വിധവയാക്കപ്പെട്ട സ്ത്രീ

30,  Sep   

ഇതൊരു വേറിട്ട അനുഭവമാണ്. അനുഭവ സാക്ഷ്യമാണ്. ഇൗ അമ്മയെ വിധവയെന്നു വിളിക്കാമോ എന്നറിയില്ല. എങ്കിലും അവരുടെ അനുവാദത്തോടുകൂടി അങ്ങനെ വിളിക്കുകയാണ്. 32 വർഷങ്ങൾക്കു മുമ്പായിരുന്നു വിവാഹം. വീട്ടുകാർ ആലോചിച്ചു നടത്തിയതാണ്. സ്നേഹവും കരുതലുമുള്ള ഭർത്താവിനെ ലഭിച്ചതിൽ അവൾ ആനന്ദിച്ചു. ആദ്യമാസങ്ങളിൽ തന്നെ അവൾ ഗർഭവതിയായി. സന്തോഷകരമായ കുടുംബജീവിതം. അവൾ ഒരു പെൺകുഞ്ഞിന്റെ അമ്മയുമായി. മൂത്തകുഞ്ഞിന് രണ്ടു വയസ്സായപ്പോൾ അവൾ രണ്ടാമതൊരു കുഞ്ഞിനെയും ഗർഭം ധരിച്ചു. എല്ലാം സന്തോഷകരമായി പോകുമ്പോഴാണ് ആ ദുരന്തം നടന്നത്. ഭർത്താവ് സ്വന്തം അനുജത്തിയുടെ കൂടെ ഒളിച്ചോടിപ്പോയി. എന്തോ അത്യാവശ്യത്തിന് പണയം വയ്ക്കാനാണെന്നുപറഞ്ഞ് തന്റെ സ്വർണ്ണം മുഴുവൻ പണയം വച്ചു കിട്ടിയ പണവുമായിട്ടാണ് അയാൾ മുങ്ങിയത്. താങ്ങാവുന്നതിലും വലുതായിരുന്നു ആ ഭാരം. ജീവിതം ആകെ സ്തംഭിച്ച അവസ്ഥ. പെട്ടെന്ന് തനിച്ചായതുപോലെ. രണ്ടാമത്തെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന സമയവും. മരിക്കണമോ ജീവിക്കണമോ? മരിക്കാൻ ധൈര്യമോ ജീവിക്കാൻ കരുത്തോ ഇല്ലാത്ത അവസ്ഥ. എന്തു തന്നെയായാലും അവർ ജീവിക്കുവാൻ തന്നെ തീരുമാനിച്ചു. ഇതിനിടയിൽ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കണമെന്ന ആവശ്യവുമായി അമ്മായിയമ്മ വന്നപ്പോൾ തളർന്നു പോയി. തുണയാകേണ്ടവർ തുറങ്കലിലടയ്ക്കുവാൻ ഒരുമ്പെടുന്ന സ്ഥിതി.

ഉറച്ച ആത്മവിശ്വാസത്തോടുകൂടി അവൾ അതിനെ എതിർത്തു. തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി മരിക്കേണ്ടിവന്നാലും ഞാൻ ജീവിക്കുകതന്നെ ചെയ്യും എന്ന തീരുമാനത്തിൽ അവർ ഉറച്ചു നിന്നു. ഉദരത്തിലെ കുഞ്ഞിന്റെ വളർച്ചയനുസരിച്ച് ഒറ്റയ്ക്ക് ജീവിക്കുവാനുള്ള ആത്മവിശ്വാസവും ഏറി.

ഒളിച്ചോടിപ്പോയ ഭർത്താവ് ആറുമാസങ്ങൾക്കുശേഷം തിരിച്ചു വന്നു. കൂടെ പുതിയ ഭാര്യയായ തന്റെ അനുജത്തിയും. അവൾ ഗർഭവതിയായിരുന്നു. ഹൃദയഭേദിയായ രംഗമായിരുന്നു അത്. മനസ്സിലെ വെറു പ്പും പകയും വിദ്വേഷവുമെല്ലാം എങ്ങനെയോ കടിച്ചമർത്തി അവൾക്ക് കാപ്പിയുണ്ടാക്കി കൊടുത്തു. അവരെ അനുഗ്രഹിക്കണമെയെന്ന് ഇൗശ്വരനോട് പ്രാർത്ഥിച്ചു. താമസിച്ചിരുന്നത് ഭർത്താവിന്റെ വീട്ടിലായിരുന്നതിനാൽ ഏറെ താമസിയാതെ അവിടെനിന്നും ഇറങ്ങേണ്ടതായി വന്നു. പറക്കമുറ്റാത്തകുഞ്ഞിനെ കരങ്ങളിൽ വഹിച്ച് നിറവയറുമായി മരണം വരെ സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു ജീവിക്കേണ്ട ഭർതൃഗൃഹത്തിൽനിന്ന് അവൾ പടിയിറങ്ങി. സ്വന്തം വീട്ടിലേക്കു ള്ള ഒരു കുരിശുയാത്ര. വീട്ടിൽ നിന്നും അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. എങ്കിലും അവിടെ താമസം തുടർന്നു. അധികം നാളുകൾ  കഴിയും മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. അവളുടെ മാമ്മോദീസായ്ക്കു തുണിയെടുക്കാൻപോലും പണമില്ലായിരുന്നു. ഒരു ടർക്കിയിൽ പൊതിഞ്ഞുകൊണ്ടാണ് പള്ളിയിൽ കൊണ്ടുചെന്നത്. കുഞ്ഞി ന്റെ തലതൊട്ടപ്പനായി നിൽക്കുവാൻ ആരുമില്ലായിരുന്നു. അപ്പനുപേക്ഷിച്ചുപോയ കുഞ്ഞിന്റെ തലതൊട്ടപ്പനാകുവാൻ ആർക്കും താത്്പര്യവും സന്നദ്ധതയും ഇല്ലായിരുന്നു. അവസാനം പള്ളിയിൽ അന്ന് കുർബാനയ്ക്കു വന്ന ഒരു സന്മനസ്ക്കൻ അതിനു തയ്യാറായി. കുഞ്ഞിന്റെ ശിരസ്സിൽ മാമ്മോദീസാ വെള്ളം വീണപ്പോൾ അവളുടെ അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി. തുടർന്നുള്ള ജീവിതം ദുരിതകരമായിരുന്നു. കൂലിപ്പണിക്കുപോയി കുട്ടികളെ വളർത്തി. 25 രൂപയായിരുന്നു അന്നത്തെ കൂലി. കുട്ടികൾക്ക് കഴിക്കാൻ ഭക്ഷണം കൊടുത്ത് പച്ചവെള്ളം കുടിച്ച് സ്വന്തം വിശപ്പടക്കിയ ദിവസങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. സ്വന്തം ചാച്ചന് സഹായിക്കാൻ പണമുണ്ടായിരുന്നു, സ്ഥലമുണ്ടായിരുന്നു. പക്ഷേ, ചാച്ചൻ അതിന് തയ്യാറായില്ല. എല്ലാവരാലും തഴയപ്പെട്ട അവസ്ഥ. ഇതിനിടയിൽ ഒരു സ്ഥലത്ത് റിസപ്ഷനിസ്റ്റ് ആയി ജോലി ലഭിച്ചു. എന്നാൽ ചാച്ചനും അമ്മയ്ക്കും പ്രായമേറിയപ്പോൾ അത് വേണ്ടെന്നു വച്ചു. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കാമകാപാലികരുടെ ശല്യവും ഉണ്ടായിട്ടുണ്ട്. പ്രാർത്ഥനയുടെയും ആത്മധൈര്യത്തോടെയും അവയെ അതിജീവിച്ചു. കഷ്ടതയുടെ തീച്ചൂളയിലൂടെ ദൈവം അവരെയും കുഞ്ഞുങ്ങളെയും വളർത്തി പരിപാലിച്ചു. പഞ്ചായത്തിൽ നിന്നും ലഭിച്ച സഹായമുപയോഗിച്ച് ഒരു കുഞ്ഞു വീടുവച്ചു. അതൊരു വലിയ നേട്ടവും ആശ്വാസവുമായി.

ഇന്നിപ്പോൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ഏറെ നാളത്തെ പ്രാർത്ഥനയുടെ ഫലമായി സ്വന്തം അനുജത്തിയോടുപൊറുക്കുവാൻ കഴിഞ്ഞു. അവൾ വല്ലപ്പോഴും വീട്ടിൽ വന്നു. ചിലപ്പോൾ അന്തിയുറങ്ങും. അവളോടുള്ള പകയെല്ലാം ദൈവം എടുത്തുമാറ്റി. എല്ലാ പ്രതിസന്ധികളിലും കർത്താവുണ്ടായിരുന്നു കൂട്ടിന്. ചില സമയത്ത് കൂട്ടുകാരികളുടെ രൂപത്തിൽ കാവൽമാലാഖയായി അവിടുന്നു വന്നിട്ടുണ്ട്. അമ്മാവന്റെ മകനും മറ്റു ചില നല്ല മനുഷ്യരും ദൈവദൂതന്മാരെ പ്പോലെ സഹായവും കരുത്തും പകർന്നു നൽകിയിട്ടുണ്ട്. ഇപ്പോൾ രണ്ടുമക്കളുടെയും വിവാഹം കഴിഞ്ഞു. അവർക്ക് മക്കളുമുണ്ട്. ഇളയമകൾ ഇൗ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. മാതാവ് കരം പിടിച്ചു നടത്തിയ ഒാർമ്മകൾ മാത്രമെ ഇന്ന് ഇൗ അമ്മയ്ക്ക് സ്വന്തമായുള്ളു. ഇന്ന് വയസ്സ് 54. പഴയതൊന്നും ഒാർക്കാൻ മെനക്കെടാതെ സന്തോഷവതിയായി ജീവിക്കുന്നു. ""എന്റെ ഇൗശോ, എനിക്കും ഞാൻ എന്റെ ഇൗശോയ്ക്കും'' എന്ന സുകൃതജപം എന്നും ചൊല്ലി പ്രാർത്ഥി ക്കും. സാധിക്കുന്നത്ര ജപമാലകളും ചൊല്ലി പ്രാർത്ഥിക്കും. വിധവകളോട് ഇൗ അമ്മയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്, ജീവിതസഹനങ്ങൾ സന്തോഷ ത്തോടെ സ്വീകരിച്ചാൽ അതി ന്റെ അനുഗ്രഹം ലഭിക്കും. തനിച്ചായിരുന്ന അവസരത്തിൽ സഹായം ചെയ്തവരെ ഒരിക്കലും മറക്കരുത്. മരണം വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കണം. അവിടുന്നു മാത്രമെ തുണയുണ്ടാകൂ എന്ന സത്യം മനസ്സിലാക്കുക. 

റവ. ഫാ. ജെൻസൺ ലാസലെറ്റ്


Related Articles

Contact  : info@amalothbhava.in

Top