മാഡ്രിഡ്/ റോം: 4000 മൈലുകൾ താണ്ടി വിശുദ്ധനാട് സന്ദർശനത്തിന് കാൽനടയായി യാത്ര ആരംഭിച്ചിരിക്കുന്ന ഇരുപത്തിയൊന്‍പത് വയസ്സുള്ള സ്പാനിഷ് യുവതി വാര്‍ത്തകളില്‍ ഇടംനേടുന്നു. 12 രാജ്യങ്ങൾ പിന്നിട്ട് ക്രിസ്തുമസ് സമയത്ത് വിശുദ്ധ നാട്ടിലെത്തുകയെന്ന ലക്ഷ്യവുമായി യാത്ര തിരിച്ചിരിക്കുന്ന കാർലോട്ട വലൻസ്വേല എന്ന യുവതിയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. റോമാക്കാർ ഭൂമിയുടെ ഏറ്റവും അവസാന ഭാഗമായി കണക്കാക്കിയിരുന്ന ഉത്തര സ്പെയിനിലെ കേപ്പ് ഫിനിസ്റ്റേരയിൽ നിന്നാണ് യുവതിയുടെ യാത്രയുടെ ആരംഭം. ദൈവവിശ്വാസവും, ഒരു ബാഗും മാത്രമാണ് കൈമുതലെന്ന് ഇവര്‍ പറയുന്നു. വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്താൻ ദൈവം തന്നെ വിളിക്കുന്നുവെന്ന് വളരെ വ്യക്തമായി തനിക്ക് മനസ്സിലാക്കാൻ സാധിച്ചെന്നും അതിന്റെ ഫലമായാണ് യാത്രയെന്നും മെയ് 25നു ഇഡബ്ല്യുടിഎന്നു നൽകിയ അഭിമുഖത്തിൽ കാർലോട്ട പറഞ്ഞു. ആറു വർഷമായി വലിയൊരു കാര്യത്തിനുവേണ്ടി ദൈവം തന്നെ വിളിക്കുന്നുവെന്ന തോന്നൽ ഉള്ളിൽ ഉണ്ടായിരുന്നുവെന്ന് അവർ സ്മരിച്ചു. വിവിധ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ വിശ്രമിക്കാൻ വേണ്ടി പരിചയമില്ലാത്ത ആളുകളോട് അഭയം ചോദിക്കേണ്ട ആവശ്യമുണ്ട്. ഇതുവഴി ഓരോ ദിവസവും മനുഷ്യരുടെ ഉദാരതയെ പറ്റി പഠിക്കാൻ സാധിക്കുന്നുണ്ടെന്ന് കാർലോട്ട പറഞ്ഞു. ആളുകളോട് വിശ്വാസത്തെ പറ്റി പറയാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും തനിക്ക് വളരെയധികം താൽപര്യമുണ്ടെന്ന് അവർ കൂട്ടിചേർത്തു. @finisterreajerusalem എന്ന 13,000 ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ യാത്രാവിവരണങ്ങളും വീഡിയോകളും കാർലോട്ട വലൻസ്വേല പങ്കുവെയ്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എല്ലാം ദൈവത്തിന് സമർപ്പിച്ച് നടത്തുന്ന ഒരു തീർത്ഥാടനമായിട്ടാണ് തന്റെ യാത്രയെ ഈ യുവതി വിശേഷിപ്പിക്കുന്നത്. ജൂൺ മാസം തുടക്കത്തിൽ തന്റെ മുപ്പതാമത്തെ പിറന്നാൾ ദിനത്തിലായിരിക്കും റോമിൽ നിന്നും അടുത്ത ലക്ഷ്യം തേടി അവർ യാത്ര പുനഃരാരംഭിക്കുന്നത്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ പ്രാർത്ഥിച്ചത് പോലെ ജറുസലേമിൽ ചെല്ലുമ്പോൾ തന്നെക്കുറിച്ചുള്ള ദൈവഹിതം പൂർത്തിയാക്കണമേ എന്ന പ്രാർത്ഥന തന്നെ ദൈവസന്നിധിയിൽ ഉരുവിടാൻ ആഗ്രഹിക്കുകയാണെന്നും കാർലോട്ട വലൻസ്വേല പറയുന്നു. ആയിരകണക്കിന് മൈലുകൾ താണ്ടിയുള്ള യാത്രയ്ക്കിടെ ലൂർദ് ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും, ദേവാലയങ്ങളും ഈ യുവതി സന്ദർശിച്ചിരിന്നു.
ചിന്ത ശകലങ്ങൾ ; 27-09-2020
8 നോമ്പ് മാർ പോളി കണ്ണൂക്കാടൻ
അപ്പസ്തോലനായ കാനാൻകാരൻ ശിമയോൻ