ദൈവത്തെ കണ്ടെത്താൻ
ജീവിക്കുന്ന ദൈവവുമായി നാം ഒരു ബന്ധം പുലർത്തിക്കൊണ്ടിരിക്കണം.
ദൈവത്തിന്റെ മുമ്പിൽ നിൽക്കാൻ
ജോയേൽ പ്രവാചകന്റെ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ""അവർക്കു മുമ്പിൽ ദേശം ഏദൻ തോട്ടം പോലെ പിന്നിൽ മരുഭൂമിപോലെയും'' (2:3). മനുഷ്യമനസ്സിനെ ഇൗ വചനഭാഗവുമായി ഉപമിക്കാം. പശ്ചാത്താപ വിവശമായ മനുഷ്യന്റെ മനസ്സ് ഒരു മൺക്കട്ടപോലെയാണ്. മൺക്കട്ട പൊടിഞ്ഞ് പൊടിയാകുന്നതുപോലെ പശ്ചാത്താപത്താൽ നിറയുന്നവന്റെ മനസ്സ് അനുതാപത്താൽ പൊടിയുന്നു. ഇളകിയ മണ്ണിൽ (പൊടിയിൽ) സസ്യങ്ങൾ തഴച്ചുവളരുന്നതുപോലെ പശ്ചാത്താപത്താൽ (പൊടിയിൽ) പൊടിഞ്ഞ മണ്ണിന് സമമായ മനസ്സ് ആനന്ദം നല്കുന്ന ദൈവകൃപയുടെ ഒരു പൂന്തോട്ടമായി മാറുന്നു. വാസ്തവത്തിൽ ഇൗ അനുതാപ ഹൃദയമല്ലാതെ മറ്റെന്താണ് ദൈവത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മനുഷ്യന് ആനന്ദിക്കുവാൻ അവസരം നൽകുന്നത്.
നേടിയതെല്ലാം ദൈവത്തിൽ നിന്നാണെന്നും എല്ലാറ്റിലും ഉപരിനന്മയായ അവനിൽ നിന്നാണ് എല്ലാം നൽകപ്പെട്ടത് എന്നുമുള്ള ബോധ്യം ദൈവത്തിന്റെ മുമ്പിൽ വിനയത്തോടെ നിൽക്കുവാൻ നമുക്ക് പ്രചോദനം നൽകും. ഒരു ബിന്ദുവിൽ നിന്നും രേഖകൾ നാല് ഭാഗത്തേക്കും നീങ്ങുന്നതുപോലെ ക്രിസ്തുവാകുന്ന കേന്ദ്രത്തിൽ നിന്നാണ് എല്ലാ നന്മകളും മനുഷ്യന് ലഭിക്കുന്നത്. മനുഷ്യ മനസ്സ് ദൈവത്തിലേക്ക് തിരിയുമ്പോൾ അത് ഫലഭൂയിഷ്ഠമായ ഒരു ഉദ്യാനം പോലെയാണ്. അവിടെ പരോപകാരത്തിന്റെ റോസാപുഷ്പങ്ങളും, എളിമയുടെ വയലറ്റ് പുഷ്പങ്ങളും, വിശുദ്ധിയുടെ ലില്ലി പൂഷ്പങ്ങളും വിരിയുന്നു. ഇങ്ങനെയുള്ള തോട്ടത്തെക്കുറിച്ച് ഉത്തമഗീതം പറയുന്നു; ""എന്റെ പ്രാണപ്രിയൻ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി'' (6:2). ഇവിടെ പ്രാണപ്രിയന്റെ ഉദ്യാനം പശ്ചാത്തപിക്കുന്ന പാപിയുടെ മനസ്സിനെയും, സുഗന്ധദ്രവ്യങ്ങൾ പുണ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ദൈവം ഏശയ്യാ പ്രവചനത്തിൽ അരുളിച്ചെയ്യുന്നതുപോലെ പശ്ചാത്താപത്തിന്റെ ഉദ്യാനത്തിലേക്ക് വളരുന്നവനെ അവിടുന്ന് കടാക്ഷിക്കുന്നു. ""കർത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം കേൾക്കുമ്പോൾ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടാക്ഷിക്കുക'' (66:2).
അവന്റെ സാന്നിദ്ധ്യം
ദൈവതിരുമുമ്പിൽ പശ്ചാത്തപിച്ച് അവന്റെ വിശുദ്ധിയേയും സ്നേഹത്തേയും കുറിച്ച് ബോധ്യവാനാകുമ്പോൾ മനുഷ്യമനസ്സ് ക്രിയാത്മകവും ഉന്നതവുമായ ചിന്തകളുടെ ഒരു ഉദ്യാനമായി മാറുന്നു. എന്നാൽ ദൈവത്തിനെതിരെ മുഖം തിരിക്കുകയും അവന്റെ മഹത്വത്തെ ഒാർമ്മിക്കാതിരിക്കുകയും ചെയ്യുന്നവൻ മരുഭൂമിക്ക് സമമാണ്. ദൈവതിരുമുമ്പിൽ ലൗകിക വസ്തുക്കൾക്കോ, സുഖങ്ങൾക്കോ അർത്ഥമില്ലെന്ന് മനുഷ്യൻ മനസ്സിലാക്കുന്നു. ദൈവസ്നേഹം അനുഭവിക്കുന്നവർക്ക് ലൗകികതയെ ഉപേക്ഷിക്കുവാൻ സാധിക്കും. അത് ഉപേക്ഷിക്കാതെ എപ്പോഴും താൻ അനുഭവിച്ച ലൗകികതയെ മുറുകെ പുണരുന്നവന് തന്റെ മുമ്പിലുള്ള ദൈവത്തെ കാണാൻ സാധിക്കുകയില്ല. അത് അവനെ ദൈവത്തിൽ നിന്ന് അകറ്റുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ച് വിശുദ്ധ ഗ്രിഗറി എഴുതുന്നു, ""പാപത്തിൽ ജീവിക്കുന്നവരുടെ മനസ്സ് എപ്പോഴും ശാരീരികസുഖം നൽകുന്ന വസ്തുക്കളെ തേടിക്കൊണ്ടിരിക്കും.''
മരുഭൂമി ഒന്നും വളരാത്ത തരിശുഭൂമിയാണല്ലോ. ഇവിടെ ""പാപത്തിൽ ജീവിക്കുന്നവരുടെ മനസ്സ് മരുഭൂമിക്ക് തുല്യമാണ്'' എന്നു പറയുമ്പോൾ പാപിയുടെ മനസ്സ് നന്മകൾ വളരാത്ത സ്ഥലമാണ് എന്നാണ് അർത്ഥമാക്കുന്നത്. അവിടെ സാത്താൻ ആധിപത്യം സ്ഥാപിക്കുന്നു. സാത്താൻ മനുഷ്യമനസ്സിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോൾ മനുഷ്യന്റെ എല്ലാ നന്മകളും നന്മകൾ ചെയ്യാനുള്ള മനസ്സ് പോലും മനുഷ്യനു കൈമോശം വരുന്നു. ജോയേൽ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നു; ""അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ വരണ്ട സ്ഥലത്തിലൂടെ ആശ്വാസം തേടി അലഞ്ഞു നടക്കും. കണ്ടെത്താതെ വരുമ്പോൾ അവൻ പറയുന്നു. ഇറങ്ങിപോന്ന ഭവനത്തിലേക്ക് തന്നെ ഞാൻ തിരിച്ചു ചെല്ലും. തിരിച്ചു ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നേക്കാൾ ദുഷ്ടരായ മറ്റ് ഏഴ് അശുദ്ധാത്മാക്കളെ കൂട്ടിക്കൊണ്ട് വന്ന് അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുന്നു.''
നിന്റെ മനം ദൈവത്തിൽ ഉറപ്പിക്കുക
""രണ്ട് യജമാനന്മാരെ സേവിക്കുവാൻ ആർക്കും സാധിക്കുകയില്ല. ഒന്നുകിൽ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും'' (മത്താ. 6:24).
ഇവിടെ നാല് വാക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. സേവിക്കുക, സ്നേഹിക്കുക, ദ്വേഷിക്കുക, നിന്ദിക്കുക. സ്നേഹിക്കുന്ന വ്യക്തിയെ നാം കൂടുതൽ ഇഷ്ടപ്പെടും. വെറുക്കുകയെന്നാൽ നിങ്ങൾ ഒരാളെ ഒഴിവാക്കുന്നു എന്നർത്ഥം. നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവായ ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും വേണം. നിങ്ങളെ പാപത്തിലേക്ക് നയിക്കുന്ന ചിന്തകളേയും, മറ്റ് സാഹചര്യങ്ങളേയും വെറുക്കുവാൻ നിങ്ങൾ കടപ്പെട്ടവരാണ്. ദൈവം നിന്നെ സ്നേഹിക്കുന്നതുപോലെ നീ നിന്നെത്തന്നെ സ്നേഹിക്കണം. ദൈവം നിന്നിൽ പ്രതീക്ഷിക്കാത്തത് അഥവാ ഇഷ്ടപ്പെടാത്തത് എന്താണോ അതിനെ നീയും വെറുക്കുകയും ഒഴിവാക്കുകയും വേണം.
മരണമുഖത്ത് എത്തിയപ്പോൾ തോബിത് മകനോടു പറഞ്ഞു, ""മകനേ ജീവിതകാലം മുഴുവൻ നമ്മുടെ ദൈവമായ കർത്താവിനെ ഒാർക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കൽപനകൾ ലംഘിക്കുകയോ അരുത്. ജീവിതകാലം മുഴുവൻ നിന്റെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കട്ടെ'' (4:5).
എല്ലാ ദിവസവും ദൈവത്തെ ഒാർക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്യുന്നതിനേക്കാൾ മേന്മയേറിയ മറ്റൊരു പ്രവൃത്തിയും ഇല്ല. ദൈവസന്നിധിയിൽ അഭയം കണ്ടെത്തുന്നവനേക്കാൾ സന്തോഷവാനായി ആരാണ് ഉള്ളത്? അതല്ലേ ജീവിതത്തിലെ യഥാർത്ഥ സമ്പത്ത്. ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നിനക്ക് എല്ലാ സന്തോഷവും ലഭിക്കുന്നു.
തോബിത്തിന്റെ വാക്കുകളിൽനിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് തോബിത് തന്റെ ജീവിതത്തിൽ നേടിയ സമ്പത്തെല്ലാം തന്റെ മകന് കൈമാറുന്നതാണ്. ""മകനേ, ജീവിതകാലം മുഴുവൻ നമ്മുടെ ദൈവമായ കർത്താവിനെ ഒാർക്കുക'' എന്ന വാക്ക് അവനെ നിത്യസന്തോഷത്തിലേക്ക് നയിക്കുന്ന വചനങ്ങളാണ്.
നിന്നെ സ്വന്തമാക്കുന്നവൻ എല്ലാ സന്തോഷങ്ങളും സ്വന്തമാക്കുന്നവനാണ്. നീ മാത്രമാണ് മനുഷ്യനെ സന്തോഷഭരിതനാക്കുന്നത്. എന്നാൽ ദൈവമേ, നിനക്ക് പകരം വയ്ക്കുവാൻ എന്തുണ്ട്? നിന്നെ നേടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ എല്ലാം ഉപേക്ഷിച്ചാലും അത് അങ്ങേയ്ക്ക് പകരമാകുമോ? ആത്മസന്തോഷത്തിന് നിദാനമായ നീ സ്വർഗ്ഗത്തേക്കാൾ ഉയരമുള്ളവനും ഏതൊരു ആഴിയേക്കാൾ ആഴമുള്ളവനും ഏതൊരു സമുദ്രത്തെക്കാൾ വിശാലനുമാണ്. വെറുമൊരു കീടം മാത്രമായ മനുഷ്യന് എങ്ങനെയാണ് ഇത്ര അനന്തനന്മയായ നിന്നെ സ്വന്തമാക്കുവാൻ സാധിക്കുക. ജോബ് പറയുന്നതുപോലെയാണത്. ""സ്വർണ്ണം കൊടുത്താൽ അത് കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല. ഒാഫീർപ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല. സ്വർണ്ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങൾക്കുവേണ്ടിയും അതു കൈമാറാൻ പറ്റുകയില്ല. പവിഴത്തിന്റെയോ പളുങ്കിന്റേയോ പേരു പറയുകപോലും വേണ്ടാ'' ( 28:15-18).
എന്നാൽ ദൈവമേ, എനിക്കറിയാം. "നീ നിന്നെത്തന്നെ എനിക്ക് തരിക, ഞാൻ എന്നെ നിനക്ക് തരാം' എന്നതാണല്ലോ നിന്റെ ഉത്തരം. നിനക്കുള്ളതെല്ലാം നീ കൈവിടണമെന്നില്ല മറിച്ച്, നിന്റെ ആത്മാവിനെ എനിക്ക് തരിക എന്ന നിന്റെ വാക്കുകൾ ഞാൻ കേൾക്കുന്നു. ദൈവമേ നിന്റെ സൃഷ്ടികളെ അല്ല ഞാൻ നേടേണ്ടത്, നിന്നെത്തന്നെയാണ്.
നിനക്ക് എപ്പോഴും ദൈവസാന്നിദ്ധ്യം നിന്റെ മനസ്സിൽ വേണമെന്നുണ്ടോ? എങ്കിൽ നീ നിന്നിൽ തന്നെ ശ്രദ്ധ പതിപ്പിക്കുക. നിന്റെ കണ്ണുകളിൽ ദുരാശ നിറയുമ്പോൾ അതിനെ നിയന്ത്രിക്കുക. മൂന്നു കാര്യങ്ങൾ നീ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്: മനസ്സ്, കണ്ണ്, സത്ത. ദൈവം നിന്റെ മനസ്സിൽ നിറയണം. ആ നിറവ് കണ്ണുകളിലേക്ക് പകരണം. ആ കണ്ണുകൾ നിന്നെ അതായത് നിന്റെ "സത്ത'യെ രൂപപ്പെടുത്തണം. അങ്ങനെ നീ നിന്നെത്തന്നെ ശ്രദ്ധിച്ചാൽ നിനക്ക് ദൈവികത നിറഞ്ഞ വ്യക്തിയായി മാറാം. നിനക്ക് ദൈവത്തെ എപ്പോഴും ഒാർക്കണമെങ്കിൽ സൃഷ്ടികളിലേക്കല്ല മറിച്ച്, നിന്നിലേക്ക് തന്നെയാണ് തിരിയേണ്ടത്.
ദൈവത്തെ സ്നേഹിക്കുക
""നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം'' (ലൂക്കാ. 10:27). ഇവിടെ "നിന്റെ' എന്ന് ഉൗന്നിപ്പറയുമ്പോൾ നിന്റെ സ്നേഹത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്. നാം നമ്മുടെ സ്വന്തമായതിനെ മറ്റുള്ളവരുടെ സ്വന്തമായതിനേക്കാൾ കൂടുതൽ സ്നേഹിക്കുക സ്വാഭാവികമാണ്. അതിനാൽ നാം നമ്മുടെ സ്വന്തമായ ദൈവത്തെ മറ്റെന്തിനേക്കാൾ അധികമായി സ്നേഹിക്കണം?
നിന്നാൽ സ്നേഹിക്കപ്പെടുവാൻ ദൈവത്തിന് അവകാശമുണ്ട്. എന്തെന്നാൽ അവൻ ദൈവമായിരുന്നിട്ടും നിന്നെ ഒരു അടിമയായിട്ടല്ല സൃഷ്ടിച്ചത് എന്നുള്ളതുകൊണ്ടുതന്നെ. അതിനാൽ അവനെ സേവിക്കുവാൻ മടിക്കുന്നതിനെയല്ല നാം സേവിക്കേണ്ടത് മറിച്ച്, അവനെ തന്നെയാണ്. ഏശയ്യാ പ്രവചനങ്ങളിൽ നാം കാണുന്നു; ""പാപങ്ങളാൽ നിങ്ങൾ എന്നെ ഭാരപ്പെടുത്തുകയും അകൃത്യങ്ങളാൽ എന്നെ മടുപ്പിക്കുകയും ചെയ്തു'' (43:24). മുപ്പത്തിമൂന്നു വർഷക്കാലം അവൻ ദാസനായി ജീവിച്ചത് നിന്റെ പാപങ്ങൾക്ക് പരിഹാരമായി അച്ചാരം നൽകി നിന്നെ വീണ്ടെടുക്കാനാണ്.
അതിനാൽ നിനക്കുവേണ്ടി ദാസനായി പിറന്നവനെ സ്നേഹിക്കുക. അവൻ തന്നെത്തന്നെ നിനക്കുവേണ്ടി നൽകിയത് നീ നിന്നെത്തന്നെ അവനുവേണ്ടി സമർപ്പിക്കുവാനാണ്. അവൻ ആദ്യമായി ഒന്നുമില്ലായ്മയിൽ നിന്നും നിന്നെ സൃഷ്ടിച്ച് അവന്റെ "ലദൃശ്യം' നൽകി. പിന്നീട് തന്നെത്തന്നെ അതായത് തന്റെ രക്തവും ജീവനും നൽകി നിന്നെ വീണ്ടെടുത്തു. അതിനാൽ നീ തീർച്ചയായും അവന് കടപ്പെട്ടിരിക്കുന്നു.
നീ ദൈവത്തെ പൂർണ്ണമായും സ്നേഹിക്കണം. അത് അനനിയാസ്, സഫീറ ദമ്പതികളെപ്പോലെ ആകരുത് (അപ്പ. 5:1-10). അവർ ഒരു ഭാഗം തങ്ങൾക്കായി തന്നെ മാറ്റിവച്ചു. അത് അവരുടെ നാശത്തിനിടയാക്കി. നീ ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ പൂർണ്ണമായി സ്നേഹിക്കണം. അല്ലാതെ അവിടുത്തോടുള്ള സ്നേഹം ഫലദായകമാവുകയില്ല. നിന്നെ പകുതിയായിട്ടല്ല അവിടുന്ന് ആവശ്യപ്പെടുന്നത് പൂർണ്ണമായിട്ടാണ്. ഒരു ഭാഗം നീ മാറ്റിവയ്ക്കുകയാണെങ്കിൽ നീ അവന്റേതായി മാറുകയില്ല.
നിനക്ക് എല്ലാം നേടണമെന്നുണ്ടോ എങ്കിൽ നീ അവന് എല്ലാം നൽകുക. എല്ലാം നീ അവനായി നൽകുമ്പോൾ നിനക്ക് അവനെ സ്വന്തമാക്കാം. അപ്പോൾ ദൈവികമായതെല്ലാം നിന്റെ സ്വന്തമായിരിക്കും.
നായയും എല്ലിൻ കഷ്ണവും
വിശുദ്ധ:കുരിശിന്റെ പ്രാർത്ഥന.
പ്രഭാത പ്രാർഥന | 29 – 11 – 2020 |