സില്‍ബാരിപുരംരാജ്യത്തിലെ ഒരു ആശ്രമം. അവിടെ ഇരുപതു ശിഷ്യന്മാരും പാര്‍ത്തിരുന്നു. എല്ലാ തിങ്കളാഴ്ചയും ഗുരുജി എങ്ങോട്ടോ പോകുന്നതിനാല്‍ അവര്‍ക്കു വിദ്യകള്‍ ഒന്നും അന്നു പഠിക്കേണ്ടതില്ല. ഒരു ദിവസം പ്രധാന ശിഷ്യന് സഹപാഠികളോടു പറഞ്ഞു: “എനിക്കൊരു സംശയം തോന്നുന്നു. ഓരോ തിങ്കളാഴ്ചയും ഗുരുജി രഹസ്യമായി പോകുന്നത് ശക്തി കിട്ടുന്ന നിഗൂഢമായ വിദ്യ പഠിക്കാനാകും. അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ പോകുന്നതാണ്! സ്വര്‍ഗത്തില്‍ പോകുന്നതിനുള്ള മാര്‍ഗം തേടുകയാവും. നേരെ മറിച്ച്, ചിലപ്പോള്‍ ദുര്ന്നടപ്പാകാം. എന്തായാലും, ഞാന്‍ ഒരു ദിവസം ഈ കള്ളത്തരം പൊളിക്കും" ഒരു തിങ്കളാഴ്ച, ശിഷ്യന് രഹസ്യമായി ഗുരുജിയെ പിന്തുടര്ന്ന് ഒരു വീട്ടിലെത്തി. ഒളിച്ചിരുന്ന് ശിഷ്യന് ഗുരുജിയെ നിരീക്ഷിച്ചു. ആ വീട്ടിലേക്ക് ഗുരുജി കയറിയിട്ട് ഉച്ച കഴിഞ്ഞാണ് മടങ്ങിയത്. ഗുരുജി തിരികെ നടന്നപ്പോള്‍ ശിഷ്യന് ഒട്ടും ശബ്ദമുണ്ടാക്കാതെ ആ വീട്ടില്‍ പ്രവേശിച്ചു. അവിടെ കട്ടിലില്‍ ഒരു മനുഷ്യന് തളര്‍ന്നു കിടപ്പുണ്ടായിരുന്നു. അയാളുടെ മുറി വൃത്തിയാക്കി, കുളിപ്പിച്ച്, വസ്ത്രങ്ങളും അലക്കി, ഭക്ഷണവും ഉണ്ടാക്കി രോഗിയുടെ വായില്‍ വച്ചു കൊടുത്ത ശേഷമാണ് ഗുരുജി മടങ്ങിയത്! ശിഷ്യന്റെ കണ്ണുതള്ളി! അവന് തിരികെ ആശ്രമത്തില്‍ ചെന്നപ്പോള്‍ സഹപാഠികള്‍ ചുറ്റിനും കൂടി സംശയങ്ങള്‍ ചോദിച്ചുതുടങ്ങി- “ഗുരുജി ദുര്‍ന്നടപ്പിനു പോയതായിരുന്നുവോ?” ശിഷ്യന്: “അല്ല, അത് നല്ല നടപ്പായിരുന്നു!” “ഗുരുജി സ്വര്‍ഗം തേടുന്ന യാത്രയായിരുന്നോ?” ശിഷ്യന്: “അല്ല, ഭൂമിയില്‍ സ്വര്‍ഗം ഉണ്ടാക്കുന്ന യാത്രയായിരുന്നു!” “നിഗൂഢമായ വിദ്യ ഗുരുജി പഠിച്ചോ?” ശിഷ്യന്: “അല്ല, അദേഹം ശ്രേഷ്ഠമായ വിദ്യ ലോകത്തെ പഠിപ്പിക്കുകയായിരുന്നു!” “ദൈവത്തെ ഗുരുജി കണ്ടുകാണുമോ?” ശിഷ്യന്: “ദൈവം ഗുരുജിയെ കണ്ടുകാണും!"
cropped-looo-3.png
പ്രഭാത പ്രാർത്ഥന ; 01 -10 -2020
പരദൂഷണം വിശ്വസിക്കുന്നതിനു മുൻപ്..
ഈശോയുടെ യഥാർത്ഥ കുരിശിനു എന്ത് സംഭവിച്ചു?
അനുദിന വിശുദ്ധർ
cropped-looo-1.png