ഉന്നതങ്ങളില്‍നിന്നു നോക്കുമ്പോള്‍ ദൈവത്തിന്‍റെ കണ്ണില്‍പ്പെടുന്നത് മനുഷ്യന്‍റെ ഏകാന്തതയും അനാഥത്വവുമാണ്. ഒരാളും അതിന് അപവാദമല്ല. വേദപുസ്തകം ആരംഭിക്കുന്നതുതന്നെ അങ്ങനെയാണ്. മനുഷ്യന്‍ ഏകനാണെന്ന് ദൈവം കണ്ടു.
ഭൂമിയുടെ ഏകാന്തതയെത്തന്നെയായിരുന്നു ക്രിസ്തുവും നിരന്തരം അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. രണ്ടായിരം വര്‍ഷം മുന്‍പ് ഭൂമിയുടെ അതിരുകളിലേയ്ക്ക് തന്‍റെ സാര്‍ത്ഥവാഹകസംഘത്തെ അയയ്ക്കുമ്പോള്‍ നിഷ്കര്‍ഷിച്ചത് അതായിരുന്നു. യാത്ര പോകുമ്പോള്‍ രണ്ടു പേരായി പോവുക. മനുഷ്യന്‍റെ അത്തരം വൈകാരിക – മാനസിക ആവശ്യങ്ങളെക്കുറിച്ചു കാര്യമായ ധാരണയൊന്നുമില്ലാത്ത ഒരു കാലത്തായിരുന്നു അതെന്ന് ഓര്‍ക്കണം.
വ്യക്തിപരമായി കൂട്ടിന് അനിതര മൂല്യം കല്പിച്ചു കൊടുത്തു. ലാസറിന്‍റെ കുഴിമാടത്തില്‍ യേശു അലമുറയിട്ടു-എന്നര്‍ത്ഥം വരുന്ന വിവര്‍ത്തനങ്ങളും കണ്ടിട്ടുണ്ട്. അതുകണ്ടിട്ടാണ് അവന്‍ അയാളെ എത്ര അഗാധമായി സ്നേഹിച്ചിരുന്നുവെന്ന് അവന്‍റെ കാലം അടക്കം പറഞ്ഞത്. കഷ്ടരാത്രിയില്‍പോലും ആവശ്യപ്പെട്ടത് അതായിരുന്നു: എന്നോടൊപ്പം ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. അതവന് ഒടുവില്‍ നിഷേധിക്കപ്പെട്ടുവെങ്കിലും. ഒരിക്കലും അനാഥരായി വിടുകയില്ല എന്നുള്ളതായിരുന്നു കൈമാറിയ വാഗ്ദാനം.
കുരിശിലെ മൂന്നാമത്തെ മൊഴിയിലേക്കാണ് നാമെത്തുന്നത്. ആദ്യത്തേത് മാപ്പ് – ആരും നഷ്ടമായിട്ടില്ല. രണ്ടാമത്തേത് മോക്ഷം – ആരും വൈകിയിട്ടില്ല. ഇനി മൈത്രി-ആരും ഒറ്റയല്ല.
വല്ലാതെ കാലുവെന്ത രണ്ടു മനുഷ്യരാണ് കുരിശിന്‍ചുവട്ടില്‍, യോഹന്നാനും അമ്മ മേരിയും. പല കാരണങ്ങള്‍ കൊണ്ട് ഇനി ഏകാകികളാകേണ്ടി വരുന്ന മനുഷ്യര്‍. യോഹന്നാന്‍റെ ഭൗതികസാഹചര്യങ്ങള്‍ ഭേദപ്പെട്ടതാണ്. ബാക്കി എല്ലാവരുമുണ്ട്. അമ്മ അയാളോടൊപ്പം കുരിശില്‍ത്തന്നെയാണ്. എന്നിട്ടും അയാള്‍ എന്തുകൊണ്ട് ഒറ്റയാവുന്നു? മനുഷ്യര്‍ ഒറ്റയാവുന്നതിന്‍റെ കാരണങ്ങള്‍ ഇന്നോളം നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. മേരിയുടെ കാര്യത്തില്‍ എല്ലാം വിപരീതമാണ്. വിധവ, ഏകമകന്‍റെ ആസന്നവിയോഗം അങ്ങനെയങ്ങനെ… ആ രണ്ട് ഒറ്റപ്പെട്ട മനുഷ്യരാണ് ഇനിമേല്‍ ഒരുമിച്ചു നടക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നത്: ഇതാ നിന്‍റെ മകന്‍/ഇതാ നിന്‍റെ അമ്മ. ആ നിമിഷംതൊട്ട് യോഹന്നാന്‍ അവളെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.
സൗഹൃദത്തെ വിലമതിക്കാന്‍ വേണ്ടിക്കൂടിയാണ് ഈ കാലം. കുലീനമായ സ്ത്രീപുരുഷ സൗഹൃദത്തിന്‍റെ കഥ കൂടിയാണിത്. നമുക്കത് യോഹന്നാനായും മേരിയായും നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു പുരുഷന്‍ തന്‍റെ ആരുമില്ലാത്ത ഒരു സ്ത്രീയെ തന്നോടൊപ്പം വീട്ടില്‍ പാര്‍പ്പിച്ചതിന്‍റെ നാള്‍വഴി കൂടിയാണിത്. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ അത്തരം ഒരു നിര്‍മ്മല സൗഹൃദം സാധ്യമല്ലെന്ന് കരുതുന്ന ഒരു കാലത്തിലും സമൂഹത്തിലും അതങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എല്ലാ സൗഹൃദങ്ങള്‍ക്കുമുണ്ട്. ഓരോരോ കാലങ്ങളില്‍ ഉടപ്പിറന്നവരേക്കാള്‍ അരികില്‍നിന്ന ആത്മമിത്രങ്ങള്‍! മറ്റു പലരോടുമെന്ന പോലെ അവരോടും നമ്മള്‍ അത്ര ഫെയര്‍ ആയിരുന്നില്ല. അത്തരം ചില ചങ്ങാതിമാരെ അന്വേഷിച്ചു പോകാനും തണുത്തുറഞ്ഞുപോയ സ്നേഹത്തെ ജ്വലിപ്പിക്കാനും നോമ്പിന്‍റെ മൂന്നാം വാരത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവട്ടെ.
മനുഷ്യന്‍റെ ഏകാന്തതയ്ക്ക് നിങ്ങള്‍ എങ്ങനെ ഉത്തരം കൊടുത്തു എന്നുള്ളതാണ് അന്ത്യവിചാരണയിലെ കാതലായ ചോദ്യം. പരദേശിക്കു വീടായോ, നഗ്നന് ഉടുപ്പായോ, രോഗിയുടെ ഔഷധമായോ തടവറക്കിളിയുടെ സന്ദര്‍ശകനായോ എന്നൊക്കെയാണ് ഓരോ കാലത്തെയും അവിടുന്ന് വിചാരണ ചെയ്യാന്‍ പോകുന്നത്. ഒത്തിരി മനുഷ്യര്‍ തങ്ങളെ ഏല്പിച്ച ആ ഉത്തരവാദിത്വത്തെക്കുറിച്ചു ബോധവാന്മാരാണ്. അവരിലൂടെയാണ് 'ഞാന്‍ നിങ്ങളെ ഒറ്റയ്ക്ക് വിടില്ല' എന്ന് അവന്‍റെ മൊഴികള്‍ മാംസം ധരിക്കുന്നത്. അതില്‍ ശ്രദ്ധേയമെന്നു തോന്നിയ ഒന്നു രണ്ടു കാര്യങ്ങള്‍ പരിചയപ്പെടുത്താമെന്നു തോന്നുന്നു. ഓര്‍ത്താല്‍ നമ്മുടെ ഇച്ചേച്ചിമാര്‍ കുറേക്കൂടി ഭാഗ്യം ചെയ്തവരാണ്. അവര്‍ക്കൊന്നു പിണങ്ങിപ്പോകണമെങ്കില്‍ ഒരു വീടും പ്രായമായ മാതാപിതാക്കന്മാരും എങ്ങോ ഉണ്ട്. അതല്ല ബൂര്‍ഷ്വാ നാടുകളിലെ കഥ. അവിടെ ഗാര്‍ഹികജീവിതത്തില്‍ ഒരു സംഘര്‍ഷത്തിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ കടന്നുപോകുന്ന സ്ത്രീയ്ക്ക് മരുന്നിനു പോലും ചൂണ്ടിക്കാട്ടാന്‍ ഒരിടമില്ല. മാതാപിതാക്കള്‍ ഇതിനകം 'സോഷ്യല്‍ സെക്യൂരിറ്റി'യുടെ ഭാഗമായിട്ടുമുണ്ടാവും. അവിടെയാണ് 'റോസീസ് പ്ലേസി'ന്‍റെ പ്രസക്തി. അതൊരു തുറന്നിട്ട വീടാണ്. കുറച്ച് പലവ്യഞ്ജനങ്ങള്‍ കരുതിയിട്ടുണ്ടാവും. ആവശ്യമുണ്ടെങ്കില്‍ എന്തെങ്കിലും ഇത്തിരി പാകപ്പെടുത്തി ചുരുണ്ടുകൂടി കിടന്ന് ഒരു കണ്‍സ്ട്രക്ടീവ് പോസ് സൃഷ്ടിച്ചെടുക്കുന്നു. ഒരു ചെറിയ ഇടവേള പോലും എന്തൊരു ആശ്വാസമാണ്. 1974-ല്‍ ബോസ്റ്റണില്‍ കിപ്റ്റിയര്‍ മാന്‍ തുടക്കമിട്ട നോണ്‍- പ്രോഫിറ്റ് സംരംഭമാണ് 'റോസീസ് പ്ലേസ്'. സംഘര്‍ഷമോ സമ്മര്‍ദ്ദമോ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു താല്‍ക്കാലികവസതി എന്ന നിലയിലാണ് അതിനെ ഭാവന ചെയ്തിട്ടുള്ളത്. വിധവയായ ഒരു അമ്മയെ ഒറ്റയ്ക്കാക്കി ഒരു മകന്‍ കടന്നുപോകുമ്പോള്‍ അവരുടെ സംരക്ഷണവും ശ്രദ്ധയും ഒരു ആത്മമിത്രത്തെ ഏല്പിച്ചുവെന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കരുതല്‍ ഇത്തരം വീടുകളുടെ ബാക് ഡ്രോപ്പായി ഉണ്ടായിരിക്കുമോ? ഒരു വിശ്രമവസതി എന്നതിനേക്കാള്‍ കാര്യങ്ങള്‍ ഇപ്പോള്‍ മുന്‍പോട്ടു പോയിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും അവളെ നേരെ നിര്‍ത്താനുള്ള സ്കഫോള്‍ഡുകള്‍ അവര്‍ ഉറപ്പുവരുത്തുന്നു. നട്ടെല്ലോടെ നേരെ നില്‍ക്കാനും ആത്മവിശ്വാസത്തോടെ പോരാടാനും അവരെ പര്യാപ്തരാക്കുന്നതിലാണ് അവരുടെ മുഴുവന്‍ ശ്രദ്ധയും.
'ഹഗ്ഗിങ് കമ്യൂണിറ്റി' എന്നൊരു സുവാര്‍ത്തയും അടുത്ത കാലത്ത് കേള്‍ക്കുകയുണ്ടായി. Belonging എന്നൊരു സൂചനയുമായി രാധ അഗര്‍വാള്‍ എന്ന വനിതയാണ് അതിനു പിന്നില്‍. മനുഷ്യന്‍റെ വളര്‍ച്ചയ്ക്കും ധൈര്യത്തിനും ഏറ്റവും പ്രാഥമികമെന്ന് കരുതുന്ന സ്പര്‍ശനം പോലും പാടെ നിഷേധിക്കപ്പെട്ടതാണ് നഗരങ്ങളുടെ ദുര്യോഗം. അതിനവരെ പ്രേരിപ്പിക്കുക, തങ്ങളുടേതാണെന്ന് ഉറപ്പു കൊടുക്കുക – ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നത്. ഇന്‍റര്‍നെറ്റ് എന്ന ചരടില്‍ കോര്‍ത്ത പുതുകാല സൗഹൃദത്തില്‍ ആയിരങ്ങളും പതിനായിരങ്ങളും ഫോളോ ചെയ്യുമ്പോള്‍ 'നിങ്ങളുടേത്' എന്ന് ചുണ്ണാമ്പു തേച്ച ഒരാള്‍ പോലുമില്ലെന്നത് നിലയില്ലാത്ത കിണറ്റിലേക്കു നോക്കുന്നതുപോലെ തല ചുറ്റിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 'കമ്യൂണിറ്റി കണ്‍ഫ്യൂഷന്‍' എന്നാണ് രാധ അതിനെ വിളിക്കുന്നത്. ഈ ആശയക്കുഴപ്പത്തില്‍ നിന്ന്
പുറത്തുകടക്കുവാന്‍ അടുത്തിരിക്കുക, കൈ കോര്‍ത്തു പിടിക്കുക, അറച്ചുനില്‍ക്കാതെ ആലിംഗനം ചെയ്യുക എന്നുള്ളതൊക്കെയാണ് ഗൃഹപാഠം. നോമ്പ് ഒഴിവാക്കലുകളുടെ പട്ടികയായിത്തന്നെയാണ് ഇപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. ഭാവാത്മകമായ ചില ഇടപെടലുകളിലേക്ക് കുറേക്കൂടി മനസ്സിനെ ഏകാഗ്രമാക്കാന്‍ ഒരു കാലമെന്ന നിലയില്‍ അതിനെ മനസ്സിലാക്കുമ്പോഴാണ് ലെന്‍റിന്‍റെ എറ്റിമോളജിയില്‍ കരുതി വച്ചിരിക്കുന്ന വസന്തം എന്ന പദത്തിന് പൊരുളുണ്ടാവുക. ഇതൊക്കെ അപരനുവേണ്ടിയാണെന്ന് ധരിച്ചാല്‍ പൊട്ടിപ്പോയി. ആനന്ദമുള്ള മനുഷ്യനാകാന്‍ അപരനിലേക്ക് കരം നീട്ടുക എന്നതല്ലാതെ വേറെ കുറുക്കുവഴികളില്ല. ചുരുക്കത്തില്‍ നിങ്ങള്‍ ആരുടേയും രക്ഷകനാവുകയല്ല; അവരിലൂടെ ആത്മരക്ഷ കണ്ടെത്തുക മാത്രമാണ്. നമ്മള്‍ നമ്മളെത്തന്നെയാണ് സഹായിക്കുന്നത്. 'ഹാപ്പി ഹോര്‍മോണ്‍' ഒക്കെ ഗൂഗ്ള്‍ ചെയ്ത് അതു സ്വയം ബോധ്യപ്പെടാവുന്നതാണ്. വെറുതെയല്ല ഇങ്ങനെ പറഞ്ഞ് ഒരു ചെറിയ കാലത്തെ അവിടുന്ന് സംഗ്രഹിച്ചത്: 'ഞാന്‍ ഇവയൊക്കെ നിങ്ങളോടു സംസാരിച്ചത് നിങ്ങളുടെ ആനന്ദം പൂര്‍ണമാകാനാണ്.'
ദൈവത്തിന്‍റെ നഴ്സറിയില്‍ പൂക്കളും ഫലങ്ങളും ഇപ്പോള്‍ തീരെ വില്‍പ്പനയ്ക്കില്ല. പകരം, വിത്തുകള്‍; വിത്തുകള്‍ മാത്രം.