കൂദാശകൾ

21,  Nov   

കൂദാശകൾക്ക് ശരിയായ ഒരു നിർവചനം കൊടുക്കുക പ്രയാസമാണ്. കാരണം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാനാകാത്ത  കാര്യങ്ങൾ അവയിൽ ആഘോഷിക്കപ്പെടുന്നത് കൊണ്ട് വിശ്വാസത്തിൻറെ വെളിച്ചത്തിലെ അവയെ അറിയാനും അനുഭവിക്കാനും പറ്റൂ. കൂദാശകൾക്ക് കുറെയേറെ നിർവചനങ്ങൾ ഉണ്ടെങ്കിലും  അവയെല്ലാം അപര്യാപ്ത ങ്ങളാണ്. ഈ ബുദ്ധിമുട്ടുകൾ കൊണ്ടായിരിക്കാം സഭാ പിതാക്കന്മാർ കൂദാശകളെ സൂചിപ്പിക്കാൻ 'രഹസ്യങ്ങൾ' എന്ന പദം ഉപയോഗിച്ചത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം കൂദാശകളെ  കുറിച്ച് ഇപ്രകാരം പറയുന്നു;

"എന്നെന്നും ജീവിക്കുന്നതും ജീവൻ നൽകുന്നതുമായ ക്രിസ്തുവിൻറെ ശരീരത്തിൽ നിന്ന് പ്രവഹിക്കുന്ന ശക്തിയാണ് കൂദാശകൾ. സഭയാകുന്ന അവിടത്തെ ശരീരത്തിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ  പ്രവർത്തിയാണവ ( ccc1116).

യേശുവിന്‍റെ ജീവിതത്തെ അതായത് രക്ഷാകര സംഭവങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ഇന്നും ദൈവജനത്തിന് അനുഭവവേദ്യമാക്കുകയാണ് കൂദാശകളിലൂടെ സഭ ചെയ്യുന്നത് അത്.

കൂദാശകളെക്കുറിച്ച് മറ്റ് നിർവചനങ്ങളും വേദപാഠം ക്ലാസുകളിൽ നാം മനപ്പാഠമാക്കിയിട്ടുണ്ട്.

"ദൈവിക ജീവൻ നമുക്ക് നൽകുന്നതിനുവേണ്ടി ക്രിസ്തു സ്ഥാപിച്ച് സഭയെ ഏൽപ്പിച്ച വരപ്രസാദത്തിന്‍റെ  ക്രിയാത്മക അടയാളമാണ് കൂദാശകൾ" എന്നിങ്ങനെയുള്ള നിർവചനവും പലരും നമുക്ക് പകർന്നു നൽകിയിട്ടുണ്ട്.

നമ്മുടെ ചെറിയ വേദോപദേശ പുസ്തകം  കൂദാശകളെ നിർവചിക്കുന്നത് ഇപ്രകാരമാണ്.

"അദൃശ്യമായ ദൈവവരപ്രസാദം നൽകുന്നതിന് ഈശോമിശിഹാ സ്ഥാപിച്ച ദൃശ്യമായ അടയാളമാണ് കൂദാശകൾ"

കൂദാശകൾക്ക് മറ്റ് നിർവചനങ്ങൾ.

"കൂദാശകൾ ഒരു  വിശുദ്ധ അടയാളമാണ് അതിലൂടെ അദൃശ്യമായ  വരപ്രസാദത്തെ നാം കാണുകയും സ്വീകരിക്കുകയും ചെയ്യുന്നു"

                                                                                                         - വി. അഗസ്റ്റിൻ

" സാത്യം കൊണ്ട് പ്രതിനിധാനം ചെയ്യുന്നതും  സ്ഥാപനം കൊണ്ട് സൂചിപ്പിക്കുന്നതും വിശുദ്ധീകരണം കൊണ്ട് അദൃശ്യവും ആത്മീയവുമായ കൃപാവരത്തെ  ഉൾക്കൊള്ളുന്നതും പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയവുമായ  ഒരു ഭൗതിക വസ്തുവാണ് കൂദാശ.

                                   - ഹ്യൂഗ് ഓഫ് സെന്റ് വിക്ടര്‍

"മനുഷ്യനെ വിശുദ്ധനാക്കുന്ന വിശുദ്ധ വസ്തുവിൻറെ അടയാളമാണ് കൂദാശ "

                                      - വി. തോമസ് അക്വിനാസ്

കൂദാശ എന്ന പദത്തിൻറെ അർത്ഥം.

1. രഹസ്യം : ആഗലേയ ഭാഷയിൽ 'മിസ്റ്ററി എന്നു വിളിക്കുന്ന ഈ പദത്തിൻറെ ഉത്ഭവം ഗ്രീക്ക് ഭാഷയിലെ മിസ്തേരിയോൺ എന്ന  പദമാണ്. ഗ്രീക്ക് ഭാഷയിൽ മിസ്തേരിയോൺ എന്ന പദത്തിന് നിഗൂഢമായത് എന്നല്ല അർത്ഥം. മറിച്ച് മുമ്പ് അറിയപ്പെടാത്തതും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം വെളിപ്പെട്ടതുമായ ഒരു സംഗതിയുടെ ഉള്ളടക്കം എന്നതാണ് ഇതിൻറെ അർത്ഥം. ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കുന്ന സീക്രട്ട് , മിസ്റ്ററി എന്നീ പദങ്ങൾക്ക് മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടും സാധിക്കാത്ത  നിഗൂഢത എന്നാണ് അർത്ഥം. അതിനാൽ  മലയാളം ഉൾപ്പെടെ പല ഭാഷകളിലും നാം ഉപയോഗിക്കുന്ന രഹസ്യം എന്ന പദത്തിന് യഥാർത്ഥ അർത്ഥം നൽകുവാൻ കഴിയാറില്ല എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

2. കൂദാശ :  'കദ്ശ് ' അഥവാ 'കന്തശ്ശ്'  എന്ന സുറിയാനി പദത്തിൽ നിന്നാണ് കൂദാശ എന്ന പദം എടുത്തിരിക്കുന്നത്. ഈ പദത്തിന് ശുദ്ധമാക്കി എന്നർത്ഥം.

തുടരും ...

Subscribe Join Whatsapp Group


Related Articles

Contact  : info@amalothbhava.in

Top