ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശബ്ദതയിൽ പ്രവർത്തിക്കുന്നു

23,  Sep   

ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു. യേശു എല്ലാ മനുഷ്യരേയും പോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി ഒന്നു ചേരുകയും ചെയ്തു. അവിടുന്ന്‍ അങ്ങോട്ടിറങ്ങി ചെന്നത് അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ്. അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും വസിക്കുനവരെ സന്ദര്‍ശിക്കാന്‍ അവിടുന്ന്‍ ആഗ്രഹിച്ചു. കാണാതെ പോയ ആടിനെ എന്ന പോലെ അവിടുന്ന്‍ അവരെ അന്വേഷിച്ചു പോയി. അവിടുന്ന് അവരോട് പറഞ്ഞു "ഉറങ്ങുന്നവനേ എഴുന്നേല്‍ക്കൂ! ഞാന്‍ നിന്‍റെ ദൈവമാണ്. പാതാളത്തില്‍ തടവുകാരനായിരി‍ക്കാനല്ല ഞാന്‍ നിന്നെ സൃഷ്ടിച്ചത്. മരിച്ചവരില്‍ നിന്ന്‍ എഴുന്നേല്‍ക്കുക. മരണമടഞ്ഞവരുടെ ജീവനാണു ഞാന്‍." യേശു "മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു." എന്ന് പുതിയ നിയമം കൂടെക്കൂടെ പ്രസ്താവിക്കുമ്പോള്‍ അവിടുന്ന്‍ തന്‍റെ പുനരുത്ഥാനത്തിനു മുന്‍പു മൃതരുടെ വാസസ്ഥലത്ത് വസിച്ചു എന്ന കാര്യം വ്യക്തമാക്കുന്നു. അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്‍റെ പാതാളത്തിലേക്കുള്ള അവരോഹണവും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നുള്ള അവിടുത്തെ പുനരുത്ഥാനവും ഏറ്റു പറയുന്നു. മൃതനായ മിശിഹാ ഇറങ്ങിയ മൃതരുടെ വാസസ്ഥലത്തെ വിശുദ്ധ ഗ്രന്ഥം പാതാളം (Hell) എന്നാണ് വിളിക്കുന്നത്. ഹീബ്രൂ ഭാഷയില്‍ ഷിയോള്‍ (sheol) എന്നും ഗ്രീക്ക് ഭാഷയില്‍ ഹേദെസ് (Hades) എന്നുമാണ് ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവര്‍ക്ക് ദൈവദര്‍ശനം ലഭിക്കുന്നില്ല. ദുഷ്ടരായാലും നീതിമാന്മാരായാലും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ എല്ലാ മൃതരുടെയും അവസ്ഥ ഇതാണ്. ഇപ്പറഞ്ഞ രണ്ടു കൂട്ടരുടെയും സ്ഥിതി ഒന്നുതന്നെയാണ് എന്നര്‍ത്ഥമില്ല. "അബ്രഹാത്തിന്‍റെ മടിയില്‍" സ്വീകരിക്കപ്പെട്ട ലാസര്‍ എന്ന ദരിദ്രന്‍റെ ഉപമയിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "അബ്രാഹത്തിന്‍റെ മടിയില്‍ തങ്ങളുടെ രക്ഷകനെ കാത്തിരുന്ന ഈ വിശുദ്ധാത്മാക്കളെ തന്നെയാണ് കര്‍ത്താവായ ക്രിസ്തു പാതാളത്തിലേക്കു ഇറങ്ങിയപ്പോള്‍ വിമുക്തരാക്കിയത്." ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ ശാപസ്ഥലമായ പാതാളത്തെ നശിപ്പിക്കാനോ അല്ല; പിന്നെയോ തന്‍റെ മുന്‍പേ പോയ നീതിമാന്മാരെ വിമുക്തരാക്കാനാണ് അവിടുന്ന്‍ പാതാളത്തിലേക്ക് ഇറങ്ങിയത്. "മരിച്ചവരോടു പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു." പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ 'മെസ്സയാനിക' ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്ക് വ്യാപിക്കുന്നു. കാരണം രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു. "മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും" വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവന്‍റെ കര്‍ത്താവായ" യേശു മരണം വരിച്ചു കൊണ്ട്, മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അതായത് പിശാചിനെ നശിപ്പിക്കുകയും, മരണ ഭീതിയാല്‍ ജീവിത കാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോച്ചിപ്പിക്കുകയും ചെയ്തു. ഇനിമേല്‍ "മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍" ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൈയിലാണ്. അതുകൊണ്ട് " യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങുന്നു. യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നും, നമുക്കു വേണ്ടിയുള്ള അവിടുത്തെ മരണം വഴി മരണത്തെയും "മരണത്തിന്മേല്‍ ആധിപത്യമുള്ള" പിശാചിനെയും കീഴടക്കി എന്നുമാണ്. "അവിടുന്ന്‍ പാതാളത്തിലേക്കിറങ്ങി" എന്ന പ്രയോഗത്തിലൂടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റു പറയുന്നത്. മൃതനായ മിശിഹാ, മരിച്ചവരുടെ വാസസ്ഥലത്തേക്ക് ഇറങ്ങിച്ചെന്നു. അവിടുന്നു തനിക്കു മുന്‍പേ പോയ നീതിമാന്‍മാര്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നു. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍, തന്‍റെ പുത്രന്‍ "നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചാല്‍" മാത്രം പോരാ അവിടുന്ന്‍ "മരണം മൂലമുണ്ടാകുന്ന വേര്‍പാടിന്‍റെ അവസ്ഥ രുചിച്ചറിയുക കൂടി വേണം" എന്നു നിശ്ചയിച്ചു. അതായത്, അവിടുന്ന്‍ കുരിശില്‍ വച്ചു പ്രാണന്‍ വെടിഞ്ഞ സമയത്തിനും മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ട സമയത്തിനും ഇടയില്‍ അവിടുത്തെ ആത്മാവിന് ശരീരത്തില്‍ നിന്നുണ്ടായ വേര്‍പാടിന്‍റെ അവസ്ഥ അനുഭവിക്കണമെന്നു അവിടുന്ന്‍ നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിന്‍റെ അവസ്ഥ കബറിടത്തിന്‍റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിന്‍റെയും രഹസ്യമാണ്. അതു ക്രിസ്തു മര്‍ത്ത്യരക്ഷ പൂര്‍ത്തിയാക്കിയിട്ട് കബറിടത്തില്‍ ശയിച്ചുകൊണ്ട് ദൈവത്തിന്‍റെ മഹത്തായ സാബത്ത് വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനം കൊണ്ടുവരുന്നതുമായ ദുഃഖശനിയാഴ്ചയുടെ രഹസ്യമാണ്. ക്രിസ്തു തന്‍റെ ശരീരത്തോടു കൂടി കബറിടത്തിനുള്ളില്‍ ഉയിര്‍പ്പിന് മുന്‍പുള്ള അവിടുത്തെ പീഡാസഹനവും, അവിടുത്തെ മഹത്വപൂര്‍ണ്ണവും ഉത്ഥിതമായ അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കുന്ന യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്തുവിന്‍റെ കബറിട വാസം. വിശുദ്ധ ഗ്രിഗറി (Nyssa) പറയുന്നതുപോലെ, മരണം വഴി ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുകയും പ്രകൃതിയുടെ അനിവാര്യമായ ക്രമം ലംഘിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിലൂടെ എല്ലാം ദൈവത്തിൽ പുന:സ്ഥാപിക്കപ്പെടുന്നു. അങ്ങനെ രണ്ടിന്‍റെയും അതിര്‍ത്തി അതായത് മരണത്തിന്‍റെയും ജീവന്‍റെയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ ഈ, രണ്ട് അവസ്ഥകളെയും ക്രിസ്തു തന്റെ കബറിട വാസത്തിലൂടെ ബന്ധിപ്പിക്കുന്നു. അപ്പോൾ തീർച്ചയായും ഒരു ചോദ്യമുയരാം- മരിച്ചു അടക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരത്തിൽ ദൈവികത നില നിന്നിരുന്നുവോ? ഇതിന് ഡമാസ്കസിലെ വിശുദ്ധ യോഹന്നാൻ നല്കുന്ന വിശദീകരണം ഇപ്രകാരമാണ്. "മനുഷ്യനെന്ന നിലയില്‍ ക്രിസ്തു മരണം വരിച്ചപ്പോള്‍ അവിടുത്തെ വിശുദ്ധ ആത്മാവ്, നിമ്മല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു. എന്നാല്‍ ദൈവികതയാകട്ടെ ഒന്നില്‍ നിന്നും അതായത് ആത്മാവില്‍ നിന്നോ ശരീരത്തില്‍ നിന്നോ വേര്‍തിരിക്കപ്പെട്ടില്ല. അതുകൊണ്ട് ഏക വ്യക്തി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്മാവും ഒരേസമയം ആദി മുതലേ വചനമാകുന്ന വ്യക്തിയില്‍ സ്ഥിതി ചെയ്തിരുന്നു. മരണത്തില്‍ അവ വിഭജിക്കപ്പെട്ടു എങ്കിലും അവ സ്ഥിതി ചെയ്തിരുന്ന വചനത്തില്‍ ഏക വ്യക്തിത്വത്തില്‍ രണ്ടും എന്നും നിലനിന്നിരുന്നു." കലറയിൽ അടക്കപ്പെട്ട ക്രിസ്തുവിന്‍റെ ശരീരത്തെപറ്റി വിശുദ്ധ ലിഖിതങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു- "അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല" (സങ്കീ 16:10, അപ്പ 2:27). "അവന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു" (എശയ്യ 53:8). ക്രിസ്തുവിന്‍റെ മരണം അവിടുത്തെ ഭൗമിക മാനുഷിക അസ്തിത്വത്തിനു അവസാനം കുറിച്ചു എന്ന അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മരണമായിരുന്നു. എന്നാല്‍ അവിടുത്തെ ശരീരം പുത്രന്‍ എന്ന വ്യക്തിയുമായി പുലര്‍ത്തിയിരുന്ന ഐക്യം മൂലം അത് മറ്റുള്ളവരുടേതു പോലുള്ള ഒരു മൃതശരീരമായിരുന്നില്ല. കാരണം മരണത്തിന് അതിനെ അധീനപ്പെടുത്തുവാന്‍ സാധ്യമായിരുന്നില്ല. "ദൈവിക ശക്തി ക്രിസ്തുവിന്‍റെ ശരീരത്തെ ജീര്‍ണിക്കലില്‍ നിന്നും സംരക്ഷിച്ചു" എന്ന് വിശുദ്ധ തോമസ്‌ അക്വീനാസ് പറയുന്നു. "മൂന്നാം ദിവസം" സംഭവിച്ച ക്രിസ്തുവിന്‍റെ പുനരുത്ഥാനം ഇതിന്‍റെ തെളിവായിരുന്നു. കാരണം ശാരീരികമായ ജീര്‍ണിക്കല്‍ മരണത്തിനുശേഷം നാലാം ദിവസം തുടങ്ങുന്നതായി കരുതപ്പെട്ടിരുന്നു. ക്രിസ്തുവിനോടുകൂടെ സംസ്ക്കരിക്കപ്പെട്ടവര്‍ മാമ്മോദീസയുടെ ആദിമവും പൂര്‍ണ്ണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. ഇത്, പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടോപ്പം (പാപത്തിനു) മരിക്കുന്ന ഒരു ക്രൈസ്തവന്‍ ക്രിസ്തുവിനോടോപ്പം തന്നെ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു. "അതുകൊണ്ട് മാമ്മോദീസാ വഴി നാം അവനോടുകൂടെ മരണത്തിലേക്ക് സംസ്ക്കരിക്കപ്പെട്ടു. പിതാവിന്‍റെ മഹത്വത്താല്‍ മിശിഹാ മരിച്ചവരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ടതു പോലെ നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിന് വേണ്ടിയാണിത്." മിശിഹാ കബറിടത്തില്‍ ആയിരുന്ന വേളയില്‍ അവിടുത്തെ ദൈവിക വ്യക്തി അവിടുത്തെ ആത്മാവും ശരീരവും മരണം വഴി പരസ്പരം വേര്‍തിരിക്കപ്പെട്ടിരുന്നെങ്കിലും അവയെ അവിരാമം ആദാനം ചെയ്തിരുന്നു. ഇക്കാരണത്താല്‍ മൃതനായ ക്രിസ്തുവിന്‍റെ ശരീരം "ജീര്‍ണിച്ചില്ല." (അപ്പ 13:37). ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശ്ശബ്ദതയിൽ പ്രവർത്തിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ "ദുഃഖശനിയാഴ്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. സാധ്യമായ വിധത്തിൽ ഈ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം."


Related Articles

Contact  : info@amalothbhava.in

Top