നമ്മുടെ കൂട്ടരല്ല!

16,  Sep   

പെട്ടെന്നുള്ള ഏതാനും ദിവസത്തെ അവധിക്കു നാട്ടിൽ വന്ന ആൾ ബെന്നിച്ചന്റെ കയ്യിൽ നാലായിരം രൂപ ഏൽപ്പിച്ചിട്ടു പറഞ്ഞു - "നീ ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തേക്ക്. പക്ഷേ, പിച്ചക്കാർക്ക് വേണ്ട അവരു മുഴുവൻ മാഫിയാക്കാരാ" അവനു സന്തോഷമായി- തന്നിൽ വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ ഇത് ഏൽപ്പിച്ചത്. മാത്രമല്ല, നന്മയുടെ അംശം പുണ്യമായി ദൈവം സ്വന്തം അക്കൌണ്ടില്‍ ഇടുന്ന പണി ആണല്ലോ. ആർക്കാണ് കൊടുക്കുക? മൂന്നു സാധുക്കളുടെ മുഖം മനസ്സിൽ തെളിഞ്ഞു. അതിൽ യോഗ്യതയിൽ മുന്നിൽ നിൽക്കുന്ന സ്ത്രീക്കു കൊടുക്കാമെന്ന് തീരുമാനമായി. ബെന്നിച്ചന്റെ ബന്ധുവീടിന്റെ അയൽപക്ക വീട്ടിലെ ആ സാധു സ്ത്രീയ്ക്ക് ചെറുപ്പം മുതൽക്കേ ആസ്ത്മയും മറ്റു ചില രോഗങ്ങളും ഉള്ളതിനാൽ കല്യാണം കഴിച്ചില്ല. മാതാപിതാക്കൾ മരിച്ചു. ഇപ്പോൾ ഏകദേശം അറുപതു വർഷം പഴക്കമുള്ള എല്ലും തോലും ആയ ശരീരം. സഹായിക്കാൻ വരുന്ന കുടിയനായ ബന്ധു അവരുടെ കയ്യിൽ നിന്നും ഏതു കാര്യത്തിനും അമിതക്കൂലി ഈടാക്കുന്നുമുണ്ട്. മാത്രമല്ല, ആ ദരിദ്ര വീട്ടിൽ നിന്നും മോഷ്ടിക്കുകയും ചെയ്യും! ബെന്നിച്ചന് നേരിട്ട് സ്ത്രീയുമായി പരിചയമില്ലാത്തതിനാൽ ബന്ധുവീട്ടിൽ കൊടുത്താൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെ ബന്ധുവീട്ടിൽ പോയി. അവിടെയുള്ള ആന്റി പെൻഷൻ പറ്റിയ ടീച്ചറാണ്. കാര്യം അവതരിപ്പിച്ചപ്പോൾ ഇതിൽ വലിയ താൽപര്യം കാട്ടാതെ അവർ പറഞ്ഞു - "നാലായിരം രൂപയോ? നിനക്കു നിർബന്ധമാണെങ്കിൽ ആയിരം രൂപ കൊടുത്തേക്കാം" രോഗിയായ സ്ത്രീയെ വിളിച്ച് രൂപ അപ്പോൾത്തന്നെ കൊടുക്കയും ചെയ്തു. "മൂവായിരം നീ വേറെ എവിടെങ്കിലും കൊടുത്തോ" "അതെന്താ ആന്റീ, അവർക്ക് മരുന്നു മേടിക്കാൻ പറ്റുമല്ലോ" "അതല്ല, പ്രശ്നം. നീ ഇതങ്ങു കൊടുത്തിട്ടു പോകും. പക്ഷേ, ഇങ്ങനൊരു ദുശ്ശീലമിട്ടാൽ അടുത്ത മാസം മുതൽ എന്നോടു ചോദിക്കാൻ തുടങ്ങും'' അത്രയും അനുഭവ പരിചയമുള്ള ടീച്ചർ പറഞ്ഞാൽ അതിൽ കാര്യം കാണും എന്നു വിചാരിച്ച് ബെന്നിച്ചൻ അവിടന്ന് സ്ഥലം വിട്ടു. ഇനിയാണ് കഥയിലെ യഥാർഥ ട്വിസ്റ്റ് വരുന്നത്- ടീച്ചറിന്റെ ആങ്ങളയുടെ മകനെ ഒരു മാസം കഴിഞ്ഞ് ഒരു കല്യാണ സൽക്കാരത്തിനിടെ ബെന്നിച്ചൻ കണ്ടു. അവർ അടുത്തടുത്താണ് ഇരുന്നത്. സമകാലിക വിഷയങ്ങൾ പറയുന്നതിനിടയിൽ അല്പം വീട്ടുകാര്യങ്ങളും പറഞ്ഞു - "എടോ, ബെന്നിച്ചാ, നീ ടീച്ചറാന്റിയുടെ വീട്ടിൽ വന്നപ്പോൾ രൂപ വെട്ടിക്കുറച്ചത് അവരു കടം ചോദിക്കുമെന്ന് ഓർത്തൊന്നുമല്ല" "ങേ... പിന്നെന്താ പ്രശ്നം?" "നമ്മുടെ കൂട്ടർക്ക് കൊടുക്കാതെ ഇവൻ എന്തിനാ ....കൂട്ടർക്ക് കൊടുക്കുന്നതെന്ന് ടീച്ചർ എന്റമ്മയോട് പറഞ്ഞടാ" ബെന്നിച്ചൻ അന്തം വിട്ടു! കഷ്ടം! ടീച്ചർ എത്ര സൗമ്യമായിട്ട് ചിരിച്ചുകൊണ്ടാണ് അന്ന് എന്നോടു കള്ളത്തരം ബോധിപ്പിച്ചത്! നൂറു കണക്കിനു കുട്ടികളെ പഠിപ്പിച്ചു വിട്ടിട്ടും നിഷ്പക്ഷമായി ചിന്തിക്കാനുള്ള അറിവ് ഇല്ലാതെ പോയല്ലോ. പഴയ അടിയാൻ-കുടിയാൻ-ജന്മി സമ്പ്രദായമൊക്കെ അവരുടെ മനസ്സിൽ നിന്നും ഇനിയും ഒഴിഞ്ഞു പോയിട്ടില്ല!


Related Articles

Sequence 01

വിചിന്തിനം

സെന്റ് അൽഫോൻസ

വിചിന്തിനം

Contact  : info@amalothbhava.in

Top