സാറിന്റെ മുറുക്കാൻ

16,  Sep   

ബിനിൽ എട്ടാം ക്ലാസിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന കാലം. അവിടെ വെളുത്ത് പൊക്കം കൂടിയ സീനിയർ അധ്യാപകൻ, സാമൂഹ്യപാഠ ക്ലാസിലേക്കു മുറുക്കാൻ ചവച്ചു കൊണ്ടാവും വരിക. ഹാജർ എടുത്ത ശേഷം ജനാലയിലൂടെ ആഞ്ഞു തുപ്പും. പിന്നെ തകർപ്പൻ ക്ലാസാണ്. ഇടയ്ക്ക് ചുണ്ടിന്റെ വശത്തൂടെ ഒലിച്ചിറങ്ങുന്ന ചുവന്ന ഉമിനീര് രണ്ടു കൈ വെള്ള കൊണ്ടും ഒപ്പിയെടുത്ത് കൈകൾ കൂട്ടിത്തിരുമ്മും. കുട്ടികളോട് സൗഹൃദമായി ഇടപെടുന്ന മലയാളംസാറിനോട് ഇക്കാര്യം ബിനിൽ പറഞ്ഞു - "സാറേ, ഞങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് മുറുക്കിക്കാണിച്ചാൽ ആരെങ്കിലുമൊക്കെ അത് തുടങ്ങിയാലോ?" സാർ പറഞ്ഞു - "ഇതൊക്കെ കാരണവന്മാരുള്ള വീട്ടിലെ പിള്ളേര് സ്ഥിരം കാണുന്നതല്ലേ? മാത്രമല്ല, അദ്ദേഹത്തിനു പെൻഷനാകാൻ ഒരു വർഷം കൂടിയേ ഉള്ളൂ. ഇനി ഞാനൊട്ട് പറഞ്ഞാലും സാറ് തിരുത്താനൊന്നും പോണില്ല. ഇതൊന്നും ഒരു കാര്യമല്ലടോ" ആറേഴു വർഷം കഴിഞ്ഞ് ഒരു ദിവസം തന്റെ സഹപാഠിയായിരുന്ന ബിജുവിനെ ഒരു കടയുടെ സമീപത്തുവച്ച് ബിനിൽ കണ്ടു. അവൻ മുറുക്കിച്ചവച്ചു കൊണ്ട് നിൽക്കുന്നു. "എടാ, ഇത്ര ചെറുപ്പത്തിലെ നീ മുറുക്ക് തുടങ്ങിയോ?" "ഓ... ഞാൻ പണ്ടേ തുടങ്ങി. നീ ഓർക്കുന്നുണ്ടോ.. സാറ് മുറുക്കി ചുവപ്പിപ്പ് ക്ലാസിൽ വന്നോണ്ടിരുന്നത്. എട്ടാം ക്ലാസിൽ തൊടങ്ങി. നല്ല രസാടാ. നിനക്കു വേണോ. ഒരു സുഖമൊണ്ട്" അപ്പോള്‍, ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പണ്ടത്തെ തന്റെ നീതിബോധത്തെ ബിനില്‍ സ്വയം അഭിനന്ദിച്ചു. ആശയത്തിലേക്ക്.. കടൽത്തീരത്ത് വിശ്രമിക്കുന്ന കപ്പലും അതിനുള്ളിലെ ചരക്കും കപ്പിത്താനും സുരക്ഷിതരാണ്. കടലിൽ ചുഴികളുണ്ട്, കൊടുങ്കാറ്റുണ്ട്, വൻതിരമാലകളുണ്ട് എന്നു കരുതി കയ്യും കെട്ടിയിരുന്ന് കാലാവസ്ഥയെ പുഛിച്ചാൽ മികച്ച കപ്പിത്താനും ആവില്ല. ലക്ഷ്യസ്ഥാനത്ത് ചരക്കും എത്തില്ലല്ലോ! നാം അറിഞ്ഞും അറിയാതെയും മാതൃകയായും മാതൃകയാക്കിയും കടന്നു പോകുന്നു. ഓരോരുത്തരും അവരവർക്കു ചെയ്യാൻ പറ്റുന്നതു ചെയ്തിട്ടു രംഗം വിടുന്നു.


Related Articles

തച്ചൻ

വിചിന്തിനം

aksa

വിചിന്തിനം

Contact  : info@amalothbhava.in

Top