യൂദാസ്കറിയോത്തയല്ല' എന്ന് എടുത്തു പറയുന്നു. വി. മത്തായി 'തദ്ദേവൂസ്' എന്നും (10:3) വി. ലൂക്ക 'യാക്കോബിന്റെ സഹോദരനായ യൂദാ' എന്നും (6:16), വി. മർക്കോസ് 'തദ്ദേവൂസ്' എന്നും ഇൗ അപ്പസ്തോലനെ വിളിക്കുന്നു. ലൂക്ക 6:16ൽ യാക്കോബിന്റെ സഹോദരൻ എന്ന് വിളിക്കുമ്പോൾ അപ്പസ്തോല പ്രവർത്തനങ്ങളിൽ യാക്കോബിന്റെ മകൻ (1:13) എന്നാണ് വിളിക്കുന്നത്. മൂലകൃതിയിലുള്ള ഭാഷ ഉപയോഗിച്ചപ്പോൾ ഉണ്ടായ വ്യത്യാസമാണിത്. മൂലകൃതിയിൽ ' യാക്കോബിന്റെ യൂദാ' എന്നാണ്. ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായമനുസരിച്ച് ' യാക്കോബിന്റെ മകനായ യൂദാ' എന്നാണ് ഇത് വിവർത്തനം ചെയ്യേണ്ടത്.

പേരിന്റെ അർത്ഥം
ലെയാ യാക്കോബിൽ നിന്നും 4ാംമതും ഗർഭിണിയായി. സന്തോഷവതിയായ അവൾ കുഞ്ഞിന് ജന്മം നൽകിയപ്പോൾ ' ഞാൻ കർത്താവിനെ സ്തുതിക്കും' (ഉല്പത്തി 29:35 ) എന്ന് പറഞ്ഞു കൊണ്ട് അവന് ' യൂദാ' എന്ന് പേരിട്ടു. യൂദാ എന്ന പേരിനർത്ഥം ' സ്തുതി' എന്നാണ്. തദ്ദേവൂസ് എന്ന വാക്കിന് മാറിടം, നെഞ്ച് എന്നെല്ലാമാണർത്ഥം.

കുടുംബ പശ്ചാത്തലം
തദ്ദേവൂസ് ചെറിയ യാക്കോബിന്റെ സഹോദരനാണെന്ന് കരുതുന്നവരുണ്ട്. അതിന് കാരണം പറയുന്നത്. അപ്പസ്തോലന്മാരുടെ പട്ടികയിൽ ചെറിയ യാക്കോബിനൊപ്പമാണ് അവന്റെ പേര് വരുന്നത് എന്നാണ്.

തദ്ദേവൂസ് കഫർണാമിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ക്ലയോപ്പാസും മാതാവ് മറിയവും ആയിരുന്നു. യേശുവിന്റെ മരണ സമയത്ത് ക്രൂശിനരികെ ക്ലയോപ്പാസിന്റെ ഭാര്യ മറിയം നില്പുണ്ടായിരുന്നു (യോഹ 19:25 ). തദ്ദേവൂസിനു കുടുംബപരമായി യേശുവുമായി ബന്ധമുണ്ടായിരുന്നെന്നും അവർ ബന്ധുക്കൾ ആയിരുന്നു എന്നൊക്കെയുള്ള വസ്തുതകൾ തള്ളിക്കളയനാകില്ല. തദ്ദേവൂസിന്റെ വിളിയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഒന്നും പറയുന്നില്ല.

തദ്ദായിയുടെ ചോദ്യവും യേശുവിന്റെ മറുപടിയും
ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ അപ്പസ്തോലന്റെ പേരുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4ാം സുവിശേഷം അവന്റെ ഒരു ചോദ്യം കൂടി രേഖപ്പെടുത്തിയിരിക്കുന്നു. "യൂദാസ് യൂദാസ്കറിയോത്തയല്ല. അവനോട് പറഞ്ഞു. കർത്താവേ, നീ നിന്നെ ഞങ്ങൾക്ക് വെളിപ്പെടുത്താൻ പോകുന്നു. എന്നാൽ ലോകത്തിന് വെളിപ്പെടുത്തുകയില്ല . എന്നു പറഞ്ഞതെന്താണ് ?" (യോഹ 14:22 ) .

യേശു തന്റെ പ്രഭാഷണത്തിൽ " എന്നെ സ്നേഹിക്കുന്നവനെ പിതാവ് സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുയും എന്നെ അവന് വെളിപ്പെടുത്തുകയും ചെയ്യും." (യോഹ 14:21 ) എന്ന് യേശു പറഞ്ഞു. ശിഷ്യന്മാർ ഇത് പ്രതീക്ഷയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. യേശു ഭൂമിയിൽ രാജ്യം സ്ഥാപിക്കുന്ന രാഷ്ട്രീയപരമായ പ്രതീക്ഷ യൂദായ്ക്കും ഉണ്ടായിരുന്നിരിക്കണം. സകല ജനങ്ങളും കാൺകേ യഹൂദർക്ക് വേണ്ടി വെളിപ്പെടുത്തുന്ന രാഷ്ട്രീയ മിശിഹായിൽ അവന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ വാക്കുകൾ അവന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമാണെന്ന് അവന് തോന്നി. യേശു മിശിഹായാണെങ്കിൽ സ്നേഹിക്കുന്ന ശിഷ്യന്മാർക്കല്ല, ലോകത്തിനല്ലേ വെളിപ്പെടുത്തേണ്ടത്?. ഇൗ സംശയം മൂലമാണ് പെട്ടെന്ന് അവൻ ചോദ്യം ചോദിച്ചത്.

അവന്റെ ഭൗതിക കാഴ്ച്ചപ്പാടാണ് ഇൗ ചോദ്യം ചോദിക്കുവാൻ പ്രേരകമായത്. കർത്താവ് അവന്റെ കാഴ്ച്ചപ്പാട് തിരുത്തുവാൻ വേണ്ടി മറുപടി പറയുന്നില്ല. യേശു മറുപടി പറയുന്നത് ഇപ്രകാരമാണ് ; " എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സേനഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (14:24 ). മറുപടി ആത്മീയ കൂട്ടായ്മയെ കുറിച്ചായിരുന്നു. യേശുവിനെ സ്നേഹിക്കുന്നവർക്ക് ദൈവം നല്കുന്ന ആത്മീയ അനുഭവങ്ങളെക്കുറിച്ച് അവൻ ഗ്രഹിച്ചു. അവന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചെങ്കിലും യേശുവിനെ സ്നേഹിക്കുന്നതു കൊണ്ട് ശുഭകരമായ ഒരു ഭാവിയുണ്ടെന്ന് അവൻ മനസ്സിലാക്കി. കർത്താവിന്റെ പുനരുത്ഥാനത്തിനു ശേഷം പരിശുദ്ധാത്മ നിറവിൽ അവന്റെ ഭൗതിക വീഷണങ്ങൾ ആത്മീയ കാഴ്ച്ചപാടുകൾക്ക് വഴിമാറി.

യൂദാതദ്ദേവൂസിന്റെ സുവിശേഷ പ്രവർത്തനങ്ങൾ.
യേശുവിന്റെ പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ജറുസലേമിലെ മാളിക മുറിയിൽ പ്രാർത്ഥനാനിരതരായവരുടെ കൂട്ടത്തിൽ തദ്ദേവൂസും ഉണ്ടായിരുന്നു. യേശുവിന്റെ ക്രൂശീകരണവും ശിഷ്യരുടെ ഏകാന്തതയും അനിശ്ചിതത്വവും ഒന്നും അയാളുടെ വിശ്വാസത്തെയോ സമർപ്പണത്തെയോ ബാധിച്ചില്ല. തന്നെ സ്നേഹിക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തിനും അധിവാസത്തിനും വേണ്ടി അവർ കാത്തിരിക്കുകയായിരുന്നു.

പരമ്പര്യമനുസരിച്ച് തദ്ദേവൂസ് പലസ്തീൻ, എഡേസ്സ, ലിബിയ, അർമേനിയ എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ചില എെതിഹ്യമനുസരിച്ച് യേശു തദ്ദേവൂസിനെ സിറിയായിലേക്ക് അയച്ചുവെന്നും അദ്ദേഹം പത്രോസിനോട് അപേക്ഷിക്കുകയും പത്രോസിന്റെ കൂടെ സിറിയായിലേക്ക് പോയി എന്നും പറയപ്പെടുന്നു. അവിടെ നിന്ന് അദ്ദേഹം എ ഡേസ്സായിലേക്ക് പോയി.

അദ്ദേഹത്തിന്റെ എഡേസ്സായിലെ പ്രവർത്തനങ്ങളെക്കുറിച്ച് സഭാപിതാവും സഭാചരിത്രകാരനുമായ വി. ജറോം വിവരിക്കുന്നു. എഡേസ്സായിലെ രാജാവായിരുന്ന അബ്ഗാരസ് യേശു ജീവിച്ചിരുന്ന കാലത്ത് തന്റെ സന്ദേശവാഹകനായ അനന്യാസ് മുഖാന്തിരം യേശുവിന് ഒരു കത്ത് കൊടുത്തുവിട്ടു. ഇതിൽ അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു. അങ്ങയെപ്പറ്റിയും ഒൗഷധങ്ങൾ കൂടാതെ അങ്ങ് സൗഖ്യം നല്കുന്നതിനെ പറ്റിയും ഞാൻ കേട്ടിരിക്കുന്നു. അങ്ങനെ അന്ധരേയും ചെകിടരേയും കുഷ്ഠരോഗികളേയും സുഖപെടുത്തിയെന്നും മരിച്ചവരേപ്പോലും ഉയിർപ്പിച്ചുവെന്നും അവകാശപ്പെടുന്നവരുമുണ്ട്. അങ്ങയെക്കുറിച്ച് ഇങ്ങനെയെല്ലാം കേട്ടതിന്റെ വെളിച്ചത്തിൽ ഞാൻ മനസ്സിലാക്കുന്നത് അങ്ങ് ഒന്നുകിൽ ദൈവമാകുന്നു അല്ലെങ്കിൽ ദൈവപുത്രനാണ്. അതുകൊണ്ട് അല്പം ബുദ്ധിമുട്ടിയെങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് എന്നെ സുഖപ്പെടുത്തണമെന്ന് യാചിക്കാനാണ് ഞാൻ ഇൗ കത്ത് എഴുതുന്നത്. യഹൂദർ അങ്ങേക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്നും ഞാൻ അറിയുന്നു. എനിക്കിവിടെ സാമാന്യം ചെറുതെങ്കിലും മാന്യമായ ഒരു പട്ടണമുണ്ട്. അങ്ങേക്ക് സുരക്ഷിതമായി അവിടെ വസിക്കാം.

യേശു അതിന് മറുപടി എഴുതി. എന്നെ കാണാതെ തന്നെ എന്നിൽ വിശ്വസിച്ച അങ്ങ് ഭാഗ്യവാൻ. ഞാൻ എന്തു ഉദ്ദേശ്യത്തോടു കൂടിയാണോ ഇവിടെ വന്നിരിക്കുന്നത് അത് നിവർത്തിക്കേണ്ടത് ആവിശ്യമാണ്. അതിനു ശേഷം ഞാൻ എന്നെ അയച്ചവന്റെ അടുത്തേക്ക് എടുക്കപ്പെടും. അങ്ങനെ ഞാൻ എടുക്കപ്പെട്ടതിനു ശേഷം എന്റെ ശിഷന്മാരിൽ ഒരാളെ അങ്ങയുടെ രോഗം സൗഖ്യമാക്കുന്നതിനും അങ്ങേയ്ക്കും അങ്ങേയ്ക്കുള്ളവർക്കും ജീവൻ പ്രദാനം ചെയ്യുന്നതിനുമായി അങ്ങയുടെ അടുക്കലേക്ക് അയയ്ക്കും.

യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം തദ്ദേവൂസിനെ എസ്സസേയിലേക്ക് ദൈവം അയച്ചു. അദ്ദേഹം തോബിയാസ് എന്നൊരാളുടെ കൂടെ താമസിച്ച് അവിടെ പലരേയും സുഖപ്പെടുത്തി. ആത് യേശു പറഞ്ഞയാൾ തന്നെയാണെന്ന് അബ് ഗാരസ് മനസ്സിലാക്കി അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. തദ്ദേവൂസ് അയാളെ സുഖപ്പെടുത്തുകയും അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

രക്തസാക്ഷിത്വം.
പേർഷ്യയിലെ പ്രവർത്തങ്ങൾക്കുശേഷം അദ്ദേഹത്തിന് ശത്രുക്കൾ ധാരാളമുണ്ടായി. അവർ അവനെകൊലപ്പെടുത്തി. അബ്ദിയാസിന്റെ വിവരണമനുസരിച്ച് ശിമയോനും തദ്ദേവൂസും പേർഷ്യയിൽ സുവിശേഷം അറിയിച്ചു. അനേകം ആളുകൾ മാനസാന്തരപ്പെട്ടു. എതിരാളികൾ അവരെ തങ്ങളുടെ ക്ഷേത്രത്തിൽ കൊണ്ടു പോയി അവരുടെ ദേവന് ബലിയർപ്പിക്കാൻ ആവശപ്പെട്ടു. അതിനു വിസ്സമ്മതച്ച അവരെ കല്ലെറിഞ്ഞു. ഏറു കൊണ്ട് വിപശനായ യൂദാതദ്ദേവൂസിനെ കുന്തം കൊണ്ട് കുത്തിക്കൊന്നു.

യൂദാ തദ്ദേവൂസിന്റെ അപ്പസ്തോലിക ചിഹ്നം ഒരു കപ്പലാണ്. സുവിശേഷ പ്രഘോഷണത്തിനായി അദ്ദേഹം പുറപ്പെട്ടതിനെ അനുസ്മരിക്കാനാണ് ഇത്. ആദിമ വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിന് യൂദായ്ക്കു കഴിഞ്ഞു. വിശ്വാസത്തിനു വേണ്ടി പോരാടണമെന്ന് ഉപദേശിച്ചു കൊണ്ട് വിശുദ്ധ യൂദാ ശ്ലീഹ പൗരസ്ത്യ സഭകൾക്കായി എഴുതിയതാണ് പുതിയ നിയമത്തിലെ യൂദാ എഴുതിയ ലേഖനം.


Related Articles

പൈതലാം യേശുവെ....

വിചിന്തിനം

Contact  : info@amalothbhava.in

Top