ഗട്ടറിൽ വീഴുന്നവരുടെ ശ്രദ്ധക്ക് | ഫാദർ ജെൻസൺ ലാസലെറ്റ്

26,  Sep   

ഒരു യുവജന ധ്യാനത്തിനിടയിൽ ധ്യാനഗുരു ചോദിച്ചു. "നിങ്ങളെ ഏറ്റവും കൂടുതൽ അലട്ടുന്ന പാപം ഏതാണ്?" അല്പ സമയത്തെ പരിപൂർണ്ണ നിശബ്ദതയ്ക്കു ശേഷം ഓരോരുത്തരായി പറയാൻ തുടങ്ങി. "ചിന്തകളെ നിയന്ത്രിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്" "സംസാരം കൺട്രോൾ ചെയ്യാൻ പ്രയാസമാണ്..." "ഭക്ഷണത്തോടുള്ള ആർത്തി" "അലസത..." "അനിയന്ത്രിതമായ കോപം ...." ഉത്തരങ്ങൾ ഇങ്ങനെ പോയി. "നിങ്ങൾ പറഞ്ഞതെല്ലാം പൂർണ്ണമായും ശരിയാണ്. ഇനിയും ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ?" ധ്യാനഗുരു ചോദിച്ചു. ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: "കണ്ണുകളെ നിയന്ത്രിക്കാനാണ് എനിക്കൊട്ടും കഴിയാത്തത്. സമൂഹമാധ്യമങ്ങളിൽ അരുതാത്തത് കാണരുതെന്ന് എത്രയാവർത്തി തീരുമാനമെടുത്താലും വീണ്ടും അതേ പാപത്തിൽ പതിക്കുന്നു. എതിരെ വരുന്ന സ്ത്രീയെ സഹോദരിയോ, അമ്മയോ ആയി പരിഗണിക്കാൻ എനിക്ക് കഴിയുന്നില്ല. എനിക്കതിൽ നിരാശയും കുറ്റബോധവുമുണ്ട്.. മനസിന്റെ ഭാരം കുറയ്ക്കാൻ ചിലപ്പോഴൊക്കെ ഞാൻ മദ്യപിക്കും. അതെനിക്ക് ആശ്വാസം നൽകുമെങ്കിലും അതേക്കുറിച്ചോർത്ത് മനസ് പിന്നെയും ഭാരപ്പെടും..." സത്യസന്ധമായ ആ തുറന്നു പറച്ചിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ധ്യാനഗുരു പറഞ്ഞു: "ക്രിസ്തുവിന്റെ സഹായത്താൽ അതിജീവിക്കാൻ കഴിയാത്ത പ്രലോഭനമൊന്നുമില്ലെന്ന് തിരിച്ചറിയുക. ഒരു തവണ പാപത്തിൽ വീണാൽ അടുത്ത കുമ്പസാരം വരെ ആ പാപം ആവർത്തിക്കുകയല്ല ചെയ്യേണ്ടത്. എത്രയും പെട്ടന്ന് കുമ്പസാരിച്ച് വിശുദ്ധിയിൽ ജീവിക്കാനുള്ള പരിശ്രമം വീണ്ടും തുടരുക. നമ്മെ നേർവഴിക്ക് നയിക്കുന്ന നല്ല സുഹൃദ്ബന്ധങ്ങൾ കണ്ടെത്തുക. ഒരുമിച്ച് പ്രാർത്ഥിക്കുന്ന, പള്ളിയിൽ പോകുന്ന, ആദ്ധ്യാത്മിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കുന്ന സുഹൃത്തുക്കൾ വേണം. ഒപ്പം ആദ്ധ്യാത്മിക ഗുരുവിനെയും കണ്ടെത്തണം. ജപമാലയ്ക്കും വചന വായനയ്ക്കും ദിവ്യബലിയ്ക്കും പ്രാധാന്യം നൽകണം. അപ്പോൾ വിശുദ്ധിയിൽ ജീവിക്കാൻ ഏവർക്കും സാധ്യമാകും." നോമ്പിന്റെ ദിനങ്ങളിലൂടെ നമ്മൾ യാത്ര തുടരുമ്പോൾ പ്രലോഭനങ്ങൾ നമ്മെയല്ല കീഴടക്കേണ്ടത് നമ്മൾ അവയെയാണ് കീഴടക്കേണ്ടത് എന്ന തിരിച്ചറിവ് സ്വന്തമാക്കാം. "വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌" (മത്തായി 5 : 29-30) വിശുദ്ധിയിൽ വളരണമെങ്കിൽ പാപസാഹചര്യങ്ങളിൽ നിന്നും ഓടിയകലണമെന്ന ക്രിസ്തുവിന്റെ ഈ ഓർമപ്പെടുത്തൽ നമുക്ക് കരുത്ത് പകരട്ടെ. പിന്നെയും പാപത്തിൽ നിപതിക്കുന്നു എന്നു കരുതി വിശുദ്ധിയിൽ ജീവിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാതെ വീണിടത്തു നിന്നും എഴുന്നേറ്റ് നടക്കുവാൻ ശ്രമിക്കുന്ന കുഞ്ഞിനെപ്പോലെ, പുണ്യത്തിന്റെ പാതകളിലൂടെ നടക്കുവാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കാം.


Related Articles

Footer

വിചിന്തിനം

cropped-looo-1.png

വിചിന്തിനം

Contact  : info@amalothbhava.in

Top