പൗരോഹിത്യം: സഭാപിതാക്കന്മാരുടെ ദർശനത്തിൽ | റവ. ഫാ. മരിയദാസ് പാലാട്ടി OFMConv .

28,  Sep   

ഉത്്പത്തി പുസ്തകത്തിലെ മെൽക്കിസെദെക്കിലൂടെ ആരംഭിക്കുന്ന പൗരോഹിത്യ ചിന്ത പഴയനിയമത്തിലെ തുടർന്നുള്ള പുസ്തകങ്ങളിലൂടെയും പുതിയ നിയമങ്ങളിലൂടെയും വളർന്നു. "പുരോഹിതൻ', "പൗരോഹിത്യം' എന്നീ പദങ്ങളുടെ അർത്ഥതലങ്ങൾ ആദിമ കൈ്രസ്തവ നൂറ്റാണ്ടുകളിൽ ഏറെ പരിവർത്തന വിധേയമായി. ഗ്രീക്കിൽ നിന്നും ലത്തീനിലൂടെ ഇംഗ്ലീഷിനു കിട്ടിയ "പുരോഹിതൻ' എന്ന പദത്തിന് "മൂപ്പൻ', "വയസ്സൻ', "പരിചയസമ്പന്നൻ' എന്നൊക്കെ അർത്ഥമുള്ളൂ. എന്നാൽ പുരോഹിതന്റെ ജീവിതാവസ്ഥയ്ക്ക് പദത്തിലൊതുങ്ങാത്ത അർത്ഥതലങ്ങൾ ഉണ്ടെന്ന് പഠിപ്പിക്കുന്നതിൽ സഭാപിതാക്കന്മാർ ശ്രമിച്ചിട്ടുണ്ട്. സഭാപിതാക്കന്മാരെന്ന് വിളിക്കപ്പെടുന്നത് ആദിമ സഭയുടെ എട്ടു നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞരെയാണ്. അവരിൽ ചിലരുടെ പൗരോഹിത്യ ദർശനമാണിവിടെ പ്രതിപാദ്യം.

1. അഫ്രാഹാത്ത്

"പേർഷ്യൻ ജ്ഞാനി' എന്നാണ് ഇൗ പിതാവ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റേതായ ധാരാളം ദൈവശാസ്ത്ര പ്രബോധനങ്ങൾ സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം പൗരോഹിത്യ ശുശ്രൂഷയെപ്പറ്റി സാന്ദർഭികമായി കുറിച്ച ചിന്തകൾ മാത്രമാണ് ഇവിടെ ചേർക്കുന്നത്.
അഫ്രാഹാത്തിന്റെ കാഴ്ചപ്പാടിൽ പുരോഹിതർ നല്ലിടയനായ (യോഹ. 10:13) യേശുവിന്റെ ശിഷ്യന്മാരാണ്. ഇൗശോയെന്ന നല്ലിടയന് രാത്രിയിൽ പ്രാർത്ഥനയുടെ കാവൽ ജാഗ്രതയും പകൽ മുഴുവനും ആടുകളെ പോറ്റാനുള്ള പരിശ്രമവും ഉണ്ടായിരുന്നു. ഇൗശോയുടെ പ്രിയ ശിഷ്യരായ ഇടയന്മാർക്ക് ഇതേ ഗുണങ്ങൾ ഉണ്ടാകേണ്ടതാണ് എന്ന് അദ്ദേഹം ഒാർമ്മിപ്പിക്കുന്നു. ക്രിസ്തുവിനെപ്പോലെ അജഗണത്തിന്റെ തലപ്പത്തു നിന്ന് ജീവൻ ബലികഴിച്ചും, ജീവന്റെ ആഹാരം നല്കേണ്ടവനുമാണ് പുരോഹിതൻ.

തന്റെ ആടുകളിൽ ശ്രദ്ധയുള്ള ഇടയൻ മറ്റൊരു പണിക്കും പോകുകയില്ല എന്ന് അദ്ദേഹം ഒാർമ്മിപ്പിക്കുന്നു. മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കാനോ ഇൗ ലോകത്തിന്റെ പ്രയാസങ്ങളിൽ വീഴാനോ അയാൾ പോകില്ല. ആടുകളെ ചെന്നായ്ക്കളുടെ മദ്ധ്യത്തിൽ അലയാൻ അനുവദിച്ച് മറ്റ് പണിക്കു പോകുന്ന ഇടയൻ യഥാർത്ഥ ഇടയനല്ല. അതുകൊണ്ട് പുരോഹിതൻ എല്ലാ വിധത്തിലുള്ള ആർത്തിയിൽ നിന്നും വിടുതൽ നേടണം. പുരോഹിതൻ ഒരിക്കലും സമ്പാദ്യങ്ങളുടെ സ്നേഹിതനായിരി ക്കാൻ പാടില്ല.

ഒരു പുരോഹിതൻ സമൂഹത്തിൽ ആരായിരിക്കണം എന്ന ദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ജ്ഞാനിയായ വൈദ്യൻ, പ്രഗത്ഭനായ നിരീക്ഷകൻ, ദരിദ്രരെ പോറ്റുന്ന വഴക്കു തീർക്കുന്ന സമാധാന പുത്രൻ, കാഹളം മുഴക്കി ജനത്തിനു മുന്നറിയിപ്പു നല്കുന്നവൻ, സഭയുടെ തടവുകാരൻ, ജഡികമോഹത്തിന്റെ പിടിയിൽ നിന്നുമാറി പക്വത പ്രാപിച്ച് ലോകത്തിന് മരിച്ചവൻ എന്നിങ്ങനെ പോകുന്നു പുരോഹിതനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനം.

2. അപ്രേം

ഏറ്റവും വലിയ ദൈവശാസ്ത്ര കവിയായ ഇദ്ദേഹം "പരിശുദ്ധ റൂഹായുടെ കിന്നരം' എന്നറിയപ്പെടുന്നു. പ്രാദേശിക സഭാകൂട്ടായ്മയുടെ തലപോലെ പ്രവർത്തിക്കേണ്ടവനാണ് പുരോഹിതൻ എന്ന് അപ്രേം പറയുന്നു. തല ശരിയല്ലെങ്കിൽ സഭാശരീരത്തിലെ അവയവങ്ങൾ വഴിതെറ്റിപ്പോകും. അദ്ദേഹം തുടരുന്നു, പുരോഹിതൻ ജീവന്റെ അപ്പം സഭാശരീരത്തിന് നൽകുന്നവനും, സുഗന്ധധൂപം കൊണ്ട് അനുരഞ്ജ നം സ്ഥാപിക്കുന്നവനും, തന്റെ പ്രാർത്ഥനയാൽ നഗരത്തെ താങ്ങിനിറുത്തുന്ന സ്തംഭവും, ആശ്വാസത്തിന്റെ നാവും, വാ ക്കുകളേക്കാൾ പ്രവർത്തികൾ കൊണ്ട് പ്രബോധനം നല്കുന്നവനും, തന്നിൽ ഗുരുവിന്റെ ചിത്രം വരച്ചിട്ടുള്ളവനും, സഭയുടെ കാവൽ ഗോപുരവും, ആത്മാക്കളെ ഉഴുത് ഹൃദയത്തിൽ ജീവന്റെ വാക്കുകൾ വിതറുന്ന നീതിമാനായ കർഷ കനും, അണഞ്ഞുപോകാത്ത വെളിച്ചവും, രുചി കെടാത്ത ഉപ്പും, അഴുക്കു പുരളാത്ത കണ്ണാടിയും ആയിരിക്കണം. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ മദ്ധ്യസ്ഥനായി നില്ക്കുന്നവനായിരിക്കണം പുരോഹിതൻ. അതിനാൽ അവൻ എല്ലാ സമയവും ശുദ്ധിയുള്ളവനായിരിക്കണം. നാവി നെ ശുദ്ധീകരിച്ച് മനസ്സിനെ വെടിപ്പാക്കി കൈകളെ നിർമ്മലമാക്കി അവൻ ജീവിക്കണം. കാരണം ദൈവത്തിനും മനുഷ്യനുമിടയിൽ ദൂതനായി നില് ക്കുന്നവൻ അത്രയേറെ വിശുദ്ധിയുള്ളവനായിരിക്കണം. വി. അപ്രേമിന്റെ വീക്ഷണത്തിൽ പുരോഹിതൻ എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും അവന്റെ അജഗണവും. പരിശുദ്ധനായ പുരോഹിതൻ പരിശുദ്ധ റൂഹായ്ക്ക് ഒരു കിന്നരമായിരിക്കും.

3. ഗ്രിഗറി നസിയാൻ

പ്രഭാഷണകലയിൽ അദ്വിതീയനായിരുന്നതുകൊണ്ട് "ക്രിസ്ത്യൻ സെമോസ്തനീസ്' (സ്വർണ്ണവായുള്ളവൻ) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനാണ് ഗ്രിഗറി നസിയാൻ. ഉന്നതകുല ജാതനായ അദ്ദേഹം ഏതൻ സിൽ താപസജീവിതം നയിക്കവേ അന്നത്തെ രീതിയനുസരിച്ച് തികഞ്ഞ യോഗ്യതയുള്ള അദ്ദേഹത്തിന് ബലമായി വൈദികപ്പട്ടം നൽകി. ഇതിൽ പ്രതിഷേധിച്ച നവവൈദികൻ താപസ ജീവിതത്തിനായി ഒളിച്ചോടി. എതാനും മാസം പ്രാർത്ഥിച്ചും ധ്യാനിച്ചും കഴിഞ്ഞ് അദ്ദേഹം വൈദിക ശുശ്രൂഷക്ക് തയ്യാറായി തിരിച്ചെത്തി. തിരിച്ചെത്തിയ അദ്ദേഹം പൗരോഹിത്യത്തെക്കുറിച്ച് ഒരു ഗ്രന്ഥം രചിച്ചു. എന്തുകൊണ്ടാണ് താൻ ഒളിച്ചോടിയതെന്ന് അദ്ദേഹം ഇതിൽ വിവരിക്കുന്നു. അദ്ദേഹം പറയുന്നു; ദൈവികമായ ഏകാന്തതയേയും താപസജീവിതത്തേയും വൈദിക തിരക്കുകളെക്കാൾ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാൻ ഒളിച്ചോടിയത്. മാത്രമല്ല, സാധാരണക്കാരെക്കാൾ മോശമായി ജീവിക്കുന്ന ചിലർ കളങ്കിത കരങ്ങളോടെ എത്രയും പരിശുദ്ധമായ ഇടങ്ങളിലേക്ക് ചാടിക്കയറുന്നത് കണ്ട് ഞാൻ ലജ്ജിച്ചു. മതിയായ യോഗ്യതയില്ലാ തെ ബലിപീഠത്തെ സമീപിക്കുന്നത് യുക്തമല്ല.
ഗ്രിഗറിയുടെ അഭിപ്രായത്തിൽ പുരോഹിതൻ പരിശീലകനായ ഇടയനാണ്. അദ്ദേഹം പറയുന്നു, അനേകം മൃഗങ്ങൾ ചേർന്ന് ഒരു മൃഗമായെന്നു കരുതുക. വിവിധതരം കാട്ടുമൃഗങ്ങ ളും വളർത്തുമൃഗങ്ങളും ഒന്നു ചേർന്ന ഒരു മൃഗം. അതിനെ ഇണക്കിയെടുക്കാൻ പരിശീലിപ്പിക്കുന്നവന്റെ കഷ്ടപ്പാട് ദയ നീയം തന്നെ. വിവിധ സ്വഭാവ ങ്ങൾ ചേർന്ന വിചിത്ര ജീവിയെ ഇണക്കിയെടുക്കുന്നതുപോലെയാണ് സഭാശരീരത്തെ ശുശ്രൂഷിക്കുകയെന്നത്.

അദ്ദേഹം തുടരുന്നു, സ്വ ന്തം അറിവില്ലായ്മയെപ്പോലും അറിവില്ലാത്തവർ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനേക്കാൾ വലിയ തിന്മയില്ല. അതിനാൽ വൈദിക ശുശ്രൂഷയ്ക്ക് വിളിക്കപ്പെട്ടവൻ അറിവുള്ളവനായിരിക്കണം എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഗ്രിഗറി പുരോഹിതന്മാർക്ക് മാതൃകയായി നല്കുന്നത് വി. പൗലോസിനെയാണ്. വി. പൗലോസ് കഠിനാദ്ധ്വാനിയും, ജാഗരണമുള്ളവനും ആയിരുന്നു. ഒരു വശത്ത് ദൈവസ്നേഹവും മറുവശത്ത് കാർക്കശ്യഭാവവും സമ്മേളിച്ച വിശുദ്ധ ജീവിതമായിരുന്നു പൗലോസിന്റേത്. ഒാരോ പുരോഹിതനും അങ്ങനെയായിരിക്കണം. പുരോഹിതൻ വെളിച്ചമാകാൻ വിളിക്കപ്പെട്ടവനാണ്. അവൻ ജീവിക്കു ന്ന വിശുദ്ധ ബലിയായിരിക്ക ണമെന്ന് ഗ്രിഗറി ഒാർമ്മിപ്പിക്കുന്നു.

4. ജോൺ ക്രിസോസ്തം

ധനിക കുടുംബത്തിൽ ജനിച്ച ജോണിന്റെ പിതാവ് മരിക്കുമ്പോൾ അവന്റെ അമ്മയ്ക്ക് 20 വയസ്സ് പ്രായം. പ്രായപൂർത്തിയായ മകൻ അമ്മയുടെ സമ്മ തം വാങ്ങി താപസനായി. എന്നാൽ പിന്നീട് ബിഷപ്പിന്റെ അഭ്യർത്ഥനയനുസരിച്ച് വൈദികനായി. ഡീക്കനായിരിക്കെ "പൗരോഹിത്യ പദവിയെപ്പറ്റി' എന്ന പുസ്തകമെഴുതി. ഇതിൽ അദ്ദേഹത്തിന്റെ പൗരോഹിത്യ ദർശനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിവരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മിശിഹായോടുള്ള സ്നേഹ ത്തിന്റെ പരമകാഷ്ഠയാണ് പൗരോഹിത്യം. പത്രോസ് ശ്ലീഹായോട് യേശു ചോദിച്ചു, "നീ എന്നെ സ്നേഹിക്കുന്നു വോ?' (യോഹ. 21:15-17). "ഉവ്വ് കർത്താവേ.' ""നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ ആടുകളെ മേയ്ക്കുക.'' യേശു ആവർത്തിച്ചാവർത്തിച്ച് ഇത് ചോദിച്ചത് തനിക്കറിയാത്ത ഒരു കാര്യം കണ്ടുപിടിക്കാനായിരുന്നില്ല. തന്റെ ആടുകളുടെ മേൽ നോട്ടം തനിക്കത്രയും താല്പര്യമുള്ള കാര്യമാണെന്ന് നമ്മെ പഠിപ്പിക്കുന്നതിനാണിത്. തന്നോടുള്ള സ്നേഹം തന്റെ ആടുകൾക്ക് നേരെ തിരിച്ചുവിടുന്ന സ്നേഹത്തിന്റെ പ്രവാചകനാ ണ് യേശു. യേശുവിനെ സ്നേ ഹിക്കുന്ന ഇടയനായ വൈദികൻ അജഗണത്തിന്റെ വളർച്ചയിൽ ശ്രദ്ധാലുവായിരിക്കണം.

5. മഹാനായ ഗ്രിഗറി

പൗരോഹിത്യത്തെക്കുറിച്ച് മനോഹരമായ കാഴ്ചപ്പാടുകൾ പുലർത്തിയ പിതാവാണ് ഗ്രിഗറി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പുരോഹിത ശുശ്രൂഷ ആത്മാക്കളുടെ ഭരണമാണ്. ആത്മാക്കളുടെ ഭരണം കലകളുടെ കലയാണ്. ശ്രദ്ധാപൂർവ്വം പഠിച്ചിട്ടില്ലാത്ത ഏതെങ്കിലും കല പഠിപ്പിക്കാമെന്ന് ആരും കരുതുന്നില്ല. അതിനാൽ ഇൗ കലാരംഗത്തിനും വലിയ ഒരു ക്കം ആവശ്യമാണ്. കുരിശുമരണം പ്രാപിച്ച മിശിഹായുടെ അനുയായിയായ പുരോഹിതൻ ലോകത്തിന്റെ സമ്മാനങ്ങളിൽ നിന്ന് ഒാടിയകലണം. തന്റെ ജനത്തിന്റേതിനേക്കാൾ ഉയർന്ന നിലവാരം ഇടയന് കൂടിയേ തീരൂ. ശുദ്ധീകരിക്കുന്ന കൈ കൾ ശുദ്ധമായിരിക്കണം. പുരോഹിതൻ ജനത്തിനു പറഞ്ഞു കൊടുക്കാൻ കടപ്പെട്ട കാര്യങ്ങൾ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം. ശരിയായ കാര്യം പറയാൻ ഇടയൻ പേടിക്കരുത്. അദ്ദേഹം തുടർന്നു, ഇടയന് ഒരമ്മയുടെ ഹൃദയം ആവശ്യമാണ്. ഭരണകർത്താവുകൂടിയായ പുരോഹിതൻ തനിക്ക് ഭരമേല്പിക്കപ്പെട്ടവർക്ക് സ്നേഹകാരുണ്യത്തിൽ ഒരമ്മയെപ്പോലെയായിരിക്കണം. ആത്മീയ നേതാക്കൾ ലൗകീകകാര്യങ്ങളിൽ ചെന്നു പതിക്കാൻ പാടില്ല. പുരോഹിതൻ തിരുലിഖിതങ്ങളിന്മേൽ നിത്യേന ധ്യാനിക്കണം. പുരോഹിതൻ നന്നായി ജീവിച്ചുകൊണ്ട് തന്റെ കീഴിലുള്ളവരെ പഠിപ്പിക്കുകയും ഉപദേശിക്കുകയും വേണം. പുരോഹിതന്റെ പ്രവർത്തിയുടെ ശബ്ദം പ്രസംഗത്തേക്കാൾ ഉച്ചത്തിൽ കേൾക്കണം.

ദൈവത്തിന്റെ നാവാണ് പുരോഹിതൻ. അവൻ മനുഷ്യരോട് മരണവും ജീവനും പ്രസംഗിക്കുന്നു. തന്റെമേലും ജനത്തിന്റെമേലും കരുണയുണ്ടായിരിക്കുവാൻ അപേക്ഷിക്കുന്നവനാണ് പുരോഹിതൻ. അവർ ജീവവെളിച്ചത്തിന്റെ വിതരണക്കാരും, മാലാഖമാരെക്കാൾ ശ്രേഷ്ഠരുമാണ്. അർപ്പണവസ്തുവും, അർപ്പകനും സമന്വയിക്കുകയാണ് പുരോഹിതനിൽ. ഭൂമിയിൽ ദൈവസാന്നിദ്ധ്യം പകർന്നു നൽകുവാൻ സ്വയം ബലിവസ്തുവാകാൻ വിധിക്കപ്പെട്ട ജന്മങ്ങൾ!

റവ. ഫാ. മരിയദാസ് പാലാട്ടി OFMConv .


Related Articles

geed

വിചിന്തിനം

Contact  : info@amalothbhava.in

Top