അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് "അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി ". അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! "വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!...നമ്മള് ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല". കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ പല തവണ എഴുതി പരാജയം സമ്മതിച്ച, യുജിസി നെറ്റ് പരീക്ഷ, ബിരുദാനന്തര ബിരുദ പഠന വേളയിൽത്തന്നെ പാസ്സായതിന്റെ സന്തോഷം പങ്കു വയ്ക്കാൻ സ്റ്റാഫ്‌റൂമിലേക്ക് ഓടിയെത്തിയിരിക്കുകയാണവൾ. "ചെലവ് ചെയ്യണം..ട്ടോ, ഈശോയ്ക്ക് വേണ്ടി സമയം കൊടുത്താൽ അത് ഒരിക്കലും പാഴാവില്ലെന്നു തെളിഞ്ഞില്ലേ. ഇനിയിപ്പം പഠിച്ചിറങ്ങുമ്പോൾത്തന്നെ ടീച്ചറായി ജോലി കിട്ടുമല്ലോ. നമ്മുടെ കോളേജിൽത്തന്നെ കേറാനിടവരട്ടെ". "അതൊക്കെ ഈശോ തീരുമാനിക്കട്ടെ അച്ചോ . വൈകിട്ട് ജീസസ് യൂത്തിന്റെ കോർ ടീം മീറ്റിങ് ഉണ്ട് ചാപ്പലിൽ. അതിലേ വരുവാണേൽ ചെലവ് ചെയ്യാം... ഈശോയേ, ദാണ്ടേ ബെല്ലടിച്ചു...പോകുവാണേ, അപ്പൊ വൈകിട്ട് കാണാം". സന്തോഷത്തിമിർപ്പോടെ അവൾ ക്ലാസ്സ് മുറിയിലേക്ക് ഓടി. 2013 ഒക്ടോബർ മാസത്തിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ഞാൻ നിയമിതനായത്. കോളേജിൽ ഭാഷാധ്യാപകർ ആകുന്നവർക്ക് വലിയ ഒരു ഭാഗ്യമുണ്ട്. എന്താണെന്നോ? ഭാഷ എല്ലാ കോഴ്‌സുകൾക്കും പാഠ്യവിഷയമായതുകൊണ്ട് മറ്റെല്ലാ ഡിപ്പാർട്ടുമെന്റിലുള്ള കുട്ടികളുമായും പരിചയപ്പെടാനാകും. അങ്ങനെയാണ് കൊമേഴ്‌സ് രണ്ടാം വർഷ ബിരുദക്ലാസ്സിൽ പഠിപ്പിക്കാനും ക്ലാസ്സിൽ വച്ച് അജ്‌നാ ജോർജ് എന്ന കുട്ടിയെ പരിചയപ്പെടാനും അവസരം ലഭിച്ചത്. "കോളേജിലെ ജീസസ് യൂത്തിന്റെ ചുമതല അച്ചനെ ഏൽപ്പിക്കുകയാണ്. നമ്മുടെ ക്യാംപസിലാണ് ജീസസ് യൂത്തിന് തുടക്കമിട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഇപ്പോൾ കോളേജിൽ ഈ പ്രസ്‌ഥാനത്തിന്റെ യാതൊരു ചലനവും കേൾക്കാനില്ല. ഒന്ന് ശ്രമിച്ചു നോക്ക്". ജോലിയിൽ പ്രവേശിച്ച് കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ ഓഫീസിലേക്ക് വിളിപ്പിച്ച് പ്രിൻസിപ്പാളച്ചൻ പറഞ്ഞു. അടുത്തയാഴ്ചതന്നെ കോളേജിലെ ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു മീറ്റിങ് ഉച്ചഭക്ഷണ ശേഷം വിളിച്ചു കൂട്ടി. എന്നാൽ, ആവേശത്തോടെ ചാപ്പലിൽ ചെന്നപ്പോൾ ആകെ അഞ്ചോ ആറോ കുട്ടികൾ എത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ അവളുമുണ്ട്- അജ്ന ജോർജ്ജ്. "വിഷമിക്കണ്ട അച്ചോ...അച്ചനൊന്ന് ഞങ്ങടെ കൂടെ നിന്നാ മതി. പിള്ളേര് വരും. നമ്മക്ക് എല്ലാം സെറ്റാക്കാന്നേ". കൂളായുള്ള അവളുടെ ധൈര്യപ്പെടുത്തൽ കേട്ടപ്പോൾ എന്തോ ഒരു സമാധാനമായി. അവളെത്തന്നെ കോർഡിനേറ്ററായി നിയമിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച സമയത്ത് മുടങ്ങാതെ മീറ്റിങ് കൂടാൻ തീരുമാനിച്ചു. അടുത്തയാഴ്ച വരുമ്പോൾ ഓരോരുത്തരും മറ്റൊരാളെക്കൂടി കൊണ്ടുവരണമെന്ന് നിശ്ചയിച്ചു. പിന്നീടു വന്ന തിങ്കളാഴ്ചകൾ വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും ഇരട്ടിച്ചു തുടങ്ങി. എല്ലാവരും ചേർന്ന് വട്ടത്തിലിരുന്ന് കുറച്ചു സമയം പ്രാർഥിക്കും. അബ്രാഹം ഗിറ്റാർ കൊണ്ടുവരും. ആക്ഷൻ സോംഗുകൾ പഠിപ്പിക്കുന്നത് മീറ്റിങ്ങിന്റെ ഒരു അനിവാര്യ ഘടകമാണ്. പഠനത്തിന്റെ പിരിമുറുക്കങ്ങളെല്ലാം മറന്ന് പാട്ടും പ്രാർഥനയുമായി കൂട്ടുകാർ ഒത്തുകൂടുന്ന തിങ്കളാഴ്ച മീറ്റിങ്ങുകളിലേക്ക് തേൻ നിറഞ്ഞ പൂവിലേക്ക് പൂമ്പാറ്റകൾ പോലെ വിദ്യാർഥികൾ എത്തിത്തുടങ്ങി. "മോളെങ്ങനെയാ ഇതിലേക്ക് വന്നേ" ? "അജ്ന ചേച്ചി വിളിച്ചിട്ടാണ്"...പലർക്കും പറയാനുള്ളത് ഇതുതന്നെയായിരുന്നു. ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് തിടുക്കത്തിൽ ഭക്ഷണം കഴിച്ചിട്ട് ജൂനിയേഴ്‌സിന്റെ ക്‌ളാസ്സുകളിൽ ചെന്നും വരാന്തകളിൽ ഓടി നടന്നും അവൾ പിള്ളേരെ ഒരുമിച്ചു ചേർത്ത് ഈശോയുടെ അരികിലേക്ക് കൊണ്ടുവന്നിരുന്ന കാര്യം പിന്നീടാണറിഞ്ഞത്. ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നു പോയി. അഞ്ചുപേരിൽ തുടങ്ങിയ കൊച്ചു കൂട്ടായ്മയിൽ ചില ദിവസങ്ങളിൽ പള്ളിയുടെ പകുതി നിറയുവോളം കുട്ടികൾ എത്തിത്തുടങ്ങി. ഒക്ടോബർ മാസത്തിൽ പത്ത് ദിവസത്തെ ജപമാലയർപ്പണം, നോമ്പ് കാലത്ത് കോളേജ് ഗ്രൗണ്ടിൽ കുരിശിന്റെ വഴി, ആദ്യ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് ഗായക സംഘം നേതൃത്വം നൽകുന്ന വി. കുർബാന, ആദ്യ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് കുമ്പസാരവും ആരാധനയും. വിശുദ്ധരുടെ തിരുനാൾ അനുസ്മരണങ്ങൾ, ക്രിസ്മസിനു പ്രത്യേക ഒരുക്കങ്ങൾ, വലിയ ആഴ്ചയിൽ മലയാറ്റൂർ മലകയറ്റം, മാന്നാനത്തേയ്ക്ക് തീർഥാടന യാത്ര...ഇങ്ങനെ ഇങ്ങനെ ക്യാംപസിലെ ക്രിസ്തീയ സാക്ഷ്യത്തിന് അജ്നയുടെ നേതൃത്വത്തിൽ പുതിയ ചൈതന്യം കൈ വരികയായിരുന്നു. പ്രിൻസിപ്പൽ ഫാ. പ്രശാന്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനം ഇവയ്‌ക്കെല്ലാം ഉണ്ടായിരുന്നു. ക്രിസ്തീയ മൂല്യങ്ങൾ പകർന്നു നല്കാനാവുന്നില്ലെങ്കിൽ സഭ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. മറ്റു മതസ്‌ഥരായ കുട്ടികൾപോലും ഇവയിലൊക്കെ ആകൃഷ്ടരായി കൂട്ടായ്മകൾക്ക് എത്തിത്തുടങ്ങിയെന്നത് വിശുദ്ധിയുടെ പരിമളം ആർക്കും അവഗണിക്കാൻ സാധിക്കുകയില്ലെന്നതിന് തെളിവാണ്. ദൈവത്തിലേക്കു വളരുകയെന്നതിൽ മാത്രമല്ലല്ലോ വിശുദ്ധി അടങ്ങിയിരിക്കുന്നത്. ദൈവസ്നേഹം ആഴത്തിൽ അറിഞ്ഞവർ അത് നിശ്ചയമായും സഹോദരങ്ങളിലേക്ക് പകരുകയും ചെയ്യും. പ്രത്യേകിച്ച്, സ്നേഹവും പരിഗണനയും ഏറ്റവുമധികം അർഹിക്കുന്നവരിലേക്ക്. അതിനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ പിന്നീട് വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. എല്ലാ ബുധനാഴ്ചകളിലും പ്രഭാതത്തിൽ മൊണാസ്ട്രിയുടെ മുന്നിൽ ഒരു നീണ്ട നിര പ്രത്യക്ഷപ്പെടും. എറണാകുളം നഗരത്തിൽ കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷനിലും കായൽത്തീരത്തെ അരഭിത്തിയിലും ഒക്കെയായി അന്തിയുറങ്ങുന്ന അഗതികളും, നിത്യവൃത്തി കഴിക്കാൻ വകയില്ലാത്തവരും, വികലാംഗരും, പാവപ്പെട്ട അമ്മമാരും ഒക്കെയായി കുറേയാളുകളാണവർ. ബുധനാഴ്ച ദിവസം തേവര ഭാഗത്തെ ഒന്നു രണ്ടു പള്ളികളിൽ നിന്നും മൊണാസ്ട്രിയിൽ നിന്നും ചെറിയ സഹായം ലഭിക്കും. ഇത് വാങ്ങാനായി രാവിലെതന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്ന കാഴ്ച പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2014 ലെ ക്രിസ്മസ് അടുത്ത് വന്നപ്പോൾ തിങ്കളാഴ്ച പ്രാർഥനാ യോഗത്തിൽ ഒരു നിർദ്ദേശം വന്നു. "നമുക്ക് അടുത്ത ബുധനാഴ്ച കുറച്ചു നേരത്തെ കോളേജിൽ വന്ന് ഈ പാവങ്ങൾക്ക് വേണ്ടി ഒരു ക്രിസ്മസ് പ്രോഗ്രാം സംഘടിപ്പിച്ചാലോ"? അങ്ങനെയാണ് ഇരുനൂറോളം അഗതികൾ വന്നു ചേർന്ന ആദ്യത്തെ"ക്രിസ്മസ് സ്നേഹ സംഗമം" നടത്തപ്പെട്ടത്. ഇന്ന് "തണൽ മരം" എന്ന പേരിൽ വളർന്നു വികസിച്ച, പാവങ്ങൾക്ക് വേണ്ടിയുള്ള അനേകം വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമിന് തുടക്കമായത് അങ്ങനെയാണ്. കാലക്രമേണ എല്ലാ ബുധനാഴ്ചകളിലും കുറച്ചു നല്ല മനുഷ്യരുടെ സഹായത്തോടെ കോളേജ് കാന്റീനിൽ ഇവർക്ക് പ്രഭാത ഭക്ഷണം നൽകിയ ശേഷം ചാപ്പലിന്റെ മുന്നിൽ ഒരുമിച്ചു കൂട്ടി വിവിധ ഡിപ്പാർട്മെന്റിലെ കുട്ടികൾ മാറി മാറി ഓരോ ആഴ്ചയും 8.30 മുതൽ 9.30 ന് ക്ലാസ്സ് തുടങ്ങുംവരെ പാവങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. അവരുടെ ആവലാതികളും രോഗവിവരങ്ങളും സങ്കടങ്ങളും കേൾക്കുവാൻ ഓരോ കുട്ടികളും ഓരോരുത്തർക്കായി പത്ത് മിനിറ്റുവീതം ചിലവഴിക്കുന്നത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ആഗ്രഹമുണ്ടെങ്കിലും വലിയവരുടെ ലോകത്തിൽ തങ്ങളെ പ്രവേശിപ്പിക്കുമോ എന്ന ഭയം കൊണ്ടോ, കയ്യിൽ പണമില്ലാത്തതുകൊണ്ടോ ലുലു മാൾ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത, തണൽമരത്തിലെ അംഗങ്ങളായ, തെരുവിലലയുന്ന അറുപതോളം പാവങ്ങളെയും ഭിക്ഷാടകരെയും ചേർത്തുപിടിച്ച് അജ്നയുടെയും അവളുടെ പിൻഗാമികളായ കോർഡിനേറ്റർമാർ അജിന്റെയും അനീറ്റയുടെയും ഒക്കെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ ലുലുമാൾ യാത്ര വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മാളിലെ തിയറ്ററിൽ സിനിമ കാണിച്ചു, പാരഗൺ ഹോട്ടലിൽ ഭക്ഷണം കൊടുത്തു, എല്ലാവർക്കും ഷോപ്പിംഗ് നടത്താൻ അഞ്ഞൂറ് രൂപാ വീതം കയ്യിൽ നൽകുകയും ചെയ്തു. കോളേജിന്റെ പരിസരത്തുള്ള വീടുകൾ കയറി ആക്രി പെറുക്കിയാണ് അതിനുള്ള തുക സംഭരിച്ചത്. അഗതികൾക്ക് ധരിച്ചുകൊണ്ടുപോകാൻ നല്ല വസ്ത്രങ്ങളും കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് ശേഖരിച്ചു നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന ശ്രീ. പോൾ രാജ് എന്ന നല്ല മനുഷ്യൻ നൽകിയ പിന്തുണ അനുസ്മരിക്കാതെ വയ്യ. പിന്നീടങ്ങോട്ട് തേവര കോളേജിൽ ജീസസ് യൂത്തിന്റെ വസന്ത കാലമായിരുന്നു. വിദ്യാർഥികൾക്ക് ആരുടേയും മേൽനോട്ടമില്ലാതെ തുക നിക്ഷേപിച്ച ശേഷം അത്യാവശ്യം വേണ്ട സ്റ്റേഷനറി സാധനങ്ങൾ എടുക്കാവുന്ന "ഓണസ്റ്റി ഷോപ്പ്", തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ വിദ്യാർഥികൾ ഒരുമിച്ചുകൂടി ക്യാംപസ് വൃത്തിയാക്കൽ, അടുത്തുള്ള അഗതിമന്ദിരങ്ങൾ സന്ദർശനം , തൊട്ടടുത്തുള്ള ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ തോറ്റുപോയ ഇരുപത്തിയഞ്ചു കുട്ടികളെ ഒരുമിച്ച് ചേർത്ത് ട്യൂഷൻ, കോളേജിന്റെ മതിൽക്കെട്ടിനപ്പുറമുള്ള കോളനിയിലെ പാവപ്പെട്ട വീടുകളിൽ സന്ദർശനങ്ങൾ , ശനിയാഴ്ചകളിൽ എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ അഗതികളുടെ വാർഡും ക്യാൻസർ വാർഡും വിസിറ്റിങ്, ആലുവ സബ് ജയിലിലും എറണാകുളം സബ് ജയിലിലും പ്രോഗ്രാമുകൾ... എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി "മിനിസ്ട്രികൾ" എന്ന ഓമനപ്പേരിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കോളേജ് വിദ്യാർത്ഥികൾക്കായി "സോൾട്ടീസ്" എന്ന പേരിൽ എല്ലാ വർഷവും നടത്തുന്ന മൂന്നു ദിവസത്തെ ആത്മീയ സഹവാസ ക്യാമ്പ്, ഒന്നാം വർഷക്കാരെ ജീസസ് യൂത്തിലേക്ക് ആകർഷിക്കാനായി "ഹാർവെസ്റ്റ്" എന്ന പേരിലുള്ള ക്യാമ്പ് എന്നിവയൊക്കെ ആരംഭിച്ചതും ആ നാളുകളിലാണ്. അജ്നയുടെ പിൻഗാമിയായി ജീസസ് യൂത്ത് കോർഡിനേറ്ററായ അജിൻ കോളേജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായതും ജീസസ് യൂത്തിന്റെ വിവിധ മിനിസ്ട്രികളുടെ കോർഡിനേറ്റർമാരായ ആറുപേർ ആ വർഷത്തെ യൂണിയൻ അംഗങ്ങളായി തിരഞ്ഞടുക്കപ്പെട്ടതും വിദ്യാർത്ഥി സമൂഹം ഈ നന്മകളെ എത്രമാത്രം നെഞ്ചേറ്റിയെന്നതിന്റെ തെളിവുതന്നെയാണ്. തീവ്ര രാഷ്ട്രീയ ചായ്‌വുകളും വിദ്യാർഥി സമരങ്ങളും ഒട്ടും കുറവല്ലാത്ത നാളുകളിലാണിത് സംഭവിച്ചതെന്നോർക്കണം. വിജയികളായ ഈ കുട്ടികൾ, ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കപ്പെട്ടയുടനെ, ഇരമ്പിയാർത്ത്, നേർക്ക് നേരെ നിന്ന് വെല്ലുവിളിച്ച് മുദ്രാവാക്യം മുഴക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ തിടുക്കത്തിൽ നടന്നു പോയത് കോളേജിൽ പതിവുള്ള വിജയ ഘോഷ യാത്ര നടത്താനായിരുന്നില്ല, മറിച്ച്, ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ചെന്ന് വട്ടം ചേർന്നിരുന്ന് നന്ദി പറഞ്ഞു പ്രാർഥിക്കാനായിരുന്നു. ഞങ്ങളൊക്കെ കൺ കുളിർക്കെ കണ്ടു നിന്ന ഒരു രംഗമായിരുന്നു അത്. ഇതിനിടെ അഭിമാനാർഹമായ ചില നേട്ടങ്ങളും കോളേജ് ജീസസ് യൂത്തിനെ തേടിയെത്തി. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന, കേരളത്തിലെ എല്ലാ കോളേജുകളിൽ നിന്നും കുട്ടികൾ ഒത്തു കൂടുന്ന, ജീസസ് യൂത്തിന്റെ ഓൾ കേരള ക്യാംപസ് കോൺഫറൻസ് തേവര കോളേജിൽ വച്ച് 2015 ഓഗസ്റ്റിൽ നടത്തപ്പെട്ടു. അതിന്റെ മുഖ്യ സംഘാടകയായി അജ്ന മുൻ നിരയിൽ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന, ഇന്ത്യയിലെ മുഴുവൻ കാത്തലിക് കോളേജുകളിലെയും കുട്ടികൾ പങ്കെടുത്ത ആർട്സ് ഫെസ്റ്റിവലിൽ തേവര കോളേജിലെ ജീസസ് യൂത്ത് ടീം ഓവറോൾ കിരീടം നേടി. 2015 ലെ ക്രിസ്മസിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടത്തപ്പെട്ട ക്രിസ്മസ് കരോൾ മത്സരത്തിൽ കോളേജ് ജീസസ് യൂത്ത് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ക്യാംപസിൽ നടന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്, ക്രിസ്തീയ മൂല്യങ്ങൾ കുട്ടികളിലേക്ക് പകരാൻ ഏറ്റവുമധികം ശ്രമങ്ങൾ നടത്തിയെന്ന കാരണം പരിഗണിച്ച്, ഇന്ത്യയിലെ മികച്ച കാത്തലിക് കോളേജിനുള്ള 2017-18 വർഷത്തെ അവാർഡ് ലഭിച്ചു. ആസ്സാമിലെ ഗുവാഹത്തിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രിൻസിപ്പൽ അച്ചന്റെ കൂടെ ആ അവാർഡ് ഏറ്റു വാങ്ങാൻ ഭാഗ്യം ലഭിച്ചു. അജ്നയുടെ ജീവിതം കോളേജിലെ ജീസസ് യൂത്ത് പ്രവർത്തനങ്ങളോട് അത്ര മേൽ ഇഴചേർന്ന് നിന്നതു കൊണ്ടാവണം അവളുടെ വിയോഗ ശേഷം പുറകോട്ടു നോക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ഇന്ന് ഇത്രമേൽ പ്രസക്തമായി അനുഭവപ്പെടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കോർഡിനേറ്റർ സ്‌ഥാനം ജൂനിയർ ബാച്ചുകാർക്ക് കൈമാറിയെങ്കിലും ഉത്സാഹത്തോടെ അജ്ന എല്ലാക്കാര്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നു. മനോഹരമായി പാടാനും വളരെ രസകരമായി പരിപാടികൾ ആങ്കർ ചെയ്യാനും ക്ലാസ്സുകൾ എടുക്കാനും അവൾക്ക് പ്രത്യക സിദ്ധിയുണ്ടായിരുന്നു. ഒരു ദിവസം പോലും വിശുദ്ധകുർബാന മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പിജി ബാച്ചിലെ കുട്ടികൾ ഹൈദരാബാദിന് ടൂറ് പോകാനൊരുങ്ങിയപ്പോൾ കൂടെപ്പോകണമെങ്കിൽ അവൾ ഒരു വ്യവസ്‌ഥ വച്ചുവത്രേ "ഇടയ്ക്കെപ്പോഴെങ്കിലും എനിക്ക് ദിവസവും കുർബാന കൂടാൻ അവസരം കിട്ടുന്നതുപോലെ ക്രമീകരിച്ചാൽ ഞാൻ വരാം". ഉച്ചയ്ക്കത്തെ വിശ്രമ വേളയിൽ എല്ലാ ദിവസവും മുടങ്ങാതെ റോഡ് മുറിച്ചു കടന്നു കോളേജിനു മറുവശത്തുള്ള മൊണാസ്ട്രി ചാപ്പലിൽ പത്ത് മിനിറ്റെങ്കിലും ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരിക്കുന്നത് അജ്നയുടെ ശീലമായിരുന്നു. ഏറ്റവും പിന്നിൽ കുമ്പസാരക്കൂടിനു ചേർന്നാണിരുപ്പ്. ഏതെങ്കിലും കാരണവശാൽ രാവിലെ ഇടവകപ്പള്ളിയിൽ വി. കുർബാനയിൽ പങ്കെടുക്കാനായില്ലെങ്കിൽ കോളേജ് വിട്ട ശേഷം കൂട്ടുകാരോടൊപ്പം മൊണാസ്ട്രി ചാപ്പലിലോ പരിസരത്തോ ഒക്കെയായി കുറെ സമയം ചിലവഴിക്കുന്നത് കാണാം. വൈകിട്ട് കോളേജിന്റെ അടുത്തുള്ള ഇടവകപ്പള്ളിയിൽ കുർബാനയുണ്ടാകും. അതിൽ സംബന്ധിക്കാനാണീ കാത്തു നിൽപ്പ്. ഒരിക്കൽ പരിചയപ്പെട്ടവർ വിസ്മരിക്കാത്ത പ്രസന്ന ഭാവം, ആവേശത്തോടെയുള്ള സംസാരം. അത് ഈശോയെക്കുറിച്ചാണെങ്കിൽ ആവേശം ഇരട്ടിയാകും. നല്ല മാർക്കോടെ ഡിഗ്രി പൂർത്തിയാക്കി അജ്ന പിജിയ്ക്ക് ഇവിടെത്തന്നെ അഡ്മിഷൻ എടുത്തപ്പോൾ കൂട്ടുകാർക്കെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ! രണ്ടാം വർഷം പിജി പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യുജിസി നെറ്റ് പരീക്ഷ പാസായി കോളേജിൽ പഠിപ്പിക്കാൻ യോഗ്യത നേടി. "ഈശോ എനിക്ക് വേണ്ടി അത്ഭുതം പ്രവർത്തിച്ചതുകൊണ്ടാണ്", പഠിക്കാൻ ഏറെ സമർത്ഥയായിരുന്നെങ്കിലും വിനയപൂർവ്വം കുസൃതിച്ചിരിയോടെ തന്റെ വിജയത്തെക്കുറിച്ച് അവൾ പറഞ്ഞിരുന്നതിങ്ങനെയാണ്. അവധി ദിവസങ്ങളിൽ പല സ്‌ഥലങ്ങളിലും ജീസസ് യൂത്തിന്റെ ക്യാമ്പുകളിൽ പങ്കെടുക്കാനും ക്ലാസ്സുകൾ എടുക്കാനും മ്യൂസിക് മിനിസ്ട്രിയിൽ ഭാഗമാകാനും അവൾ പോകും. "ഈശോയ്ക്ക് വേണ്ടി നമ്മൾ സമയം കൊടുത്താൽ ഒരിക്കലും അത് നഷ്ടമാവില്ല" അവളുടെ ബോധ്യമായിരുന്നു അത്. "ഇനി എന്താണ് പരിപാടി"? പിജി പഠനം പൂർത്തിയാക്കിയ സമയത്ത് ഒരിക്കൽ അവളോട് ചോദിച്ചു. "കുറച്ചു കോളേജുകളിൽ പഠിപ്പിക്കാൻ ആപ്ലിക്കേഷൻ അയച്ചിട്ടുണ്ട്. ഒരു നല്ല കോളേജ് ഈശോ കൊണ്ടത്തരും. അച്ചൻ പ്രാർഥിക്കണം". ആ വർഷം മെയ് മാസത്തിൽ ഞാൻ വീട്ടിൽ അവധിക്കു പോയിരിക്കെ ഒരു മെസ്സേജ് വന്നു: "അച്ചാ, ഒന്ന് പ്രാർത്ഥിക്കണം, എന്റെ മുഖത്തിന്റെ ഒരു വശത്ത് ചെറിയ മരപ്പു പോലെ ഇടയ്ക്ക് അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോൾ കൂടുതൽ പരിശോധനകൾ വേണമെന്ന് പറഞ്ഞു. അമൃത മെഡിക്കൽ കോളേജിൽ പോയി ടെസ്റ്റ് ചെയ്തു. ലാബ് റിസൾട്ട് വരണം." രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഒരു കോൾ വന്നു: "അച്ചാ, ഒരു സന്തോഷവാർത്തയുണ്ട്. ഞാൻ രാജഗിരി കോളേജിൽ ലക്ച്ചർ പോസ്റ്റിന് അപേക്ഷിച്ച് ഇന്റർവ്യൂന് പോയിരുന്നു. എനിക്ക് അവിടെ ജോലി കിട്ടി എന്ന് ഇപ്പോൾ അറിയിപ്പ് ലഭിച്ചു. നമ്മുടെ ഈശോ എത്ര നല്ലവനാണ് അല്ലേ?" പഠിച്ചിറങ്ങിയപ്പോൾത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിലൊന്നിൽ അധ്യാപികയായി നിയമനം കിട്ടുക. എന്തൊരു വലിയ ദൈവാനുഗ്രഹമാണ്! തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന, രണ്ടു പെണ്മക്കൾ മാത്രമുള്ള അവളുടെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും ഈ വാർത്ത. ദൈവത്തിന് ഏറെ നന്ദി പറഞ്ഞു. നിശ്ചയമായും അജ്ന കോളേജിൽ പഠിച്ച നാളുകളിൽ ഈശോയ്ക്ക് വേണ്ടി ചെയ്ത സാക്ഷ്യ ജീവിതത്തിനും സൽക്കർമ്മങ്ങൾക്കും അവിടുന്ന് നൽകിയ പ്രതിഫലമാണിത്. ഞാൻ മനസ്സിലോർത്തു. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. വൈകിട്ട് ഫോണിൽ വന്ന മെസ്സേജ് കണ്ടു ഹൃദയം തകർന്നു പോയി. "എന്റെ ബയോപ്സി റിസൾട്ട് വന്നു. താടിയെല്ലിനു സർക്കോമ എന്ന വിഭാഗത്തിൽ പെട്ട ക്യാൻസറാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണമത്രേ. രോഗ ബാധിതമായ ഭാഗം മുറിച്ചു കളഞ്ഞ് അവിടെ കാലിന്റെ ഒരു എല്ല് എടുത്ത് വച്ച് പിടിപ്പിക്കണം എന്നാണ് ഡോക്ടർ പറയുന്നത്". മറുപടി പറയാനും ആശ്വസിപ്പിക്കാനും വാക്കുകളില്ലാതെ കുഴങ്ങി. ഓപ്പറേഷന് രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ജീസസ് യൂത്തിലെ ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ജിത്തുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ എങ്ങനെ അവളെ ഫേസ് ചെയ്യും, എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്തയിലായിരുന്നു. താടിയെല്ലിന് ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ ക്ലാസ്സ് എടുക്കാൻ പറ്റുമോ? മുഖത്തിന്റെ ഷേപ്പ് മാറുമോ? വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിക്ക് അത് എന്തുമാത്രം ഹൃദയ ഭേദകമായിരിക്കും! ഉറപ്പായിട്ടും അവൾ എന്നോട് ചോദിക്കും: " അച്ചാ, ഞാൻ ഈശോയ്ക്ക് വേണ്ടി ഇത്രേമൊക്കെ ചെയ്തിട്ട് ഈശോ എന്നോട് ഇങ്ങനെ ചെയ്തതെന്താ"? എന്ത് മറുപടി പറയും! ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അജ്നയാണ്. പ്രതീക്ഷിച്ചത് വിഷാദിച്ച് കണ്ണീരോടെ...എന്നാൽ, കണ്ടതാകട്ടെ പതിവുള്ള പുഞ്ചിരി മായാത്ത മുഖത്തോടെ "ഹലോ, ഇതാരൊക്കെ" എന്ന് പറഞ്ഞ് സ്വാഗതം ചെയ്യുന്ന മാലാഖക്കുട്ടിയെ. അകത്തു ചെന്നപ്പോൾ അപ്പച്ചനും അമ്മയും ഞങ്ങളെക്കണ്ട് പെട്ടന്നൊന്ന് വിതുമ്പി. രണ്ടു പേരെയും ചേർത്ത് പിടിച്ച്അവൾ പറയുന്നത് വിസ്മയത്തോടെയല്ലാതെ കണ്ടു നിൽക്കാനായില്ല: "അയ്യേ, എന്താ ഇത്, അമ്മച്ചി പോയി അച്ചന് ചായ വച്ചേ, അപ്പച്ചൻ അവിടെ ഒന്ന് സമാധാനത്തോടെ ഇരുന്നേ"...ഏതാണ്ട് രണ്ടു മണിക്കൂറോളം അവരോടൊത്തിരുന്നു. ഇരുട്ട് വീണപ്പോൾ ഒരുമിച്ചിരുന്നു കുടുംബ പ്രാർഥയനയെത്തിച്ചു. ഇറങ്ങാൻ നേരം അവളുടെ കരം പിടിച്ച് ഇങ്ങനെ ചോദിച്ചു: "അജ്ന, അടുത്ത ദിവസം ഓപ്പറേഷനല്ലേ, നിനക്ക് പേടിയൊന്നുമില്ലേ? എങ്ങനെ ഇത്ര ധൈര്യത്തോടെ, സന്തോഷത്തോടെ....?? "അച്ചാ, ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമോ? എന്റെ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം ഭേദമായി വന്നാൽ ഞാൻ മുമ്പത്തെപ്പോലെ തന്നെ ഈശോയ്ക്ക് വേണ്ടി ജീവിക്കും. അല്ലാ, ഇത് എന്നെ തിരിച്ചു വിളിക്കാൻ ഈശോ ഒരുക്കുന്നതാണെങ്കിൽ പരാതിയില്ലാതെ ഞാനത് സഹിച്ച് ഈശോയുടെ അടുത്തെത്തും. ഞാനെന്തിന് പേടിക്കണം"! ഈ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്നു ഞങ്ങൾ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്. തുടർച്ചയായ ആസ്പത്രി വാസങ്ങൾ, ഓപ്പറേഷനുകൾക്കു മേൽ ഓപ്പറേഷനുകൾ, നിരന്തരമായ കീമോ തെറാപ്പി മൂലം ദുർബലമായ ശരീരം, തലയിലെ മുടി മുഴുവൻ പൊഴിഞ്ഞ് ഷേപ്പ് മാറിപ്പോയ അവസ്‌ഥ, കാലിലെ മുറിവ് ഉണങ്ങാതെ തീവ്ര വേദന സഹിച്ച ദിവസങ്ങൾ...മാസങ്ങൾ. കാൻസർ അവളുടെ ആത്മവിശ്വാസത്തിനു മുൻപിൽ തോറ്റു പിന്മാറിയെന്നു കരുതിയ നാളുകളിൽ ഒരു വർഷത്തോളം തേവര കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ അധ്യാപികയായി സേവനം ചെയ്തു. ആ നാളുകളിൽ അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് ഈശോയെ കൊടുക്കാൻ എന്തു മാത്രം ശ്രമിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്തുള്ള സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കാൻ പോകുമ്പോൾ ഞാൻ അജ്‌നയെയും കൂട്ടിയിരുന്നു. നൂറു കണക്കിന് കുട്ടികളുള്ള ഓഡിറ്റോറിയത്തിൽ ഒന്ന് രണ്ടു മണിക്കൂറൊക്കെ അനായാസമായി അവൾ ദൈവസ്നേഹത്തെക്കുറിച്ച് ക്ലാസ് എടുക്കുമായിരുന്നു. ഇത്ര വലിയ സഹനത്തിലൂടെ കടന്നു പോയിട്ടും പതറാതെ ദൈവ സ്നേഹത്തെ തെല്ലും സംശയിക്കാതെ അവൾ നൽകുന്ന ക്രിസ്തീയ സാക്ഷ്യം ശ്രോതാക്കൾക്ക് ആഴമേറിയ ആത്മീയ ബോധ്യങ്ങൾ നൽകാൻ ഉതകുന്നവയായിരുന്നു. ഏതാണ്ട് ഒരു വർഷം അദ്ധ്യാപികയായി ജോലി ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്ലാസ്സ് എടുക്കാൻ വയ്യാതെയായി. വീണ്ടും കീമോ തെറാപ്പികൾ, ഓപ്പറേഷനുകൾ... കുറച്ചൊന്നു ഭേദമായെന്നു തോന്നിയപ്പോൾ കോളേജിനോട് ചേർന്നുള്ള സെമിനാരിയിൽ കുട്ടികളെ പഠിപ്പിക്കാൻ റെക്ടറായിരുന്ന ബ. ജോസഫ് അച്ചന്റെ ക്ഷണ പ്രകാരം വന്നിരുന്നു. ലോക് ഡൗൺ നാളുകളിൽ പള്ളികളിൽ കുർബാന ഇല്ലാതായപ്പോൾ സെമിനാരി ചാപ്പലിൽ വന്നു കുർബാന കാണുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. യാത്ര ചെയ്യാൻ തീരെ വയ്യാതാവുന്ന നാളുകളോളം ഏകദേശം ആറു കിലോമീറ്ററോളം ദൂരം സ്കൂട്ടറോടിച്ച് വന്ന് അവൾ സെമിനാരി വിദ്യാർഥികൾക്ക് ക്ലാസ്സുകൾ എടുത്തിരുന്നു. അവളുടെ ജീവിത സാക്ഷ്യം അവർക്ക് ഏറെ ആവേശം പകർന്നിരുന്നുവെന്നതിൽ സംശയമില്ല. അവശയായ നാളുകളിൽ പലതവണ അവളെ വീട്ടിൽ പോയി സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും കാൻസർ അവളുടെ മുഖത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഒരിക്കൽ പോലും ഒരു പരാതിയോ പരിഭവമോ അവൾ പറഞ്ഞിട്ടില്ല. എത്ര വയ്യെങ്കിലും സുസ്മേര വദനയായി പതിയെ പതിയെ നടന്നു വന്ന് അരികിലിരുന്ന് സംസാരിക്കുകയും കോളേജിലെ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. മുഖം വിരൂപമായിത്തുടങ്ങിയിട്ടും ആവശ്യപ്പെട്ടപ്പോഴൊക്കെ കോളേജിലെ പുതിയ ജീസസ് യൂത്ത് കുട്ടികൾക്ക് വീഡിയോ ഓൺ ചെയ്തു തന്നെ ഓൺലൈനായി തന്റെ ദൈവാനുഭവങ്ങൾ പങ്കു വയ്ക്കാൻ ഒരു മടിയും കാണിച്ചില്ല. എല്ലാ ദിവസവും അമ്മയുടെ കൈ പിടിച്ച് അതിരാവിലെ ഇടവക ദേവാലയത്തിൽ പോയി വി. കുർബാനയിൽ പങ്കു കൊള്ളുമായിരുന്നു. കുർബാന സമയത്തുള്ള അവളുടെ ഭക്തിയെക്കുറിച്ചും ആരാധയിൽ പങ്കെടുക്കുമ്പോഴുള്ള മുഖ ഭാവത്തെക്കുറിച്ചുമെല്ലാം ഇടവക വികാരിയച്ചൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നടക്കാൻ തീരെ വയ്യാതായ ദിനങ്ങളിൽ പോലും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ എത്രയും വേഗം ദിവ്യ കാരുണ്യ ഈശോയുടെ അരികിലെത്താനുള്ള ആവേശം മൂലം അവൾ സ്പീഡ് കൂട്ടുന്നതുകൊണ്ട് അമ്മയ്ക്ക് ചിലപ്പോൾ പുറകെ ഓടേണ്ടി വരുന്നത് കണ്ടിട്ടുണ്ടെന്ന് അയൽക്കാർ ചിലർ തമാശയായി പറയുന്നത് കേൾക്കാനിടയായി. തീരെ വയ്യാതായി എന്ന് കേട്ടപ്പോൾ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് അവളെ കാണാൻ വീട്ടിൽ പോയി. പ്രശാന്ത് അച്ചനെയും കൂട്ടിയാണ് പോയത്. സത്യമായും അത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആ മുഖത്തേയ്ക്ക് ഒന്ന് നോക്കിയ ഉടനെ ഞങ്ങൾ കണ്ണ് പിൻവലിച്ചു. കണ്ണും കാതും മുഖ കാന്തിയും ചുണ്ടുകളുമൊക്കെ ഇഞ്ചിഞ്ചായി കവർന്നു കവർന്നു കാൻസർ അതിന്റെ ഭീകര രൂപം വരച്ചിരുന്നു അവളുടെ മുഖത്ത്. നീര് വച്ച് വീർത്ത് നിറയെ വ്രണങ്ങളും തുളകളും നിറഞ്ഞ മുഖം. മുറിവുകളിൽ നിന്ന് പഴുപ്പും വെള്ളവുമൊക്കെ ഒഴുകിയിറങ്ങുന്നുണ്ട്. ഒന്നെനിക്കുറപ്പുണ്ട്. അവളല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ അങ്ങനെ ഒരു രൂപത്തിൽ മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാവില്ല. അവൾ വന്ന് പതിവ് പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അരികിലിരുന്നു. കയ്യിലുള്ള ടർക്കിതൂവാല കൊണ്ട് ഇടയ്ക്കിടെ മുഖത്തെ വ്രണങ്ങൾ ഒപ്പുന്നുണ്ട്. ദൈവമേ, എന്തൊരു സാത്വിക ഭാവത്തോടെയാണ് അവൾ അത് ചെയ്തിരുന്നത്! സംസാരിക്കാൻ അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി പ്രശാന്തച്ചൻ നടത്തിയ ബൈക്ക് യാത്രയെക്കുറിച്ച് ആവേശത്തോടെ അവൾ ചോദിച്ചറിഞ്ഞു. അച്ചന്റെ മൊബൈൽ മേടിച്ച് വളരെ താല്പര്യത്തോടെ അച്ചനെടുത്ത ഫോട്ടോകളൊക്കെ കണ്ടു. അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. കുറച്ചു കാലം കൂടി ജീവിക്കാനും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ കാണാനും അവൾ കൊതിക്കുന്നതുപോലെ തോന്നിപ്പോയി. അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ, നിങ്ങൾ പറയൂ, ആർക്കു കഴിയും ഇത് പോലെ ഒരവസ്‌ഥയിൽ നടന്നു പള്ളിയിൽ പോകാൻ! തീരെ അവശയായപ്പോൾ "പള്ളിയിൽ വരാൻ വാഹനം ക്രമീകരിക്കട്ടേ" എന്ന് ചോദിച്ച വികാരി അച്ചനോട് അവൾ കുസൃതിയോടെ പറഞ്ഞതിങ്ങനെയാണത്രെ: "സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ"? യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് ഞങ്ങളോട് ബൈ പറയാൻ പതിയെ എണീറ്റ് നിന്നപ്പോൾ അവളെ അഭിമാനത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി. ഏറ്റവും ശക്തമായ യുദ്ധത്തിലേർപ്പെടാൻ അവസരം കിട്ടുന്നത് ഏറ്റവും ധൈര്യമുള്ള പോരാളികൾക്കായിരിക്കുമല്ലോ. ഈശോയുടെ ധീരയായ പോരാളിയെ ഞാനൊന്ന് ചേർത്ത് പിടിച്ചു. കാൻസർ ദയ തോന്നി അധികം സ്പർശിക്കാതിരുന്ന, എന്നാൽ, നീര് വച്ച് വീർത്ത, മുഖത്തിന്റെ വലതു ഭാഗം എന്റെ നെഞ്ചോടു ചേർത്ത് വച്ച് കുറച്ച് നേരം അവൾ നിന്നു. പിരിയുമ്പോൾ റ്റാറ്റാ തന്നയച്ചു....എന്നേയ്ക്കുമായി. അവസാന ദിവസങ്ങളിൽ അമൃത മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുമ്പോഴും ഒരു നിർബന്ധം അവർക്കുണ്ടായിരുന്നു: "എനിക്ക് കുർബാന മുടക്കരുത്". വായിലൂടെ ഈശോയെ സ്വീകരിക്കാൻ സാധിക്കാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു. നാളുകളായി വയറിൽ തുളയിട്ടു ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. വി. കുർബാന ഗ്ളാസ്സിലെ വെള്ളത്തിൽ അലിയിപ്പിച്ച് ആ ട്യൂബിലൂടെ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇടവക ദേവാലയത്തിൽ വി. ബലിക്ക് ശേഷം പള്ളിമുറിയിൽ ചെന്നിരുന്ന് അമ്മയുടെ സഹായത്തോടെ ട്യൂബിലൂടെ ഈശോയെ സ്വീകരിക്കുകയായിരുന്നു. അജ്നയുടെ ചേച്ചിയുടെ സഹപാഠിയായ ഫാ. ജീൻ അവസാന രണ്ടു വർഷങ്ങളിൽ ഇടവക വികാരിയായി എത്തിയത് അവൾക്കും കുടുംബത്തിനും സഹനവേളയിൽ വലിയ അനുഗ്രഹമായി. ആജ്നമോളുടെ സുകൃത ജീവിതം കുഞ്ഞു നാളു മുതൽക്കു തന്നെ അടുത്തറിഞ്ഞിരുന്ന അച്ചൻ ലോക് ഡൗൺ കാലത്ത് വേറെ ആരും പള്ളിയിൽ വരാത്തപ്പോഴും അമ്മയ്ക്കും മകൾക്കും കുർബാനയ്ക്കു വരാൻ പ്രത്യേകാനുവാദം കൊടുത്തു. പള്ളിയിൽ വരാൻ അവൾക്ക് സാധിക്കാത്ത അവസ്‌ഥകൾ വന്നപ്പോളൊക്കെ ലോക് ഡൗൺ നാളുകളിൽപ്പോലും വീട്ടിലെത്തി ദിവ്യകാരുണ്യ നാഥനെ നൽകി. പലപ്പോഴും അച്ചനെ പോലീസ് തടഞ്ഞു നിർത്തി നിർത്തി ചോദ്യം ചെയ്തിട്ടുണ്ടത്രേ. മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലും മുടങ്ങാതെ വൈകുന്നേരങ്ങളിൽ ആസ്പത്രിയിലെത്തി അച്ചൻ അവൾക്ക് ദിവ്യകാരുണ്യം നൽകുമായിരുന്നു. കുറേ നേരം ഈശോയെ അരികിൽ വച്ച് ഭക്തിപൂർവ്വം ആരാധിച്ച ശേഷമാണ് അവൾ ഉൾക്കൊണ്ടിരുന്നത്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് തനിക്കുണ്ടായ ഒരു അനുഭവം അച്ചൻ പങ്കു വച്ചതിങ്ങനെയാണ്. അന്ന് എന്തോ ആലോചിച്ചു ഹോസ്പിറ്റലിലേക്ക് കയറിച്ചെന്ന അച്ചന് ടവർ മാറിപ്പോയി. വഴി കണ്ടു പിടിക്കാനാവാതെ അച്ചൻ ബുദ്ധിമുട്ടി. ആ സമയത്ത് അജ്ന തീരെ അവശയായി ഏതാണ്ട് ആറു മണിക്കൂറോളം അബോധാവസ്‌ഥയിൽ കിടക്കുകയായിരുന്നു. പെട്ടന്ന് അവൾ ബോധമുണർന്ന് ചേച്ചിയോട് നേർത്ത സ്വരത്തിൽ ആയാസപ്പെട്ട് പറഞ്ഞുവത്രേ: "ജീനച്ചൻ...ജീനച്ചന് വഴി തെറ്റിയിട്ടുണ്ട്...ഫോണിൽ ലൊക്കേഷൻ ഇട്ടു കൊടുക്ക്". ചേച്ചി അത് ചെയ്യാനൊരുങ്ങുമ്പോഴേയ്ക്കും അച്ചൻ മുറിയിലെത്തിയത്രേ. അച്ചൻ ആ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് കുർബാനയും കൊണ്ട് പോകാറ്. എന്നാൽ, അജ്ന മരിച്ച ദിവസം ഉച്ചയ്ക്ക് ശക്തമായ പ്രേരണ, ഇന്ന് നേരത്തെ ചെല്ലണം. അങ്ങനെ പതിവ് തെറ്റിച്ച് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി അവളുടെ അരികിലെത്തി. ഈശോയെ കൊടുത്ത് അവളുടെ അരികിലിരുന്ന് സുകൃത ജപം ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കെ കൃത്യം മൂന്നു മണിക്ക്ദിവ്യകാരുണ്യ ഈശോയുടെ സ്വന്തം അജ്നയെ അവിടുന്ന് എന്നേയ്ക്കുമായി തന്റെ മാറോടു ചേർത്തു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു! മൃത സംസ്കാരത്തിന് ഒരു മണിക്കൂർ മുൻപ് കോളേജിൽ നിന്നും മാനേജർ ഫാ. പൗലോസ്, അജ്നയുടെ മറ്റൊരു പ്രിയ സുഹൃത്തായിരുന്ന ഫാ. ജോസഫ് എന്നിവരോടൊപ്പം ഞാൻ വീട്ടിലെത്തി. മൃത സംസ്കാര ശുശൂഷകളാരംഭിക്കുമ്പോൾ വികാരിയച്ചൻ പറഞ്ഞു: "അച്ചൻ രണ്ടു വാക്ക് പറയണം". ഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ ഞാൻ മറ്റെന്തു പറയാൻ! പ്രസംഗം പറയാൻ പറ്റിയ ഒരാന്തരീക്ഷമായിരുന്നില്ല അത്. കാർക്കശ്യമേറിയ കോവിഡ് മാനദണ്ഡങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഭൂരിഭാഗവും പ്രാർഥനകൾ കേൾക്കാനാവാത്തവിധം അകലങ്ങളിലായി മുറ്റത്തും വഴിയിലും ഒക്കെയായിരുന്നു നിന്നിരുന്നത്. തൈക്കൂടം വി. റാഫേൽ മാലാഖയുടെ പള്ളി സെമിത്തേരിയിലാണ് അവളെ സംസ്കരിച്ചത്. മുഖത്തിന്റെ വിരൂപമായ ഇടതുവശം പഞ്ഞി കൊണ്ട് മറച്ചു വച്ചിരുന്നു. എന്നാൽ, അവളുടെ സുകൃത ജീവിതവും ആത്മാവിന്റെ വിശുദ്ധിയും ആർക്കും മറച്ചു വയ്ക്കാൻ സാധ്യമായിരുന്നില്ലല്ലോ. അവളുടെ മുഖം അവസാന ദിവസങ്ങളിൽ വിരൂപമാക്കാൻ ക്യാൻസർ രോഗത്തിന് കഴിഞ്ഞിരിക്കാം. എന്നാൽ, അവളുടെ ജീവിത വിശുദ്ധിക്ക് പരിക്കേൽപ്പിക്കാൻ ഒരു പ്രതികൂല ജീവിത സാഹചര്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നത് നിസ്തർക്കമാണ്. അന്ന് വൈകിട്ട് തന്നെ സോഷ്യൽ മീഡിയകളിൽ അവളുടെ ജീവിതവും മരണവും ചർച്ചാ വിഷയമായി. ജീനച്ചൻ അവളെക്കുറിച്ച് എഴുതിയ മനോഹരമായ കുറിപ്പ് വായിച്ച ലോകം മുഴുവൻ ഏറ്റു പറഞ്ഞു: "അതേ, ഇവൾ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യ ഭക്തൻ വാഴ്ത്തപ്പെട്ട കാർലോ അക്വറ്റസിന്റെ സഹോദരിതന്നെ". ഇപ്പോൾ കോളേജിൽ പഠിപ്പിക്കേണ്ടിയിരുന്ന അവൾക്ക് സ്വർഗ്ഗത്തിൽ ഒരു വേക്കൻസി ഉണ്ടെന്ന് കണ്ട് തമ്പുരാൻ അങ്ങോട്ട് പ്രമോഷൻ കൊടുത്തതല്ലെന്ന് ആരറിഞ്ഞു! അജ്നയുടെ അനുസ്മരണം ഓൺലൈനായി നടത്തപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞ പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. അമൃതാ ഹോസ്പിറ്റലിൽ അവളെ ചികിത്സിച്ച പ്രഗത്ഭനായ ഡോക്ടർ സുബ്രമണ്യ അയ്യർ പറഞ്ഞത് ഏറെ ശ്രദ്ധേയമായി. അനേക വർഷങ്ങൾകൊണ്ട് നൂറുകണക്കിന് ക്യാൻസർ ബാധിതരെ ചികിത്സിക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും രോഗത്തോടുള്ള രണ്ടു പേരുടെ പ്രതികരണങ്ങളാണ് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വിധം അദ്ദേഹത്തെ സ്വാധീനിച്ചതത്രേ. ഒന്ന് സിനിമാ നടനായ ജിഷ്ണു രാഘവനാണ്. രണ്ടാമത്തെയാൾ അജ്ന ജോർജ്ജ് ആണത്രേ. പലപ്പോഴും ക്യാൻസർ രോഗികളോട് രോഗവിവരങ്ങൾ ചർച്ച ചെയ്യാൻ ഡോക്ടർമാർക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ, അവൾ തന്റെ സഹനങ്ങളോട് പ്രതികരിച്ച ശൈലിയും സവിശേഷമായ ധീരതയും ശാന്തതയും അദ്ദേഹത്തെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നുവത്രേ. ഒരു പെൺകുട്ടിക്ക് ഇത്ര ചെറുപ്പത്തിലേ എങ്ങനെ തന്റെ മുഖം ഇങ്ങനെ ഇഞ്ചിഞ്ചായി വിരൂപമാകുന്നത് തെല്ലും പതറാതെ അവസാന നിമിഷം വരെ കണ്ടു നിൽക്കാനായി എന്നത് വിസ്മയകരമായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇരുപത്തി രണ്ടു വയസ്സ് പൂർത്തിയായപ്പോൾ അവളെ കാർന്നു തിന്നു തുടങ്ങിയ ക്യാൻസർ രോഗത്തോട് തുടർന്ന് അഞ്ചു വർഷത്തോളം സുധീരമായി അവൾ പൊരുതി നിന്നു. ഇക്കാലത്ത് സൂപ്പർ ഹീറോകളെ ആരാധിക്കുന്ന ഒട്ടേറെ കുട്ടികളും യുവാക്കളുമുണ്ട്. എന്നാൽ, ഒന്നോർത്താൽ അജ്ന ജീവിച്ച ജീവിതമല്ലേ യാഥാർത്ഥത്തിൽ "കട്ട" ഹീറോയിസം? വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. ചെറിയ മുഖക്കുരു വന്നാൽ പോലും ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി വിഷമിക്കുന്ന, നിസ്സാര കാരണങ്ങൾക്ക് പോലും ജീവനൊടുക്കുന്ന, ചെറിയ പ്രതിസന്ധികൾ പോലും അഭിമുഖീകരിക്കാനാവാത്ത ഇന്നത്തെ യുവജനങ്ങൾക്കും കൗമാരക്കാർക്കും മാതൃകയാക്കാൻ തീർച്ചയായും ഒരു വിശുദ്ധയെ ആവശ്യമുണ്ട്. ഇന്ന് പല ക്യാംപസുകളും ലഹരിയുടെയും പൊള്ളയായ പ്രണയങ്ങളുടെയും ഇടങ്ങളായിത്തീരുമ്പോൾ നമ്മുടെ കുട്ടികൾക്ക് ആവേശം പകരാൻ, ഇങ്ങനെയും ക്യാംപസുകളിൽ ജീവിക്കാമെന്ന് കാണിച്ചു കൊടുക്കാൻ കാലം കാത്ത് വച്ച പുണ്യ ജന്മമാകണം അജ്നാമോളുടേത്. നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ. അതേ, ദിവ്യകാരുണ്യ നാഥൻ തന്റെ പ്രിയപ്പെട്ടവൾക്കു വേണ്ടി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലുണ്ട് കാര്യങ്ങൾ. കാരണം, വിശുദ്ധ ജീവിതങ്ങളെ ലോകത്തിനു മുൻപിൽ സാക്ഷ്യപ്പെടുത്തി ഉയർത്തി നിർത്തേണ്ടത് തമ്പുരാന്റെ കടമയാണ്. അവിടുന്ന് അത് നിർവഹിക്കുക തന്നെ ചെയ്യും. തീർച്ച. ഫാ. സാബു കുമ്പുക്കൽ, അസി. പ്രൊഫസർ, സേക്രഡ് ഹാർട്ട് കോളേജ് തേവര, കൊച്ചി
വിശുദ്ധരായ പെര്പെത്വയും ഫെലിസിറ്റിയും
ശുദ്ധവാര ത്രിസന്ധ്യാജപം
വിശുദ്ധരുടെ ജീവിതകഥകൾ
എന്നെ ഒന്നു തൊടുമോ എന് നാഥാ..