മരിയ ഭക്തിയെ സഭാവിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്ന് മോചിപ്പിക്കണം: പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയോട് പാപ്പ

21,  Nov   

subscribe

വത്തിക്കാന്‍ സിറ്റി: മരിയ ഭക്തിയെ സഭാവിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റോമിലെ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്‍റ് മോണ്‍. സ്റ്റേഫനോ ചെക്കീന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. ആഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് സഭയിലെ മരിയ ഭക്തിയുടെ വിശ്വാസപൈതൃകം സമൂഹത്തിന്‍റെ നവമായ സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചത്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി അതിന്‍റെ മൗലിക സ്വാഭാവത്തില്‍ സംരക്ഷിക്കപ്പെടുയും, അത് സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടു പോകുകകയും വേണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചതായി മോണ്‍. സ്റ്റേഫനോ പറഞ്ഞു.

സമീപകാലത്തായി സുവിശേഷ മൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ ദൈവമാതാവിനോടുള്ള ഭക്തിയെ കൈകാര്യംചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും സംഘടനങ്ങളും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ തലപൊക്കിയിട്ടുള്ളത് പാപ്പ കത്തില്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളെ വിമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കുന്നുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ മോണ്‍. സ്റ്റേഫനോ വിശദീകരിച്ചു.

അവയിൽ നിന്നെല്ലാം വിശ്വാസികളെ മോചിപ്പിക്കാൻ സഹായമാകുന്ന വിധത്തില്‍ വെല്ലുവിളികളെക്കുറിച്ച് സഭാമക്കളെ അവബോധമുള്ളവരാക്കുകയും, തെറ്റുകള്‍ തിരുത്തുകയും വ്യക്തമായ ധാരണകള്‍ നല്‍കുകയും വേണമെന്നു പാപ്പ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദൈവമാതാവിന്‍റെ വണക്കത്തെ സംബന്ധിച്ച തെറ്റായ പ്രവണതകളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ശാസ്ത്രീയവും, ബൗദ്ധികവും, ചരിത്രപരവും, അപഗ്രഥനപരവുമായ പഠനങ്ങൾ നടത്താന്‍ മരിയന്‍ അക്കാഡമിയില്‍ ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ചിട്ടുള്ളതായി അഭിമുഖത്തില്‍ മോണ്‍. സ്റ്റേഫനോ വെളിപ്പെടുത്തി.

സെപ്റ്റംബറിൽ 18ന് മരിയൻ അക്കാദമി, രാജ്യാന്തര മരിയന്‍ സമ്മേളനം ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ, വിശ്വാസപരമായി കുറ്റവാളി സ്വഭാവമുള്ള പ്രസ്ഥാനങ്ങളെയും, സംഘടനകളെയും, പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി താൽക്കാലികമായി രൂപീകരിക്കപ്പെട്ട വകുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. സമ്മേളനത്തിൽ ദൈവശാസ്ത്രജ്ഞരും മരിയ വിജ്ഞാനീയത്തില്‍ പ്രഗത്ഭരും ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നുമുള്ള വിദഗ്ദ്ധരും നേതാക്കളും, മരിയന്‍ സംഘടനാ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുമെന്നും മോണ്‍സിഞ്ഞോര്‍ വ്യക്തമാക്കി.

1946-ൽ ഫാ. കാർലോ ബാലിക് എന്ന കപ്പൂച്ചിന്‍ വൈദികന്‍റെ നേതൃത്വത്തില്‍ ലോകത്ത് മരിയ ഭക്തി പ്രോത്സാഹിപ്പിക്കുക, അതിന്‍റെ ദൈവശാസ്ത്രപരമായ കൃത്യത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരിയന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്. 1959-ൽ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ലോകമെമ്പാടുമുള്ള വിവിധ മരിയന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുകയും, മരിയൻ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രസ്ഥാനങ്ങള്‍ക്ക് ഐകരൂപ്യമുള്ള മാര്‍ഗ്ഗരേഖകള്‍ നല്കുവാനും അന്നത്തെ മരിയൻ അക്കാദമിയ്ക്ക് 'പൊന്തിഫിക്കൽ' പദവി നൽകി.

പോള്‍ ആറാമന്‍ പാപ്പ പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ ചട്ടങ്ങളും, നിയമങ്ങൾക്കും അംഗീകാരം നൽകി. പിന്നീട് 1995-ൽ അത് പരിഷ്കരിക്കപ്പെട്ടു. വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹപ്രകാരമാണ് പൊന്തിഫിക്കൽ മരിയൻ അക്കാ‍ഡമിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ലോകമെമ്പാടുമുള്ള അക്കാദമികളിലേക്കും മരിയൻ സമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് അതിനെ ആഗോള പൊന്തിഫിക്കൽ മരിയൻ അക്കാദമിയായി ഉയര്‍ത്തിയത്.


Related Articles

43657680315_4306f48681_b

വിചിന്തിനം

Contact  : info@amalothbhava.in

Top