ഭൂമിയിലും സ്വർഗ്ഗത്തിലുമുള്ള സർവ്വഅധികാരങ്ങളുടെയും പ്രഭവകേന്ദ്രം ദൈവപിതാവാണ് (ലൂക്കാ. 12-5, യൂദാ 25). ""ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്.'' (റോമ 13:1) പീലാത്തോസിനോട് യേശു അതു വ്യക്തമാക്കുന്നു: ""ഉന്നതത്തിൽനിന്നും നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.''(യോഹ.19:11) "അധികാരികൾ ദൈവശുശ്രൂഷകരാണ്.' (റോമ 13:6)
സ്വർഗ്ഗീയ പിതാവ് അവിടത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും ജനതകൾക്കായി അധികാരത്തിന്റെ ശുശ്രൂഷ നിർവ്വഹിച്ചു. ദൈവപിതാവിന്റെ അധികാരം ജനസേവാധിഷ്ഠിതമായിരുന്നു. ശുശ്രൂഷാധിഷ്ഠിതമായ ദൈവികാധികാരം ദൈവപുത്രനായ യേശുവിലൂടെ ലോകത്തിൽ പൂർണ്ണമായി പ്രത്യക്ഷമായി. ""മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ''(മാർക്ക് 10: 45). പിതാവിന്റെ അധികാരം മുഴുവൻ പുത്രനിൽ നിക്ഷിപ്തമായിരിക്കുന്നു ""സ്വർഗ്ഗത്തിലും ഭൂമിയിലു മുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു''(മത്താ. 28: 18). സ്വർഗ്ഗീയാധികാരത്തോടെ അവിടുന്ന് പാപങ്ങൾ മോചിച്ചു (മാർക്ക് 2:10), പഠിപ്പിച്ചു (മാർക്ക് 1:22, മത്താ 7: 28), ന്യായവിധി നടത്തി (യോഹ 5:27), യേശു സ്വയം ശൂന്യവത്ക്കരിച്ച് എളിമയിൽ ചാലിച്ചാണ് അധികാരം വിനിയോഗിച്ചത്(മത്ത 20: 28). അവിടുന്നത് അന്ത്യ അത്താഴനേരം ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ടും (യോഹ 13: 1-20)അപ്പവും പാനപാത്രവും ആശീർവ്വദിച്ച് അവർക്ക് കൊടുത്തുകൊണ്ടും (മത്താ 26: 26-28) അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവർക്ക് വിതരണം ചെയ്തുകൊണ്ടും (യോഹ 6:11) പ്രകടമാക്കി. ഇതെല്ലാം ചെയ്തുകൊണ്ട് യജമാനൻ ദാസനായി സ്വയം മാറ്റി. അങ്ങനെ കൈ്രസ്തവാധികാരം സ്വയം ശൂന്യവത്ക്കരിച്ച് മറ്റുള്ളവരെ നിറവുള്ളവരാക്കി ശുദ്ധിയുള്ളവരാക്കി മാറ്റുന്നതാണെന്ന് യേശു സ്ഥാപിച്ചു. യേശുവിന്റെ അധികാരം എളിമയിൽ ചാലിച്ചെടുത്ത് എളിയവരെ, ദരിദ്രരരെ ഉയർത്തുന്നതാണ്. അത് എളിമയിൽ, ശൂന്യവത്ക്കരണത്തിൽ, കാരുണ്യത്തിൽ, സ്നേഹത്തിൽ, സേവനത്തിൽ, സഹാനുഭൂതിയിൽ, സൗമ്യതയിൽ, സൗഹൃദത്തിൽ, സഹിഷ്ണതയിൽ, സഹനത്തിൽ, സഹവർത്തിത്വത്തിൽ, സമത്വത്തിൽ, സൗഖ്യം പകരുന്നതിൽ, സാന്ത്വനമേകുന്നതിൽ, സന്തോഷം ചൊരിയുന്നതിൽ, സാഹോദര്യം വെളിവാക്കുന്നതിൽ, ശാന്തി വിതറുന്നതിൽ, ക്ഷമകൊടുക്കുന്നതിൽ, ദയ കാണിക്കുന്നതിൽ, പങ്കുവെച്ചു കൊടുക്കുന്നതിൽ, പരോപകാരം ചെയ്യുന്നതിൽ, ഭാരങ്ങൾ ലഘൂകരിക്കുന്നതിൽ, പാതകൾ തെളിക്കുന്നതിൽ, ശക്തിപ്പെടുത്തുന്നതിൽ, നീതി നടപ്പാക്കുന്നതിൽ, നന്മസ്ഥാപിക്കുന്നതിൽ, പാവനാത്മാവിനെ വർഷിക്കുന്നതിൽ, ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതിൽ, നിത്യതയിലേക്ക് നയിക്കുന്നതിൽ, അധിഷ്ഠിതമായിരിക്കുന്നു. ഇപ്രകാരം ദൈവരാജ്യം പ്രഘോഷിക്കാനും സ്ഥാപിക്കാനുമാണ് പിതാവിൽ നിന്ന് ലഭിച്ച അധികാരം യേശു വിനിയോഗിച്ചത്. (മത്താ 4: 17, മാർക്ക് 1:15, ലൂക്കാ 4:18-21, 12:49-50) അതാണ് യേശു ശിഷ്യരുടെ അധികാരശുശ്രൂഷയുടെ സവിശേഷത.
ദരിദ്രരെ മോചിപ്പിക്കാൻ സ്വയം ദരിദ്രനാക്കുന്ന യേശുവിന്റെ അധികാരം അവിടുന്ന് തന്റെ ശിഷ്യന്മാർക്ക് കൈമാറി. ""അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു.'' (ലൂക്ക. 9:1) അവിടുന്ന് അവർക്ക് രോഗികളെ സുഖപ്പെടുത്താനും പ്രസംഗിക്കാനും (ലൂക്ക 9:6) മാർക്ക് 6:12-13) പാപമോചനം നൽകാനും (16:19,18:18-19) ജ്ഞാനസ്നാനം നൽകാനും (മത്താ 28: 18-19) അജപാലനം നിർവ്വഹിക്കാനും അധികാരം നൽകി(യോഹ 21: 15-16). അതുകൊണ്ട് പൗലോസ് ശ്ലീഹാ പറയുന്നു: ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്(2 കോറി 5-20). ശ്ലീഹന്മാർ മിശിഹാ തങ്ങളിൽ നിക്ഷേപിച്ച അധികാരശുശ്രൂഷ തങ്ങളുടെ കൈവെപ്പിലൂടെ സഭയ്ക്ക് കൈമാറി. അങ്ങനെ കൈ്രസ്തവാധികാരം ദൈവികമായി, ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായി. അതിനാൽ സഭയുടെ അധികാരനിർവ്വഹണത്തിൽ ദൈവീക ശൈ്ലഹിക പിൻതുടർച്ചയുണ്ട്. ഇൗ ബോധ്യത്തോടെയായി രിക്കണം സഭാധികാരം കൈയ്യാളുന്നവർ അതു നിർവ്വഹിക്കേണ്ടത്.
സ്വർഗ്ഗീയാധികാരം മറ്റുള്ളവരുടെ മേലുള്ള ആധിപത്യമല്ല, മറിച്ച് അവർക്കു നൽകുന്ന നിരന്തരശുശ്രൂഷയാണെന്ന് യേശുപഠിപ്പിക്കുന്നു. അതിന് അധികാരി മറിയത്തെപ്പോലെ സ്വയം ദാസിയാകണം (ലൂക്കാ 1:38), യേശുവിനെപ്പോലെ സ്വയം ശൂന്യവത്ക്കരിക്കണം.(യോഹ 1:14, ഫിലി.2:6-11). ""നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളടെ ദാസനുമാകണം''(മത്താ 20:27). ""നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം''(യോഹ13:14). തന്നെത്തന്നെ താഴ്ത്തുന്നവനാകണം സഭാധികാരിയെന്ന് സുവിശേഷം സുവ്യക്തമാക്കുന്നു (ലൂക്ക 14:8,11). അവർ വി. പൗലോസിനെപ്പോലെ തങ്ങൾക്കു ലഭ്യമാക്കാവുന്നതെല്ലാം ക്രിസ്തുവിനെ പ്രതി, സഭയെ പ്രതി നഷ്ടമായ, ഉച്ഛിഷ്ടമായി കരുതേണ്ടിയിരിക്കുന്നു (ഫിലി 3:7-8). അപ്പോൾ സഭാധികാരി പരിശുദ്ധാത്മാവിൽ വീണ്ടും ജനിച്ച പുതിയ മനുഷ്യനായിരിക്കണം (യോഹ 3:5-8, എഫേ 4:22-24). അവർ സ്ഥാപിക്കേണ്ടത് പുതിയ ആകാശവും പുതിയ ഭൂമിയുമാണ്(വെളി 21:1-4). ""സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ഇതാ സകലവും ഞാൻ നവീകരിക്കുന്നു'' (വെളി 21:5).
സഭയിൽ ഒരാൾക്ക് അധികാരം കൈവരുന്നത് പരിശുദ്ധാത്മ കൃപാവർഷത്തിലൂടെയാണ്. ആത്മാഭിഷേകമാണ് സഭാധികാരത്തിന്റെ മുഖമുദ്ര. ദൈവാരൂപി സഭാധികാരത്തിന്റെ ആത്മാവും സത്തയും പ്രചോദകനും ജീവതുടിപ്പും ശക്തിസ്രോതസ്സുമാണ്. പാവനാത്മാവ് സഭാ മക്കളെ എന്തിന്റെയെങ്കിലും ആരുടെയെങ്കിലും അധികാരിയായി നിയോഗിക്കുന്നത് അയാൾ തന്റെതന്നെ ആഗ്രഹങ്ങളെ ആശയങ്ങ. പ്രത്യുത, ദൈവവചനവും, സഭാ പാരമ്പര്യവും, പ്രബോധനങ്ങളും, സനാതനമായ മൂല്യങ്ങളും പ്രാർത്ഥനാപൂർവ്വം പഠിച്ച് അതിന്റെ വെളിച്ചത്തിൽ ഇൗ കാലഘട്ടത്തിലുള്ള ദൈവഹിതം വിവേചിച്ചറിഞ്ഞ് അത് സഭയിലും ലോകത്തിലും നടപ്പാക്കാനാണ്. അതാണ് യേശുവിന്റെ വചനത്തിൽ പ്രകടമാകുന്നത്. യേശു പറഞ്ഞു: ""എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം''(യോഹ 4:34). ""എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാൻ അന്വേഷിക്കുന്നത്'' യോഹ 5:30). ""എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റെതത്രേ''(യോഹ 7:16). ""ഞാൻ എപ്പോഴും അവിടുത്തേയ്ക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുന്നു'' (യോഹ 8:29).
ഇവിടെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് പോളികാർപ്പ് മെത്രാനെഴുതിയ കത്തിലെ ഉപദേശം ശ്രദ്ധേയ മാണ്. ""നിന്റെ സമ്മതം ഇല്ലാ തെ ആരും ഒന്നും ചെയ്യരുത്. എന്നാൽ നീ ദൈവത്തിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യരുത്.'' ഇഗ്നേഷ്യസിന്റെ വാക്കുകളിൽ അധികാരി എല്ലാ വിധേനയും ദൈവഹിതം തിരിച്ചറിഞ്ഞ് അനുസരിക്കേണ്ട, വെളിപ്പെടുത്തേണ്ട അനിവാര്യത വ്യക്തമാകുന്നു. അപ്പോൾ വി. ഇഗ്നേഷ്യസ് പഠിപ്പിക്കുന്നതുപോലെ സഭയിൽ അധികാരി പ്രഥമഥാ അനുസരണത്തിന്റെ മാതൃകയും സാക്ഷ്യവുമായിരിക്കണം. അത് സ്വയം എളിമപ്പെടുത്തുന്നതിലൂടെ മാത്രമെ സാധ്യമാകൂ. അതാണ് സഭയുടെ ശിരസ്സായ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ് ത്തിയ, യേശുവിൽ നാം ദർശിക്കുക. അവനിൽ അധികാരവും അനുസരണവും സമന്വയിച്ച് വെളിവായി. മിശിഹായുടെ മൗതികശരീരത്തിലെ അംഗങ്ങളായ എല്ലാ ദൈവമക്കളും അവിടുത്തെപ്പോലെ അധികാരവും അനുസരണവും തങ്ങളിൽ ചേർത്തിണക്കി ലോകത്തിൽ അവിടുത്തെ പ്രകാശമായി ഭവിക്കണം. സഭയിലെ ആത്മദാനമായ ചെറുതും വലുതുമായ അധികാരം ആത്മീയാധികാരമാണ്. അതു ദൈവവചനത്തിന്റെ നിരന്തര പ്രാർത്ഥനയുടെ നിയമാവലിയുടെ ശ്രവണമനനമാർന്ന പിൻബലത്തിലാണ് ലോകത്തിൽ പ്രകടമാകേണ്ടത്. അതിന് അധികാരികളിൽ യോഹന്നാൻ മാംദാനെയെപ്പോലെ ചെറുതാകലിന്റെ മനോഭാവം കൂടിയേതീരൂ. ""അവൻ വളരുകയും ഞാൻ കുറയുകയും വേണം''(യോഹ3:30).
എളിമയിൽ ചാലിച്ചെടുത്ത അധികാരം ഒാരോ വ്യക്തിയേയും തിരിച്ചറിഞ്ഞ് അവരെ പരിഗണിച്ച് വിലമതിച്ച് അവരുടെ വ്യക്തിത്വത്തെ ഉത്കൃഷ്ടമാക്കുന്നതാണ്. വ്യക്തികളുടെ മഹത്വത്തിനാണ് അവിടെ മുൻതൂക്കം. പിതാവിന്റെ മഹത്വത്തിനായി യത്നിച്ച യേശു വാണ് ഇവിടെ സ്മരണീയം. ""ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു… ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല''(യോഹ 8:49-50). മറിയം പറഞ്ഞു: ""എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു'' (ലൂക്കാ 1: 46). ചെറുതാകലിന്റെ അധികാരം സഭയുടെ ചൈതന്യം അന്യൂനം കാത്തു സൂക്ഷിക്കുന്നതും എന്നാൽ കാലാനുസൃതം നവീകരിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ്.
അതിനൊരുദാഹരണമാണ് ഗർഭച്ചിദ്രം നടത്തിയവരുടെ പാപങ്ങൾ മോചിക്കാൻ വൈദികർക്കധികാരം നൽകിയതും വിവാഹകേസുകളുടെ സങ്കീർ ണ്ണതയും കാലദൈർഘ്യവും കുറക്കാനും പെസഹാ വ്യാഴാ ഴ്ച സ്ത്രീകളുടെയും കാലുകഴുകാനും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാ നം ചെയ്യുകയും ചെയ്തിരിക്കുന്നത്. ശൂന്യവത്ക്കരണാധിഷ്ഠിതമായ അധികാരം എന്നും സഭയോടൊത്ത് ചിന്തിക്കുന്നതും സംസാരിക്കുന്നതും എന്നാൽ കാലത്തിനതീതം ചിന്തിക്കാനും സംസാരിക്കാനും സഭയെ ഉത്തേജിപ്പിക്കുന്നതുമാണ്. അഭയാർത്ഥികൾ ക്കായി കൈ്രസ്തവകുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വാതിൽ തുറന്നു കൊടുക്കണമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ വിശ്വാസികൾക്ക് ഉത്തേജനമായി ഭവിച്ചു. ലാളിത്യത്തിന്റെ പ്രതീകമായി വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് സെന്റ് മാർത്താസിലെ അദ്ദേഹത്തിന്റെ വാസം ഏവരെയും ലളിതജീവിതത്തിനു പ്രചോദിപ്പി ക്കുന്നു. സ്വന്തം ബാഗും പിടിച്ച് ബസ്സിലുള്ള യാത്ര ആളുകളെ സ്പർശിച്ചു. പണവും സമ്പ ത്തും വിഗ്രഹങ്ങളായി മാറരുതെന്നുള്ള തുടരെത്തുടരെയുള്ള പാപ്പയുടെ ഒാർമ്മപ്പെടുത്തൽ അനേകർക്കു ദാരിദ്ര്യത്തിന്റെ വീണ്ടുവിചാരത്തിന് പ്രേരണ യായി.
ചെറുതാകലിന്റെ ആത്മീയാധികാരം സഭാ കൂട്ടായ്മക്കും മാനവ കൂട്ടായ്മക്കും വളരെ പ്രാധാന്യം കൽപ്പിക്കുന്നു. അതാണല്ലോ ക്രിസ്തുവിന്റെ പ്രാർത്ഥനയും: ""പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്ക് നൽകിയ അവിടുത്തെ നാമത്തിൽ അവരെ അങ്ങ് കാത്തു കൊള്ളണമേ'' (യോഹ 17:11). കാലുകഴുകലിലധിഷ്ഠിതമായ സഭാധികാരം ആധിപത്യവാസനവെടിഞ്ഞ്, ഏകാധിപത്യ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ആശയവിനിമയ മാർഗ്ഗ ത്തിലൂടെ ജനകീയ ശൈലിയാർജിച്ച് മാനവകുലത്തിന് അനിവാര്യമായവ നടപ്പാക്കിക്കൊണ്ടിരിക്കും. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പതിവിനുവിപരീതമായി ആറംഗ ഉപദേശസമിതിയെ നിയോഗിച്ച് സഭാഭരണം സുഗമമാക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ ജനാധിപത്യ അധികാരംവഴി സഭയിൽ കൂടുതലായി വെളിവാക്കുന്നു. അപ്പോൾ എളിമയാർന്ന സഭാധികാരം കൂട്ടുത്തരവാദിത്വത്തിന് പ്രാമുഖ്യം നൽകുന്നതാണ്. സംഘാത്മക ചർച്ചയും തീരുമാനവും പങ്കാളിത്വപ്രവർത്തനവും അതിന്റെ സവിശേഷതയാണ്. അഞ്ചപ്പം വർദ്ധിപ്പിച്ചു നൽകുന്ന രംഗത്ത് യേശു ശ്ലീഹന്മാരുടെ ക്രിയാത്മക പങ്കാളിത്വം ഉറപ്പാക്കുന്നു. ഒരു വലിയ ജനതതി അടുത്തേക്കു വരുന്നതുകണ്ട് യേശു ഫിലിപ്പോസിനോടു ചോദിച്ചു, ""ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെ നിന്ന് അപ്പം വാങ്ങും?… ഭക്ഷിച്ചശേഷം മിച്ചമുള്ളവ ശേഖരിക്കാൻ ശിഷ്യന്മാരോടു പറയുന്നു''(യോഹ 6: 1-15). ജനപങ്കാളിത്തത്തോടെ ദൈവരാജ്യത്തിന്റെ പദ്ധതികൾ നടപ്പാക്കുന്ന യേശുവാണ് സുവിശേഷത്തിലെ മിശിഹാ.
സ്വയം ശൂന്യവത്ക്കരിച്ച് പിതാവിന്റെ അധികാരം ലോകത്തിൽ കൈയാളുന്ന യേശു അജപാലന ശുശ്രൂഷക്കു നൽകിയ പ്രാമുഖ്യം എടുത്തു പറയേണ്ടതുതന്നെ. എളിമയാർന്ന അധികാരി സഭയെ ലോകത്തിൽ പടുത്തുയർത്തുന്നവനും സ്വർഗ്ഗത്തിൽ മഹത്വ മണിയിക്കുന്നവനുമാണ്. അവൻ സഭാതനയരുടെ സ്വാഭാവിക ആവശ്യങ്ങൾ പരമാവധി നിറവേറ്റികൊടുക്കും. ശൂന്യതപുൽകുന്ന അധികാരികൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഹോമം ചെയ്തു ദൈവേഷ്ട ത്തിന് കീഴടങ്ങും. ഇതാ കർത്താവിന്റെ ദാസിയെന്നു പറഞ്ഞ് രക്ഷകനെ മാനവകുലത്തിനായി ഏറ്റുവാങ്ങിയ പരിശുദ്ധമറിയം തന്നെ ഇതിനുദാഹ രണം. കന്യാത്വം നശിപ്പിച്ചെന്ന പേരിൽ രക്തസാക്ഷിത്വം തന്നെ കാത്തിരിക്കുമ്പോഴാണ് മറിയം അങ്ങനെ ചെയ്തത്. സ്വയം മറക്കുന്ന അധികാരികളിൽ നിരന്തരം നിറഞ്ഞു തുളുമ്പുക അപരനെകുറിച്ചുള്ള ഒാർമ്മയാണ്. അത് സോദരസേവനത്തിനായി ബഹിർഗമിക്കുന്നു. ഗർഭകാലത്തിന്റെ ആദ്യകാലക്ഷീണവും തളർച്ചയും ആകുലതയും അസ്വസ്ഥതയും അവഗണിച്ച് എലിസബത്തിനെ ചെന്നു കണ്ട് ശുശ്രൂഷിക്കുന്ന നസ്രത്തു മേരി മറ്റുള്ളവരെക്കുറിച്ചുള്ള ഒാർമ്മയാൽ സ്വയം വിസ്മരിക്കുന്നവളാണ്. തന്റെ അധീനതയിലുള്ള ഒരു സഹോദരവൈദികന്റെ മാനസ്സാന്തരത്തിനും രക്ഷയ്ക്കുമായി വാർഷീകധ്യാനദിവസങ്ങളിൽ മുഴുവൻ ഉപവസിച്ച് മുട്ടിന്മേൽനിന്ന് പ്രാർ ത്ഥിച്ച് പൊട്ടിയ മുട്ടുമായി നിൽക്കുന്ന ഒരു ജനറാളച്ചനെ കേരളത്തിൽ കണ്ടുമുട്ടിയ കാര്യം ഒാർമ്മയിൽ നിറയുന്നു.
എളിമയാർന്ന കൈ്രസ്തവാധികാരം എളിയവർക്കെല്ലാം സംരക്ഷണം പകരുന്നതാണ്. ഗത്സെമനിയിൽ പ്രാർത്ഥിച്ചിരിക്കേ ശത്രുക്കൾ യേശുവിനെ വലയം ചെയ്തു. അപ്പോൾ യേശു അവരോടു ചോദിച്ചു. ""നിങ്ങൾ ആരെ അന്വേഷിക്കു ന്നു?'' അവർ പറഞ്ഞു: ""നസ്രായനായ യേശുവിനെ.'' തുടർന്നവൻ അവരോടു പറഞ്ഞു: ""നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ.'' കൂടെയുള്ള ആരേയും നഷ്ടപ്പെടുത്താതെ സംരക്ഷിക്കുന്ന നേതൃത്വം(യോഹ18:5-9)! ഹാ! അതെത്ര സുന്ദരം! സ്വർ ഗ്ഗീയം! ഫരിസേയരും നിയമജ്ഞരും യേശുവിന്റെ ശിഷ്യന്മാർ പാരമ്പര്യമനുസരിച്ചുള്ള കൈകഴുകാതെ ഭക്ഷണം കഴിച്ചപ്പോഴും (മത്താ 15:1-9). അവർ സാബത്തിൽ ഗോതമ്പു കതിരുകൾ പറിച്ചു തിന്നപ്പോഴും (മത്താ 12:1-8) യോഹന്നാന്റെ ശിഷ്യന്മാരെപ്പോലെ ഉപവസിക്കാതെ ഇരുന്നപ്പോഴും (മത്താ 9:14-17) അവരെ കുറ്റപ്പെടുത്തി. എന്നാൽ ആ സാഹചര്യങ്ങളിലെല്ലാം യേശു അവരെ പ്രതിരോധിച്ചു. അവരുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. കൂടെയുള്ള വരുടെ അവസ്ഥ മനസ്സിലാക്കി അവരുടെ അന്തസ്സു കാത്തു പരിപാലിക്കുന്നതാണ് സുവിശേഷത്തിലെ അധികാരം. അതു പ്രകടമാക്കാൻ യേശു ഒരുപാടു ചെറുതായി, നാണംകെട്ടു, ഒറ്റപ്പെട്ടു. സുവിശേഷത്തിലെ യേശുവിന്റെ അധികാരശൈലി അനുകരിക്കുന്നതാണ് സഭാധികാരം. അവിടെ നിഷേധിച്ചു പറഞ്ഞ പത്രോസും ഒാടിപ്പോയ പത്രോസും പീഡിപ്പിച്ച സാവൂളും വിലയുള്ളവരാകും.
വിശുദ്ധ ഗ്രന്ഥം വെളിവാക്കുന്ന അധികാരത്തിന്റെ സവിശേഷത അതു വെല്ലുവിളികൾ ഉയർത്തുന്നു എന്നതാണ്. അതിനുദാഹരണം വിശ്വാസത്തിന്റെ പിതാവായ അബ്രാഹത്തോടും വിമോചനത്തിന്റെ വക്താവായ മോശയോടുമുള്ള ദൈവീക ഇടപെടലുകൾ തന്നെ. പരി.മറിയം തങ്ങളെ വിട്ട് ഉപാധ്യായൻമാരുമായി സംവാദത്തിലേർപ്പെട്ടിരുന്ന യേശുവിനെ കണ്ടപ്പോൾ ചോദിച്ചു. ""മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?''(ലൂക്ക 2:48). യേശു അപ്പസ്തോലന്മാരോട് തീരകടലുവിട്ട് ആഴക്കടലിലേക്കും (ലൂക്കാ 5:4) പിന്നിട് വശം മാറ്റിയും വള്ളം ഇറക്കാൻ പറഞ്ഞു (യോഹ 21:6). സഭാധികാരം സഭാമക്കളെ ചലഞ്ചുചെയ്തു ശിരസ്സായ ക്രിസ്തുവിലേക്കു വളർത്തുന്നതാണ്(എഫേ. 4:15). അതാണ് പൗലോസ് പ്രഖ്യാപിക്കുന്നത്: ""കർത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നത് നിങ്ങളെ വളർത്തിയെടുക്കാനാണ്, നശിപ്പിക്കാനല്ല'' (2 കൊറി 13:10).
കാനായിലെ കല്യാണവീട്ടിൽ യേശുവിന്റെ മഹത്വം വെളിവാക്കാൻ പ്രേരണ നൽകുന്നത് മറിയമാണ്. ""അവർക്കു വീഞ്ഞി ല്ല.'' ""അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ'' യോഹ 2:3,5). ""യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിൽ ചെയ്ത ഇൗ അത്ഭുതം'' (യോഹ 2:11). സുവിശേഷത്തിലെ അധികാരം മറ്റുള്ളവരുടെ സിദ്ധികളെ തട്ടിയുണർത്തി അതു ജനനന്മ യ്ക്കും സന്തോഷത്തിനുമാക്കി മാറ്റുന്നതാണ്. അതാണ് ഫ്രാൻ സിസ് മാർപ്പാപ്പ ചെയ്തുവരുക. അദ്ദേഹത്തിന്റെ പ്രോട്ടോകോൾ ഇല്ലാത്ത ജീവിതശൈലിതന്നെ അനേർക്ക് ലളിത ജീവിതത്തിനു പ്രേരണയാകുന്നു. ഒരിക്കൽ നിയമാനുസൃതമല്ലാത്ത ദാമ്പത്യത്തിൽ പിറന്ന ഏഴുകുട്ടികളെ മാമ്മോദീസാ മുക്കുവാൻ ഏഴേഴു തലതൊട്ടപ്പന്മാരെയും അമ്മമാരെയും കൊണ്ടു വരുവാൻ വികാരിയച്ചൻ ഒരു സ്ത്രീയോടു പറഞ്ഞു. അവൾ ക്കതു സാധിക്കാതെ കുട്ടികളുടെ മാമ്മോദീസ നടക്കാതായി. ഇതറിഞ്ഞ പാപ്പാ പതിന്നാലു പേരുടെ സ്ഥാനത്ത് ഒരപ്പനേയും അമ്മയേയും കണ്ടുപിടിക്കാമോ ഞാൻ മാമ്മോദീസാ നടത്തിത്തരാമെന്നുപറഞ്ഞു. തുടർന്ന് നിനക്ക് അതിനു പറ്റുന്നില്ലെങ്കിൽ ഞാൻ കണ്ടുപിടിക്കാമെ ന്നും പാപ്പ പറഞ്ഞു. അങ്ങനെ ഏഴുമക്കളുടെ മാമ്മോദീസാ നടന്നു.
മറ്റൊരിക്കൽ ഒരു കർദ്ദിനാളിനെ ലോഹയില്ലാതെ പാന്റും ഷർട്ടും ധരിച്ച നിലയിൽ സെന്റ് മർത്താസിലെ ലിഫ്റ്റിൽവച്ച് കണ്ടുമുട്ടിയപ്പോൾ പിതാവ് പറഞ്ഞു: ഇൗ വേഷം നന്നായിരിക്കുന്നു. അങ്ങു വളരെ ചെറുപ്പമായി തോന്നുന്നു. ഒൗദ്യോഗിക വസ്ത്രമില്ലാത്തതിനാൽ ജാള്യത തോന്നിയ അദ്ദേഹത്തിന്റെ സന്തോഷം പറയുവാനുണ്ടോ! വേറൊരു നാൾ തന്നെ കാണാൻ വന്ന ഒരന്ധനെ വഴി കാണിച്ചു വന്ന പട്ടിയെ കണ്ടപ്പോൾ "അതിനും ഇരിക്കട്ടെ ഒരാശീർവാദ'മെന്നു പറഞ്ഞ് അനുഗ്രഹിച്ചു. മാർപ്പാപ്പയുടെ ഇൗ ദൃശ പ്രവൃത്തികൾ നിയമക്കുരുക്കിൽനിന്ന് മനുഷ്യത്വത്തിലേക്കു നടന്നടുക്കുവാൻ നിരവധി പേർക്കു പ്രേരണയായി. അതാണ് സുവിശേഷത്തിലെ അധികാരത്തിന്റെ സവിശേഷത. അതു ദൈവമക്കളെ സ്വതന്ത്രരാക്കുന്നതാണ്, ഒഴുക്കിനെതിരെ നീന്താൻ പ്രേരിപ്പിക്കുന്നതാണ്, ചെറുതായി വലുതാകുന്നതാണ്.
വിശുദ്ധ ഗ്രന്ഥം വെളിവാക്കുന്ന അധികാരം മട്ടുപ്പാവിൽ സിംഹാസനത്തിൽ ഇരുന്ന് മർക്കടമുഷ്ടി പിടിക്കുന്നതല്ല, പ്രത്യുത അജഗണങ്ങളെ അനുധാവനം ചെയ്യുന്നതാണ്. സ്വർഗ്ഗീയ പിതാവ് മേഘസ്തംഭമായും അഗ്നിഗോളമായും ഇസ്രായേൽ ജനത്തിന്റെ മരു ഭൂമി യാത്രയിൽ അവരെ അനുഗമിച്ചു. അവിടുന്ന് ദൈവമക്കളോടൊപ്പം യാത്ര ചെയ്യുന്ന ദൈവമാണ്. ""നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെ ല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും''(ജോഷ്വാ 1:9). യേശു വിന്റെ കുരിശുയാത്രയിൽ അമ്മമറിയം അവനെ അനുധാവനം ചെയ്തു. ""യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മ…. നിൽക്കുന്നുണ്ടായിരുന്നു''(യോഹ 9: 25). നഷ്ടബോധത്തിന്റെ കദനഭാരവുമായി നീങ്ങിയ എമ്മാവൂസ് ശിഷ്യരുടെകൂടെ യേശുവും യാത്ര ആരംഭിച്ചു (ലൂക്കാ 24:48). തിബേരിയാസ് കടലിൽ മീൻ പിടിക്കാൻ പോയ അപ്പസ്തോലന്മാരെതേടി യേശു കടൽക്കരയിലെത്തി. ""ഉഷസായപ്പോൾ യേശുകടൽക്കരയിൽ വന്നു നിന്നു'' (യോഹ 21:4). അവിടുന്ന് ആടുകളോടൊപ്പമുള്ള ഇടയനാണ് (യോഹ 10:1-21). അജഗണങ്ങളെ അനുധാവനം ചെയ്ത് അവരുടെ ആത്മാക്കളെ ജ്വലിപ്പിക്കുന്ന, മനസ്സുകളെ തുറക്കുന്ന, ശരീരങ്ങളെ ബലപ്പെടുത്തുന്ന അധികാരമാണ് യേശു വിന്റേത്(24:30-33). വി. വിൻ സെന്റ് ഡിപോളും കൽക്കട്ടയിലെ വി.മദർ തെരേസയും മോളോക്കോയിലെ വി. ഡാമിയനുമൊക്കെ അനുധാവനം ചെയ്യുന്നത് അധികാരത്തിന്റെ അടയാളങ്ങളാണ്.
ദൈവമക്കളെ താങ്ങി ത്തലോടി തീറ്റിപ്പോറ്റി സൗഖ്യ വും ശാന്തിയും പകരുന്നതാണ് കൈ്രസ്താവാധികാരം. അതുകൊണ്ടാണ് ചെറുതായി വലുതാക്കുന്നതാണ് സഭാധികാരമെന്നു പറയുന്നത്. ""അവൻ ശിശുക്കളെ എടുത്ത് അവരുടെ മേൽ കൈകൾവച്ച് അനുഗ്രഹിച്ചു'' (മാർക്ക് 10:16). ദൈവപിതാവ് മരുഭൂമിയാത്രയിൽ ഇസ്രായേൽ ജനത്തിന് ജലവും മന്നയും കാടപ്പക്ഷിയും നൽകി( പുറ 15: 22-25, 16: 1-18, 7: 5-6). ദൈവപുത്രൻ വിജനദേശത്ത് വിശന്നു പൊരിഞ്ഞ ജനത്തിന് അപ്പവും മീനും നൽകി (യോഹ 6:1-15). അവിടുന്ന് ആടുകളെ നീരുറവകൾക്കരികിലേക്കും മേച്ചിൽ സ്ഥലത്തേക്കും നയിക്കുന്നു (എസക്കി 34:13-14, യോഹ 10: 1-18). ആടുകൾക്ക് യാത്രാവേളയിൽ ഉണ്ടാകുന്ന മുറിവുകൾ വച്ചു കെട്ടി ആശ്വാസമേകുന്നവനാണ് അവിടുന്ന്. ""ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് (പുറപ്പാ. 15:26). അവിടുന്ന് മുറിവുകൾ വച്ചുകെട്ടും, സുഖപ്പെടുത്തും. (ഹോസിയ 6:1) യേശു കുഷ്ഠരോഗിയെ, അന്ധ നെ, രക്തസ്രാവകാരിയെ തുടങ്ങി വിവിധ രോഗപീഢകളിലായിരുന്നവരെ സുഖപ്പെടുത്തി (മത്താ 8:1-17, 9: 1-8, 32-34).
സാരാംശത്തിൽ യേശു ദൈവമക്കളെ കൈകളിലെടുത്ത് മാറോടണച്ച് തോളിലേറ്റി സത്രത്തിലെത്തിച്ച് സൗഖ്യം പകരുന്ന നല്ല സമരിയക്കാരനാണ് (ലൂക്കാ 10: 30-37). അതുകൊണ്ടാണ് വി. പൗലോസ് പറയുന്നത്: ""അവിടുന്ന് കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും പിതാവുമാണെന്ന്'' (2 കോറി 1:3). സഭാധികാരി സുവിശേഷത്തിലെ ദൈവത്തിന്റെ പ്രതിരൂപമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഒാർമ്മിപ്പിക്കുന്നു. അദ്ദേഹം ശരീരവും മുഖവും നിറയെ കുരുക്കൾ വന്ന് വികൃതമായ മനുഷ്യനെ വത്തിക്കാനിൽവച്ചു വാരിപ്പുണർന്നു. റോമിലെ തെരുവു മക്കൾക്ക് മുടിവെട്ടി ഷേവുചെയ്യുവാനും കുളിക്കുവാനും വത്തിക്കാനിൽ സജ്ജീകരണമൊരുക്കി. അംഗരക്ഷകന് (സ്വിസ് ഗാർഡ്) ഇരിക്കാൻ സ്റ്റൂളും കുടിക്കാൻ കാപ്പിയും ഭക്ഷിക്കുവാൻ ബ്രഡ്ഡും കൊണ്ടുവന്നു കൊടുത്തു. നിരാലംബരായ തെരുവുമനുഷ്യരെ വത്തിക്കാൻ മ്യൂസിയം ഫ്രീ ആയി കാണുവാൻ കൂട്ടികൊണ്ടുവന്നു. അവരോടൊപ്പം ഉച്ചയ്ക്കു ഭക്ഷിച്ചുകൊണ്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു പറഞ്ഞു. തന്നെക്കാണാൻ മിലാനിൽനിന്നു വന്നകുട്ടികളെ റോമാ ടെർമിനലിൽ ചെന്നു സ്വീകരിച്ച് സ്വാഗതം ചെയ്തു. അർജന്റിനായിൽ നിന്ന് തന്നെകാണാൻ വന്ന, താൻ പട്ടം നൽകിയ വൈദികൻ വത്തിക്കാൻ സ്ക്വയറിൽ ജനകൂട്ടത്തിനിടെ നിൽക്കുന്നതുകണ്ടപ്പോൾ കൈകാണിച്ചു വിളിച്ച് തന്റെ വാഹനത്തിലേക്ക് കൈതാങ്ങിക്കയറ്റി ആശ്ലേഷിച്ചു. ഇതെല്ലാം ചെറുതായി വലുതാകുന്ന സുവിശേഷാധികാരത്തിന്റെ സവിശേഷതയാണ്.
യേശുവിൽ കരഗതമായ അധികാരം തുറവിയോടെ ശ്രവിക്കുന്നതും മനസ്സിലാക്കുന്നതുമാണ്. കുഷ്ഠരോഗികളുടെ രോദനം കേൾക്കുന്ന യേശു. ശതാധിപന്റെ അപേക്ഷപരിഗണിക്കുന്ന യേശു (മത്താ. 8: 1-13). രക്തസ്രാവക്കാരി സ്ത്രീ യെയും (മത്താ 9:18-22) കാനാൻകാരി സ്ത്രീയേയും (മത്താ 15:21-28) കൂനുള്ള സ്ത്രീയെയും (ലൂക്കാ 13:10-13) വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയേയും (യോഹ 8:1-11) മനസ്സിലാക്കുന്ന യേശുവിനെ ഒാർക്കാം. സംവാദ, ശ്രവണ, ഗ്രഹണ ശേഷിയാണ് സഭാധികാരത്തിന്റെ പ്രത്യേകത. അത് എളിമയുള്ളവർക്കേ, സ്വയം ശൂന്യവത്ക്കരിക്കുന്നവർക്കേ സാധിക്കൂ. ഇൗ ചൈതന്യമുള്ളതുകൊണ്ടാണ് ക്രിസ്ത്യാനികൾ മാത്രമല്ല നാനാജാതി മതസ്ഥരും എന്തിന് നിരീശ്വരന്മാർപോലും മാർപ്പാപ്പയുമായി സൗഹൃദത്തിലാകാൻ തുനിയുന്നത്. അദ്ദേഹത്തിന് ഫെയ്സ് ബുക്കിൽ ലൈക്കടിക്കുന്നവരുടെ എണ്ണം പരിഗണിച്ചാൽ ഇതുവ്യക്തമാകും.
അസ്വസ്ഥമാനസങ്ങളിൽ സ്വസ്ഥതയുമായി വരുന്നവ നാണ് സുവിശേഷത്തിലെ യേശു. അവന്റെ അധികാരസീമയിൽപ്പെട്ടവരോട് അവിടുന്നു പറയുന്നു: ""നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ എന്നി ലും വിശ്വസിക്കുവിൻ'' (യോഹ 14:1). ""അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം നിങ്ങൾ വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും (മത്താ 11: 28-29). സാന്ത്വനസ്പർശവും ആശ്വാസവാക്കുകളും സഭാധികാരികളിൽനിന്ന് പുറപ്പെടുമ്പോൾ അവർ ലോകത്തിൽ മറ്റൊരു ക്രിസ്തുവായി മാറുന്നു. കർത്താവ് അരുളിചെയ്യുന്നു: ""ആശ്വസിപ്പിക്കുവിൻ എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ'' (ഏശ 40:1).
അതിരാവിലെ ഇറങ്ങിപോയിട്ടും ജോലിയില്ലാതെ, ഉപജീവനത്തിനു മാർഗ്ഗമില്ലാതെ നെടുവീർപ്പിട്ടിരിക്കുന്നവരെ തേടിപ്പിടിച്ച് ജോലിയും നൽകി വേത നവും നൽകി ഉദാരത കാണിക്കുന്ന മുന്തിരി കർഷകനു തുല്യനായിരിക്കണം സഭാധികാരി. അജഗണങ്ങൾ അനുഭവിക്കുന്ന അനാഥത്വം, അന്യവത്ക്കരണം, അർത്ഥരാഹിത്യം, ഏകാന്തത, നിസ്സഹായത, പാർശ്വവത്ക്കരണം തുടങ്ങിയ കാര്യങ്ങൾ സഭാധികാരികൾ തിരിച്ചറിഞ്ഞ് അതിനോട് ക്രിയാത്മകമായി പ്രത്യുത്തരിക്കുമ്പോൾ അവർ കൈ്രസ്തവാധികാരികളായി. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കണമവർ. പാർപ്പിടമില്ലാത്തവരുടെ അഭയകേന്ദ്രമാകണമവർ, മരുന്നില്ലാത്തവരുടെ സിദ്ധൗഷധമാകണമവർ, ജ്ഞാനമില്ലാത്തവരുടെ വിജ്ഞാനകോശമാകണമവർ, കൂരിരുട്ടിലായവരുടെ ഉഷ:കാല നക്ഷത്രമാകണമവർ, അഴുക്കു പുരണ്ടവരുടെ സൗന്ദര്യമാകണമവർ, ബന്ധനസ്ഥരുടെ മോചനദ്രവ്യമാകണമവർ, നീറുന്നവരുടെ കുളിർകാറ്റാകണമവർ, വരണ്ടുണങ്ങിയവരുടെ ജീവജലമാകണമവർ, അങ്ങനെ എല്ലാവിധത്തിലും എല്ലാവരേയും നേടേണ്ടതിന് എല്ലാവർക്കും അവർ എല്ലാമാകണം. അതാണ് വി. പൗലോസിന്റെ അധികാരവീക്ഷണം. ""ഞാൻ എല്ലാവരിലും നിന്നും സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാൻ എല്ലാവരുടെയും ദാസനായി തീർന്നിരിക്കുന്നു. യഹൂദരെ നേടേണ്ടതിന് ഞാൻ അവരുടെയിടയിൽ യഹൂദനെപ്പോലെയായി… ബലഹീനരെ നേടേണ്ടതിന് ഞാൻ അവരുടെയിടയിൽ ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേർ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി…''(1 കോറി 9:19-23). മറ്റുള്ളവരുടെ ഉയർച്ചയ്ക്കുവേണ്ടി പൗലോസ് യേശുവിനെപ്പോലെ തന്നെതന്നെ താഴ്ത്തി (2 കോറി 11:7).
ചെറുതാക്കി വലുതാക്കുന്ന സുവിശേഷാധികാരത്തിന്റെ പാരമ്യം എല്ലാവർക്കും എല്ലാറ്റിനുമായി മുറിക്കപ്പെടുന്ന ശരീരവും ചിന്തപ്പെടുന്ന രക്തവുമായി അധികാരി മാറുന്നതിലടങ്ങിയിരിക്കുന്നു. അതാണ് സിയോൻ ശാലയിലെ അത്താഴവിരുന്നിൽ നിന്നും, ഗാഗുൽത്താമലയിലെ കുരിശുമരണത്തിൽനിന്നും, ഒാരോ അൾത്താരയിൽനിന്നും മുഴങ്ങി കേൾക്കുക, പ്രകടമാകുക. സഹജരെ വലുതാക്കാൻ ചെറുതാകുന്നവരെ, ദൈവത്തെ മഹത്വപ്പെടുത്താൻ ശൂന്യവത്ക്കരിക്കുന്നവരെ ദൈവം വലിയവരാക്കും. ""ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?'' (ലൂക്ക 24:26) ""ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല, തന്നെ ത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ - അതേ കുരിശുമരണം വരെ - അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു…''(ഫിലി 2: 6-10). തിരുവചനം വ്യക്തമാക്കുന്നതുപോലെ വിശുദ്ധരുടെ ജീവിതം വിളിച്ചോതുന്നതു പോലെ തങ്ങളെ തന്നെ ചെറുതാക്കി തങ്ങൾക്കുള്ളവരെ വലുതാക്കുന്ന സഭാധികാരികൾക്കു പേരും പെരുമയും ദൈവം നൽകും (മത്താ. 25:1-40, റോമ 2: 6-8). ""തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ'' (റോമ 12:11).
തലകള് തകര്ക്കപ്പെടുന്ന കാലം
നമ്മുടെ കൂട്ടരല്ല!
ഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 11|10|2020
പർവ്വതശൃംഗങ്ങൾ