വരയും വര്‍ണങ്ങളാലും മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ച് ഒരു വൈദികന്‍

06,  Oct   

Subscrib

പത്തനാപുരം: വരയും വര്‍ണങ്ങളാലും മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ച് വൈദികന്‍ ശ്രദ്ധ നേടുന്നു. കോവിഡ് കാലത്ത് ലഭിച്ച അധികസമയവും വരയുടെ ലോകത്താണ് തലവൂര്‍ നടുത്തേരി സ്വദേശിയായ ഫാ. മാത്യൂസ് റ്റി ജോര്‍ജെന്ന ജിനു അച്ചന്‍. സ്‌കൂള്‍ പഠനകാലത്ത് പെന്‍സില്‍ ചിത്രങ്ങളൊക്കെ വരയ്ക്കുമായിരുന്നെങ്കിലും അന്നത് ഗൗരവമായിരുന്നില്ല. മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബോട്ടണി ബിരുദകാലയളവിലാണ് വര തനിക്ക് വഴങ്ങുമെന്ന തിരിച്ചറിവുണ്ടാകുന്നത്.

 

കോട്ടയം വൈദിക സെമിനാരിയിലെ പഠനകാലത്തും ചില ചിത്രങ്ങളൊക്കെ വരച്ചു. വരവഴിയില്‍ ഗുരുക്കന്‍മാരോ ശാസ്ത്രീയ പഠനമോ ഇല്ലാതെ ചിത്രകാരനായി മാറിയ അച്ചന്‍, വരച്ച ചിത്രങ്ങള്‍ പല ദേവാലയങ്ങളിലും ഇടം പിടിച്ചു. ലാഭമല്ല ആത്മസംതൃപ്തിയാണ് വലുതെന്നാണ് ജിനു അച്ചന്റെ വാദം. മാതൃ ഇടവകയിലെ വികാരിയായിരുന്ന ഫാ.ഐപ്പ് നൈനാനാണ് ഓയില്‍ പെയിന്റിംഗിന്റെ സാധ്യതകളെപ്പറ്റി പറഞ്ഞത്. അവിടെയും ഗുരുക്കന്‍മാരുടെ സഹായമില്ലാതെ പരിശ്രമിക്കാനായിരുന്നു ജിനു അച്ചന്റെ തീരുമാനം. ഓയില്‍ പെയിന്റില്‍ ആദ്യമായി വിടര്‍ന്നത് തിരുവത്താഴം. അതാകട്ടെ പത്തനാപുരം മാര്‍ ഗ്രീഗോറിയോസ് ചെറിയ പള്ളിയുടെ അള്‍ത്താരയെ അലങ്കരിക്കുന്നു.

 

പിന്നീട് നിരവധി ദേവാലയങ്ങളില്‍ നിന്നായി ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുമെത്തി. നീണ്ട പരിശ്രമവും ക്ഷമയും ശ്രദ്ധയും വേണ്ട കലയാണ് ഓയില്‍ പെയിന്റിംഗ്. ഈര്‍പ്പം അല്‍പ്പം തട്ടിയാല്‍പോലും അതുവരെയുള്ള പരിശ്രമങ്ങള്‍ പാഴ് വേലയാകും. അതുകൊണ്ട് തന്നെ സൂക്ഷ്മത ഏറെ വേണം. നിലവിലുള്ള ചിത്രങ്ങളുടെയോ നെറ്റില്‍ ലഭ്യമായ ചിത്രങ്ങളുടെയോ സഹായം തേടാതെ ബൈബിള്‍ വായിച്ച് ലഭ്യമാകുന്ന അനുഭൂതിയുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് വരയ്ക്കുക.

 

അതുകൊണ്ട് നിലവില്‍ പരിചരിച്ചുപോകുന്ന ചിത്രങ്ങളില്‍ നിന്നും ഏറെക്കുറെ വ്യത്യാസങ്ങളും അച്ചന്റെ ചിത്രങ്ങള്‍ക്കുണ്ട്. ഓയില്‍ പെയിന്റും കാന്‍വാസും ലഭ്യമാകാന്‍ഏറെ ബുദ്ധിമുട്ടാണ്. തിരുവനന്തപുരത്തോ എറണാകുളത്തോ പോയാണ് ഇവ വാങ്ങുന്നത്. പട്ടാഴി തെക്കേത്തേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായ ജിനു അച്ചന്‍ ലോക്ക്ഡൗണ്‍ കാലത്തും നിരവധി ചിത്രങ്ങള്‍ വരച്ചു. ത്രീഡി ചിത്രങ്ങളും ഐക്കണ്‍ ചിത്രങ്ങളുമൊക്കെ കാന്‍വാസില്‍ പകര്‍ത്തും. വീടിന്റെ ചുമരുകളിലും ആ വൈഭവം തിരിച്ചറിയാം.സിനിമാ കായിക താരങ്ങളുമൊക്കെ ആ ചിത്രശേഖരങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

 

ഇതിനിടെ അബുദാബിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് പോയ അച്ചന്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ക്ക് സെയ്ദിന്റേയും ഭരണാധികാരികളുടെയും ചിത്രം വരച്ചും ശ്രദ്ധ നേടിയിരുന്നു.


Related Articles

Contact  : info@amalothbhava.in

Top