അപ്പസ്തോലനായ ഫീലിപ്പോസിനെ കുറിച്ച് വളരെ കുറച്ച് മാത്രമാണ് വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. അതിൽ നിന്നും ഫിലിപ്പോസ് എന്ന ഏറെ സവിശേഷമായ വ്യക്തിത്വമുള്ള ആളാണ് എന്ന് മനസ്സിലാക്കാം. ഈശോയും ശിഷ്യൻമാരും അടങ്ങുന്ന ശിഷ്യ സമൂഹത്തിന്റെ മാനേജർ [കാര്യ നടത്തിപ്പുകാരൻ ] ഫീലിപ്പോസാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പേരും ജീവിത ചരിത്രവും
ഫിലിപ്പോസ് എന്ന നാമം ഗ്രീക്ക് നാമമാണ്. ഈ ഗ്രീക്ക് വാക്കിന് കുതിരകളുടെ സ്നേഹിതൻ എന്നാണ് അർത്ഥം. അദ്ദേഹം യഹൂദനായിരുന്നു. എന്നതിന് തർക്കമില്ല. പക്ഷേ അയാൾ ഏത് ഗോത്രക്കാരനായിരുന്നു എന്നതിന് തർക്കങ്ങൾ ഉണ്ട്. സെബലൂൺ ഗോത്രജനെന്നും അതല്ല ആശേർ ഗോത്രക്കാരനാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. യഹൂദനായ ഈ വ്യകതിക്ക് അങ്ങനെയായിരിക്കാം ഒരു ഗ്രീക്ക് പേരു ലഭിച്ചത് എന്നത് ചിന്ത നീയമായ ചോദ്യമാണ്. യേശുവിന്റെ ആ കാലഘട്ടത്തിൽ യഹൂദർക്കിടയിൽ യഹൂദ പേരുകൾക്കൊപ്പം ഹെബ്രായ നാമവും സ്വീകരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. കാരണം ക്രിസതുവിന് മുൻപ് നാലാം നൂറ്റാണ്ടു മുതൽ കൃത്യമായി പറഞ്ഞാൽ അലക്സാണ്ടർ ചക്രവർത്തിയുടെ കാലം മുതൽ പൂർവ്വ മദ്ധ്യ ഏഷ്യ പ്രദേശങ്ങളിൽ യവന സംസ്കാരവും , ആചാരവും വ്യാപകമായിരുന്നു. അതിനാൽത്തന്നെ തങ്ങളുടെ പേരുകൾക്കൊപ്പം മറ്റൊരു പേര് അതായത് ഗ്രീക്ക് പേര് സ്വീകരിക്കുന്നത് സാധാരണമായി തീർന്നു. യവന സംസ്കാരത്തെ വളരെയേറെ വിലമതിച്ചിരുന്ന അവർക്ക് അതൊരു അഭിമാനം കൂടിയായിരിക്കാം. ഫിലിപ്പ് എന്ന പേർ അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവിന്റെ പേരായിരുന്നു. മാസിഡോണിയ ഭരിച്ചിരുന്ന ഫിലിപ്പിനോടുള്ള ബഹു മാനാർത്ഥം ആയിരിക്കാം ഫീലിപ്പോസ് എന്ന നാമം ചേർക്കപ്പെട്ടത്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ഫിലിപ്പ് എന്ന പേരിൽ ഗുതുര്യ പ്രവശ്യ ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹമാണ് ബേൽ സെയിദ എന്ന പട്ടണത്തെ ആ പ്രവിശ്യയുടെ തലസ്ഥാനമാക്കിയത് അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് ഈ പേര് സ്വീകരിച്ചത്. എന്തായാലും ഗ്രീക്ക് നാമത്തോടൊപ്പം ഒരു യഹൂദ നാമം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. എന്നാൽ ഇന്ന് നമുക്ക് ഫിലിപ്പോസ് എന്ന ഗ്രീക്ക് നാമം മാത്രമാണ് ലഭ്യമായിരിക്കുന്നത്.
ഫീലിപ്പോസിന്റെ ജൻമ ദേശം ബേദ്സയിദ ആയിരുന്നു. സെബദി പുത്രൻമാരായ യാക്കോബും യോഹന്നാനും ബേദ് സെയിദക്കാരായ പത്രോസും അന്ത്രയോസുമൊക്കെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ബേദ് സയീദ ഒരു മത്സ്യബന്ധന കേന്ദ്രമായതിനാൽ ഫിലിപ്പോസും മുക്കുവനായിരുന്നു. ഫീലിപ്പോസിനെ കുറിച്ച് ആഴമായ ഒരു ചിന്തകളിലേക്ക് കടക്കുന്നതിന് മുമ്പ് വിശ്വാസികളെ അലട്ടുന്ന ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സുവിശേഷത്തിൽ കാണുന്ന അപ്പസ്തോലൻ ഫിലിപ്പോസും അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അദ്ധ്യായത്തിൽ ൽ സഭയുടെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുള്ള സുവിശേഷകനായ ഫീലിപ്പോസും ഒരാൾ തന്നെയാണോ എന്നതാണ് പ്രശ്നം. രണ്ടും ഒരാൾ തന്നെയെന്ന് പറയുന്ന ചുരുക്കം ചില പിതാക്കൻമാരും ചരിത്രകാരൻമാരും ഉണ്ട് . കോപ്റ്റിക് , അർമേനിയൻ സഭകളുടെ കലണ്ടറിൽ ഫീലിപ്പോസിന്റെ തീരുനാൾ എന്നതിന് പകരം അപ്പസ്തോലനും ഡീക്കനുമായ ഫീലിപ്പോസ് എന്നാണ് എഴുതിയിരിക്കുന്നത്. ഫിലിപ്പോസിന്റെ പ്രവർത്തികൾ എന്ന അപ്രമാണിക ചരിത്രകാരനായ യുസേബിയൂസും ഈ ചിന്താഗതിക്കാരനാണ്. യാസേബിയൂസ് എഴുതുന്നു പൗലോസ് കേസറിയായിൽ താമസിച്ചത് (അപ്പ.22:8) അപ്പസ്തോലനായ ഫീലിപ്പോസിന്റെ ഭവനത്തിലാണ്.
എന്നാൽ ഭൂരിഭാഗം ചരിത്രകാരൻമാരും ചിന്തകരും പിതാക്കൻമാരും മുകളിൽ പറഞ്ഞ ആശയത്തെ അംഗീകരിക്കുന്നില്ല. രണ്ടും രണ്ടു പേരാണ് എന്നാണ് ഇവർ സമർത്ഥിക്കുന്നത്. സ്തേഫാനോസ് രക്ത സാക്ഷിയായതിനെ തുടർന്ന് ജറുസലേം സഭയ്ക്ക് കഠിനമായ പീഡനം ഏൽക്കേണ്ടി വന്നു. അപ്പസ്തോലൻ മാർ ഒഴികെ എല്ലാവരും യഹൂദ , ശമര്യ ദേശങ്ങളിലേക്ക് ചിതറി പോയി ( അപ്പ.8:1) തുടർന്ന് നാം വായിക്കുന്നു. ചിതറിക്കപ്പെട്ടവർ വചനം പ്രസംഗിച്ച് കൊണ്ട് ചുറ്റിസഞ്ചരിച്ചു. ഫിലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽ ചെന്ന് അവിടെയുള്ളവരോട് കിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. (അപ്പ : 8:5)
ഇതിൽ ആദ്യം പറഞ്ഞ ചിതറിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അപ്പസ്തോലൻമാർ ഇല്ല. അതിനാൽ തന്നെ സമരിയായിലെ ഫിലിപ്പോസ് അപ്പസ്തോലനായ ഫിലിപ്പോസ് അല്ല എന്നതാണ് നിഗമനം .മാത്രമല്ല അപ്പസ്തോല പ്രവർത്തനം അദ്ധ്യായം 8 ൽ നാം ഇപ്രകാരം കാണുന്നു ജെറുസലേമിലുള്ള അപ്പസ്തോലൻമാർ സമരിയാക്കാർ ദൈവ വചനം സ്വീകരിച്ചു എന്ന് മനസ്സിലാക്കി പത്രോസിനേയും യോഹന്നാനേയും അവരുടെ അടുത്തേ ക്കയച്ചു. അവർ ചെന്ന് സമരിയാക്കാർ പരിശുദ്ധാത്മാവിനാൽ നിറയുന്നതിന് വേണ്ടി പ്രാർത്ഥിച്ചു. (14, 15) അപ്പസ്തോലൻമാർ അവർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. (17) അപസ്തോലനായ ഫീലിപ്പോസാണ് സമരിയായിൽ വചനം പ്രഘോഷിച്ചതെങ്കിൽ ക്രിസ്തുവിലേക്ക് കടന്നുവന്നവർക്ക് വരദാനങ്ങൾ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ അപ്പസ്തോലൻമാർ ജറുസലേമിൽ നിന്നു വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതിനാൽ സുവിശേഷങ്ങളിൽ കാണുന്ന ഫീലിപ്പോസും അപ്പസ്തോലപ്രവർത്തനങ്ങളിൽ കാണുന്ന ഫീലിപ്പോസും രണ്ടും രണ്ടാണ്.
യേശുവിന്റെ വിളി
ഫീലിപ്പോസ് സെബദി പുത്രൻമാരുടേയും പൗലോസിന്റേയും അന്ത്രയോസിന്റേയും സേനഹീതനായിരുന്നു എന്ന് നാം പറഞ്ഞ് കഴിഞ്ഞു . ഇവർ യൂദായായിൽ സ്നാപകയോഹന്നാന്റെ പ്രഭാഷണം. കേൾക്കാൻ പോയ കൂട്ടത്തിൽ ഫീലിപ്പോസും ഉണ്ടായിരുന്നു. അതിൽ അന്ത്രയോസ് സ്നാപക യോഹന്നാനെ അനുധാപനം ചെയ്തതായി യോ ഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. പിന്നീട് യേശുവിനെ കാണുന്ന സ്നാപക യോഹന്നാൻ അവനെ സാക്ഷ്യപ്പെടുത്തുകയും അന്ത്രയോസ് യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നു. (യോഹ 1:37) യഥാർത്ഥ വെളിച്ചത്തിലേക്ക് കടന്നു വന്ന അന്ത്രയോസ് സ്വന്ത സഹോദരനും രക്ഷയുടെ സുവിശേഷം കാണിച്ച് കൊടുക്കുന്നു.
അതിന്റെ പിറ്റേ ദിവസം. യേശു ഗലീലിയിലേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ ഫിലിപ്പോസിനെ കണ്ട് മുട്ടി.
യേശു അവനോടു പറഞ്ഞു എന്നെ അനുഗമിക്കുക ( 1:43 )
അനുഗമിക്കാൻ കല്പന കിട്ടിയ ആദ്യ വ്യക്തി ഫിലിപ്പോസാണ്. പത്രോസും അന്ത്രയോസും യേശുവിനെ അന്വേഷിച്ചു കണ്ടെത്തിയങ്കിൽ ഫീലിപ്പോസിനെ യേശു കണ്ടെത്തുന്നു. സുഹൃത്തുക്കൾ െക്കാപ്പം യേശുവിനെ അന്വേഷിച്ച് യൂദായിലേക്ക് . വന്നെങ്കിലും യേശുവിനെ അനുഗമിക്കാനുള്ള ഉൾക്കാഴ്ച്ച പൂർണ്ണമായിയിരുന്നില്ല. അപ്പോഴാണ് യേശു അവനെ കണ്ടെത്തുന്നത്. ഭാഗ്യമായ അനുഭവമാണ്. ദൈവത്തെ നാം ആത്മാർത്ഥമായി അന്വേഷിച്ചാൽ ദൈവം അത് അറിയുന്നു. ദൈവം അവനെ തേടി കണ്ടെത്തുകയും ചെയ്യുന്നു. ചെറുപ്പക്കാർ അന്വേഷിക്കേണ്ടതും, എത്തിച്ചേരേണ്ടതുമായ ....... ഈ ......... ജീവിതത്തിൽ നിന്ന് പഠിക്കേണ്ടതാണ്.
സത്യാന്വേഷിയെ യേശുവിലേക്ക് നയിക്കുന്ന ഫിലിപ്പോസ്
ഫിലിപ്പോസിനെ കുറിച്ച് പറയുന്ന സുവിശേഷം വി. യോഹന്നാന്റെ സുവിശേഷമാണ്. വളരെ കുറച്ചു കാര്യങ്ങളേ ഫിലിപ്പോസിനെക്കുറിച്ച് പറഞ്ഞിട്ടൊള്ളു. ഈ ചെറിയ സംഭവങ്ങൾ വലിയ സത്യങ്ങൾ കണ്ടെത്തുവാനും ഫിലിപ്പോസിന്റെ ആത്മാവിലെ വ്യക്തിത്വം തിരിച്ചറിയുവാനും സഹായിക്കുന്നു.
ഫിലിപ്പോസിനെക്കുറിച്ചുള്ള പ്രഥമ സംഭവം യേശുവിനെ അനുഗമിക്കാനുള്ള വിളി ലഭിച്ചതും, അനുഗമിച്ചതുമാണ് (യോഹ 1 : 43,44) . നാം നേരത്തെ കണ്ടതുപോലെ കൂട്ടുകാർക്കൊപ്പം വചനം കേട്ടെങ്കിലും യേശു വിളിച്ചതിനു ശേഷമാണ് അനുഗമിച്ചത്. വിളി സ്വീകരിച്ചതിനു ശേഷം നല്ലൊരു മിഷണറിയായി ജീവിക്കുന്ന ഫിലിപ്പോസിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. യേശുവിനെ അനുഗമിക്കാൻ തിരുമാനിച്ച ഫിലിപ്പോസ് നഥാനേലിനെ കണ്ട് യേശുവിനെ പരിചയപ്പെടുത്തുന്നു. " മോശയുടെ നിയമത്തിലും പ്രവാചക ഗ്രന്ഥങ്ങളിലും ആരെ പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകൻ, നസ്രത്തിൽ നിന്നുള്ള യേശുവിനെ - ഞങ്ങൾ കണ്ടു" (1 : 43 ).
ക്രിസ്തുവാകുന്ന സത്യം കണ്ടെത്തിയ ഫിലിപ്പോസ് ആദ്യം ചെയ്തത് സുഹൃത്തിനെ ഈ സത്യം അറിയിക്കുകയും കൂട്ടി കൊണ്ട് വരാൻ ശ്രമിക്കുകയുമാണ്. യേശുവിനെ അറിയുന്ന വരുo സ്നേഹിക്കുന്നവരും ചെയ്യേണ്ടത് ഇതാണ്. ശിഷ്യത്വത്തിന്റെ ഉത്തരവാദിത്വമാണത്. എന്നാൽ നഥാനിയേലിന് ഇത് അത്ര സ്വീകാര്യമായിരുന്നില്ല. യേശു ജനിച്ചത് ബത് ലെഹമിലാണെങ്കിലും വളർന്നത് നസ്രത്തിലും . നസ്രത്ത് അപ്രധാനമായ സ്ഥലമാണ്. അതുകൊണ്ടു തന്നെ നസ്രത്തിൽ നിന്നും എന്തെങ്കിലും നന്മ വരുമോ എന്ന ശൈലി അക്കാലത്ത് പ്രചാരത്തിലിരിക്കുന്നതാണ്. ഈ മിഷണറി പ്രവർത്തനത്തിൽ ഫിലിപോസിൽ 2 പ്രത്യേകതകൾ ദർശിക്കാനാകുമെന്ന് പണ്ഡിതനായ വില്യം ബാർക്ലേ ചൂണ്ടികാണിക്കുന്നു.
(1) ഫിലിപ്പോസ് കർത്താവിനെ അറിഞ്ഞ ഉടനെ മിഷണറിയായിത്തീർന്നു. കണ്ടെത്തലും അറിയിക്കലും ഒരുമിച്ച് നടക്കേണ്ട കാര്യങ്ങളാണ്.
(2) ഒരു സന്ദേഹവാഹിയോട് ക്രിസ്തുവിന്റെ സുവിശേഷവുമായി സമീപിക്കുന്ന കാരത്തിൽ ഏറ്റവും നല്ല രീതിയിലാണ് ഫിലിപ്പോസ് സ്വീകരിച്ചത്. അവനുമായി സംവാദമാണ് നടത്തിയതെങ്കിൽ അവനെ നേടാൻ ഒരു പക്ഷേ അവന് ആകുമായിരുന്നില്ല. അറിവു കൊണ്ട് വാദിക്കുക എന്നതിനേക്കാൾ യേശുവിനെ അറിയുന്നതിനുള്ള അവസരം ഒരുക്കുകയാണ് ചെയ്യേണ്ടത്.
പ്രായോഗിക ജ്ഞാനവും വിശ്വാസവും
രണ്ടാമതായി ഫിലിപ്പോസിനെ നാം കണ്ടെത്തുന്നത് യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സംഭവത്തിലാണ്. യേശുവിന്റെ വചനം കേൾക്കുന്നതിനു വേണ്ടി തിബേരിയാസ് കടൽത്തീരത്ത് വലിയ ഒരു ജനത തടിച്ചു കൂടി . അവരെ കണ്ട് യേശു ഫിലിപ്പോസിനോട് ചോദിച്ചു; " ഇവർക്ക് ദക്ഷിക്കുവാൻ നാം എവിടെ നിന്ന് അപ്പം വാങ്ങും". ( യോഹ 6:5) പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ നാം നേരത്തെ കണ്ടതുപോലെ ഫിലിപ്പോസാണ് അപ്പസ്തോല സംഘത്തിന്റെ മാനേജർ.
ഒരു പക്ഷേ ഫിലിപ്പോസ് നല്ല സംഘാടകനും കാര്യനിർവ്വഹണത്തിന് കഴിവുള്ളവനും ആയിരുന്നിരിക്കണം. അവന്റെ കഴിവിനേയും ആത്മാവിലെ ദർശനത്തേയും പരിരക്ഷിക്കുകയാണ് യേശു ഇതിലൂടെ ചെയ്യുന്നത്. കാര്യപ്രാപ്തിയും കാര്യനിർവ്വഹണ പാടവവും ഉള്ള പലർക്കും ദൈവ പ്രവർത്തിയെ കടന്ന് വിശ്വസിക്കാൻ കഴിയാതെ പോകുന്നുണ്ട്. കാര്യങ്ങളുടെ നിജനിസ്ഥിതിയും പ്രായോഗികതയുമായിരിക്കും അവർ മുൻഗണന നല്കുന്ന കാര്യങ്ങൾ . ആ ബോധം അയാൾക്കും കുറവല്ല. ആളുകളെ കണക്കുകൂട്ടി ഇരുന്നൂറ് ദനാറ ക്കുള്ള അപ്പം പോലും അവർക്ക് ഒന്നുമാകുകയില്ല എന്ന് അയാൾ മറുപടി പറയുന്നു. അത് വാസ്തവമാണ്, തികച്ചും യാഥാർത്ഥ്യ ബോധ്യവുമാണ്. എന്നാൽ സർവ്വ ശക്തനായ ദൈവപുത്രനിലുള്ള ആശ്രയത്തിൽ അയാളുടെ പ്രായോഗിക ബുദ്ധി ആധിപത്യം പുലർത്തുന്നു. അയാളുടെ പ്രായോഗിക ജ്ഞാനം ദൈവത്തിന്റെ പ്രവർത്തികൾ കാണാനുള്ള ശേഷി ഇല്ലാതായ എത്രയോ അത്ഭുതങ്ങൾ കണ്ടതാണയാൾ. പലപ്പോഴും നമ്മുടെ ജീവിതത്തിലും ഈ പ്രായോഗിക ജ്ഞാനത്തിനാണ് നാം മുൻതൂക്കം നല്കുന്നത്. ദൈവസന്നിധിയിൽ സാഹചര്യങ്ങൾ പ്രതികൂലമായാലും അസാദ്ധ്യം എന്ന പദത്തിന് സ്ഥാനമില്ല
ഗ്രീക്ക് കാരുടെ താല്പര്യവും ഫിലിപ്പോസിന്റെ പ്രതികരണവും.
ഇനി ഫിലിപ്പോസിനെ കാണുന്നത് യോഹന്നാന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിലാണ്. പെസഹാ തിരുനാളിനോടനുബന്ധിച്ച് ജറുസലെമിൽ വന്ന ഗ്രീക്ക് കാർക്ക് യേശുവിനെ കാണണം. ഈ ആഗ്രഹം അവർ ഫിലിപ്പോസിനോടാണ് പറയുന്നത്. അതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്നാമതായി അയാൾക്ക് ഗ്രീക്ക് നാമമാണ് ഉണ്ടായിരുന്നത്. സ്വാഭാവികമായും തങ്ങളുടെ പേരുകാരനായ ഫിലിപ്പോസിനോട് അവർക്ക് തോന്നിയ അടുപ്പമാണ് അവനെ സമീപിക്കാൻ ഇടയാക്കിയത്. രണ്ടാമതായി, ഈ സംഘത്തിന്റെ മാനേജർ ഫിലിപ്പോസ് ആയതിനാൽ അയാളെ സമീപിക്കാൻ ഇടയായി.
ഫിലിപ്പോസ് അവരെ കൂട്ടി കൊണ്ട് സുഹൃത്തായ അന്ത്രയോസിന്റെ അടുക്കൽ പോയി (യോഹ 12:20 - 22) അതിന് കാരണമായി പറയുന്നത് ഫിലിപ്പോസിന്റെ ആശങ്കയാണ്. ഒത്തിരിയേറെ വിജാതിയരെ യേശു സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണെങ്കിലും" ഇസ്രായേൽ സമൂഹത്തിന്റെ കാണാതെ പോയ ആടുകളുടെ അടുത്തേക്ക് മാത്രമാണ് താൻ അയക്കപ്പെട്ടിരിക്കുന്നത്" എന്ന് യേശു പ്രസ്താവിച്ചിട്ടുണ്ട് (മത്താ:15:24) അതിനാൽ ഗ്രീക്കുകാരായ വിജാതിയരെ കൂട്ടികൊണ്ട് ചെല്ലുന്നത് യേശുവിന് ഇഷ്ടപ്പെടുമോ എന്ന ചിന്ത അയാൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ത്രയോസിന്റെ അടുത്തേക്ക് ഫിലിപ്പോസ് അവരെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇവിടെ അന്ത്രയോസ് നല്കുന്നത് ഒരു നല്ല പാഠമാണ്. തന്റെ അധികാരം ഉപയോഗിച്ച് ഒരു അബദ്ധത്തിൽ ചെന്നു ചാടുകയല്ല, വിനയത്തോടെ തനിക്ക് അറിവില്ലാത്ത കാര്യം മറ്റൊരാളുടെ അഭിപ്രായം കൂടി ചോദിച്ച് ക്രിത്യമായ വഴിയിലൂടെ നടക്കുകയാണ് ചെയ്തത്.
യേശു അവരോട് സംസാരിച്ചത് എന്തെന്ന് നമുക്ക് അറിഞ്ഞു കൂടാ.അവരോട ഉത്തരം പറഞ്ഞത് ഇപ്രകാരമാണ്. മനുഷ്യപുത്രൻ മഹത്വപ്പെടുവാനുള്ള സമയം വന്നിരിക്കുന്നു.... ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഫലം പുറപ്പെടുവിക്കുകയില്ല. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും (യോഹ 12:23-24) .ഗ്രീക്കാരുടെ വരവിന്റെ ഉദ്ദേശ്യം........... യേശുവിന്റെ മറുപടിയിൽ നിന്നും പണ്ഡിതന്മാർ ഒരു കാര്യം അഭിപ്രായപ്പെടുന്നു. അതായത്, യേശുവിനെ കൊല്ലാൻ അന്വേഷിക്കുന്ന വിവരം ഗ്രീക്കുകാർ അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് ആ ഗുരുവിനെ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോകുവാൻ അവർ ആഗ്രഹിച്ചു. അതിനു മറുപടിയായിട്ടാണ് യേശു ഗോതമ്പ് മണിയുടെ ഉപമ പറഞ്ഞത്.
പിതാവിനെ അറിയാനുള്ള ആഗ്രഹം
യേശു പിതാവായ ദൈവത്തെപ്പറ്റി ശിഷ്യന്മാർക്ക് വിശദീകരച്ചു കൊടുത്തു. തനിക്ക് അടുത്ത മണിക്കൂറിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ യേശു പറഞ്ഞു. (യോഹ 14:12). താൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾ അറിയും എന്ന് യേശു പറഞ്ഞപ്പോൾ തോമസ് " പിതാവിലേക്കുള്ള വഴി ഞാൻ അറിയുന്നില്ല" എന്നറിച്ചു. " താൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല" എന്ന് യേശം പറഞ്ഞു. ഇങ്ങനെ സംസാരിക്കുമ്പോഴാണ് ഫിലിപ്പോസ് തന്റെ ആഗ്രഹം പറയുന്നത്. ഫിലിപ്പോസ് അവനോട് പറഞ്ഞു" കർത്താവേ പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക ഞങ്ങൾക്ക് അത് മതി (യോഹ 14:8). യേശു മറുപടിയായി എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞ് തന്റെ മഹന്യം വെളിപ്പെടുത്തി. ദൈവത്തിന്റെ സകല സമ്പൂർണ്ണതയും യേശുവിലാണ് അനുഭവിക്കാനാവുന്നത് എന്ന വലിയ സത്യമാണ് ഫിലിപ്പോസിലൂടെ ദൈവം വെളിപ്പെടുത്തുന്നത്.
ഫിലിപ്പോസിന്റെ പ്രവർത്തനങ്ങളും രക്തസാക്ഷിത്വവും
ഫിലിപ്പോസിന്റെ ശുശ്രൂഷകളെ പറ്റിയും അന്ത്യ നാളുകളെ പറ്റിയും ധാരാളം ഐതിഹ്യങ്ങൾ ആഭിമ സഭയിൽ ഉണ്ടായിരുന്നു. അവയെല്ലാം ചരിത്രപരമായി ശരിയാണ് എന്ന് ആരും സമ്മതിക്കുന്നില്ല. എങ്കിലും അപ്പസ്തോലനായ ഫിലിപ്പോസിനെ കൂടുതൽ അറിയാനും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മനസ്സിലാക്കുവാനും ഇവ സഹായിക്കും.
അപ്രമാണിക ഗ്രന്ഥങ്ങളുടെ കൂട്ടത്തിലുള്ള ഫിലിപ്പോസിന്റെ പ്രവർത്തികൾ എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്. ഫിലിപ്പോസ് അഥേ നിയിലേക്ക് പോയി അവിടെ മുന്നൂറ് തത്വ ചിന്തകന്മാർ അദ്ദേഹത്തെ കേട്ടു അതിൽ സത്യമുണ്ടെന്ന് അവർ ഗ്രഹിച്ചു. അതേ പറ്റി അവർ യഹൂദ പുരോഹിതനായ അനന്യാസി നോട് ചോദിച്ചു. ഫിലിപ്പോസ് യഹൂദർക്ക് ഭീഷണിയാണെന്ന് കണ്ട് അനന്യാസ് 500 പേരോട് കൂടി ചെന്ന് ഫിലിപ്പോസിനെ കൊല്ലാൻ ശ്രമിച്ചു. ഫിലിപ്പോസ് അവരെ അന്ധനാക്കി. ഫിലിപ്പോസിന്റെ പ്രാർത്ഥന കേട്ട് അനന്യാസ് മുട്ടുവരെ ഭൂമിയാൽ വിഴുങ്ങപ്പെട്ടു.എന്നിട്ടും മനസുമാറാതിരുന്ന അനന്യാസ് അരവരെ മുടപ്പെട്ടു.എന്നിട്ടും വിശ്വാസത്തിന് പുറം തിരിയുന്ന അനന്യാസിനെ ഭൂമി വിഴുങ്ങി കളഞ്ഞു. അവന്റെ പുരോഹിത വസ്ത്രം പറന്നു പോയി. അത് ഇതുവരെ എവിടെയാണെന്ന് ആർക്കും അറിയില്ല എന്നും ഇതിൽ എഴുതപ്പെട്ടിരിക്കുന്നു. കൂടെ വന്ന 500 പേരും ഇതു കണ്ട് മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചു.
ഫിലിപ്പോസ് ലിസ്യാ, ഏഷ്യ, പാർത്തിയ ഗോൾ (ഫ്രാൻസ് ) എന്നിവിടങ്ങളിൽ, സുവിശേഷം പ്രസംഗിച്ചെന്നും ഏഷ്യയുടെ പ്രകാശമായിരുന്ന അവൻ' ഹിയരെ പേള സ്' എന്ന സ്ഥലത്ത് രക്തസാക്ഷിത്വം വരിച്ചു എന്നും പൊതുവെ എല്ലാ പ പാരമ്പര്യങ്ങളും പറയുന്നു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നതിപ്രകാരമാണ്.
ഹിലാരെ പോള സിൽ' വചനം പ്രഘോഷിച്ച അദ്ദേഹത്തെ ആളുകൾ തല കീഴായി തൂക്കിലിട്ടു. അവിടെ കൂടിയിരിക്കുന്ന എല്ലാവരേയും ഭൂമി വിഴുങ്ങി കളയട്ടെ എന്ന് ഫിലിപ്പോസ് കേട്ടു. ആ സമയത്ത് യേശു പ്രത്യക്ഷപ്പെട്ട് അവനെ ശാസിച്ചു. തന്റെ തെറ്റ് ബോധ്യമായ അവൻ ക്ലേശങ്ങൾ സഹിച്ച് മരണത്തിന് വിധേയപ്പെട്ടു. മരണത്തിന് മുൻപ് തന്റെ ശരീരം' പാപ്പിറസിൽ' പൊതിഞ്ഞ് സംസ്കരിക്കണം എന്ന് ഫിലിപ്പോസ് ആവശ്യപ്പെട്ടു. യേശുവിനെ തുണിയിൽ പൊതിഞ്ഞ് സംസ്കരിച്ചതുപോലെ തന്നെ അടക്കം ചെയ്യുവാൻ താൻ യോഗ്യനല്ല എന്നായിരുന്നു ഫിലിപ്പോസിന്റെ വാദം. പത്രോസിനെപ്പോലെ അദ്ദേഹവും തലകീഴായി ക്രൂശിക്കപ്പെട്ടു എന്നും പാരമ്പര്യങ്ങളിൽ നാം കാണുന്നു.
അപ്പസ്തോലനായ ഫിലിപ്പോസിന്റെ അപ്പസ്തോലിക ചിഹ്നം ഒരു കുട്ടയാണ്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച സംഭവത്തെ അനുസ്മരിച്ചാണ് ഈ ചിഹ്നം നല്കിയിരിക്കുന്നത്. പൗരസത്യ സഭകൾ നവംബർ 14 നും പശ്ചാത്യർ മെയ് 11-നും ഈ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു.
aksa
ചിന്ത ശകലങ്ങൾ ; 28 -09 -2020 .
പ്രഭാത പ്രാർത്ഥന ; 05 -10 -2020
പള്ളിക്കൂദാശക്കാലം 2ാം ഞായർ