മെഡ്ജുഗോറിയയിലെ മരിയ ദർശനം

01,  Oct   

ആധുനിക കാലഘട്ടത്തിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 1981-മുതൽ മെഡ്ജുഗോറിയയിലെ ആറ് കുട്ടികൾക്ക് ലഭിച്ചു വരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനവും സന്ദേശങ്ങളും . ആഗോളതിരുസഭയിലെ വിഖ്യാതമായ മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർന്നിരിക്കുന്ന മെഡ്ജുഗോറിയ സ്ഥിതി ചെയ്യുന്നത് പഴയ യുഗോസ്ലാവിയായുടെ ഭാഗമായിരുന്ന ബോസ്നിയ ഹെർസെഗോവിനാ രാജ്യത്തിലെ മൊസ്റ്റർ രൂപതയിലാണ്. മെഡ്ജുഗോറിയ എന്ന വാക്കിനർത്ഥം കുന്നുകളുടെ ഇടയ്ക്ക് എന്നാണ്. പാറക്കെട്ടുകളും മലഞ്ചെരുവുകളും മുൾപ്പടർപ്പുകളും നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശത്ത് കൂടുതലും സാധാരണക്കാരാണ്. ശക്തമായ തണുപ്പും ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥയുള്ള ഇവിടുത്തെ പ്രധാന തൊഴി മേഖല കൃഷിയാണ്. മരിയ ദർശനത്തോടെയാണ് ഈ പ്രദേശം അന്തർദേശീയ ശ്രദ്ധ നേടിയത്. മാനസാന്തരപ്പെട്ട് വിശ്വാസതീക്ഷണതയോടെ ജീവിക്കുവാനുള്ള ആഹ്വാനമാണ് മാതാവ് കുട്ടികൾ വഴി പ്രധാന സന്ദേശമായി നൽകിയത്.

 

മെഡ്ജുഗോറിയയിലെ ക്രവേഷ്യക്കാരായ 11 നും 17 നും ഇടയ്ക്ക് വയസ്സുള്ള 6 കുട്ടികൾക്കാണ് 1981 ജൂൺ 24 മുതൽ പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകി വരുന്നത്. വിസ്ക, മിർയാന, ഇവാങ്ക, മരിയാ എന്നീ നാല് പെൺകുട്ടികൾക്കും ഇവാൻ, യാക്കോബ് - എന്നീ രണ്ട് ആൺകുട്ടികൾക്കുമാണ് മരിയ ദർശനം ലഭിച്ചു വരുന്നത്. സാധാരക്കാരായിരുന്ന ആ കുട്ടികൾ മാതൃക വിശ്വാസ ജീവിതം നയിച്ചവരായിരുന്നില്ല. രണ്ടു പേർ സുഹൃത്തുക്കളായിരുന്നു. ജൂൺ 24-ന് ആടുകളെ മേയ്ക്കുന്ന പോട് ബ്രഡോ എന്ന കുന്നിൽ വച്ച് ഇവാങ്കയ്ക്കും മിർയാനയ്ക്കും പരിശുദ്ധ മറിയത്തിന്റെ പ്രഥമ ദർശനം ലഭിച്ചു. ഭയന്നുവിറച്ച അവർ ഉടൻ അവിടെ നിന്ന് ഓടിപ്പോയി. മെഡ് ജുഗോറിയയിലെ മരിയൻ പ്രത്യക്ഷീകരണങ്ങളുടെ തുടക്കമായിരുന്നു അത്. തുടർന്ന് ആ കുന്ന് പ്രത്യക്ഷീകരണത്തിന്റെ മല എന്നാണ് അറിയപ്പെടുന്നത്. കുന്നിൻ മുകളിൽ തങ്ങളെ മാടി വിളിച്ച സ്വർഗ്ഗീയ സൗന്ദര്യം നിറഞ്ഞ ഒരു സ്ത്രീയെ കണ്ടു എന്നും അതു പരിശുദ്ധ മറിയം ആയിരുന്നുവെന്നും കുട്ടികൾ നാട്ടിൽ പറഞ്ഞുവെങ്കിലും പലരും അതു വിശ്വസിച്ചില്ല എന്നു മാത്രമല്ല മരിയ ദർശനം ലഭിക്കത്തക്ക വിശുദ്ധിയൊന്നും നിങ്ങൾക്കില്ല എന്നു പറഞ്ഞു പരിഹസിക്കുകയും ചെയ്തു.
 ദർശനത്തിന്റെ രണ്ടാം ദിനമായ ജൂൺ 25-ന് വൈകീട്ടോടെ ആറ് കുട്ടികളും കൂടി മലയിലേക്ക് പുറപ്പെട്ടു. അവരെ പിന്തുടർന്ന് ഏതാനും നാട്ടുകാരുമുണ്ടായിരുന്നു. അടിവാരത്തിൽ എത്തിച്ചേർന്ന അവർ മലമുകളിൽ നോക്കിയപ്പോൾ ശകതമായ ഒരു അലൗകിക പ്രകാശം കണ്ടു. കുട്ടികൾക്ക് മാത്രം തങ്ങളെ മാടി വിളിക്കുന്ന മാതാവിനെ ദർശിക്കുവാൻ സാധിച്ചു. അരമണിക്കൂർ കൊണ്ട് എത്തിച്ചേരേണ്ട മലമുകളിൽ കുട്ടികൾ അഞ്ച് മിനിറ്റ് കൊണ്ട് അത്ഭുതകരമായി വേഗം എത്തി. വായുവിൽ കൂടി എന്തോ പിടിച്ചു വലിച്ചു കൊണ്ട് അഞ്ച് മിനിറ്റ് കൊണ്ട് മരിയൻ സന്നിധിയിൽ എത്തിച്ചു എന്നാണ് വിസ്കയുടെ സാക്ഷ്യം.ചെരുപ്പു ധരിക്കാതെ വന്ന വിസ്ക്കയുടെ പാദങ്ങൾ കല്ലും മുള്ളും കൊണ്ടു മുറിഞ്ഞതുമില്ല. മാതാവിന്റെ സവിധത്തിൽ എത്തിയ ഉടനെ 6 കുട്ടികളും മുട്ടുകുത്തി നിന്നു. മുൾപ്പടർപ്പിലാണ് യാക്കോബ് നിന്നത് എങ്കിലും അവന് മുറിവ് ഒന്നും സംഭവിച്ചില്ല എന്നാണ് വിസ്ക സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ കരഞ്ഞു പ്രാർത്ഥിച്ചു. ആയിടെ മരിച്ച തന്റെ അമ്മയെ കുറിച്ച് ഇവാ ങ്ക ചോദിച്ചു. ഇവാങ്കയുടെ അമ്മ തന്നോടൊപ്പം സ്വർഗ്ഗത്തിലുണ്ടെന്ന് മാതാവ് മറുപടി നൽകി. മറിയത്തോടൊപ്പം 7 സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർതൃപ്രാർത്ഥന കുട്ടികൾ ചൊല്പി. തുടർന്ന് മാതാവ് അവരോട് ഏഴ് പ്രാവിശ്യം വീതം സ്വർഗ്ഗസ്ഥനായ പിതാവും നന്മ നിറഞ്ഞ മറിയവും ത്രിത്വസ്തുതിയും വിശ്വാസ പ്രമാണത്തോടു കൂടി ചൊല്ലുവാൻ ആവിശ്യപ്പെട്ടു. ' കുട്ടികളെ ദൈവത്തിന്റെ സമാധാനത്തിൽ പോവുക' എന്നു പറഞ്ഞു കൊണ്ടാണ് മറിയം ദർശനം അവസാനിപ്പിച്ചത്. ' പ്രിയ കുഞ്ഞുമക്കളെ' എന്നു അഭിസംബോധന ചെയ്തു കൊണ്ടാണ് മാതാവ് ദർശനം ആരംഭിച്ചിരുന്നത്. ' എന്റെ അഹ്വാനത്തിന് പ്രത്യുത്തരിച്ചതിന് നിങ്ങൾക്ക് നന്ദി' എന്നു പറഞ്ഞു കൊണ്ടാണ് പരിശുദ്ധ അമ്മ മിക്കപ്പോഴും സന്ദേശങ്ങൾ അവസാനിപ്പിച്ചിരുന്നത്.

 

               മെഡ്ജുഗോറിയയിലെ മരിയ ദർശനത്തിന്റെ വാർത്ത വളരെ വേഗം നാടെങ്ങും പ്രചരിച്ചു. മൂന്നാം ദിനമായ ജൂൺ 26 -ലെ മരിയ ദർശനം അരമണിക്കൂർ സമയം നീണ്ടു നിന്നു. അവിടുന്ന് ആരാണ് എന്ന കുട്ടികളുടെ ചോദ്യത്തിന് മാതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു :" ഞാൻ പരിശുദ്ധ കന്യകാമറിയമാണ് ….." മരിയ ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം വിശ്വാസം, സമാധാനം, മന: പരിവർത്തനം, പ്രാർത്ഥന, ഉപവാസം, പ്രായശ്ചിത്തം - എന്നിവയ്ക്കായി വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്യുക എന്നതായിരുന്നു. ജനങ്ങള മാനസാന്തരപ്പെടുത്തുക, അനു രഞ്ജിപ്പിക്കുക - എന്നിവ ഈ ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ദർശനത്തിന്റെ നാലാം ദിനമായ ജൂൺ 27 - ആയപ്പോഴെക്കും നാട്ടിൽ മരിയ ദർശനത്തിന് വലിയ അംഗീകാരം ലഭിച്ചു തുടങ്ങി. ഓരോ ദിവസവും സമീപപ്രദേശങ്ങളിലും വിദൂരങ്ങളിലും നിന്ന് അനേകർ ദർശനസ്ഥലത്ത് പ്രവഹിച്ചു കൊണ്ടിരുന്നു. സെർബിയാക്കാർക്കു ഭൂരിപക്ഷമുള്ള നിരീശ്വര ഇടതു ഭരണകൂടം കുട്ടികളെ ഭീക്ഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും ആ ആറു പേരും തങ്ങൾ കന്യാകാമറിയത്തെ ദർശിച്ചു എന്ന പ്രസ്താവനയിൽ ശക്തമായി ഉറച്ചു നിന്നു. അഞ്ചാം ദിനത്തിൽ 15000 -ൽപരം തീർത്ഥാടകർ പ്രത്യക്ഷീകരണ മലയിൽ എത്തിച്ചേർന്നിരുന്നു. അന്നുമുതലുള്ള ദർശനത്തിലെ ചോദ്യോത്തരങ്ങൾ ശബ്ദലേഖനം ചെയ്തു വന്നു.

 

                              സ്ഥലത്തെ ഇടവക വികാരി ഫാ.ജോസോ സോസ്ക്കോ എട്ടാം ദിനം വൈകിട്ട് നാലു മണിക്ക് പ്രാർത്ഥന നിരതനായിരിക്കുമ്പോൾ' പുറത്തു വന്ന് കുട്ടികളെ സംരക്ഷിക്കുക' എന്ന സ്വരം ശ്രവിച്ചു. അപ്പോൾ ദേവാലയത്തിൽ ആരുമില്ലായിരുന്നു. വികാരി പുറത്തു വരുന്നതും, നിരീശ്വര ഭരണകൂടത്തിന്റെ പോലീസ് അറസ്റ്റ് ചെയ്യാൻ പിന്തുടർന്ന ദർശനക്കാരായ കുട്ടികൾ ഓടി എത്തിയതും ഒരു മിച്ചായിരുന്നു. പോലീസിൽ നിന്ന് രക്ഷിക്കാൻ വികാരി ഉടൻ ആറ് കുട്ടികളേയ വൈദീക മന്ദിരത്തിലെ ഒരുമുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. തുടർന്നുള്ള ആറ് ദിവസങ്ങളിൽ ആ വൈദിക മന്ദിരത്തിൽ വച്ച് കുട്ടികൾക്ക് മരിയ ദർശനം ലഭിച്ചു. ഇതറിഞ്ഞ വിശ്വാസികൾ ദേവാലയത്തിൽ ഒത്തു ച്ചേർന്നു ആഘോഷമായ ദിവ്യബലിയിലും ജപമാലയർപ്പണത്തിലും ഭക്തിപൂർവ്വം പങ്കു കൊണ്ടു.
തുടർന്ന് മരിയ ദർശനം വൈദിക മന്ദിരത്തിലെ ആ മുറിയിൽ നിന്ന് സന്ദർഭം അനുസരിച്ച് കുട്ടികളുടെ ഭവനങ്ങളിലും കുറ്റി കാടുകളിലും വയലുകളിലും മറ്റും മാറി കൊണ്ടിരിന്നു. ആ ദിനങ്ങളിൽ പരിശുദ്ധ അമ്മ കുട്ടികളെ ദൈവീക കാര്യങ്ങൾ പഠിപ്പിക്കുകയും സ്വർഗ്ഗീയ സന്ദേശങ്ങൾ നൽകുകയും ചെയ്തു. പിന്നീട് വിശ്വാസികളുടെ ആഗ്രഹമുസരിച്ച് പരി.അമ്മ കുട്ടികൾക്ക് ദൈവാലയത്തിൽ വച്ച്  ദർശനം നൽകി. അതോടെ മെഡ്ജുഗോറിയയുടെ ആത്മീയ നവോത്ഥാനം ആരംഭിച്ചു. വൈകുന്നേരത്തെ ജപമാലക്കും ദിവ്യബലിയർപ്പണത്തിനും ദൈവാലയവും പരിസരവും നിറഞ്ഞു കവിഞ്ഞു. 600 പേർക്ക് ഇരിക്കാനുള്ള ദൈവാലയത്തിൽ പലപ്പോഴും 80,000-ത്തിലേറെ തീർത്ഥാടകർ എത്തിയിരുന്നു. വിശ്വാസികൾക്ക് കുമ്പസാരിച്ച്‌ ഒരുങ്ങുവാൻ അനേകം വൈദീകരെ ആവശ്യമായി വന്നു. മരിയ ദർശത്തെ തുടർന്ന് വിശ്വാസികളിൽ പ്രാർത്ഥനാ തീക്ഷ്ണത, ദിവ്യബലി, കൂദാശകളുടെ സ്വീകരണം - തുടങ്ങിയവ വർദ്ധിച്ചു.

 

        ലോകത്തെ ദിവ്യ രക്ഷകനായ യേശുവിലേക്ക് നയിക്കുന്നതിനും ആത്മാക്കളെ നരകാഗ്നിയിലേക്ക് തള്ളിവിടുന്ന സാത്താന്റെ പാരാ ക്രമത്തിനെതിരെ ആഴമായ പ്രാർത്ഥനയിലൂടെ മോചനം നേടാൻ വിശ്വാസി സമൂഹത്തെ ഒരുക്കുന്നതുമായ സന്ദേശങ്ങളാണ് മെഡ്‌ജുഗോറിയയിലെ കുട്ടികൾ വഴി പരിശുദ്ധ അമ്മ ലോകത്തിന് നൽകിയത്. ഉപവസിക്കുക, മാനസാന്തരപ്പെടുക, പാപകരമായ ജീവിതം ദൈവ സ്നേഹത്തിൽ നിന്ന് അകറ്റുന്നു - എന്നിവയാണ് മാതാവ് ഇവിടെ നൽകിയ പ്രധാന സന്ദേശങ്ങൾ . " ഞാൻ ദൈവത്തിന്റെ അമ്മയും സമാധാനത്തിന്റെ രാജ്ഞിയുമാണ്" - എന്നാണ് മാതാവ് കുട്ടികൾക്ക് വെളിപ്പെടുത്തിയത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ മാതാവ് ഉപദേശിച്ചു. നല്ല കുമ്പസാരം നടത്തണം , ലോകം നാശത്തിന്റെ വക്കിലാണ്. വിശുദ്ധ ഗ്രന്ഥം വായിച്ചു ധ്യാനിക്കുക. നിരവധി ജപമാല ചൊല്ലി പ്രാർത്ഥിക്കണം മുട്ടുകുത്തി പ്രാർത്ഥിക്കുക, ഈശോയുടെ തിരു ഹൃദയത്തിനും പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിനും ജീവിതം പ്രതിഷ്ഠിക്കണം - തുടങ്ങിയവ മാതാവ് സന്ദേശമായി നൽകി. പ്രാർത്ഥിക്കാൻ സമയം കണ്ടെത്തണമെന്നും ഉദാരത കാണിക്കണമെന്നും പറഞ്ഞ പരിശുദ്ധ അമ്മ ഇപ്രകാരം ഉപദേശിച്ചു. : പ്രാർത്ഥിക്കുന്നവന് ഭാവിയെ പറ്റി ഭയാശങ്ക ഉണ്ടാവുകയില്ല. ഉപവസിക്കുന്നവൻ തിൻമയെ പേടിക്കുകയില്ല. പ്രാർത്ഥനയും ഉപവാസവും വഴി യുദ്ധങ്ങളും അവിശ്വാസത്തിന്റെ പോരാട്ടങ്ങളും ഭാവിയെക്കുറിച്ചുള്ള ഭയവും അവസാനിപ്പിക്കാനാകും.
  അനുദിന ദിവ്യബലിയർപ്പണത്തിനു പുറമേ ദിവ്യകാരുണ്യ ആരാധയ്ക്കും സമയം കണ്ടെ ത്തണമെന്ന് മാതാവ് ഉപദേശിച്ചു. ദിവ്യബലി നിങ്ങളുടെ ജീവിതമാക്കുവിൻ എന്നു പറഞ്ഞ പരിശുദ്ധ അമ്മ ഇപ്രകാരം സന്ദേശം നൽകി : ദൈവത്തിന്റെ അതിശ്രേഷ്ഠമായ പ്രാർത്ഥനയാണ് ദിവ്യബലി. അതിന്റെ മഹത്വം നിങ്ങൾക്ക് ഗ്രഹിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് ദിവ്യബലി സമയത്ത് നിങ്ങൾ പൂർണ്ണഹൃദയത്തോടും താഴ്മയോടും കൂടി പ്രാർത്ഥിക്കണം അതിനായി നിങ്ങൾ നിങ്ങളെത്തന്നെ ഒരുക്കുകയും വേണം ദിവ്യകാരുണ്യ ആരാധനയെ കുറിച്ച് പരിശുദ്ധ അമ്മ ഇപ്രകാരം ഉപദേശിച്ചു. തിരുവോസ്തിയിൽ എന്റെ പുത്രനെ നിങ്ങൾ ആരാധിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. ആ പ്രവർത്തി എന്നെ വളരെയധികം സ്പർശിക്കുന്നു. അൾത്താരയിലെ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തെ ഇടവിടാതെ ആരാധിക്കുക. വിശ്വാസികൾ ആരാധിക്കുമ്പോൾ ഞാൻ സദാ സന്നിഹിതനാണ്. അവർക്ക് അപ്പോൾ പ്രത്യേക വരദാനങ്ങൾ നൽകപ്പെടും.വി.ഗ്രന്ഥം വായിച്ചു പ്രാർത്ഥിക്കുവാൻ ഉപദേശിച്ച പരിശുദ്ധ മാതാവ് ഇപ്രാകാരം പറഞ്ഞു: നിങ്ങളുടെ കുടുംബങ്ങളിൽ എല്ലാ ദിവസവും ബൈബിൾ വായിക്കുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ബൈബിൾ കാണത്തക്ക സ്ഥലത്ത് വയ്ക്കുക. എപ്പോഴും അതു വായിച്ചു പ്രാർത്ഥിക്കുന്നതിന് തൻമൂലം നിങ്ങൾ പ്രേരിതരാകട്ടെ . ജമാല ചൊല്ലുന്നതിനെ കുറിച്ച് പരിശുദ്ധ അമ്മ ഇപ്രകാരമാണ് ഉപദേശിച്ചത്. ജപമാല ഭവനത്തിലെ ഒരു അലങ്കാര വസ്തു ആകരുത്. പലരും അലങ്കാര വസ്തു പോലെ വല്ലപ്പോഴുമാണ് കൊന്ത ഉപയോഗിക്കുന്നത്. കൊന്ത ജപിക്കാൻ എല്ലാവരോടും പറയണം . കത്തോലിക്കാ സഭയുടെ മേൽ സാത്താൻ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളേയും കൊന്ത കൊണ്ട് ്് നിങ്ങൾക്ക് ജയിക്കാനാവും. എല്ലാ വൈദീ കരും കൊന്ത ജപിക്കട്ടെ . ജപമാലയ്ക്ക് സമയം കണ്ടത്തണം. ആഴമായ മാനസാന്തരത്തിനായി അടുത്തടുത്തുള്ള കുമ്പസാരം ഏറെ പ്രാധാന്യമുള്ളതാണെന്ന് മാതാവ് അറിയിച്ചു. ദർശനത്തിലൂടെ മാതാവ് അവരെ കൂടുതൽ ഒരുക്കിയത് ക്രൈസ്തവ വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാനായിരുന്നു. ആദ്ധ്യാത്മീക ജീവിതം നയിക്കുവാനുള്ള ഉപദേശങ്ങളാണ് പരിശുദ്ധ അമ്മ പ്രധാനമായും നൽകിയത്. സമാധാനം, അനുരജ്ഞനം , മാനസാന്തരം  , ബൈബിൾ വായന, പ്രാർത്ഥന. ഉറച്ച വിശ്വാസം, ഉപവാസം , തപസ്സ്, ദിവ്യകാരുണ്യ സ്വീകരണം ജപമാലയർപ്പണം - തുടങ്ങിയ പുണ്യങ്ങളിൽ വളരാനുള്ള ആഹ്വാനമാണ് മാതാവ് നൽകിയത്. മാതാവ് ഇപ്രകാരം കുട്ടികളോട് അരുൾ ചെയ്തു. ഗോസ്പ്പാ നിങ്ങളോട് അഭ്യർത്ഥിക്കയാണ്. ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്ന സന്ദേശങ്ങൾ നിങ്ങൾ
 അനുദിനം വായിക്കണം. ജീവിതത്തിൽ പകർത്തണം". ഗോസ് പ്പാ എന്നാണ് ക്രവേഷ്യൻ ഭാഷയിൽ പരിശുദ്ധ മറിയത്തെ വിളിച്ചിരുന്നത്.

 

                 തുടർന്ന് മെഡ്ജുഗോറിയ വിശ്വപ്രസിദ്ധമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമായി വളർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവർക്ക് സ്വർഗ്ഗീയമായ സമാധാനവും സന്തോഷവും ദൈവീക സാന്നിധ്യവും മരിയൻ സാമീപ്യവും ലഭിക്കുന്നു. ഈ പുണ്യ ഭൂമിയുടെ എല്ലാ ഭാഗത്തും പാവനമായ പ്രാർത്ഥനാന്തരീക്ഷം നിറഞ്ഞു നിൽക്കുന്നു. ഇവിടെയെത്തുന്ന തീർത്ഥാടകർ കുമ്പസാരിച്ച് മാനസാന്തരപ്പെട്ട് പുതു മനുഷ്യരായി സമാധാനത്തോടെ കടന്നുപോകുന്നു. ദൈവ കൃപ സമൃദ്ധമായി നിറഞ്ഞ ഈ പുണ്യ ഭൂമി' ലോകത്തിന്റെ കുമ്പസാരക്കൂട്' എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കുമ്പസാരിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികൾക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുന്ന ആഴമായ അനുഭവമാകുന്നു. രാവിലെ മുതൽ ഇവിടുത്തെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം ആരംഭിക്കുന്നു.ക്രവേഷ്യൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് - തുടങ്ങിയ വിവിധ ഭാഷകളിൽ ഇവിടെ ബലിയർപ്പണം നടക്കുന്നു. പ്രത്യക്ഷീകരണത്തിന്റെ മലയിൽ മരിയ ദർശനം ലഭിച്ച സ്ഥലത്ത് ക്രൂശിതരൂപത്തോടു കൂടിയ ഒരു വലിയ മരക്കുരിശും മരിയൻ സ്വരൂപവും സ്ഥാപിച്ചിട്ടുണ്ട്. ദർശനത്തിന്റെ മൂന്നാം ദിനം മലമുകളിൽ നിന്ന് താഴേക്ക് ഓടി ഇറങ്ങിയ മരിയായ്ക്ക് ഇടയ്ക്ക് വച്ച് മരിയ ദർശനം ലഭിച്ച സ്ഥാനത്ത് ഒരു തീർഥാടക സംഘം ഒരു മരക്കുരിശ് സ്ഥാപിച്ചിട്ടുണ്ട്. പിന്നെയുള്ള ഇവിടുത്തെ പ്രധാന കേന്ദ്രം ക്രി സെവാസ് എന്നറിയപ്പെടുന്ന 520 മീറ്റർ ഉയരമുള്ള കുരിശിന്റെ മലയാണ്. 15 ടൺ ഭാരവും 8.56 മീറ്റർ ഉയരവുമുള്ള ഒരു കോൺക്രീറ്റ് കുരിശ് ആ നാട്ടുകാർ 1934-ൽ യേശുവിന്റെ പീഡാസഹനത്തിന്റെ 1900-ാം വാർഷികത്തിന്റെ സ്മാരകമായി ആ മലമുകളിൽ സ്ഥാപിച്ചു. ഈ ദിവ്യകുരിശിൽ തീർത്ഥാടകർ പല സ്വർഗ്ഗീയ അടയാളങ്ങളും ദർശിച്ചിട്ടുണ്ട്. ഈ കുരിശിന്റെ ചുവട്ടിൽ നിന്ന് താൻ അതിരാവിലെ പ്രാർത്ഥിക്കാറുണ്ടെന്ന് പരിശുദ്ധ അമ്മ കുട്ടികൾക്ക് വെളിപ്പെടുത്തുകയുണ്ടായി. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ ഭക്തി സംവർദ്ധകമായ വിധത്തിൽ ഈ കുരിശ് മലയിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് ഏതാണ്ട് ഒന്നര കോടിയിലേറെ തീർത്ഥാടകരാണ് ഈ പുണ്യ ഭൂമിയിൽ എത്തി അനുഗ്രഹം പ്രാപിച്ചത്. ദർശനം ലഭിച്ച കുട്ടികൾ വളർന്ന് വിവാഹിതരായി വിശ്വാസതീക്ഷ്ണമായ മാതൃക ഭക്ത ജീവിതം നയിച്ചു വരുകയാണ്." പ്രാർത്ഥിക്കുക,  അനുതപിക്കുക, ഉപവസിക്കുക, ജപമാല ചൊല്ലുക, എന്റെ ഹൃദയത്തിന് സദൃശ്യരാവുക, ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ ജീവിക്കുക…." തുടങ്ങിയ മരിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പ്രേക്ഷിതദൗത്യവുമായി അവർ പ്രയാണം ചെയ്യുകയാണ്. ദർശനക്കാരിൽ വിസ്ക, മരിയ, ഇവാൻ എന്നിവർക്കാണ് ദിവസേന മരിയ ദർശനം ലഭിക്കുന്നത്. ജനങ്ങൾക്കു വേണ്ടിയുള്ള സന്ദേശങ്ങൾ മാസത്തിൽ ഒരു പ്രാവിശ്യം അവർക്കു ലഭിക്കുന്നു. മറ്റ് മൂന്ന് പേർക്ക് വർഷത്തിൽ ഒരിക്കൽ മരിയ ദർശനം ലഭിക്കുന്നു.

 

                 ഫാത്തിമായിലെ മരിയ ദർശനത്തിന്റെ പൂർത്തികരണമാണ് മെഡ് ജുഗോറിയയിലെത് എന്നാണ് ഫാത്തിമായിലെ സി. ലൂസിയ പറഞ്ഞത്. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഇപ്രകാരമാണ് പറഞ്ഞത് :" മെഡ് ജുഗോറിയ ഫാത്തിമായുടെ തുടർച്ചയാണ് ….ഞാൻ പോപ്പായിരുന്നില്ലെങ്കിൽ മെഡ്ജു ഗോ റിയായിൽ പോയി കുമ്പസാരിച്ചേനേ… ഇന്ന് ലോകത്തിന് അതിന്റെ ആത്മീയ ബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. വളരെപ്പേർ മെഡ്ജു ഗോറിയയിൽ അത് പ്രാർത്ഥനയിലും ഉപവാസത്താലും കുമ്പസാരത്താലും അന്വേഷിച്ചു വീണ്ടും കണ്ടുപിടിക്കുന്നു …." ഈ മരിയ ദർശനത്തിന് തിരുസഭയുടെ ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. മെസ് ജുഗോറിയയിലെ ദിവ്യ ദർശനത്തിലൂടെ പരിശുദ്ധ കന്യകാമറിയം ലോകത്തിന് നൽകിയ സന്ദേശങ്ങൾ ധ്യാനിച്ചു കൊണ്ട് ആഴമായ വിശ്വാസത്തിന്റെ പാതയിലൂടെ വളരുവാൻ പരിശ്രമിക്കാം.

 

റഫറൻസ്

 

  1. അമ്മ മക്കളോട് മെഡ്ജുഗോറിയയിലെ സന്ദേശങ്ങൾ - ഫാ.പോൾ കല്ലുവീട്ടിൽ സി.എം.ഐ
    2 സമാധാനത്തിന്റെ രാജ്ഞി - ജോഷി മാത്യു ആനപ്പാറ
  2. മഹോന്നതയായ പരിശുദ്ധ കന്യകമറിയം - ഫാ.ജോസ് ഉപ്പാണി
  3. മരിയൻ തിരുനാളുകൾ - സി. പ്രഭ ഗ്രെയ്സ് സി.എം.സി.
  4. ആഗോള സഭയിലെ മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ - ഫാ.പോൾ നായ്ക്കരക്കുടിയിൽ

 

                രതീഷ് ഭജനമഠം
                ആലപ്പുഴ


Related Articles

തവളകള്‍

വിചിന്തിനം

Contact  : info@amalothbhava.in

Top