തിരുഹൃദയ തിരുന്നാൾ | മരിയദാസ് പാലാട്ടി OFMConv.

17,  Sep   

പന്തക്കുസ്താ തിരുന്നാൾ കഴിഞ്ഞ് വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച അഥവാ പന്തക്കുസ്താക്കു ശേഷം പത്തൊമ്പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുന്നാൾ ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തിനോടുള്ള ഭക്തി, കത്തോലിക്കാ സഭയിൽ ആരംഭിച്ച് ഇന്ന് ആംഗ്ലിക്കൻ സഭയും, ലൂഥറൻ സഭയും ചില ഓർത്തഡോക്സ് സഭകളും ഇന്ന് ഈ തിരുന്നാൾ ആഘോഷിക്കുന്നു. സഭയുടെ ആദ്യം 10, 11 നൂറ്റാണ്ടുകൾ വരെ തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും നമുക്ക് ലഭ്യമല്ല. 11, 12 നൂറ്റാണ്ടുകൾ സഭയ്ക്ക് ആത്മീയമായ ഉയിർത്തെഴുന്നേൽപിന്റെ സമയമായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന വിശുദ്ധാത്മാക്കളായ ബർണാഡ് ഓഫ് ക്ലെയർ വോക്സ്, ഫ്രാൻസിസ് ഓഫ് അസ്സീസി എന്നിവർ തിരുഹൃദയ വണക്കത്തിന് പരമ പ്രാധാന്യം നൽകിയവരാണ്. ഈശോയുടെ തിരുമുറിവുകളോടുള്ള ഭക്തിയാണ്, ഈശോയുടെ കുത്തേറ്റ തിരുഹൃദയത്തോടുള്ള ആഴമേറിയ ഭക്തിയായി വളർന്നുവന്നത്. ഈ പുണ്യവാന്മാരിലൂടെ ആഴപ്പെട്ട തിരുഹൃദയഭക്തി ചില സന്യാസ സഭകളിലും, വ്യക്തികളിലും ആഴത്തിൽ വളരാൻ ഇടയായി. ഫ്രാൻസിസ്കൻ സഭാംഗമായിരുന്ന വി. ബൊനവെഞ്ചർ തിരുഹൃദയ ഭക്തിയെക്കുറിച്ച് പഠിപ്പിക്കുന്നതിലും, പ്രചരിപ്പിക്കുന്നതിലും അതീവ താല്പര്യം കാണിച്ചിരുന്നു. പുണ്യവാളന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ മനുഷ്യ രക്ഷയുടെ മാതാവായ തിരുസഭ പിറക്കുന്നത് യേശുവിന്റെ മുറിവേറ്റ ഹൃദയത്തിൽ നിന്നാണ്. മുറിവേറ്റ ഹൃദയത്തിൽ നിന്നും രക്തവും വെള്ളവും ഒഴുകി എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ഈ ജലം മാമോദിസായുടെയും, രക്തം വി. കുർബാനയുടെയും മഹനീയ പ്രതീകമാണ്. സഭയ്ക്ക് നൽകപെട്ടിരിക്കുന്ന ഈ കൂദാശയിലൂടെയാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. അതിനാൽ യേശുവിൻറെ തിരുഹൃദയം മനുഷ്യ രക്ഷയുടെ ഉറവിടമാണ് എന്ന് വിശുദ്ധൻ സമർത്ഥിക്കുന്നു. ഇന്ന് നാം കാണുന്ന രീതിയിലുള്ള തിരുഹൃദയ ഭക്തി വളർന്നുവരുന്നത് ഫ്രാൻസിലെ വിസിറ്റേഷൻ സന്യാസിനിയായ സി. മേരി അലൻകോക്കിലൂടെയാണ്. 1673 നും 75 നും മദ്ധ്യേയാണ് ഈ സഹോദരിക്ക് തിരുഹൃദയനാഥന്റെ ദർശനം ഉണ്ടായത്. തിരുഹൃദയത്തോട് ആഴമായ ഭക്തിയും സ്നേഹവും പുലർത്തിയിരുന്ന സി. മേരിക്ക് ആദ്യ ദർശനത്തിൽ യേശുവിന്റെ ഹൃദയത്തോട് അപ്പസ്തോലനായ വി. യോഹന്നാൻ ചേർന്നിരുന്നത് പോലെ ചേർന്നിരിക്കാനുള്ള കൃപാവരം ദൈവം നൽകി. രണ്ടാമത്തെ ദർശനത്തിൽ യേശുവിന്റെ ഹൃദയം കാണിച്ചുകൊടുത്തു. ആ ഹൃദയം ശരീരത്തിന് പുറത്തായിരുന്നു. ഹൃദയത്തിന് മുകളിൽ എരിയുന്ന അഗ്നിനാളത്തിന് നടുവിൽ ഒരു കുരിശോടു കൂടിയായിരുന്നു. ആ ഹൃദയം മുള്ളു കൊണ്ടുള്ള ഒരു കിരീടം അഥവാ മുടി അതിനെ ആവരണം ചെയ്തിരുന്നു. കുന്തംകൊണ്ട് മുറിവേറ്റ ആ ഹൃദയത്തിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നുണ്ടായിരുന്നു. മൂന്നാമത്തെ ദർശനത്തിൽ ഈശോ അവളോട് മാനവരാശിയുടെ സ്നേഹരാഹിത്യത്തെകുറിച്ചും, നിന്ദകളെകുറിച്ചും സംസാരിച്ചു. വിശുദ്ധ കുർബാനയിൽ കൂടുതൽ പങ്കെടുത്ത് പ്രാർത്ഥിക്കണമെന്നും, നിർമ്മല ഹൃദയത്തോടെ മാസാദ്യ വെള്ളിയാഴ്ചകളിൽ യേശുവിനെ സ്വീകരിച്ച് കൃപ നേടുവാൻ ജനങ്ങളെ ഉത്ബോധിപ്പിക്കണം എന്നും യേശു അവളോട് പറഞ്ഞു. സി. മാർഗരറ്റ് മേരി അലൻകോക്കിനുണ്ടായ വെളിപ്പെടുത്തലിലൂടെ അനേകർ യേശുവിന്റെ തിരുഹൃദയ ഭക്തിയിലേക്ക് ആകർഷിക്കപ്പെട്ടു. സി. മാർഗരറ്റ് മേരി അലൻകോക്ക് 1670 ഒക്ടോബർ 17 ന് മരിച്ചു. സിസ്റ്ററിന്റെ മരണത്തിന് 18 വർഷം ശേഷം ജനിച്ച പൊബിയോ ബറ്റോണി എന്ന ഇറ്റാലിയൻ കലാകാരനാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ രൂപം ആദ്യമായി വരച്ചത്. അത് 1767ൽ ആയിരുന്നു. സി. മാർഗരറ്റ് മേരി അലൻകോക്കിന് ദൈവം നൽകിയ ദർശനത്തിൽ നിന്നും രൂപംകൊണ്ട പ്രചോദനമാണ് ഈ ചിത്രത്തിന് പ്രേരകമായത്. ഫ്രാൻസിലും പോർച്ചുഗലിലും തിരുഹൃദയ ഭക്തി വ്യാപകമായതോടെ അവിടെയെല്ലാം തിരുഹൃദയ തിരുനാൾ ആഘോഷിക്കാൻ ഞാൻ തുടങ്ങിയിരുന്നു. ജനത്തിന്റെ തിരുഹൃദയ ഭക്തി മനസ്സിലാക്കി 1856ൽ ഒമ്പതാം പീയൂസ് പാപ്പാ ഈശോയുടെ തിരുഹൃദയ തിരുനാൾ ലത്തീൻ സഭയിൽ നടപ്പിലാക്കി. പന്തകുസ്താക്കുശേഷം വരുന്ന 3ആം വെള്ളിയാഴ്ചയിലാണ് ഈ തിരുനാൾ ആഘോഷിക്കേണ്ടത് എന്ന് തീരുവെഴുത്തിലൂടെ പാപ്പാ വ്യക്തമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ പോർച്ചുഗലിലെ നല്ലിടയന്റെ സന്യാസസഭ എന്ന സമൂഹത്തിന്റെ ദിവ്യഹൃദയത്തിന്റെ സി. ത്രേസ്യക്ക് തിരുഹൃദയനാഥന്റെ ദർശനം ലഭിച്ചു. ഈ ദർശനത്തിൽ നിന്നും ലഭിച്ച പ്രചോദനത്തിന്റെ ഫലമായി അവൾ തന്റെ കുമ്പസാരകൻ വഴി ലോകത്തെ തിരുഹൃദയത്തിന് സമർപ്പിക്കണമെന്നും മാസാദ്യവെള്ളി തിരുഹൃദയ വണക്കത്തിനുള്ള പ്രത്യേക ദിവസമായി മാറ്റണമെന്നും സഭാധികാരികളോട് ആവശ്യപ്പെട്ടു. 1899ൽ ലിയോ 13മൻ പാപ്പാ ലോകത്തെ ഈശോയുടെ തിരുഹൃദയത്തിന് ഏല്പിച്ചു. ഈ പരിശുദ്ധ വർഷം എന്ന ഒരു ചാക്രികലേഖനം പിതാവ് എഴുതുകയും മാസാദ്യവെള്ളി തിരുഹൃദയത്തിനോട് പ്രത്യേക വണക്കത്തിന്റെ ദിനമായി മാറ്റിവയ്ക്കുകയും ചെയ്തു. സി. മാർഗരറ്റ് മേരി അലൻകോക്കിന് പ്രത്യക്ഷപ്പെട്ട തിരുഹൃദയനാഥൻ, തിരുഹൃദയത്തിനോടുള്ള ഭക്തിയിൽ വളരുന്നവർക്ക് 12 വാഗ്ദാനങ്ങളാണ് പ്രദാനം ചെയ്തിരിക്കുന്നത്. 1. അവരുടെ ജീവിതത്തിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നല്കും. 2. അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം സ്ഥാപിക്കും. 3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും. 4. ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും ഞാൻ അവർക്ക് അഭയമായിരിക്കും. 5. അവരുടെ എല്ലാ പ്രവർത്തികളും ഞാൻ സമൃദ്ധമായി അനുഗ്രഹിക്കും. 6. പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ ഒരു അതിരറ്റ സമുദ്രം ദർശിക്കും. 7. മന്ദഭക്തർ തീക്ഷ്ണതയുള്ളവരാകും. 8. തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം പൂർണത പ്രാപിക്കും. 9. എന്റെ ഹൃദയത്തിന്റെ സ്വരൂപം വച്ച് വണങ്ങുന്ന കുടുംബങ്ങളെ ഞാൻ അനുഗ്രഹിക്കും. 10. കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതന്മാർക്ക് നൽകും. 11. തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ ഞാൻ എന്റെ ഹൃദയത്തിൽ എഴുതും അത് ഒരിക്കലും നീക്കപെടുന്നതല്ല. 12. ഒൻപത് മാസാദ്യവെള്ളിയാഴ്ചകളിൽ മുടങ്ങാതെ എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി വി. കുർബാന സ്വീകരിക്കുന്നവർക്ക് മരിക്കുംമുമ്പ് ഉത്തമ മനസ്താപം നൽകും. മരണസമയം എന്റെ ഹൃദയം അവർക്ക് സങ്കേതമായിരിക്കും. ആവശ്യമായ കൂദാശകൾ സ്വീകരിക്കാതെ അവൻ മരിക്കുകയില്ല. 1956ൽ പുറത്തിറക്കിയ "രക്ഷകന്റെ ഉറവയിൽ നിന്നും" എന്ന ചാക്രികലേഖനത്തിൽ ഈശോയുടെ തിരുഹൃദയത്തിനെ കുറിച്ചാണ് പറയുന്നത്. പ്രസ്തുത ലേഖനത്തിൽ, വി. യോഹന്നാൻ 7:3738 തിരുവചന ഭാഗങ്ങൾ പാപ്പ വിവരിക്കുന്നു. "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവി ഒഴുകും." ഇത് സങ്കീർത്തനം 42:12 വചനങ്ങളുടെ പൂർത്തീകരണമാണ്. "കർത്താവേ! നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ എന്റെ ഹൃദയം അങ്ങേയ്ക്ക് വേണ്ടി ദാഹിക്കുന്നു." ഹൃദയത്തിൽ ആത്മാവിന് വേണ്ടിയുള്ള ദാഹം ഉണ്ടായാൽ ആത്മാവിനാൽ നിറയും. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 27ആം ഖണ്ഡിക ഈ ദാഹത്തെ കുറിച്ചാണ് പറയുന്നത്. "ദൈവത്തിനു വേണ്ടിയുള്ള ദാഹം മനുഷ്യഹൃദയങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. കാരണം മനുഷ്യൻ ദൈവത്താലും ദൈവത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ടവനാണ്. തന്നിലേക്ക് മനുഷ്യനെ ആകർഷിക്കുന്നതിൽനിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. മനുഷ്യൻ നിരന്തരം അന്വേഷിക്കുന്ന സത്യവും സന്തോഷവും ദൈവത്തിൽനിന്നു മാത്രമേ അവൻ കണ്ടെത്തുകയുള്ളൂ." മർഗരീത്ത മേരി അലൻകോക്കിന് പ്രത്യക്ഷപ്പെട്ട് യേശു കാണിച്ചുകൊടുത്ത ഹൃദയത്തിന്റെ പ്രത്യേകതകൾ.  ഹൃദയം ശരീരത്തിന് പുറത്താണ് ഈശോയുടെ ഹൃദയം എല്ലായ്പ്പോഴും ഏത് പാപിയേയും മാടിവിളിക്കുന്നു.  കുരിശ് രക്ഷയുടെയും സമർപ്പണത്തിനും അടയാളമാണ്. അവനാണ് നമ്മുടെ രക്ഷ. നമ്മുടെ രക്ഷയ്ക്കായി അവൻ തന്നെത്തന്നെ സമർപ്പിച്ചു.  അഗ്നിനാളം അസ്തമിക്കാത്ത സ്നേഹത്തിന്റെ അഗ്നിയാണത്. നിന്നോടുള്ള സ്നേഹത്തെപ്രതി നിന്റെ നിന്ദനങ്ങളും പാപങ്ങളും സഹിക്കുന്നു.  തിരുമുറിവ്. നിന്റെ നിന്ദനവും തിരസ്കരണവും അവനെ മുറിവേൽപ്പിച്ചെങ്കിലും, ആ മുറിവിൽ നിന്നും ഒഴുകുന്ന രക്തവും വെള്ളവും നിനക്ക് രക്ഷ നൽകുന്നു.  


Related Articles

Covid-in-churches-page-003

വിചിന്തിനം

Contact  : info@amalothbhava.in

Top