ലോകത്തിൽ ആരും പാപികളായി ജനിക്കുന്നില്ല. വിശാലമായ ബുദ്ധിയുണ്ടായിരിന്നിട്ടും അനേകമനേകമാളുകൾ എന്തേ ജീവിതത്തിൽ തോറ്റു തുന്നം പാടുന്നു? എന്തേ ഇത്രയധികം നൈരാശ്യങ്ങൾ? ഇച്ഛാഭംഗങ്ങൾ? സംഘർഷങ്ങൾ? ദുരിതങ്ങൾ? അവിചാരിതമായ ഗതിമാറ്റങ്ങളുണ്ടായാൽ ജീവിത സമരം നേരിടാനുള്ള ആത്മവിശ്വാസമില്ലാതെ പോകാൻ കാരണമെന്തേ? സ്വന്തം താത്പര്യങ്ങൾക്കും സുഖത്തിനും വേണ്ടി ചെയ്യുന്ന പല പ്രവൃത്തികളും ഫലത്തിൽ പാപമായി പരിണമിക്കുന്നു. ശരിയായ അറിവിന്റെ അഭാവം പലപ്പോഴും ഹീനപ്രവൃത്തികളിൽ കൊണ്ടെത്തിക്കുന്നു. വിവേകത്തേക്കാളുപരി വികാരത്തിനു മുൻതൂക്കം നൽകുമ്പോഴാണ് വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ പല ക്രൂരകൃത്യങ്ങളിലേക്കും മനുഷ്യൻ എത്തിച്ചേരുന്നത്. അസൂയ, കുന്നായ്മ, പരദൂഷണം ഇവയെല്ലാം തന്നെ പാപഫലം നൽകുന്നവയാണ്. പാപത്തിന്റെ നിക്ഷേപം കൂട്ടിയിട്ട്, കുറ്റബോധം വേട്ടയാടുമ്പോൾ പ്രായശ്ചിത്തം ചെയ്താൽ എന്തുഫലം? പാപചിന്തകൾ മനുഷ്യനെ മനുഷ്യനല്ലാതാക്കും. ഒരു പക്ഷേ വീണ്ടും പാപം ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ബുദ്ധിയെ ബോദ്ധ്യപ്പെടുത്തുക തീരെ എളുപ്പമല്ല. ധനം ഉപേക്ഷിക്കാൻ, പേരും പ്രശസ്തിയും ഉപേക്ഷിക്കാൻ, ബന്ധനങ്ങളെല്ലാം വലിച്ചെറിയാൻ എളുപ്പത്തിൽ കഴിഞ്ഞേക്കാം. പക്ഷേ, അഹങ്കാരത്തെ വെടിയുക തീരെ എളുപ്പമല്ല. ജീവിതത്തിൽ വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയും എന്നു നാം ചിന്തിച്ചേക്കാം. പക്ഷേ, ഇൗശ്വരകൃപയില്ലാതെ യാതൊന്നും സാധ്യമല്ല എന്ന സത്യം ഒരു ദിവസം നാം തിരിച്ചറിയും. ആഗ്രഹത്തിൽ നിന്നും സ്വാർത്ഥതയിൽ നിന്നുമാണ് അഹങ്കാരം ഉണ്ടാകുന്നത്. ഇത് ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. അഹങ്കാരം പതിയെ ക്രൂരകൃത്യങ്ങളിലേക്കു നയിക്കും. ഒന്നു രണ്ട് ഉദാഹരണങ്ങൾ പങ്കുവയ്ക്കാം. ക്ഷേത്ര പുനരുദ്ധാരണവുമായ് ബന്ധപ്പെട്ട് പിരിവിനായി ഒരു കൂട്ടം ചെറുപ്പക്കാർ ഒരിടത്ത് പിരിവിന് ചെന്നു. ഇരുന്നൂറുരൂപ പ്രതീക്ഷിച്ചു. അമ്പതു രൂപയെ കിട്ടിയുള്ളൂ. ചാടിക്കേറി കോപിച്ച് ചെന്നു തല്ലി. പിന്നാലെ കോടതിയിൽ കേസുമായി. ആഗ്രഹിച്ചത്രയും കിട്ടാത്തതു കൊണ്ടല്ലേ കോപമുണ്ടായത്. അവസാനം കോടതി വരെ കയറേണ്ടി വന്നു. ഒാർത്തപ്പോൾ ദു:ഖം. തുടക്കത്തിലെ ശ്രദ്ധിക്കേണ്ടതായിരുന്നു. അങ്ങനെയൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നൽ. ഒടുവിൽ കുറ്റബോധം തോന്നി. പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു. ക്ഷേത്രത്തിൽ പോയി നൂറുതവണ ഏത്തമിട്ടു. എന്തുഫലം? ശിക്ഷ കിട്ടുമ്പോൾ ഇൗശ്വരനെ പഴിച്ചിട്ടെന്തു കാര്യം? പ്രതീക്ഷ കൊണ്ട് ദ്വേഷ്യവും ആഗ്രഹം കൊണ്ട് ദു:ഖവും ഉണ്ടായി. ആ ശ്രമങ്ങൾക്ക് പിന്നാലെ പാഞ്ഞാൽ ഫലം ഇതാണ്. രണ്ടാമതൊരു വിവാഹത്തെപ്പറ്റി ആലോചിച്ചപ്പോൾ ആദ്യബന്ധത്തിൽ പിറന്ന മകളെ ഒഴിവാക്കാൻ തീരുമാനിച്ചു. ഭക്ഷണത്തിൽ വിഷം കൊടുത്ത് പിഞ്ചു കുഞ്ഞിനെ കൊന്നു. ജയിലഴികൾക്കുള്ളിലായപ്പോൾ പാപഭാരത്താൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നു. ആരെല്ലാമോ പഴിക്കുന്നു. സ്വന്തം മകൻ പാവമായിരുന്നത്രേ. ഇത്രയൊന്നും വേണ്ടിയിരുന്നില്ല പോലും. ജയിൽ മോചിതയായാൽ ക്ഷേത്രത്തിൽ വഴിപാട് നടത്തുമത്രേ. ഗംഗാനദിയിൽ സ്നാനം ചെയ്ത് പാപക്കറ കഴുകിത്തീർക്കുമത്രേ. എത്രയോ സ്വപ്നങ്ങൾ മെനയുന്നു പാപഭാരത്താൽ. കടും കൈ ചെയ്തപ്പോൾ എന്തേ വീണ്ടുവിചാരമുണ്ടായില്ലേ? ആഗ്രഹങ്ങളുടെയും അഹങ്കാരത്തിന്റെയും ഭാരമുണ്ടെങ്കിൽ ഇൗശ്വരകൃപയാകുന്ന കാറ്റിന് നമ്മെ ഉയർത്തുവാൻ കഴിയില്ല. അതിനാൽ ഭാരം കുറയ്ക്കണം. മനസ്സിൽ സ്വാർത്ഥത വളരാനനുവദിച്ചാൽ അത് നമ്മിലെ സദ് ഗുണങ്ങളെ മുഴുവൻ കാർന്നു തിന്നും. ചെറിയ സ്വാർത്ഥതകൊണ്ട് വലിയ സ്വാർത്ഥതകളെ ഒഴിവാക്കുവാൻ പറ്റും. വെള്ള പൂശിയ ഭിത്തികളിൽ "പരസ്യം പതിക്കരുത്' എന്ന പരസ്യമുണ്ടെങ്കിൽ ബാക്കി ഭാഗം വൃത്തിയായിക്കിടക്കും. ബന്ധമില്ലാതെ നിഷ്കാമമായി പ്രവൃത്തികൾ ചെയ്യുവാൻ കഴിയണം. "ഞാൻ ചെയ്യുന്നു, എനിക്കതിന്റെ ഫലം വേണം' എന്നു കരുതുമ്പോഴാണ് ദു:ഖങ്ങൾ ഉണ്ടാകുന്നത്. സത്യത്തിന്റെ പാതവിട്ട് അഹങ്കാരികളായി ജീവിക്കുന്നവർ അരുതാത്തത് പലതും ചെയ്യും. ഫലമോ? ശാന്തിയും സമാധാനവും അവർക്ക് നഷ്ടപ്പെടും. ഒരിക്കൽ ഒരു അധ്യാപിക പങ്കുവച്ച ഒരനുഭവമാണ്. ബാങ്കുദ്യോഗസ്ഥനാണ് ഭർത്താവ്. ഒരു ദിവസം വീട്ടിൽ വൈകിയെത്തിയതിന്റെ പേരിൽ രണ്ടു പേരും തമ്മിൽ വഴക്കായി. ഒടുവിൽ തന്റെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ എടുത്ത് വെ ള്ളത്തിലിട്ടു. തൻമൂലം ഉത്തരക്കടലാസുകളില്ലാതെ സ്കൂളിൽ പോകാൻ ഭയം. ടെൻഷൻ കാരണം ഒരു മാസത്തെ ലീവെടുത്തു. എന്തു ഫലം? ടെൻഷനില്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. ടെൻഷൻ ഉണ്ടാകും. ആവശ്യമില്ലാതെ ടെൻ ഷൻ തലയിലേറ്റാതിരിക്കണം. ലോകത്ത് പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുമ്പോൾ പ്രശ്നങ്ങൾ മനസ്സിനുള്ളിൽ കടക്കാതെ ശ്രദ്ധിക്കണം. അസൂയയും വിദ്വേഷവും സ്വാർത്ഥതയും വെടിയുക. ഇടയ്ക്കിടെ ആത്മപരിശോധന നടത്തുക. ശത്രുവിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുക. ആത്മ പരിശോധന നടത്തുക. ശത്രുവിനോടുപോലും കരുണ തോന്നുന്ന മനസ്സിന്റെ ഉടമസ്ഥരാകുക. ശത്രുവിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുക. അന്യരിൽ നന്മ മാത്രം കാണാൻ ശ്രമിക്കുക. അപ്പോൾ നാം വളരും. അന്യരിലെ കുറ്റങ്ങ ളും കുറവുകളും മാത്രം കാണാൻ ശ്രമിച്ചാൽ നാം തകരും. കർമ്മഫലത്തെ കർമ്മം കൊണ്ട് തടയാം. ഒരു കല്ല് മുകളിലേയ്ക്കിട്ട് താഴെ വീഴും മുമ്പ് പിടിക്കാമല്ലോ. അതുപോലെ ഇടയ്ക്കു വച്ച് കർമ്മഫലത്തിന്റെ ഗതി മാറ്റാം. വിധിയെ ഒാർത്ത് ദു:ഖിക്കേണ്ട കാര്യമില്ല. ഇൗശ്വരസങ്കല്പത്തിനു മുന്നിൽ ജാതകം മാറിപ്പോകും. പാപം ചെയ്തിട്ട് പ്രായശ്ചിത്തം ചെയ്യേണ്ട ആവശ്യമില്ല. കാര ണം, ചേമ്പിൻ തട എത്ര ചീഞ്ഞുപോയാലും അതിൽ ഇത്തിരി പച്ചയെങ്കിലുമുണ്ടെങ്കിൽ അവിടുന്ന് മുളപ്പൊട്ടും. അതുപോലെ നമ്മിൽ സംസ് ക്കാരം ലേശമെങ്കിലുമുണ്ടെങ്കിൽ അതിൽപ്പിടിച്ചു കയറാം. ഞാൻ പാപിയാണ് എനിക്കൊന്നും കഴിയില്ല എന്നൊന്നും ചിന്തിക്കരുത്. എപ്പോഴും എവിടെയും നല്ലതിനെ മാത്രം കാണുക. നമ്മുടെ ദു:ഖം ഒഴിവാകും. നമ്മൾ ഒരു കുഴിയിൽ വീണാൽ, ശരിയായി വഴികാട്ടിയില്ല എന്നു പറഞ്ഞ്, നമ്മുടെ കണ്ണുകളെ സ്വയം കുത്തിപ്പൊട്ടിക്കുമോ? നമ്മുടെ കണ്ണിന്റെ തെറ്റിനെ നാം പൊറുക്കുന്നതുപോലെ മറ്റുള്ളവരുടെ കുറവുകൾ പൊറുത്ത് അവരോട് കരുണയുള്ളവരായി മാറണം. ചിന്തകളെ ഇല്ലാതാക്കുക എളുപ്പമല്ല. അതൊരവസ്ഥയാണ്. എന്നാൽ സദ്ചിന്തകളെ വർദ്ധിപ്പിക്കുന്നതുമൂലം ദു:ശ്ചിന്തകളെ നശിപ്പിക്കാൻ കഴിയും. ദുർവ്വാസനകൾ എങ്ങും പോകുന്നില്ല. എന്നാൽ സദ്ചിന്തകളെക്കൊണ്ട് ദുർവ്വാസനകൾ ഇല്ലാതാക്കാം. ഉപ്പുജലത്തിൽ വീണ്ടും ശുദ്ധജലം പകരുകയാണെങ്കിൽ ഉപ്പുരസമില്ലാതാകുന്നതുപോലെ പാപികളെ ഒരിക്കലും വെറുക്കരുത്. അധർമ്മം കാട്ടുന്നവനോട് ദ്വേഷിക്കുക തന്നെ വേണം. അവന്റെ പ്രവൃത്തിയെയാണ് ദ്വേഷിക്കേണ്ടത്, അവനെയല്ല. അറിഞ്ഞോ, അറിയാതെയോ പാപകർമ്മം ചെയ്താൽ പ്രായശ്ചിത്തമല്ല പരിഹാരം. ജീവിതത്തെക്കുറിച്ചുള്ള യഥാർത്ഥ ബോധം കൈവരുത്തുക എന്നതാണ് പ്രധാനം. അഹങ്കാരത്തെ കഴുകിക്കളഞ്ഞിട്ട് അവിടെ ജ്ഞാനത്തെ പ്രതിഷ്ഠിക്കുക, എങ്കിലേ വികാസമുണ്ടാകൂ. മുറിവുണ്ടായാൽ അതിലെ അഴുക്ക് കഴുകിക്കളഞ്ഞിട്ട് മാത്രമേ മരുന്ന് വയ്ക്കാറുള്ളൂ, അല്ലെങ്കിൽ പഴുക്കും. ഉണങ്ങുകയില്ല. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ, ദുരന്തങ്ങളുണ്ടാകുമ്പോൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുമ്പോൾ, പ്രതികാരം തീർക്കുകയല്ല വേണ്ടത്, മറിച്ച് ജീവിതാനുഭവങ്ങളെ മാറിനിന്ന് വീക്ഷിക്കുവാനുള്ള മനോഭാവം വളർത്തി യെടുക്കുകയാണ് വേണ്ടത്. ജീവിതത്തെ പുഞ്ചിരികൊണ്ട് നേരിടണം. തന്മൂലം പാപചിന്തകൾ കുറയുകയും, പ്രായശ്ചിത്തമല്ല, മറിച്ച് സുഖദു:ഖങ്ങളെ സമചിത്തതയോടെ നോക്കിക്കാണാനും, അതിജീവിക്കാനുമുള്ള കരുത്താണ് അനിവാര്യമെന്ന് ബോധ്യപ്പെടാൻ വളരെയധികം സഹായിക്കുകയും ചെയ്യും. ജീവിതത്തിൽ തോൽക്കുന്നത് വീണു പോകുമ്പോഴല്ല, വീണിടത്ത് നിന്ന് എഴുന്നേൽക്കാതിരിക്കുമ്പോഴാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക.
സ്വാമി നിഗമാനന്ദ തീർത്ഥപാദർ
നമ്മുടെ കൂട്ടരല്ല!
സഭാവാർത്തകൾ 12|10|2020