ഞങ്ങൾ അസ്വസ്ഥരാണെന്ന് പോലും പറയാൻ ഞങ്ങൾക്ക് അവകാശം ഇല്ലായെന്ന മട്ടിലാണ് ഇന്നത്തെ രീതികൾ മാറി വന്നിരിക്കുന്നത്

17,  Sep   

വളരെ അധികം ഉയർന്നു കേൾക്കുന്ന ഒരു വാക്ക് ആണ് അസഹിഷ്ണുത. ചെറുതും വലുതും ആയി അസഹിഷ്ണുത നമ്മുടെ ഇടയിൽ രൂപാന്തര പെടുന്നതിന്റെ ഗൗരവം നാം തിരിച്ചറിയണം. ഇന്ത്യ ഒരു ജനാതിപത്യ മതേതര രാഷ്ട്രം ആയിട്ടാണ് അതിന്റെ ശില്പികൾ രൂപ പെടുത്തിയെടുത്തത്. മഹാനായ ഡോ. അംബേക്റും അന്നത്തെ കോൺസ്റ്റിട്ടുവന്റ് അസംബ്ലി അംഗങ്ങളും ചിന്തിച്ചതും നടപ്പിൽ വരുത്തിയതും അതാണ്. അത് മറന്നു പ്രവർത്തിക്കുന്ന ചെറിയ ചെറിയ സമൂഹങ്ങളാണ് മുകളിൽ പ്രസ്താവിച്ച അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഞങ്ങൾ അസ്വസ്ഥരാണെന്ന് പോലും പറയാൻ ഞങ്ങൾക്ക് അവകാശം ഇല്ലായെന്ന മട്ടിലാണ് ഇന്നത്തെ രീതികൾ മാറി വന്നിരിക്കുന്നത്. ക്രിസ്താനിയുടെ വിശ്വാസത്തെ ചോദ്യം ചെയ്താലും അധിക്ഷേപിച്ചാലും മൗനം ഭജിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും പൗര പ്രമുഖരും ഏതെങ്കിലും ഒരു ക്രിസ്ത്യാനി ആരെയെങ്കിലും പറ്റി ഒരു പ്രസ്താവന ഇറക്കിയാൽ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് ഈ സാക്ഷരകേരളത്തിൽ തന്നെയാണ്. കേവലം വോട്ടുബാങ്ക് മാത്രം മുന്നിൽനിർത്തി കൊണ്ട് കളിക്കുന്ന ഈ പൊറാട്ട് നാടകം തിരിച്ചറിയാൻ അല്പം വൈകിപ്പോയെങ്കിലും ഇപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവേ രാഷ്ട്രീയ നേതാക്കന്മാർക്കും സാംസ്കാരിക പ്രമുഖർക്കും ഒരു വികാരമുണ്ട്, കേരളത്തിലെ ക്രൈസ്തവ സമൂഹം ഭിന്നിച്ചുനിൽക്കുന്നവരാണെന്ന്. എന്നാൽ ഒന്ന് ഓർത്തുകൊള്ളുക ഞങ്ങളിൽ സീറോ മലബാർ കത്തോലിക്കർ ഉണ്ടാകാം, സീറോ മലങ്കര കത്തോലിക്കർ ഉണ്ടാകാം, ലത്തീൻ കത്തോലിക്കർ ഉണ്ടാകാം, യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടാകാം, മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടാകാം, മാർത്തോമാ ക്രിസ്ത്യാനികൾ ഉണ്ടാകാം, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ മക്കൾ ഉണ്ടാകാം, കൽദായ സുറിയാനി സഭയുടെ മക്കൾ ഉണ്ടാകാം, നവീകരണ സഭാ വിഭാഗങ്ങളിലെ മക്കളും ഉണ്ടാകാം- ആരാധനക്രമത്തിൽ വൈവിധ്യങ്ങളായ പാരമ്പര്യങ്ങൾ ഉണ്ടെങ്കിലും പൊതു വിശ്വാസവും വികാരവും ഒന്നുതന്നെയാണ്. "ഞങ്ങൾ എല്ലാവരും ഈശോമിശിഹായിൽ വിശ്വസിക്കുന്നു". ‍ ഞങ്ങളെല്ലാം ചേർത്തു നിൽക്കുന്ന ചേർത്തുനിർത്തുന്ന ഒരു വസ്തുത ഞങ്ങളുടെ വിശ്വാസമാണ്. അത് മിശിഹായിൽ ഉള്ള വിശ്വാസമാണ്. ക്രൈസ്തവ സമൂഹത്തിനു എതിരെ എന്തും പറയാം എന്തും ആരോപിക്കാം എന്തും ചെയ്യാം എന്നുള്ള ഒരു മനോഭാവം കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രൂപപ്പെടുത്തിയിരിക്കുന്നതാണ്. മറ്റുള്ളവർക്കെതിരെ സംസാരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ പോലും ഭയപ്പെടുന്നു. ക്രൈസ്തവ സമൂഹത്തിന് എതിരെ സംസാരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്കോ രാഷ്ട്രീയ നേതാക്കന്മാർക്ക് സാംസ്കാരിക പ്രമുഖർക്കോ യാതൊരു വിമ്മിഷ്ടവും ഇല്ല. ഞങ്ങടെ മതവികാരത്തെ എത്രമാത്രം അപമാനിച്ചാലും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ മൗനികളായി തീരും. പഴയ കേരളത്തിന്റെ ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. "അരിയാഹാരം കഴിക്കുന്നവർ അല്ലേ'. ഞങ്ങൾ ഇനിയും സഹിക്കും. ഞങ്ങൾ ഇനിയും ക്ഷമിക്കും. കാരണം ഞങ്ങളുടെ നാഥൻ ഞങ്ങളെ പഠിപ്പിച്ചത് ക്ഷമിക്കാനും സ്നേഹിക്കാനും സാഹോദര്യത്തിനുമാണ് ഇനിയും ഞങ്ങളുടെ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും തിരു വസ്തുക്കളെയും അപമാനിക്കുമെന്നും തെരുവിൽ വലിച്ചിഴക്കുമെന്നും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. കളിപ്പാട്ടം പിടിച്ചു നടക്കേണ്ട കുട്ടികളുടെ മനസ്സിലേക്ക് കൊലവിളിയും മുറവിളിയുമായി മുന്നോട്ടുപോകാൻ ശക്തി പകർന്ന കരങ്ങളെ സൂക്ഷിക്കണം. വളരെ ഗൗരവമേറിയതാണ്...! ഇതിനെതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ-സാംസ്കാരിക നേതാക്കന്മാരെ അവളുടെ മുൻകാല പ്രതികരണങ്ങൾ എടുത്തു നോക്കുമ്പോൾ വളരെ രസകരമാണ്. അതാണല്ലോ നിങ്ങളെ രാഷ്ട്രീയക്കാർ എന്ന് വിളിക്കുന്നത്. പ്രിയമുള്ള ക്രൈസ്തവ സഹോദരങ്ങളെ, യോജിപ്പിന്റെയും ഐക്യത്തെയും സമയം ആഗതമായിരിക്കുന്നു. എല്ലാം മറന്ന് നമുക്ക് വിശ്വാസത്തിനുവേണ്ടി കൈകോർക്കാം. ശ്രീനാരായണ. ഗുരുവിന്റെ മഹോന്നതമായ ഒരു ആപ്തവാക്യമാണ് - #സംഘടിക്കുവിൻ, ശക്തരാകുവിൻ. യോജിപ്പിന്റെ സ്വരം നമ്മുടെ ഇടയിൽ നിന്നും ഉയരട്ടെ. വിഘടിപ്പിന്റെയും കലഹത്തിനും ആത്മാവിനെ നമ്മിൽ നിന്നും അകറ്റി കളയാൻ നമുക്ക് സാധിക്കട്ടെ.


Related Articles

Contact  : info@amalothbhava.in

Top