അപ്പസ്തോലനായ വി. അന്ത്രയോസ് 

30,  Sep   

 

അപ്പസ്തോലനായ വി. അന്ത്രയോസ് 

ജനനം : X ബി. സി. 5
ജനന സ്ഥാലം : ഗലീലിയയിലെ ബേദ്സയ്ദ
പേരിനർത്ഥം : പൗരുഷമുള്ള
വിളിപ്പേര് : ആദ്യം വിളിക്കപെട്ടവൻ
മാതാപിതാക്കൾ : യോനാ - ജുവന്ന
ജോലി : മീൻ പിടുത്തം
പ്രതീകങ്ങൾ : X ആകൃതിയിലുള്ള കുരിശു
തിരുന്നാൾ : നവംബർ 30
മധ്യസ്ഥൻ : സ്കോട്ലൻഡ്, റഷ്യ, സിസിലിയ, പ്രഷ്യ എന്നീ രാജ്യങ്ങളുടെയും മീൻ പിടുത്തക്കാരുടെയും
മരണം : എ. ഡി. 60 നവംബർ 30 ഗ്രീസിലെ പാർതസ് ദ്വീപിൽ x ആകൃതിയിലുള്ള കുരിശിൽ തൂക്കപ്പെട്ടു. അതിനാൽ കുരിശിലെ വി. അന്ത്രയോസ് എന്നും വിളിക്കപ്പെടുന്നു.
അടക്കം ചെയ്തിരിക്കുന്ന സ്ഥലം : ഗ്രീസിലെ സെന്റ്. ആൻഡ്രുസ് ബസിലിക്കയിൽ

പന്ത്രണ്ടു പ്രാവശ്യം മാത്രമേ അന്ത്രയോസിനെക്കുറിച്ചുള്ള  പരാമർശങ്ങൾ  പുതിയ നിയമത്തിൽ ഉള്ളൂ. അതിൽ നിന്നും അന്ത്രയോസിനെക്കുറിച്ച്പൂർണമായി മനസ്സിലാക്കുക അസാധ്യമാണ്. സുവിശേഷത്തിലെ വിവരണങ്ങൾ കൂടാതെ സഭാപിതാക്കന്മാരുടെയും ചരിത്രകാരന്മാരുടെയും വിവരണങ്ങൾ കൂടി പരിശോധിക്കുമ്പോൾ അന്ത്രയോസ് എന്ന അപ്പസ്തോലനെകുറിച്ചുള്ള ഏകദേശ ധാരണ നമുക്ക് ലഭിക്കുന്നു.

ക്രിസ്തുവിൻറെ ശിഷ്യന്മാരിൽ ആദ്യമായി വിളിക്കപ്പെട്ടത് അന്ത്രയോസ് ആണ് . അതിനാൽ ആദ്യമായി വിധിക്കപ്പെട്ടവൻ എന്നർത്ഥമുള്ള  'പ്രോട്ടോക്ലേറ്റോസ്' എന്ന പേര് ആദിമസഭ അന്ത്രയോസിന് നൽകുന്നു.

കുടുംബപശ്ചാത്തലം

തിബേരിയുസ് എന്ന് പേരുള്ള കടൽതീരത്ത് ബേദ്സയ്ദയിലാണ് അന്ത്രയോസ് ജനിച്ചത്.പിന്നീട് കഫർണാമിലേക്ക് മാറി ആ പ്രദേശത്തുള്ള ഉള്ള സാധാരണക്കാരെപ്പോലെ മത്സ്യബന്ധനം ആയിരുന്നു തൊഴിൽ .

പത്രോസിന്റെ സഹോദരനാണ് അന്ത്രയോസ് ഇവരുടെ പിതാവിന്റെ പേര്  വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ  യോനാ (മത്താ:16 : 17 ) എന്നും, യോഹന്നാന്റെ സുവിശേഷത്തിൽ യോഹന്നാൻ (യോഹ.1:42) എന്നും കാണുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരെ യോനാ എന്ന പേര് വിളിച്ചിരുന്നു എന്ന് അപ്പസ്തോലന്മാരെ പറ്റി ഗവേഷണ പഠനം നടത്തിയ വില്യം സ്‌റ്റ്യവർട്ട് രേഖപ്പെടുത്തുന്നു

അന്ത്രയോസ് എന്നത് യഹൂദർ ഉപയോഗിച്ചിരുന്ന ഗ്രീക്ക് പേരാണ് . 'പൗരുഷമുള്ളവൻ', 'ധീരതയുള്ളവൻ' എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം.  പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്ന അന്ത്രയോസ് ഭക്തിയുള്ള ജീവിതമാണ്  നയിച്ചിരുന്നത്. ഭക്തി തീക്ഷ്ണതയുള്ള യഹൂദർ വിവാഹം കഴിക്കാതെ ജീവിക്കുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നു. അയാൾ സ്നാപകയോഹന്നാന്റെ ശിഷ്യരിൽ ഒരാളായിരുന്നു എന്നതിൽ നിന്നും അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിന്റെ ആഴം മനസ്സിലാക്കാം.

ക്രിസ്തുവിന്റെ  ശിഷ്യത്വത്തിലേക്ക്

സ്നാപകയോഹന്നാന്റെ ശിഷ്യനായ അന്ത്രയോസ് ഒരിക്കൽ ഗുരുവിനോട് കൂടെ ആയിരിക്കുമ്പോൾ യേശു കടന്നു പോകുന്നത് കണ്ടു. ഗുരുവായ സ്നാപകയോഹന്നാൻ അവന് സാക്ഷ്യം നൽകി.യേശുവാണ് യഥാർത്ഥ മിശിഹാ എന്ന് തിരിച്ചറിഞ്ഞ അന്ത്രയോസ് അവനെ അനുധാവനം ചെയ്തു. "യോഹന്നാൻ പറഞ്ഞത് കേട്ട് അവനെ അനുഗമിച്ചിരുന്നവരിലൊരാൾ ശിമയോൻ പത്രോസിന്റെ സഹോദരൻ അന്ത്രയോസ് ആയിരുന്നു" (യോഹ 1:40 ). അവൻ ഒരു ദിവസം യേശുവിനോട് കൂടെ പാർത്തു. ആത്മീയ നവീകരണത്തിനു വേണ്ടി പ്രത്യാശയോടെ കാത്തിരുന്ന അന്ത്രയോസിന്റെ കാത്തിരിപ്പ് വിഫലമായില്ല. ദൈവത്തിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നവർ അവനെ കണ്ടെത്തും.

വിനയാന്വിതനായ അന്ത്രയോസ്

വിനയവും, എളിമയും ശിഷ്യത്വത്തിന്റെ മുഖമുദ്രയാണ്. അന്ത്രയോസിന് ഈ ഗുണങ്ങൾ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ശിഷ്യന്മാരുടെ ഇടയിൽ പോലും തങ്ങളിൽ വലിയവൻ ആരാണ് എന്ന് തർക്കമുണ്ടായിരുന്നു (മത്തായി 18 :1 ). വിളിയുടെ നില വച്ച് നോക്കിയാൽ അന്ത്രയോസ് ആണ് ഒന്നാമൻ . തന്റെ സഹോദരൻ പ്രഥമ സ്ഥാനത്തേക്ക് വന്നതിൽ യാതൊരു അസൂയയോ, പിറുപിറുപ്പോ ഇല്ലാത്ത സൂക്ഷ്മ നിരീക്ഷണത്തിലും അതീവ താൽപര്യത്തോടും മറ്റുള്ളവരെ യേശുവിലേക്ക് കൊണ്ടുവരുന്ന വ്യക്തിയാണ് അന്ത്രയോസ് .

ആളുകളെ കർത്താവിലേക്ക് നയിക്കുന്ന അപ്പസ്തോലൻ

അന്ത്രയോസ് ആദ്യ ശിഷ്യനായിരുന്നതുപോലെ ആദ്യ മിഷണറിയുമായിരുന്നു. നിർമ്മല ഹൃദയത്തോടെ യേശുവിനെ അനുഗമിക്കുക മാത്രമല്ല സാധ്യമായ എല്ലാ വഴികളിലൂടെയും ആളുകളെ സത്യത്തിലേക്ക് അടുപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ജോർജ് മില്ലിഗൻ എന്ന ക്രിസ്തീയ എഴുത്തുകാരൻ അന്ത്രയോസിനെ ഒന്നാമത്തെ തദ്ദേശ മിഷണറിയായും, വിദേശ  മിഷണറിയായും വിശേഷിപ്പിക്കുന്നു. 'വെണറബിൾ ബീഡ്' എന്ന എഴുത്തുകാരൻ 'പരിചയപ്പെടുത്തുന്നവൻ' എന്ന പേരാണ് അന്ത്രയോസിന് നൽകിയിരിക്കുന്നത്. അത് ക്രിസ്തുവിനെ അറിഞ്ഞ ഉടനെ തന്നെ തന്റെ സഹോദരനെ ആ സത്യത്തിലേക്ക് കൊണ്ടുവരുവാൻ അന്ത്രയോസിനു സാധിച്ചു. കുടുംബാംഗങ്ങളെ കർത്താവിനായി നേടുവാൻ നല്ല സാക്ഷ്യവും മാതൃകയും ഉണ്ടായിരിക്കണം. താൻ അറിയുന്ന യേശുവിനെ കുടുംബാംഗങ്ങൾ അറിയുകയും, യേശുവിൽ നിന്ന് ആത്മീയ നന്മകൾ അവർ പ്രാപിക്കുകയും അതുവഴി ദൈവിക നന്മകൾ സ്വന്തം കുടുംബത്തിൽ കൂടുതൽ വേണമെന്ന ആഗ്രഹം അന്ത്രയോസിൽ നമുക്ക് ദർശിക്കാം. അങ്ങനെ  അന്ത്രയോസ് ആദ്യത്തെ 'ഹോം മിഷണറി' ആയി .

രണ്ടാമതായി ഒരു ബാലനെ യേശുവിലേക്ക് കൊണ്ടുവരുന്നു. യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ ആണ് ഈ സംഭവം വിവരിക്കുന്നത്. വലിയ ജനതയ്ക്ക് എവിടെ  നിന്ന് അപ്പം വാങ്ങുമെന്ന് പീലിപ്പോസിനോടാണ് കർത്താവ് ചോദിക്കുന്നത് (06 :06). അത് സാധ്യമുള്ള കാര്യമല്ല എന്ന് പീലിപ്പോസ് തൻ്റെ ബുദ്ധി ഉപയോഗിച്ച്  കണക്കുകൂട്ടി പറഞ്ഞു. ജനത്തെ പറഞ്ഞയക്കുവാൻ ശിഷ്യർ യേശുവിനെ നിർബന്ധിക്കുന്നത് സമവീക്ഷണ സുവിശേഷത്തിൽ കാണാം (മത്തായി 14 :15). എല്ലാവരും അസാധ്യമെന്ന് പറഞ്ഞിടത്ത് അന്ത്രയോസ് ഒരു ചെറിയ സാധ്യത കാണുന്നു. അവിടെ ഒരു ബാലന്റെ കയ്യിൽ അഞ്ചപ്പവും രണ്ടു മീനും ഉണ്ട് എന്ന് അവൻ യേശുവിനെ അറിയിച്ചു. യേശുവിന് അതുകൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അവൻ ചിന്തിച്ചിരിക്കണം. യുക്തിക്ക് നിരക്കാത്ത കാര്യമാണെങ്കിലും അല്പം കൊണ്ട് അധികം പ്രവർത്തിക്കുവാൻ ദൈവത്തിനു സാധിക്കും എന്ന അവന്റെ വിശ്വാസം അനേകർക്ക് ആശ്വാസം പകരുന്ന അത്ഭുതത്തിലേക്ക് നയിച്ചു. ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ ബാലനെ കർത്താവിലേക്ക് കൊണ്ടു വരുവാൻ അന്ത്രയോസിന് സാധിച്ചു എന്നതാണ്. ആരും അത്ര ശ്രദ്ധിക്കാത്ത ബാലനെയും, അവൻ്റെ കയ്യിലുള്ളവയേയും മനസ്സിലാക്കി സൂക്ഷ്മ നിരീക്ഷണത്തോടെ അവരെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്ന ഒരു ബാലമിഷണറി കൂടെയാണ് അന്ത്രയോസ്.

അടുത്തതായി യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ കാണുന്നതുപോലെ വിജാതിയരെ ക്രിസ്തുവിലേക്ക് നയിക്കുന്ന അന്ത്രയോസിനെ നമുക്ക് കാണാം. ഗ്രീക്കുകാർക്ക് യേശുവിനെ കാണാൻ ആഗ്രഹം. തങ്ങളുടെ ആഗ്രഹം അവർ ഫിലീപ്പോസിനോട് പങ്കുവെച്ചു. ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കാണ് താൻ അയക്കപ്പെട്ടിരിക്കുന്നത് എന്ന ഗുരുനാഥന്റെ വചനമോർത്ത ഫിലിപ്പോസിസ് അവരെ ക്രിസ്തുവിലേക്ക് നയിക്കണമോ എന്ന സന്ദേഹം ഉണ്ടായി. അത് ഫിലിപ്പോസ് അന്ത്രയോസിനോടാണ് ചോദിക്കുന്നത് (12:21). അന്ത്രയോസിന്റെ ശക്തമായ ഇടപെടൽ കൊണ്ടു കൂടിയാണ് ഗ്രീക്കുകാരെ ഈശോയിലേക്ക് നയിക്കുവാൻ ഇടയാക്കുന്നത്. മറ്റുള്ളവരെ ശാന്തമായി യേശുവിലേക്ക് നയിക്കുന്ന ദൗത്യമാണ് അന്ത്രയോസിന്റേത്. . വലിയ അവസരങ്ങൾക്കുo മെഗാ സ്റ്റേജുകൾക്കും വേണ്ടി നോക്കി ഇരിക്കുന്നവർക്ക് ഒരു മാതൃകയാണ് അന്ത്രയോസ് .

അന്ത്രയോസിന്റെ രക്തസാക്ഷിത്വം

അന്ത്രയോസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് നമുക്ക് ചില പാരമ്പര്യങ്ങൾ മാത്രമാണ് ഉള്ളത്. സഭാചരിത്രകാരനായ യൗസേബിയൂസിന്റെ രേഖപ്രകാരം അന്ത്രയോസ് സ്കിത്തിയാക്കാരുടെ ഇടയിലും (റഷ്യയുടെ തെക്കുഭാഗം )അർമേനിയായിലും, ഗ്രീസിലും, സ്കോട്ട്‌ലൻഡിലും ദൈവവചനം പകർന്നു നൽകി.റഷ്യ, സ്കോട്ട്‌ലൻഡ്,  ഗ്രീസ് എന്നീ രാജ്യങ്ങൾ അന്ത്രയോസിനെ തങ്ങളുടെ സംരക്ഷക വിശുദ്ധനായി കരുതുന്നു.


അന്ത്രയോസിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഐതിഹ്യം ഗ്രീസും ആയി ബന്ധപ്പെട്ട് കിടക്കുന്നു. ഗ്രീസിലെ പാത്രാസ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടുത്തെ ഗവർണർ ആയ ഈജിയസിന്റെ ഭാര്യ മരണാസന്നയായി കിടക്കുകയായിരുന്നു. അന്ത്രയോസ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവൾ സൗഖ്യം പ്രാപിക്കുകയും ചെയ്തു. അവളുടെ പേര്  മാക്സിമില്ല എന്നായിരുന്നു. ഇതോടുകൂടി അവൾ ക്രിസ്തുമതം സ്വീകരിച്ചു എന്നാൽ ഈജിയസിന് ക്രിസ്ത്യാനികളോട് വെറുപ്പായിരുന്നു. പിന്നീട് ഈജിയസിന്റെ സഹോദരനായ സ്‌ട്രേറ്റോക്ലിസിന്റെ പരിചാരകനെ മാരകരോഗം പിടിപെട്ടു. അയാളെയും അന്ത്രയോസ്

സുഖപ്പെടുത്തി.സ്ട്രേറ്റോക്ലിസും ക്രിസ്തുമതം സ്വീകരിച്ചു.അതിൽ കുപിതനായ ഈജിയോസ്  അന്ത്രയോസിനെ കുരിശിൽ തറച്ചു കൊന്നു എന്നാണ് ചരിത്രം. കുരിശു കണ്ടപ്പോൾ അപ്പോൾ അദ്ദേഹം പറഞ്ഞു; "വിലയേറിയ കുരിശേ, എന്റെ കർത്താവിന്റെ ശക്തിയാൽ ശുദ്ധീകരിക്കപ്പെട്ട കുരിശേ, തന്റെ അവയവങ്ങളാൽ രക്ത തുല്യമായി തീർന്ന കുരിേശേ നിനക്ക് നമസ്കാരം.

വിജയശ്രീലാളിതനായി ഞാൻ നിന്നെ സമീപിക്കുന്നു. ഒരു ആലിംഗനത്താൽ നീ എന്നെ സ്വാഗതം ചെയ്യുക.  നല്ല കുരിശേ, എൻറെ കർത്താവിൻറെ സൗന്ദര്യത്താൽ മനോഹരമായി തീർന്ന കുരിശേ ഞാൻ നിന്നെ എത്ര ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. വളരെ നാളായി ഞാൻ നിന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ എൻറെ ആഗ്രഹം നിറവേറ്റപെട്ടിരിക്കുന്നു. നീ എന്നെ ആലിംഗനം ചെയ്യുക. മനുഷ്യരിൽ നിന്ന് എന്നെ വേർപെടുത്തുക. എൻ്റെ കർത്താവിന്റെ അടുത്തേക്ക് എന്നെ ഉയർത്തുക. കുരിശിന്റെ മേൽ കയറി എന്നെ വീണ്ടെടുത്ത കർത്താവ് നീ മൂലമായി എന്നെ കൈക്കൊള്ളുമാറാകട്ടെ." ഇങ്ങനെ പറഞ്ഞു കൊണ്ട് കുരിശിൽ കയറിയ അദ്ദേഹം കുരിശിൽ കിടന്നുകൊണ്ട് സുവിശേഷം പ്രസംഗിച്ചുവെന്നും അനേകം പേർ മാനസാന്തരപ്പെട്ടെന്നും ഈ ഐതിഹ്യം വെളിപ്പെടുത്തുന്നു.

ഗുണനാകൃതിയിലുണള്ള ഒരു  കുരിശിലാണ് അദ്ദേഹത്തെ തറച്ചതെന്നു കരുതപ്പെടുന്നു. ഹിപ്പോളിറ്റസിന്റെ അഭിപ്രായപ്രകാരം ഒലിവു മരത്തിലാണ് അന്ത്രയോസിനെ ക്രൂശിച്ചത്.

അന്ത്രയോസിന്റെ അപ്പസ്തോലിക ചിഹ്നം കുരിശിന്റെ ആകൃതിയിലുള്ള രണ്ട് മീനുകളാണ്. പാശ്ചാത്യ , പൗരസ്ത്യ സഭകൾ നവംബർ 30ന് ഈ അപ്പസ്തോലന്റെ ഓർമ്മ ആചരിക്കുന്നു. ചില ശീലുകളിൽ അദ്ദേഹത്തിന്റെ അപ്പസ്തോലിക് ചിഹ്നം X ആകൃതിയിലുള്ള ഒരു കുരിശാണ്.


Related Articles

aloshi

വിചിന്തിനം

Contact  : info@amalothbhava.in

Top