ക്രിസ്തുമതം അതിപ്രാചീന കാലത്തു തന്നെ ഭാരതത്തിലെത്തി. സാമാന്യം വലിയ ഒരു ക്രൈസ്തവ സമൂഹം ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഇവിടെയുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. മുഖ്യമായും കടൽമാർഗ്ഗവും വടക്കുപടിഞ്ഞാറൻ മേഖലകളിലൂടെയുമാണ് ക്രൈസ്തവരിവിടെ എത്തിയത്. 10-ാം നൂറ്റാണ്ടിനു ശേഷം ചരിത്രത്തിന്റെ ഗതിവിഗതികളിൽ വടക്കൻ മേഖലകളിലെ ഈ സമൂഹങ്ങൾ നശിച്ചു പോയപ്പോൾ തെക്കേ ഇന്ത്യയുടെ തീരദേശങ്ങളിലെ ക്രൈസ്തവർ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നിലനിന്നു പോന്നു. ഈ ക്രൈസ്തവർ തങ്ങളെ മാർ തോമാ കിസ്ത്യാനികൾ എന്നാണ് വിശേഷിപ്പിച്ച് പോന്നത്. യേശു ശിഷ്യനായ വിശുദ്ധ തോമസ് അപ്പസ്തോലനാണ് തങ്ങളുടെ പൂർവ്വികരെ മാനസാന്തരപ്പെടുത്തി ജ്ഞാനസ്നാനം നല്കിയതെന്ന് ഇക്കൂട്ടർ ഉറച്ചു വിശ്വസിക്കുന്നു.
ഇതിനു ആധാരമായി ശാസ്ത്രീയ തെളിവുകളായ പപ്പീറസ് ചുരുളുകളോ, ശിലാലിഖിതങ്ങളോ എടുത്തവതരിപ്പിക്കാനില്ലെങ്കിലും മാർതോമാ ക്രിസ്ത്യാനികളുടെ ജീവിക്കുന്ന പാരമ്പര്യമാണ് ഏറ്റവും വലിയ തെളിവെന്നാണ് കാർഡിനൽ പാറേക്കാട്ടിൽ എഴുതിയിട്ടുള്ളത്. മാർ തോമാശ്ലീഹായാണ് തങ്ങളുടെ പൂർവ്വികർക്ക് സുവിശേഷമെത്തിച്ചതെന്ന് ഈ വിശ്വാസികളുടെ ഹൃദയഭിത്തികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിശ്വാസമാണ്.
മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിപരീതമായ അപ്രമാണിക ഗ്രന്ഥമായ' മാർതോമായുടെ നടപടി'കളിൽ വിശുദ്ധ തോമസിന്റെ ഭാരത പ്രേഷിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന ചില ഘടകങ്ങൾ ഉണ്ടെന്നാണ് പണ്ഡിതമതം. ചരിത്രകാരനായ മിംഗാനയുടെ സമർത്ഥനം ഇങ്ങനെ: " പൗരസ്ത്യസഭകളുടെ ഇട മുറിയാതുള്ള പാരമ്പര്യമാണ് വിശുദ്ധ തോമസ് അപ്പസ്തോലൻ ഭാരതത്തിൽ സുവിശേഷ വേലനടത്തിയെന്നത്. അപ്പസ്തോലനെക്കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്താത്ത ഒരു ചരിത്രകാരനോ , കവിയോ , യാമപ്രാർത്ഥനകളോ, ലിറ്റർജിയോ ഇല്ല തന്നെ !"
വൈദേശിക പാരമ്പര്യമനുസരിച്ച് സെന്റ്.തോമസ് അന്ന് അറിയപ്പെട്ടിരുന്ന വ്യാപാരികളുടെ സഞ്ചാര മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെത്തി, പാർത്ഥിയായിലും, ഇന്ത്യയിലും സുവിശേഷം പ്രസംഗിച്ചു; രാജകുടുംബത്തിൽപ്പെട്ടവരെയടക്കം അനേകരെ മാനസാന്തരപ്പെടുത്തി, ഇന്ത്യയിൽ വച്ചു തന്നെ രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ തിരുശേഷിപ്പ് എഡേസായിലേക്ക് കൊണ്ടുപോയി.
മലബാർ പാരമ്പര്യമനുസരിച്ച് മാർ തോമാശ്ലീഹാ വ്യാപാരികളുടെ സഞ്ചാരപാതയിലുടെ കടൽ മാർഗ്ഗം ഏ.ഡി.52 - ൽ കൊടുങ്ങലൂരിൽ കപ്പലിറങ്ങി. കൊടുങ്ങല്ലൂരും പാലയൂരും മറ്റും ഉന്നതകുലജാതരുൾപ്പെടെ പലരെയും ജ്ഞാനസ്നാനപ്പെടുത്തുകയും പല ക്രൈസ്തവ കൂട്ടായ്മകൾക്ക് രൂപം നൽകുകയും ചെയ്തു. ഈ സത്യങ്ങളെല്ലാം ലിഖിത രൂപം പ്രാപിക്കുന്നത് പോർച്ചുഗീസുകാരുടെ വരവിനു ശേഷം 15-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ്. അപ്പസ്തോലൻ കിഴക്കേ തീരപ്രദേശങ്ങളിലേക്കു നീങ്ങി സുവിശേഷം പ്രസംഗിക്കുന്നതിനിടയിൽ മൈലാപ്പൂർ വച്ച് വധിക്കപ്പെട്ടു. ശ്ലീഹായുമായി ബന്ധപ്പെട്ട സ്ഥലങ്ങളോടും വസ്തുക്കളോടും മാർ തോമാ ക്രിസ്ത്യാനികൾക്ക് വലിയ ആദരവും വണക്കവുമായിരുന്നു. തീർത്ഥാടകർ മൈലാപ്പൂർ കുഴിമാടത്തിൽ നിന്ന് മണ്ണ് ശേഖരിച്ച് തിരുശേഷിപ്പായി കൊണ്ടുപോയിരുന്നുവെന്നും അത് വെള്ളത്തിൽ കലക്കി രോഗികൾക്കു കൊടുക്കുമായിരുന്നുവെന്നും പാരമ്പര്യമുണ്ട്.
' മാർ തോമായുടെ നടപടി' കളിൽ( Acts of Judas Thomas) വിവരിക്കുന്ന കാര്യങ്ങളും വിവിധ പാരമ്പര്യങ്ങളും മൈലാപ്പൂരിലെ കബറിടവും മാർതോമാ ശ്ലീഹായുടെ ഇന്ത്യൻ പ്രേഷിതത്വത്തിലേക്കും മാർ തോമാ ക്രിസ്താനികളുടെ അപ്പസ്തോലിക ഉത്ഭവത്തിലേക്കും നയിക്കുന്ന തെളിവുകളായി സംഗമിക്കുന്നു.
ആദ്യകാല വളർച്ച
മാർ തോമാ ക്രിസത്യാനികളുടെ ആരംഭകാല ചരിത്രത്തെയും വളർച്ചയെയും കുറിച്ച് കാര്യമായ രേഖകളൊന്നും ലഭ്യമല്ല. 16-ാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട ചരിത്രരേഖകളാണ് മുഖ്യമായും നിലവിലുള്ളത്. വിവിധ സഞ്ചാരികൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കാലാന്തരത്തിൽ ഇവർ ഒരു സമൂഹമായി രൂപപ്പെട്ട് മലബാർ തീരത്ത് പാർക്കുന്നതായി കാണാം. മൈലാപ്പൂർ ചുറ്റി ക്രൈസ്തവർ പാർത്തിരുന്നതായി പോർച്ചുഗീസ് രേഖകൾ പറയുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളോ, മതപീഡനങ്ങളോ മൂലം അവർ മലബാർ പ്രദേശങ്ങളിക്ക് കുടിയേറി അവിടെത്തെ ക്രൈസ്തവസമൂഹവുമായി ചേർന്നു ജീവിക്കാൻ തുടങ്ങി.
വിവിധ കുടിയേറ്റങ്ങൾ
മലബാറിലേക്കുള്ള ആദ്യ കുടിയേറ്റം ഏ.ഡി. 345-ൽ ഉണ്ടായി. കച്ചവടക്കാരനും മിഷനറിയുമായിരുന്ന ക്നായ് തൊമ്മന്റെ നേതൃത്വത്തിൽ ബാഗ്ദാദ്, നിനെവെ, ജനുസലേം എന്നിവിടങ്ങളിൽ നിന്നുള്ള നാനൂറോളം ആളുകളുമായി മലബാർ തീരത്തെത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാൾ വ്യാപാര ബന്ധം ലാക്കാക്കി അവരെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തെക്ക് ഭാഗത്ത് പാർക്കാൻ തുടങ്ങിയ അവർ തെക്കുംഭാഗരായി അറിയപ്പെടാൻ തുടങ്ങി. പല യഹൂദാചാരങ്ങളും ഇന്നും പുലർത്തിപ്പോരുകയും വിവാഹം വഴിയോ, മതപരിവർത്തനം വഴിയോ, ഇതര ബന്ധങ്ങൾ വഴിയോ ആരെയും തങ്ങളുടെ സമൂഹത്തിൽ ചേരാനോ ലയിക്കാനോ അനുവദിക്കാതെ അവർ ഇന്നും ഒരു പ്രത്യേക ജാതിയായി നിലനിൽക്കുന്നു.
ഏ.ഡി. 700-നും 1000 -ത്തിനുമിടയിൽ മാർ സാപ്പോർ , മാർ പ്രോത്ത് (കന്തീശങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു കുടിയറ്റം പേർഷ്യയിൽ നിന്നുണ്ടായി. അവർ മുഖ്യമായും കൊല്ലം കേന്ദ്രമാക്കിയാണ് വാസമുറപ്പിച്ചത്. വൈകാതെ അവരും മാർ തോമാ ക്രിസ്ത്യാനികളുടെ ഗണത്തിൽപ്പെട്ടു. അങ്ങനെ മലബാർ കരയിലെ മാർ തോമാ ക്രിസ്ത്യാനികൾ നാലു ഗ്രൂപ്പുകൾ ചേർന്നതാണ് :
മാർത്തോമാ ക്രിസ്ത്യാനികളുടെ സംസ്കൃതവത്കരണം.
ഏകദേശം 8-ാം നൂറ്റാണ്ടോടു കൂടി കേരളത്തിലേക്ക് നമ്പൂതിരിമാരുടെ വലിയ കുടിയേറ്റമുണ്ടായി. അത് കേരളത്തിന്റെ ആര്യവത്ക്കരണത്തിനു വഴി തെളിച്ചു. അവരുടെ നേതൃത്വത്തിൽ കേരള സമൂഹത്തിൽ പ്രകടമായ ജാതീയ തരം തിരിവുണ്ടായി. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അനേകം ഉപജാതികളുമായി സമൂഹം തരം തിരിക്കപ്പെട്ടു. ജീവിത രീതിയിലും ഭക്ഷണക്രമത്തിലും വസ്ത്രധാരണത്തിലും തൊഴിലിലുമൊക്കെ ഓരോ ജാതിക്കും പ്രത്യേക നിഷ്കർഷകളുണ്ടായിരുന്നു. ജാതിമാറ്റം അസാധ്യമായിരുന്നെങ്കിലും ഉയർന്ന ജാതിക്കാരുടെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിലൂടെ സമൂഹത്തിന്റെ ശ്രേണിയിൽ ഉന്നത സ്ഥാനം കൈവരിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ക്രൈസ്തവർ ഉന്നത കുലജാതരായി പരിഗണിക്കപ്പെട്ടു പോന്ന ബ്രാഹ്മണരെ ആചാരാനുഷ്ഠാനങ്ങളിലൂടെ അവരുടെ പദവിയിലേക്കുയർന്നു. 64 അനുഷ്ഠാനങ്ങൾ അവർ കൃത്യമായി പാലിച്ചു പോന്നു. താഴ്ന്ന ജാതിക്കാരെ തൊട്ടാൽ കുളി, അശുദ്ധി കൽപ്പിച്ചിട്ടു ള്ളവരുടെ അടുത്തു ചെന്നാൽ കുളി , ശ്രാദ്ധം നടത്തൽ, വെള്ള വസ്ത്രം ധരിക്കൽ , സ്ത്രീകൾ മറക്കുട ധരിക്കൽ, അന്തർജനങ്ങളെപ്പോലെ കഴിയൽ, 21 മണികളുള്ള പ്രത്യേക താലി ധരിക്കൽ , പൂർണ്ണമായി സസ്യ ഭുക്കുകളായിരിക്കൽ, മദ്യവും മാംസവും പൂർണ്ണമായി ഉപേക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരാൾ ഏതു ജാതിയിൽ ജനിക്കുന്നുവോ ആ ജാതിയിൽ തന്നെ നിലനിൽക്കണം. ഇതര ജാതികളുടെ അവകാശാധികാരങ്ങളോ ആനുകൂല്യങ്ങളോ ഒരു ജാതിക്കും തട്ടിയെടുക്കാനാകുമായിരുന്നില്ല. അങ്ങനെ മറ്റേതൊരു ജാതിയും പോലെ ക്രൈസ്തവർ ഈ ജാതി വ്യവസ്ഥക്ക് അടിപ്പെട്ടു ജീവിച്ചിരുന്നതു കൊണ്ട് മതപരിവർത്തനം സാധ്യമായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഇവർ താഴ്ന്ന ജാതികളിൽ നിന്നുള്ളവരെ ഒരിക്കലും ക്രിസ്തുമതത്തിലേക്ക് സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് പാശ്ചാത്യ ഗ്രന്ഥകർത്താക്കൾ മാർ തോമാ ക്രിസ്ത്യാനികൾക്ക് പ്രേഷിതാവബോധം ഉണ്ടായിരുന്നില്ലെന്ന് എഴുതി പിടിപ്പിക്കാൻ ഇടയായത്.
സഭാഘടനയും സംവിധാനവും
മാർ തോമാ ശ്ലീഹാ കുറച്ചുപേർക്ക് പട്ടം കൊടുത്തുവെന്നും മെത്രാന്മാരെ വാഴിച്ചുവെന്നുമുള്ള പാരമ്പര്യമുണ്ടെങ്കിലും തെളിവുകളില്ല. ദേശീയമായ രീതിയിലും ഭാഷയിലും ആരാധന ക്രമമുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്നവരും എഴുതുന്നവരുമുണ്ട്. എന്നാൽ അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ കൽദായ കുട്ടിയേറ്റക്കാർ അവയൊക്കെ മുളയിലെ നുള്ളിക്കളഞ്ഞുവെന്നാണ് കാർഡിനൽ പാറേക്കാട്ടിൽ എഴുതിയിട്ടുള്ളത്. മിംഗാനയെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് , 16-ാം നൂറ്റാണ്ടിനു മുമ്പ് മാർ തോമാ ക്രിസ്ത്യാനികൾക്ക് സ്വന്തമായൊരു അസ്തിത്വമില്ലായിരുന്നുവെന്നാണ്.
മാർ തോമാ ക്രിസ്ത്യാനികൾക്ക് കൽദായ സഭയുമായി സുദൃഢമായ ബന്ധം 6-ാം നൂറ്റാണ്ടു മുതലെങ്കിലുമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. പ്രാദേശിക പാരമ്പര്യമനുസരിച്ച് കുടിയേറ്റക്കാരായ മാർ സാപ്പോറും മാർ പ്രോത്തും വളരെപ്പേരെ മാനസാന്തരപ്പെടുത്തുകയും അവർക്കു വേണ്ടി പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. അവരുടെ കാലം മുതൽ മാർ തോമാ ക്രിസ്ത്യാനികൾക്ക് പേർഷ്യൻ സഭയുമായി മുടക്കം കൂടാതെയുള്ള ബന്ധമുണ്ടായരുന്നു. പശ്ചാത്യമിഷനറിമാർ വരുന്നതു വരെ മലബാർ സഭ മെത്രാന്മാരെ കിട്ടാൻ പേർഷ്യൻ സഭയെയാണ് ആശ്രയിച്ചു പോന്നത്. ഏതദ്ദേശീയ മെത്രാന്മാരെ കിട്ടുന്ന കാര്യം ഈ കാലഘട്ടങ്ങളിലൊന്നും ഒരു ചിന്തയിൽപ്പോലും ഉണ്ടായിരുന്നതായി കാണുന്നില്ല. കൽദായ സഭയുടെ നേട്ടങ്ങളും കോട്ടങ്ങളും മലബാർ സഭയെയും ബാധിച്ചിരുന്നു. കൽദായ മെത്രാന്മാർ ഇവിടെ വന്ന് നാട്ടുകാർക്ക് പട്ടം കൊടുക്കൽ, പള്ളി വെഞ്ചെരിപ്പ്, അൾത്താര പ്രതിഷ്ഠ, മുടക്കുകൾ പിൻവലിക്കുക തുടങ്ങിയ കർമ്മങ്ങൾ നടത്തി പ്രതിഫലമായി പണവും വാങ്ങി പോകുമായിരുന്നു. മലബാർ സഭയിൽ ദീർഘനാൾ മെത്രാന്മാർ ഇല്ലാതിരുന്ന അവസ്ഥയുമുണ്ടായിരുന്നു. വിവിധ കാരണങ്ങളാൽ ദുർബ്ബലയായിത്തീർന്ന കൽദായ സഭയ്ക്ക് കേരളത്തിലേക്ക് മെത്രാന്മാരെ അയയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങളുമുണ്ടായിരുന്നു.
ആർച്ചുഡീക്കന്മാർ
ഏ.ഡി. 410-ലെ കൽദായ സിനഡിന്റെ തീരുമാനമനുസരിച്ച് മെത്രാന്മാർക്ക് ഓരോ ആർച്ചുഡീക്കന്മാർ ഉണ്ടായിരിക്കണം. മെത്രാന്റെ കയ്യും നാവും മഹത്ത്വവുമായ ആർച്ചുഡീക്കൻ വിദ്യാസമ്പന്നനായിരിക്കണം. പാവപ്പെട്ടവരുടെയും അപരിചിതരുടെയും കാര്യങ്ങളിൽ ദത്തശ്രദ്ധനായിരിക്കണം. വൈദീകരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുന്നത് ആർച്ചുഡീക്കനാണ്. 800 - ാം മാണ്ടു മുതലെങ്കിലും മലബാർ സഭയിൽ ആർച്ചുഡീക്കനുണ്ടായിരുന്നു. ഈ പദവി പകലോമറ്റം കുടുംബക്കാരിൽ നിക്ഷിപ്തമായിരുന്നു. ജാതിക്കു കർത്തവ്യൻ എന്നാണ് ആർച്ചുഡീക്കൻ അറിയപ്പെട്ടിരുന്നത്. പാത്രിയർക്കീസ് തിമോത്തി (780-823 ) ഇന്ത്യ മുഴുവനിലെയും വിശ്വാസികളുടെ തലവനായിരുന്ന ആർച്ചുഡീക്കന് എഴുതിയ കത്തിൽ പൗരോഹിത്യം നൽകുന്ന ക്രമങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നല്കിയതിന് രേഖയുണ്ട്.
കാലക്രമത്തിൽ ആർച്ചുഡീക്കൻ പദവിക്കു രാജകീയ പരിവേഷം കൈവന്നു. രാജാവിനെ കിരീടം ധരിപ്പിക്കേണ്ട അവകാശം ആർച്ചുഡീക്കനായിരുന്നു. 72 പ്രഭുക്കളിൽ പ്രഥമ ഗണനീയൻ ആർച്ചുഡീക്കനായിരുന്നു. പകലോമറ്റം കുടുംബങ്ങളിൽ നിന്നു മാത്രം ആർച്ചുഡീക്കന്മാർ വരുന്നതിനാൽ യോഗ്യതയില്ലാത്തവർ ഈ സ്ഥാനം വഹിക്കുന്നുവെന്ന് പറഞ്ഞ മിഷനറിമാർ റോമിന് അയച്ച കത്തുകൾ ലഭ്യമാണ്.
ഈ കാലഘട്ടങ്ങളിൽ മതപരമായ കാര്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനു മാർ തോമാ ക്രിസ്ത്യാനികൾക്ക് ഒരു സാധ്യതയുമില്ലായിരുന്നു. തത്ഫലമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവർക്കിടയിൽ നില നിന്നു പോന്നു. വിശുദ്ധ എപ്രേം പ്രൊഫസറായിരുന്ന എഡേസായിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പോലുളളത് കൽദായ സഭയ്ക്കുണ്ടായിരുന്നെങ്കിലും കേരളിൽ നിന്ന് ആരെങ്കിലും അവിടെ പോയി പഠിച്ചതോ, ഇവിടെ അതുപോലൊരു ഉന്നത ദൈവശാസ്ത്ര പീഠമുണ്ടായിരുന്നതോ ആയ ചരിത്രമില്ല. ഹിന്ദു കുലവാസം മാതൃകയിലുള്ള മൽപ്പാനേറ്റുകൾ ഇവിടെയുണ്ടായിരുന്നു. പ്രായം ചെന്ന വൈദീകരുടെ കൂടെ താമസിച്ച് കുർബ്ബാന ചൊല്ലാനും ഇതര കൂദാശകൾ പരികർമ്മം ചെയ്യാനും മാത്രം സാധിക്കുന്ന വിധത്തിൽ സുറിയാനി ഭാഷയും മറ്റും ഈ മൽപാന്മാർ ശെമ്മാശന്മാരെ പഠിപ്പിച്ചു പോന്നു. കൽദായ സഭയുടെ ദൈവശാസ്ത്രവും നിയമാവലിയും സഭാപാരമ്പര്യങ്ങളും ഇറക്കുമതി ചെയ്തത് മാർ തോമാ ക്രിസ്ത്യാനികളും ഉപയോഗപ്പെടുത്തി.
കരിന്തിരി കത്തിയ നൂറ്റാണ്ടുകൾ
16-ാം നൂറ്റാണ്ടിനു മുമ്പ് പ്രേഷിത ചൈതന്യത്താൽ ജ്വലിച്ചു നിന്ന നെസ്തോറിയൻസ് ചൈനയിലും എത്തിയിരുന്നു. ചൈനീസ് മണ്ണിൽ വേരുന്നി വളരാതിരുന്ന ആ സഭാസമൂഹം പ്രതികൂല സാഹചര്യത്തിൽ നാമാവശേഷയായി. ഇന്ത്യയുടെ പല ഭാഗങ്ങളിലും പതിനാറാം നൂറ്റാണ്ടിനു മുമ്പ് ക്രൈസ്തവ സമൂഹങ്ങളുണ്ടായിരുന്നു. അവയെല്ലാം ചരിത്രത്തിന്റെ ഗതിവിഗതികളിൽ നശിച്ചു പോയി. അതിജീവിച്ചത് മലബാർ തീരത്തെ ക്രിസ്ത്യാനികൾ മാത്രം.
വൈദേശിക നേതൃത്വവും ഇറക്കുമതി ചെയ്ത ലിറ്റർജിയും പേർഷ്യൻ സഭയുടെ വൈദേശിക ആചാരാനുഷ്ഠാനങ്ങളും മൂലം ഈ സമൂഹങ്ങൾ സ്വന്തം കാലിൽ നില്ക്കാൻ പഠിച്ചിരുന്നില്ല. മുസ്ലിം കടന്നുകയറ്റവും മിഷനറിമാരുടെ കുറവും വിദേശങ്ങളിൽ നിന്നുള്ള ഫണ്ടുകളുടെ കുറവും ഈ സമൂഹങ്ങളെ ദുർബ്ബലപ്പെടുത്തിയിരുന്നു. ഈ പ്രാചീന സഭകളുടെ ഉന്മൂലനാശത്തിനു നിർണ്ണായകമായ ഘടകമായത് മുസ്ലിം കടന്നുകയറ്റമായിരുന്നു. അങ്ങനെ ചൈനയിലെ പോലെ ഇന്ത്യയിലെ വടക്കൻ പ്രദേശങ്ങളിലെയും മധ്യ പ്രദേശങ്ങളിലേയും സഭാസമൂഹങ്ങൾ പതിനാറാം നൂറ്റാണ്ടിനു മുമ്പ് ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായി. പേർഷ്യൻ സഭ തന്നെ സ്വന്തം അസ്തിത്വം ഉറപ്പുവരുത്താൻ പാടുപ്പെട്ട കാലഘട്ടങ്ങളിൽ ഈ ശൈശവ സഭകളെ സഹായിക്കാവുന്ന നിലയിലായിരുന്നില്ല.
മലബാറിലെ മാർ തോമാ ക്രൈസ്തവ സമൂഹം നിലനിന്നത് അതിന്റെ ആന്തരിക ഊർജ്ജസ്വലത കൊണ്ടാകണമെന്നില്ല. ഹിന്ദു മതത്തിലെ ജാതി സമ്പ്രദായം വളർച്ചക്ക് തടസ്സമായിരുന്നെങ്കിലും നിലനിൽപ്പിനു സഹായകമായിരുന്നു. കൽദായ സഭയുമായുണ്ടായിരുന്ന ബന്ധവും വളർച്ചയ്ക്കു സഹായകരമായിരുന്നില്ലെങ്കിലും സമൂഹത്തിലെ വ്യതിരിക്ത അസ്തിത്വത്തിനും നിലനിൽപ്പിനും സഹായകമായി. വടക്കൻ പ്രദേശങ്ങളിലേതുപോലുള്ള ശക്തമായ മുസ്ലിം കടന്നുകയറ്റം മലബാറിൽ ഉണ്ടായില്ല.
സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ കുത്തകയായിരുന്നു കുരുമുളകു കച്ചവടമെന്നാണ് ചരിത്ര കാരന്മാർ എഴുതിയിട്ടുള്ളത്. സംസ്കൃതവത്കരണത്തിലൂടെ ഉയർന്ന ജാതിയുടെ പ്രത്യേക അവകാശാധികാരങ്ങളും അനുകൂല്യങ്ങളും അവർ അനുഭവിച്ചു പോന്നു. ആർച്ചുഡീക്കന്റെ നേതൃത്വത്തിൽ സംഘടിതമായ സമൂഹത്തിന് സ്വന്തം സൈന്യം പോലുമുണ്ടായിരുന്നു.' റിപ്പബ്ളിക്കിനകത്തൊരു ക്രിസ്ത്യൻ റിപ്പബ്ളിക്ക്' എന്നാണ് പോർച്ചുഗീസ് ചരിത്രകാരന്മാർ ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയിരുന്ന മാർ തോമാ ക്രിസ്ത്യാനികൾ തങ്ങളുടെ ആഢ്യത്വവും പദവിയും കാത്തുസൂക്ഷിക്കുന്നതിലാണ് ശ്രദ്ധാലുക്കളായിരുന്നത്. താഴ്ന്ന ജാതിക്കാരെ മതപരിവർത്തനം ചെയ്ത് കൂടെ കൂട്ടുന്നതിന് അവർ എതിരായിരുന്നു. വിവാഹം വഴി ശൂദ്രർ തുടങ്ങിയ ഉയർന്ന ജാതിക്കാരെ ഉൾക്കൊള്ളാൻ അവർക്ക് മടിയില്ലായിരുന്നെങ്കിലും അത് സാധാരണമായിരുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളിലും ജാതികളിലുംപ്പെട്ടവർ സമഭാവനയിൽ സഹവസിച്ചിരുന്ന സാഹചര്യത്തിൽ പ്രേഷിതദൗത്യത്തെക്കുറിച്ച് അവർ ചിന്തിച്ചിരുന്നില്ല; അത് ഏതാണ്ട് അസാധ്യവുമായിരുന്നു.
മലബാർ സഭയുടെ നവോത്ഥാനം ലക്ഷ്യമാക്കി ഉദയംപേരൂർ സൂനഹദോസ് വിളിച്ചു കൂട്ടിയ ആർച്ചുബിഷപ്പ് ഡോ. മെനേസിസ് സൂനഹദോസ് സംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള സാക്ഷാത്തായ പരാമർശത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് മാർ തോമാ ക്രിസ്ത്യാനികളുടെ 16-ാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്നതും മതപ്രചാരണതലത്തിൽ കരിന്തിരി കത്തിക്കൊണ്ടിരിക്കുന്നതുമായ മാർ തോമാ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച ഈ ചെറു ലേഖനം ഉപസംഹരിക്കട്ടെ :" അന്യജാതിക്കാരും വിഗ്രഹാരധനക്കാരുമായ രാജക്കന്മാരുടെ കീഴിലും ക്ഷേത്രങ്ങൾക്കിടയിലും ചിന്നിച്ചിതറി കിടക്കുകയും ആഗോള ക്രൈസ്തവ സമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുകയും ആത്മീയ പോഷണവും വിശ്വാസ പരിശീലനവുമില്ലാതെ നൂറ്റാണ്ടുകൾ ജീവിച്ചിട്ടും അപ്പസ്തോലനിൽ നിന്നും കൈമാറി കിട്ടിയ വിശ്വാസം കെടാതെ സൂക്ഷിച്ചതു തന്നെ ആശ്ചര്യകരമാണ്".