ആഗോള തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് തിരുസഭ തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസ പ്പിതാവിന്റെ തിരുന്നാൾ ആചരിക്കുന്നത്. 1955 മെയ് ഒന്നിന് പന്ത്രണ്ടാം പീയൂസ്പാപ്പായാണ് വി.യൗസേപ്പിനെ തൊഴിലാളികളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. അന്ന് വത്തിക്കാനിൽ സമ്മേളിച്ച ഇറ്റലിയിലെ കത്തോലിക്കാ തൊഴിലാളി സമൂഹത്തോടാണ് പന്ത്രണ്ടാം പീയൂസ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്. തുടർന്ന് എല്ലാ വർഷവും മെയ് ഒന്നിന് തൊഴിലാളി സമൂഹത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വി.യൗസേപ്പിന്റെ തിരുന്നാൾ തിരുസഭ അനുസ്മരിച്ചു വരുന്നു. സത്യത്തിനായി ധീരമായി നിലകൊണ്ടവനും നീതിമാനായ തൊഴിലാളിയും എന്ന നിലയിലാണ് തിരുസഭ യൗസേപ്പിനെ തൊഴിലാളികളുടെ മധ്യസ്ഥനായി ഉയർത്തിയത്. തൊഴിലിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും കുറിച്ച് എല്ലാവരും മനസ്സിലാക്കുവാനും നമ്മുടെ അവകാശങ്ങളും ചുമതലകളും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ് വലിയ ഉത്തര വാദിത്വബോധത്തോടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരും പ്രവർത്തിക്കുവാൻ വേണ്ടി കൂടിയാണ് വിശുദ്ധനെ തൊഴിലാളി സമൂഹത്തിന്റെ മധ്യസ്ഥനായി സഭ ഉയർത്തിക്കാട്ടിയത്.
തൊഴിലിന്റെ മഹത്വം മനസ്സിലാക്കി ജോലിയെ ഏറെ ആദരവോടെ സ്നേഹിച്ച് ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത് തിരുകുടുംബത്തെ പരിപാലിച്ച വി.യൗസേപ്പ് ജീവിതത്തിൽ ഒരു പ്രൗഡിയും ആഗ്രഹിക്കാതെ തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെയും ഏറവും സാധാരണക്കാരുടെയും മധ്യസ്ഥനാണ്. നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കുക എന്ന വി. യൗസേപ്പിന്റെ വിക്ഷണവും തൊഴിലിന്റെ മഹത്വവുമാണ് അദ്ദേഹത്തെ തൊഴിലാളികളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു കൊണ്ട് സഭ ഉയർത്തി കാട്ടുന്നത്. പരിശുദ്ധ മറിയത്തേയും ഉണ്ണീശോയെയും കാത്തു സംരക്ഷിക്കാനുള്ള ദൈവനിയോഗം ലഭിച്ച അദ്ദേഹം തൊഴിൽ ചെയ്ത് ഏറെ കഷ്ടപ്പെട്ടാണ് നസ്രത്തിലെ തിരുകുടുംബത്തെ മുന്നോട്ട് നയിച്ചത്. വി.യൗസേപ്പ് ഒരു മരപ്പണിക്കാരനായിരുന്നു എന്നാണ് സുവിശേഷങ്ങൾ (മത്തായി 13/55, മർക്കോസ് 6:13) സാക്ഷ്യപ്പെടുത്തുന്നത്.
ദാവീദിന്റെ രാജവംശത്തിലാണ് വി.യൗസേപ്പ് ജാതനായത്. ഉയർന്ന വംശത്തിലും പാരമ്പര്യത്തിലുംപ്പെട്ട വനായിരുന്നുവെങ്കിലും യൗസേപ്പ് സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാനാണ് ആഴമായി ആഗ്രഹിച്ചത്. കുലമഹിമയോ ഉന്നത സ്ഥാനങ്ങളോ ഒട്ടും ആഗ്രഹിക്കാത്ത അദ്ദേഹം ആശാരി പണിയാണ് തൊഴിലായി ആദരപൂർവ്വം സ്വീകരിച്ചത്. ദാവീദിന്റെ രാജവംശം പിന്നീട് യുദ്ധങ്ങളും അക്രമണങ്ങളും അഭ്യന്തര പ്രശ്നങ്ങളു അടിമത്വവും മറ്റു കാരണങ്ങളാൽ അധപതിച്ച് നാശോന്മുഖമായി മാറി എന്നാണ് ചരിത്രം. അതു കാരണം ദാവീദിന്റെ വംശത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച യൗസേപ്പ് ഉന്നത പാരമ്പര്യമൊന്നും നോക്കാതെ തച്ച വേല സന്തോഷപൂർവ്വമാണ് സ്വീകരിച്ചത്. താൻ തെരെഞ്ഞെടുത്ത തച്ച വേലയിൽ ഏറെ അഭിമാനിച്ച വിശുദ്ധൻ തൊഴിലിനെ സാമ്പത്തിക അഭിവൃദ്ധിയ്ക്ക് ഉപരിയായി മറ്റുള്ളവർക്കു വേണ്ടിയുള്ള സേവനമായാണ് കണ്ടിരുന്നത്. അധ്വാനത്തെ ആരാധനയായി കണ്ട അദ്ദേഹം ദീർഘസമയം തൊഴിൽ ചെയ്ത് ജോലിയുടെ പ്രാധാന്യത്തെ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. എല്ലാ ജോലിക്കും മാന്യതയുള്ളതാണെന്നും ഏതു തരത്തിലുള്ള ജോലി ചെയ്യുവാനും നാം സന്നദ്ധരാകണം എന്ന ഉന്നത മാതൃകയാണ് വിശുദ്ധൻ നമുക്ക് കാണിച്ചു തന്നത്.
തൊഴിലിനെ ഏറെ സ്നേഹിക്കുകയും കഠിനാധ്വാനം ചെയ്ത് തിരുകുടുംബത്തെ പാലിക്കുകയും ചെയ്തത് കൊണ്ടാണ് വി.യൗസേപ്പിനെ തൊഴിലാളികളുടെ മാധ്യസ്ഥനും മാതൃകയുമായി തിരുസഭ ഉയർത്തി കാട്ടിയത്. അദ്ദേഹത്തിന്റെ തൊഴിലിന്റെ പ്രധാന ലക്ഷ്യം ദിവ്യരക്ഷകനായ യേശുവിനെ വളർത്തുവാനും തന്റെ ഭാര്യയായ കന്യകാമറിയത്തിന് വേണ്ടതെല്ലാം നിർവ്വഹിച്ചു നൽകുകയും ചെയ്യുക എന്നതായിരുന്നു. രക്ഷാകര പദ്ധതിയിൽ യൗസേപ്പ് എത്രത്തോളം അധ്വാനശീലനായിരുന്നു എന്നു നാം സുവിശേഷങ്ങളിൽ വായിക്കുന്നു. മറിയവുമായുള്ള ബെത്‌ലഹേമിലേക്കുള്ള യാത്ര, അവിടെ നിന്നുള്ള ഈജിപ്തിലേക്കുള്ള പാലയനം,
തുടർന്നുള്ള നസ്രത്തിലേക്കുള്ള യാത്ര എന്നിവയിൽ അദ്ദേഹം ദൈവഹിതം നിറവേറ്റാൻ വലിയ കഠിനാധ്വാനമാണ് ചെയ്തത്. ദൈവം നൽകിയ കഴിവുകളെ അവിടുത്തെ തിരുഹിതം നിറവേറ്റുവാൻ വേണ്ടി അവിടത്തോട് ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തമ ബോധ്യം യൗസേപ്പിനുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ് യൗസേപ്പ് തൊഴിലാളികളുടെ മധ്യസ്ഥനായി വണങ്ങപ്പെടുന്നത്. മരപ്പണിക്കാരനായ യൗസേപ്പിന്റെ വളർത്തു മകനായ യേശുവിനെക്കുറിച്ചുള്ള ആദ്യ പൊതുജന സാക്ഷ്യം ' ഇവൻ ആ തച്ചന്റെ മകനല്ലേ' (മത്തായി 13:55) എന്നതായിരുന്നു. സുവിശേഷങ്ങളിൽ യൗസേപ്പിന്റെ തൊഴിലിനെ സൂചിപ്പിക്കുന്നത് tekton (തെക് ത്തോൺ) എന്ന ഗ്രീക്കു വാക്കാണ്.Craftman; Artisan എന്ന അർത്ഥം വരുന്ന ഈ പദം സൂചിപ്പിക്കുന്നത് തച്ച വേലക്കാരൻ എന്നതിനു പരി' A builder of any hard materials such as stone of metal - എന്നാണ്. തൊഴിലിനോട് ഏറെ ആദരവ് കാണിച്ച അദ്ദേഹം അതിവിദ്ധഗ്ദനായ ഒരു ശില്പിയായിരുന്നു. വീട്ടുപകരണങ്ങൾ, ജനൽ, വാതിൽ തുടങ്ങിയവ അദ്ദേഹം നിർമ്മിച്ചിരുന്നു. അന്നത്തെ രീതിയനുസരിച്ച് യൗസേപ്പിന് ആ തൊഴിൽ തന്റെ പിതാവിൽ നിന്ന് തന്നെ ലഭിച്ചതായിരിക്കണം.
യേശുവിനെയും യൗസേപ്പ് തൊഴിൽ അഭ്യസിപ്പിച്ചു. ലൂക്കാ 2:51 - 52-ൽ ഇപ്രകാരം എഴുതിയിരിക്കുന്നു: " അവൻ അവരുടെ കൂടെ യാത്ര തിരിച്ചു നസ്രത്തിൽ എത്തി, അവർക്കു കീഴ് വഴങ്ങി കഴിഞ്ഞു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം സ്വഹൃദയത്തിൽ സൂക്ഷിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും വളർന്നു". നസ്രത്തിലെ ഭവനത്തിൽ യൗസേപ്പിനും മറിയത്തിനും വിധേയനായി ജീവിച്ച ദിവ്യരക്ഷകൻ വളർത്തു പിതാവിന്റെ തൊഴിലിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്തു. യൗസേപ്പിന്റെയും മറിയത്തിന്റെയും സ്വഭാവമഹത്വവും നല്ല ജീവിത മാതൃകകളുമാണ് ഈ വചനഭാഗം വ്യക്തമാക്കുന്നത്. തന്റെ വളർത്തു പിതാവിൽ നിന്നാണ് യേശു സ്വന്തമായും സത്യസന്ധമായും അധ്വാനിച്ച് സമ്പാദിച്ച് ജീവിക്കുന്നതിന്റെ സന്തോഷവും ആനന്ദവും പ്രാധാന്യവും മഹത്വവും പഠിച്ചത്. തന്റെ രഹസ്യ ജീവിത കാലത്ത് ദൈവപുത്രൻ ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തിയത് യൗസേപ്പ് പഠിപ്പിച്ച തച്ച വേലയിലൂടെയാണ്. 1981-ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പുറപ്പെടുവിച്ച തൊഴിലിനെക്കുറിച്ചുള്ള 'ലബോറെം എക്സെർ സെൻസ് ' എന്ന ചാക്രികലേഖനത്തിൽ ഇപ്രകാരം പറയുന്നു: " ദൈവമായിരിക്കെ, എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ ആയവൻ, തച്ചന്റെ പണിപ്പുരയിൽ ഒരു കൈത്തൊഴിൽ അഭ്യസിച്ചു കൊണ്ട് തന്റെ ജീവിതത്തിന്റെ ഏറ്റിയ പങ്കും ചില വഴിച്ചു". യൗവനത്തിൽ എത്തിയ യേശു യൗസേപ്പിനെ സഹായിച്ചു തച്ച വേല ചെയ്താണ് ജീവിച്ചത്. യേശുവും ശിഷ്യഗണവും തൊഴിൽ ചെയ്ത് ജോലിയുടെ വലിയ പ്രാധാന്യമാണ് ലോകത്തിന് മനസ്സിലാക്കിക്കൊടുത്തത്. ദൈവത്തിന്റെ തിരുകുമാരനായ യേശു ജനിച്ചു വളർന്ന തിരുകുടുംബത്തിന് ഉന്നതമായ സാമ്പത്തിക സൗകര്യങ്ങൾ നൽകാൻ സർവ്വശക്തനായ ദൈവത്തിനു സാധ്യമായിരുന്നുവെങ്കിലും ദൈവഹിതം സമൂഹത്തിന് ഉന്നത മാതൃകയായി തൊഴിൽ ചെയ്ത് കഷ്ടപാടിലൂടെ തിരുകുടുംബം ജീവിക്കട്ടെ എന്നതായിരുന്നു. സ്വന്തമായി അധ്വാനിച്ച് തൊഴിൽ ചെയ്ത് ന്യായമായ കൂലി സ്വീകരിച്ചജീവിക്കുന്നത് ഏറെ സന്തോഷപ്രദമാണ് എന്നാണ് യൗസേപ്പിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മുതലാളിമാരും തൊഴിലാളികളും ഉന്നതമായ നീതിയോടെ പ്രവർത്തിക്കണമെന്നും യൗസേപ്പ് നമുക്ക് മാർഗ്ഗദർശനം നൽകുന്നു. സ്വന്തമായി അധ്വാനിക്കാതെ അലസരായിക്കഴിഞ്ഞ് മറ്റുള്ള വരെ ചൂഷണം ചെയ്ത് ജീവിക്കുന്നത് വലിയ അപമാനകരമാണ്. അതുപോലെയുള്ളവർക്ക് വി.യൗസേപ്പിന്റെ ജീവിതം വലിയ വെല്ലുവിളിയാണ്. ' അലസന്റെ ഹൃദയം പിശാചിന്റെ പണിപ്പുരയാണ്' " എന്ന സുവിശേഷഭാഗം സ്മരിച്ചു കൊണ്ട് തൊഴിലിനെ നമ്മുക്ക് ഏറെ ആദരവോടെ സ്നേഹിക്കാം. യൗസേപ്പിന്റെ ആത്മാർത്ഥത, അർപ്പണബോധം, കർത്തവ്യനിഷ്ഠ, കൃത്യനിഷ്ഠ, നൈപുണ്യം, നീതി ബോധം, വിശ്വസ്തത, സത്യസന്ധത - തുടങ്ങിയ ഗുണഗണങ്ങൾ മാതൃകപരമാണ്. തൊഴിലിന്റെ മഹത്വം മനസ്സിലാക്കി ജോലിയെ ഏറെ സ്നേഹിച്ച് കഠിനാധ്വാനം ചെയ്ത് കുടുംബത്തെ കാത്തു പാലിച്ച വിനീതനായ യൗസേപ്പ് ക്രൈസ്തവ തൊഴിലാളികൾക്ക് അപ്പുറം എല്ലാ തൊഴിലാളികൾക്കും മാതൃകയാണ്. നമ്രത്തിൽ വി. യൗസേപ്പ് തച്ച വേല ചെയ്തിരുന്ന സ്ഥലത്ത് വിശുദ്ധന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥാപിച്ചിട്ടുണ്ട്.
രക്ഷകര കർമ്മത്തിൽ തൊഴിലിന് ഉന്നതമായൊരു സ്ഥാനമുണ്ട്. പരിത്രാണ കർമ്മത്തിൽ ഭാഗമാകാനുള്ള ഒരു മാർഗ്ഗമാണ് അധ്വാനം.
അത് ദൈവരാജ്യത്തിന്റെ വരവ് ത്വരത പ്പെടുത്താവാനും നമ്മുടെ കഴിവുകളും അഭിരുചികളും സർഗ്ഗവാസനകളും പരിപോഷിപ്പിക്കാനും അത് പൊതു സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുവാനുമുള്ള അവസര മാണ് . ഈ മഹനീയ മാതൃകയാണ് ദൈവപുത്രനും അവിടുത്തെ വളർത്തു പിതാവും തൊഴിൽ അത്മാർത്ഥതയോടെ ചെയ്തു കൊണ്ട് നമുക്ക് കാണിച്ചു തന്നത്. രക്ഷയുടെ വഴിയിൽ പാവനമായ തിരുകുടുംബം തിരുസഭയിലെ എല്ലാ കുടുംബങ്ങൾക്കും ഉന്നത മാതൃകയാണ് എന്നതു പോലെ യൗസേപ്പിന്റെയും യേശുവിന്റെയും കഠിനാധ്വാനവും വിശ്വാസി സമൂഹത്തിന് ഉന്നത മാതൃകയാണ്. ഈ വസ്തുതയാണ് മെയ് ഒന്നിന് തൊഴിലാളിയായ വി.യൗസേപ്പിന്റെ തിരുനാൾ സ്ഥാപിച്ചു കൊണ്ട് തിരുസഭ നമ്മെ അനുസ്മരിപ്പിക്കുന്നത്.വി.യൗസേപ്പിതാവിന്റെ നാമത്തിൽ 1540-ൽ റോമിൽ ആദ്യമായി സ്ഥാപിച്ച ദേവാലയത്തിന് മരപ്പണിക്കാരുടെ വി. യൗസേപ്പ് എന്ന നാമമാണ് നൽകിയത്. പത്രോസ് - പൗലോസ് ശ്ലീഹന്മാരെ ബന്ധിച്ചിട്ടിരുന്ന കാരഗൃഹത്തിന് മുകളിലാണ് ഈ ദേവാലയം നിർമ്മിച്ചത്. ലെയോ 13-ാമൻ പാപ്പാ 1891-ൽ പുറപ്പെടുവിച്ച തൊഴിലിനെ സംബന്ധിച്ച ചാക്രികലേഖനമായ ' റേരും നൊവാരും' - മിൽ തൊഴിൽ ചെയ്യുന്ന യൗസേപ്പിതാവിനെ കുറിച്ച് രേഖപ്പെടുത്തിട്ടുണ്ട്. വി. യൗസേപ്പിനെക്കുറിച്ച് 1889 അഗസ്റ്റ് 15-ന് ലെയോ 13-ാം മൻ പാപ്പാ പുറപ്പെടവിച്ച ' ക്വാം ക്വാം പ്ലൂരിയസ്' എന്ന ചാക്രിക ലേഖനത്തിൽ തൊഴിലാളികൾ ഉൾപ്പെടേയുള്ള എല്ലാ വിശ്വാസികളും വി.യൗസേപ്പിന്റെ മധ്യസ്ഥതയും സംരക്ഷണവും യാചിക്കുന്നതായി രേഖപ്പെടുത്തിട്ടുണ്ട്. ലെയോ 13-ാമൻ പാപ്പായുടെ ചാക്രിക ലേഖനത്തിന്റെ ശതാബ്ദി വർഷമായ 1989-ൽ വി.യൗസേപ്പിനെ കുറിച്ച് വി. ജേൺ പോൾ രണ്ടാമൻ പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലിക ഉദ്ബോധനമായ : രക്ഷകന്റെ പാലകനി' ൽ ഇപ്രകാരം എഴുതിയിട്ടുണ്ട് : " മഹോന്നത ദൗത്യങ്ങളിലേക്കു ക്രൈസ്തവ സമൂഹം ഉയർത്തിക്കാട്ടുന്ന മാതൃകയായ വിനീതരിൽ ഒരാളാണ് വി.യൗസേപ്പ് , ക്രിസ്തുവിന്റെ , ആത്മാർത്ഥതയുള്ള നല്ല ഒരു പിൻഗാമിയാകുവാൻ മഹാകാര്യങ്ങളൊന്നും വേണ്ട എന്നതിന്റെ ഉദാഹരണമാണവിടുന്ന് . എല്ലാവർക്കുമുള്ള ലളിതവും, സാധാരണവുമായ മാനുഷിക മൂല്യങ്ങൾ ഉണ്ടായാൽ മതി. പക്ഷേ, അവ സത്യസന്ധവും ആധികാരികവുമായിരിക്കണം എന്നു മാത്രം. ആ അപ്പസ്തോലിക ഉദ്ബോധനത്തിന്റെ നാലാം അധ്യായമായി തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിനെക്കുറിച്ചുള്ള ' തൊഴിൽ: സ്നേഹത്തിന്റെ ഒരു പ്രകടനം' എന്ന ലേഖനം ചേർത്തിട്ടുണ്ട്. 9-ാം പീയൂസ് പാപ്പാ വി. യൗസേപ്പിനെ തിരുസഭയുടെ മധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചതിന്റെ 150-ാം വർഷികത്തിന്റെ ഭാഗമായി 2020 - 21 വർഷങ്ങൾ വി.യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷമായി പ്രഖ്യാപിച്ചു കൊണ്ട്' പിതൃ ഹൃദയത്തോടെ' എന്ന അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ച ഫ്രാൻസിസ് പാപ്പാ അതിന്റെ ആറാം അധ്യായമായി ' തൊഴിൽ ചെയ്യുന്ന ഒരു പിതാവ്' എന്ന ലേഖനം മാതൃക തൊഴിലാളിയായ വി.യൗസേപ്പിനെക്കുറിച്ച് ചേർത്തിട്ടുണ്ട്. തൊഴിൽ മേഖലകൾ വലിയ വെല്ലുവിളികൾ നേരിടുന്ന ഈ ആധുനിക കാലഘട്ടത്തിൽ യുവാക്കളും മുതിർന്നവരുമായ ആരും തന്നെ തൊഴിൽ ഇല്ലാത്ത അവസ്ഥയിൽ കഷ്ടപ്പെടാതിരിക്കാൻ തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിന്റെ മധ്യസ്ഥം യാചിക്കാൻ ഫ്രാൻസിസ് പാപ്പാ ഈ ലേഖനത്തിലൂടെ മാർഗ്ഗദർശനം നൽകുന്നു.
' നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കുക' എന്ന ദൈവകല്പന അക്ഷരം പ്രതി അനുസരിച്ച , അധ്വാന ജീവിതത്തിന്റെ മഹനീയ മാതൃകയായ വി.യൗസേപ്പിതാവ് ഏറെ വെല്ലുവിളികൾ നേരിടുന്ന ആധുനിക ലോകത്തിന് വലിയ മാതൃകയാണ്. നമ്മുടെ ജോലി മേഖല ഏതു തന്നെയായാലും നീതിപൂർവ്വം ആത്മാർത്ഥതയോടും ഉത്തരവാദിത്വ ബോധത്തോടും ത്യാഗത്തോടും നിർവ്വഹിക്കണം. നമ്മുടെ പ്രയത്നങ്ങൾ ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി വിനിയോഗിക്കണം. എല്ലാ തൊഴിലിനും മാന്യതയും മഹത്വവുമുണ്ടെന്നും സത്യസന്ധമായ അധ്വാനത്തിലൂടെ ജോലി ചെയ്യുന്നവർ രക്ഷാകര കർമ്മത്തിൽ പങ്കു വഹിക്കുന്നുണ്ടെന്നുമുള്ള മാർഗ്ഗദർശനം നമുക്ക് നൽകിയ വി. യൗസേപ്പിതാവിന്റെ മഹത്വമാർന്ന ജീവിത മാതൃക സ്വീകരിച്ചു കൊണ്ട് സത്യവിശ്വാസവഴിയിൽ മുന്നോട്ട് പോകാം.
രതീഷ് ഭജനമഠം
ആലപ്പുഴ…..
പന്തകുസ്താ തിരുനാൾ | മരിയദാസ് പാലാട്ടി
us
വചന വിചിന്തനം
പാദമുദ്രകൾ | പ്രധാന മാലാഖമാർ 29-09-2020