ബിജുക്കുട്ടന് കോളേജിൽ ക്ലാസില്ലാത്ത ദിവസം. അതിനാല്‍, പറമ്പിലേക്ക് തൂമ്പയുമായി ഇറങ്ങി. വേനൽക്കാലത്ത് വെള്ളം വറ്റുന്ന തന്റെ കിണറിന് അരികത്തായി ഒരു കാന പോലെ മഴക്കുഴി കുഴിച്ചുതുടങ്ങി. പുരപ്പുറത്തു വീഴുന്ന വെള്ളം ഈ കുഴിയിൽ എത്തിക്കുകയാണ് അവന്റെ ലക്ഷ്യം. അന്ന് വൈകുന്നേരമായപ്പോൾ, സാമാന്യം വലിയ കുഴി അവൻ ഉണ്ടാക്കി വലിയ കാര്യം സാധിച്ചെന്ന മട്ടിൽ തൂമ്പയുമായി നിൽക്കുമ്പോഴാണ് നാട്ടുകാരനായ പണിക്കാരൻ കുഞ്ഞ് സൈക്കിളിൽ വഴിയെ പോയത്. ബിജുക്കുട്ടനെ നോക്കി അയാൾ പറഞ്ഞു - "കൊച്ചേ, നിനക്കു വേറെ പണിയൊന്നുമില്ലേ? മണ്ടത്തരം ..ഹാ.. " ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കുന്ന കോളേജ് പ്രായമാണ്, പക്ഷേ, അയാൾ സൈക്കിളിൽ മാഞ്ഞുപോയി. ബിജുക്കുട്ടൻ ഈ കാര്യം വീട്ടിൽ നല്ല കലിപ്പിൽ അവതരിപ്പിച്ചു. അവർക്കും അയാളുടെ പരിഹാസം പിടിച്ചില്ല. "നമ്മുടെ തറവാട്ടീന്ന് എന്തുമാത്രം ഇവനൊക്കെ തിന്നിരിക്കുന്നു. നമ്മുടെ കയ്യാലപ്പണി, പിന്നെ ഈ വീടിന്റെ മുറ്റം കെട്ടിയത്.. മഴവെള്ളം കിണറ്റിൽ ചെല്ലുമെന്ന് ഈ ലോകം മുഴുവനുള്ള ആളുകളും പത്രക്കാരും പറയുന്നുണ്ട്. പിന്നെ അയാൾക്കെന്തിന്റെ കേടാ?എന്നാലും അവൻ എന്തു വിചാരിച്ചോണ്ടാ.." ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ബസ് കയറാൻ സ്റ്റോപ്പിൽ അടുത്ത നിന്ന കുഞ്ഞിനെ കണ്ടപ്പോൾ ബിജുക്കുട്ടൻ നീരസപ്പെട്ട് ചോദിച്ചു - "കുഞ്ഞേട്ടനെന്താ ഞാൻ മഴക്കുഴി കുത്തിയതു കണ്ട് രസിക്കാത്ത വാചകമടിച്ചിട്ട് ഇന്നാളു പോയത്?" "അല്ല.. കൊച്ച് അത് മൂടീല്ലേ? വാർക്കപ്പുറത്ത് വീഴുന്ന വെള്ളം കിണറിന്റെ അടുത്ത് കുഴീലോട്ട് തട്ടിയാൽ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞു പോകും. ഏറ്റവും ചുരുങ്ങിയത് പത്ത് - പതിനഞ്ച് മീറ്റർ അകലത്തിലേ അങ്ങനെ ചെയ്യാൻ പറ്റൂള്ളൂ" സ്കൂളിൽപോലും പോയിട്ടില്ലാത്ത ആ പണിക്കാരന്റെ സ്നേഹത്തിലുള്ള വാചകങ്ങൾ കേട്ടപ്പോൾ ബിജുക്കുട്ടന്റെ മനസ്സു നിറഞ്ഞു. അപ്പോൾത്തന്നെ, ഒരു മാസം കൊണ്ട് പണിതുയർത്തിയ വിദ്വേഷത്തിന്റെ കൽക്കെട്ടുകൾ ഇടിഞ്ഞു വീണു. രത്നച്ചുരുക്കം- സ്നേഹിക്കാൻ പണമോ സൗന്ദര്യമോ അധികാരമോ ഒന്നും വേണമെന്നില്ല. അതിന് സ്വയം തയ്യാറാക്കിയ നല്ലൊരു മനസ്സു മാത്രം മതി!
അറിവിന്റെ വീഥികൾ
പ്രഭാത പ്രാർത്ഥന ; 03 -10 -2020
ചോദ്യവും ഉത്തരവും | ജപമാല