സ്പെയിനിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായുള്ള പർവ്വത നിരകളുടെ മധ്യത്തിലായുള്ള ഗരബന്ദാൾ എന്ന മലയോര ഗ്രാമത്തിലെ നാല് പെൺകുട്ടികൾക്ക് 1961 - 1965 കാലഘട്ടത്ത് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ലോകത്തിന് അത്യാവശ്യവും അടിയന്തരവുമായ സ്വർഗ്ഗീയ സന്ദേശങ്ങൾ നൽകി. ഗരബന്ദാളിലെ കൊഞ്ചിത്ത ഗോൺസാലസ്, ജെസീന്ത ഗോൺസാലസ്, മേരി ലോലി മസൂൺ മേരി ക്രൂസ് ഗോൺസാലസ് - എന്നീ 11-ഉം 12-ഉം വയസ്സുള്ള കുട്ടികൾക്കാണ് മാതാവ് ദർശനം നൽകിയത്. ഫാത്തിമായിലെ പോലെ ഗരബന്ദാളിലെ മരിയ ദർശനത്തിന് മുന്നോടിയായും ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് കുട്ടികളെ ഒരുക്കിയിരുന്നു. മാനസാന്തരം, ത്യാഗം, പ്രായശ്ചിത്തം, കൂദാശ ജീവിതം, പാപികളുടെ മേൽ പതിക്കുന്ന ശിക്ഷകൾ - തുടങ്ങിയവയാണ് മാതാവ് പ്രധാന സന്ദേശങ്ങളായി നൽകിയത്.
1961 ജൂൺ 18 - ന് വൈകിട്ട് ഗരബന്ദാൾ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഈ നാല് ബാലികമാർ കളിച്ചു കൊണ്ടിരിക്കെ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ആ കുട്ടികളോട് ഒന്നും സംസാരിക്കാതെ മാലാഖ അവിടെ നിന്ന് അപ്രത്യക്ഷനായി. ഭയന്നുവിറച്ച കുട്ടികൾ അവിടെ നിന്ന് ഓടി ഗ്രാമത്തിലെ ദേവാലയത്തിൽ എത്തി പ്രാർത്ഥിച്ചു. തുടർന്നുള്ള 12 ദിവസങ്ങൾക്കുള്ളിൽ 8 തവണ മാലാഖ കുട്ടികൾക്ക് ദർശനം നൽകി. ജൂലൈ ഒന്ന് ശനിയാഴ്ച്ച നൽകിയ ദർശനത്തിൽ വച്ചാണ് ദൈവ ദൂതൻ ആദ്യമായി അവരോട് സംസാരിച്ചത്. അടുത്ത ദിനമായ ജൂലൈ 2 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയം കർമ്മലമാതാവായി അവർക്ക് ദർശനം നൽകുമെന്ന് മാലാഖ കുട്ടികൾക്ക് വെളിപ്പെടുത്തി അവരെ മരിയൻ ദർശനത്തിനായി ഒരുക്കി. ഈ വാർത്ത കാട്ടുതീ പോലെ ഗ്രാമം മുഴുവൻ പരന്നു. ജൂലൈ രണ്ടിന് അനേകം വിശ്വാസികൾക്കൊപ്പം നിരവധി വൈദികരും ഗരബന്ദാളിൽ എത്തിയിരുന്നു. വൈകീട്ടോടെ നാല് കുട്ടികളും ദൈവ ദൂതൻ ദർശനം നൽകിയ സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ രണ്ട് മാലാഖമാർക്ക് മധ്യത്തിലായി ഉണ്ണിശോയെ കരങ്ങളിലേന്തിയ പരിശുദ്ധ കർമ്മലമാതാവ് പ്രത്യക്ഷയായി. മറിയത്തോടൊപ്പം ഉണ്ടായിരുന്ന ഒരു മാലാഖ തങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ട ദൈവദൂതനാണെന്ന് കുട്ടികൾക്ക് മനസ്സിലായി. അത് പ്രധാന ദൂതനായ വി. മിഖായേലാണെന്ന് പിന്നീട് കുട്ടികൾക്ക് വെളിപ്പെടുത്തപ്പെട്ടു. കുട്ടികളോടു സംസാരിച്ച പരിശുദ്ധ അമ്മ അവരോട് ഒരു ജപമാല വീതം അർപ്പിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം വീണ്ടും വരാം എന്നു പറഞ്ഞ് മാതാവ് അപ്രത്യക്ഷയായി. ജൂലൈ മൂന്നിന് മാതാവ് ഉണ്ണീശോയുമായി പ്രത്യക്ഷപ്പെട്ടപ്പോൾ മാലാഖമാർ ഉണ്ടായിരുന്നില്ല. ദർശനം ലഭിച്ച കൊഞ്ചിത്ത ഗോൺസാലസിന്റെ ഡയറിയിൽ മാതാവിനെ കുറിച്ച് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് :" മാതാവ് കാണപ്പെട്ടത് വെള്ളയുടുപ്പും നീല വസ്ത്രവും തലയിൽ ചെറിയ കനക നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടവും ധരിച്ചു കൊണ്ടായിരുന്നു. പാദം കാണാമായിരുന്നില്ല കരങ്ങൾ വിരിച്ചു പിടിച്ചിരുന്നു. വലതുകരത്തിൽ ബ്രൗൺ ഉത്തരീയം തൂങ്ങിക്കിടന്നിരുന്നു. തലമുടി, നീണ്ട് ഇരുണ്ട തവിട്ടു നിറത്തിൽ അല്പം ചുരുണ്ട്, നടുവിൽ വകഞ്ഞു കിടന്നിരുന്നു. മുഖം ദീർഘവൃത്താകൃതിയിലുള്ളതും മൂക്ക് വണ്ണം കുറഞ്ഞ് നീണ്ടതും അധരങ്ങൾ അതിസുന്ദരവുമായിരുന്നു. ചിലപ്പോൾ ദിവ്യഉണ്ണിയെ വഹിച്ചു കൊണ്ടിരുന്നതായി കണ്ടു".
1961 ജൂലൈ നാലിന് ദർശനം നൽകിയ മാതാവ് ഇപ്രകാരമൊരു സന്ദേശം കുട്ടികൾക്ക് നൽകി.
" നാം വളരെയധികം ത്യാഗങ്ങൾ അനുഷ്ഠിക്കണം. ധാരാളം പരിഹാരം ചെയ്യണം. വിശുദ്ധ കൂദാശകളിൽ കൂടെ കൂടെ പങ്കുകൊള്ളുകയും കാരുണ്യനാഥനെ സന്ദർശിക്കുകയും വേണം. എന്നാൽ, ആദ്യമായി നാം വളരെ നല്ല ജീവിതം നയിക്കണം. അല്ലാത്ത പക്ഷം ഒരു വലിയ ശിക്ഷ നമ്മുടെ മേൽ നിപതിക്കും. പാനപാത്രം ഇപ്പോൾത്തന്നെ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. നാം മാനസാന്തരപ്പെട്ടില്ലെങ്കിൽ നമ്മുടെ മേൽ ആ വലിയ ശിക്ഷ വരിക തന്നെ ചെയ്യും". ഈ സന്ദേശം ഒക്ടോബർ 18-ന് വിശ്വാസി സമൂഹത്തിന് വെളിപ്പെടുത്തണമെന്ന് മാതാവ് കുട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ദർശന സമയങ്ങളിൽ ബാലികമാർ ആഴമായ സ്വർഗ്ഗീയ സന്തോഷത്താലും സമാധാനത്താലും നിറഞ്ഞു നിന്നിരുന്നു. ഈ ദർശനങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ നടത്തിയ വൈദീകർക്കും രൂപതാധികാരികൾക്കും മരിയ പ്രത്യക്ഷീകരണം സത്യസന്ധമാണെന്ന ബോധ്യമുണ്ടായി. കുട്ടികൾക്ക് ലഭിക്കുന്ന ദർശനങ്ങളെക്കുറിച്ച് അറിയുവാനായി ഗരബന്നാളിൽ എത്തിയിരുന്ന അനേകം വൈദികരിൽ ഒരാളായിരുന്നു ജെസ്യൂട്ട് സന്യാസിയായിരുന്ന ഫാ. ലൂയിയ്ക്കും മരിയ ദർശനം ലഭിച്ചു. ശരബന്ദാളിൽ കുട്ടികളെ കൂടാതെ മാതാവിനെ ദർശിക്കുവാൻ സാധിച്ചത് ഫാ. ലൂയിക്കാണ്. ഫാ. ലൂയി ഉന്നതങ്ങളിൽ നോക്കി കൊണ്ട്" അത്ഭുതം ! ഓ ! അത്ഭുതം" എന്ന് വിളിച്ചു പറഞ്ഞത് സമീപത്തുള്ളവർ ശ്രവിച്ചു. അപ്പോൾ പരിശുദ്ധ അമ്മ കുട്ടികളോട് ഇപ്രകാരം പറഞ്ഞു:" അദ്ദേഹം ( ഫാ. ലൂയി ) അവിടുത്തേയും നടക്കാനിരിക്കുന്ന അത്ഭുതവും കാണുകയാണ്" . ആഗസ്റ്റ് 8 -ലെ മരിയ ദർശനം രാത്രി 10 - ന് സമാപിച്ചു. തുടർന്ന് കോസിയോ എന്ന പ്രദേശത്തേക്കുള്ള ജീപ്പ് യാത്രക്കിടയിൽ ഫാ. ലൂയി തന്റെ സ്നേഹിതന്മാരോട് ഇപ്രകാരം പറഞ്ഞു:" എന്തൊരു അത്ഭുതകരമായ സമ്മാനമാണ് എനിക്ക് നൽകിയത്. ഇങ്ങനെ സ്വർഗ്ഗത്തിലൊരു മാതാവുണ്ടായിരിക്കുക എത്ര ഭാഗ്യം. നാം അലൗകികതയെ ഭയപ്പെടേണ്ടതില്ല. ഇന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം. തുടർന്ന് കുറച്ച് സമയം കഴിഞ്ഞ് 9-ാം തിയ്യതി അതിരാവിലെ നാലു മണിയോടെ ആ വന്ദ്യ പുരോഹിതൻ ജീപ്പിൽ വച്ചു തന്നെ ദിവംഗതനായി. ഫാ. ലൂയി മരിച്ചത് വളരെ സന്തോഷത്തോടെയാണെന്ന് മാതാവ് കുട്ടികൾക്ക് ഒരു ദർശനത്തിൽ വച്ച് പിന്നീട് വെളിപ്പെടുത്തിക്കൊടുത്തു. വിധവയായ ഫാ. ലൂയിയുടെ അമ്മയുടെ നാല് മക്കളും പുരോഹിതന്മാരായിരുന്നു. തുടർന്ന് ഫാ. ലൂയിയുടെ അമ്മ ഒരു വിസിറ്റേഷൻ സന്ന്യാസിനി സഭയുടെ മഠത്തിൽ ചേർന്നു. ഫാ. ലൂയിയുടെ സഹോദരങ്ങളായ ഫാ. റെമോണും ഇവിടുത്തെ മരിയ ദർശന സംഭവങ്ങളുടെ യാഥാർത്ഥ്യത്തിന് സാകഷ്യം വഹിച്ചു . ദർശനം ലഭിച്ച കുട്ടികൾക്ക് അല്ലാതെ മറ്റാർക്കും മാതാവിനെ കാണുവാൻ സാധിച്ചിരുന്നില്ല. ദർശനത്തിന്റെ യാഥാർത്ഥ്യം വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനും ജനങ്ങളുടെ വിശ്വാസത്തിന് വേണ്ടിയും ഒരത്ഭുതം പ്രവർത്തിക്കണമെന്ന് കുട്ടികൾ മറിയത്തോട് ആവശ്യപ്പെട്ടിരുന്നു. സ്വർഗ്ഗീയമായ അടയാളം വിശ്വാസികൾ ദർശികുമെന്ന് വി. മിഖായേൽ മാലാഖ കുട്ടികൾക്ക് വെളിപ്പെടുത്തിയിരുന്നു. താൻ അദൃശ്യമായി കൊഞ്ചിത്തായ്ക്ക് നൽകിയിരുന്ന ദിവ്യകാരുണ്യം 1961 ജൂലൈ 18 - ന് പരിശുദ്ധ അമ്മ വഴി ദൃശ്യമായി തരുമെന്ന് മലാഖ അവരെ അറിയിച്ചു. ഈ കാര്യം കൊഞ്ചിത്ത നേരെത്തെ പ്രചരിപ്പിച്ചിരുന്നതിനാൽ ഈ സ്വർഗ്ഗീയ അടയാളം കാണുവാൻ അനേകം വിശ്വാസികൾ എത്തി ചേർന്നിരുന്നു. പ്രകാശ പൂരിതമായ ദിവ്യകാരുണ്യം കൊഞ്ചി ത്തായുടെ നാവിൽ പ്രത്യക്ഷപ്പെടുന്നത് കണ്ട് അനേകർ
അത്ഭുതപെടുകയും നിരവധി പേർ ക്യാമറയിൽ പകർത്തുകയും ചെയ്തു. 1962 ജൂണിലെ ദിവ്യകാരുണ്യത്തിരുന്നാളിന്റെ ഒരുക്കമായുള്ള നൊവേന ദിനങ്ങൾക്കിടയിലുള്ള രണ്ട് രാത്രികളിൽ കുട്ടികൾക്ക് വരാനിരിക്കുന്ന ശിക്ഷാ നടപടികളെക്കുറിച്ചും അവസാനനാളുകളിലെ ഭീകരാവസ്ഥകളെക്കുറിച്ചുമുള്ള ദർശനങ്ങൾ ലഭിച്ചു. ശിക്ഷയുടെ അതി ഭീകര ദൃശ്യങ്ങൾ കണ്ട് കുട്ടികൾ നിലവിളിച്ചു കരഞ്ഞു. അന്നേ ദിനത്തിൽ പ്രദേശവാസികൾ കുമ്പസാരിച്ച് ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിച്ചു. ഗരബന്ദാളിലെ ദർശനങ്ങളെത്തുടർന്ന് രോഗ സൗഖ്യം, മാനസാന്തരം, മന: പരിവർത്തനം, പശ്ചാത്തപം, സർവ്വ ശക്തനോടും , ദിവ്യകാരുണ്യത്തോടും മറിയത്തോടുമുള്ള ആഴമായ ഭക്തി, സഹോദരങ്ങളോടുള്ള സ്നേഹവും സേവനവും - തുടങ്ങിയ പുണ്യങ്ങൾ വർദ്ധിച്ചു വന്നു.
ഗരബന്ദാളിലെ പ്രഥമ സന്ദേശത്തിന് ഫലവത്തായ പ്രതികരണം ലഭിക്കാത്തതിനാൽ താൻ ഏറെ ദുഃഖിതയും അസന്തുഷ്ടയുമാണെന്ന് പരിശുദ്ധ അമ്മ കുട്ടികളെ അറിയിച്ചു. വി. മിഖായേലിന്റെ മധ്യസ്ഥം വഴി താൻ ഗരബന്ദാളിലെ രണ്ടാമത്തേതും അവസാനത്തേതുമായ സന്ദേശം 1965 ജൂൺ 18-ന് നൽകുമെന്ന് മാതാവ് കുട്ടികളെ അറിയിച്ചു. ആ ദർശന ദിവസം പരിശുദ്ധ അമ്മ നൽകുന്ന സ്വർഗ്ഗീയ സന്ദേശത്തെക്കുറിച്ച് അറിയുവാനായി സ്പെയിനിന്റെയും മറ്റ് പല രാഷ്ട്രങ്ങളുടെയും പല ഭാഗങ്ങളിലും നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഗരബന്ദാളിൽ എത്തിയിരുന്നു. ജൂൺ 18 - ന് രാത്രി 11.30-നാണ് കൊഞ്ചി ത്തായ്ക്ക് മരിയ ദർശനവും സന്ദേശവും ലഭിച്ചത്. ഈ സംഭവ വികാസങ്ങൾ ഇറ്റലിയിലെ ടെലിവിഷനും മറ്റും പകർത്തിയിരുന്നു. അടുത്തദിവസം രണ്ടാമത്തെ മരിയൻ സന്ദേശം കൊഞ്ചിത്ത എഴുതി നൽകിയിരുന്നു. പരിശുദ്ധ അമ്മയുടെ നാമത്തിൽ വി. മിഖായേൽ മാലാഖ നൽകിയ സന്ദേശം ഇപ്രകാരമായിരുന്നു :" ഞാൻ ആദ്യം നൽകിയ സന്ദേശം ജനങ്ങൾ അനുസരിക്കാത്തതു കൊണ്ടും ലോകമെങ്ങും പ്രചരിപ്പിച്ചിട്ടില്ലാത്തതു കൊണ്ടും ഈ അവസാന സന്ദേശം ഞാൻ നിങ്ങൾക്ക് തരുകയാണ്. അന്ന് ആ പാനപാത്രം നിറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഇന്നാകട്ടെ അത് കവിഞ്ഞൊഴുകുന്നു. അനകം കർദ്ദിനാൾമാരും മെത്രാന്മാരും വൈദീകരും നാശത്തിലേക്കുള്ള പാതയിലൂടെ മുന്നോട്ട് നീങ്ങുന്നു. നിരവധി ആത്മാക്കളേയും അവർ അതിലൂടെ നയിച്ചു കൊണ്ടിരിക്കുകയാണ്. ദിവ്യകാരുണ്യ ഭക്തി കുറഞ്ഞുവരുന്നു. ദൈവകോപം നിങ്ങളിൽ നിന്നു നീങ്ങിപ്പോകുവാൻ നിങ്ങൾ പരിശ്രമിക്കണം. ആത്മാർത്ഥതയുള്ള ഹൃദയത്തോടെ നിങ്ങൾ പ്രാർത്ഥിച്ചാൽ അവിടുന്ന് മാപ്പ് നൽകും. മുഖ്യ ദുതനായ വി. മിഖായേലിന്റെ മാധ്യസ്ഥം വഴി നിങ്ങളുടെ അമ്മയായ ഞാൻ നിങ്ങളോടപേക്ഷിക്കുകയാണ് നിങ്ങളുടെ ജീവിത പരിവർത്തനം സാധിക്കണമെന്ന് . ഇപ്പോൾ അവസാനമുന്നറിയിപ്പാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഞാൻ നിങ്ങളെ അത്യധികം സ്നേഹിക്കുന്നു. നിങ്ങൾക്ക് ശിക്ഷാവിധി വരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല നിങ്ങൾ ആത്മാർത്ഥതയോടെ ഞങ്ങളോടു പ്രാർത്ഥിക്കുക, നിങ്ങളുടെ യാചനകൾ ഞങ്ങൾ കൈകൊള്ളും. നിങ്ങൾ കൂടുതൽ ത്യാഗം ചെയ്യണം. ഈശോയുടെ പീഢാനുഭവങ്ങളെപ്പറ്റി ഓർമ്മിക്കണം". ആഴമായ വിശ്വാസത്തൊടും ആത്മാർത്ഥതയോടും തീക്ഷണതയോടും കൂടി പ്രാതർത്ഥിക്കുക വലിയ പരിത്യാഗങ്ങൾ അനുഷ്ഠിക്കുക ഈശോയുടെ പീഢാസഹനങ്ങളെ കുറിച്ച് ധാനിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് പരിശുദ്ധ അമ്മ അവസാന സന്ദേശത്തിലൂടെ പ്രധാനമായും നൽകിയത്. 1965 നവംബർ 13-നായിരുന്നു പരിശുദ്ധ അമ്മ ഗരബന്ദാളിൽ അവസാന ദർശനം നൽകിയത്. അന്നേ ദിവസം പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച് കുട്ടികൾ കൊണ്ട് വന്ന ജപമാല, കാശു രൂപം തുടങ്ങിയ ഭക്ത വസ്തുക്കൾ ചുംബിച്ചിട്ട് മാതാവ് ഇപ്രകാരം പറഞ്ഞു: ഞാനീ ഭക്ത വസ്തുക്കളിലർപ്പിച്ച ചുംബനത്തിലൂടെ എന്റെ പുത്രൻ ഇവയിൽ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കും. ഈ ഭക്ത വസ്തുക്കൾ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും മാനസാന്തരങ്ങളും നടന്നതായുള്ള സാക്ഷ്യങ്ങളുണ്ട്. മരിയ ദർശനത്തിനുള്ള അനുഗ്രഹം ലഭിച്ച നാല് പെൺകുട്ടികളും പിൽക്കാലത്ത് വിവാഹിതരായി ആഴമായ വിശ്വാസത്തോടെയുള്ള മാതൃകാ ക്രൈസ്തവ ജീവിതം നയിച്ചു വന്നു.
ആഗോള തിരുസഭയിലെ പ്രധാന മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഒന്നാണ് ഗരബന്ദാളിലെ പെൺകുട്ടികൾക്ക് ലഭിച്ച മരിയ ദർശനവും സന്ദേശങ്ങളും . പരിശുദ്ധ കന്യാമറിയം ഗരബന്ദാളിൽ നൽകിയ സ്വർഗ്ഗീയ സന്ദേശങ്ങളെക്കുറിച്ച് ആഴമായി ധ്യാനിച്ചു കൊണ്ട് സത്യ സഭാ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുവാൻ പരിശ്രമിക്കാം.
റഫറൻസ്
രതീഷ് ഭജനമഠം, ആലപ്പുഴ
ജീവിതത്തിനു കൊടുക്കേണ്ട പ്രാധാന്യം
ഉയിർപ്പ് അഞ്ചാം ഞായർ
പ്രഭാത പ്രാർത്ഥന...
നിലവിളി |
മറിയത്തിന്റെ പേര്
പ്രഭാത പ്രാർത്ഥന ; 13-10 -202