ദൈവ പദ്ധതി 

07,  Dec   

നമ്മുടെ പാപങ്ങൾ കണക്കിലെടുക്കാത്ത ദൈവം

ഫാ. ലൂയിസ് പന്തിരുവേലിൽ OFMConv.


നാം മംഗലവാർത്താ കാലത്തിൻ്റെ രണ്ടാം ആഴ്ചയിലൂടെ സഞ്ചരിക്കുമ്പോൾ, ഇന്നത്തെ വായനകൾ ദൈവത്തിൻ്റെ അതിരുകളില്ലാത്ത കരുണയെയും യേശുക്രിസ്തുവിലുള്ള അവിടുത്തെ വാഗ്ദാനങ്ങളുടെ നിവൃത്തിയെയും ഓർമ്മിപ്പിക്കുന്നു.  

ഏശയ്യ 43:25 പ്രഖ്യാപിക്കുന്നു: "...എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല."

ഡിസംബർ 8, അമ്മയുടെ അമലോത്ഭ തിരുന്നാളാണ്..
നമ്മുടെ പാപങ്ങൾ നീക്കുന്നവനെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയിൽ നിന്ന് ജന്മം എടുത്ത യേശുവിൽ, പ്രവാചകരിലൂടെ  വ്യക്തമാക്കപെട്ട ദൈവത്തിൻ്റെ ഈ കാരുണ്യം നിറവേറപെടുന്നു.

യോഹന്നാൻ സ്നാപകൻ അവനെ "ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്" (യോഹ 1:29) എന്ന് പ്രഖ്യാപിച്ച് ഇശോയാണ് ആ ദൈവം എന്ന് പ്രാഖ്യാപിച്ചു...

ക്രിസ്തുവിൽ, ദൈവം നമ്മെ അവൻ്റെ ഛായയിൽ സൃഷ്ടിക്കുക മാത്രമല്ല, നമ്മുടെ പ്രതിച്ഛായ അവൻ ഏറ്റെടുക്കുകയും നമ്മുടെ ബലഹീനതകൾ മനസ്സിലാക്കുകയും നമ്മുടെ മനുഷ്യത്വത്തിൽ പങ്കുചേരുകയും ചെയ്തു.  

ദൈവം ലോകത്തെ സന്ദർശിച്ച ആ ദിവസത്തെകുറിച്ചുള്ള   ഓർമ്മയിൽ, നമുക്ക് അനുതപിക്കാം, നമ്മുടെ ഹൃദയങ്ങളെ നവീകരിക്കാം, ഭയമില്ലാതെ അവനെ സേവിക്കാം (ലൂക്ക 1:74

   

ദൈവ പദ്ധതി 

ഫ്രയർ  ക്ലമെന്റ് പാത്തിക്കൽ OFMConv

ഓരോ സ്ത്രീയും തന്റെ ഉദരത്തിൽ ഒരു ജീവനെ ജന്മം നൽകാൻ പോകുന്നു എന്ന് മനസ്സിലാക്കുമ്പോൾ അവർ സന്തോഷത്താൽ നിറയും.

 എന്നാൽ മാതാവിന്റെ ജീവിതത്തിൽ ഇതുകേട്ടപ്പോൾ പെട്ടെന്ന് വന്നത് സംശയമാണ്.

 എന്തു യോഗ്യത കൊണ്ടാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്?

 എന്നാൽ മാലാഖ പറയുന്നു ദൈവം നിന്നെ തെരഞ്ഞെടുത്തത് നിന്നിലൂടെ  ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാൻ വേണ്ടിയാണ്.

 ദൈവം ജർമിയ്യ  പ്രവാചകനെ പോലെ നമ്മെ ഓരോരുത്തരെയും മാതാവിന്റെ ഉദരത്തിൽ വച്ച് തന്നെ തന്റെ പദ്ധതികൾക്കായി തെരഞ്ഞെടുത്തു.
 ആ ദൈവീക പദ്ധതിക്ക് അനുയോജ്യമായ ജീവിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

 

അനുവാദം

ഫ്രയർ  ഫ്രയർ ആഷ്‌ബിൻ തെക്കിനേൻ 

 

 ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് യേശുവിന്റെ ജനത്തെ കുറിച്ചുള്ള മംഗള വാർത്തയാണ്.

 ഇവിടെ നാം കാണുന്നു മറിയത്തിന്റെ അനുവാദത്തോടെയാണ് ദൈവ പദ്ധതി അവളിലൂടെ നടപ്പിലാക്കുന്നത്.

 ഈ സുവിശേഷം നമുക്ക് മനസ്സിലാക്കി തരുന്നത് ദൈവിക പദ്ധതി സാധ്യമാക്കുവാൻ ദൈവം മനുഷ്യന്റെ അനുവാദം സ്വീകരിക്കുന്നവനും, മനുഷ്യരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നവനുമാണ് എന്നാണ്.
 നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം ദൈവികമായ പദ്ധതികൾ ആവിഷ്കരിക്കുന്നു.  അത് നമ്മളിലൂടെ പൂർത്തിയാക്കുവാനായി അവിടുത്തേക്ക് നമ്മുടെ അനുവാദം ആവശ്യമാണ് അതിനാൽ നമുക്കും മറിയത്തെ പോലെ ഇതാ കർത്താവിന്റെ ദാസി എന്നു പറഞ്ഞ് ദൈവിക പദ്ധതിക്കായി നമ്മെ തന്നെ വിട്ടുകൊടുക്കാം.

നിബില്‍ ഇമ്മാനുവേൽ
 "കർത്താവ് നിന്നോടുകൂടെ"
"ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല"
 
ഈ വചനങ്ങൾ നൽകിയ ബലമാണ് യഥാർത്ഥത്തിൽ മറിയത്തെ ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ എന്ന് പറയുവാൻ ധൈര്യപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും.

 ദൈവം കൂടെയുണ്ട് എന്ന ബോധ്യം നമ്മെ പൂർണമായി ശക്തിപ്പെടുത്തുന്നു. ശക്തനായ അവനെ കൂടെ കൂട്ടിയാൽ ഏതു  പ്രതിസന്ധിയും തരണം ചെയ്യുവാനും എത്ര വലിയ ദൗത്യങ്ങൾ ഏറ്റെടുക്കുവാനും നാം പ്രാപ്തരാക്കുമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു

 

Fiat

ആന്റോചെപ്പുകാലായിൽ 

 

 ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൾ, ആദ്യത്തെ സക്രാരി, മറിയത്തിന്റെ അടുത്ത് ദൂതൻ വന്ന് പറഞ്ഞു നീ ഗർഭം ധരിക്കും... ഒന്ന് ശങ്കിച്ചു... ഭയപ്പെട്ടു.. ഇതെങ്ങനെ സംഭവിക്കും!

സഖറിയ ഉന്നയിച്ച അതേ സംശയം. പക്ഷേ സഖറിയക്ക് ശിക്ഷണം, മറിയത്തിന് ശിക്ഷയില്ല പകരം, വ്യക്തത നൽകുന്ന ദൂതൻ.


 കാരണം, ഇസ്രായേൽ ചരിത്രത്തിലെങ്ങും കന്യകയായ സ്ത്രീ ഗർഭം ധരിച്ച് ചരിത്രമില്ല.

 താൻ ഗർഭം ധരിച്ചാൽ സംഭവിക്കാൻ പോകുന്ന വിപത്ത് വലുതാണെന്നറിഞ്ഞിട്ടും  മറിയം മൊഴിയുന്നു ഇതാ കർത്താവിന്റെ ദാസി.

 

 ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാം

ജോയൽ ജിമ്മി


 മംഗളവാർത്താക്കാലം രണ്ടാം ഞായർ വചനഭാഗങ്ങളിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ സാമ്യത പുലർത്തുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. പഴയനിയമത്തിൽ ബാലാമും സുവിശേഷത്തിൽ പരിശുദ്ധ അമ്മയും. ജീവിതത്തിൽ അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. രണ്ടുപേർക്കും ദൂതൻ പ്രത്യക്ഷപ്പെട്ട് ദൈവഹിതം അറിയിക്കുന്നു. അവിടുത്തെ ഹിതമനുസരിച്ച് പ്രവർത്തിക്കാൻ ഉദ് ബോധിപ്പിക്കുന്നു. എങ്കിലും തുടർന്നുള്ള പ്രവർത്തികളിൽ ബാലാമിന് എവിടെയോ പിഴയ്ക്കുന്നു. തന്നോട് എപ്പോഴും വിശ്വസ്തത പുലർത്തിയ കഴുത, യാത്രയിൽ തടസ്സം സൃഷ്ടിക്കുമ്പോൾ അതിന്റെ പൊരുൾ മനസ്സിലാക്കാതെ കഴുതയെ ഉപദ്രവിക്കുന്ന ബാലാമിനെ കാണുവാൻ സാധിക്കും. പിന്നീടാണ് ദൂതന്റെ സാന്നിധ്യമാണ് ഇതിന് കാരണം എന്ന് ബാലാമിന് മനസ്സിലാകുന്നത്. വിചാരമില്ലാതെ ചെയ്ത പ്രവർത്തിക്ക് ബാലാം തുടർന്ന് ചോദ്യം ചെയ്യപ്പെടുന്നു


 സുവിശേഷത്തിൽ പരിശുദ്ധ മറിയത്തിന്റെ കാര്യം വ്യത്യസ്തമാണ്. അവൾ അപ്രതീക്ഷിതമായത് ജീവിതത്തിൽ സംഭവിച്ചപ്പോൾ അതിനെക്കുറിച്ച് ചിന്തിച്ച് ദൈവസാന്നിധ്യ അവബോധത്തിലേക്ക് കടന്നുവരുന്നത് കാണുവാൻ സാധിക്കും. 

 പ്രിയപ്പെട്ടവരെ, പരിശുദ്ധ മറിയത്തിന്റെ മാതൃക പിഞ്ചെന്ന് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ പെട്ടെന്ന് അതിനെതിരെ എടുത്തുചാടാതെ മനനം ചെയ്തു ഓരോ അനുഭവങ്ങളെയും അർത്ഥം കണ്ടെത്തുവാൻ പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

 

 ദൈവഹിതം നിറവേറ്റുവിൻ 

ആൽബിൻ 

 

 ഇന്നത്തെ സുവിശേഷത്തിൽ കാണുവാൻ സാധിക്കുന്നത് യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പാണ്. കന്യകാമറിയം യേശുവിനെ ഗർഭം ധരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആണ് . മനുഷ്യനായി പിറന്ന യേശുവിന്റെ ദൈവത്വം പരിശുദ്ധാത്മാവിൽ നിന്നും മനുഷ്യത്വം പരിശുദ്ധ കനികാമറിയത്തിൽ നിന്നുമാണ്. പരിശുദ്ധ കന്യകാമറിയം ഗബ്രിയേൽ ദൂതന്റെ വാക്കുകൾ വിശ്വസിച്ചതിനാൽ ആണ് ദൈവം മറിയത്തിലൂടെ പ്രവർത്തിച്ചത് ദൈവം നമുക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ദൈവത്തിന്റെ ഹിതം നമ്മിൽ നിറവേറണമെങ്കിൽ നാം അതനുസരിച്ച് പ്രവർത്തിക്കേണ്ടത് ആയിട്ടുണ്ട്

 

" ചുരുളഴിയുന്ന രഹസ്യങ്ങൾ"

ഫ്രയർ ജോയൽ ചേപ്പുകാലയിൽ 



 ദൈവദൂതന്റെ  മുമ്പിൽ സംശയമുണർത്തി നിൽക്കുന്ന പരിശുദ്ധ മറിയം. എന്നിട്ടും അവളിൽ തന്റെ കൃപ നിറയ്ക്കുന്നതിൽ നിന്ന് ദൈവം വിരമിക്കുന്നില്ലെന്ന് മാത്രമല്ല അമ്മയിൽ പരിശുദ്ധാത്മാവിനാൽ സ്വപുത്രന് മനുഷ്യരൂപം നൽകുകയും ചെയ്യുന്നു. വിശ്വാസ ജീവിതത്തിൽ സംശയങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധ അമ്മ നമുക്ക് മാതൃകയാണ്. സംശയങ്ങൾ ശരിയായ രീതിയിൽ ദൂരീകരിച്ച്  ദൈവീക പദ്ധതിയുമായി പൊരുത്തപ്പെട്ട്" ഇതാ കർത്താവിന്റെ ദാസി "എന്ന് ഏറ്റുപറയുവാൻ കാരണം, മനുഷ്യാവതാരത്തിന്റെ പിന്നിലെ ദൈവീക രഹസ്യം വെളിപ്പെടുന്നത് പരിശുദ്ധ അമ്മയുടെ നിഷ്കളങ്കമായ സംശയത്തിന് മുന്നിൽ എന്നത് തന്നെ

 

" ദൈവഹിതം"

ഫ്രയർ ജിന്റേഷ് മാളിയേക്കൽ


 ഇന്നത്തെ സുവിശേഷത്തിൽ ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയുടെ അടുത്തുവരുന്നതും അമ്മയോട് സംസാരിക്കുന്നതും നമുക്ക് കാണാം. പക്ഷേ വചനം പറയുന്നു ദൂതന്റെ വാക്ക്  കേട്ട് മറിയം അസ്വസ്ഥയായി എന്നും എന്താണ് ഇതിന്റെ അർത്ഥം എന്ന് ചിന്തിച്ചു എന്നും.വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഷയിൽ ചിന്തിക്കുക എന്നാൽ ധ്യാനിക്കുക എന്നാണ് അർത്ഥം. അതായത് ഒരു അസ്വസ്ഥമായ അവസ്ഥയിലും അടിപതറാതെ ആ അവസ്ഥയെ പറ്റി ധ്യാനിക്കാനും അതിൽ ദൈവഹിതം കണ്ടെത്താനും പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് അമ്മയ്ക്ക് പറയാൻ കഴിഞ്ഞത് ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ എന്ന്. പ്രിയ സഹോദരങ്ങളെ നമ്മുടെ ജീവിതത്തിലും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ വന്നുചേരാം. ആ അവസ്ഥകളിൽ പരിശുദ്ധ അമ്മയെപ്പോലെ അതിനെപ്പറ്റി ധ്യാനിക്കാനും അതിൽ ദൈവഹിതം കണ്ടെത്താനും,ഇതാ കർത്താവിന്റെ ദാസി ദാസൻ എന്ന് പറയാനുമുള്ള കൃപയ്ക്കായി ഈ നോമ്പുകാലത്ത് നമുക്ക് പ്രാർത്ഥിക്കാം. ആമേ

 

നേടാം യേശുവിനെ, മറിയം എന്ന പാതയിലൂടെ 

ക്രിസ്റ്റോ കോരേത്ത് 

ദൈവഹിതത്തിനായി മറിയം സ്വയം സമർപ്പിച്ചപ്പോൾ ലോകത്തിൻ്റെ രക്ഷകനെ മറിയത്തിലൂടെ മാനവർക്ക് നൽകപ്പെട്ടു. ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പുരുഷനെ അറിയാതെ ഗർഭവതിയായത് മറിയം മാത്രമാണ്, സഖറിയായുടെ മുന്നിൽ ഗബ്രിയേൽ മാലാഖ സദ് വാർത്ത അറിയിച്ചപ്പോൾ വിശ്വസിക്കാത്തത് മൂലം അദ്ദേഹത്തിന് ചെറിയ ശിക്ഷ ലഭിക്കുന്നത് കാണാം. എന്നാൽ മറിയത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്നും കാണുന്നില്ല. ഏലീശ്വാ ഗർഭവതിയായപ്പോൾ എല്ലാവരും സന്തോഷിക്കുന്നു. എന്നാൽ, മറിയം ഗർഭവതിയായപ്പോൾ അതറിഞ്ഞ എല്ലാവരും, പ്രത്യേകിച്ച് ജോസഫും, അവളുടെ ജീവനെക്കുറിച്ച് ഭയപ്പെട്ടു. കല്ലെറിഞ്ഞ് കൊലചെയ്യപ്പെടാൻ തക്കവണ്ണം ഗൗരവമേറിയ അവസ്ഥയാണ് മറിയം അഭിമുഖീകരിച്ചത്. ദൈവഹിതത്തിന് തന്നെ സമർപ്പിച്ച സമയം മുതൽ മാതാവിന് സഹനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. പക്ഷേ മറിയം എല്ലാം പരാതി കൂടാതെ സ്വീകരിച്ചു. തനിക്ക് എന്ത് ലഭിക്കും എന്ന് ചിന്തിച്ചു കൊണ്ടല്ല മറിയം ദൈവത്തിന് സമ്പൂർണ്ണ സമർപ്പണം നടത്തിയത്. അതുപോലെ, ഒന്നിനും വേണ്ടി ആഗ്രഹിക്കാതെ ഈശോയെ സ്വന്തമാക്കാനായി അവിടുത്തെ പദ്ധതിക്കായി നമുക്ക് നമ്മെ ഒരുക്കാം. മനുഷ്യനെ സ്നേഹിക്കാനായി, അവനോടുകൂടെ ആയിരിക്കാനായി സ്വർഗ്ഗം വിട്ടു ഭൂമിയിലേക്ക് വന്ന ഈശോയെ നമുക്ക് സന്തോഷത്തോടെ ഹൃദയങ്ങളിൽ സ്വീകരിക്കാം

 

പരിശുദ്ധമായ താഴ്മ 

ഐസൻ ഊരോത്ത് 

അടുത്തിടെ കാണാനിടയായ 'The Nativity' എന്ന സിനിമ കണ്ടതിനുശേഷം ആണ് ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയെ അറിയിച്ച മംഗളവാർത്തയുടെ യഥാർത്ഥ ചിത്രം എനിക്ക് മനസ്സിലായത്.

 ലോകത്തിനു മുഴുവൻ വലിയ സന്തോഷത്തിന്റെയും രക്ഷയുടെയും വാർത്ത മംഗളകരം തന്നെയാണ്. പക്ഷേ പരിശുദ്ധ അമ്മയ്ക്ക് അതു വലിയ ഷോക്ക് നൽകുന്നതായിരുന്നു. 

യഹൂദ മതങ്ങൾ മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളുടെയും ചിട്ടകളുടെയും നടുവിൽ എല്ലാവരുടെയും അവഹേളന പാത്രമാകുന്നുണ്ട് പരിശുദ്ധ അമ്മ.

എങ്കിലും, ദൈവപി പിതാവിൻ്റെ ഹിതത്തിനു മുന്നിൽ ശക്തമായ ഉപകരണമായി ജീവിതാന്ത്യം വരെ പരിശുദ്ധ അമ്മ നിലകൊള്ളുന്നുണ്ട്. 

ജീവിതത്തിൽ ഉടനീളം തൻ്റെ മഹിമയെ പ്രകീർത്തിക്കാതെ, എപ്പോഴും തൻ്റെ താഴ്മയെ പ്രഘോഷിക്കുന്ന പരിശുദ്ധ അമ്മ ക്രൈസ്തവർ വായിച്ചെടുക്കേണ്ട ഒരു അധ്യായമായി മാറുന്നു. 

എല്ലാം ഭംഗിയായി ചെയ്തതിനുശേഷം താൻ വലുതായി ഒന്നും ചെയ്തില്ല കൽപ്പിച്ചവ മാത്രമേ പ്രവർത്തിച്ചുള്ളൂ എന്ന് പറയുന്ന വലിയ ദാസ്യത്തിന്റെ പ്രതിബിംബം ആകുന്നുണ്ട് പരിശുദ്ധ അമ്മ

 

സുവിശേഷം 

അലൻ മാതിരംപള്ളിൽ 

മനുഷ്യകുലത്തിന്റെ ചരിത്രത്തിലാദ്യമായി കേൾവി എന്ന മാധ്യമത്തിലൂടെ പരിശുദ്ധാത്മാവിനാൽ ഗർഭവതി ആവുന്നയാളാണ് പരിശുദ്ധ അമ്മ. ഗബ്രിയേൽ മാലാഖ അറിയിച്ച ദൈവീക സന്ദേശം മറിയത്തിന്റെ ചെവികളിൽ പതിച്ചപ്പോൾ അവളുടെ ഉദരത്തിൽ ദൈവീകമായ ഒരു ജീവൻ്റെ തുടിപ്പിന് ഉൾനാമ്പിടുന്നു. 

ദൈവം നമ്മിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അത്യന്തികമായി മനസ്സിലാക്കണമെങ്കിൽ, നാം എന്ത് കേൾക്കുന്നു, നാം എന്തു പറയുന്നു എന്നൊന്ന് ആത്മശോധന ചെയ്താൽ മതി, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ വഹിക്കുന്നവരായി നമുക്കും മാറാം

 

ഇതാ ഞാൻ 

ജെയിംസ് ചിരപ്പറമ്പിൽ 

 ഒരിക്കലും ഒരു പെൺകുട്ടിക്ക് ചിന്തിക്കുവാൻ കഴിയാത്ത കാര്യങ്ങളാണ് ഗബ്രിയേൽ മാലാഖ മറിയത്തിന്റെ അടുത്ത് പറയുന്നത്.  മാതാവിൻറെ ജീവൻ പോലും നഷ്ടപ്പെടുവാൻ സാധ്യതയുള്ള ആ സമയത്തും, മറിയം ദൈവ പിതാവിൻ്റെ ഹിതത്തിന് പൂർണ്ണമായി സമർപ്പിക്കുന്നു. 

പിതാവായ ദൈവം പരിശുദ്ധനാണ്, അവിടുന്ന് തൻ്റെ ദാസിയെ മരണത്തിന് വിട്ടുകൊടുക്കുകയില്ല എന്ന പൂർണ വിശ്വാസം മാതാവിന് ഉണ്ടായിരുന്നു. 

മാതാവിന് ആ വലിയ വിശ്വാസം സ്വീകരിക്കുവാൻ കഴിഞ്ഞത് ഒരു കാരണം കൊണ്ടാണ്. അമ്മ കർത്താവിൽ ആശ്രയിച്ചു. അമ്മയുടെ കഴിവിലും ബുദ്ധിയിലും അല്ല അമ്മ ആശ്രയിച്ചത്, ദൈവപരിപാലനയിലും അവിടുത്തെ കൃപയിലും ആയിരുന്നു അമ്മയുടെ ആശ്രയം. 

കർത്താവിൻ്റെ തീരുമാനങ്ങൾക്ക് നാം പൂർണ്ണമായി വിട്ടുകൊടുക്കുമ്പോൾ ദൈവം നമ്മുടെ കരം പിടിക്കും, നമ്മെ കരുതും, പരിപാലിക്കും. അവിടുത്തെ ചിറകിൻ കീഴിൽ നമ്മെ സംരക്ഷിക്കും

 

PG വേണ്ട

അക്ഷയ് 


 മനുഷ്യന്റെ പ്രവർത്തികൾ maximum pleasure minimum pain എന്ന തത്വത്തില അടങ്ങിയിരിക്കുന്നു എന്നതാണ് മനശാസ്ത്രജ്ഞനായ Bentham പറയുന്നത്. പലപ്പോഴും ഈ പ്രവണത നമ്മുടെ ആത്മീയ ജീവിതത്തിലും കടന്നുവരുന്നുണ്ട് prosperity Gospel എന്ന ആശയം അതിനൊരു ഉദാഹരണമാണ്.

 ഗബ്രിയേൽ ദൂതന്റെ മംഗളവാർത്തയ്ക്ക് പ്രത്യുത്തരം നൽകിയ പരിശുദ്ധ അമ്മ ഈ പ്രവണതയ്ക്ക് എതിരായ ഒരു മാതൃക നമുക്ക് കാണിച്ചു തരുന്നു.  കാരണം ഗബ്രിയേൽ ദൂതൻ നൽകിയ വാർത്ത വെല്ലുവിളികൾ ഏറ്റെടുക്കുവാനുള്ള വിളിയായിരുന്നു.

നമ്മുടെ ആത്മീയ ജീവിതം നേട്ടങ്ങളിൽ കേന്ദ്രീകൃതമാകാതെ ദൈവവുമായി ആത്മബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആകണം

 

 ദൈവകൃപ നിറഞ്ഞവളേ 

ജോജോ

 


 മുഖ്യദൂതൻ ഒരു സാധാരണ പെൺകുട്ടിയായിരുന്നു മറിയത്തിന് നൽകിയ വിളിപ്പേര് "ദൈവകൃപ നിറഞ്ഞവളെ "എന്നതിന്റെ രഹസ്യം അവളുടെ പുണ്യജീവിതവും, സപ്രവർത്തികളും, വിശ്വാസവും, ദൈവാശ്രയവും, ഭക്തിയും ദൈവകൽപ്പനകളുടെ പാലനത്തേക്കാൾ ദൈവവുമായുള്ള ഉടമ്പടിയുടെ പാലനവുമെല്ലാം ആയിരുന്നു.


 ത്രിത്വത്തിലെ മൂന്നാമത്തെയാൾ, പരിശുദ്ധാത്മാവിനെ കന്യകയിലേക്ക് അയക്കുന്ന പിതാവായ ദൈവത്തിന്റെ പ്രവർത്തിയാണ് നാം ഇവിടെ രക്ഷാകര രഹസ്യങ്ങളുടെ ആരംഭമായി കുറിക്കുന്നത്

 ഈ രഹസ്യം മനുഷ്യന്റെ തത്വങ്ങളെയും ചിന്താഗതിയെയും ഒന്നു വിചിന്തനം  ചെയ്യുവാൻ നമ്മെ നിർബന്ധിക്കുന്നു

 

 അവസ്ഥ

ജിബിൻ

 


 ദൈവപുത്രന്റെ വരവിന്റെ പ്രഖ്യാപനത്തിൽ മേരിയുടെ മനോഭാവം:


 അനുസരണം: ദൈവത്തിൻ്റെ പദ്ധതിക്ക് കീഴടങ്ങാൻ തയ്യാറാണ് .

 വിശ്വാസം: ദൈവത്തിൻ്റെ നന്മയിലും കരുതലിലും വിശ്വസിക്കുന്നു.

 ഹൃദയശുദ്ധി: കുറ്റമറ്റതും പാപരഹിതവുമാണ്.

 ലഭ്യത: ദൈവത്തിനായുള്ള അവളുടെ പദ്ധതികൾ മാറ്റിവെക്കാൻ തയ്യാറാണ്

 സ്നേഹം: ദൈവത്തോടുള്ള ശുദ്ധവും നിസ്വാർത്ഥവും നിരുപാധികവുമായ സ്നേഹം 


 ഗബ്രിയേൽ ദൂതന്റെ  വരവിന്റെ സമയത്ത് മറിയമെന്ന പെൺകൊടിയുടെ മനസ്സിൽ ഉണ്ടായിരുന്ന ഈ ഗുണഗണങ്ങൾ നമ്മുടെയും ജീവിതത്തിൽ, ഈ ക്രിസ്മസിന് ഒരുങ്ങുവാൻ നമ്മെ സഹായിക്കട്ടെ

 

 

 

 

 

 

 


Related Articles

Contact  : info@amalothbhava.in

Top