അത്ഭുതങ്ങൾ 1 - അപ്പം വർദ്ധിപ്പിക്കുന്ന ഈശോ

17,  Sep   

അപ്പം വർദ്ധിപ്പിക്കുന്ന ഈശോ

സുവിശേഷ ഭാഗങ്ങൾ മാർക്കോസ് 6: 30 - 44, 8: 1 - 10 മത്തായി 14 : 13 - 21, 15 : 32 - 39 ലൂക്കാ  9 : 10 - 17 യോഹ. 6 : 1 - 14 ആമുഖം ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. അപ്പത്തിനു അധികാരം നേടാനുള്ള ശക്തിയുണ്ട്. യേശു അപ്പത്തിന്റെ ഭവനമായ ബെത്ലേഹമിൽ വന്നു പിറന്നു. കാലികൾക്ക് ആഹാരം ലഭിക്കുന്ന പുൽക്കൂട്ടിലാണ് അവൻ പിറന്നത്. സ്വയം അപ്പമുണ്ടാക്കി കഴിക്കാനുള്ള പിശാചിന്റെ പ്രലോഭനത്തിൽ ആദിമാതാപിതാക്കന്മാരെപോലെ അവൻ വീണുപോയില്ല. വചനം മാത്രമല്ല, അപ്പവും നല്കിയാണ് അവൻ ജനത്തെ സംതൃപ്തമാക്കിയത്. അപരനെ കരുതാത്ത അവന്റെമേൽ കരുണ തോന്നാത്ത ആധുനിക മരണസംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ജനക്കൂട്ടത്തോട് അലിവുതോന്നി അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അനേകരെ തീറ്റി പോറ്റിയ യേശുവിന്റെ മഹാത്ഭുതത്തിന്റെ പ്രസക്തിയും, ദൈവശാസ്ത്രപരമായ അർത്ഥതലങ്ങളും തേടുകയാണ് നാം ഇവിടെ. ഈ ഒരു അത്ഭുതം മാത്രമേ സുവിശേഷത്തിൽ ആറ് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളു എന്നതിൽ നിന്നും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ഈ അത്ഭുതം സുവിശേഷകനായ വി. മർക്കോസിന്റെ കാഴ്ചപ്പാടിൽ സുവിശേഷകന്മാരിൽ ഈ സംഭവം ഏറ്റവും നാടകീയമായി അവതരിപ്പിച്ചിരിക്കുന്നത് വി. മർക്കോസാണ്. അപ്പം വർദ്ധിപ്പിക്കുന്ന രണ്ട് വിവരണങ്ങൾ വി.മർക്കോസിന്റെ സുവിശേഷത്തിൽ ഉണ്ട്. രണ്ട് വിവരണങ്ങളും തമ്മിൽ സാമ്യവും വ്യത്യാസവും ഉണ്ട്. എങ്കിലും രണ്ട് വിവരണങ്ങളും തമ്മിൽ വളരെയേറെ ഏറെ സാദൃശ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടെങ്കിലും ഒരേ സംഭവത്തിന്റെ ആഖ്യാനങ്ങളാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. പാരമ്പര്യങ്ങൾ വ്യത്യസ്തമായിരുന്നാലും ദൈവശാസ്ത്ര പ്രാധാന്യമുള്ള രണ്ട് സംഭവങ്ങളാണിവ എന്നതിൽ തർക്കമില്ല. ഒന്നാമത്തെ വിവരണം മിശിഹായെ കുറിച്ച് യഹൂദന്മാരെ ലക്ഷ്യമാക്കി നല്കിയ ഒരു അടയാളവും രണ്ടാമത്തേത് വിജാതീയരെ ലക്ഷ്യമാക്കി നല്കിയ അടയാളവുമാണ്. പദങ്ങളും വിവരണങ്ങളും പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. ഒന്നാമത്തെ വിവരണത്തിൽ പ്രതീകാത്മകമായ 'പന്ത്രണ്ട്' എന്ന സംഖ്യയും 'കുട്ട' എന്ന പദവും യഹൂദ പശ്ചാത്തലത്തെ അനുസ്മരിക്കുന്നു. പന്ത്രണ്ട് എന്ന സംഖ്യ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ ഉപയോഗിക്കുന്ന കുട്ടിയുടെ ഗ്രീക്ക് പദം 'Cophios' എന്നാണ്. യഹൂദർ ഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കുട്ടയെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ വിവരണം വിജാതീയ പ്രദേശമായ ദെക്കോപോളീസിലാണ് നടക്കുന്നത്. (7:31) 'ദൂരെ നിന്ന്' എന്ന പദവും ആദിമസഭയിൽ വിജാതീയരെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നതാണ്. "കുട്ട" എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം സ്പിരിസ് (8:8) ആണ്. ഇത് വിജാതീയർ ഉപയോഗിച്ചിരുന്ന ഒരുതരം വിസ്താരമേറിയ പാത്രമായിരുന്നു. (അപ്പ. 9:25) ഇതിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ യഹൂദ-വിജാതീയ ഭേദമന്യേ യേശു എല്ലാവരുടേതുമാണ്. അവിടുന്ന് വിശക്കുന്ന എല്ലാവർക്കും അപ്പമായി മാറുന്നു. അങ്ങനെ രക്ഷയുടെ അനുഗ്രഹങ്ങൾക്ക് വിജാതിയരും പങ്കുകാരാകുന്നു. യേശുവിൽ ഇരുകൂട്ടരും ഒരു സമൂഹമായി ഒന്നിപ്പിക്കപ്പെടുന്നു. 6:31-44 വരെയുള്ള ഭാഗങ്ങളിൽ അയ്യായിരം പേരെ യേശു അത്ഭുതകരമായി തീറ്റിപ്പോറ്റുന്നതാണ് കാണുന്നത്. ഈ സംഭവം രണ്ടു സംഭവങ്ങളെ അനുസ്മരിക്കുകയും ഭാവിയിലെ രണ്ട് സംഭവങ്ങൾക്കായി നമ്മെ ഒരുക്കുകയും ചെയ്യുന്നു. ഒന്നു മരുഭൂമിയിൽ മന്ന വർഷിക്കുന്നതും (പുറ 16) ഏലീഷ്വാ പ്രവാചകൻ 100 പേരുടെ സംഘത്തെ അത്ഭുതകരമായി തൃപ്തരാക്കുന്നതുമാണ് പഴയ സംഭവങ്ങൾ. അന്ത്യഅത്താഴവും (14: 22) മെസയാനിക വിരുന്നുമാണ് വരാനിരിക്കുന്ന സംഭവങ്ങൾ. ദൈവരാജ്യത്തിലെ ജീവിതത്തെ മിശിഹായോടൊപ്പമുള്ള വിരുന്നായി ഈ സംഭവമെല്ലാം ചിത്രീകരിക്കുന്നു. അനുകമ്പാർദ്രനായ യേശുവിനെയാണ് സുവിശേഷം പ്രതിപാദിക്കുന്നത്. സുദീർഘമായ പ്രവർത്തനത്തിനുശേഷം ക്ഷീണിതരായ ശിഷ്യന്മാരോടൊപ്പം യേശു വിശ്രമിക്കാൻ പോകുന്നു. (6:30-31) എന്നാൽ ജനക്കൂട്ടത്തെ കണ്ടപ്പോൾ തൻ്റെ ക്ഷീണമെല്ലാം മറന്ന് യേശു അവരോട് അനുകമ്പയോടെ വർത്തിക്കുന്നു. ഈ മഹാത്ഭുതത്തിൽ നിന്നും അവർ പഠിക്കേണ്ട പാഠം അവർ പഠിച്ചില്ല. അന്തിപ്പാസിന്റെ കൊട്ടാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രമാണികൾക്കു മാത്രമായി ഒരുക്കിയ വലിയ വിരുന്നും എല്ലാവർക്കും ഗലീലിയ കടൽതീരത്ത് യേശു നല്കിയ ലളിതമായ ഭക്ഷണവും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. കൊട്ടാരത്തിലെ വിരുന്ന് ഒരു നീതിമാന്റെ കൊലയിൽ കലാശിച്ചെങ്കിൽ കടൽത്തീരത്തെ വിരുന്ന് യേശുവെന്ന നീതിമാന്റെ ആത്മദാനത്തിന്റെ മുന്നാവിഷ്കാരമായിരുന്നു. മറ്റുള്ളവർക്കും തന്റെ പ്രിയ ശുശ്രൂഷകർക്കും വിശ്രമം നല്കുകയും, അവർക്ക് അപ്പം വർദ്ധിപ്പിച്ച് കൊടുത്ത് അവരുടെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിക്കുകയും ചെയ്യുന്നത് മറ്റുള്ളവരുടെ ഭൗതീക സുസ്ഥിതിക്കും വേണ്ടി നിലകൊള്ളണമെന്ന സത്യം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല പ്രേഷിതർക്കും വിശ്രമം അനിവാര്യമാണ്. ഈശോയുടെ അനുകമ്പക്ക് കാരണം "അവർ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെയായിരുന്നു" എന്നതാണ്. ഇടയനില്ലാത്ത ആടുകൾ എന്ന പ്രയോഗം ജനത്തിന്റെ പൊതുവായ അവസ്ഥയെയാണ് സൂചിപ്പിക്കുക. ഇസ്രായേലിൽ നേതാക്കന്മാർക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. പുരോഹിതന്മാരും, റബ്ബിമാരും, നിയമജ്ഞരും ഇസ്രായേലിൽ ധാരാളം ഉണ്ടായിരുന്നു. എന്നാൽ അവർ അന്ധരെ നയിക്കുന്ന അന്ധരെപോലെ അപകടകാരികളായിരുന്നു. പഴയനിയമത്തിൽ യഹോവക്ക് ഉണ്ടായിരുന്ന ഇടയസ്ഥാനം യേശു ഇവിടെ ഏറ്റെടുക്കുകയാണ്. (സങ്കീ. 23:1; 80:1) അപ്പം വർദ്ധിപ്പിക്കൽ സംഭവത്തിൽ യേശുവിന്റെ ഇടയ സ്വഭാവത്തിന് മർക്കോസ് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. യഹോവയെ ഇസ്രായേലിന്റെ ഇടയനായി ചിത്രീകരിക്കുന്ന 23-ആം സങ്കീർത്തനമാണ് പശ്ചാത്തലം. അപ്പം വർദ്ധിപ്പിക്കൽ സംഭവത്തിലെ പല പ്രയോഗങ്ങളും പ്രസ്തുത സങ്കീർത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഏതൊക്കെയെന്ന് നോക്കാം.

മർക്കോസ് സങ്കീർത്തനം
6:31 - അല്പം വിശ്രമിക്കാം 23: വിശ്രമമരുളുന്നു
6:39 - പുൽത്തകിടിയിൽ 23:2 പച്ചയായ പുൽത്തകിടിയിൽ
6:39-40 നൂറും അൻപതും വീതമുള്ള കൂട്ടമായിരുന്നു. 23:5 വിരുന്നിരുത്തുന്നു

  ഇടയൻ ആടുകൾക്ക് സമൃദ്ധമായ ഭക്ഷണവും വിശ്രമവും നല്കുന്നതുപോലെ യേശു ജനത്തിന് സമൃദ്ധമായ ഭക്ഷണവും വിശ്രമവും നല്കുന്നു. ഇസ്രായേൽ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കേണ്ടതിന് അവർക്കായി ഇടയനെ നല്കണമെന്ന മോശയുടെ പ്രാർത്ഥന (സംഖ്യ 27:17) ഇവിടെ ഫലമണിയുകയാണ്. യേശുവാണ് ദൈവം നല്കിയ ഇടയൻ (യോഹ.10:11) തങ്ങളുടെ ജനത്തിന് ഇടയനായി വർത്തിക്കാത്തതിന്റെപേരിൽ പ്രവാചകന്മാർ ഇസ്രായേലിലെ രാജാക്കന്മാരെ കുറ്റപ്പെടുത്തിയിരുന്നു. (1രാജാ. 22:17) കൂലിക്കാരായ ഇസ്രായേലിലെ ഇടയന്മാർക്ക് പകരം ദൈവം തന്നെ നേരിട്ട് തന്റെ ആടുകൾക്ക് ഇടയനായി വരുന്ന ഒരു സുവർണ്ണകാലം എസക്കിയേൽ പ്രവാചകൻ പ്രവചിച്ചിരുന്നു. (എസ. 34:5-6) എസക്കിയേലിന്റെ ആ പ്രവചനമാണ് ഇവിടെ പൂർത്തീകരിക്കപ്പെടുന്നു. യേശു തന്റെ ഇടയധർമ്മം നിർവ്വഹിക്കുന്നത് ജനത്തെ പഠിപ്പിച്ചുകൊണ്ടാണ്. ജനം ആഗ്രഹിച്ചിരുന്നത് രോഗശാന്തിയും മറ്റും ആയിരിക്കണം. എങ്കിലും അവരുടെ അടിസ്ഥാന ആവിശ്യം പ്രബോധനമാണെന്ന് ഇടയൻ തിരിച്ചറിയുന്നു. (നിയ. 8:3, മത്താ. 4:4) 6:35-38 ഈശോയുടെ അടുത്തെത്തി വചനം കേൾക്കാനുള്ള വ്യഗ്രതയിൽ കഴിക്കാൻ എന്തെങ്കിലും കൂടെയെടുക്കുന്ന കാര്യം ജനം മറന്നു. (ശിഷ്യർ മറന്നില്ല. 3:8) അവിടുത്തെ പ്രബോധനത്തിൽ ലയിച്ചിരുന്നപ്പോൾ അവർ തങ്ങളുടെ വിശപ്പും ദാഹവും പോലും അറിഞ്ഞില്ല. ശിഷ്യരാണ് അവരുടെ ആവശ്യം യേശുവിനെ അറിയിച്ചത്. ജനത്തിന് ഭക്ഷണം യേശു അവരോട് പറയുന്നത് അവർ തങ്ങളുടെ അപര്യാപ്തത തിരിച്ചറിയാൻ വേണ്ടിയാണ്. ജനത്തിന്റെ ഭീമമായ ആവശ്യം നിറവേറ്റാൻ ശിഷ്യരുടെ കയ്യിലുള്ള വിഭവങ്ങൾ തുലോം കുറവാണ്. അത് തള്ളികളയുകയല്ല. പരിമിതമായ ഈ കഴിവ് ഉപയോഗിച്ചാണ് യേശു അത്ഭുതങ്ങൾ ചെയ്യുന്നത്. 6:41 സ്വർഗ്ഗത്തിലേക്ക് യേശു നോക്കുന്നത് തനിക്ക് ലഭിച്ച വിഭവങ്ങൾ എത്ര പരിമിതമാണെങ്കിലും ദൈവത്തിന് നന്ദി പറയുവാനാണ് . ജനങ്ങൾക്ക് വിളമ്പാനായി ശിഷ്യരെ ഏൽപ്പിച്ചതിൽനിന്നും യേശു ഇന്നും ജനത്തെ ശുശ്രൂഷിക്കുന്നത് ശിഷ്യരിലൂടെയാണെന്നും ശിഷ്യരിലൂടെ കൈവരുന്ന എല്ലാ നന്മകളുടെയും ഉറവിടം യേശു തന്നെയാണെന്നും വ്യക്തമാക്കുന്നു. വിതരണക്കാരുടെ/വിളമ്പുകാരുടെ ഭാഗം മാത്രമാണ് ശിഷ്യർക്ക് ചെയ്യാനുള്ളത്. ഒരുപക്ഷേ ആദ്യകാല അപ്പം മുറിക്കൽ ശുശ്രൂഷകളിൽ മത്സ്യവും ഉപയോഗിച്ചിരുന്നതിന്റെ സൂചനയാകാം രണ്ടു മത്സ്യങ്ങൾ നൽകുന്നത്. എസ്ര 6:52, വെളി. 29:4 എന്നീ ഭാഗങ്ങളിൽ മെസാനിയ വിരുന്നിലെ വിഭവമാണ് മത്സ്യം. മത്തായിയുടെ വീക്ഷണത്തിൽ 14:13-21, 15:32-39 അപ്പം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം അപ്പസ്തോലന്മാർക്കാണ് നല്കുന്നത്. സഭയിൽ അവർക്കുള്ള പ്രത്യേക ദൗത്യവും ഉത്തരവാദിത്വവും അതു സൂചിപ്പിക്കുന്നു. യേശു അപ്പം വർദ്ധിപ്പിക്കുന്നതിന് മുൻപ് ശിഷ്യരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്. "അവരെ പറഞ്ഞു വിടുക" എന്നാൽ യേശു അവരോട് ആവശ്യപ്പെടുന്നത് ജനത്തിന്റെ ഉത്തരവാദിത്വം അപ്പസ്തോലന്മാർ ഏറ്റെടുക്കണം എന്നാണ്. (14:15-16) സഭയുടെ ഉത്തരവാദിത്വം അപ്പസ്തോലന്മാർക്കുണ്ട്. അപ്പം (ദിവ്യകാരുണ്യം) നല്കി അവർ സഭയെ പോറ്റണം. ഈ അത്ഭുതത്തിലുടനീളം ശിഷ്യരുടെ സുപ്രധാനമായ പങ്ക് സുവിശേഷകൻ വ്യക്തമാക്കുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ മുൻക്കൈ എടുക്കുന്നു (14:16), അപ്പവും മത്സ്യവും യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു (14:17), അപ്പം വിളമ്പുന്നു (14:20), ബാക്കി വന്ന കഷണങ്ങൾ ശേഖരിക്കുന്നു (14:20). യേശു ഇന്നും സഭയിൽ അനുയായികളിലൂടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തന്റെ രക്ഷാകര പദ്ധതിയിൽ ഓരോകാലത്തെ ശിഷ്യരേയും അവിടുന്ന് പങ്കാളിയാക്കുന്നു. മനുഷ്യന്റെ സഹകരണം തേടുന്ന യേശുവിനെയാണ് ഈ അത്ഭുതത്തിൽ കാണാൻ സാധിക്കുന്നത്. യേശു തന്റെ അധികാരം പങ്കുവയ്ക്കുന്നു. അപ്പം വാഴ്ത്തി വിഭജിച്ച് യേശു ശിഷ്യരെ ഏല്പിക്കുന്നു. ശിഷ്യരാണ് അത് ജനങ്ങൾക്കായി വിളമ്പുന്നത്. (14:19, 15:36) ശരിയായ നേതൃത്വത്തിന്റെ ജീവിക്കുന്ന രീതി യേശു ഇവിടെ കാണിച്ചു തരുന്നു. ശിഷ്യന്മാർ സംശയലേശമന്യേ യേശുവിൽ വിശ്വസിച്ച് അവനോട് ചേർന്ന് പ്രവർത്തിച്ചു. ഇതുപോലെ നാം സംശയിക്കാതെ യേശുവിൽ വിശ്വസിച്ച് അവനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ അത്ഭുതവും അപ്പം വർദ്ധനയുടെ സമൃദ്ധിയും ഉണ്ടാകും. ലൂക്കായുടെ വീക്ഷണത്തിൽ - 9:10-17 മത്തായിയും മർക്കോസും രേഖപ്പെടുത്തുന്നതുപോലെ രണ്ടു വിവരണങ്ങൾ ലൂക്കായിൽ ഇല്ല. ദൗത്യ നിർവ്വഹണത്തിനു ശേഷം മടങ്ങി വരുന്ന ശിഷ്യരേയും കൂട്ടി ബത്സയ്ദാ എന്ന പട്ടണത്തിലേക്ക് പോകുന്ന യേശുവിനെ അവതരിപ്പിച്ചുകൊണ്ടാണ് ലൂക്ക അപ്പം വർദ്ധിപ്പിക്കൽ വിവരണം ആരംഭിക്കുന്നത്. (9:10) അവിടെ യേശു ദൈവരാജ്യം പ്രഘോഷിക്കുകയും രോഗശാന്തി നല്കുകയും ചെയ്തു. ലൂക്കായുടെ സുവിശേഷത്തിന്റെ പ്രധാനാശയമായ ദൈവരാജ്യ പ്രഘോഷണവും ഈ അപ്പം വർദ്ധിപ്പിക്കൽ സംഭവവും തമ്മിൽ അദ്ദേഹം ഭംഗിയായി ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രധാനാശയങ്ങളാണ് ലൂക്ക തന്റെ വിവരണത്തിലൂടെ അവതരിപ്പിക്കുക. ഒന്ന്, അപ്പം വർദ്ധിപ്പിക്കൽ സംഭവവും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധം. രണ്ട്, താൻ ആരെന്ന് ശിഷ്യർക്ക് വെളിപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിച്ച അത്ഭുതം. അപ്പം വർദ്ധിപ്പിക്കൽ സംഭവത്തിൽ യേശു ഉപയോഗിക്കുന്ന വാക്കുകളും പരിശുദ്ധ കുർബാന സ്ഥാപനത്തിലെ വാക്കുകളും തമ്മിൽ സാദൃശ്യം ഉണ്ട്. (9:16, 22:19) യേശു അപ്പം വർദ്ധിപ്പിക്കുമ്പോൾ ഉപയോഗിച്ച 'അപ്പമെടുത്ത്, കണ്ണുകളുയർത്തി, ആശിർവദിച്ച്, മുറിച്ച് നൽകി' എന്നിങ്ങനെ അഞ്ചു പ്രവൃത്തികളെ സൂചിപ്പിക്കാൻ അഞ്ചു ക്രിയകൾ ഉപയോഗിച്ചിരിക്കുന്നു. ഇവയിൽ നാലെണ്ണം അന്ത്യ അത്താഴ സമയത്ത് ഉപയോഗിച്ച കുർബാനയുടെ സ്ഥാപന വാക്യങ്ങളിലും കാണാം. (അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച്, കൊടുത്തു) ആദിമസഭ അപ്പവും മീനും വർദ്ധിപ്പിച്ച സംഭവത്തെ പരിശുദ്ധ കുർബാനയുടെ പ്രതീകാത്മകമായ വിവരണമായിട്ടാണ് മനസ്സിലാക്കുന്നത്. യോഹന്നാന്റെ വീക്ഷണത്തിൽ സമവീക്ഷണ സുവിശേഷകന്മാരുടെ വിവരണങ്ങളിൽ ഇല്ലാത്ത പല പ്രത്യേകതകളും യോഹന്നാന്റെ വീക്ഷണത്തിൽ കാണാം.

  • അത്ഭുതം നടന്ന സമയവും സ്ഥലവും കൃത്യമായി വിവരിക്കുന്നു. പെസഹാതിരുന്നാളിനോടനുബന്ധിച്ച് ഗലീലിയായിൽ
  • യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണം വ്യക്തമായി അവതരിപ്പിക്കുന്നു.
  • അന്ത്രയോസിന്റേയും പീലിപ്പോസിന്റേയും പേരുകൾ പ്രത്യേകം പറയുന്നു.
  • അപ്പം വർദ്ധിപ്പിക്കാനും വിതരണം ചെയ്യാനും ബാക്കി ശേഖരിക്കാനും യേശു തന്നെ മുൻകൈ എടുക്കുന്നു.
  • ബാർലി അപ്പമാണ് ഉപയോഗിക്കുന്നത്.
  • ഭക്ഷണത്തിനുശേഷം ശിഷ്യന്മാരെ നിർബന്ധിച്ച് മറുകരക്ക് പറഞ്ഞുവിടുന്ന കാര്യം മത്തായിയും മർക്കോസും വിവരിക്കുന്നുണ്ട്. (മത്താ. 14:22, മർക്കോ 6:45) എന്നാൽ അതിന്റെ കാരണം അവർ പറയുന്നില്ല. യോഹന്നാൻ മാത്രമേ അതിന്റെ കാരണം വ്യക്തമാക്കുന്നുള്ളൂ.
  • അത്ഭുതത്തിനുശേഷം ശിഷ്യന്മാരുടെ ഇടയിലുണ്ടായ ഭിന്നതയെ കുറിച്ച് യോഹന്നാൻ മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഈ ഭിന്നതയുടെ ഫലമായി പലരും പിരിഞ്ഞു പോകുന്നു. (6:6)
  • ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രതിപാദനം യോഹന്നാന്റെ വിവരണത്തിൽ മാത്രമാണുള്ളത്.

മൂന്ന് പഴയനിയമം പശ്ചാത്തലങ്ങൾ യോഹന്നാന്റെ വിവരണത്തിൽ വ്യക്തമാക്കുന്നു. ഗലീലിയായിലെ ഒരു മലയുടെ മുകളിൽ വച്ചാണ് യേശു ജനത്തിനു വേണ്ടി അപ്പം വർദ്ധിപ്പിക്കുന്നത്. ഈശോ മലയിലേക്ക് കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു (6:2-3) അടയാളങ്ങൾ കണ്ട് തന്നിൽ വിശ്വസിക്കുന്നവരുടെ വിശ്വാസം ഈശോ പൊതുവെ അംഗീകരിക്കുന്നില്ല. (യോഹ. 2:23-24) അവരെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കേണ്ടതുണ്ട്. മലയിൽ കയറി പഠിപ്പിക്കുന്നത് ആധികാരികതയും പ്രതീകാത്മകവുമായ അർത്ഥമുണ്ട്. മോശ സീനായ് മലയിലാണ് ഇസ്രായേലിനെ ദൈവവുമായി ഉടമ്പടി ചെയ്ത ജനമാക്കി മാറ്റിയത്. പുതിയ ദൈവജനമായ ശിഷ്യസമൂഹത്തിന് പുതിയ മോശയാകുന്ന ഈശോ പുതിയ ഉടമ്പടിയുടെ വിരുന്നൊരുക്കുന്നു. മാത്രമല്ല ദൈവം തൻ്റെ ജനത്തിനുവേണ്ടി സിയോൻ മലയിൽ ഒരുക്കുന്ന വിരുന്നിന്റെ മുന്നോടിയാണിത്. (ഏശയ്യാ 25: 6-10) മെസാനിക സമയം പൂർത്തിയാകുന്നു,  യേശുവിൽ പ്രവചനങ്ങൾ പൂർത്തിയാകുന്നു. രണ്ടാമത്തെ പഴയനിയമ പശ്ചാത്തലം 'മന്ന' പാരമ്പര്യമാണ്. പഴയനിയമത്തിൽ പഴയ ഇസ്രായേലിനെ മന്നാ വർഷിച്ചു തീറ്റി പോറ്റിയ ദൈവം (പുറ. 16:1-12) യേശുവിലൂടെ പുതിയ ഇസ്രായേലിനെ തീറ്റിപ്പോറ്റുന്നു. ഏലീഷാ പ്രവാചകൻ ഏതാനും ബാർലി അപ്പം കൊണ്ട് കൂടെയുണ്ടായിരുന്ന 100 പേരെ തീറ്റി തൃപ്തരാക്കി. (2 രാജാ. 4:42-44) ഇതാണ് മൂന്നാമത്തെ പഴയനിയമ പശ്ചാത്തലം. ഇവിടെ ലോകത്തിലേക്ക് വരാനിരിക്കുന്ന പ്രവാചകനായ (6:14) യേശു ഏതാനും ബാർലി അപ്പം കൊണ്ട് അനേകരെ തീറ്റി സംതൃപ്തമാക്കുന്നു. ആദിമസഭയിലെ പ്രബോധന രേഖയായ "ഡിഡാക്കെ"യിൽ 'പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കേണ്ടത് ബാർലി അപ്പം ആയിരിക്കണം' എന്ന് നിർദ്ദേശിച്ചിരുന്നത് ഇതുകൊണ്ടായിരിക്കണം. ഈ വിവരണമനുസരിച്ച് ഈശോ തന്നെയാണ് അപ്പം ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ജീവന്റെ അപ്പത്തിന്റെ ദാതാവ് ഈശോ മാത്രമാണ് എന്ന് ഉറപ്പിച്ച് പറയുവാനാണ് ഈ വിവരണത്തിലൂടെ ശ്രമിക്കുന്നത്. യോഹന്നാന്റെ വിവരണമനുസരിച്ച് തൻ്റെ അടുത്തേക്ക് വരുന്നവരെയാണ് യേശു തീറ്റിപോറ്റുന്നത്. മറ്റു സമാന്തര സുവിശേഷങ്ങളിൽ തൻ്റെ 'കൂടെയായിരുന്നവർക്ക്' വേണ്ടിയാണീ അത്ഭുതം. ഈശോയുടെ പക്കലേക്ക് വരിക എന്നതുകൊണ്ട് ഈശോയിൽ വിശ്വസിക്കുക എന്നാണ് അർത്ഥമാക്കുന്നത്. വിശ്വാസികളുടെ ആഘോഷമാണ് പരിശുദ്ധ കുർബാന. വിശ്വാസംവഴി യേശുവിന്റെ അടുത്തേക്ക് വരുന്നവർക്ക് മാത്രം നൽകപ്പെടുന്ന പോഷണമാണ് വി.കുർബാന. ഈ വചനഭാഗങ്ങൾ നൽകുന്ന പാഠം UNO- യുടെ കണക്കുപ്രകാരം ലോകത്തുള്ള സകല മനുഷ്യർക്കും മതിയാവോളം ഭക്ഷിച്ചാലും മിച്ചം വരാനുള്ളത്ര ഭക്ഷണം നമുക്കുണ്ട്. ലോകജനസംഖ്യയിൽ നല്ലൊരു ഭാഗം വിശന്നു പൊരിയുമ്പോൾ ചില രാജ്യങ്ങൾ മിച്ചംവരുന്ന ധാന്യങ്ങൾ കടലിൽ താഴ്ത്തി അപ്പത്തെ കല്ലാക്കി മാറ്റുന്നു. പങ്കുവയ്പിലാണ് അത്ഭുതം സംഭവിക്കുന്നത്. അഞ്ചപ്പവും രണ്ടു മീനും നൽകിയ കുട്ടിയുടെ സൻമനസ്സിൽ നിന്നാണ് അത്ഭുതം സംഭവിക്കുന്നത്. യേശു വിശപ്പകറ്റുന്നവനാണ് അനാഥരും നിസ്സഹായരും എന്തുകൊണ്ട് ഒരുമിച്ചുകൂടി. അവരെ സ്വീകരിക്കുന്നവനായിരുന്നു അവിടുന്ന്. അവർ യേശുവിന്റെ അടുക്കലിരുന്ന് വചനം കേട്ടു അതിലൂടെ സൗഖ്യം നേടി, ആത്മീയ ദാഹം നീങ്ങി. അനുകമ്പ കാണിക്കുന്നവനാണ് യേശു. ശിഷ്യന്മാർ അവരെ പറഞ്ഞു വിടാൻ നിർബന്ധിച്ചിട്ടും അവൻ അവരെ കൈവിട്ടില്ല. ദിവ്യകാരുണ്യം വിശപ്പകറ്റുന്നു ഇത് ജനത്തെ തൃപ്തരാക്കുന്ന അത്ഭുതമാണ്. എത്ര കിട്ടിയാലും വിശപ്പടങ്ങാത്ത ഈ കാലഘട്ടത്തിൽ യേശുവിലേക്ക് കടന്നുവരുമ്പോൾ വിശപ്പകറ്റാൻ സാധിക്കും.


Related Articles

Contact  : info@amalothbhava.in

Top