വത്തിക്കാന്‍ രഹസ്യ രേഖാലയത്തിന്‍റെ പേര് (സീക്രട്ട് ആര്‍ക്കൈവ്) മാറ്റി, അപ്പസ്തോലിക് രേഖാലയം എന്നാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. രഹസ്യമെന്ന വാക്കിനോടു ബന്ധപ്പെട്ട നിഷേധാത്മകമായ സൂചനയും തെറ്റായ വ്യാഖ്യാനങ്ങളും ഒഴിവാക്കുന്നതിനാണ് ഇതെന്നു മാര്‍പാപ്പ ഉത്തരവില്‍ വ്യക്തമാക്കി. രേഖാലയത്തിന്‍റെ സ്വഭാവത്തിലോ ഘടനയിലോ ദൗത്യത്തിലോ മാറ്റമൊന്നും വരുത്തുന്നില്ല. വത്തിക്കാന്‍ രേഖാലയത്തിന്‍റെ ഇതുവരെയുണ്ടായിരുന്നതും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതുമായ ദൗത്യത്തിനും സ്വഭാവത്തിനും ചേരുന്നതല്ല രഹസ്യമെന്ന വാക്കു ചേരുന്ന പേര് എന്നും മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്‍റെ ആരംഭം മുതലുള്ള ചരിത്രപരവും സാംസ്കാരികവുമായി പ്രധാനപ്പെട്ട രേഖകളും ഗ്രന്ഥങ്ങളുമാണ് വത്തിക്കാന്‍ രേഖാലയത്തിലുള്ളത്. മാര്‍പാപ്പമാരുടെ സ്വകാര്യ രേഖാലയങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇതു രൂപപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ തന്നെയാണ് രഹസ്യരേഖാലയം എന്ന പേരും ഉപയോഗിച്ചു തുടങ്ങിയത്. മാര്‍പാപ്പാമാരുടെ സ്വകാര്യശേഖരം എന്ന അര്‍ത്ഥത്തിലാണ് ഈ പദപ്രയോഗം വന്നത്. 1881 മുതല്‍ ഇത് ഗവേഷകര്‍ക്ക് പഠനങ്ങള്‍ക്കായി ലഭ്യമാക്കുന്നുണ്ട്.
Subsribe